അധ്യായം 99
അന്ധന്മാരെ സുഖപ്പെടുത്തുന്നു, സക്കായിയെ സഹായിക്കുന്നു
മത്തായി 20:29-34; മർക്കോസ് 10:46-52; ലൂക്കോസ് 18:35–19:10
യരീഹൊയിൽവെച്ച് യേശു അന്ധന്മാരെ സുഖപ്പെടുത്തുന്നു
നികുതിപിരിവുകാരനായ സക്കായി മാനസാന്തരപ്പെടുന്നു
യേശുവും കൂടെയുള്ളവരും യരീഹൊയിലെത്തുന്നു. ഇനി യരുശലേമിലേക്ക് ഒരു ദിവസത്തെ യാത്ര മാത്രം. യരീഹൊ ഒരു ഇരട്ടനഗരമാണെന്നു പറയാം. പഴയ നഗരം പുതിയ റോമൻ നഗരത്തിൽനിന്ന് ഏകദേശം 1.6 കിലോമീറ്റർ ദൂരെയാണ്. ഏതായാലും യേശുവും കൂടെയുള്ളവരും ഇതിലേതോ ഒരു നഗരത്തിൽനിന്ന് മറ്റേ നഗരത്തിലേക്കു പോകുമ്പോൾ, ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദം അവിടെയിരിക്കുന്ന രണ്ട് അന്ധന്മാർ കേൾക്കുന്നു. അതിലൊരാളുടെ പേര് ബർത്തിമായി എന്നാണ്.
യേശു അതിലെ കടന്നുപോകുന്നെന്നു കേട്ട് ബർത്തിമായിയും കൂട്ടുകാരനും ഉച്ചത്തിൽ, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാണിക്കണേ” എന്ന് വിളിച്ചുപറയുന്നു. (മത്തായി 20:30) ജനക്കൂട്ടത്തിൽ ചിലർ അവരോടു മിണ്ടാതിരിക്കാൻ പറഞ്ഞെങ്കിലും അവർ കൂടുതൽ ഉച്ചത്തിൽ യേശുവിനെ വിളിക്കുന്നു. ഈ ബഹളം കേട്ട് യേശു കൂടെയുള്ളവരോട് അവരെ വിളിക്കാൻ പറയുന്നു. അവർ പോയി ഭിക്ഷക്കാരിൽ ഒരാളോടു പറഞ്ഞു: “ധൈര്യമായിരിക്കൂ. യേശു നിന്നെ വിളിക്കുന്നു. എഴുന്നേറ്റ് വരൂ.” (മർക്കോസ് 10:49) സന്തോഷം സഹിക്കവയ്യാതെ അയാൾ ചാടിയെഴുന്നേറ്റ്, പുറങ്കുപ്പായം വലിച്ചെറിഞ്ഞ് യേശുവിന്റെ അടുത്തേക്ക് ചെല്ലുന്നു.
“ഞാൻ എന്താണു ചെയ്തുതരേണ്ടത് ” എന്നു യേശു ചോദിച്ചു. ആ രണ്ടു ഭിക്ഷക്കാരും യേശുവിനോടു “കർത്താവേ, ഞങ്ങളുടെ കണ്ണു തുറന്നുതരണേ!” എന്നു യാചിച്ചു. (മത്തായി 20:32, 33) അലിവ് തോന്നിയ യേശു അവരുടെ കണ്ണുകളിൽ തൊട്ടു. എന്നിട്ട് അവരിൽ ഒരാളെ നോക്കി പറഞ്ഞു: “പൊയ്ക്കൊള്ളൂ. നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” (മർക്കോസ് 10:52) ആ രണ്ടു ഭിക്ഷക്കാർക്കും കാഴ്ച തിരിച്ചുകിട്ടുന്നു. അവർ ഇരുവരും ദൈവത്തെ മഹത്ത്വപ്പെടുത്തി, സംഭവിച്ചതു കണ്ട ജനക്കൂട്ടവും ദൈവത്തെ സ്തുതിച്ചു. അന്ധരായിരുന്ന ആ രണ്ടു പേരും യേശുവിനെ അനുഗമിക്കുന്നു.
യേശു യരീഹൊയിലൂടെ പോകുമ്പോൾ യേശുവിനു ചുറ്റും ആളുകൾ തടിച്ചുകൂടി പിന്നാലെ ചെല്ലുന്നു. അന്ധരായ മനുഷ്യരെ സുഖപ്പെടുത്തിയത് ആരാണെന്നു കാണാൻ എല്ലാവർക്കും വലിയ ആകാംക്ഷയായിരുന്നു. ജനക്കൂട്ടത്തിന്റെ ഈ തിക്കും തിരക്കും കാരണം ചിലർക്ക് യേശുവിനെ ഒന്നു കാണാൻപോലും പറ്റിയില്ല. സക്കായിക്കും യേശുവിനെ കാണാൻ കഴിഞ്ഞില്ല. യരീഹൊയിലും ചുറ്റുവട്ടത്തും ഉള്ള നികുതിപിരിവുകാരുടെ പ്രമാണിയാണ് സക്കായി. പൊക്കം കുറവായതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്ക് കാണാൻ പറ്റുന്നില്ലായിരുന്നു. അതുകൊണ്ട് യേശു പോകുന്ന വഴിയേ അവരുടെയെല്ലാം മുന്നിൽ ഓടി അയാൾ ഒരു അത്തി മരത്തിൽ കയറി ഇരുന്നു. അവിടെ ഇരുന്നാൽ നടക്കുന്നതൊക്കെ നന്നായിട്ടു കാണാമായിരുന്നു. യേശു അതിന് അടുത്ത് എത്തിയപ്പോൾ അത്തി മരത്തിൽ സക്കായി ഇരിക്കുന്നതു കണ്ട് അയാളോടു പറഞ്ഞു: “സക്കായീ, വേഗം ഇറങ്ങിവാ. ഞാൻ ഇന്നു താങ്കളുടെ വീട്ടിലാണു താമസിക്കുന്നത്.” (ലൂക്കോസ് 19:5) സക്കായി പെട്ടെന്ന് മരത്തിൽനിന്ന് ഇറങ്ങി തിടുക്കത്തിൽ വീട്ടിലേക്കു ചെന്നു. തന്റെ വിശിഷ്ടാതിഥിയെ സ്വീകരിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങുന്നു.
യേശു സക്കായിയുടെ വീട്ടിൽ താമസിക്കാൻ പോകുന്നെന്നു കേട്ടപ്പോൾ കൂടെയുള്ളവർ പിറുപിറുക്കാൻതുടങ്ങി. ഒരു പാപിയായി അവർ കണക്കാക്കിയ ആളുടെ അതിഥിയായി യേശു ചെല്ലുന്നത് ശരിയല്ലെന്നാണ് അവർ കരുതിയത്. ആളുകളിൽനിന്ന് അന്യായമായി നികുതി ഈടാക്കിയാണ് സക്കായി സമ്പന്നനായത്.
സക്കായിയുടെ വീട്ടിലേക്കു കയറുന്ന യേശുവിനെ കണ്ട് ആളുകൾ “അവൻ പാപിയായ ഒരു മനുഷ്യന്റെ വീട്ടിൽ അതിഥിയായി പോയിരിക്കുന്നു” എന്നു പിറുപിറുത്തു. എന്നാൽ സക്കായി മാനസാന്തരപ്പെടുമെന്നുതന്നെ യേശു വിചാരിക്കുന്നു. സക്കായി യേശുവിനെ നിരാശപ്പെടുത്തിയില്ല. കാരണം സക്കായി എഴുന്നേറ്റുനിന്ന് യേശുവിനോടു പറഞ്ഞു: “കർത്താവേ, എന്റെ വസ്തുവകകളിൽ പകുതിയും ഞാൻ ഇതാ, ദരിദ്രർക്കു കൊടുക്കുന്നു. ഞാൻ ആളുകളിൽനിന്ന് അന്യായമായി ഈടാക്കിയതെല്ലാം നാല് ഇരട്ടിയായി തിരിച്ചുനൽകുന്നു.”—ലൂക്കോസ് 19:7, 8.
തന്റെ മാനസാന്തരം ശരിക്കുള്ളതാണെന്നു കാണിക്കാൻ എത്ര നല്ലൊരു മാർഗമാണ് സക്കായി കണ്ടെത്തിയത്! സാധ്യതയനുസരിച്ച്, രേഖകൾ പരിശോധിച്ചാൽ ഏതൊക്കെ ജൂതന്മാരിൽനിന്നാണ് നികുതി പിരിച്ചെടുത്തതെന്നും അത് എത്രയാണെന്നും കണ്ടുപിടിക്കാൻ കഴിയുമായിരുന്നു. അന്യായമായി ഈടാക്കിയതിന്റെ നാലിരട്ടി അവർക്കു തിരിച്ചുകൊടുക്കാനാണ് ഇപ്പോൾ അയാൾ തീരുമാനിച്ചിരിക്കുന്നത്. ദൈവത്തിന്റെ നിയമം ആവശ്യപ്പെട്ടതിനെക്കാൾ കൂടുതലാണ് ഇത്. (പുറപ്പാട് 22:1; ലേവ്യ 6:2-5) ഇതു കൂടാതെ തനിക്കുള്ളതിന്റെ പകുതി പാവപ്പെട്ടവർക്കു കൊടുക്കുമെന്നും സക്കായി ഉറപ്പു നൽകുന്നു.
മാനസാന്തരത്തിന്റെ തെളിവായി സക്കായി സ്വീകരിച്ച ഈ നടപടികൾ യേശുവിനെ സന്തോഷിപ്പിച്ചു. യേശു അയാളോടു പറയുന്നു: “താങ്കളും അബ്രാഹാമിന്റെ മകനായതുകൊണ്ട് ഇന്ന് ഈ വീടിനു രക്ഷ ലഭിച്ചിരിക്കുന്നു. കാണാതെപോയതിനെ കണ്ടെത്തി രക്ഷിക്കാനാണല്ലോ മനുഷ്യപുത്രൻ വന്നത്.”—ലൂക്കോസ് 19:9, 10.
“കാണാതെപോയ” മകനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ അത്തരം ഒരാളുടെ അവസ്ഥയെക്കുറിച്ച് യേശു വിശദീകരിച്ചിരുന്നു. (ലൂക്കോസ് 15:11-24) ഇതുപോലെ കാണാതെപോയ ഒരാളായിരുന്നു ഈ സക്കായി. ഇപ്പോൾ, യേശു അയാളെ കണ്ടെത്തിയിരിക്കുന്നു. സക്കായിയെപ്പോലുള്ള ആളുകൾക്ക് യേശു ശ്രദ്ധ നൽകുന്നത് മതനേതാക്കന്മാർക്കും അവരുടെ അനുയായികൾക്കും ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ട് അവർ പിറുപിറുത്തേക്കാം. എങ്കിലും കാണാതെപോയ അബ്രാഹാമിന്റെ മക്കളുടെ അവസ്ഥ മനസ്സിലാക്കുന്ന യേശു ഈ രീതിയിൽ അവരെ കണ്ടെത്തി രക്ഷിക്കുന്നതിൽ തുടരുന്നു.