അധ്യായം പതിനെട്ട്
അവൾ ‘എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു’
1, 2. മറിയയുടെ യാത്ര വിവരിക്കുക, അത് അവൾക്ക് അത്ര സുഖകരമല്ലാത്തത് എന്തുകൊണ്ട്?
ആ കൊച്ചുകഴുതപ്പുറത്ത് മറിയ ഒന്നിളകിയിരുന്നു. നിറവയറുമായി ഇരിക്കാൻ അവൾ പാടുപെടുന്നുണ്ട്. മണിക്കൂറുകളായുള്ള യാത്രയാണല്ലോ! അല്പം മുന്നിലായി യോസേഫ് കഴുതയെ തെളിച്ച് നടക്കുന്നുണ്ട്. അങ്ങുദൂരെയുള്ള ബേത്ത്ലെഹെമാണ് അവരുടെ ലക്ഷ്യം. ഇനിയും കുറെ ദൂരം പോകാനുണ്ട്. തന്റെ ഉള്ളിലെ കുരുന്നുജീവൻ തുടിക്കുന്നത് വീണ്ടും അവൾ അറിഞ്ഞു.
2 മറിയയ്ക്ക് ഏതാണ്ട് മാസം തികയാറായി. ഈ യാത്രയെക്കുറിച്ചുള്ള വിവരണം പറയുന്നത് അവൾ ആ സമയത്ത് “പൂർണഗർഭിണിയായിരു”ന്നെന്നാണ്. (ലൂക്കോ. 2:5) വയലേലകൾ കടന്ന് അവർ അങ്ങനെ പോകുകയാണ്. വയലുകളിൽ നിലം ഉഴുകയും വിത്ത് വിതയ്ക്കുകയും ഒക്കെ ചെയ്തിരുന്ന കർഷകരിൽ ചിലർ തല പൊക്കി, അവരുടെ ആ പോക്ക് കണ്ട് അത്ഭുതപ്പെട്ടു നിന്നിട്ടുണ്ടാകും! ഈ അവസ്ഥയിലുള്ള ഒരു സ്ത്രീ എന്തിനാണ് ഇങ്ങനെയൊരു യാത്ര പോകുന്നതെന്നായിരിക്കാം അവർ ചിന്തിക്കുന്നത്. നസറെത്തിലെ തന്റെ വീട്ടിൽനിന്ന് അവൾ ഇത്ര ദൂരം പോകാനുള്ള കാരണം എന്താണ്?
3. മറിയയ്ക്ക് ലഭിച്ച നിയമനം എന്താണ്, നമ്മൾ അവളെക്കുറിച്ച് എന്താണ് പഠിക്കാൻപോകുന്നത്?
3 ഏതാനും മാസങ്ങൾക്കു മുമ്പാണ് സംഭവങ്ങളുടെ തുടക്കം. ഈ യഹൂദയുവതിക്ക് ഒരു പ്രത്യേകനിയമനം ലഭിച്ചു. മനുഷ്യചരിത്രത്തിലെ അത്യപൂർവമായ ഒരു നിയമനം! മിശിഹായായിത്തീരാനുള്ള ശിശുവിന് അവൾ ജന്മം നൽകണം! ആ ശിശു മറ്റാരുമല്ല, ദൈവത്തിന്റെ പുത്രനാണ്! (ലൂക്കോ. 1:35) പ്രസവം അടുത്തിരിക്കെയാണ് ഇങ്ങനെയൊരു യാത്ര വേണ്ടിവന്നത്. ഈ യാത്രയിൽ മറിയയ്ക്ക് അവളുടെ വിശ്വാസം പരിശോധിക്കപ്പെടുന്ന പല വിഷമസാഹചര്യങ്ങളുമുണ്ടായി. വിശ്വാസം ശക്തിപ്പെടുത്തി നിറുത്താൻ അവളെ സഹായിച്ചത് എന്താണ്? നമുക്ക് നോക്കാം.
ബേത്ത്ലെഹെമിലേക്കുള്ള യാത്ര
4, 5. (എ) യോസേഫും മറിയയും എന്തുകൊണ്ടാണ് ബേത്ത്ലെഹെമിലേക്ക് പോയത്? (ബി) കൈസരിന്റെ കല്പന ഏതു പ്രവചനം സത്യമായി ഭവിക്കാൻ ഇടയാക്കി?
4 ബേത്ത്ലെഹെമിലേക്കു പോകുന്നവരായി ആ സമയത്ത് യോസേഫിനെയും മറിയയെയും കൂടാതെ മറ്റ് പലരുമുണ്ടായിരുന്നു. ദേശവാസികളെല്ലാം അവരവരുടെ ജന്മസ്ഥലങ്ങളിൽ പോയി പേരു ചാർത്തണമെന്ന് ഔഗുസ്തൊസ് കൈസർ ആയിടെ ഒരു കല്പന പുറപ്പെടുവിച്ചിരുന്നു. ഇത് അറിഞ്ഞ യോസേഫ് എന്തു ചെയ്തു? വിവരണം പറയുന്നു: “അങ്ങനെ യോസേഫും, ദാവീദിന്റെ ഗൃഹത്തിലും കുടുംബത്തിലും ഉള്ളവൻ ആയിരുന്നതുകൊണ്ട് പേരുചാർത്തേണ്ടതിന് ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിൽനിന്ന് യെഹൂദ്യയിലെ, ദാവീദിന്റെ പട്ടണമായ ബേത്ത്ലെഹെമിലേക്കു പോയി.”—ലൂക്കോ. 2:1-5.
5 കൈസർ ഈ സമയത്ത് ഇങ്ങനെയൊരു കല്പന പുറപ്പെടുവിച്ചത് വെറും യാദൃച്ഛികമായിരുന്നില്ല. മിശിഹാ ബേത്ത്ലെഹെമിൽ ജനിക്കുമെന്ന് ഏകദേശം 700 വർഷം മുമ്പ് ഒരു പ്രവചനം മുൻകൂട്ടിപ്പറഞ്ഞിരുന്നു. നസറെത്തിൽനിന്ന് 11 കിലോമീറ്റർ അകലെ ബേത്ത്ലെഹെം എന്നൊരു പട്ടണമുണ്ടായിരുന്നു. എന്നാൽ മിശിഹാ ജനിക്കുന്ന പട്ടണം ‘ബേത്ത്ലെഹെം എഫ്രാത്ത’ ആയിരിക്കുമെന്ന് പ്രവചനം എടുത്തുപറഞ്ഞു. (മീഖാ 5:2 വായിക്കുക.) നസറെത്തിൽനിന്ന് ഈ കൊച്ചുപട്ടണത്തിലേക്കാണ് അവർക്ക് പോകേണ്ടിയിരുന്നത്. അവിടെ എത്തിച്ചേരുന്നതിന് ശമര്യ വഴിയുള്ള മലമ്പാതയിലൂടെ ഏകദേശം 130 കിലോമീറ്റർ യാത്ര ചെയ്യേണ്ടിയിരുന്നു. ഈ ബേത്ത്ലെഹെമിലായിരുന്നു ദാവീദ് രാജാവിന്റെ പിതൃഭവനം. യോസേഫും ഭാര്യ മറിയയും ദാവീദിന്റെ കുടുംബക്കാരായതുകൊണ്ടാണ് അവർക്ക് അങ്ങോട്ട് പോകേണ്ടിവരുന്നത്.
6, 7. (എ) ബേത്ത്ലെഹെമിലേക്കുള്ള യാത്ര മറിയയ്ക്ക് ദുഷ്കരമായിട്ടുണ്ടാകും എന്നു പറയുന്നത് എന്തുകൊണ്ട്? (ബി) യോസേഫിന്റെ ഭാര്യയായിക്കഴിഞ്ഞപ്പോൾ തീരുമാനമെടുക്കുന്ന വിധത്തിൽ മറിയ എന്തു മാറ്റം വരുത്തി? (അടിക്കുറിപ്പും കാണുക.)
6 പേരു ചാർത്താൻ പോകാനുള്ള യോസേഫിന്റെ തീരുമാനത്തെ മറിയ പിന്തുണയ്ക്കുമോ? എന്തായിരുന്നാലും യാത്ര അവൾക്ക് വിഷമമായിരിക്കുമെന്ന് ഉറപ്പാണ്. യാത്ര ശരത്കാലത്തിന്റെ തുടക്കത്തിലായിരിക്കാനാണ് സാധ്യത. വേനൽ തീർന്നുവരുന്ന സമയമായതുകൊണ്ട് ഇടയ്ക്കിടെ ചാറ്റൽ മഴയും കാണും. സമുദ്രനിരപ്പിൽനിന്ന് 2,500 അടിയിലേറെ ഉയരത്തിലാണ് ബേത്ത്ലെഹെം. മലമ്പാതകളിലൂടെ പല ദിവസങ്ങൾ നീളുന്ന യാത്രയ്ക്കൊടുവിൽ കയറ്റം കയറുകയെന്നത് ക്ഷീണിപ്പിക്കുന്ന കാര്യംതന്നെ. മറിയയുടെ അവസ്ഥ ഇങ്ങനെയായതുകൊണ്ട് പലയിടത്തും ഇരുന്നും വിശ്രമിച്ചും പോകേണ്ടതുണ്ട്. അതുകൊണ്ട് യാത്രയ്ക്ക് പതിവിലേറെ സമയം വേണ്ടിവരും. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊരു യുവതിയും ആഗ്രഹിക്കുന്നത്, വീട്ടുകാരുടെയും കൂട്ടുകാരുടെയും ഒക്കെ കൂടെ സ്വസ്ഥമായിരിക്കാനാണ്. പ്രസവവേദന എപ്പോൾ വേണമെങ്കിലും തുടങ്ങാം, വീട്ടിലാണെങ്കിൽ എല്ലാവരും സഹായത്തിന് ഓടിയെത്തും. അതെല്ലാം മറന്നിട്ട് ഇങ്ങനെയൊരു യാത്രയ്ക്ക് ഇറങ്ങിത്തിരിക്കണമെങ്കിൽ അസാമാന്യധൈര്യമുണ്ടെങ്കിലല്ലേ കഴിയൂ. അത്രയും ധൈര്യം മറിയയ്ക്കുണ്ടാകുമോ?
7 പേരു ചാർത്തേണ്ടതിന് യോസേഫ് പോയപ്പോൾ “മറിയയും അവനോടൊപ്പം ഉണ്ടായിരുന്നു” എന്ന് ലൂക്കോസ് എഴുതുന്നു. യോസേഫുമായുള്ള മറിയയുടെ വിവാഹം കഴിഞ്ഞിരുന്നതായും വിവരണത്തിൽ കാണുന്നു. (ലൂക്കോ. 2:4, 5) യോസേഫിന്റെ ഭാര്യയായിക്കഴിഞ്ഞതോടെ തീരുമാനമെടുക്കുന്ന കാര്യത്തിൽ മറിയ ചില മാറ്റങ്ങൾ വരുത്തി. യോസേഫ് കുടുംബനാഥനായപ്പോൾ ഇനി കുടുംബത്തിനുവേണ്ടി തീരുമാനമെടുക്കേണ്ടത് യോസേഫാണെന്ന് അവൾ മനസ്സിലാക്കി, ഭർത്താവിന്റെ സ്ഥാനത്തെ അവൾ ആദരിച്ചു. ഭർത്താവിന്റെ തീരുമാനങ്ങളിൽ അവനെ പിന്തുണച്ചുകൊണ്ട് ഒരു നല്ല പങ്കാളിയായിരിക്കുക എന്നതാണ് തന്റെ ദൈവദത്തസ്ഥാനമെന്ന് അവൾ തിരിച്ചറിഞ്ഞു.a പൂർണഗർഭിണിയായിരിക്കെ ദീർഘയാത്രപോകുന്നത് ഒട്ടും സുഖകരമല്ലാതിരുന്നിട്ടും അവൾ ഭർത്താവിന്റെ തീരുമാനത്തെ പിന്താങ്ങി. അവളുടെ വിശ്വാസം പരിശോധിക്കപ്പെട്ട ദുഷ്കരമായ ഈ സാഹചര്യം അവൾ മറികടന്നത് അങ്ങനെയാണ്. ലളിതമായി പറഞ്ഞാൽ ഭർത്താവിനെ അനുസരിച്ചുകൊണ്ട്.
8. (എ) യോസേഫിനൊപ്പം ബേത്ത്ലെഹെമിലേക്കു പോകാൻ മറിയയെ പ്രേരിപ്പിച്ച വേറെ എന്തു കാരണങ്ങളുണ്ടാകാം? (ബി) വിശ്വസ്തരായ ആളുകൾക്ക് മറിയയുടെ മാതൃക ഒരു മാർഗദീപമായിരിക്കുന്നത് ഏതു വിധത്തിൽ?
8 യോസേഫിന്റെ തീരുമാനം അനുസരിക്കാൻ മറിയയെ പ്രേരിപ്പിച്ച വേറെ കാരണം എന്തെങ്കിലുമുണ്ടോ? മിശിഹായുടെ ജന്മസ്ഥലം ബേത്ത്ലെഹെം ആയിരിക്കുമെന്ന ബൈബിൾപ്രവചനം അവൾക്ക് അറിയാമായിരുന്നോ? ബൈബിൾ അതെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നാൽ നമുക്ക് അതങ്ങ് തള്ളിക്കളയാനും വയ്യ. കാരണം അന്നത്തെ മതനേതാക്കന്മാർക്കും പൊതുജനത്തിനും പരക്കെ അറിയാവുന്ന ഒരു കാര്യമായിരുന്നു ഇതെന്നു തോന്നുന്നു. (മത്താ. 2:1-7; യോഹ. 7:40-42) മറിയയുടെ തിരുവെഴുത്തുപരിജ്ഞാനത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ! (ലൂക്കോ. 1:46-55) മറിയ ഈ യാത്രയ്ക്ക് ഒരുങ്ങിയത് ഭർത്താവിനോടുള്ള അനുസരണംകൊണ്ടാണോ? അതോ ഭരണാധികാരിയുടെ കല്പന മാനിച്ചിട്ടാണോ? ഇനി അതല്ല, മിശിഹായുടെ ജനനം സംബന്ധിച്ച പ്രവചനം അറിയാമായിരുന്നതുകൊണ്ടാണോ? അതോ ഇതെല്ലാംകൂടി ആലോചിച്ചിട്ടാണോ? എന്തായാലും അവൾ ശ്രദ്ധേയമായ ഒരു മാതൃകയാണ്. സ്ത്രീയായാലും പുരുഷനായാലും ഇതുപോലുള്ള താഴ്മയും അനുസരണവും യഹോവ അതിയായി വിലമതിക്കുന്നു. കീഴ്പെടൽ, വിധേയത്വം എന്നിങ്ങനെയുള്ള സദ്ശീലങ്ങളെ തീരെ തരംതാഴ്ത്തിക്കാണുന്ന ഇക്കാലത്ത് മറിയയുടെ മാതൃക എവിടെയുമുള്ള ദൈവഭക്തരായ ആളുകൾക്ക് ഒരു മാർഗദീപമാണ്!
ക്രിസ്തുവിന്റെ ജനനം
9, 10. (എ) ബേത്ത്ലെഹെമിൽ എത്താറായപ്പോൾ മറിയയുടെയും യോസേഫിന്റെയും മനസ്സിലൂടെ കടന്നുപോയത് എന്തായിരിക്കാം? (ബി) അവർ എവിടെ അഭയം തേടി, എന്തുകൊണ്ട്?
9 അങ്ങകലെ ബേത്ത്ലെഹെം ദൃഷ്ടിയിൽപ്പെട്ടപ്പോൾ മറിയയ്ക്ക് ആശ്വാസമായിക്കാണും. ഇപ്പോൾ അവർ കയറ്റം കയറുകയാണ്. വഴിയുടെ ഇരുവശത്തും ഒലിവുതോട്ടങ്ങൾ. ഏറ്റവും ഒടുവിലാണ് ഒലിവുകായ്കളുടെ വിളവെടുപ്പ്. ഇപ്പോൾ, ആ കൊച്ചുഗ്രാമത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള പല കാര്യങ്ങളും യോസേഫിന്റെയും മറിയയുടെയും മനസ്സിൽ ഓടിയെത്തുന്നുണ്ടാകും. യഹൂദയിലെ പട്ടണങ്ങളിൽ പേരെടുത്ത് പറയാൻപോലുമില്ലാത്ത ഒരു കൊച്ചുപട്ടണമാണ് ഇത്. പ്രവാചകനായ മീഖായും അതുതന്നെയാണല്ലോ പറഞ്ഞത്. പക്ഷേ, ആയിരത്തിലേറെ വർഷം മുമ്പ് ബോവസും നൊവൊമിയും ദാവീദും ജനിച്ചത് ഈ പട്ടണത്തിലാണ്.
10 അങ്ങനെ അവർ ബേത്ത്ലെഹെമിൽ എത്തി. എവിടെയും നല്ല തിരക്ക്. പേരു ചാർത്താനായി മിക്കവരും അവർക്കുമുമ്പേ വന്നെത്തിയിരുന്നതുകൊണ്ട്, സത്രം നിറഞ്ഞിരുന്നു.b രാത്രി തങ്ങാൻ എവിടെ പോകും? ഒടുവിൽ ഒരു കാലിത്തൊഴുത്താണ് അവർക്ക് കിട്ടിയത്. അവിടെ തങ്ങാൻ അവർ തീരുമാനിച്ചു. മറിയയ്ക്ക് പ്രസവവേദന തുടങ്ങി! അന്നോളം അനുഭവിച്ചിട്ടില്ലാത്ത കഠിനവേദനയാൽ പുളയുന്ന അവളെ കണ്ട് ആശങ്കപ്പെട്ടു നിൽക്കുന്ന യോസേഫിനെ ഒന്നു സങ്കല്പിച്ചുനോക്കൂ! വേദന തീവ്രമാകുകയാണ്. ഒരു കാലിത്തൊഴുത്തിൽവെച്ചാണ് ഇതു സംഭവിക്കുന്നത് എന്നോർക്കണം!
11. (എ) എവിടെയുമുള്ള സ്ത്രീകൾക്ക് മറിയയുടെ അവസ്ഥ മനസ്സിലാക്കാവുന്നത് എന്തുകൊണ്ട്? (ബി) യേശു ഏതെല്ലാം വിധങ്ങളിൽ ‘ആദ്യജാതൻ’ ആയിരുന്നു?
11 ലോകത്തെവിടെയുമുള്ള സ്ത്രീകൾക്ക് മറിയയുടെ അവസ്ഥ നന്നായി മനസ്സിലാകും. ഏകദേശം 4,000 വർഷം മുമ്പ് യഹോവ ഒരു സംഗതി മുൻകൂട്ടിപ്പറഞ്ഞിരുന്നു. അവകാശപ്പെടുത്തിയ പാപം നിമിത്തം എല്ലാ സ്ത്രീകൾക്കും പ്രസവത്തോട് അനുബന്ധിച്ച് കഠിനവേദന അനുഭവിക്കേണ്ടിവരും എന്നതായിരുന്നു അത്. (ഉല്പ. 3:16) മറിയയ്ക്ക് ഇതിൽനിന്ന് ഒഴിവു കിട്ടിയെന്ന് വിശ്വസിക്കാൻ യാതൊരു കാരണവുമില്ല. എന്നാൽ അവളുടെ വേദനയുടെ തീവ്രതയിലേക്കോ അസ്വാസ്ഥ്യങ്ങളിലേക്കോ കടക്കാതെ ലൂക്കോസ് ആ രംഗം ഈ വാക്കുകളിൽ ചുരുക്കുന്നു: “അവൾ തന്റെ ആദ്യജാതനെ പ്രസവിച്ചു.” (ലൂക്കോ. 2:7) അങ്ങനെ അവളുടെ ‘ആദ്യജാതൻ’ പിറന്നു. അവൾക്ക് പിന്നീട് വേറെയും മക്കളുണ്ടായി, മൊത്തം ഏഴു മക്കളെങ്കിലും മറിയയ്ക്കു ജനിച്ചു. (മർക്കോ. 6:3) എന്നാൽ ഈ പുത്രൻ എല്ലാവരിലും വ്യത്യസ്തനായിരുന്നു. അവൻ മറിയയുടെ ആദ്യജാതൻ മാത്രമല്ലായിരുന്നു, യഹോവയാം ദൈവത്തിന്റെയും ആദ്യജാതനായിരുന്നു. “സകല സൃഷ്ടികൾക്കും ആദ്യജാതനും” ദൈവത്തിന്റെ ഏകജാതനും ആയവൻ!—കൊലോ. 1:15.
12. മറിയ കുഞ്ഞിനെ കിടത്തിയത് എവിടെയാണ്, ‘തിരുപ്പിറവി’ രംഗങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നതിൽനിന്ന് യാഥാർഥ്യം എത്ര വ്യത്യസ്തമാണ്?
12 ഇവിടെവെച്ച് വിവരണം ആ പ്രശസ്തമായ വിശദാംശം നൽകുന്നു: “അവൾ അവനെ ശീലകളിൽ പൊതിഞ്ഞ് ഒരു പുൽത്തൊട്ടിയിൽ കിടത്തി.” (ലൂക്കോ. 2:7) ലോകമെമ്പാടും ‘തിരുപ്പിറവി’യുടെ പുനരവതരണങ്ങൾ, ഛായാചിത്രങ്ങൾ, ചിത്രീകരണങ്ങൾ എന്നിവയിൽ കാലിത്തൊഴുത്തും പുൽത്തൊട്ടിയും മറ്റും വളരെ നല്ലൊരു ഇടമായി അവതരിപ്പിക്കാറുണ്ട്, കാഴ്ചക്കാർക്ക് ആ രംഗം അതീവഹൃദ്യമായി തോന്നും. എന്നാൽ വാസ്തവമോ? വീട്ടുമൃഗങ്ങൾക്ക് തീറ്റിയിട്ടുകൊടുക്കുന്ന സ്ഥലമാണ് പുൽത്തൊട്ടി. തൊഴുത്തുകളുടെ സ്ഥിതി അന്നും ഇന്നും ഏറെക്കുറെ ഒരുപോലെയാണ്. പൊതുവേ, ശുദ്ധവായുവും ശുചിത്വവും തീരെക്കുറഞ്ഞ ഒരു സ്ഥലം. അവിടെയാണ് ഈ കുടുംബം അഭയം തേടിയിരിക്കുന്നതെന്ന് ഓർക്കുക. വേറെ എന്തെങ്കിലുമൊരു മാർഗമുണ്ടെങ്കിൽ, തങ്ങളുടെ കുഞ്ഞിന് പിറന്നുവീഴാൻ ഏതെങ്കിലും മാതാപിതാക്കൾ ഇങ്ങനെയൊരു സ്ഥലം തിരഞ്ഞെടുക്കുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? കുഞ്ഞുങ്ങളുടെ നന്മ ആഗ്രഹിക്കുന്നവരാണ് മിക്ക അച്ഛനമ്മമാരും. അങ്ങനെയെങ്കിൽ, ദൈവത്തിന്റെ പുത്രന് പിറന്നുവീഴാൻ ഏറ്റവും നല്ലൊരു ചുറ്റുപാട് യോസേഫും മറിയയും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ?
13. (എ) യോസേഫും മറിയയും തങ്ങൾ ആയിപ്പോയ സാഹചര്യത്തിൽ ഏറ്റവും നന്നായി പ്രവർത്തിച്ചത് എങ്ങനെ? (ബി) ഇക്കാലത്തെ വിവേകശാലികളായ മാതാപിതാക്കൾക്ക് യോസേഫിനെയും മറിയയെയും പോലെ മുൻഗണനകൾ വെക്കാൻ കഴിയുന്നത് എങ്ങനെ?
13 എന്നാൽ അവർ രണ്ടുപേരും ഇല്ലായ്മകളെച്ചൊല്ലി പരാതിപ്പെട്ടില്ല. ഉള്ള സാഹചര്യത്തിൽ തങ്ങളെക്കൊണ്ടു കഴിയാവുന്നതെല്ലാം അവർ ചെയ്തു. ഉദാഹരണം പറഞ്ഞാൽ, കുഞ്ഞിന് തണുപ്പുതട്ടാതെ മറിയതന്നെ അവനെ തുണിശീലകൾകൊണ്ട് പൊതിഞ്ഞു. പിന്നെ അവനെ ഉറക്കി മെല്ലെ പുൽത്തൊട്ടിയിൽ സുരക്ഷിതമായി കിടത്തി. അവളുടെ അപ്പോഴത്തെ സാഹചര്യമോർത്ത് അവൾ ഉത്കണ്ഠപ്പെട്ട് ഇരുന്നില്ല. പകരം, മകനുവേണ്ടി തനിക്ക് അപ്പോൾ ചെയ്യാൻ പറ്റുന്നത് അവൾ ഏറ്റവും നന്നായി ചെയ്തു. ഈ കുഞ്ഞിനുവേണ്ടി ആത്മീയമായി കരുതുന്നതാണ് എല്ലാറ്റിലും ഏറ്റവും വലിയ കാര്യം എന്ന് മറിയയ്ക്കും യോസേഫിനും നന്നായി അറിയാമായിരുന്നു. (ആവർത്തനപുസ്തകം 6:6-8 വായിക്കുക.) ഇന്ന്, ആത്മീയദാരിദ്ര്യം പിടിച്ച ഈ ലോകത്തിൽ, കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടുവരുന്ന വിവേകശാലികളായ മാതാപിതാക്കൾ യോസേഫും മറിയയും ചെയ്തതുതന്നെ ചെയ്യും.
ആശ്വാസവും സന്തോഷവും ഉറപ്പും പകർന്ന ഒരു സന്ദർശനം
14, 15. (എ) ഇടയന്മാർ ശിശുവിനെ കാണാൻ ആകാംക്ഷാഭരിതരായത് എന്തുകൊണ്ട്? (ബി) കാലിത്തൊഴുത്തിൽ ശിശുവിനെയും കുടുംബത്തെയും കണ്ടിറങ്ങിയ ഇടയന്മാർ എന്തു ചെയ്തു?
14 ആ ശാന്തതയെ ഭേദിച്ചുകൊണ്ട് എന്തൊക്കെയോ ഒച്ചയനക്കങ്ങൾ കേൾക്കുന്നു. ആരെല്ലാമോ വരുന്നുണ്ട്. കുറെ ആട്ടിടയന്മാരാണ്, അവർ നേരെ ആ തൊഴുത്തിലേക്കാണ് വരുന്നത്. അവർ വരുന്നത് അപ്പോൾ പിറന്ന ആ കുഞ്ഞിനെ കാണാനാണ്, ഒപ്പം അവന്റെ അച്ഛനമ്മമാരെയും. ആഹ്ലാദത്തിമിർപ്പിലാണ് ആ ഇടയന്മാർ, അവരുടെ മുഖം സന്തോഷംകൊണ്ട് തിളങ്ങുകയാണ്! മലഞ്ചെരിവുകളിൽനിന്നാണ് ആ പുരുഷന്മാർ ഇപ്പോൾ തിരക്കിട്ട് വന്നിരിക്കുന്നത്. അവിടെ ആടുകളെയും കാത്തു കഴിയുകയായിരുന്നു അവർ.c കയറിവരുന്ന അപരിചിതരെക്കണ്ട് പകച്ചുനിൽക്കുന്ന ആ മാതാപിതാക്കളോട് ഇടയന്മാർ കുറച്ചുമുമ്പ് തങ്ങൾക്കുണ്ടായ അത്ഭുതകരമായ അനുഭവങ്ങൾ ആവേശത്തോടെ വിവരിക്കാൻ തുടങ്ങി: നേരം പാതിരാ ആയിക്കാണും, ആ മലഞ്ചെരിവിൽ പൊടുന്നനെ ഒരു ദൈവദൂതൻ അവർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അവിടമെങ്ങും യഹോവയുടെ തേജസ്സ് വിളങ്ങി! ക്രിസ്തു അഥവാ മിശിഹാ ബേത്ത്ലെഹെമിൽ ഇപ്പോൾ പിറന്നിരിക്കുന്നു എന്ന വാർത്ത ദൂതൻ അവരെ അറിയിച്ചു. ‘അവനെ ശീലകളിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്നത് നിങ്ങൾക്കു കാണാം’ എന്നും ദൂതൻ പറഞ്ഞു. അതിലും വിസ്മയകരമായ കാര്യമാണ് പിന്നീട് സംഭവിച്ചത്: സ്വർഗീയസൈന്യത്തിന്റെ ഒരു സംഘം അവർക്കു പ്രത്യക്ഷപ്പെട്ട് ദൈവത്തെ വാഴ്ത്തിസ്തുതിച്ചു!—ലൂക്കോ. 2:8-14.
15 ഈ എളിയ മനുഷ്യർ ബേത്ത്ലെഹെമിലേക്ക് ഓടിയെത്തിയതിൽ അതിശയിക്കാനൊന്നുമില്ല. ദൂതൻ പറഞ്ഞിരുന്നതുപോലെ നവജാതശിശുവിനെ കണ്ടപ്പോൾ ഇടയന്മാർക്കുണ്ടായ ആവേശം ഒന്ന് സങ്കല്പിച്ചു നോക്കൂ! കുഞ്ഞിനെ കണ്ട ഇടയന്മാർക്ക് ഈ സന്തോഷവാർത്ത ഉള്ളിലടക്കിവെക്കാൻ കഴിഞ്ഞില്ല. “ശിശുവിനെക്കുറിച്ചു ദൂതന്മാർ തങ്ങളോടു പറഞ്ഞത്” അവർ മറ്റുള്ളവരെ അറിയിച്ചു. “ഇടയന്മാർ പറഞ്ഞ കാര്യങ്ങൾ കേട്ടവരൊക്കെയും അതിൽ വിസ്മയിച്ചു.” (ലൂക്കോ. 2:17, 18) അക്കാലത്തെ മതനേതാക്കന്മാർ ഇടയന്മാരെ പുച്ഛത്തോടെയായിരിക്കണം കണ്ടിരുന്നത്. പക്ഷേ, താഴ്മയും വിശ്വസ്തതയും ഉള്ള ഈ പുരുഷന്മാരെ വിലയേറിയവരായാണ് യഹോവ വീക്ഷിച്ചത്. അതിരിക്കട്ടെ, ഇടയന്മാരുടെ ഈ സന്ദർശനം മറിയയ്ക്ക് ആശ്വാസവും സന്തോഷവും ഉറപ്പും പകർന്നത് എങ്ങനെയാണ്?
എളിയവരും വിശ്വസ്തരും ആയ ആ ഇടയന്മാർ യഹോവയ്ക്ക് വിലപ്പെട്ടവരായിരുന്നു
16. ആഴമായി ചിന്തിക്കുന്ന ഒരാളായിരുന്നു മറിയ എന്ന് പറയാവുന്നത് എന്തുകൊണ്ട്, വിശ്വാസം ശക്തമാക്കി നിറുത്താൻ അവൾക്ക് കഴിഞ്ഞത് എങ്ങനെ?
16 പ്രസവത്തിന്റെ ആലസ്യവും ക്ഷീണവും ഒക്കെ ഉണ്ടായിരുന്നെങ്കിലും മറിയ ഇടയന്മാർ പറഞ്ഞ ഓരോ വാക്കും കാതുകൂർപ്പിച്ച് കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ അവൾ വെറുതെ കേൾക്കുക മാത്രമായിരുന്നില്ല, പിന്നെയോ, “എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് അതേക്കുറിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.” (ലൂക്കോ. 2:19) ആഴമായി ചിന്തിക്കുന്ന പ്രകൃതക്കാരിയായിരുന്നു മറിയ. ദൂതൻ ഇടയന്മാരെ അറിയിച്ച വാർത്ത വളരെ പ്രധാനപ്പെട്ടതാണെന്ന് അവൾക്ക് മനസ്സിലായി. അവൾക്കു പിറന്നിരിക്കുന്ന ഈ മകൻ ആരാണെന്നും അവൻ എത്ര ഉന്നതനാണെന്നും അവൾ അറിയണമെന്നും ഓർത്തിരിക്കണമെന്നും അവളുടെ ദൈവമായ യഹോവ ആഗ്രഹിച്ചു. അതുകൊണ്ടാണ് അവൾ വെറുതെ കേട്ടിരിക്കുക മാത്രം ചെയ്യാതെ വരാൻപോകുന്ന മാസങ്ങളിലും വർഷങ്ങളിലും വീണ്ടുംവീണ്ടും ഓർക്കാനായി, കേട്ട ഓരോ വാക്കും മനസ്സിൽ സൂക്ഷിച്ചുവെച്ചത്. ഈ ശീലമാണ് ജീവിതകാലം മുഴുവൻ ഇളകാത്ത വിശ്വാസം കാത്തുസൂക്ഷിക്കാൻ അവളെ സഹായിച്ചത്!—എബ്രായർ 11:1 വായിക്കുക.
17. യഹോവയെക്കുറിച്ചുള്ള സത്യങ്ങൾ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ മറിയയെ അനുകരിക്കാം?
17 മറിയയുടെ മാതൃക നിങ്ങൾ പകർത്തുമോ? യഹോവ തന്റെ വചനത്തിന്റെ താളുകൾ വിലയേറിയ സത്യങ്ങൾകൊണ്ട് നിറച്ചിരിക്കുന്നു. എന്നാൽ നമ്മൾ ശ്രദ്ധ കൊടുക്കുന്നില്ലെങ്കിൽ ആ സത്യങ്ങൾ നമുക്ക് ഒരു ഗുണവും ചെയ്യില്ല! അതുകൊണ്ട് ബൈബിൾ പതിവായി വായിക്കുക. ഒരു സാഹിത്യകൃതിയായിട്ടല്ല, മറിച്ച് ദൈവത്തിന്റെ എഴുതപ്പെട്ട വചനമായിട്ടാണ് നമ്മൾ അതു വായിക്കുന്നത്. (2 തിമൊ. 3:16) എന്നിട്ട് മറിയയെപ്പോലെ, തിരുവെഴുത്തുസത്യങ്ങൾ നമ്മളും ഹൃദയത്തിൽ ശേഖരിച്ചുവെക്കണം. അവയുടെ അർഥം മനസ്സിരുത്തി ചിന്തിക്കണം. ബൈബിളിൽനിന്നു വായിക്കുന്നതിനെക്കുറിച്ച് ഇങ്ങനെ മനസ്സിരുത്തി ചിന്തിക്കുകയും ഇപ്പോൾ ചെയ്യുന്നതിലും മെച്ചമായി ആ ബുദ്ധിയുപദേശങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രായോഗികമാക്കാനുള്ള വഴികൾ കണ്ടുപിടിക്കുകയും ചെയ്യുമ്പോൾ എന്തായിരിക്കും ഫലം? നല്ല പോഷണം ആർജിച്ച് നമ്മുടെ വിശ്വാസം വളർന്ന് ബലപ്പെടും.
ഹൃദയത്തിൽ സംഗ്രഹിക്കാൻ കൂടുതൽ കാര്യങ്ങൾ
18. (എ) യേശു ജനിച്ച്, ദിവസങ്ങൾക്കുള്ളിൽ മറിയയും യോസേഫും ന്യായപ്രമാണം അനുസരിച്ചത് എങ്ങനെ? (ബി) യോസേഫും മറിയയും ആലയത്തിൽ അർപ്പിച്ച വഴിപാടിൽനിന്ന് അവരുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് നമുക്ക് എന്തു മനസ്സിലാക്കാം?
18 കുഞ്ഞു ജനിച്ച് എട്ടാം ദിവസം മറിയയും യോസേഫും അവനെ ന്യായപ്രമാണം നിഷ്കർഷിക്കുന്നപ്രകാരം പരിച്ഛേദന കഴിപ്പിച്ചു, ദൂതൻ നിർദേശിച്ചിരുന്നതുപോലെ യേശു എന്ന് പേരും ഇട്ടു. (ലൂക്കോ. 1:31) പിന്നെ 40-ാം ദിവസം അവർ അവനെ ബേത്ത്ലെഹെമിൽനിന്ന് യെരുശലേമിലുള്ള ആലയത്തിലേക്ക് കൊണ്ടുപോയി. ഏതാണ്ട് പത്ത് കിലോമീറ്റർ അകലെയാണ് യെരുശലേം. മോശൈകന്യായപ്രമാണം പറയുന്നതുപോലെ, അവർ ശുദ്ധീകരണത്തിനുള്ള വഴിപാടുകൾ അർപ്പിച്ചു. തീരെ ദരിദ്രരായ ആളുകൾക്ക് അനുവദിച്ചിട്ടുള്ള ഒരു ജോഡി കുറുപ്രാവുകളെയോ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ ആണ് അവർ അർപ്പിച്ചത്. സാമ്പത്തികശേഷിയുള്ള മാതാപിതാക്കൾ ഒരു ആട്ടിൻകുട്ടിയെയും ഒപ്പം ഒരു കുറുപ്രാവിനെയോ ഒരു പ്രാവിൻകുഞ്ഞിനെയോ ഈ അവസരങ്ങളിൽ അർപ്പിക്കാറുണ്ട്. ആട്ടിൻകുട്ടിയെ അർപ്പിക്കാൻ വകയില്ലാഞ്ഞതുകൊണ്ട് അവർക്ക് നാണക്കേട് തോന്നിയോ? അങ്ങനെ തോന്നിയെങ്കിൽത്തന്നെ, അതെല്ലാം മാറ്റിവെച്ച് തങ്ങളുടെ കഴിവുപോലെ അവർ ചെയ്തു. എന്തായിരുന്നാലും, അവർക്ക് വേണ്ടുവോളം സന്തോഷവും ആശ്വാസവും ഉറപ്പും കിട്ടിയ ചില സംഭവങ്ങൾ ആലയത്തിൽവെച്ചുണ്ടായി!—ലേവ്യ. 12:6-8; ലൂക്കോ. 2:21-24.
19. (എ) മറിയയ്ക്ക് ഹൃദയത്തിൽ സംഗ്രഹിക്കാൻ വിലപ്പെട്ട കൂടുതൽ വിവരങ്ങൾ ശിമെയോൻ നൽകിയത് എങ്ങനെ? (ബി) ശിശുവിനെ കണ്ട ഹന്നാ എന്തു ചെയ്തു?
19 യേശുവിനെയുംകൊണ്ട് അവർ ആലയത്തിലെത്തിയപ്പോൾ ശിമെയോൻ എന്നു പേരുള്ള വയോധികനായ ഒരാൾ അവരുടെ അടുത്തെത്തി. മറിയയ്ക്ക് ഹൃദയത്തിൽ സൂക്ഷിച്ചുവെക്കാൻ പറ്റിയ വിലപ്പെട്ട ചില വിവരങ്ങൾ അവൻ പറഞ്ഞു. മരിക്കുന്നതിനു മുമ്പ് മിശിഹായെ കാണുമെന്ന് ദൈവം അവനോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഈ യേശുവാണ് മുൻകൂട്ടിപ്പറഞ്ഞ രക്ഷകൻ എന്ന് യഹോവയുടെ പരിശുദ്ധാത്മാവ് ശിമെയോന്റെ ഉള്ളിൽ തോന്നിപ്പിച്ചു. ഒരിക്കൽ മറിയ അനുഭവിക്കാനിരിക്കുന്ന വേദനയെക്കുറിച്ചും അവൻ മുന്നറിയിപ്പ് കൊടുത്തു, പ്രാണനിൽക്കൂടി ഒരു വാൾ തുളച്ചുകയറുന്ന വേദന! (ലൂക്കോ. 2:25-35) 33 വർഷങ്ങൾക്ക് ശേഷമാണ് അത് സംഭവിച്ചത്. നടുക്കുന്ന വാക്കുകളായിരുന്നു അവയെങ്കിലും ആ സമയം വന്നപ്പോൾ സഹിച്ചുനിൽക്കാൻ കാലേകൂട്ടിയുള്ള ഈ മുന്നറിയിപ്പ് അവളെ സഹായിച്ചിട്ടുണ്ടാകും. അപ്പോൾ ഹന്നാ എന്നൊരു പ്രവാചകിയും ശിശുവിനെ കണ്ട് അടുത്തുവന്നു. യെരുശലേമിന്റെ വിമോചനത്തിനായി പ്രത്യാശയോടെ കാത്തിരുന്ന സകലരോടും അവൾ ശിശുവിനെക്കുറിച്ച് സംസാരിച്ചുതുടങ്ങി.—ലൂക്കോസ് 2:36-38 വായിക്കുക.
20. യേശുവിനെയുംകൊണ്ട് ആലയത്തിൽ വന്നത് നല്ല ഒരു തീരുമാനമായിരുന്നത് എന്തുകൊണ്ട്?
20 യെരുശലേമിലെ യഹോവയുടെ ആലയത്തിലേക്ക് തങ്ങളുടെ കുഞ്ഞിനെയുംകൊണ്ട് വരാൻ യോസേഫും മറിയയും തീരുമാനിച്ചത് എത്ര നന്നായി! തങ്ങളുടെ മകന്, യഹോവയുടെ ആലയം വിട്ടുപിരിയാതെയുള്ള ഒരു ജീവിതചര്യക്ക് തുടക്കമിട്ടുകൊടുക്കുകയായിരുന്നു ആ മാതാപിതാക്കൾ. ആലയത്തിൽ, അവർ അവരുടെ പ്രാപ്തിക്കനുസരിച്ച് യഹോവയ്ക്ക് കൊടുത്തു. അവർക്ക് ആവശ്യമായ നിർദേശങ്ങളും ആശ്വാസവും സന്തോഷവും ഉറപ്പും യഹോവയിൽനിന്ന് ലഭിക്കുകയും ചെയ്തു. വിശ്വാസം ഏറെ ബലപ്പെട്ടാണ് മറിയ ആലയത്തിൽനിന്ന് മടങ്ങിയത്. അവൾക്ക് ധ്യാനിക്കാനും മറ്റുള്ളവരെ അറിയിക്കാനും ആയി ഹൃദയം നിറയെ സുപ്രധാനമായ ചില സത്യങ്ങളും ഉണ്ടായിരുന്നു.
21. നമ്മുടെ വിശ്വാസവും വളർന്ന് ബലപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഉറപ്പാക്കാൻ മറിയയെപ്പോലെ നമുക്ക് എന്തു ചെയ്യാം?
21 ഇന്നത്തെ മാതാപിതാക്കൾ ഇവരുടെ മാതൃക പകർത്തുന്നതു കാണുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. യഹോവയുടെ സാക്ഷികളായ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുമക്കളെ ക്രിസ്തീയയോഗങ്ങൾക്ക് പതിവായി കൊണ്ടുവരാറുണ്ട്. യോഗങ്ങളിൽ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടും സഹവിശ്വാസികളോട് ഹൃദ്യമായി സംസാരിച്ചുകൊണ്ടും ഈ മാതാപിതാക്കൾ തങ്ങൾക്ക് ‘കൊടുക്കാൻ കഴിയുന്നത് കൊടുക്കുന്നു.’ വിശ്വാസത്തിൽ ഏറെ ബലപ്പെട്ടവരും ഏറെ സന്തുഷ്ടരും ആയി, മറ്റുള്ളവർക്കു കൊടുക്കാൻ ഹൃദയത്തിൽ ഏറെ നന്മകളുമായിട്ടാണ് ഇവർ യോഗസ്ഥലത്തുനിന്നും മടങ്ങുന്നത്. അത്തരം മാതാപിതാക്കളെ കാണുന്നതും സംസാരിക്കുന്നതും എന്തൊരു സന്തോഷമാണ്! നമ്മൾ അങ്ങനെ ചെയ്യുമ്പോൾ, മറിയയുടേതുപോലെ നമ്മുടെ വിശ്വാസവും ഒന്നിനൊന്ന് വളരുകയും ബലപ്പെടുകയും ചെയ്യും!
a ഈ വിവരണവും മറിയയുടെ മറ്റൊരു യാത്രയെക്കുറിച്ചുള്ള വിവരണവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. അവൾ എലിസബെത്തിനെ കാണാൻ പോയതിനെക്കുറിച്ച് ബൈബിൾ പറയുന്നു: “മറിയ . . . തിടുക്കത്തിൽ യാത്രപുറപ്പെട്ടു.” (ലൂക്കോ. 1:39) അന്ന് അവരുടെ വിവാഹനിശ്ചയം മാത്രമേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഈ യാത്രയുടെ കാര്യത്തിൽ അവൾ യോസേഫുമായി സംസാരിക്കാതെ സ്വന്തമായി തീരുമാനിക്കുകയായിരുന്നിരിക്കാം. എന്നാൽ വിവാഹത്തിനു ശേഷമുള്ള അവരുടെ യാത്ര തീരുമാനിച്ചത് യോസേഫാണ്, മറിയയല്ല!
b സഞ്ചാരികൾക്കും യാത്രാസംഘങ്ങൾക്കും രാപാർക്കാൻ അക്കാലത്ത് ഓരോ പട്ടണത്തിലും സത്രമുണ്ടായിരുന്നു.
c ആട്ടിടയന്മാർ ആടുകളുമായി വെളിമ്പ്രദേശത്തായിരുന്നെന്ന വസ്തുത ശ്രദ്ധിക്കുക. ഇത് യേശുവിന്റെ ജനനത്തോടു ബന്ധപ്പെട്ട് ബൈബിൾ നൽകുന്ന സൂചനകളോടു യോജിക്കുന്നു: ആട്ടിൻകൂട്ടങ്ങളെ വെളിയിലിറക്കാതെ തൊഴുത്തിൽത്തന്നെ സൂക്ഷിച്ചിരുന്ന ഡിസംബർ മാസത്തിലല്ല ക്രിസ്തു ജനിച്ചത്, ഒക്ടോബർ മാസത്തിന്റെ ആരംഭത്തിലായിരിക്കണം.