“എന്നെ തുടർച്ചയായി അനുഗമിക്കുക”
1 അനേകർ സ്വന്തം സുഖങ്ങൾക്ക് ജീവിതത്തിൽ മുഖ്യസ്ഥാനം നൽകുന്നു, എങ്കിലും പൊതുവേ അവർ അസന്തുഷ്ടരാണ്. ഇതിൽനിന്നു വ്യത്യസ്തമായി, ആത്മത്യാഗപരമായ കൊടുക്കൽ യഥാർഥ സന്തുഷ്ടി കൈവരുത്തുമെന്ന് യേശുവിന്റെ വാക്കുകൾ സൂചിപ്പിച്ചു. (പ്രവൃത്തികൾ 20:35) അവൻ പറഞ്ഞു: “ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു . . . എന്നെ [“തുടർച്ചയായി,” NW] അനുഗമിക്കട്ടെ.” (മർക്കൊസ് 8:34) അതിന്റെയർഥം വല്ലപ്പോഴും ചില സുഖങ്ങൾ വേണ്ടെന്നുവെച്ചാൽ പോരാ, മറിച്ച് അനുദിനം നമ്മെത്തന്നെയല്ല, യഹോവയെ പ്രസാദിപ്പിക്കുന്നതിനായി ജീവിക്കണം എന്നാണ്.—റോമർ 14:8; 15:3.
2 അപ്പൊസ്തലനായ പൗലൊസിന്റെ ഉദാഹരണം പരിചിന്തിക്കുക. “ക്രിസ്തുയേശുവിനെക്കുറിച്ചുളള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം” പൗലൊസ് വ്യക്തിപരമായ അഭിലാഷങ്ങളെ ഉപേക്ഷിച്ച് രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിൽ തീക്ഷ്ണമായി പ്രവർത്തിച്ചു. (ഫിലിപ്പിയർ 3:7, 8) മറ്റുള്ളവരെ സേവിക്കാൻ “ഞാൻ അതിസന്തോഷത്തോടെ . . . ചെലവിടുകയും ചെലവായ്പോകയും ചെയ്യും” എന്ന് അവൻ പറഞ്ഞു. (2 കൊരിന്ത്യർ 12:15) നാം ഓരോരുത്തരും പിൻവരുന്ന ചോദ്യം പരിചിന്തിക്കുന്നതു നല്ലതാണ്: ‘ഞാൻ എന്റെ സമയവും ഊർജവും കഴിവുകളും ആസ്ഥികളും എപ്രകാരം ഉപയോഗിക്കുന്നു? സ്വന്ത താത്പര്യങ്ങളെ ഉന്നമിപ്പിക്കുന്നതിലാണോ അതോ യഹോവയെ പ്രസാദിപ്പിക്കുന്നതിലാണോ ഞാൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത്?’
3 കൊടുക്കലിനുള്ള അവസരങ്ങൾ: ജീവരക്ഷാകരമായ രാജ്യപ്രസംഗവേലയിൽ യഹോവയുടെ സാക്ഷികൾ ഓരോ വർഷവും നൂറു കോടിയിലധികം മണിക്കൂർ ചെലവഴിക്കുന്നു. സഭയിൽ കുട്ടികളും പ്രായമായവരും ഉൾപ്പെടെ എല്ലാവരും മറ്റുള്ളവരുടെ പ്രയോജനത്തിനായി വ്യത്യസ്തങ്ങളായ അനേകം നിയമനങ്ങൾ കൈകാര്യം ചെയ്യുന്നു. സമ്മേളനങ്ങൾ, കൺവെൻഷനുകൾ, സത്യാരാധനയ്ക്കായുള്ള കെട്ടിടങ്ങളുടെ നിർമാണം, അവയുടെ അറ്റകുറ്റപ്പണികൾ എന്നിവയോടനുബന്ധിച്ചും ധാരാളം കാര്യങ്ങൾ അവർ ചെയ്യുന്നുണ്ട്. അതുപോലെതന്നെ ആശുപത്രി ഏകോപന സമിതികളിലും രോഗീസന്ദർശന കൂട്ടങ്ങളിലും പ്രവർത്തിക്കുന്ന സഹോദരന്മാരുടെ സ്നേഹപുരസ്സരമായ സഹായത്തെക്കുറിച്ചും ചിന്തിക്കുക. അത്തരം ആത്മത്യാഗ ശ്രമങ്ങളെല്ലാം നമ്മുടെ ക്രിസ്തീയ സഹോദരവർഗത്തിന് എത്ര മൂല്യവത്താണ്!—സങ്കീർത്തനം 110:3.
4 ഒരു ദുരന്തം സംഭവിക്കുമ്പോഴോ ഒരു അടിയന്തിര സന്ദർഭത്തിലോ സഹായം നൽകുന്നതിനുള്ള നിരവധി അവസരങ്ങൾ നമുക്കു ലഭിക്കുന്നു. എന്നിരുന്നാലും ഒരു സഹക്രിസ്ത്യാനിക്ക് സഹായമോ പ്രോത്സാഹനമോ ആവശ്യമായി വരുന്ന സന്ദർഭങ്ങൾ അനുദിനജീവിതത്തിൽ മിക്കപ്പോഴും ഉണ്ടാകാറുണ്ട്. (സദൃശവാക്യങ്ങൾ 17:17) മറ്റുള്ളവരെ സേവിക്കാനായി മനസ്സോടെ നമ്മെത്തന്നെ വിട്ടുകൊടുക്കുകയും രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കുകയും ചെയ്യുമ്പോൾ നാം യേശുവിന്റെ മാതൃക പിൻപറ്റുകയാണ്. (ഫിലിപ്പിയർ 2:5-8) നമുക്ക് അപ്രകാരം ചെയ്യുന്നതിൽ തുടരാം.