യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ശബത്തിൽ വിഹിതമായിരിക്കുന്നതെന്ത്?
മറെറാരു ശബത്തിൽ യേശു ഗലീലക്കടലിനടുത്തുള്ള ഒരു സിന്നഗോഗ് സന്ദർശിക്കുന്നു. വരണ്ട കൈയുള്ള ഒരു മനുഷ്യൻ അവിടെയുണ്ട്. യേശു അവനെ സുഖപ്പെടുത്തുമോ എന്നറിയാൻ ശാസ്ത്രിമാരും പരീശൻമാരും അടുത്ത് നിരീക്ഷിക്കുന്നു. അന്തിമമായി അവർ ചോദിക്കുന്നു: “ശബത്തിൽ സൗഖ്യമാക്കുന്നത് വിഹിതമോ?”
ജീവൻ അപകടത്തിലാണെങ്കിൽ മാത്രം ശബത്തിൽ സുഖപ്പെടുത്തുന്നത് വിഹിതമാണെന്ന് യഹൂദമതനേതാക്കൾ വിശ്വസിക്കുന്നു. ഉദാഹരണത്തിന്, ശബത്തുദിവസം ഉളുക്ക് വച്ചുകെട്ടുന്നതോ അസ്ഥിപിടിച്ചിടുന്നതോ വിഹിതമല്ലെന്ന് അവർ പഠിപ്പിക്കുന്നു. അതുകൊണ്ട് യേശുവിൽ കുററമാരോപിക്കുന്നതിനുവേണ്ടി ശാസ്ത്രിമാരും പരീശൻമാരും അവനെ ചോദ്യം ചെയ്യുന്നു.
എന്നാൽ യേശുവിന് അവരുടെ ന്യായങ്ങൾ അറിയാം. അതേസമയം, വേലയെ തടയുന്ന ശബത്തു വ്യവസ്ഥയുടെ ലംഘനത്തിൽ ഉൾപ്പെടുന്നവ സംബന്ധിച്ച് അവർ അതിരുകടന്ന തിരുവെഴുത്തു വിരുദ്ധമായ ഒരു വീക്ഷണം കൈക്കൊണ്ടിട്ടുണ്ടെന്നും അവനറിയാം. അതുകൊണ്ട് വരണ്ട കൈയുള്ള മനുഷ്യനോട് ഇപ്രകാരം പറഞ്ഞുകൊണ്ട് യേശു നാടകീയമായ ഒരു ഏററുമുട്ടലിനുള്ള കളമൊരുക്കുന്നു: “എഴുന്നേററ് നടുവിലേക്ക് വരിക.”
ഇപ്പോൾ ശാസ്ത്രിമാരിലേക്കും പരീശൻമാരിലേക്കും തിരിഞ്ഞ് യേശു ഇപ്രകാരം പറയുന്നു: “നിങ്ങളിൽ ഒരുത്തന് ഒരാടുണ്ടെങ്കിൽ അത് ശബത്തിൽ ഒരു കുഴിയിൽ വീണാൽ അതിനെ പിടിച്ചു കയററാത്തവൻ ആരുള്ളു?” ആട് ഒരു സമ്പാദ്യമായിരിക്കുന്നതിനാൽ അവർ അതിനെ പിറേറദിവസം വരെ കുഴിയിൽ ഇട്ടേക്കുകയില്ല. അല്ലെങ്കിൽ, ഒരുപക്ഷേ അതിന് രോഗം പിടിച്ച് അതിന്റെ വില കുറഞ്ഞേക്കാം. മാത്രമല്ല തിരുവെഴുത്തുകൾ ഇപ്രകാരം പറയുന്നു: “നീതിമാൻ തന്റെ വീട്ടുമൃഗത്തിന്റെ ജീവനെ കാക്കുന്നു.”
ഒരു സാമ്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് യേശു തുടരുന്നു: “ഒരു മനുഷ്യൻ ഒരാടിനെക്കാൾ എത്രയോ വിശേഷതയുള്ളവൻ എന്ന് എല്ലാവരും ഗണിക്കുന്നു.’ ആകയാൽ ശബത്തിൽ നൻമ ചെയ്യുന്നത് വിഹിതം.” അത്തരം കരുണാദ്രമായ ന്യായവാദങ്ങളെ ഖണ്ഡിക്കാൻ കഴിയാത്തതിനാൽ മതനേതാക്കൾ മിണ്ടാതിരിക്കുന്നു.
അവരുടെ വിട്ടുമാറാത്ത ഭോഷത്ത്വം നിമിത്തം യേശു രോഷത്തോടും ദുഃഖത്തോടും ചുററും നോക്കുന്നു. അതിനുശേഷം അവൻ ആ മനുഷ്യനോട് ഇപ്രകാരം പറയുന്നു: “നിന്റെ കൈ നീട്ടുക.” അവൻ കൈ നീട്ടി, അവന്റെ കൈ സൗഖ്യമായി.
ആ മമനുഷ്യന്റെ കൈ സൗഖ്യമായതിൽ സന്തോഷിക്കാതെ, പരീശൻമാർ യേശുവിനെ നശിപ്പിക്കുന്നതിനുവേണ്ടി ഹേരോദിന്റെ പാർട്ടിക്കാരുമായി ആലോചന കഴിക്കാൻ പുറപ്പെട്ടുപോയി. ഈ രാഷ്ട്രീയ പാർട്ടിയിൽ സ്പഷ്ടമായും സദൂക്യ മതാംഗങ്ങളും ഉൾപ്പെടുന്നു. സാധാരണയായി, ഈ രാഷ്ട്രീയ പാർട്ടിയും പരീശൻമാരും പരസ്പരം പരസ്യമായി എതിർക്കുന്നവരാണ്. എന്നാൽ യേശുവിനെ എതിർക്കുന്നതിൽ അവർ തികച്ചും ഐക്യത്തിലാണ്. മത്തായി 12:9-14; മർക്കോസ് 3:1-6; ലൂക്കോസ് 6:6-11; സദൃശവാക്യങ്ങൾ 12:10; പുറപ്പാട് 20:8-10.
◆ യേശുവും യഹൂദ മതനേതാക്കളും തമ്മിലുള്ള നാടകീയമായ ഏററുമുട്ടലിനുള്ള പശ്ചാത്തലമെന്ത്?
◆ ശബത്തിൽ സൗഖ്യമാക്കുന്നതു സംബന്ധിച്ച യഹൂദ വിശ്വാസമെന്തായിരുന്നു?
◆ അവരുടെ തെററായ വീക്ഷണങ്ങളെ ഖണ്ഡിക്കാൻ യേശു ഏത് ദൃഷ്ടാന്തം ഉപയോഗിച്ചു? (w86 8/1)