അധ്യായം 125
യേശുവിനെ അന്നാസിന്റെ അടുത്തും പിന്നെ കയ്യഫയുടെ അടുത്തും കൊണ്ടുപോകുന്നു
മത്തായി 26:57-68; മർക്കോസ് 14:53-65; ലൂക്കോസ് 22:54, 63-65; യോഹന്നാൻ 18:13, 14, 19-24
മുൻ മഹാപുരോഹിതനായ അന്നാസിന്റെ അടുത്തേക്ക് യേശുവിനെ കൊണ്ടുപോകുന്നു
സൻഹെദ്രിന്റെ നിയമവിരുദ്ധമായ വിചാരണ
ഒരു കുറ്റവാളിയെപ്പോലെ യേശുവിനെ പിടിച്ച് അന്നാസിന്റെ അടുത്തേക്കു കൊണ്ടുപോകുന്നു. ചെറുപ്പത്തിൽ ദേവാലയത്തിൽവെച്ച് ഉപദേഷ്ടാക്കന്മാരെ യേശു വിസ്മയിപ്പിച്ചപ്പോൾ ഈ അന്നാസായിരുന്നു മഹാപുരോഹിതൻ. (ലൂക്കോസ് 2:42, 47) അന്നാസിന്റെ മക്കളിൽ ചിലർ പിന്നീട് മഹാപുരോഹിതന്മാരായി. ഇപ്പോൾ മരുമകനായ കയ്യഫയാണ് ആ സ്ഥാനത്ത്.
യേശു അന്നാസിന്റെ വീട്ടിലായിരുന്ന സമയത്തു കയ്യഫ സൻഹെദ്രിൻ വിളിച്ചുകൂട്ടുന്നു. 71 അംഗങ്ങളുള്ള ഈ കോടതിയിൽ മഹാപുരോഹിതനും മുമ്പ് ഈ സ്ഥാനം വഹിച്ചവരും ഉണ്ടായിരുന്നു.
അന്നാസ് “യേശുവിന്റെ ശിഷ്യന്മാരെപ്പറ്റിയും യേശു പഠിപ്പിച്ച കാര്യങ്ങളെപ്പറ്റിയും” യേശുവിനോടു ചോദിക്കുന്നു. യേശു അതിന് ഇങ്ങനെ മറുപടി പറയുന്നു: “ഞാൻ ലോകത്തോടു പരസ്യമായിട്ടാണു സംസാരിച്ചത്. ജൂതന്മാരെല്ലാം ഒരുമിച്ചുകൂടാറുള്ള സിനഗോഗിലും ദേവാലയത്തിലും ആണ് ഞാൻ പഠിപ്പിച്ചുപോന്നത്. ഞാൻ രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. പിന്നെ എന്തിനാണ് എന്നെ ചോദ്യം ചെയ്യുന്നത്? ഞാൻ സംസാരിച്ചതൊക്കെ കേട്ടിട്ടുള്ളവരോടു ചോദിച്ചുനോക്കൂ.”—യോഹന്നാൻ 18:19-21.
ഇതു കേട്ട് അരികെ നിന്നിരുന്ന ഭടന്മാരിൽ ഒരാൾ യേശുവിന്റെ മുഖത്ത് അടിച്ചിട്ട്, “ഇങ്ങനെയാണോ മുഖ്യപുരോഹിതനോട് ഉത്തരം പറയുന്നത് ” എന്നു ചോദിച്ചു. എന്നാൽ താൻ ചെയ്തതിൽ ഒരു തെറ്റും ഇല്ലെന്ന് ഉറപ്പുണ്ടായിരുന്ന യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ പറഞ്ഞതു തെറ്റാണെങ്കിൽ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കിൽ എന്നെ അടിക്കുന്നത് എന്തിനാണ്?” (യോഹന്നാൻ 18:22, 23) തുടർന്ന് അന്നാസ് യേശുവിനെ മരുമകനായ കയ്യഫയുടെ അടുത്തേക്ക് വിടുന്നു.
സൻഹെദ്രിൻ അംഗങ്ങളായ ഇപ്പോഴത്തെ മഹാപുരോഹിതൻ, മൂപ്പന്മാർ, ശാസ്ത്രിമാർ ഇവരെല്ലാം ഇപ്പോൾ കയ്യഫയുടെ വീട്ടിൽ കൂടിവന്നിരിക്കുന്നു. പെസഹാരാത്രി ഇതുപോലൊരു വിചാരണ ശരിക്കും നിയമവിരുദ്ധമാണ്. എങ്കിലും അതൊന്നും അവരുടെ ദുഷ്ടപദ്ധതി നടപ്പിലാക്കുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നില്ല.
അവിടെ കൂടിവന്നവർ ഒരു കാര്യം തീരുമാനിച്ച് ഉറച്ചുതന്നെയാണു വന്നിരിക്കുന്നത്, യേശുവിനെ കൊല്ലാൻ. യേശു ലാസറിനെ ഉയിർപ്പിച്ചപ്പോൾ സൻഹെദ്രിൻ ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു. (യോഹന്നാൻ 11:47-53) കൂടാതെ ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു മതാധികാരികൾ യേശുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയത്. (മത്തായി 26:3, 4) വിചാരണ തുടങ്ങുന്നതിനു മുമ്പേതന്നെ യേശുവിനെ വധിക്കാൻ അവർ തീരുമാനിച്ചിരുന്നു!
അന്യായമായി കൂടിവന്നതു കൂടാതെ മുഖ്യപുരോഹിതന്മാരും സൻഹെദ്രിനിലെ മറ്റ് അംഗങ്ങളും യേശുവിന് എതിരെ കള്ളസാക്ഷി പറയാൻ ആളെ അന്വേഷിച്ചുകൊണ്ടിരുന്നു. അവർ പലരെയും കണ്ടെത്തി, പക്ഷേ അവരുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ഒടുവിൽ രണ്ടു പേർ മുന്നോട്ടു വന്ന് ഇങ്ങനെ പറഞ്ഞു: “‘കൈകൊണ്ട് പണിത ഈ ദേവാലയം ഇടിച്ചുകളഞ്ഞ് കൈകൊണ്ടല്ലാതെ മറ്റൊന്നു മൂന്നു ദിവസത്തിനകം ഞാൻ പണിയും’ എന്ന് ഇവൻ പറയുന്നതു ഞങ്ങൾ കേട്ടു.” (മർക്കോസ് 14:58) എന്നാൽ ഇവരുടെ മൊഴികളിലും ചേർച്ചക്കുറവുണ്ടായിരുന്നു.
കയ്യഫ യേശുവിനോട് ഇങ്ങനെ ചോദിക്കുന്നു: “നിനക്കു മറുപടി ഒന്നും പറയാനില്ലേ? നിനക്ക് എതിരെയുള്ള ഇവരുടെ മൊഴി നീ കേൾക്കുന്നില്ലേ?” (മർക്കോസ് 14:60) സാക്ഷികളുടെ പരസ്പരവിരുദ്ധമായ കഥകളും വ്യാജാരോപണങ്ങളും കേട്ട് യേശു നിശ്ശബ്ദനായി നിന്നു. അതുകൊണ്ട് മഹാപുരോഹിതൻ കയ്യഫ ഇപ്പോൾ മറ്റൊരു തന്ത്രം പ്രയോഗിക്കുന്നു.
ആരെങ്കിലും താൻ ദൈവപുത്രനാണെന്ന് അവകാശപ്പെട്ടാൽ ജൂതന്മാർ പ്രകോപിതരാകുമെന്നു കയ്യഫയ്ക്ക് അറിയാം. മുമ്പൊരിക്കൽ യേശു ദൈവത്തെ തന്റെ പിതാവെന്ന് വിളിച്ചപ്പോൾ ജൂതന്മാർ യേശുവിനെ കൊല്ലാൻ ഒരുങ്ങിയതാണ്. കാരണം യേശു ‘തന്നെത്തന്നെ ദൈവതുല്യനാക്കുന്നെന്ന് ’ അവർ വിചാരിച്ചു. (യോഹന്നാൻ 5:17, 18; 10:31-39) ഇത് അറിയാവുന്ന കയ്യഫ വളരെ വിദഗ്ധമായി യേശുവിനോട് ഇങ്ങനെ ചോദിക്കുന്നു: “നീ ദൈവപുത്രനായ ക്രിസ്തുവാണോ എന്നു ജീവനുള്ള ദൈവത്തെച്ചൊല്ലി ഞങ്ങളോട് ആണയിട്ട് പറയാൻ ഞാൻ നിന്നോട് ആവശ്യപ്പെടുകയാണ്.” (മത്തായി 26:63) താൻ ദൈവപുത്രനാണെന്ന കാര്യം യേശു ഇതിനു മുമ്പ് പറഞ്ഞിട്ടുണ്ട്. (യോഹന്നാൻ 3:18; 5:25; 11:4) പക്ഷേ ഇപ്പോൾ യേശു അങ്ങനെ പറയാൻ വിസമ്മതിച്ചാൽ താൻ ദൈവപുത്രനും ക്രിസ്തുവും ആണെന്ന കാര്യം യേശുതന്നെ നിഷേധിക്കുകയായിരിക്കും. അതുകൊണ്ട് യേശു പറയുന്നു: “അതെ. മനുഷ്യപുത്രൻ ശക്തനായവന്റെ വലതുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും.”—മർക്കോസ് 14:62.
ഇതു കേട്ടപ്പോൾ കയ്യഫ തന്റെ പുറങ്കുപ്പായം കീറിക്കൊണ്ട് പറഞ്ഞു: “ഇവൻ ഈ പറഞ്ഞതു ദൈവനിന്ദയാണ്! ഇനി എന്തിനാണു വേറെ സാക്ഷികൾ? നിങ്ങൾ ഇപ്പോൾ ദൈവനിന്ദ നേരിട്ട് കേട്ടല്ലോ. നിങ്ങൾക്ക് എന്തു തോന്നുന്നു?” സൻഹെദ്രിൻ ഇപ്പോൾ അന്യായമായി ഇങ്ങനെ വിധിക്കുന്നു: “ഇവൻ മരിക്കണം.”—മത്തായി 26:65, 66.
തുടർന്ന് അവർ യേശുവിനെ കളിയാക്കാനും കൈ ചുരുട്ടി ഇടിക്കാനും തുടങ്ങി. മറ്റുള്ളവർ യേശുവിന്റെ മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്തു. പിന്നെ അവർ യേശുവിന്റെ മുഖം മൂടിയിട്ട്, പരിഹാസത്തോടെ ഇങ്ങനെ പറയുന്നു: “നിന്നെ അടിച്ചത് ആരാണെന്നു പ്രവചിക്ക്.” (ലൂക്കോസ് 22:64) അങ്ങനെ അന്നു രാത്രി നടന്ന ആ അന്യായമായ വിചാരണയിൽ ദൈവത്തിന്റെ പുത്രൻ മോശമായ പെരുമാറ്റത്തിന് ഇരയാകുന്നു!