പ്രത്യക്ഷത വഞ്ചകമായിരുന്നേക്കാം
“വിശ്വസനീയമായ പ്രത്യക്ഷതകളില്ല” എന്ന് ഐറീഷ് നാടകകൃത്തായ റിച്ചാർഡ് ഷെറിഡാൻ പറഞ്ഞു. മനുഷ്യരെ സംബന്ധിച്ചും അതുപോലെതന്നെ വൃക്ഷങ്ങളെ സംബന്ധിച്ചും ഇതു സത്യമാണ്.
പൊ.യു. 33 മാർച്ച് അവസാനത്തിലെ ഒരു ദിവസം യേശുവും അവന്റെ ശിഷ്യൻമാരും ബെഥനിയിൽനിന്നു യരുശലേമിലേക്കു നടന്നുവരുമ്പോൾ ഒരു അത്തിവൃക്ഷം കണ്ടു. വൃക്ഷം നിറയെ ഇലകൾ ആയിരുന്നു, എന്നാൽ അതിൽ ഒരുഫലവും ഉണ്ടായിരുന്നില്ലെന്നു സൂക്ഷ്മപരിശോധന വെളിപ്പെടുത്തി. അതുകൊണ്ടു യേശു അതിനോട്: “ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു.—മർക്കൊസ് 11:12-14.
മർക്കോസ് വിശദീകരിക്കുന്നതുപോലെ, “അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു” എന്നിരിക്കെ യേശു എന്തുകൊണ്ടാണ് ആ വൃക്ഷത്തെ ശപിച്ചത്? (മർക്കൊസ് 11:13) കൊള്ളാം, ഒരു അത്തിവൃക്ഷത്തിൽ ഇലകൾ ഉള്ളപ്പോൾ സാധാരണയായി അതിൽ നേരെത്തെയുള്ള അത്തിക്കായ്കൾ കൂടി ഉണ്ടായിരിക്കും. വർഷത്തിന്റെ ആ സമയത്ത് അത്തിവൃക്ഷത്തിന് ഇലകൾ ഉണ്ടായിരിക്കുകയെന്നത് അസാധാരണമായിരുന്നു. എന്നാൽ അതിനു ഇലകൾ ഉണ്ടായിരുന്നതിനാൽ അതിൽ കായ്കൾ കാണുമെന്നു യേശു ന്യായമായും പ്രതീക്ഷിച്ചു. (മുകളിലത്തെ ചിത്രം കാണുക) വൃക്ഷത്തിൽ ഇലകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന വസ്തുത അത് ഫലോല്പാദകമല്ലാത്തതായിരിക്കുമെന്ന് അർത്ഥമാക്കി. അതിന്റെ പ്രത്യക്ഷത വഞ്ചകമായിരുന്നു. ഫലവൃക്ഷങ്ങൾക്കു നികുതി ചുമത്തിയിരുന്നതിനാൽ, ഫലമില്ലാത്ത ഒരു വൃക്ഷം സാമ്പത്തിക ഭാരം ആയിരുന്നു, അതിനാൽ വെട്ടിക്കളയേണ്ടിയിരുന്നു.
വിശ്വാസം സംബന്ധിച്ച ഒരു മർമ്മപ്രധാനമായ പാഠം വിശദീകരിക്കുന്നതിനു യേശു ആ ഫലം കായ്ക്കാത്ത അത്തിവൃക്ഷത്തെ ഉപയോഗിച്ചു. അടുത്ത ദിവസം വൃക്ഷം ഉണങ്ങിയിരിക്കുന്നതു കണ്ട് അവന്റെ ശിഷ്യൻമാർ അതിശയിച്ചു. യേശു വിശദീകരിച്ചു: “ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ. . .അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും.” (മർക്കൊസ് 11:22-24) വിശ്വാസത്തോടെ പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യത്തെ ഉദാഹരിക്കുന്നതിനുപുറമേ വിശ്വാസം കുറവുള്ള ഒരു ജനതക്ക് എന്തു സംഭവിക്കുമെന്നു ഉണങ്ങിയ അത്തിവൃക്ഷം വിശദമായി പ്രകടമാക്കി.
ഏതാനും മാസങ്ങൾക്കു മുമ്പ്, യേശു യഹൂദ ജനതയെ മൂന്നുവർഷങ്ങളായി ഫലം കായ്ക്കാത്തതും തുടർന്നു ഫലം പുറപ്പെടുവിക്കാതിരുന്നാൽ വെട്ടിക്കളയുന്നതുമായ ഒരു അത്തിവൃക്ഷത്തോടു താരതമ്യപ്പെടുത്തിയിരുന്നു. (ലൂക്കൊസ് 13:6-9) അവന്റെ മരണത്തിനു വെറും നാലു ദിവസം മുമ്പ് അത്തിവൃക്ഷത്തെ ശപിക്കുകവഴി യഹൂദജനത എങ്ങനെ മാനസാന്തരത്തിന് അനുയോജ്യമായ ഫലങ്ങൾ പുറപ്പെടുവിച്ചില്ലെന്നും അങ്ങനെ നാശത്തിന് അർഹരായിരിന്നുവെന്നും കാണിച്ചു. ആ ജനത—അത്തിവൃക്ഷത്തെപ്പോലെ—പുറമേ ആരോഗ്യമുള്ളതായി പ്രത്യക്ഷപ്പെട്ടെങ്കിലും ഒരു സൂക്ഷ്മ പരിശോധന, മിശിഹയെ നിരാകരിക്കുന്നതിൽ പരകോടിയിലെത്തിയ വിശ്വാസത്തിന്റെ അഭാവത്തെ വെളിപ്പെടുത്തി.—ലൂക്കൊസ് 3:8, 9.
യേശുവിന്റെ മലമ്പ്രസംഗത്തിൽ അവൻ “കള്ളപ്രവാചകൻമാർ”ക്കെതിരെ മുന്നറിയിപ്പു നൽകി. അവൻ പറഞ്ഞു: “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമോ? നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പാൻ കഴികയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു. ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.” (മത്തായി 7:15-20) യേശുവിന്റെ ഈ വാക്കുകളും ശപിക്കപ്പെട്ട അത്തിവൃക്ഷത്തിന്റെ വിവരണവും നാം ആത്മീയമായി ജാഗ്രതയുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യം വ്യക്തമായി കാണിച്ചുതരുന്നു, കാരണം മതപരമായ പ്രത്യക്ഷതയും വഞ്ചനാത്മകമായിരിക്കാൻ കഴിയും.