അധ്യായം 100
പത്ത് മിനയെക്കുറിച്ചുള്ള ദൃഷ്ടാന്തം
പത്ത് മിനയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം
യേശുവിന്റെ ലക്ഷ്യം യരുശലേം ആണെങ്കിലും ഒരുപക്ഷേ യേശു ഇപ്പോഴും ശിഷ്യന്മാരോടൊപ്പം സക്കായിയുടെ വീട്ടിൽത്തന്നെയായിരിക്കാം. യേശു രാജാവായിട്ടുള്ള “ദൈവരാജ്യം” പെട്ടെന്നുതന്നെ സ്ഥാപിതമാകുമെന്നാണ് അവർ വിശ്വസിച്ചത്. (ലൂക്കോസ് 19:11) എന്നാൽ യേശു മരിക്കേണ്ടിയിരുന്നു എന്ന കാര്യം ഗ്രഹിക്കാൻ പരാജയപ്പെട്ടതുപോലെതന്നെ ഇക്കാര്യം മനസ്സിലാക്കുന്നതിലും അവർക്കു പിശകു സംഭവിച്ചിരിക്കുന്നു. ദൈവരാജ്യം സ്ഥാപിതമാകാൻ ഇനിയും ധാരാളം സമയമുണ്ടെന്ന് അവർക്കു മനസ്സിലാകുന്നതിനുവേണ്ടി യേശു ഒരു ദൃഷ്ടാന്തം പറയുന്നു:
“കുലീനനായ ഒരു മനുഷ്യൻ രാജാധികാരം നേടിയിട്ട് വരാൻ ഒരു ദൂരദേശത്തേക്കു യാത്രയായി.” (ലൂക്കോസ് 19:12) അത്തരമൊരു യാത്രയ്ക്ക് ധാരാളം സമയമെടുക്കും. ദൃഷ്ടാന്തത്തിലെ “കുലീനനായ ഒരു മനുഷ്യൻ” യേശുവാണ്. ‘ദൂരദേശം’ സ്വർഗവും. സ്വർഗത്തിൽ പിതാവ് യേശുവിന് രാജാധികാരം കൊടുക്കും.
ഈ ദൃഷ്ടാന്തത്തിലെ “കുലീനനായ ഒരു മനുഷ്യൻ” യാത്ര പോകുന്നതിനു മുമ്പ് അടിമകളിൽ പത്തു പേരെ വിളിച്ച് അവർക്ക് ഓരോരുത്തർക്കും ഓരോ വെള്ളി മിന കൊടുത്തിട്ട് “ഞാൻ തിരിച്ചെത്തുന്നതുവരെ ഇതുകൊണ്ട് വ്യാപാരം ചെയ്യുക” എന്നു പറഞ്ഞു. (ലൂക്കോസ് 19:13) വെള്ളി മിനകൾ മൂല്യമുള്ള നാണയങ്ങളാണ്. മൂന്നു മാസത്തിലധികം ഒരു കർഷകന് പണിയെടുത്തു ലഭിക്കുന്ന വേതനത്തിനു തുല്യമാണ് ഒരു മിന.
ദൃഷ്ടാന്തത്തിലെ പത്ത് അടിമകളെപ്പോലെയാണ് തങ്ങളെന്ന് ശിഷ്യന്മാർ മനസ്സിലാക്കിക്കാണും. കാരണം, യേശു അവരെ ഇതിനു മുമ്പ് വിളവെടുപ്പിനുള്ള പണിക്കാരോട് ഉപമിച്ചിട്ടുണ്ട്. (മത്തായി 9:35-38) ദൈവരാജ്യത്തിൽ ഭരിക്കാനായി മറ്റു ശിഷ്യന്മാരെ കൂട്ടിച്ചേർക്കുന്നതിനെയാണു യേശു ഉദ്ദേശിച്ചത്, അല്ലാതെ അക്ഷരീയ വിളവെടുപ്പിനെയല്ല. അതിനായി യേശുവിന്റെ ശിഷ്യന്മാർ അവരുടെ സമയവും ഊർജവും ആസ്തികളും ഉപയോഗിക്കണമായിരുന്നു.
ഈ ദൃഷ്ടാന്തത്തിൽ, കൂടുതലായ മറ്റ് എന്തെല്ലാം കാര്യങ്ങളാണ് യേശു വെളിപ്പെടുത്തിയത്? നാട്ടിലെ പൗരന്മാർക്ക് “(കുലീനനായ ഒരു മനുഷ്യനോട്) വെറുപ്പായിരുന്നു. അതുകൊണ്ട് അവർ ‘ഈ മനുഷ്യൻ ഞങ്ങളുടെ രാജാവാകുന്നതു ഞങ്ങൾക്ക് ഇഷ്ടമല്ല’ എന്നു പറയാൻ അദ്ദേഹത്തിന്റെ പിന്നാലെ സ്ഥാനപതികളുടെ ഒരു സംഘത്തെ അയച്ചു” എന്ന് യേശു പറയുന്നു. (ലൂക്കോസ് 19:14) ജൂതന്മാർക്കു യേശുവിനെ ഇഷ്ടമല്ലെന്ന കാര്യം ശിഷ്യന്മാർക്ക് അറിയാമായിരുന്നു. ചിലർ യേശുവിനെ കൊല്ലാൻപോലും ആഗ്രഹിച്ചു. യേശു മരിച്ച് സ്വർഗത്തിലേക്കു പോയതിനു ശേഷം ജൂതന്മാർക്ക് യേശുവിനോടുള്ള മനോഭാവം യേശുവിന്റെ ശിഷ്യന്മാരെ ഉപദ്രവിച്ചുകൊണ്ട് അവർ പ്രകടമാക്കി. യേശു തങ്ങളുടെ രാജാവാകേണ്ട എന്ന് ഈ എതിരാളികൾ വ്യക്തമാക്കി.—യോഹന്നാൻ 19:15, 16; പ്രവൃത്തികൾ 4:13-18; 5:40.
“കുലീനനായ ഒരു മനുഷ്യൻ രാജാധികാരം നേടിയിട്ട് ” തിരിച്ചുവരുന്നതു വരെ പത്തു അടിമകൾ എങ്ങനെയാണ് അവരുടെ മിനകൾ ഉപയോഗിച്ചത്? യേശു പറയുന്നു: “ഒടുവിൽ അദ്ദേഹം രാജാധികാരം നേടി മടങ്ങിവന്നു. താൻ പണം കൊടുത്തിരുന്ന അടിമകൾ വ്യാപാരം ചെയ്ത് എന്തു സമ്പാദിച്ചു എന്ന് അറിയാൻ അവരെ വിളിപ്പിച്ചു. അപ്പോൾ ഒന്നാമൻ വന്ന്, ‘യജമാനനേ, അങ്ങയുടെ മിനകൊണ്ട് ഞാൻ പത്തുകൂടെ സമ്പാദിച്ചു’ എന്നു ബോധിപ്പിച്ചു. അദ്ദേഹം അയാളോടു പറഞ്ഞു: ‘കൊള്ളാം! നീ നല്ല അടിമയാണ്! നീ ചെറിയൊരു കാര്യത്തിൽ വിശ്വസ്തനാണെന്നു തെളിയിച്ചതുകൊണ്ട് പത്തു നഗരത്തിന് അധികാരിയായിരിക്കുക.’ രണ്ടാമൻ വന്ന്, ‘യജമാനനേ, അങ്ങയുടെ മിനകൊണ്ട് ഞാൻ അഞ്ചുകൂടെ ഉണ്ടാക്കിയിരിക്കുന്നു’ എന്നു ബോധിപ്പിച്ചു. യജമാനൻ അയാളോട്, ‘നിന്നെ അഞ്ചു നഗരം ഏൽപ്പിക്കുന്നു’ എന്നു പറഞ്ഞു.”—ലൂക്കോസ് 19:15-19.
തങ്ങളുടെ ആസ്തികൾ മുഴുവനായി ഉപയോഗപ്പെടുത്തിയ അടിമകളെപ്പോലെ ശിഷ്യന്മാർ പ്രവർത്തിക്കുന്നെങ്കിൽ യേശു അവരിൽ സംപ്രീതനായിരിക്കും എന്ന കാര്യം അവർക്ക് ഉറപ്പിക്കാനാകും. കൂടാതെ തങ്ങളുടെ പരിശ്രമത്തിനു തക്ക പ്രതിഫലവും യേശു നൽകുമെന്ന് അവർക്ക് വിശ്വസിക്കാം. എന്നാൽ, യേശുവിന്റെ എല്ലാ ശിഷ്യന്മാരുടെയും സാഹചര്യങ്ങൾ ഒരേപോലെയല്ല, അവർക്കുള്ള അവസരങ്ങളും കഴിവുകളും വ്യത്യസ്തവും ആണ്. എന്തൊക്കെയാണെങ്കിലും ആളുകളെ ശിഷ്യരാക്കുന്നതിന് അവർ വിശ്വസ്തതയോടെ ചെയ്ത എല്ലാ ശ്രമത്തിനും തക്ക അനുഗ്രഹം “രാജാധികാര”ത്തിൽ വരുന്ന യേശു അവർക്കു നൽകും.—മത്തായി 28:19, 20.
എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുക. ദൃഷ്ടാന്തത്തിന്റെ ഒടുവിൽ യേശു ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു വ്യത്യാസം എടുത്തുകാട്ടി: “മറ്റൊരാൾ (ഒരു അടിമ) വന്ന് പറഞ്ഞു: ‘യജമാനനേ, ഇതാ അങ്ങയുടെ മിന. ഞാൻ ഇത് ഒരു തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചുവെച്ചു. അങ്ങ് നിക്ഷേപിക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്തെടുക്കുകയും ചെയ്യുന്ന കഠിനഹൃദയനായതുകൊണ്ട് എനിക്ക് അങ്ങയെ പേടിയായിരുന്നു.’ അപ്പോൾ അദ്ദേഹം അയാളോടു പറഞ്ഞു: ‘ദുഷ്ടാ, നിന്റെ സ്വന്തം വാക്കുകൾകൊണ്ടുതന്നെ ഞാൻ ഇപ്പോൾ നിന്നെ വിധിക്കും. ഞാൻ നിക്ഷേപിക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കഠിനഹൃദയനാണെന്നു നിനക്ക് അറിയാമായിരുന്നു, അല്ലേ? പിന്നെ എന്താണു നീ എന്റെ പണം ഒരു ബാങ്കിൽ നിക്ഷേപിക്കാഞ്ഞത്? അങ്ങനെ ചെയ്തിരുന്നെങ്കിൽ എനിക്ക് അതു പലിശ സഹിതം തിരികെ വാങ്ങാമായിരുന്നല്ലോ.’ ‘എന്നിട്ട് അദ്ദേഹം അടുത്ത് നിന്നവരോട്, “അവന്റെ കൈയിൽനിന്ന് ആ മിന വാങ്ങി പത്തു മിന ഉള്ളവനു കൊടുക്കുക” എന്നു കല്പിച്ചു.’”—ലൂക്കോസ് 19:20-24.
യജമാനന്റെ രാജ്യത്തിലെ സമ്പത്ത് വർധിപ്പിക്കാൻ പരാജയപ്പെട്ട ഈ അടിമയ്ക്കു വലിയ നഷ്ടം അനുഭവിക്കേണ്ടിവരുന്നു. പെട്ടെന്നുതന്നെ യേശു ദൈവരാജ്യത്തിന്റെ രാജാവായി വാഴുമെന്ന് അപ്പോസ്തലന്മാർ പ്രതീക്ഷിക്കുന്നു. എന്നാൽ അവർ ശ്രദ്ധിച്ചില്ലെങ്കിൽ ആ രാജ്യത്തിൽ അവർക്ക് ഒരു സ്ഥാനം ലഭിക്കാതെ പോകും എന്ന കാര്യം അവസാനത്തെ അടിമയെക്കുറിച്ച് യേശു പറഞ്ഞതിൽനിന്ന് ശിഷ്യന്മാർ ഇപ്പോൾ മനസ്സിലാക്കിയിരിക്കണം.
യേശുവിന്റെ വാക്കുകൾ വിശ്വസ്തരായ ശിഷ്യന്മാർക്ക് നന്നായി പരിശ്രമിക്കുന്നതിനുള്ള പ്രേരണ നൽകി. യേശു ഉപസംഹരിക്കുന്നു: “ഞാൻ നിങ്ങളോടു പറയുന്നു: ഉള്ളവനു കൂടുതൽ കൊടുക്കും. ഇല്ലാത്തവന്റെ കൈയിൽനിന്നോ ഉള്ളതുംകൂടെ എടുത്തുകളയും.” കൂടാതെ “തന്നെ രാജാവായി” അംഗീകരിക്കാൻ ഇഷ്ടമില്ലാത്ത ശത്രുക്കൾ കൊല്ലപ്പെടും എന്നും യേശു പറയുന്നു. തുടർന്ന് യേശു യരുശലേമിലേക്ക് പോകുന്നു.—ലൂക്കോസ് 19:26-28.