അധ്യായം 32
ശബത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ എന്താണ്?
മത്തായി 12:9-14; മർക്കോസ് 3:1-6; ലൂക്കോസ് 6:6-11
ശബത്തിൽ ഒരാളുടെ കൈ സുഖപ്പെടുത്തുന്നു
മറ്റൊരു ശബത്ത്. യേശു ഒരു സിനഗോഗിൽ ചെല്ലുന്നു. സാധ്യതയനുസരിച്ച് ഗലീലയിലാണ് ഇത്. അവിടെ വലതുകൈ ശോഷിച്ച ഒരാളെ കാണുന്നു. (ലൂക്കോസ് 6:6) ശാസ്ത്രിമാരും പരീശന്മാരും യേശുവിനെ അടുത്തു നിരീക്ഷിക്കുകയാണ്. എന്താണ് അവരുടെ ഉദ്ദേശ്യം? അവരുടെ ചോദ്യം അതു വെളിപ്പെടുത്തുന്നു: “ശബത്തിൽ സുഖപ്പെടുത്തുന്നതു ശരിയാണോ?”—മത്തായി 12:10.
ജീവൻ അപകടത്തിലാണെങ്കിൽ മാത്രമേ ശബത്തിൽ സുഖപ്പെടുത്താവൂ എന്നാണു ജൂതമതനേതാക്കന്മാരുടെ പക്ഷം. അതുകൊണ്ടുതന്നെ അവരുടെ നോട്ടത്തിൽ ശബത്തുദിവസം ഒരാളുടെ അസ്ഥിയോ ഉളുക്കോ വെച്ചുകെട്ടുന്നത് ശരിയല്ല, കാരണം അതിന്റെ പേരിൽ ആരുടെയും ജീവനൊന്നും അപകടത്തിലല്ലല്ലോ. ശബത്തിൽ ഒരാളെ സുഖപ്പെടുത്താമോ എന്നു ശാസ്ത്രിമാരും പരീശന്മാരും യേശുവിനോട് ചോദിക്കുന്നത് ഈ പാവത്തിന്റെ വേദനയിൽ വിഷമം തോന്നിയിട്ടൊന്നുമല്ല. എങ്ങനെയും യേശുവിൽ കുറ്റം കണ്ടെത്താൻ നോക്കുകയാണ് അവർ.
അവരുടെ ഈ ന്യായവാദം ഒട്ടും ശരിയല്ലെന്ന് യേശുവിന് അറിയാം. ശബത്തിൽ ജോലി ചെയ്യുന്നതിന് എതിരെയുള്ള നിയമത്തെക്കുറിച്ച് തിരുവെഴുത്തുവിരുദ്ധമായ അതിരുകടന്ന ഒരു വീക്ഷണമാണ് അവർക്കുള്ളത് എന്നു യേശു തിരിച്ചറിയുന്നു. (പുറപ്പാട് 20:8-10) യേശു ചെയ്ത നല്ല പ്രവൃത്തികൾ കണ്ടിട്ട് മുമ്പും ആളുകൾ ഇത്തരത്തിൽ അനാവശ്യമായി വിമർശിച്ചിട്ടുണ്ട്. യേശു ഇപ്പോൾ നാടകീയമായ ഒരു ഏറ്റുമുട്ടലിനു കളമൊരുക്കുന്നു. അതിനുവേണ്ടി ശോഷിച്ച കൈയുള്ള ഈ വ്യക്തിയോട് “എഴുന്നേറ്റ് ഇവിടെ നടുക്കു വന്ന് നിൽക്കുക” എന്നു പറയുന്നു.—മർക്കോസ് 3:3.
എന്നിട്ട് ശാസ്ത്രിമാരോടും പരീശന്മാരോടും ആയി യേശു പറയുന്നു: “നിങ്ങളുടെ ആടു ശബത്തുദിവസം കുഴിയിൽ വീണാൽ നിങ്ങൾ അതിനെ പിടിച്ചുകയറ്റാതിരിക്കുമോ?” (മത്തായി 12:11) ആട് അവരുടെ സമ്പാദ്യമാണ്. അതുകൊണ്ട് പിറ്റേ ദിവസംവരെ അവർ അതിനെ കുഴിയിൽ വിട്ടേക്കില്ല. അത് അവിടെ കിടന്ന് ചത്തുപോയാൽ വലിയ നഷ്ടമല്ലേ? മാത്രമല്ല, “നീതിമാൻ തന്റെ വളർത്തുമൃഗങ്ങളെ നന്നായി നോക്കുന്നു” എന്നും തിരുവെഴുത്തുകൾ പറയുന്നുണ്ടല്ലോ.—സുഭാഷിതങ്ങൾ 12:10.
ഇതിന് ഒരു സമാന്തരത ചൂണ്ടിക്കാണിച്ചുകൊണ്ട് യേശു പറയുന്നു: “ഒരു ആടിനെക്കാൾ എത്രയോ വിലപ്പെട്ടതാണ് ഒരു മനുഷ്യൻ! അതുകൊണ്ട് ശബത്തിൽ ഒരു നല്ല കാര്യം ചെയ്യുന്നതു ശരിയാണ്.” (മത്തായി 12:12) ആ സ്ഥിതിക്ക് ഈ മനുഷ്യനെ സുഖപ്പെടുത്തുമ്പോൾ യേശു ശബത്തുനിയമം ലംഘിക്കുകയല്ല. അനുകമ്പയോടെയുള്ള യുക്തിസഹമായ ആ ന്യായവാദത്തിന് എതിരെ ഒന്നും പറയാൻ ആ മതനേതാക്കന്മാർക്കു കഴിയുന്നില്ല. അവർ വെറുതേ മിണ്ടാതിരുന്നു.
അവരുടെ തെറ്റായ ചിന്താഗതിയിൽ അമർഷവും സങ്കടവും തോന്നിയ യേശു ചുറ്റും നോക്കുന്നു. എന്നിട്ട് ആ മനുഷ്യനോട് “കൈ നീട്ടൂ” എന്നു പറയുന്നു. (മത്തായി 12:13) അയാൾ ശോഷിച്ച കൈ നീട്ടുമ്പോൾ യേശു അതു സുഖപ്പെടുത്തുന്നു. ആ മനുഷ്യനു വലിയ സന്തോഷമായി. പക്ഷേ, യേശുവിനെ കുടുക്കാൻ നോക്കുന്നവർക്കോ?
ആ മനുഷ്യന്റെ കൈ സുഖപ്പെട്ടതിൽ സന്തോഷിക്കുന്നതിനു പകരം പരീശന്മാർ ഉടനെ അവിടെനിന്ന് ഇറങ്ങി “യേശുവിനെ കൊല്ലാൻ ഹെരോദിന്റെ അനുയായികളുമായി” കൂടിയാലോചിക്കുന്നു. (മർക്കോസ് 3:6) തെളിവനുസരിച്ച് സദൂക്യർ എന്ന മതവിഭാഗത്തിലെ അംഗങ്ങളും ഈ രാഷ്ട്രീയ പാർട്ടിയിലുണ്ട്. സാധാരണഗതിയിൽ സദൂക്യരും പരീശന്മാരും തമ്മിൽ അടിയാണ്. എന്നാൽ ഇപ്പോൾ യേശുവിനെ എതിർക്കുന്ന കാര്യത്തിൽ അവർ ശരിക്കും ഒറ്റക്കെട്ടാണ്.