യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ക്രിസ്തുവിന്റെ രാജ്യമഹത്വത്തിന്റെ ഒരു പൂർവവീക്ഷണം
യേശു ഫിലിപ്പിയിലെ കൈസരിയായിലേക്കുള്ള മാർഗ്ഗമദ്ധ്യേ യാത്ര നിർത്തി തന്റെ അപ്പോസ്തലൻമാരോടുകൂടെ ഒരു ജനക്കൂട്ടത്തെ പഠിപ്പിക്കുകയാണ്. അവൻ അവരോട് ഞെട്ടിക്കുന്ന ഈ പ്രഖ്യാപനം നടത്തുന്നു: “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നത് ആദ്യം കാണുന്നതുവരെ മരണം ആസ്വദിക്കുകയേയില്ലാത്തവരായി ഇവിടെ നിൽക്കുന്നവരിൽ ചിലർ ഉണ്ടെന്ന് ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”
‘യേശു എന്തർത്ഥമാക്കിയിരിക്കാ’മെന്ന് ശിഷ്യൻമാർ അതിശയിച്ചിരിക്കണം. ഏതാണ്ട് ഒരാഴ്ച കഴിഞ്ഞ്, യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും തന്നോടുകൂടെ കൊണ്ടുപോകുന്നു. അവർ ഉയരമുള്ള ഒരു പർവതത്തിൽ കയറുന്നു. ശിഷ്യൻമാർ ഉറക്കംതൂങ്ങുന്നതുകൊണ്ട് രാത്രിയായിരിക്കാനാണ് സാദ്ധ്യത. യേശു പ്രാർത്ഥിക്കവേ അവരുടെ മുമ്പാകെ രൂപാന്തരപ്പെടുന്നു. അവന്റെ മുഖം സൂര്യനെപ്പോലെ പ്രകാശിച്ചുതുടങ്ങുന്നു, അവന്റെ വസ്ത്രം വെളിച്ചം പോലെ ശോഭായമാനമായിത്തീരുന്നു.
പിന്നീട് “മോശയും ഏലിയാവും” എന്ന് തിരിച്ചറിയപ്പെട്ട രണ്ടു രൂപങ്ങൾ പ്രത്യക്ഷപ്പെട്ട് ‘യെരുശലേമിൽ സംഭവിക്കേണ്ട യേശുവിന്റെ വിട്ടുപോക്കിനെ’ക്കുറിച്ച് അവനോട് സംസാരിച്ചുതുടങ്ങുന്നു. പ്രസ്പഷ്ടമായി വിട്ടുപോക്ക് യേശുവിന്റെ മരണത്തെയും തുടർന്നുള്ള പുനരുത്ഥാനത്തെയും പരാമർശിക്കുന്നു. അങ്ങനെ, അവന്റെ അപമാനകരമായ മരണം പത്രോസ് ആഗ്രഹിച്ചതുപോലെ ഒഴിവാക്കേണ്ട ഒന്നല്ലെന്ന് ഈ സംഭാഷണം തെളിയിക്കുന്നു.
ഇപ്പോൾ പൂർണ്ണമായും ഉണർന്ന് ശിഷ്യൻമാർ വിസ്മയത്തോടെ സൂക്ഷിച്ചുനോക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു. ഇതൊരു ദർശനമാണെങ്കിലും പത്രോസ് രംഗത്തിൽ പങ്കുപററാൻ തുടങ്ങിക്കൊണ്ട് പിൻവരുന്നപ്രകാരം പറയാൻതക്കവണ്ണം അത് വളരെ യഥാർത്ഥമായി കാണപ്പെടുന്നു: “കർത്താവേ, നമ്മൾ ഇവിടെയിരിക്കുന്നത് നല്ലതാണ്. നീ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ ഇവിടെ മൂന്ന് കൂടാരങ്ങൾ ഉയർത്താം, ഒന്നു നിനക്കും ഒന്ന് മോശക്കും ഒന്ന് ഏലിയാവിനും.”
പത്രോസ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു ശോഭയുള്ള മേഘം അവരെ മൂടുന്നു, മേഘത്തിൽനിന്ന് ഒരു ശബ്ദം ഇങ്ങനെ പറയുന്നു: “ഇത് ഞാൻ അംഗീകരിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ട പുത്രനാകുന്നു; ഇവനെ ശ്രദ്ധിക്കുക.” ശബ്ദം കേട്ട് ശിഷ്യൻമാർ കവിണ്ണുവീഴുന്നു. എന്നാൽ യേശു “എഴുന്നേൽക്കൂ, ഭയപ്പെടേണ്ട” എന്നു പറയുന്നു. അവർ എഴുന്നേൽക്കുമ്പോൾ യേശുവിനെയല്ലാതെ മററാരെയും അവർ കാണുന്നില്ല.
അടുത്ത ദിവസം പർവതത്തിൽനിന്നിറങ്ങുമ്പോൾ “മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് ഉയർപ്പിക്കപ്പെടുന്നതുവരെ ഈ ദർശനം ആരോടും പറയരുത്” എന്ന് യേശു പറയുന്നു. ദർശനത്തിലെ ഏലിയാവിന്റെ പ്രത്യക്ഷത ശിഷ്യൻമാരുടെ മനസ്സിൽ ഒരു ചോദ്യം ഉദിപ്പിക്കുന്നു. “ആദ്യം ഏലിയാവു വരേണ്ടതാണ്” എന്ന് ശാസ്ത്രിമാർ പറയുന്നതെന്തുകൊണ്ട്?” എന്ന് അവർ ചോദിക്കുന്നു.
“ഏലിയാവു വന്നുകഴിഞ്ഞു,” യേശു പ്രതിവചിക്കുന്നു, “എന്നാൽ അവർ അവനെ തിരിച്ചറിഞ്ഞില്ല.” എന്നിരുന്നാലും, ഏലിയാവിന്റേതിനോടു സമാനമായ ഒരു ധർമ്മം നിർവഹിച്ച യോഹന്നാൻ സ്നാപകനെക്കുറിച്ചാണ് യേശു സംസാരിക്കുന്നത്. എലീശായിക്കുവേണ്ടി ഏലിയാവു ചെയ്തതുപോലെ, യോഹന്നാൻ ക്രിസ്തുവിന്റെ വരവിന് വഴിയൊരുക്കി.
യേശുവിനും ശിഷ്യൻമാർക്കും ഈ ദർശനം എത്ര ബലദായകമെന്ന് തെളിയുന്നു! ദർശനം യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ രാജ്യമഹത്വത്തിന്റെ ഒരു പൂർവവീക്ഷണമാണ്. യേശു ഒരാഴ്ച മുമ്പ് വാഗ്ദത്തംചെയ്തിരുന്നതുപോലെ, “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നത്” ഫലത്തിൽ ശിഷ്യൻമാർ കണ്ടു. ‘ഞങ്ങൾ ക്രിസ്തുവിനോടുകൂടെ വിശുദ്ധപർവതത്തിലായിരിക്കെ, അവന്റെ മഹിമക്ക് ദൃക്സാക്ഷികളായിത്തീർന്ന’തിനെക്കുറിച്ച് പത്രോസ് യേശുവിന്റെ മരണശേഷം എഴുതുകയുണ്ടായി.
ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട രാജാവായിരിക്കാൻ തിരുവെഴുത്തുകളിൽ വാഗ്ദത്തംചെയ്യപ്പെട്ടിരിക്കുന്നവൻ താനാണെന്ന് തെളിയിക്കുന്നതിന് പരീശൻമാർ യേശുവിൽനിന്ന് ഒരു അടയാളം ആവശ്യപ്പെട്ടിരുന്നു. അങ്ങനെയുള്ള അടയാളം അവർക്കു കൊടുക്കപ്പെട്ടില്ല. മറിച്ച്, രാജ്യപ്രവചനങ്ങളുടെ സ്ഥിരീകരണമെന്ന നിലയിൽ യേശുവിന്റെ രൂപാന്തരം കാണാൻ യേശുവിന്റെ അടുത്ത ശിഷ്യൻമാർ അനുവദിക്കപ്പെടുന്നു. അതുകൊണ്ട്, പത്രോസ് ഇങ്ങനെയും എഴുതി: “തത്ഫലമായി, നമുക്ക് പ്രാവചനികവചനം കൂടുതൽ ഉറപ്പാക്കപ്പെട്ടിരിക്കുന്നു.” മത്തായി 16:28–17:13; മർക്കോസ് 9:1-13; ലൂക്കോസ് 9:27-37; 2 പത്രോസ് 1:16-19.
◆ ചിലർ മരണമാസ്വദിക്കുന്നതിനുമുമ്പ് ക്രിസ്തു അവന്റെ രാജ്യത്തിൽ വരുന്നത് കണ്ടതെങ്ങനെ?
◆ ദർശനത്തിൽ മോശയും ഏലിയാവും എന്തിനെക്കുറിച്ചായിരുന്നു യേശുവുമായി സംസാരിച്ചത്?
◆ ഈ ദർശനം ശിഷ്യൻമാർക്ക് വളരെ ബലദായകമായ സഹായമായിരുന്നതെന്തുകൊണ്ട്? (w88 1⁄1)