യേശുവിന്റെ ജീവിതവും ശുശ്രൂഷയും
യേശു താഴ്മയുടെ ഒരു പാഠം നൽകുന്നു
കൈസര്യാ ഫിലിപ്പിയുടെ സമീപപ്രദേശത്ത് ഭൂതബാധിതനായ ഒരു ബാലനെ സൗഖ്യമാക്കിയശേഷം യേശു കഫർന്നഹൂമിലെ വീട്ടിലേക്കു പോകാൻ ആഗ്രഹിച്ചു. എന്നിരുന്നാലും, ആ യാത്രയിൽ തന്റെ ശിഷ്യൻമാരോടൊത്തുമാത്രമായിരിക്കാൻ അവൻ ഇഷ്ടപ്പെട്ടു. കാരണം, തന്റെ മരണംസംബന്ധിച്ചും അനന്തരമുള്ള അവരുടെ ഉത്തരവാദിത്തങ്ങൾ സംബന്ധിച്ചും അവരെ ഒരുക്കേണ്ടതുണ്ടായിരുന്നു. “മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏല്പിക്കപ്പെടേണ്ടതാകുന്നു, അവർ അവനെ കൊന്നുകളയും, പക്ഷേ കൊല്ലപ്പെടുമെങ്കിലും അവൻ മൂന്നു ദിവസത്തിനുശേഷം ഉയർത്തെഴുന്നേൽക്കും” എന്നിങ്ങനെ അവൻ അവർക്ക് വിശദീകരിച്ചുകൊടുക്കുന്നു.
യേശു ഇതുസംബന്ധിച്ച് നേരത്തെ സംസാരിക്കുകയും മൂന്ന് അപ്പോസ്തലൻമാർ അവന്റെ “വേർപാടു”സംബന്ധിച്ച ചർച്ച നടക്കാൻ ഇടയായ അവന്റെ രൂപാന്തരം യഥാർത്ഥത്തിൽ കാണുകയും ചെയ്തിരുന്നെങ്കിലും അവന്റെ അനുഗാമികൾ ഈ വിഷയം സംബന്ധിച്ച് ഇപ്പോഴും ഗ്രാഹ്യമില്ലാത്തവരാണ്. പത്രോസ് പിന്നീട് ചെയ്തതുപോലെ, അവൻ കൊല്ലപ്പെടുമെന്നതിനെ നിഷേധിക്കാൻ ആരും ശ്രമിക്കുന്നില്ലെങ്കിലും അതുസംബന്ധിച്ചു തുടർന്നു ചോദ്യംചെയ്യാൻ അവർ ഭയന്നിരിക്കുകയാണ്.
ഒടുവിൽ അവർ കഫർന്നഹൂമിൽ എത്തിച്ചേരുന്നു. ആ സ്ഥലം യേശുവിന്റെ ശുശ്രൂഷക്കാലത്ത് ഒരു പാർപ്പിടത്താവളംപോലെയായിരുന്നു. അത് പത്രോസിന്റെയും മററു പല അപ്പോസ്തലൻമാരുടെയും സ്വന്തനാടുംകൂടെയാണ്. അവിടെ, ആലയനികുതിപിരിവുകാർ പത്രോസിനെ സമീപിക്കുന്നു. ഒരുപക്ഷേ അംഗീകൃതാചാരത്തിന്റെ ഏതെങ്കിലും ലംഘനത്തിൽ യേശുവിനെ കുടുക്കാൻ ശ്രമിച്ചുകൊണ്ടായിരിക്കാം അവർ ചോദിക്കുന്നു: “നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണനികുതി [ആലയംവക] കൊടുക്കുന്നില്ലയോ?”
“ഉവ്വ്,” പത്രോസ് പറയുന്നു.
താമസിയാതെ പിന്നീട് അവിടെ വന്നുചേർന്നിരിക്കാവുന്ന യേശുവിന് അവിടെ നടന്നതെല്ലാം അറിയാം. അതുകൊണ്ട് പത്രോസ് ഈ വിഷയം അവതരിപ്പിക്കുന്നതിനുമുമ്പുതന്നെ യേശു ചോദിക്കുന്നു: “ശിമോനേ നിനക്ക് എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കൻമാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? തങ്ങളുടെ പുത്രൻമാരോടോ അന്യരോടോ?”
“അന്യരോട്”, പത്രോസ് മറുപടി പറയുന്നു.
“അങ്ങനെയെങ്കിൽ പുത്രൻമാർ നികുതിയിൽനിന്ന് ഒഴിവുള്ളവരാകുന്നു,” യേശു പ്രസ്താവിക്കുന്നു. യേശുവിന്റെ പിതാവ് ആലയത്തിൽ ആരാധിക്കപ്പെടുന്നവനായ പ്രപഞ്ചരാജാവായതുകൊണ്ട് ദൈവപുത്രൻ ആലയനികുതി കൊടുക്കണമെന്നുള്ളത് യഥാർത്ഥത്തിൽ ഒരു നിയമപരമായ നിബന്ധനയല്ല. “എങ്കിലും നാം അവർക്ക് ഇടർച്ചവരുത്താതിരിക്കേണ്ടതിന്,” യേശു തുടർന്നുപറയുന്നു, “നീ കടലിലേക്കുചെന്ന് ചൂണ്ടൽ ഇട്ട് ആദ്യം പൊങ്ങിവരുന്ന മീനിനെ എടുക്കുക. അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും. അത് എടുത്ത് എനിക്കും നിനക്കുംവേണ്ടി അവർക്കു കൊടുക്ക.”
കഫർന്നഹൂമിലേക്കുള്ള അവരുടെ മടങ്ങിവരവിനുശേഷം ഒരുപക്ഷേ പത്രോസിന്റെ ഭവനത്തിൽ ശിഷ്യൻമാർ ഒരുമിച്ചുകൂടുമ്പോൾ അവർ ഇങ്ങനെ ചോദിക്കുന്നു: “സ്വർഗ്ഗരാജ്യത്തിൽ യഥാർത്ഥത്തിൽ ആരാകുന്നു ഏററവും വലിയവൻ?” ആ ചോദ്യത്തിന് അവരെ എന്താണ് പ്രേരിപ്പിക്കുന്നതെന്ന് യേശുവിനറിയാം. കാരണം, കൈസര്യ ഫിലിപ്പിയിൽ നിന്നുള്ള അവരുടെ മടക്കയാത്രയിൽ അവന്റെ പിന്നിൽ അവർ സഞ്ചരിക്കുന്ന സമയത്ത് അവരുടെ ഇടയിൽ നടന്നുകൊണ്ടിരുന്ന കാര്യങ്ങൾ സംബന്ധിച്ച് അവൻ ബോധവാനായിരുന്നു. അതുകൊണ്ട് അവൻ ഇങ്ങനെ ചോദിക്കുന്നു: “നിങ്ങൾ വഴിയിൽവെച്ച് എന്തിനെക്കുറിച്ചായിരുന്നു വാദിച്ചുകൊണ്ടിരുന്നത്?” അമ്പരന്നുപോയ ശിഷ്യൻമാർ നിശബ്ദത പാലിക്കുന്നു, കാരണം അവർ തങ്ങളുടെ ഇടയിൽ വാദിച്ചത് ആരാണ് വലിയവൻ എന്നതിനെക്കുറിച്ചായിരുന്നു.
ഏകദേശം മൂന്നുവർഷക്കാലത്തെ യേശുവിന്റെ പഠിപ്പിക്കലിനുശേഷം ശിഷ്യൻമാർ അങ്ങനെയൊരു വാദപ്രതിവാദം നടത്തുന്നത് അവിശ്വസനീയമായി തോന്നുന്നുവോ? അത് മാനുഷിക അപൂർണ്ണതയുടെയും അതുപോലെതന്നെ മതപശ്ചാത്തലത്തിന്റെയും ശക്തമായ സ്വാധീനത്തെ വെളിവാക്കുന്നു. ആ ശിഷ്യൻമാർ വളർത്തപ്പെട്ട യഹൂദമതം എല്ലാ ഏർപ്പാടുകളിലും സ്ഥാനത്തിന് അല്ലെങ്കിൽ പദവിക്ക് ഊന്നൽ കൊടുത്തിരുന്നു. അതുംകൂടാതെ, പത്രോസിന് രാജ്യത്തിന്റെ ഏതാനും “താക്കോലുകൾ ലഭിക്കും” എന്ന യേശുവിന്റെ വാഗ്ദാനം നിമിത്തം ഒരുപക്ഷേ അവന് ഉന്നതഭാവം തോന്നിയിരിക്കാം. യാക്കോബിനും യോഹന്നാനും യേശുവിന്റെ രൂപാന്തരത്തിന്റെ സാക്ഷികളാകാനുള്ള പദവി ലഭിച്ചതിനാൽ സമാനമായ തോന്നലുകൾ അവർക്കുണ്ടായിരുന്നിരിക്കാം.
വാസ്തവമെന്തായിരുന്നാലും, അവരുടെ മനോഭാവങ്ങൾ തിരുത്തുവാനുള്ള ശ്രമത്തിൽ യേശു ഒരു ഹൃദയസ്പർശിയായ പ്രകടനം അവതരിപ്പിക്കുന്നു. അവൻ ഒരു കുട്ടിയെ വിളിക്കുന്നു, അതിനെ അവരുടെ മദ്ധ്യേ നിർത്തുന്നു, തന്റെ കൈകൾകൊണ്ട് അതിനെ ചുററിപ്പിടിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “നിങ്ങൾ തിരിഞ്ഞ് കൊച്ചുകുട്ടികളെപ്പോലെയായിത്തീരാതെ യാതൊരു വിധേനയും സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല. അതുകൊണ്ട് ആർ ഈ കൊച്ചുകുട്ടിയെപ്പോലെ സ്വയം താഴ്ത്തുന്നുവോ അവനായിരിക്കും സ്വർഗ്ഗരാജ്യത്തിൽ ഏററവും വലിയവനായിരിക്കുന്നത്; ഇങ്ങനെയുള്ള ഒരു കൊച്ചുകുട്ടിയെ എന്റെ നാമത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന ഏവനും എന്നെയും സ്വീകരിക്കുന്നു.”
തന്റെ ശിഷ്യൻമാരെ തിരുത്തുവാനുള്ള എത്ര അതിശയകരമായ മാർഗ്ഗം! യേശു അവരോടു ദേഷ്യപ്പെടുകയോ അവരെ അഹംഭാവികളെന്നോ ദുരാഗ്രഹികളെന്നോ അത്യാഗ്രഹികളെന്നോ വിളിക്കുകയോ ചെയ്യുന്നില്ല. പകരം, അവൻ പ്രകൃത്യാ സൗമ്യശീലരും അത്യാഗ്രഹമില്ലാത്തവരും പൊതുവേ തങ്ങളുടെ ഇടയിൽ സ്ഥാനചിന്തയില്ലാത്തവരുമായ കൊച്ചു കുട്ടികളെ ഉപയോഗിച്ചുകൊണ്ട് തന്റെ തിരുത്തലിനെ ദൃഷ്ടാന്തീകരിച്ചുകാണിക്കുകയാണ് ചെയ്യുന്നത്. അപ്രകാരം, താഴ്മയുള്ള കുട്ടികളുടെ പ്രകൃതമായ ഇതേ ഗുണങ്ങൾ തന്റെ ശിഷ്യൻമാർ വളർത്തിയെടുക്കേണ്ട ആവശ്യമുണ്ടെന്ന് യേശു പ്രകടമാക്കുന്നു. യേശു ഇങ്ങനെ ഉപസംഹരിക്കുന്നു: “നിങ്ങളിലെല്ലാവരിലും ഏറെ ചെറിയവനെന്നപോലെ വർത്തിക്കുന്നവൻ ആയിരിക്കും വലിയവൻ”. മത്തായി 17:22-27; 18:1-5; മർക്കോസ് 9:30-37; ലൂക്കോസ് 9:43-48.
◆ കഫർന്നഹൂമിലേക്കുള്ള മടക്കയാത്രയിൽ യേശു ഏതു പഠിപ്പിക്കൽ ആവർത്തിക്കുന്നു, അത് എങ്ങനെ സ്വീകരിക്കപ്പെടുന്നു?
◆ യേശു ആലയനികുതി കൊടുക്കാനുള്ള കടപ്പാടിൻകീഴിലല്ലാത്തത് എന്തുകൊണ്ട്, എന്നാൽ അവൻ അത് കൊടുത്തതെന്തുകൊണ്ട്?
◆ ശിഷ്യൻമാരുടെ വാദപ്രതിവാദത്തിന് സംഭാവനചെയ്തത് ഒരുപക്ഷേ എന്തായിരിക്കാം, യേശു അവരെ എങ്ങനെ തിരുത്തി? (w88 2/1)