വിശ്വസ്തനും അതേസമയം വിവേകിയുമായ ഒരു “അടിമ”
‘യജമാനൻ തന്റെ വീട്ടിലുള്ളവരുടെമേൽ ആക്കിവെച്ച വിശ്വസ്തനും വിവേകിയുമായ അടിമ യഥാർഥത്തിൽ ആരാണ്?’—മത്തായി 24:45, NW.
1, 2. ഇന്ന് ആത്മീയാഹാരം ക്രമമായി ലഭിക്കുന്നത് നമുക്കു ജീവത്പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
പൊതുയുഗം (പൊ.യു.) 33, നീസാൻ 11 ചൊവ്വാഴ്ച. ഉച്ചകഴിഞ്ഞ സമയം. യേശുവിന്റെ ശിഷ്യന്മാർ ഇന്നു നമ്മെ സംബന്ധിച്ചിടത്തോളം വലിയ അർഥമുള്ള ഒരു ചോദ്യം ഉന്നയിച്ചു. ‘നിന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കും?’ എന്ന് അവർ അവനോടു ചോദിച്ചു. മറുപടിയായി യേശു ശ്രദ്ധേയമായ ഒരു പ്രവചനം ഉച്ചരിച്ചു. യുദ്ധം, ക്ഷാമം, ഭൂകമ്പം, രോഗം എന്നിവയാൽ കലുഷിതമായ ഒരു കാലഘട്ടത്തെ കുറിച്ച് അവൻ പറയുകയുണ്ടായി. അത് ‘ഈററുനോവിന്റെ ആരംഭം’ മാത്രമേ ആയിരിക്കുമായിരുന്നുള്ളൂ. അതിലും മോശമായവ വരാനിരിക്കുകയായിരുന്നു. ഭാവി സംബന്ധിച്ച എത്ര ഭീതിദമായ ഒരു ചിത്രം!—മത്തായി 24:3 (NW), 7, 8, 15-22; ലൂക്കൊസ് 21:10, 11.
2 യേശുവിന്റെ പ്രവചനത്തിന്റെ വിശദാംശങ്ങളിൽ ഏറിയപങ്കും 1914 മുതൽ നിവൃത്തിയേറിയിരിക്കുന്നു. മനുഷ്യവർഗം സമഗ്രമായ അളവിൽ ‘ഈറ്റുനോവിൻ’ കീഴിലാണ്. എന്നിരുന്നാലും, സത്യക്രിസ്ത്യാനികൾ ഭയപ്പെടേണ്ടതില്ല. പോഷകസമൃദ്ധമായ ആത്മീയാഹാരം പ്രദാനം ചെയ്തുകൊണ്ട് താൻ അവരെ പുലർത്തുമെന്ന് യേശു വാഗ്ദാനം ചെയ്തു. യേശു ഇപ്പോൾ സ്വർഗത്തിൽ ആയിരിക്കുന്നതിനാൽ, ഭൂമിയിൽ നമുക്ക് ആത്മീയാഹാരം ലഭ്യമാക്കാൻ അവൻ എന്തു ക്രമീകരണമാണു ചെയ്തിരിക്കുന്നത്?
3. നമുക്കു ‘തക്കസമയത്ത് ആഹാരം’ ലഭ്യമാക്കാൻ യേശു ഏതു ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു?
3 ആ ചോദ്യത്തിനുള്ള ഉത്തരം യേശുതന്നെ ചൂണ്ടിക്കാണിച്ചു. തന്റെ മഹത്തായ പ്രവചനം നൽകുന്നതിനിടയിൽ അവൻ ഇപ്രകാരം ചോദിച്ചു: “തന്റെ വീട്ടിലുള്ളവർക്കു തക്കസമയത്ത് അവരുടെ ആഹാരം കൊടുക്കേണ്ടതിന് യജമാനൻ അവരുടെമേൽ ആക്കിവെച്ച വിശ്വസ്തനും വിവേകിയുമായ അടിമ യഥാർഥത്തിൽ ആരാണ്?” (NW) തുടർന്ന് അവൻ ഇങ്ങനെ പറഞ്ഞു: “യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ (“അടിമ,” NW) ഭാഗ്യവാൻ. അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്തായി 24:45-47) അതേ, ആത്മീയാഹാരം പ്രദാനം ചെയ്യാൻ നിയമിതനായ, വിശ്വസ്തനും അതേസമയം വിവേകിയുമായ ഒരു “അടിമ” ഉണ്ടായിരിക്കുമായിരുന്നു. ആ അടിമ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയോ, ഒന്നിനുപുറകേ ഒന്നായി വരുന്ന വ്യക്തികളുടെ ഒരു പരമ്പരയോ ആയിരിക്കുമായിരുന്നോ? അതോ അത് മറ്റെന്തെങ്കിലും ആണോ? വിശ്വസ്ത അടിമ ജീവത്പ്രധാനമായ ആത്മീയാഹാരം പ്രദാനം ചെയ്യുന്നതിനാൽ, ഇതിനുള്ള ഉത്തരം കണ്ടെത്തേണ്ടത് നമ്മുടെ ആവശ്യമാണ്.
ഒരു വ്യക്തിയോ കൂട്ടമോ?
4. “വിശ്വസ്തനും വിവേകിയുമായ അടിമ” ഒരു വ്യക്തി ആയിരിക്കുക സാധ്യമല്ലെന്ന് നമുക്ക് എങ്ങനെ അറിയാം?
4 “വിശ്വസ്തനും വിവേകിയുമായ അടിമ” ഒരു വ്യക്തി ആയിരിക്കുക സാധ്യമല്ല. എന്തുകൊണ്ട്? കാരണം അടിമ ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ ആത്മീയാഹാരം പ്രദാനം ചെയ്യാൻ തുടങ്ങിയിരുന്നു; യേശു പറഞ്ഞപ്രകാരം, 1914-ൽ യജമാനൻ വന്നെത്തുമ്പോഴും അടിമ അങ്ങനെ തന്നെ ചെയ്തുകൊണ്ടിരിക്കുമായിരുന്നു. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അത് ഏകദേശം 1,900 വർഷത്തെ വിശ്വസ്ത സേവനത്തെ അർഥമാക്കുമായിരുന്നു. മെഥൂശലഹ് പോലും അത്രയുംകാലം ജീവിച്ചിരുന്നില്ല!—ഉല്പത്തി 5:27.
5. “വിശ്വസ്തനും വിവേകിയുമായ അടിമ” എന്ന പദപ്രയോഗം വ്യക്തിപരമായി ഓരോ ക്രിസ്ത്യാനിക്കും ബാധകമായിരിക്കുന്നില്ലാത്തത് എന്തുകൊണ്ടെന്നു വിശദമാക്കുക.
5 അങ്ങനെയെങ്കിൽ, “വിശ്വസ്തനും വിവേകിയുമായ അടിമ” എന്ന പദപ്രയോഗം പൊതുവായ അർഥത്തിൽ വ്യക്തികളെന്ന നിലയിൽ ഓരോ ക്രിസ്ത്യാനിക്കും ബാധകമായിരിക്കുമോ? ഓരോ ക്രിസ്ത്യാനിയും വിശ്വസ്തനും വിവേകിയും ആയിരിക്കണം എന്നതു ശരിതന്നെ; എന്നിരുന്നാലും, “വിശ്വസ്തനും വിവേകിയുമായ അടിമ”യെ കുറിച്ചു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിൽ വ്യക്തമായും അതിലധികമായ ചില സംഗതികൾ ഉണ്ടായിരുന്നു. അത് നമുക്കെങ്ങനെ അറിയാം? “യജമാനൻ വരുമ്പോൾ” അവൻ ആ അടിമയെ “തനിക്കുള്ള സകലത്തിന്മേലും” ആക്കിവെക്കും എന്ന് യേശു പറയുകയുണ്ടായി. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) ഓരോ ക്രിസ്ത്യാനിയെയും സകലത്തിന്മേലും—കർത്താവിന്റെ “സകല” സ്വത്തുക്കളിന്മേലും—എങ്ങനെ ആക്കിവെക്കാൻ കഴിയുമായിരുന്നു? അത് ഒരിക്കലും സാധിക്കുമായിരുന്നില്ല!
6. ദൈവത്തിന്റെ ‘ദാസൻ’ അഥവാ “അടിമ” എന്ന നിലയിൽ ഇസ്രായേൽ ജനത പ്രവർത്തിക്കേണ്ടിയിരുന്നത് എങ്ങനെ?
6 അപ്പോൾപ്പിന്നെ, “വിശ്വസ്തനും വിവേകിയുമായ അടിമ” എന്ന് യേശു പരാമർശിച്ചത് ക്രിസ്ത്യാനികളുടെ ഒരു കൂട്ടത്തെയായിരുന്നു എന്നതാണ് യുക്തിസഹമായ ഏക നിഗമനം. ഒരു സംയുക്ത അടിമ എന്നൊന്ന് ഉണ്ടായിരിക്കുക സാധ്യമാണോ? ഉവ്വ്. ക്രിസ്തുവിന് എഴുനൂറു വർഷം മുമ്പ് ഇസ്രായേൽ ജനതയെ മൊത്തത്തിൽ “എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും” എന്ന് യഹോവ പരാമർശിക്കുകയുണ്ടായി. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (യെശയ്യാവു 43:10) മോശൈക ന്യായപ്രമാണം നൽകപ്പെട്ട വർഷമായ പൊതുയുഗത്തിനു മുമ്പ് (പൊ.യു.മു.) 1513 മുതൽ പൊ.യു. 33-ലെ പെന്തെക്കൊസ്തു വരെയുള്ള കാലഘട്ടത്തിൽ ഇസ്രായേൽ ജനതയിലെ ഓരോ അംഗവും ആ ദാസൻ വർഗത്തിന്റെ ഭാഗമായിരുന്നു. ദേശത്തിന്റെ ഭരണനിർവഹണത്തിലോ ആത്മീയ പോഷണ പരിപാടി ഏകോപിപ്പിക്കുന്നതിലോ ഇസ്രായേല്യരിൽ ഭൂരിഭാഗത്തിനും നേരിട്ടുള്ള പങ്ക് ഉണ്ടായിരുന്നില്ല. അത്തരം ചുമതലകൾ വഹിക്കാനായി രാജാക്കന്മാർ, ന്യായാധിപന്മാർ, പ്രവാചകന്മാർ, പുരോഹിതന്മാർ, ലേവ്യർ എന്നിവരെയാണ് യഹോവ ഉപയോഗിച്ചത്. എങ്കിലും, ഒരു ജനതയെന്ന നിലയിൽ ഇസ്രായേൽ യഹോവയുടെ പരമാധികാരത്തെ പ്രതിനിധാനം ചെയ്യുകയും മറ്റു ജനതകളുടെ ഇടയിൽ അവന്റെ സ്തുതി വിവരിക്കുകയും ചെയ്യേണ്ടിയിരുന്നു. ഓരോ ഇസ്രായേല്യനും യഹോവയുടെ ഒരു സാക്ഷി ആയിരിക്കണമായിരുന്നു.—ആവർത്തനപുസ്തകം 26:19; യെശയ്യാവു 43:21; മലാഖി 2:7; റോമർ 3:1, 2.
ഒരു ‘ദാസനെ’ തള്ളിക്കളയുന്നു
7. പുരാതന ഇസ്രായേൽ ജനത ദൈവത്തിന്റെ ‘ദാസൻ’ എന്ന പദവിക്ക് അയോഗ്യർ ആയിത്തീർന്നത് എന്തുകൊണ്ട്?
7 നൂറ്റാണ്ടുകൾക്കുമുമ്പ് ഇസ്രായേൽ ദൈവത്തിന്റെ ‘ദാസൻ’ ആയിരുന്നതിനാൽ യേശു പരാമർശിച്ച അടിമയും അതുതന്നെ ആയിരുന്നോ? അല്ല. എന്തുകൊണ്ടെന്നാൽ, പുരാതന ഇസ്രായേൽ വിശ്വസ്തനും വിവേകിയും ആയിരിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു. ആ ജനതയോടുള്ള യഹോവയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പൗലൊസ് സാഹചര്യത്തെ ഇങ്ങനെ സംക്ഷേപിക്കുന്നു: “നിങ്ങൾനിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു.” (റോമർ 2:24) യേശുവിനെ തിരസ്കരിക്കുകവഴി ഇസ്രായേൽ തങ്ങളുടെ മത്സരംനിറഞ്ഞ സുദീർഘ ചരിത്രത്തിന്റെ പരകോടിയിൽ എത്തിച്ചേർന്നു, അതോടെ യഹോവ അവരെ തള്ളിക്കളഞ്ഞു.—മത്തായി 21:42, 43.
8. ഇസ്രായേലിനു പകരമായി ഒരു ‘ദാസൻ’ നിയമിക്കപ്പെട്ടത് എപ്പോൾ, ഏതു സാഹചര്യത്തിൻകീഴിൽ?
8 ഇസ്രായേലാകുന്ന ‘ദാസന്റെ’ അവിശ്വസ്തത, പിന്നീടൊരിക്കലും വിശ്വസ്ത ആരാധകർക്ക് ആത്മീയാഹാരം ലഭ്യമാകുകയില്ല എന്ന് അർഥമാക്കിയില്ല. പൊ.യു. 33-ലെ പെന്തെക്കൊസ്തിൽ, യേശുവിന്റെ പുനരുത്ഥാനത്തിന് 50 ദിവസങ്ങൾക്കു ശേഷം, യെരൂശലേമിലെ മാളിക മുറിയിൽ കൂടിയിരുന്ന 120-ഓളം ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവു പകരപ്പെട്ടു. ആ നിമിഷം, ഒരു പുതിയ ജനത പിറവിയെടുത്തു. അതിന്റെ അംഗങ്ങൾ യെരൂശലേം നിവാസികളോട് “ദൈവത്തിന്റെ വൻകാര്യങ്ങളെ” കുറിച്ചു സധൈര്യം പ്രസ്താവിക്കാൻ തുടങ്ങിയപ്പോൾ പുതിയ ജനതയുടെ ജനനം ഉചിതമായും പരസ്യമാക്കപ്പെട്ടു. (പ്രവൃത്തികൾ 2:11) അങ്ങനെ, ആ പുതിയ ജനത—ഒരു ആത്മീയ ജനത—ജനതകളോട് യഹോവയുടെ മഹത്ത്വം ഘോഷിക്കുകയും തക്കസമയത്ത് ആഹാരം നൽകുകയും ചെയ്യുമായിരുന്ന ‘ദാസൻ’ ആയിത്തീർന്നു. (1 പത്രൊസ് 2:9) അത് ‘ദൈവത്തിന്റെ ഇസ്രായേൽ’ എന്ന് ഉചിതമായിത്തന്നെ വിളിക്കപ്പെടാൻ ഇടയായി.—ഗലാത്യർ 6:16.
9. (എ) “വിശ്വസ്തനും വിവേകിയുമായ അടിമ”യിൽ ആരാണ് ഉൾപ്പെടുന്നത്? (ബി) “വീട്ടിലുള്ളവർ” ആരാണ്?
9 ‘ദൈവത്തിന്റെ ഇസ്രായേലിലെ’ ഓരോ അംഗവും സമർപ്പിച്ചു സ്നാപനമേറ്റ, പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ച, സ്വർഗീയ പ്രത്യാശയുള്ള ക്രിസ്ത്യാനിയാണ്. അതുകൊണ്ട് “വിശ്വസ്തനും വിവേകിയുമായ അടിമ” എന്ന പദപ്രയോഗം, പൊ.യു. 33 മുതൽ ഇന്നുവരെ ഏതൊരു സമയത്തും ഭൂമിയിലുള്ള അഭിഷിക്ത ആത്മീയ ജനതയിലെ എല്ലാ അംഗങ്ങളെയും ഒരു കൂട്ടമെന്ന നിലയിൽ അർഥമാക്കുന്നു. പൊ.യു.മു. 1513 മുതൽ പൊ.യു. 33-ലെ പെന്തെക്കൊസ്തു വരെയുള്ള ഏതൊരു സമയത്തും ജീവിച്ചിരുന്ന ഓരോ ഇസ്രായേല്യനും, ക്രിസ്തീയ പൂർവ ദാസൻ വർഗത്തിന്റെ ഭാഗമായിരുന്നതുപോലെയാണ് ഇത്. അങ്ങനെയെങ്കിൽ, അടിമയിൽനിന്നുള്ള ആത്മീയ പോഷണം സ്വീകരിക്കുന്നതായി പറഞ്ഞിരിക്കുന്ന “വീട്ടിലുള്ളവർ” ആരാണ്? പൊ.യു. ഒന്നാം നൂറ്റാണ്ടിൽ എല്ലാ ക്രിസ്ത്യാനികൾക്കും സ്വർഗീയ പ്രത്യാശയാണ് ഉണ്ടായിരുന്നത്. തന്നിമിത്തം, വീട്ടിലുള്ളവരും അഭിഷിക്ത ക്രിസ്ത്യാനികൾതന്നെ ആയിരുന്നു, ഒരു കൂട്ടമെന്ന നിലയിലല്ല, പിന്നെയോ വ്യക്തികൾ എന്ന നിലയിൽ. സഭയിൽ ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിച്ചിരുന്നവർ ഉൾപ്പെടെ സകലർക്കും അടിമയിൽനിന്നുള്ള ആത്മീയാഹാരം ആവശ്യമായിരുന്നു.—1 കൊരിന്ത്യർ 12:12, 19-27; എബ്രായർ 5:11-13; 2 പത്രൊസ് 3:15, 16.
“അവനവന്നു അതതു വേല”
10, 11. അടിമവർഗത്തിലെ എല്ലാ അംഗങ്ങൾക്കും ഒരേ നിയമനം അല്ല ലഭിക്കുക എന്ന് നമുക്ക് എങ്ങനെ അറിയാം?
10 ‘ദൈവത്തിന്റെ ഇസ്രായേൽ,’ ഒരു നിയമിത വേലയുള്ള വിശ്വസ്തനും വിവേകിയുമായ അടിമ ആയിരിക്കുമ്പോൾത്തന്നെ ഓരോ അംഗത്തിനും വ്യക്തിപരമായ ഉത്തരവാദിത്വങ്ങളുമുണ്ട്. മർക്കൊസ് 13:34-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ ഇതു വ്യക്തമാക്കുന്നു. “ഒരു മനുഷ്യൻ വീടുവിട്ടു പരദേശത്തു പോകുമ്പോൾ ദാസന്മാർക്കു അധികാരവും അവനവന്നു അതതു വേലയും കൊടുത്തിട്ടു വാതിൽ കാവല്ക്കാരനോടു ഉണർന്നിരിപ്പാൻ കല്പിച്ചതുപോലെ”യാണ് അതെന്ന് അവൻ പറഞ്ഞു. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) അതുകൊണ്ട്, അടിമവർഗത്തിലെ ഓരോ അംഗത്തിനും ഒരു നിയമനം ലഭിച്ചിരിക്കുന്നു—ക്രിസ്തുവിന്റെ ഭൂമിയിലുള്ള സ്വത്തുക്കൾ വർധിപ്പിക്കുക എന്ന നിയമനം. ഓരോരുത്തനും താന്താന്റെ പ്രാപ്തിക്കും അവസരങ്ങൾക്കുമൊത്ത് ഈ വേല നിർവഹിക്കുന്നു.—മത്തായി 25:14, 15.
11 കൂടാതെ, അപ്പൊസ്തലനായ പത്രൊസ് തന്റെ നാളിലെ അഭിഷിക്ത ക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞു: “ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (1 പത്രൊസ് 4:10) തന്മൂലം, ദൈവം തങ്ങൾക്കു നൽകിയ വരങ്ങൾ ഉപയോഗിച്ച് അന്യോന്യം ശുശ്രൂഷിക്കാനുള്ള ഉത്തരവാദിത്വം അഭിഷിക്തർക്ക് ഉണ്ട്. മാത്രമല്ല, എല്ലാ ക്രിസ്ത്യാനികൾക്കും ഒരേ തരത്തിലുള്ള പ്രാപ്തികളും നിയമനങ്ങളും പദവികളും ആയിരിക്കുകയില്ല എന്നും പത്രൊസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, അടിമവർഗത്തിലെ ഓരോ അംഗത്തിനും ആത്മീയ ജനതയുടെ വളർച്ചയിൽ പങ്കുവഹിക്കാൻ കഴിയുമായിരുന്നു. ഏതുവിധത്തിൽ?
12. സ്ത്രീപുരുഷഭേദമെന്യേ, അടിമവർഗത്തിലെ ഓരോ അംഗവും അടിമയുടെ വളർച്ചയിൽ സഹായിക്കുമായിരുന്നത് എങ്ങനെ?
12 ഒന്നാമതായി, രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ട് ഓരോരുത്തരും യഹോവയുടെ ഒരു സാക്ഷി ആയിരിക്കേണ്ടിയിരുന്നു. (യെശയ്യാവു 43:10-12; മത്തായി 24:14) യേശു സ്വർഗാരോഹണത്തിനു തൊട്ടുമുമ്പ്, സ്ത്രീപുരുഷഭേദമെന്യേ തന്റെ സകല വിശ്വസ്ത ശിഷ്യന്മാർക്കും മറ്റുള്ളവരെ പഠിപ്പിക്കാനുള്ള കൽപ്പന നൽകി. അവൻ ഇപ്രകാരം പറഞ്ഞു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു [‘പഠിപ്പിച്ചുംകൊണ്ട്,’ NW] സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—മത്തായി 28:19, 20.
13. എല്ലാ അഭിഷിക്തരും ഏതു പദവി ആസ്വദിച്ചു?
13 പുതിയ ശിഷ്യരെ കണ്ടെത്തുമ്പോൾ, ക്രിസ്തു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച സകല സംഗതികളും പ്രമാണിക്കാൻ അവരെ ശ്രദ്ധാപൂർവം പഠിപ്പിക്കേണ്ടിയിരുന്നു. കാലാന്തരത്തിൽ, അനുകൂലമായി പ്രതികരിച്ചവർ മറ്റുള്ളവരെ പഠിപ്പിക്കാൻ യോഗ്യത പ്രാപിച്ചു. അനേക രാജ്യങ്ങളിലായി ഭാവിയിൽ അടിമവർഗത്തിലെ അംഗങ്ങൾ ആയിത്തീരാൻ സാധ്യതയുണ്ടായിരുന്നവർക്കു പോഷകപ്രദമായ ആത്മീയാഹാരം ലഭ്യമാക്കപ്പെട്ടു. സ്ത്രീപുരുഷഭേദമെന്യേ സകല അഭിഷിക്ത ക്രിസ്ത്യാനികളും ശിഷ്യരെ ഉളവാക്കാനുള്ള നിയോഗം നിറവേറ്റുന്നതിൽ പങ്കെടുത്തു. (പ്രവൃത്തികൾ 2:17, 18) അടിമ തന്റെ വേല ആദ്യം തുടങ്ങിയ സമയം മുതൽ ഈ വ്യവസ്ഥിതിയുടെ അവസാനംവരെ ഈ വേല തുടരേണ്ടിയിരുന്നു.
14. സഭയിൽ പഠിപ്പിക്കാനുള്ള പദവി ആർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു, വിശ്വസ്ത അഭിഷിക്ത സഹോദരിമാർ അതിനെ എങ്ങനെ വീക്ഷിച്ചു?
14 പുതുതായി സ്നാപനമേറ്റ അഭിഷിക്തർ അടിമയുടെ ഭാഗമായിത്തീർന്നു. തുടക്കത്തിൽ അവരെ പഠിപ്പിച്ചത് ആരുതന്നെ ആയിരുന്നാലും, മൂപ്പന്മാരായി സേവിക്കാനുള്ള തിരുവെഴുത്തു യോഗ്യതകളിൽ എത്തിച്ചേർന്ന സഭാംഗങ്ങളിൽനിന്ന് അവർക്ക് തുടർന്നുള്ള പ്രബോധനം ലഭിച്ചുകൊണ്ടിരുന്നു. (1 തിമൊഥെയൊസ് 3:1-7; തീത്തൊസ് 1:6-9) അങ്ങനെ ഈ നിയമിത പുരുഷന്മാർക്ക് ജനതയുടെ വളർച്ചയിൽ ഒരു പ്രത്യേക വിധത്തിൽ സഹായിക്കാനുള്ള പദവി ലഭിച്ചു. സഭയിൽ പഠിപ്പിക്കാനായി ക്രിസ്തീയ പുരുഷന്മാർ മാത്രം നിയമിക്കപ്പെട്ടതിൽ വിശ്വസ്തരായ അഭിഷിക്ത ക്രിസ്തീയ സ്ത്രീകൾ അസംതൃപ്തരായില്ല. (1 കൊരിന്ത്യർ 14:34, 35) മറിച്ച്, സഭയിലെ പുരുഷാംഗങ്ങളുടെ കഠിനവേലയിൽനിന്നു പ്രയോജനം നേടാൻ അവർ സന്തോഷമുള്ളവരായിരുന്നു. അതോടൊപ്പം, മറ്റുള്ളവരോടു സദ്വർത്തമാനം ഘോഷിക്കുന്നത് ഉൾപ്പെടെ സ്ത്രീകൾക്കു ലഭ്യമായിരുന്ന പദവികൾക്കായി അവർ നന്ദിയുള്ളവരുമായിരുന്നു. നിയമിത മൂപ്പന്മാർ അഭിഷിക്തരാണെങ്കിലും അല്ലെങ്കിലും തീക്ഷ്ണമതികളായ അഭിഷിക്ത സഹോദരിമാർ ഇന്നും താഴ്മയുടെ അതേ മനോഭാവംതന്നെ പ്രകടമാക്കുന്നു.
15. ഒന്നാം നൂറ്റാണ്ടിലെ ആത്മീയാഹാരത്തിന്റെ മുഖ്യ സ്രോതസ്സുകളിൽ ഒന്ന് ഏതായിരുന്നു, അതു പ്രദാനം ചെയ്യുന്നതിൽ ആർ മുൻകൈയെടുത്തു?
15 ഒന്നാം നൂറ്റാണ്ടിൽ പ്രദാനം ചെയ്യപ്പെട്ട അടിസ്ഥാന ആത്മീയാഹാരം, അപ്പൊസ്തലന്മാരുടെയും നേതൃത്വമെടുത്തിരുന്ന മറ്റു ശിഷ്യന്മാരുടെയും തൂലികയിൽനിന്നു നേരിട്ട് ഉടലെടുത്തതായിരുന്നു. അവർ എഴുതിയ ലേഖനങ്ങൾ—വിശേഷിച്ചും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഭാഗമായ 27 നിശ്വസ്ത പുസ്തകങ്ങളുടെ ഭാഗമായവ—സഭകൾ അന്യോന്യം കൈമാറി. പ്രാദേശിക മൂപ്പന്മാരുടെ പഠിപ്പിക്കലുകൾക്കുള്ള അടിസ്ഥാനം ഇവ ആയിരുന്നു എന്നതിനു സംശയമില്ല. ഈ വിധത്തിൽ, അടിമയുടെ പ്രതിനിധികൾ ആത്മാർഥരായ ക്രിസ്ത്യാനികൾക്ക് പോഷകസമൃദ്ധമായ ആത്മീയാഹാരം വിശ്വസ്തമായി വിതരണം ചെയ്തു. ഒന്നാം നൂറ്റാണ്ടിലെ അടിമവർഗം അവരുടെ നിയോഗത്തോട് വിശ്വസ്തരെന്നു തെളിയിച്ചു.
“അടിമ”—19 നൂറ്റാണ്ടുകൾക്കു ശേഷം
16, 17. തങ്ങളുടെ നിയോഗം നിർവഹിക്കുന്നതിൽ അടിമവർഗം 1914-നു മുമ്പുള്ള വർഷങ്ങളിൽ വിശ്വസ്തരെന്നു തെളിയിച്ചത് എങ്ങനെ?
16 എന്നാൽ ഇന്നോ? 1914-ൽ യേശുവിന്റെ സാന്നിധ്യം തുടങ്ങിയപ്പോൾ തക്കസമയത്ത് വിശ്വസ്തമായി ആഹാരം വിതരണം ചെയ്യുന്ന അഭിഷിക്ത ക്രിസ്ത്യാനികളുടെ ഒരു കൂട്ടത്തെ അവൻ കണ്ടെത്തിയോ? തീർച്ചയായും. ഈ കൂട്ടം ഉത്പാദിപ്പിച്ചുകൊണ്ടിരുന്ന സത്ഫലങ്ങളാൽ അതിനെ വ്യക്തമായി തിരിച്ചറിയാൻ കഴിയുമായിരുന്നു. (മത്തായി 7:20) ഇന്നോളമുള്ള ചരിത്രം ഈ നിഗമനം ശരിയായിരുന്നെന്നു തെളിയിച്ചിരിക്കുന്നു.
17 യേശുവിന്റെ ആഗമന സമയത്ത്, വീട്ടിലുള്ളവരിൽപ്പെട്ട 5,000-ത്തോളം വ്യക്തികൾ ബൈബിൾ സത്യം വ്യാപിപ്പിക്കുന്നതിൽ തിരക്കോടെ ഏർപ്പെട്ടിരുന്നു. വേലക്കാർ ചുരുക്കമായിരുന്നു, എങ്കിലും സുവാർത്ത വ്യാപിപ്പിക്കുന്നതിന് അടിമ ഒട്ടനവധി വിദഗ്ധ രീതികൾ കണ്ടെത്തി. (മത്തായി 9:38) ദൃഷ്ടാന്തത്തിന്, 2,000-ത്തോളം പത്രങ്ങളിൽ ബൈബിൾ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രസംഗങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ക്രമീകരണം ചെയ്യപ്പെട്ടു. ഇതുവഴി, ദൈവവചനസത്യം ഒറ്റയടിക്ക് പതിനായിരങ്ങളുടെ അടുക്കൽ എത്തിച്ചേർന്നു. ഇതുകൂടാതെ, കളർ സ്ലൈഡുകളും ചലച്ചിത്രങ്ങളും കോർത്തിണക്കിക്കൊണ്ട് എട്ടു മണിക്കൂർ ദൈർഘ്യമുള്ള ഒരു പരിപാടി തയ്യാറാക്കപ്പെട്ടു. നൂതനമായ ഈ അവതരണത്തിലൂടെ, സൃഷ്ടിയുടെ ആരംഭം മുതൽ ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയുടെ അവസാനംവരെ നീളുന്ന ബൈബിൾ സന്ദേശം, മൂന്നു ഭൂഖണ്ഡങ്ങളിലായി 90 ലക്ഷത്തിലധികം പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. അച്ചടിച്ച സാഹിത്യമായിരുന്നു മറ്റൊരു സരണി. ദൃഷ്ടാന്തത്തിന്, 1914-ൽ ഈ മാസികയുടെ 50,000-ത്തോളം പ്രതികൾ പ്രസിദ്ധീകരിക്കപ്പെട്ടു.
18. യേശു തനിക്കുള്ള സകലത്തിന്മേലും അടിമയെ ആക്കിവെച്ചത് എപ്പോൾ, എന്തുകൊണ്ട്?
18 അതേ, യജമാനൻ വന്നപ്പോൾ, തന്റെ വിശ്വസ്ത അടിമ വീട്ടിലുള്ളവർക്ക് മനസ്സാക്ഷിപൂർവം ഭക്ഷണം പ്രദാനം ചെയ്യുന്നതായും സുവാർത്ത ഘോഷിക്കുന്നതായും കണ്ടെത്തി. വർധിച്ച ഉത്തരവാദിത്വങ്ങൾ ഇപ്പോൾ അടിമയെ കാത്തിരുന്നു. യേശു ഇങ്ങനെ പറഞ്ഞു: “അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്തായി 24:47) അടിമ ഒരു പരിശോധനാ കാലഘട്ടത്തെ അതിജീവിച്ച ശേഷം, 1919-ൽ യേശു അതു ചെയ്തു. എന്നാൽ, “വിശ്വസ്തനും വിവേകിയുമായ അടിമ”യ്ക്കു വർധിച്ച ഉത്തരവാദിത്വങ്ങൾ ലഭിച്ചത് എന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടെന്നാൽ യജമാനന്റെ സ്വത്തുക്കൾ വർധിച്ചിരുന്നു. 1914-ൽ യേശുവിനു രാജ്യാധികാരം നൽകപ്പെട്ടു.
19. “മഹാപുരുഷാര”ത്തിന്റെ ആത്മീയ ആവശ്യങ്ങൾക്കായി കരുതൽ ചെയ്യപ്പെട്ടിരിക്കുന്നത് എങ്ങനെ എന്നു വിശദീകരിക്കുക.
19 പുതുതായി കിരീടധാരണം ചെയ്ത യജമാനൻ തന്റെ വിശ്വസ്ത അടിമയെ ഏതു സ്വത്തുക്കളിന്മേലാണ് ആക്കിവെച്ചത്? ഭൂമിയിൽ തനിക്കുള്ള സകലത്തിന്മേലും. ഉദാഹരണത്തിന്, ക്രിസ്തുവിന്റെ 1914-ലെ സിംഹാസനാരോഹണത്തിനു രണ്ടു ദശകങ്ങൾക്കു ശേഷം ‘വേറെ ആടുകളുടെ’ “ഒരു മഹാപുരുഷാരം” തിരിച്ചറിയിക്കപ്പെട്ടു. (വെളിപ്പാടു 7:9; യോഹന്നാൻ 10:16) ഇവർ “ദൈവത്തിന്റെ യിസ്രായേലി”ൽപ്പെട്ട അഭിഷിക്ത അംഗങ്ങൾ ആയിരുന്നില്ല, പിന്നെയോ യഹോവയെ സ്നേഹിക്കുകയും അഭിഷിക്തരെ പോലെതന്നെ അവനെ സേവിക്കാൻ ആഗ്രഹിക്കുകയും ചെയ്ത ഭൗമിക പ്രത്യാശയുള്ള ആത്മാർഥരായ സ്ത്രീപുരുഷന്മാരായിരുന്നു. “വിശ്വസ്തനും വിവേകിയുമായ അടിമ”യോട് ഫലത്തിൽ അവർ ഇങ്ങനെ പറഞ്ഞു: “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു.” (സെഖര്യാവു 8:23) പുതുതായി സ്നാപനമേറ്റ ഈ ക്രിസ്ത്യാനികൾ വീട്ടിലുള്ളവരിൽപ്പെട്ട അഭിഷിക്തരോടൊപ്പം പോഷകസമൃദ്ധമായ ഒരേ ആത്മീയാഹാരം കഴിച്ചു. അങ്ങനെ, അന്നുമുതൽ രണ്ടു കൂട്ടവും ഈ ആത്മീയ മേശയിൽനിന്നു ഭക്ഷിച്ചിരിക്കുന്നു. “മഹാപുരുഷാര”ത്തിലെ അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് എത്ര വലിയ ഒരു അനുഗ്രഹം ആയിരുന്നിട്ടുണ്ട്!
20. കർത്താവിന്റെ സ്വത്തുക്കൾ വർധിപ്പിക്കുന്നതിൽ “മഹാപുരുഷാരം” എന്തു പങ്കു വഹിച്ചിരിക്കുന്നു?
20 “മഹാപുരുഷാര”ത്തിലെ അംഗങ്ങൾ സന്തോഷപൂർവം സുവാർത്ത പ്രസംഗകർ എന്ന നിലയിൽ അഭിഷിക്ത അടിമവർഗത്തോടു ചേർന്നിരിക്കുന്നു. അവരുടെ പ്രസംഗപ്രവർത്തനം മുന്നേറിയപ്പോൾ, “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ ഉത്തരവാദിത്വങ്ങൾ വർധിപ്പിച്ചുകൊണ്ട് യജമാനന്റെ ഭൗമിക സ്വത്തുക്കൾ പെരുകി. സത്യാന്വേഷകരുടെ എണ്ണം കൂടിയപ്പോൾ, ആവശ്യാനുസരണം ബൈബിൾ സാഹിത്യം പ്രദാനം ചെയ്യുന്നതിന് വിപുലമാക്കപ്പെട്ട അച്ചടി സൗകര്യങ്ങൾ അനിവാര്യമായി വന്നു. ഒന്നിനു പുറകേ ഒന്നായി അനേകം രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുകൾ സ്ഥാപിക്കപ്പെട്ടു. “ഭൂമിയുടെ അററത്തോളവും” മിഷനറിമാർ അയയ്ക്കപ്പെട്ടു. (പ്രവൃത്തികൾ 1:8) 1914-ലെ അയ്യായിരത്തോളം അഭിഷിക്തരിൽനിന്നും ദൈവത്തിന്റെ സ്തുതിപാഠകരുടെ എണ്ണം ഇന്ന് 60 ലക്ഷത്തിൽ അധികമായിത്തീർന്നിരിക്കുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും “മഹാപുരുഷാര”ത്തിൽ പെട്ടവരാണ്. അതേ, രാജാവിന്റെ 1914-ലെ സിംഹാസനാരോഹണത്തിനു ശേഷം അവന്റെ സ്വത്തുക്കൾ അനേക മടങ്ങ് വർധിച്ചിരിക്കുന്നു!
21. അടുത്ത അധ്യയനത്തിൽ ഏതു രണ്ട് ഉപമകൾ നാം പരിചിന്തിക്കും?
21 അടിമ “വിശ്വസ്തനും” അതേസമയംതന്നെ ‘വിവേകിയും’ ആയി പ്രവർത്തിച്ചിരിക്കുന്നു എന്ന് ഇതെല്ലാം തെളിയിക്കുന്നു. “വിശ്വസ്തനും വിവേകിയുമായ അടിമ”യെ കുറിച്ചു പ്രസ്താവിച്ച ശേഷം, ഉടനെതന്നെ ആ ഗുണങ്ങളെ എടുത്തുകാണിക്കുന്ന രണ്ട് ഉപമകൾ യേശു പറഞ്ഞു: വിവേകമതികളും ബുദ്ധിഹീനരുമായ കന്യകമാരുടെ ഉപമയും താലന്തുകളുടെ ഉപമയും. (മത്തായി 25:1-30) ഇതു നമ്മെ ആകാംക്ഷാഭരിതരാക്കുന്നു! ഈ ഉപമകൾക്ക് ഇന്ന് നമ്മെ സംബന്ധിച്ച് എന്ത് അർഥമാണുള്ളത്? അടുത്ത ലേഖനത്തിൽ നാം ഈ ചോദ്യം പരിചിന്തിക്കും.
നിങ്ങൾ എന്തു വിചാരിക്കുന്നു?
• “വിശ്വസ്തനും വിവേകിയുമായ അടിമ”യിൽ ആരാണ് ഉൾപ്പെടുന്നത്?
• “വീട്ടിലുള്ളവർ” ആരാണ്?
• കർത്താവിന്റെ സകല സ്വത്തുക്കളിന്മേലും വിശ്വസ്ത അടിമ നിയമിക്കപ്പെട്ടത് എപ്പോൾ, അത് ആ സമയത്തായിരുന്നത് എന്തുകൊണ്ട്?
• സമീപ ദശകങ്ങളിൽ കർത്താവിന്റെ സ്വത്തുക്കൾ വർധിപ്പിക്കുന്നതിൽ ആർ സഹായിച്ചിരിക്കുന്നു, എങ്ങനെ?
[10-ാം പേജിലെ ചിത്രങ്ങൾ]
ഒന്നാം നൂറ്റാണ്ടിലെ അടിമവർഗം അതിന്റെ നിയോഗം വിശ്വസ്തമായി നിറവേറ്റി