യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ഉപവാസത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നു
യേശു പൊതുയുഗം 30-ലെ പെസഹാ ആഘോഷിച്ചശേഷം ഏതാണ്ട് ഒരു വർഷം പിന്നിടുന്നു. പല മാസങ്ങളായി യോഹന്നാൻ സ്നാപകൻ തടവിലാണ്. തന്റെ ശിഷ്യൻമാർ യേശുവിന്റെ അനുഗാമികളായിത്തീരണമെന്ന് യോഹന്നാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും എല്ലാവരും അനുഗാമികളാകുന്നില്ല.
ഇപ്പോൾ തടവിലായിരിക്കുന്ന യോഹന്നാന്റെ ചില ശിഷ്യൻമാർ യേശുവിനെ സമീപിച്ച് ഇപ്രകാരം ചോദിക്കുന്നു: “ഞങ്ങളും പരീശൻമാരും ഉപവസിക്കുന്നു. എന്നാൽ നിന്റെ ശിഷ്യൻമാർ ഉപവസിക്കാത്തതെന്ത്?” പരീശൻമാർ ഒരു മതാനുഷ്ഠാനമെന്നനിലയിൽ ആഴ്ചയിൽ രണ്ട് പ്രാവശ്യം ഉപവസിക്കുന്നു. ഒരുപക്ഷേ യോഹന്നാന്റെ ശിഷ്യൻമാരും അതേ രീതി പിൻതുടരുന്നു. മാത്രമല്ല, അവർ യോഹന്നാന്റെ തടവിനെക്കുറിച്ച് വിലപിച്ചുകൊണ്ടും ഉപവസിക്കുന്നുണ്ടായിരിക്കാം. യേശുവിന്റെ ശിഷ്യൻമാർ ഈ വിലാപപ്രകടനത്തിൽ തങ്ങളോടൊത്തു ചേരാത്തതെന്തെന്നും അവർ അതിശയിക്കുന്നുണ്ടായിരിക്കാം.
ഉത്തരമായി യേശു വിശദീകരിക്കുന്നു: “മണവാളൻ കൂടെയുള്ളപ്പോൾ മണവാളന്റെ കൂട്ടുകാർക്ക് ദുഃഖിക്കാൻ കാരണമില്ല. ഉണ്ടോ? എന്നാൽ മണവാളൻ പിരിഞ്ഞുപോകേണ്ടനാൾ വരും, അന്ന് അവർ ഉപവസിക്കും.”
യോഹന്നാൻതന്നെ യേശുവിനെ മണവാളൻ എന്ന നിലയിൽ ചിത്രീകരിച്ചത് യോഹന്നാന്റെ ശിഷ്യൻമാർ ഓർക്കുന്നുണ്ടായിരിക്കണം. അതുകൊണ്ട് യേശു സന്നിഹിതനായിരിക്കുമ്പോൾ ഉപവസിക്കുന്നത് ഉചിതമാണെന്ന് യോഹന്നാൻ കരുതുകയില്ല, യേശുവിന്റെ ശിഷ്യൻമാരും അങ്ങനെ കണക്കാക്കുകയില്ല. പിന്നീട് അവൻ മരിക്കുമ്പോൾ അവന്റെ ശിഷ്യൻമാർ വിലപിക്കുകയും ഉപവസിക്കുകയും ചെയ്യുന്നു. എന്നാൽ അവൻ പുനരുത്ഥാനം പ്രാപിച്ച് സ്വർഗ്ഗത്തിലേക്ക് പോയിക്കഴിയുമ്പോൾ അവർക്ക് വിലാപോപവാസത്തിന് മററ് യാതൊരു കാരണവുമില്ല.
തുടർന്ന് യേശു പിൻവരുന്ന ദൃഷ്ടാന്തങ്ങൾ പറയുന്നു: “കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേർത്ത് തുന്നാറില്ല, കാരണം തുന്നിച്ചേർത്താൽ അതുകൊണ്ട് വസ്ത്രം കീറും. ആളുകൾ പുതുവീഞ്ഞ് പഴയ തുരുത്തിയിൽ പകരാറുമില്ല. പകർന്നാൽ തുരുത്തി പൊളിഞ്ഞ് വീഞ്ഞ് ഒഴുകിപ്പോകും. തുരുത്തിയും നശിച്ചുപോകും. എന്നാൽ ആളുകൾ പുതുവീഞ്ഞ് പുതിയ തുരുത്തിയിലേ പകർന്നു വെക്കയുള്ളു.” ഈ ദൃഷ്ടാന്തങ്ങൾക്ക് ഉപവാസവുമായി എന്തു ബന്ധമാണുള്ളത്?
തന്റെ അനുഗാമികൾ യഹൂദമതത്തിന്റെ ഉപവാസാനുഷ്ടാനം പോലുള്ള പഴയ ആചാരങ്ങൾ പിൻപററാൻ ആരും പ്രതീക്ഷിക്കേണ്ടതില്ല എന്ന് മനസ്സിലാക്കാൻ യേശു യോഹന്നാന്റെ ശിഷ്യൻമാരെ സഹായിക്കുകയായിരുന്നു. പരിത്യജിക്കാൻ പാകമായിരിക്കുന്ന യഹൂദവ്യവസ്ഥിതിയുടെ പഴയ ആരാധനാവിധികൾ നിലനിർത്തുന്നതിനോ അതിന് മോടി വരുത്തുന്നതിനോ വേണ്ടിയല്ല യേശു വന്നത്. മാനുഷ പാരമ്പര്യങ്ങളോട് ബന്ധപ്പെട്ടിരിക്കുന്ന യഹൂദവിധികളോട് ക്രിസ്ത്യാനിത്വം കൂട്ടുചേരുകയില്ല. അതെ, ക്രിസ്ത്യാനിത്വം ഒരു പഴയ വസ്ത്രത്തിലെ ഒരു പുതിയ തുണിക്കണ്ടമായിരിക്കയില്ല. അല്ലെങ്കിൽ, അത് ഒരു പഴയ തുരുത്തിയിലെ പുതുവീഞ്ഞ് ആയിരിക്കയുമില്ല. മത്തായി 9:14-17; മർക്കോസ് 2:18-22; ലൂക്കോസ് 5:33-39; യോഹന്നാൻ 3:27-29.
◆ ആര് ഉപവസിച്ചിരുന്നു, എന്തുദ്ദേശ്യത്തിൽ?
◆ യേശു തങ്ങളോടുകൂടെയുണ്ടായിരുന്നപ്പോൾ യേശുവിന്റെ ശിഷ്യൻമാർ ഉപവസിക്കാഞ്ഞതെന്തുകൊണ്ട്, അതിനുശേഷം ഉപവാസം പെട്ടെന്നുതന്നെ അപ്രത്യക്ഷപ്പെടാൻ കാരണമെന്ത്?
◆ യേശു ഏത് ദൃഷ്ടാന്തങ്ങൾ നൽകുന്നു, അവയുടെ അർത്ഥമെന്ത്? (w86 6/1)