ദൈവവചനത്തിലെ നിധികൾ | മർക്കോസ് 9-10
വിശ്വാസം ശക്തിപ്പെടുത്തുന്ന ഒരു ദിവ്യദർശനം
രൂപാന്തരീകരണദർശനത്തിന്റെ സമയത്ത് തന്നെ അംഗീകരിച്ചുകൊണ്ടുള്ള വാക്കുകൾ സ്വർഗീയപിതാവ് പ്രഖ്യാപിക്കുന്നതു കേട്ടപ്പോൾ യേശുവിന് എന്തു തോന്നിക്കാണുമെന്നു ഭാവനയിൽ കാണുക. വരാൻപോകുന്ന കഷ്ടപ്പാടുകൾ നേരിടാൻ ഇതു യേശുവിനെ ശക്തനാക്കിയെന്നതിനു സംശയമില്ല. കൂടാതെ, ഈ ദിവ്യദർശനം പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും ശക്തമായി സ്വാധീനിച്ചു. യേശുവാണു മിശിഹയെന്ന് അത് അവരെ ബോധ്യപ്പെടുത്തി. യേശു പറയുന്നതു ശ്രദ്ധിക്കേണ്ടതു പ്രധാനമാണെന്നും അത് അവരെ ഓർമിപ്പിച്ചു. ഏകദേശം 32 വർഷങ്ങൾ കഴിഞ്ഞിട്ടും, ആ സംഭവവും ‘പ്രവചനത്തിലുള്ള’ വിശ്വാസം ശക്തമാക്കാൻ അതു തന്നെ എങ്ങനെയാണു സഹായിച്ചതെന്നും പത്രോസ് ഓർക്കുന്നുണ്ടായിരുന്നു.—2പത്ര 1:16-19.
ആ ദിവ്യദർശനം നമ്മൾ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അതിന്റെ നിവൃത്തിക്കു നമ്മൾ ഇന്നു സാക്ഷ്യം വഹിക്കുകയാണ്. യേശു ഇപ്പോൾ ശക്തനായ ഒരു രാജാവായി ഭരണം നടത്തുകയാണ്. ‘സമ്പൂർണമായി കീഴടക്കിക്കൊണ്ട്’ വൈകാതെ യേശു നീതിനിഷ്ഠമായ ഒരു പുതിയലോകത്തിലേക്കു വഴി തുറക്കും.—വെളി 6:2.
ബൈബിൾപ്രവചനങ്ങളുടെ നിവൃത്തി കാണുന്നതു നിങ്ങളുടെ വിശ്വാസം എങ്ങനെയാണു ശക്തിപ്പെടുത്തിയിരിക്കുന്നത്?