അധ്യായം 95
വിവാഹമോചനത്തെക്കുറിച്ചും കുട്ടികളെ സ്നേഹിക്കുന്നതിനെക്കുറിച്ചും പഠിപ്പിക്കുന്നു
മത്തായി 19:1-15; മർക്കോസ് 10:1-16; ലൂക്കോസ് 18:15-17
വിവാഹമോചനത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം
ഏകാകിത്വത്തിന്റെ വരം
കുട്ടികളെപ്പോലെ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
യേശുവും ശിഷ്യന്മാരും ഗലീലയിൽനിന്ന് യോർദാൻ നദി കടന്ന് പെരിയയിലൂടെ തെക്കോട്ടു പോകുകയാണ്. കഴിഞ്ഞ പ്രാവശ്യം പെരിയയിൽ ആയിരുന്നപ്പോൾ വിവാഹമോചനത്തെക്കുറിച്ചുള്ള ദൈവത്തിന്റെ നിലവാരം എന്താണെന്ന് യേശു പരീശന്മാരോടു സംസാരിച്ചിരുന്നു. (ലൂക്കോസ് 16:18) എന്നാൽ ഇപ്പോൾ യേശുവിനെ പരീക്ഷിക്കുന്നതിനായി അവർ വീണ്ടും ആ വിഷയം എടുത്തിടുന്നു.
ഒരു സ്ത്രീയിൽ “ഉചിതമല്ലാത്ത എന്തെങ്കിലും” കണ്ടാൽ ആ സ്ത്രീയെ വിവാഹമോചനം ചെയ്യാനാകും എന്നു മോശ എഴുതിയിരുന്നു. (ആവർത്തനം 24:1) എന്നാൽ ഏതൊക്കെ കാരണങ്ങളുടെ അടിസ്ഥാനത്തിൽ വിവാഹമോചനം ചെയ്യാമെന്ന കാര്യത്തിൽ പലർക്കും വ്യത്യസ്ത അഭിപ്രായമാണുണ്ടായിരുന്നത്. ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾപോലും വിവാഹമോചനം സാധ്യമാണെന്നു ചിലർ കരുതിയിരുന്നു. അതുകൊണ്ടുതന്നെ പരീശന്മാർ യേശുവിനോട് ഇങ്ങനെ ചോദിക്കുന്നു: “ഒരാൾ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്യുന്നതു ശരിയാണോ?”—മത്തായി 19:3.
ആളുകളുടെ അഭിപ്രായത്തോടു യോജിക്കുന്നതിനു പകരം യേശു വിവാഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം എന്താണെന്നു പറയുന്നു. “ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചെന്നും ‘അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും’ എന്നു പറഞ്ഞെന്നും നിങ്ങൾ വായിച്ചിട്ടില്ലേ? അതിനാൽ അവർ പിന്നെ രണ്ടല്ല, ഒരു ശരീരമാണ്. അതുകൊണ്ട് ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.” (മത്തായി 19:4-6) ആദാമിന്റെയും ഹവ്വയുടെയും വിവാഹം ഏർപ്പെടുത്തിയപ്പോൾ വിവാഹമോചനത്തെക്കുറിച്ച് ദൈവം അവരോടൊന്നും പറഞ്ഞില്ല.
ഇതു കേട്ട് തൃപ്തി വരാത്ത പരീശന്മാർ വീണ്ടും യേശുവിനോടു തർക്കിക്കുന്നു: “പക്ഷേ അങ്ങനെയെങ്കിൽ മോചനപത്രം കൊടുത്തിട്ട് വിവാഹമോചനം ചെയ്തുകൊള്ളാൻ മോശ പറഞ്ഞത് എന്താണ്.” (മത്തായി 19:7) അപ്പോൾ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയകാഠിന്യം കാരണമാണു ഭാര്യയെ വിവാഹമോചനം ചെയ്യാൻ മോശ നിങ്ങൾക്ക് അനുവാദം തന്നത്. എന്നാൽ ആദിയിൽ അങ്ങനെയായിരുന്നില്ല.” (മത്തായി 19:8) ഇവിടെ “ആദിയിൽ” എന്നു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത് മോശയുടെ കാലത്തെക്കുറിച്ചായിരുന്നില്ല, മറിച്ച് ഏദെനിൽ ദൈവം വിവാഹം ഏർപ്പെടുത്തിയ സമയത്തെക്കുറിച്ചായിരുന്നു.
അതിനു ശേഷം യേശു വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയുന്നു: “ലൈംഗിക അധാർമികതയാണു (ഗ്രീക്കിൽ പോർണിയ.) വിവാഹമോചനത്തിനുള്ള ഒരേ ഒരു അടിസ്ഥാനം. അതല്ലാതെ വേറെ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.” (മത്തായി 19:9) അതുകൊണ്ട് വിവാഹമോചനത്തിനുള്ള ഒരേ ഒരു തിരുവെഴുത്തടിസ്ഥാനം ലൈംഗിക അധാർമികതയാണ്.
ഇതു കേട്ട് ശിഷ്യന്മാർ യേശുവിനോട്, “ഭാര്യയും ഭർത്താവും തമ്മിലുള്ള കാര്യം ഇങ്ങനെയാണെങ്കിൽ കല്യാണം കഴിക്കാത്തതാണു നല്ലത്” എന്നു പറഞ്ഞു. (മത്തായി 19:10) വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരാൾ വിവാഹത്തെ എന്നേക്കുമുള്ള ഒരു ബന്ധമായി കാണണം എന്നത് വ്യക്തമാണ്.
ഏകാകിത്വത്തെക്കുറിച്ച് വിശദീകരിച്ചപ്പോൾ യേശു പറഞ്ഞത് ചിലർ ഷണ്ഡന്മാരായി ജനിക്കുന്നു എന്നാണ്. അവർക്ക് ലൈംഗികബന്ധം അസാധ്യമാണ്. മറ്റു ചിലരെ അവരുടെ ലൈംഗികപ്രാപ്തി നശിപ്പിച്ച് ആളുകൾ ഷണ്ഡന്മാരാക്കിയതാണ്. ഇനി ചിലർക്ക്, ലൈംഗികബന്ധങ്ങൾ ആസ്വദിക്കുന്നതിനുള്ള ആഗ്രഹമുണ്ടെങ്കിലും ദൈവരാജ്യത്തോടു ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന് അത് വേണ്ടെന്നു വെക്കുന്നവരാണ്. കേട്ടുനിന്നവരെ യേശു ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: ‘അങ്ങനെ (ഏകാകിയായിരിക്കാൻ) കഴിയുന്നവൻ അങ്ങനെ ചെയ്യട്ടെ.’—മത്തായി 19:12.
അങ്ങനെയിരിക്കുമ്പോൾ ആളുകൾ തങ്ങളുടെ കുട്ടികളെ യേശുവിന്റെ അടുത്തേക്ക് കൊണ്ടുവരുന്നു. എന്നാൽ യേശുവിനെ ശല്യപ്പെടുത്തേണ്ടെന്നു കരുതി ശിഷ്യന്മാർ ഇവരെ ശകാരിക്കുന്നു. ഇതു കണ്ട് അമർഷം തോന്നിയ യേശു അവരോടു പറഞ്ഞു: “കുട്ടികളെ എന്റെ അടുത്തേക്കു വിടൂ. അവരെ തടയേണ്ടാ. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ്. ഒരു കുട്ടിയെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരു വിധത്തിലും അതിൽ കടക്കില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—മർക്കോസ് 10:14, 15; ലൂക്കോസ് 18:15.
എത്ര നല്ല പാഠം! ദൈവരാജ്യം ലഭിക്കണമെങ്കിൽ, നമ്മൾ കുട്ടികളെപ്പോലെ താഴ്മയുള്ളവരും പഠിക്കാൻ മനസ്സുള്ളവരും ആയിരിക്കണം. കുട്ടികളെ കൈയിൽ എടുത്ത് അവരെ അനുഗ്രഹിച്ചുകൊണ്ട് കുട്ടികളോടുള്ള തന്റെ സ്നേഹം യേശു പ്രകടമാക്കുന്നു. ‘ഒരു കുട്ടിയെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കുന്ന’ എല്ലാവരോടും യേശുവിന് ഇതേ സ്നേഹവാത്സല്യമാണുള്ളത്.—ലൂക്കോസ് 18:17.