പഠനലേഖനം 14
‘ക്രിസ്തുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലുക’
“നിങ്ങൾ ക്രിസ്തുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലാനായി ക്രിസ്തുപോലും നിങ്ങൾക്കുവേണ്ടി കഷ്ടതകൾ സഹിച്ച് ഒരു മാതൃക വെച്ചിരിക്കുന്നു.”—1 പത്രോ. 2:21.
ഗീതം 13 നമ്മുടെ മാതൃകാപുരുഷൻ, ക്രിസ്തു
പൂർവാവലോകനംa
1-2. 1 പത്രോസ് 2:21-ന്റെ അർഥം മനസ്സിലാക്കാൻ ഏതു ദൃഷ്ടാന്തം നമ്മളെ സഹായിക്കും?
മഞ്ഞു മൂടിക്കിടക്കുന്ന അപകടംപിടിച്ച ഒരു പാതയിലൂടെ നിങ്ങൾ നടക്കുകയാണെന്നു വിചാരിക്കുക. അനുഭവപരിചയമുള്ള ഒരു വഴികാട്ടി നിങ്ങളുടെ കൂടെയുണ്ട്. അദ്ദേഹം മുന്നിൽ നടക്കുമ്പോൾ അദ്ദേഹത്തിന്റെ കാൽപ്പാടുകൾ മഞ്ഞിൽ പതിയുന്നുണ്ട്. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ പെട്ടെന്ന് ഒരു മൂടൽമഞ്ഞ് വന്നു. വഴികാട്ടിയെ കാണാനാകുന്നില്ല. പക്ഷേ നിങ്ങൾക്ക് ഒട്ടും പേടി തോന്നിയില്ല. കാരണം തൊട്ടുമുന്നിൽ വഴികാട്ടിയുടെ കാൽപ്പാടുകൾ കാണാം. അതു നോക്കി നിങ്ങൾക്കു മുന്നോട്ടു പോകാൻ കഴിയും.
2 ഒരർഥത്തിൽ ക്രിസ്ത്യാനികളായ നമ്മളും അപകടംപിടിച്ച ഒരു വഴിയിലൂടെ, ഈ ദുഷ്ടലോകത്തിലൂടെ, നടന്നുനീങ്ങുകയാണ്. നമുക്കു വഴി കാണിച്ചുതരാൻ യഹോവ ഒരാളെ, തന്റെ സ്വന്തം പുത്രനായ യേശുവിനെ, നൽകിയിരിക്കുന്നു. (1 പത്രോ. 2:21) പത്രോസ് ഇവിടെ യേശുവിനെ ഒരു വഴികാട്ടിയോട് ഉപമിച്ചിരിക്കുന്നതായി ഒരു ബൈബിൾ പരാമർശഗ്രന്ഥം പറയുന്നു. വഴികാട്ടിയുടെ കാൽപ്പാടുകൾ നോക്കി ഒരാൾക്കു മുന്നോട്ടു നീങ്ങാൻ കഴിയുന്നതുപോലെ യേശുവിന്റെ കാലടികൾ നോക്കി നമുക്കു പോകാനാകും. യേശുവിന്റെ കാലടികൾ പിന്തുടരുക എന്നു പറഞ്ഞാൽ എന്താണ് അർഥം? നമ്മൾ എന്തുകൊണ്ടാണ് അതു ചെയ്യേണ്ടത്? നമുക്ക് അത് എങ്ങനെ ചെയ്യാം? ഈ മൂന്നു ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കാം.
യേശുവിന്റെ കാലടികൾ പിന്തുടരുക എന്നു പറഞ്ഞാൽ എന്താണ് അർഥം?
3. ഒരാളുടെ കാലടികൾ പിന്തുടരുക എന്നു പറഞ്ഞാൽ എന്താണ് അർഥം?
3 ഒരാളുടെ കാലടികൾ പിന്തുടരുക എന്നു പറഞ്ഞാൽ എന്താണ് അർഥം? ബൈബിളിൽ “നടക്കുക,” “കാലടികൾ” എന്നീ പദപ്രയോഗങ്ങൾ ഒരു വ്യക്തിയുടെ ജീവിതഗതിയെ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. (ഉൽപ. 6:9; സങ്ക 44:18) ഒരാളുടെ ജീവിതമാതൃകയെ, അയാൾ നടന്നുപോകുമ്പോൾ തെളിയുന്ന കാൽപ്പാടുകളോട് ഉപമിക്കാനാകും. അതുകൊണ്ട് ഒരാളുടെ കാലടികൾ പിന്തുടരുക എന്നു പറഞ്ഞാൽ അയാളുടെ മാതൃക അനുകരിക്കുക എന്നാണ് അർഥം.
4. യേശുവിന്റെ കാലടികൾക്കു പിന്നാലെ ചെല്ലുക എന്നു പറഞ്ഞാൽ എന്താണ് അർഥം?
4 അങ്ങനെയെങ്കിൽ, യേശുവിന്റെ കാലടികൾക്കു പിന്നാലെ ചെല്ലുക എന്നു പറഞ്ഞാൽ എന്താണ് അർഥം? ലളിതമായി പറഞ്ഞാൽ യേശുവിന്റെ മാതൃക അനുകരിക്കുക. നമ്മുടെ ആധാരവാക്യത്തിൽ, കഷ്ടതകൾ സഹിക്കുന്നതിൽ യേശു വെച്ച മാതൃകയെക്കുറിച്ചാണു പത്രോസ് അപ്പോസ്തലൻ പറയുന്നതെങ്കിലും മറ്റു പല കാര്യങ്ങളിലും നമുക്ക് യേശുവിനെ അനുകരിക്കാനാകും. (1 പത്രോ. 2:18-25) ശരിക്കും പറഞ്ഞാൽ യേശുവിന്റെ ജീവിതം മുഴുവൻ, യേശു പറഞ്ഞതും ചെയ്തതും ആയ എല്ലാ കാര്യങ്ങളും, നമുക്ക് അനുകരിക്കാനാകും.
5. അപൂർണമനുഷ്യരായ നമുക്ക് യേശുവിന്റെ മാതൃക ശരിക്കും പിന്തുടരാനാകുമോ? വിശദീകരിക്കുക.
5 അപൂർണമനുഷ്യരായ നമുക്ക് യേശുവിന്റെ മാതൃക ശരിക്കും പിന്തുടരാനാകുമോ? തീർച്ചയായും പറ്റും. യേശുവിന്റെ കാലടികൾ അങ്ങനെതന്നെ പിന്തുടരാനല്ല പത്രോസ് പറഞ്ഞത്, പകരം ആ “കാലടികൾക്കു തൊട്ടുപിന്നാലെ” ചെല്ലാനാണ്. അപൂർണമനുഷ്യരായ നമ്മൾ നമ്മളെക്കൊണ്ട് ആകുന്നവിധത്തിൽ യേശുവിന്റെ കാലടികൾ പിന്തുടരുകയാണെങ്കിൽ അപ്പോസ്തലനായ യോഹന്നാൻ പറഞ്ഞതുപോലെ “യേശു നടന്നതുപോലെതന്നെ” നടക്കുകയായിരിക്കും നമ്മൾ.—1 യോഹ. 2:6.
നമ്മൾ എന്തുകൊണ്ടാണ് യേശുവിന്റെ കാലടികൾ പിന്തുടരേണ്ടത്?
6-7. യേശുവിന്റെ കാലടികൾ പിന്തുടരുന്നതു നമ്മളെ യഹോവയുടെ കൂട്ടുകാരാക്കുന്നത് എങ്ങനെ?
6 യേശുവിന്റെ കാലടികൾ പിന്തുടർന്നാൽ നമുക്ക് യഹോവയുടെ കൂട്ടുകാരാകാം. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ഒന്നാമതായി, യഹോവയ്ക്ക് ഇഷ്ടമുള്ള രീതിയിൽ എങ്ങനെ ജീവിക്കാമെന്നു യേശു കാണിച്ചുതന്നു. (യോഹ. 8:29) അതുകൊണ്ട് യേശുവിന്റെ കാലടികൾ പിന്തുടരുമ്പോൾ നമ്മൾ യഹോവയുടെ ഇഷ്ടം ചെയ്യുകയായിരിക്കും. യഹോവയുടെ കൂട്ടുകാരാകാൻ നമ്മൾ ശ്രമിക്കുമ്പോൾ യഹോവ നമ്മളോട് അടുത്ത് വരും.—യാക്കോ. 4:8.
7 രണ്ടാമതായി, യേശു യഹോവയെ പൂർണമായി അനുകരിച്ചു. അതുകൊണ്ടാണ് യേശുവിന് ഇങ്ങനെ പറയാനായത്: “എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിരിക്കുന്നു.” (യോഹ. 14:9) യേശുവിന്റെ ഗുണങ്ങളും യേശു മറ്റുള്ളവരോട് ഇടപെട്ട രീതിയും അനുകരിക്കുമ്പോൾ നമ്മൾ യഹോവയെയും അനുകരിക്കുകയാണ്. ഒരു കുഷ്ഠരോഗിയോടു യേശുവിനു മനസ്സലിവ് തോന്നിയപ്പോഴും മാറാരോഗത്താൽ വലഞ്ഞ ഒരു സ്ത്രീയോടു സഹാനുഭൂതി കാണിച്ചപ്പോഴും ആങ്ങളയുടെ മരണത്തിൽ ദുഃഖിതരായിരുന്നവരോട് അനുകമ്പ കാണിച്ചപ്പോഴും യേശു പിതാവിനെ അനുകരിക്കുകയായിരുന്നു. (മർക്കോ. 1:40, 41; 5:25-34; യോഹ. 11:33-35) യഹോവയുടെ ഗുണങ്ങൾ നമ്മൾ എത്രയധികം അനുകരിക്കുന്നുവോ അത്രയധികം യഹോവയുമായുള്ള നമ്മുടെ സൗഹൃദം ശക്തമാകും.
8. യേശുവിന്റെ കാലടികൾ പിന്തുടരുന്നതു ലോകത്തെ കീഴടക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ? വിശദീകരിക്കുക.
8 യേശുവിന്റെ കാലടികൾ പിന്തുടരുന്നത് ഈ ദുഷ്ടലോകത്തിന്റെ വഴിയേ പോകാതിരിക്കാൻ നമ്മളെ സഹായിക്കും. ഭൂമിയിലെ തന്റെ അവസാനരാത്രിയിൽ “ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” എന്ന് യേശുവിനു പറയാൻ കഴിഞ്ഞു. (യോഹ. 16:33) കാരണം ഈ ലോകം തന്റെ ചിന്തകളെയോ പ്രവർത്തനങ്ങളെയോ ലക്ഷ്യങ്ങളെയോ ഒട്ടും സ്വാധീനിക്കാൻ യേശു അനുവദിച്ചില്ല. യഹോവ തന്നെ ഭൂമിയിലേക്ക് അയച്ചതിന്റെ കാരണം യേശു ഒരിക്കലും മറന്നുകളഞ്ഞില്ല. യഹോവയെ മഹത്ത്വപ്പെടുത്തുന്നതിലായിരുന്നു യേശുവിന്റെ ശ്രദ്ധ മുഴുവൻ. നമ്മുടെ കാര്യമോ? ദൈവസേവനത്തിൽനിന്ന് നമ്മുടെ ശ്രദ്ധ പതറിച്ചേക്കാവുന്ന ധാരാളം കാര്യങ്ങൾ ഇന്നു ലോകത്തിലുണ്ട്. എന്നാൽ യേശുവിനെപ്പോലെ യഹോവയുടെ ഇഷ്ടം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നമുക്കും ലോകത്തെ ‘കീഴടക്കാനാകും.’—1 യോഹ. 5:5.
9. നിത്യജീവനിലേക്കുള്ള വഴിയിലൂടെതന്നെ മുന്നോട്ടു പോകണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?
9 യേശുവിന്റെ കാലടികൾ പിന്തുടർന്നാൽ നമുക്കു നിത്യജീവൻ കിട്ടും. ഒരിക്കൽ ധനികനായ ഒരു മനുഷ്യൻ യേശുവിനോടു നിത്യജീവൻ കിട്ടാൻ താൻ എന്തു ചെയ്യണമെന്നു ചോദിച്ചപ്പോൾ യേശു പറഞ്ഞു: “വന്ന് എന്റെ അനുഗാമിയാകുക.” (മത്താ. 19:16-21) താൻ ക്രിസ്തുവാണെന്നു വിശ്വസിക്കാത്ത ചില ജൂതന്മാരോട് ‘എന്റെ ആടുകൾ എന്നെ അനുഗമിക്കുന്നു. ഞാൻ അവയ്ക്കു നിത്യജീവൻ കൊടുക്കുന്നു’ എന്നാണ് യേശു പറഞ്ഞത്. (യോഹ. 10:24-29) യേശുവിന്റെ പഠിപ്പിക്കലുകൾ ഇഷ്ടപ്പെട്ട സൻഹെദ്രിനിലെ ഒരംഗമായ നിക്കോദേമൊസിനോടു യേശു പറഞ്ഞത്, ‘ഏകജാതനായ മകനിൽ വിശ്വസിക്കുന്നവർക്കു നിത്യജീവൻ നേടാനാകും’ എന്നാണ്. (യോഹ. 3:16) യേശു പഠിപ്പിച്ച കാര്യങ്ങൾ അനുസരിക്കുകയും യേശുവിനെ അനുകരിക്കുകയും ചെയ്യുമ്പോൾ നമ്മൾ യേശുവിൽ വിശ്വാസമുണ്ടെന്നു തെളിയിക്കുകയാണ്. (യോഹ. 3:16) അങ്ങനെ ചെയ്യുമ്പോൾ നിത്യജീവനിലേക്കുള്ള വഴിയിലൂടെതന്നെ നമുക്കു മുന്നോട്ടു പോകാനാകും.—മത്താ. 7:14.
നമുക്ക് എങ്ങനെ യേശുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലാം?
10. യേശുവിനെ നന്നായി ‘അറിയാൻ’ നമ്മൾ എന്തു ചെയ്യണം? (യോഹ. 17:3)
10 യേശുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലാൻ കഴിയണമെങ്കിൽ നമ്മൾ യേശുവിനെ അടുത്തറിയണം. (യോഹന്നാൻ 17:3 വായിക്കുക.) ‘യേശുവിനെ അറിയുക’ എന്നതു തുടർച്ചയായി ചെയ്യേണ്ട ഒരു കാര്യമാണ്. യേശുവിന്റെ ഗുണങ്ങളും യേശു ചിന്തിക്കുന്ന രീതിയും പിൻപറ്റുന്ന നിലവാരങ്ങളും ഒക്കെ പഠിച്ചുകൊണ്ട് നമുക്ക് യേശുവിനെ കൂടുതൽക്കൂടുതൽ അറിയാനാകും. നമ്മൾ സത്യത്തിൽ വന്നിട്ട് എത്രകാലമായാലും ശരി, യഹോവയെയും യേശുവിനെയും ‘അറിയുന്നതിൽ’ നമ്മൾ തുടർന്നുകൊണ്ടേയിരിക്കണം.
11. നാലു സുവിശേഷങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
11 തന്റെ മകനെ നമുക്കു നന്നായി അറിയാൻ കഴിയേണ്ടതിന് യഹോവ സ്നേഹപൂർവം നാലു സുവിശേഷങ്ങൾ നൽകിയിരിക്കുന്നു. ആ സുവിശേഷങ്ങളിൽ യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള ചരിത്രവിവരണങ്ങൾ കാണാം. ആ വിവരണങ്ങളിലൂടെ യേശു പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങളും യേശുവിന്റെ വികാരങ്ങളും നമുക്കു മനസ്സിലാക്കാനാകുന്നു. യേശുവിന്റെ മാതൃകയെക്കുറിച്ച് ‘മനസ്സിരുത്തി ചിന്തിക്കാൻ’ ഈ നാലു പുസ്തകങ്ങളും നമ്മളെ സഹായിക്കും. (എബ്രാ. 12:3) ആ സുവിശേഷവിവരണങ്ങളിലൂടെ യേശുവിന്റെ കാലടികൾ നമുക്ക് അടുത്ത് കാണാനാകുന്നു. അതുകൊണ്ട് അതു പഠിക്കുന്നെങ്കിൽ നമുക്കു യേശുവിനെ കൂടുതൽക്കൂടുതൽ അറിയാനാകും. അങ്ങനെ ആ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലാൻ നമുക്കാകും.
12. സുവിശേഷവിവരണങ്ങളിൽനിന്ന് പൂർണമായി പ്രയോജനം കിട്ടണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?
12 സുവിശേഷവിവരണങ്ങളിൽനിന്ന് പൂർണപ്രയോജനം കിട്ടുന്നതിനു നമ്മൾ അത് ഓടിച്ചുവായിച്ചാൽ പോരാ. പകരം സമയമെടുത്ത് അതു ശ്രദ്ധയോടെ പഠിക്കുകയും അതെക്കുറിച്ച് നന്നായി ചിന്തിക്കുകയും വേണം. (യോശുവ 1:8, അടിക്കുറിപ്പ് താരതമ്യം ചെയ്യുക.) വായിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ച് ധ്യാനിക്കാനും അതു പ്രാവർത്തികമാക്കാനും എങ്ങനെ കഴിയുമെന്നു നമുക്കു നോക്കാം.
13. സുവിശേഷവിവരണങ്ങൾക്ക് എങ്ങനെ ജീവൻ പകരാൻ കഴിയും?
13 ഒന്നാമതായി, സുവിശേഷവിവരണങ്ങൾക്കു ജീവൻ പകരുക. നിങ്ങളുടെ ഭാവന ഉപയോഗിച്ച് ആ സംഭവങ്ങൾ കാണുക, കേൾക്കുക, അനുഭവിക്കുക. അതിനായി യഹോവയുടെ സംഘടന തന്നിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് ഗവേഷണം ചെയ്യുക. വാക്യത്തിന്റെ സന്ദർഭം പരിശോധിക്കുക, അതായത് നിങ്ങൾ പഠിക്കുന്ന വിവരണത്തിന്റെ മുമ്പും പിമ്പും ഉള്ള തിരുവെഴുത്തുകൾ വായിക്കുക. ആ വിവരണത്തിൽ പറഞ്ഞിരിക്കുന്ന ആളുകളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും ഉള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തുക. നമ്മൾ പഠിക്കുന്ന സംഭവത്തെക്കുറിച്ച് മറ്റു സുവിശേഷങ്ങളിലുണ്ടെങ്കിൽ അതും നോക്കുക. ചിലപ്പോൾ ഒരു സുവിശേഷയെഴുത്തുകാരൻ എഴുതാതെ വിട്ടുകളഞ്ഞ ഒരു കാര്യം മറ്റൊരു സുവിശേഷവിവരണത്തിൽ കാണാനായേക്കും.
14-15. സുവിശേഷവിവരണങ്ങളിൽനിന്ന് പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ നമുക്ക് എന്തു ചെയ്യാം?
14 രണ്ടാമതായി, സുവിശേഷവിവരണത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്നു നോക്കുക. (യോഹ. 13:17) ഓരോ സുവിശേഷവിവരണവും നന്നായി പഠിച്ചശേഷം നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘എനിക്ക് എന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കാനാകുന്ന എന്തു പാഠമാണ് ഈ സുവിശേഷവിവരണത്തിൽ ഉള്ളത്? മറ്റൊരാളെ സഹായിക്കാനായി എനിക്ക് ഈ വിവരണം എങ്ങനെ ഉപയോഗിക്കാം?’ ഇതിലെ വിവരങ്ങൾ പ്രയോജനപ്പെടുമെന്നു തോന്നുന്ന ഒരു വ്യക്തിയെ മനസ്സിൽ കാണുക. എന്നിട്ട്, പറ്റിയ ഒരവസരത്തിൽ നിങ്ങൾ പഠിച്ച പാഠങ്ങൾ സ്നേഹത്തോടെയും നയത്തോടെയും അവരുമായി പങ്കുവെക്കുക.
15 ഈ പറഞ്ഞ രണ്ടു നിർദേശങ്ങളും എങ്ങനെ പ്രാവർത്തികമാക്കാമെന്നു കാണാൻ നമുക്ക് ഒരു ഉദാഹരണം നോക്കാം. ദേവാലയത്തിൽവെച്ച് യേശു കണ്ട ദരിദ്രയായ വിധവയെക്കുറിച്ചുള്ള വിവരണമാണ് അത്.
ദരിദ്രയായ വിധവ ദേവാലയത്തിൽ
16. മർക്കോസ് 12:41-ലെ ആ രംഗം ഒന്നു വിവരിക്കുക.
16 വിവരണത്തിനു ജീവൻ പകരുക. (മർക്കോസ് 12:41 വായിക്കുക.) ഈ രംഗം ഒന്നു ഭാവനയിൽ കാണുക. എ.ഡി. 33 നീസാൻ 11-ാം തീയതി. യേശുവിന്റെ മരണത്തിന് ഏതാനും ദിവസങ്ങൾകൂടിയേ ബാക്കിയുള്ളൂ. ആ ദിവസം ഏതാണ്ട് മുഴുവൻ സമയവും യേശു ദേവാലയത്തിൽ പഠിപ്പിക്കുകയായിരുന്നു. അവിടത്തെ മതനേതാക്കന്മാരിൽനിന്നുള്ള എതിർപ്പു യേശുവിനു നേരിടുന്നുണ്ട്. യേശുവിന്റെ അധികാരത്തെ അവരിൽ ചിലർ നേരത്തേ ചോദ്യം ചെയ്തിരുന്നു. മറ്റു ചിലർ കുഴപ്പിക്കുന്ന ചില ചോദ്യങ്ങൾ ചോദിച്ച് യേശുവിനെ കുടുക്കാൻ നോക്കി. (മർക്കോ. 11:27-33; 12:13-34) അതിനു ശേഷം യേശു ദേവാലയത്തിന്റെ മറ്റൊരു ഭാഗത്തേക്കു നീങ്ങി, സാധ്യതയനുസരിച്ച് സ്ത്രീകളുടെ മുറ്റം എന്നു വിളിക്കുന്ന ഭാഗത്തേക്ക്. അവിടെ ഇരുന്നാൽ സംഭാവനപ്പെട്ടികൾ വെച്ചിരിക്കുന്നതു കാണാം. ആളുകൾ സംഭാവന കൊണ്ടുവന്ന് പെട്ടിയിൽ ഇടുന്നതു യേശു കാണുന്നു. പണക്കാരായ ആളുകൾ വലിയ തുക കൊണ്ടുവന്ന് സംഭാവനപ്പെട്ടിയിൽ ഇടുന്നുണ്ട്. ആ നാണയത്തുട്ടുകൾ പെട്ടിയിൽ വീഴുമ്പോഴുള്ള വലിയ കിലുകിലു ശബ്ദം ഒരുപക്ഷേ യേശുവിനു കേൾക്കാം.
17. മർക്കോസ് 12:42-ലെ വിധവ എന്തു ചെയ്തു?
17 മർക്കോസ് 12:42 വായിക്കുക. കുറച്ച് കഴിഞ്ഞപ്പോൾ ഒരു സ്ത്രീ അവിടേക്കു വരുന്നതു യേശുവിന്റെ ശ്രദ്ധയിൽപ്പെടുന്നു. ‘ദരിദ്രയായ ഒരു വിധവയാണ്’ അത്. വളരെ ബുദ്ധിമുട്ടിയാണ് ആ സ്ത്രീ ജീവിക്കുന്നത്. അത്യാവശ്യസാധനങ്ങൾ വാങ്ങാനുള്ള പണംപോലും അവളുടെ കൈയിൽ ഇല്ല. എന്നിട്ടും അവൾ സംഭാവനപ്പെട്ടിയുടെ അടുത്തുചെന്ന് തന്റെ കൈയിലുള്ള രണ്ടു ചെറുതുട്ടുകൾ അതിൽ ഇടുന്നു. ആ തുട്ടുകൾ പെട്ടിയിൽ വീണപ്പോൾ കാര്യമായ ശബ്ദമൊന്നും കേട്ടില്ല. രണ്ടു ലെപ്റ്റ നാണയമാണ് ആ സ്ത്രീ അതിൽ ഇട്ടതെന്നു യേശു മനസ്സിലാക്കി. അക്കാലത്ത് ഉണ്ടായിരുന്നതിലേക്കും ഏറ്റവും ചെറിയ നാണയമായിരുന്നു ലെപ്റ്റ. അതു കൊടുത്താൽ ഒരു കുരുവിയെപ്പോലും വാങ്ങാനാകില്ലായിരുന്നു. ആ നാളുകളിൽ ആളുകൾ ആഹാരത്തിനായി വാങ്ങിയിരുന്ന ഏറ്റവും വിലക്കുറവുള്ള പക്ഷികളായിരുന്നു കുരുവികൾ.
18. മർക്കോസ് 12:43, 44 അനുസരിച്ച് ദരിദ്രയായ വിധവയുടെ സംഭാവനയെക്കുറിച്ച് യേശു എന്താണു പറഞ്ഞത്?
18 മർക്കോസ് 12:43, 44 വായിക്കുക. ആ വിധവയുടെ പ്രവൃത്തിയിൽ യേശുവിനു വളരെ മതിപ്പു തോന്നി. അതുകൊണ്ട് യേശു ശിഷ്യന്മാരെ വിളിച്ച് അവരോട് ഇങ്ങനെ പറഞ്ഞു: ‘ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെക്കാളും കൂടുതൽ ഇട്ടിരിക്കുന്നു.’ എന്നിട്ട് യേശു ഇങ്ങനെയും പറഞ്ഞു: “അവരെല്ലാം (പ്രത്യേകിച്ച് ധനികരായ ആളുകൾ) ഇട്ടത് അവരുടെ സമൃദ്ധിയിൽനിന്നാണ്. പക്ഷേ ഈ വിധവ ഇല്ലായ്മയിൽനിന്ന് തനിക്കുള്ളതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും, ഇട്ടു.” ദരിദ്രയായ ആ വിധവ വിശ്വസ്തതയോടെ തന്റെ കൈയിലുണ്ടായിരുന്നതു മുഴുവനുമാണു സംഭാവനയായി ഇട്ടത്. അങ്ങനെ ചെയ്തതിലൂടെ, തന്നോട് അചഞ്ചലമായ സ്നേഹമുള്ളതുകൊണ്ട് തന്റെ ആവശ്യങ്ങൾക്കായി യഹോവ കരുതുമെന്നു താൻ ഉറച്ചുവിശ്വസിക്കുന്നുണ്ടെന്നു കാണിക്കുകയായിരുന്നു ആ വിധവ.—സങ്കീ. 26:3.
19. ദരിദ്രയായ വിധവയെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകളിൽനിന്ന് നമുക്ക് ഏതു പ്രധാനപ്പെട്ട പാഠം പഠിക്കാം?
19 വിവരണത്തിലെ പാഠങ്ങൾ നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്നു ചിന്തിക്കുക. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ദരിദ്രയായ വിധവയെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകളിൽനിന്ന് എനിക്ക് എന്തു പഠിക്കാം?’ ആ വിധവയെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കുക. യഹോവയ്ക്കു കൂടുതൽ കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആ വിധവ ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാൽ തനിക്കു കഴിയുന്നത്, തന്റെ കഴിവിന്റെ പരമാവധി ആ വിധവ യഹോവയ്ക്കു നൽകി. ആ വിധവയുടെ സംഭാവന യഹോവ വളരെ വിലയേറിയതായി കാണുമെന്നു യേശുവിന് ഉറപ്പുണ്ടായിരുന്നു. അതിൽനിന്ന് നമുക്കു പ്രധാനപ്പെട്ട ഒരു പാഠം പഠിക്കാം. (മത്താ. 22:37; കൊലോ. 3:23) നമ്മൾ നമ്മുടെ കഴിവിന്റെ പരമാവധി നൽകുമ്പോൾ അതായത്, മുഴുഹൃദയത്തോടെയും മുഴുദേഹിയോടെയും ദൈവസേവനം ചെയ്യുമ്പോൾ യഹോവയ്ക്കു സന്തോഷമാകും. നമ്മൾ ശുശ്രൂഷയിൽ പങ്കെടുക്കുന്നതും യോഗങ്ങൾക്കു ഹാജരാകുന്നതും ഉൾപ്പെടെ ആരാധനയ്ക്കുവേണ്ടി എത്രമാത്രം സമയവും ഊർജവും ചെലവഴിക്കുന്നു എന്ന കാര്യത്തിൽ ഈ തത്ത്വം ബാധകമാണ്.
20. വിധവയുടെ വിവരണത്തിൽനിന്ന് പഠിച്ച പാഠം ഉപയോഗിച്ച് നമുക്കു മറ്റുള്ളവരെ എങ്ങനെ സഹായിക്കാം? ഒരു ഉദാഹരണം പറയുക.
20 ദരിദ്രയായ വിധവയെക്കുറിച്ചുള്ള ഈ വിവരണത്തിലെ പാഠം മറ്റുള്ളവരെ സഹായിക്കാനായി നമുക്ക് എങ്ങനെ ഉപയോഗിക്കാം? ഈ വിവരണം ഉപയോഗിച്ച് നിങ്ങൾക്കു പ്രോത്സാഹിപ്പിക്കാനാകുന്ന ആരെയെങ്കിലും ഓർക്കാനാകുന്നുണ്ടോ? ഉദാഹരണത്തിന്, ആരോഗ്യപ്രശ്നങ്ങൾ കാരണം ശുശ്രൂഷയിൽ മുമ്പ് ചെയ്തിരുന്ന അത്രയും ചെയ്യാനാകുന്നില്ല എന്നു വിചാരിച്ച് മനസ്സു വിഷമിക്കുന്ന പ്രായമുള്ള ഒരു സഹോദരി നിങ്ങളുടെ സഭയിലുണ്ടോ? അതല്ലെങ്കിൽ വേദനാകരമായ ഒരു മാറാരോഗം പിടിപെട്ട് രാജ്യഹാളിൽ എല്ലാ മീറ്റിങ്ങുകൾക്കും വരാൻ പറ്റാത്തതുകൊണ്ട് നിരുത്സാഹിതനായിരിക്കുന്ന ഏതെങ്കിലും ഒരു സഹോദരനെ നിങ്ങൾക്ക് അറിയാമോ? “ബലപ്പെടുത്തുന്ന” വാക്കുകൾ ഉപയോഗിച്ച് നമുക്ക് അവരെ സഹായിക്കാം. (എഫെ. 4:29) ദരിദ്രയായ വിധവയെക്കുറിച്ചുള്ള ഈ വിവരണത്തിൽനിന്ന് നമ്മൾ പഠിച്ച പ്രോത്സാഹനം പകരുന്ന വിവരങ്ങൾ അവരോടു പറയുക. നമ്മൾ നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യുമ്പോൾ യഹോവയ്ക്കു സന്തോഷമാകുമെന്ന് അപ്പോൾ അവർക്കു മനസ്സിലാകും. (സുഭാ. 15:23; 1 തെസ്സ. 5:11) തങ്ങൾക്ക് അധികമൊന്നും ചെയ്യാനാകുന്നില്ലെന്നാണ് അവർ ചിന്തിക്കുന്നതെങ്കിലും അവർ ചെയ്യുന്നത് അവരുടെ കഴിവിന്റെ പരമാവധിയാണ്. അതിന് അവരെ അഭിനന്ദിക്കുക. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ യേശുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലുകയാണ്.
21. നിങ്ങൾ എന്തു ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു?
21 യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ സുവിശേഷവിവരണങ്ങളിൽനിന്ന് നമുക്കു പഠിക്കാനാകുന്നു. യേശുവിനെ അനുകരിക്കാനും യേശുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലാനും നമുക്കാകുന്നു. വ്യക്തിപരമായിട്ടോ കുടുംബാരാധനയുടെ സമയത്തോ സുവിശേഷവിവരണങ്ങൾ പഠിക്കാൻ നിങ്ങൾക്കൊരു ലക്ഷ്യം വെക്കാനാകും. പഠിക്കുന്ന കാര്യങ്ങളിൽനിന്ന് പരമാവധി പ്രയോജനം കിട്ടാൻ ആ വിവരണങ്ങൾക്കു ജീവൻ പകരുക, അതിലെ പാഠങ്ങൾ നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്നു ചിന്തിക്കുക. യേശു ചെയ്ത ചില കാര്യങ്ങൾ എങ്ങനെ അനുകരിക്കാമെന്നു നമ്മൾ കണ്ടു. എന്നാൽ യേശു പറഞ്ഞ കാര്യങ്ങൾക്കും നമ്മൾ ശ്രദ്ധ കൊടുക്കണം. തന്റെ മരണത്തിനു തൊട്ടുമുമ്പ് യേശു പറഞ്ഞ കാര്യങ്ങളിൽനിന്ന് എന്തു പഠിക്കാമെന്ന് അടുത്ത ലേഖനത്തിൽ കാണാം.
ഗീതം 15 യഹോവയുടെ ആദ്യജാതനെ വാഴ്ത്താം!
a യഥാർഥക്രിസ്ത്യാനികളായ നമ്മൾ ‘യേശുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലണം.’ യേശുവിന്റെ കാലടികൾക്കു പിന്നാലെ ചെല്ലുക എന്നു പറഞ്ഞാൽ എന്താണ് അർഥം? ഈ ലേഖനത്തിൽനിന്ന് നമുക്ക് അതിനുള്ള ഉത്തരം കിട്ടും. കൂടാതെ, നമ്മൾ യേശുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലേണ്ടത് എന്തുകൊണ്ടാണെന്നും അത് എങ്ങനെ ചെയ്യാമെന്നും ഇതിലൂടെ നമ്മൾ പഠിക്കും.
b ചിത്രക്കുറിപ്പ്: ദരിദ്രയായ വിധവയെക്കുറിച്ചുള്ള യേശുവിന്റെ വിവരണം വായിച്ച് ധ്യാനിച്ച ഒരു സഹോദരി ദൈവസേവനത്തിൽ തന്റെ കഴിവിന്റെ പരമാവധി ചെയ്യുന്ന പ്രായമുള്ള ഒരു സഹോദരിയെ അഭിനന്ദിക്കുന്നു.