അധ്യായം 93
മനുഷ്യപുത്രൻ വെളിപ്പെടും
ദൈവരാജ്യം അവരുടെ ഇടയിൽത്തന്നെയുണ്ട്
യേശു വെളിപ്പെടുമ്പോൾ എന്തു സംഭവിക്കും?
യേശു ഇപ്പോഴും ശമര്യയിലോ ഗലീലയിലോ ആണ്. ദൈവരാജ്യം എപ്പോഴാണ് വരുന്നതെന്നു പരീശന്മാർ യേശുവിനോടു ചോദിക്കുന്നു. ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ ദൈവരാജ്യം വരുമെന്നാണ് അവർ ചിന്തിക്കുന്നത്. എന്നാൽ യേശു പറഞ്ഞു: “വളരെ പ്രകടമായ വിധത്തിലല്ല ദൈവരാജ്യം വരുന്നത്. ‘ഇതാ ഇവിടെ’ എന്നോ ‘അതാ അവിടെ’ എന്നോ ആളുകൾ പറയുകയുമില്ല. ശരിക്കും, ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട്.”—ലൂക്കോസ് 17:20, 21.
ദൈവദാസരുടെ ഹൃദയത്തിലെ ഒരു അവസ്ഥയാണ് ദൈവരാജ്യം എന്നാണു യേശു പറഞ്ഞതിന്റെ അർഥം എന്നു ചിലർ വിചാരിച്ചേക്കാം. എന്നാൽ അതു ശരിയല്ല. ഈ പരീശന്മാരുടെ ഹൃദയങ്ങളിൽ ദൈവരാജ്യം ഉണ്ടെന്നു പറയാൻ കഴിയില്ലല്ലോ. അങ്ങനെയെങ്കിൽ ദൈവരാജ്യം അവരുടെ ഇടയിൽത്തന്നെയുണ്ട് എന്നു പറഞ്ഞതിന്റെ അർഥം എന്താണ്? ദൈവരാജ്യത്തിന്റെ നിയമിതരാജാവായ യേശു അവരുടെ ഇടയിലുണ്ട് എന്ന അർഥത്തിലാണ് അങ്ങനെ പറഞ്ഞത്.—മത്തായി 21:5.
ദൈവരാജ്യത്തിന്റെ വരവിനെക്കുറിച്ചു കൂടുതലായ വിശദീകരണങ്ങൾ യേശു തന്റെ ശിഷ്യന്മാർക്കു നൽകുന്നു. സാധ്യതയനുസരിച്ച് പരീശന്മാർ പോയതിനു ശേഷമായിരിക്കാം യേശു ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ദൈവരാജ്യത്തിന്റെ രാജാവായി താൻ ഭരിക്കുന്ന കാലത്തെക്കുറിച്ചു പറഞ്ഞപ്പോൾ യേശു ഇങ്ങനെ മുന്നറിയിപ്പു നൽകി: “നിങ്ങൾ മനുഷ്യപുത്രന്റെ നാളുകളിലൊന്നെങ്കിലും കാണാൻ കൊതിക്കുന്ന കാലം വരും. എന്നാൽ കാണില്ല.” (ലൂക്കോസ് 17:22) ദൈവരാജ്യത്തിന്റെ രാജാവായി മനുഷ്യപുത്രൻ ഭരിക്കുന്നതു ഭാവിയിലായിരിക്കും എന്നാണു യേശു സൂചിപ്പിച്ചത്. ആ ഭരണം തുടങ്ങുന്നതിനു മുമ്പേ ചില ശിഷ്യന്മാർ അക്ഷമയോടെ അത് എന്നാണ് തുടങ്ങുന്നതെന്ന് അറിയാൻ ആഗ്രഹിച്ചേക്കാം. എന്നാൽ മനുഷ്യപുത്രൻ വരുന്നതിനു ദൈവം നിയമിച്ചിരിക്കുന്ന സമയംവരെ അവർ കാത്തിരുന്നേ മതിയാകൂ.
യേശു തുടരുന്നു: “മനുഷ്യർ നിങ്ങളോട്, ‘അതാ അവിടെ,’ ‘ഇതാ ഇവിടെ’ എന്നെല്ലാം പറയും. പക്ഷേ നിങ്ങൾ ചാടിപ്പുറപ്പെടരുത്. അവരുടെ പിന്നാലെ പോകുകയുമരുത്. കാരണം ആകാശത്തിന്റെ ഒരു അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു പായുന്ന മിന്നൽ പ്രകാശിക്കുന്നതുപോലെയായിരിക്കും തന്റെ നാളിൽ മനുഷ്യപുത്രനും.” (ലൂക്കോസ് 17:23, 24) ഇത്തരത്തിലുള്ളവരുടെ പുറകേ പോയി യേശുവിന്റെ ശിഷ്യന്മാർ വഞ്ചിതരാകാതിരിക്കാൻ എങ്ങനെ കഴിയുമായിരുന്നു? ഒരു അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു പായുന്ന മിന്നൽപോലെ അത്ര വ്യക്തമായിരിക്കും യഥാർഥ മിശിഹയുടെ വരവ്. രാജ്യാധികാരത്തിൽ വരുന്ന യേശുവിന്റെ സാന്നിധ്യത്തിന്റെ തെളിവു നന്നായി നിരീക്ഷിക്കുന്നവർക്കൊക്കെ ഒരു സംശയവുമില്ലാതെ അതു മനസ്സിലാകും.
ഭാവിയിൽ യേശുവിന്റെ സാന്നിധ്യകാലത്ത് ആളുകളുടെ മനോഭാവം എന്തായിരിക്കുമെന്നു കാണിക്കാൻ യേശു പുരാതനകാലത്തെ ചില സംഭവങ്ങളെ തന്റെ സാന്നിധ്യകാലവുമായി താരതമ്യം ചെയ്യുന്നു. “നോഹയുടെ നാളുകളിൽ സംഭവിച്ചതുപോലെതന്നെ മനുഷ്യപുത്രന്റെ നാളുകളിലും സംഭവിക്കും. . . . ലോത്തിന്റെ നാളിലും അങ്ങനെതന്നെ സംഭവിച്ചു: അവർ തിന്നും കുടിച്ചും, വാങ്ങിയും വിറ്റും, നട്ടും പണിതും പോന്നു. എന്നാൽ ലോത്ത് സൊദോം വിട്ട ദിവസം ആകാശത്തുനിന്ന് തീയും ഗന്ധകവും പെയ്ത് എല്ലാവരെയും കൊന്നുകളഞ്ഞു. മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിലും അങ്ങനെതന്നെയായിരിക്കും.”—ലൂക്കോസ് 17:26-30.
നോഹയുടെ കാലത്തെയും ലോത്തിന്റെ കാലത്തെയും ആളുകളെ ദൈവം ഇല്ലാതാക്കിയത് അവർ തിന്നും കുടിച്ചും, വാങ്ങിയും വിറ്റും, നട്ടും പണിതും പോന്നതുകൊണ്ടാണെന്നല്ല യേശു പറഞ്ഞത്. കാരണം നോഹയുടെയും ലോത്തിന്റെയും കുടുംബങ്ങൾ അതിൽ ചിലതെങ്കിലും ചെയ്തിരുന്നു എന്നതിനു സംശയമില്ല. എന്നാൽ അന്നത്തെ ആളുകൾ ദൈവത്തിന്റെ ഇഷ്ടത്തിനു ശ്രദ്ധ കൊടുക്കുകയോ അവർ ജീവിക്കുന്ന സമയത്തെക്കുറിച്ചു ചിന്തിക്കുകയോ ചെയ്തില്ല. പകരം അവർ മറ്റു കാര്യങ്ങളിൽ മുഴുകിയിരുന്നു. അതുകൊണ്ടാണ് ദൈവത്തിന്റെ ഇഷ്ടം മനസ്സിലാക്കി സജീവമായി പ്രവർത്തിക്കാൻ യേശു തന്റെ ശിഷ്യന്മാരെ ഉപദേശിച്ചത്. ഭാവിയിൽ ദൈവം വ്യവസ്ഥിതിക്കു നാശം വരുത്തുമ്പോൾ രക്ഷപ്പെടാനുള്ള വഴി യേശു അവർക്കു കാണിച്ചുകൊടുക്കുകയായിരുന്നു.
ലോകത്തിലുള്ള വസ്തുവകകൾ അഥവാ “സാധനങ്ങൾ” ശിഷ്യന്മാരുടെ ശ്രദ്ധ പതറിപ്പിക്കരുതായിരുന്നു. യേശു പറയുന്നു: “അന്നു പുരമുകളിൽ നിൽക്കുന്നവൻ തന്റെ സാധനങ്ങൾ വീട്ടിനുള്ളിലാണെങ്കിലും എടുക്കാൻ താഴെ ഇറങ്ങരുത്. വയലിലായിരിക്കുന്നവനും സാധനങ്ങൾ എടുക്കാൻ വീട്ടിലേക്കു തിരിച്ചുപോകരുത്. ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക.” (ലൂക്കോസ് 17:31, 32) കാരണം ലോത്തിന്റെ ഭാര്യ ഉപ്പുതൂണായിത്തീർന്നല്ലോ.
മനുഷ്യപുത്രൻ രാജാവായി വാഴുമ്പോഴുള്ള അവസ്ഥയെക്കുറിച്ച് യേശു തുടർന്ന് ഇങ്ങനെ പറയുന്നു: “ആ രാത്രിയിൽ രണ്ടു പേർ ഒരു കിടക്കയിലായിരിക്കും. ഒരാളെ കൂട്ടിക്കൊണ്ടുപോകും, മറ്റേയാളെ ഉപേക്ഷിക്കും.” (ലൂക്കോസ് 17:34) ചിലർ രക്ഷപ്പെടും. എന്നാൽ ചിലരെ ഉപേക്ഷിക്കും, അവർക്ക് അവരുടെ ജീവൻ നഷ്ടമാകും.
ശിഷ്യന്മാർ യേശുവിനോടു “കർത്താവേ, എവിടെ” എന്നു ചോദിച്ചു. യേശു അവരോട് “ശവമുള്ളിടത്ത് കഴുകന്മാർ കൂടും” എന്നു പറഞ്ഞു. (ലൂക്കോസ് 17:37) ചില ശിഷ്യന്മാർ, ദീർഘദൃഷ്ടിയുള്ള കഴുകന്മാരെപ്പോലെയായിരിക്കും. ഇവർ മനുഷ്യപുത്രനായ യഥാർഥക്രിസ്തുവിനെ തിരിച്ചറിഞ്ഞ് യേശുവിനോടൊപ്പം കൂടും. ആ സമയത്ത്, വിശ്വാസമുള്ള ശിഷ്യന്മാർക്കു ജീവൻ നേടാൻ സഹായിക്കുന്ന സത്യം യേശു നൽകും.