യേശുവിന്റെ ഭൗമികജീവിതത്തിന്റെ അവസാന ദിനങ്ങൾ വിഭാവന ചെയ്യൽ
ഇത് പൊ.യു. 33-ലെ യഹൂദ മാസം നീസാൻ ഏഴാം തീയതിയാണ്. റോമൻ പ്രവിശ്യയായ യഹൂദ്യയിലെ സംഭവങ്ങൾ നിങ്ങൾ നിരീക്ഷിക്കുകയാണെന്നു സങ്കൽപ്പിക്കുക. യെരീഹോയും അതിന്റെ ഹരിതസമൃദ്ധിയും വിട്ട് യേശുക്രിസ്തുവും ശിഷ്യന്മാരും പൊടിനിറഞ്ഞ, വളഞ്ഞുപുളഞ്ഞ വഴിയിലൂടെ നടക്കുകയാണ്. മറ്റനേകം യാത്രക്കാരും വാർഷിക പെസഹ ആഘോഷത്തിനായി യെരൂശലേമിലേക്കു പോകുന്നുണ്ട്. എന്നാൽ, ഈ ക്ഷീണിപ്പിക്കുന്ന കയറ്റംകയറിയുള്ള നടപ്പിനെക്കാൾ ഉപരിയായ ഒരു കാര്യം ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ മനസ്സിലുണ്ട്.
റോമൻ നുകത്തിൽനിന്നു തങ്ങൾക്ക് ആശ്വാസം പകരാൻ കഴിയുന്ന ഒരു മിശിഹായ്ക്കുവേണ്ടി യഹൂദന്മാർ അതിയായി വാഞ്ഛിച്ചുകൊണ്ടാണിരുന്നത്. തങ്ങൾ ദീർഘകാലമായി കാത്തിരുന്ന ആ രക്ഷകൻ നസറായനായ യേശുവാണെന്ന് അനേകർ വിശ്വസിക്കുന്നു. മൂന്നര വർഷമായി അവൻ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുകയാണ്. അവൻ രോഗികളെ സൗഖ്യമാക്കുകയും വിശക്കുന്നവരെ പോഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അവൻ ആളുകൾക്ക് ആശ്വാസം പകർന്നിരിക്കുന്നു. എന്നാൽ യേശു തങ്ങളെ കഠിനമായി കുറ്റംവിധിക്കുന്നതിൽ ക്ഷുഭിതരായ മതനേതാക്കന്മാർ അവനെ വകവരുത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. എന്നിട്ടും, അവൻ തന്റെ ശിഷ്യന്മാർക്കു മുമ്പായി വരണ്ട വഴിയിലൂടെ ഉദ്ദേശ്യപൂർവം മുന്നോട്ടു നീങ്ങുന്നു.—മർക്കൊസ് 10:32.
മുന്നിൽ ഉയർന്നുനിൽക്കുന്ന ഒലിവു മലയുടെ പിന്നിൽ സൂര്യൻ താണിറങ്ങവേ യേശുവും സഹകാരികളും ബെഥനി ഗ്രാമത്തിൽ എത്തുന്നു. അടുത്ത ആറു രാത്രികൾ അവർ അവിടെ ചെലവഴിക്കും. അവിടെ അവരെ സ്വാഗതം ചെയ്യാൻ അവരുടെ പ്രിയപ്പെട്ട സുഹൃത്തുക്കളായ ലാസറും മറിയയും മാർത്തയുമുണ്ട്. നീസാൻ 8-ലെ ശബത്തിന് തുടക്കംകുറിക്കുന്ന തണുപ്പുള്ള ആ സായാഹ്നം ചൂടുള്ള പകലത്തെ യാത്രയിൽനിന്ന് അവർക്ക് ആശ്വാസമേകുന്നു.—യോഹന്നാൻ 12:1, 2.
നീസാൻ 9
ശബത്തിനു ശേഷം യെരൂശലേം ശബ്ദമുഖരിതമാണ്. ആയിരക്കണക്കിന് സന്ദർശകർ പെസഹയ്ക്കായി ഇപ്പോൾത്തന്നെ നഗരത്തിൽ വന്നുചേർന്നിട്ടുണ്ട്. എന്നാൽ നാം കേൾക്കുന്ന ഈ ശബ്ദകോലാഹലം വർഷത്തിന്റെ ഈ സമയത്ത് സാധാരണമായതിൽ കൂടുതലാണ്. ഇടുങ്ങിയ നിരത്തുകളിലൂടെ ജിജ്ഞാസുക്കളായ ജനക്കൂട്ടം താഴെയുള്ള നഗരത്തിലെ പ്രവേശന കവാടങ്ങളിലേക്കു തിരക്കിട്ടു നീങ്ങുകയാണ്. ഇടുങ്ങിയ കവാടത്തിലൂടെ തള്ളിക്കയറുമ്പോൾ അവർ എന്തൊരു കാഴ്ചയാണു കാണുന്നത്! ആഹ്ലാദഭരിതരായ അനേകം ജനങ്ങൾ ബെത്ഫാഗെയിൽനിന്നുള്ള വഴിയിലൂടെ ഒലിവുമല ഇറങ്ങിവരുന്നു. (ലൂക്കൊസ് 19:37) ഇതിന്റെയെല്ലാം അർഥമെന്താണ്?
നോക്കൂ! നസറെത്തിൽനിന്നുള്ള യേശു ഒരു കഴുതക്കുട്ടിയുടെ പുറത്തു കയറി വരുന്നു. വഴിയിൽ അവന്റെ മുന്നിൽ ആളുകൾ വസ്ത്രങ്ങൾ വിരിക്കുന്നു. മറ്റുള്ളവർ പുതുതായി വെട്ടിയെടുത്ത കുരുത്തോല വീശിക്കൊണ്ട് സന്തോഷപൂർവം ആർത്തുഘോഷിക്കുന്നു: “യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ [“യഹോവയുടെ,” NW] നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ.”—യോഹന്നാൻ 12:12-15.
ജനക്കൂട്ടം യെരൂശലേമിന് അടുത്തെത്തവേ യേശു നഗരത്തെ നോക്കി വളരെയേറെ വികാരതരളിതനാകുന്നു. അവൻ വിലപിക്കാൻ തുടങ്ങുന്നു. ആ നഗരം നശിപ്പിക്കപ്പെടുമെന്ന് അവൻ പ്രവചിക്കുന്നതു നാം കേൾക്കുന്നു. യേശു അൽപ്പനേരം കഴിഞ്ഞ് ആലയത്തിൽ എത്തിച്ചേരുമ്പോൾ, അവൻ ജനക്കൂട്ടത്തെ പഠിപ്പിക്കുകയും തന്റെ അടുത്തുവരുന്ന അന്ധരെയും മുടന്തരെയും സൗഖ്യമാക്കുകയും ചെയ്യുന്നു.—മത്തായി 21:14; ലൂക്കൊസ് 19:41-44, 47.
പ്രധാന പുരോഹിതന്മാരും ശാസ്ത്രിമാരും ഇത് ശ്രദ്ധിക്കാതിരിക്കുന്നില്ല. യേശു ചെയ്യുന്ന അത്ഭുതകരമായ കാര്യങ്ങളും ജനക്കൂട്ടം മതിമറന്നാഹ്ലാദിക്കുന്നതും കണ്ട് അവർ എത്ര കോപിഷ്ഠരായിരിക്കുന്നു! തങ്ങളുടെ ദേഷ്യം മറച്ചുപിടിക്കാൻ സാധിക്കാതെ പരീശന്മാർ ആവശ്യപ്പെടുന്നു: “ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക.” “ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും” എന്ന് യേശു മറുപടി നൽകുന്നു. മടങ്ങിപ്പോകുന്നതിനു മുമ്പ് യേശു ആലയത്തിലെ വ്യാപാര ഇടപാടുകൾ നിരീക്ഷിക്കുന്നു.—ലൂക്കൊസ് 19:39, 40; മത്തായി 21:15, 16; മർക്കൊസ് 11:11.
നീസാൻ 10
യേശു അതിരാവിലെതന്നെ ആലയത്തിൽ എത്തിച്ചേരുന്നു. തന്റെ പിതാവായ യഹോവയാം ദൈവത്തിന്റെ ആരാധനയെ നികൃഷ്ടമായി വ്യാപാരവത്കരിക്കുന്നതിൽ യേശുവിന് തലേദിവസംതന്നെ വളരെയേറെ രോഷം തോന്നിയിരുന്നു. അതുകൊണ്ട് അവൻ ആലയത്തിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവരെ അത്യധികം തീക്ഷ്ണതയോടെ പുറത്താക്കാൻ തുടങ്ങുന്നു. അവൻ അത്യാഗ്രഹികളായ നാണയവിനിമയക്കാരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ബെഞ്ചുകളും മറിച്ചിടുന്നു. “എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളൻമാരുടെ ഗുഹയാക്കിത്തീർക്കുന്നു” എന്ന് യേശു പ്രഖ്യാപിക്കുന്നു.—മത്തായി 21:12, 13.
പ്രധാന പുരോഹിതന്മാരും ശാസ്ത്രിമാരും ജനപ്രമുഖരും യേശുവിന്റെ പ്രവർത്തനങ്ങളെയും പരസ്യമായ പഠിപ്പിക്കലിനെയും അങ്ങേയറ്റം വെറുക്കുന്നു. അവനെ വകവരുത്താൻ അവർ എത്ര തീവ്രമായി ആഗ്രഹിക്കുന്നു! എന്നാൽ ജനക്കൂട്ടം നിമിത്തം അവർ പിൻവാങ്ങുന്നു. കാരണം ആളുകൾ അവന്റെ പഠിപ്പിക്കലിൽ ആശ്ചര്യഭരിതരാണ്. അവർ അവനെ “ശ്രവിക്കാൻവേണ്ടി അവന്റെ പിന്നാലെ കൂടിയിരിക്കുക”യാണ്. (ലൂക്കൊസ് 19:47, 48, NW) വൈകുന്നേരമാകുന്നതോടെ യേശുവും സഹകാരികളും നല്ലൊരു രാത്രിവിശ്രാമത്തിനായി ബെഥനിയിലേക്ക് ഉല്ലാസകരമായ മടക്കയാത്ര നടത്തുന്നു.
നീസാൻ 11
അതിരാവിലെതന്നെ യേശുവും ശിഷ്യന്മാരും ഒലിവുമല കടന്ന് യെരൂശലേമിലേക്കു നീങ്ങുകയാണ്. അവർ ആലയത്തിൽ എത്തിച്ചേരവേ പ്രധാന പുരോഹിതന്മാരും മൂപ്പന്മാരും യേശുവിനെ എതിരിടാൻ ഒരുങ്ങിനിൽക്കുകയാണ്. ആലയത്തിലെ നാണയവിനിമയക്കാർക്കും വ്യാപാരികൾക്കും എതിരായ അവന്റെ പ്രവർത്തനം അവർക്കു നല്ല ഓർമയുണ്ട്. അവന്റെ ശത്രുക്കൾ ക്രോധത്തോടെ ചോദിക്കുന്നു: “നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ?” “ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും,” യേശു പ്രതിവചിക്കുന്നു. “അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്തു അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. യോഹന്നാന്റെ സ്നാനം എവിടെനിന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?” എതിരാളികൾ ഒന്നിച്ചുകൂടി ഇങ്ങനെ ന്യായവാദം ചെയ്യുന്നു: “സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ നമ്മോടു ചോദിക്കും; മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു.” ആശയക്കുഴപ്പത്തിലായ അവർ യേശുവിനോട് ദുർബലായി ഉത്തരം പറയുന്നു: “ഞങ്ങൾക്കു അറിഞ്ഞുകൂടാ.” യേശു ശാന്തമായി മറുപടി പറയുന്നു: “ഞാൻ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.”—മത്തായി 21:23-27.
യേശുവിനെ അറസ്റ്റ് ചെയ്യിക്കാൻ പറ്റുന്ന എന്തെങ്കിലും അവനെക്കൊണ്ടു പറയിപ്പിക്കാൻ തക്കവണ്ണം അവനെ കുരുക്കിലാക്കുന്നതിനു ശത്രുക്കൾ ഇപ്പോൾ ശ്രമിക്കുന്നു. “കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ,” അവർ ചോദിക്കുന്നു. “കരത്തിന്നുള്ള നാണയം കാണിപ്പിൻ” എന്ന് യേശു പ്രതിവചിക്കുന്നു. എന്നിട്ട് അവൻ ചോദിക്കുന്നു: “ഈ സ്വരൂപവും മേലെഴുത്തും ആരുടേതു”? “കൈസരുടേതു” എന്ന് അവർ പറയുന്നു. അവരെ വിസ്മയിപ്പിച്ചുകൊണ്ട്, എല്ലാവരും കേൾക്കത്തക്കവണ്ണം യേശു ഇങ്ങനെ വ്യക്തമായി പ്രസ്താവിക്കുന്നു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ.”—മത്തായി 22:15-22.
ഖണ്ഡിക്കാനാകാത്ത ന്യായവാദത്തിലൂടെ എതിരാളികളെ നിശ്ശബ്ദരാക്കിയ യേശു ഇപ്പോൾ ജനക്കൂട്ടത്തിന്റെയും ശിഷ്യന്മാരുടെയും മുമ്പാകെ എതിരാളികളോടുള്ള തന്റെ ശക്തമായ അപ്രീതി പ്രകടിപ്പിക്കുന്നു. അവൻ ശാസ്ത്രിമാരെയും പരീശന്മാരെയും നിർഭയം കുറ്റംവിധിക്കുന്നത് ശ്രദ്ധിക്കുക. അവൻ പറയുന്നു: “അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതു . . . അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.” അവരെ അന്ധരായ വഴികാട്ടികളായും കപടഭക്തരായും തിരിച്ചറിയിച്ചുകൊണ്ട് അവൻ ധൈര്യപൂർവം അവരുടെമേൽ കഷ്ടങ്ങളുടെ ഒരു പരമ്പരതന്നെ ഉച്ചരിക്കുന്നു. അവൻ പറയുന്നു: “പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?”—മത്തായി 23:1-33.
ഈ രൂക്ഷമായ അപലപനങ്ങൾ യേശു മറ്റുള്ളവരിലെ നല്ല ഗുണങ്ങൾ മനസ്സിലാക്കുന്നില്ലെന്ന് അർഥമാക്കുന്നില്ല. പിന്നീട്, ആലയ ഭണ്ഡാരങ്ങളിൽ ആളുകൾ പണം നിക്ഷേപിക്കുന്നത് യേശു കാണുന്നു. ദരിദ്രയായ ഒരു വിധവ തന്റെ ഉപജീവനം മുഴുവനും—അൽപ്പം മൂല്യം മാത്രമുള്ള രണ്ടു ചെറിയ നാണയങ്ങൾ—ഇടുന്നത് നിരീക്ഷിക്കുന്നത് എത്ര ഹൃദയസ്പർശിയാണ്! ഫലത്തിൽ അവൾ, ‘തങ്ങളുടെ സമൃദ്ധിയിൽ നിന്ന്’ ധാരാളം സംഭാവന ഇട്ടവരെക്കാൾ വളരെ കൂടുതൽ ഇട്ടിരിക്കുന്നുവെന്ന് ഹൃദയംഗമമായ വിലമതിപ്പോടെ യേശു ചൂണ്ടിക്കാട്ടുന്നു. ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയുന്നത് എത്രയായിരുന്നാലും ആർദ്രാനുകമ്പയുള്ള യേശു അത് ആഴമായി വിലമതിക്കുന്നു.—ലൂക്കൊസ് 21:1-4.
യേശു ഇപ്പോൾ അവസാനമായി ആലയം വിട്ടുപോകുന്നു. അത് “മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്ന”താണെന്ന് പറഞ്ഞുകൊണ്ട് ശിഷ്യന്മാരിൽ ചിലർ അതിന്റെ മഹത്ത്വം ചൂണ്ടിക്കാട്ടുന്നു. അവരെ അതിശയിപ്പിച്ചുകൊണ്ട് യേശു ഇപ്രകാരം പ്രതിവചിക്കുന്നു: “ഈ കാണുന്നതിൽ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും.” (ലൂക്കൊസ് 21:5, 6) അപ്പോസ്തലന്മാർ യേശുവിന്റെ പിന്നാലെ ആ തിരക്കുപിടിച്ച നഗരത്തിനു പുറത്തു കടക്കവേ അവൻ എന്തായിരിക്കാം അർഥമാക്കിയതെന്ന് അവർ ചിന്തിക്കുന്നു.
അൽപ്പനേരം കഴിഞ്ഞ് യേശുവും അപ്പോസ്തലന്മാരും ഒലിവു മലയിൽ ഇരുന്ന് അവിടത്തെ സ്വസ്ഥതയും സ്വൈര്യവും ആസ്വദിക്കുന്നു. അവർ യെരൂശലേമിന്റെയും അതിലെ ആലയത്തിന്റെയും പ്രൗഢി നിരീക്ഷിക്കവേ, പത്രൊസ്, യാക്കോബ്, യോഹന്നാൻ, അന്ത്രയോസ്, എന്നിവർ യേശുവിന്റെ ശ്രദ്ധേയമായ പ്രവചനത്തിന് വിശദീകരണം തേടുന്നു. അവർ പറയുന്നു: “അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും [“സാന്നിധ്യത്തിനും,” NW] ലോകാവസാനത്തിന്നും അടയാളം എന്തു എന്നും പറഞ്ഞുതരേണം.”—മത്തായി 24:3; മർക്കൊസ് 13:3, 4.
ആ ഗുരുനാഥൻ മറുപടിയായി തികച്ചും ശ്രദ്ധേയമായ ഒരു പ്രവചനം നൽകുന്നു. അവൻ ഘോരമായ യുദ്ധങ്ങൾ, ഭൂകമ്പങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, പകർച്ചവ്യാധികൾ എന്നിവ മുൻകൂട്ടിപ്പറയുന്നു. ഭൂമിയിൽ ഉടനീളം രാജ്യസുവാർത്ത പ്രസംഗിക്കപ്പെടുമെന്നും യേശു മുൻകൂട്ടിപ്പറയുന്നു. അവൻ മുന്നറിയിപ്പു നൽകുന്നു, “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.”—മത്തായി 24:7, 14, 21; ലൂക്കൊസ് 21:10, 11.
‘തന്റെ സാന്നിധ്യത്തിന്റെ അടയാളത്തിന്റെ’ മറ്റു വശങ്ങൾ യേശു ചർച്ചചെയ്യുമ്പോൾ ആ നാല് അപ്പോസ്തലന്മാർ ശ്രദ്ധാപൂർവം കേൾക്കുന്നു. “ഉണർന്നിരി”ക്കേണ്ടതിന്റെ ആവശ്യത്തിന് അവൻ ഊന്നൽ നൽകുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, അവൻ പറയുന്നു: “നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറി”യുന്നില്ല.—മത്തായി 24:42; മർക്കൊസ് 13:33, 35, 37.
യേശുവിനും അപ്പോസ്തലന്മാർക്കും ഇതൊരു അവിസ്മരണീയ ദിനമാണ്. വാസ്തവത്തിൽ, യേശുവിന്റെ അറസ്റ്റിനും വിചാരണയ്ക്കും വധനിർവഹണത്തിനും മുമ്പുള്ള അവന്റെ അവസാന പരസ്യശുശ്രൂഷാദിനമാണിത്. നേരം വൈകുന്നതിനാൽ അവർ മലമുകളിലൂടെ അൽപ്പം അകലെയുള്ള ബെഥനിയിലേക്ക് തിരിച്ചു നടക്കുന്നു.
നീസാൻ 12-ഉം 13-ഉം
യേശു ശിഷ്യന്മാരോടൊപ്പം നീസാൻ 12 സ്വൈര്യമായി ചെലവഴിക്കുന്നു. മതനേതാക്കന്മാർ തന്നെ കൊല്ലാൻ ഭ്രാന്തമായി വാഞ്ഛിക്കുന്നുവെന്ന് അവനറിയാം. അടുത്ത സായാഹ്നത്തിലെ തന്റെ പെസഹ ആഘോഷം അവർ തടസ്സപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നില്ല. (മർക്കൊസ് 14:1, 2) അടുത്ത ദിവസം, അതായത് നീസാൻ 13-ന് ആളുകൾ പെസഹയ്ക്കായുള്ള അവസാന ഒരുക്കങ്ങൾ ചെയ്യുന്ന തിരക്കിലാണ്. തങ്ങൾക്കുവേണ്ടി യെരൂശലേമിലെ ഒരു മാളിക മുറിയിൽ പെസഹ ഒരുക്കുന്നതിന് യേശു പത്രൊസിനെയും യോഹന്നാനെയും ഉച്ചയ്ക്കുശേഷം പറഞ്ഞയയ്ക്കുന്നു. (മർക്കൊസ് 14:12-16; ലൂക്കൊസ് 22:8) സൂര്യാസ്തമയത്തിന് അൽപ്പം മുമ്പ് യേശുവും മറ്റ് പത്ത് അപ്പോസ്തലന്മാരും തങ്ങളുടെ അവസാന പെസഹ ആഘോഷത്തിന് അവരുമായി സന്ധിക്കുന്നു.
നീസാൻ 14, സൂര്യാസ്തമയ ശേഷം
പൂർണ ചന്ദ്രൻ ഒലിവ് മലയ്ക്കുമീതെ ഉദിച്ചുയരവേ യെരൂശലേം നേർത്ത സന്ധ്യാവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്നു. സജ്ജീകൃതമായ ഒരു വലിയ മുറിയിൽ ഒരുക്കിവെച്ചിരിക്കുന്ന മേശയ്ക്കു സമീപം യേശുവും പന്ത്രണ്ടു ശിഷ്യന്മാരും ചാരിക്കിടക്കുന്നു. “ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു,” അവൻ പറയുന്നു. (ലൂക്കൊസ് 22:14, 15) അൽപ്പം കഴിഞ്ഞ് യേശു എഴുന്നേറ്റ് തന്റെ പുറങ്കുപ്പായം ഊരി മാറ്റിവെക്കുന്നതുകണ്ട് അപ്പോസ്തലന്മാർ അതിശയിക്കുന്നു. ഒരു തുവർത്തും ഒരു പാത്രം വെള്ളവുമെടുത്ത് അവൻ അവരുടെ പാദങ്ങൾ കഴുകിത്തുടങ്ങുന്നു. വിനീത സേവനത്തിന്റെ എന്തൊരു അവിസ്മരണീയ പാഠം!—യോഹന്നാൻ 13:2-15.
എന്നാൽ അവരിൽ ഒരാൾ, യൂദാ ഈസ്കര്യോത്താ, തന്നെ മതനേതാക്കന്മാർക്ക് ഒറ്റിക്കൊടുക്കാനുള്ള ക്രമീകരണം ചെയ്തുകഴിഞ്ഞിരിക്കുന്നുവെന്ന് യേശുവിനറിയാം. മനസ്സിലാക്കാവുന്നതുപോലെ, അവൻ വളരെ വ്യാകുലചിത്തനാകുന്നു. “നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും,” അവൻ വെളിപ്പെടുത്തുന്നു. അതുകേട്ട് അപ്പോസ്തലന്മാർ അത്യധികം ദുഃഖിക്കുന്നു. (മത്തായി 26:21, 22) പെസഹ ആഘോഷിച്ച ശേഷം യേശു യൂദായോട്, “നീ ചെയ്യുന്നതു വേഗത്തിൽ ചെയ്ക” എന്നു പറയുന്നു.—യോഹന്നാൻ 13:27.
യൂദാ പോയിക്കഴിഞ്ഞപ്പോൾ, തന്റെ ആസന്നമായ മരണത്തിന്റെ സ്മരണാർഥമുള്ള ഒരു ഭക്ഷണം യേശു അവതരിപ്പിക്കുന്നു. അവൻ ഒരു പുളിപ്പില്ലാത്ത അപ്പമെടുത്ത് പ്രാർഥനയിൽ നന്ദി പറഞ്ഞിട്ട് അത് നുറുക്കി 11 പേരോടും അതു കഴിക്കാൻ നിർദേശിക്കുന്നു. “ഇതു നിങ്ങൾക്കുവേണ്ടി നല്കുന്ന എന്റെ ശരീരം [“ശരീരത്തെ അർഥമാക്കുന്നു,” NW]; എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” എന്ന് അവൻ പറയുന്നു. എന്നിട്ട് അവൻ ഒരു കപ്പ് ചുവന്ന വീഞ്ഞ് എടുക്കുന്നു. പ്രാർഥനയ്ക്കു ശേഷം, അതിൽനിന്ന് കുടിക്കാൻ പറഞ്ഞുകൊണ്ട് അവൻ കപ്പ് അവർക്കു കൈമാറുന്നു. യേശു ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്റെ രക്തം [“രക്തത്തെ അർഥമാക്കുന്നു, NW]”—ലൂക്കൊസ് 22:19, 20; മത്തായി 26:26-28.
യേശു തന്റെ വിശ്വസ്ത ശിഷ്യന്മാരെ ആ സുപ്രധാന രാത്രിയിൽ അനേകം മൂല്യവത്തായ പാഠങ്ങൾ പഠിപ്പിക്കുന്നു, ഒപ്പം സഹോദര സ്നേഹത്തിന്റെ പ്രാധാന്യവും. (യോഹന്നാൻ 13:34, 35) അവർക്ക് ഒരു “സഹായി,” അതായത് പരിശുദ്ധാത്മാവ് ലഭിക്കുമെന്ന് അവൻ ഉറപ്പുനൽകുന്നു. അവൻ അവരോടു പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളെയും അത് അവരുടെ മനസ്സിലേക്കു കൊണ്ടുവരും. (യോഹന്നാൻ 14:26, NW) പിന്നീട് രാത്രിയിൽ, യേശു അവർക്കുവേണ്ടി ഉള്ളുരുകി പ്രാർഥിക്കുന്നതുകേട്ട് അവർ വളരെ പ്രോത്സാഹിതരായിത്തീർന്നിരിക്കണം. (യോഹന്നാൻ 17-ാം അധ്യായം) രാത്രി ഏറെയായപ്പോൾ സ്തുതിഗീതങ്ങൾ ആലപിച്ചശേഷം അവർ മാളികമുറി വിട്ട് യേശുവിന്റെ പിന്നാലെ പുറത്തെ തണുത്ത അന്തരീക്ഷത്തിലേക്കു പോകുന്നു.
യേശുവും അപ്പോസ്തലന്മാരും കിദ്രോൻ താഴ്വര കടന്ന് തങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നായ ഗെത്ത്ശെമന തോട്ടത്തിലേക്കു പോകുന്നു. (യോഹന്നാൻ 18:1, 2) അപ്പോസ്തലന്മാർ കാത്തുനിൽക്കവേ യേശു പ്രാർഥിക്കാനായി അൽപ്പം ദൂരത്തേക്കു പോകുന്നു. സഹായത്തിനായി ദൈവത്തോട് തീവ്രമായി അപേക്ഷിക്കുമ്പോഴുള്ള അവന്റെ മാനസിക സമ്മർദം വാക്കുകൾക്കൊണ്ട് വിവരിക്കാൻ കഴിയുന്നതിലധികമാണ്. (ലൂക്കൊസ് 22:44) താൻ പരാജയപ്പെട്ടാൽ തന്റെ പ്രിയപ്പെട്ട സ്വർഗീയ പിതാവിന്റെമേൽ കുന്നിക്കപ്പെടുന്ന നിന്ദയെക്കുറിച്ചുള്ള ചിന്ത അവനെ അങ്ങേയറ്റം തീവ്രവേദനയിലാക്കുന്നു.
യേശു പ്രാർഥിച്ചു കഴിഞ്ഞയുടനെ അതാ, വാളുകളും വടികളും തീപ്പന്തങ്ങളുമേന്തിയ ജനക്കൂട്ടത്തോടൊപ്പം യൂദാ ഈസ്കര്യോത്താ അവിടെ എത്തിച്ചേരുന്നു. “റബ്ബീ, വന്ദനം” എന്നു പറഞ്ഞുകൊണ്ട് യൂദാ യേശുവിനെ മൃദുവായി ചുംബിക്കുന്നു. യേശുവിനെ അറസ്റ്റു ചെയ്യുന്നതിന് പടയാളികൾക്കുള്ള അടയാളമാണിത്. പെട്ടെന്ന് പത്രൊസ് തന്റെ വാൾ വീശി മഹാപുരോഹിതന്റെ അടിമയുടെ ഒരു കാത് ഛേദിക്കുന്നു. “വാൾ ഉറയിൽ ഇടുക,” ആ മനുഷ്യന്റെ കാത് സൗഖ്യമാക്കിക്കൊണ്ട് യേശു പറയുന്നു. “വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.”—മത്തായി 26:47-52.
കാര്യങ്ങളെല്ലാം അതിവേഗം സംഭവിക്കുന്നു! യേശുവിനെ അറസ്റ്റ് ചെയ്ത് ബന്ധിക്കുന്നു. ഭയവും പരിഭ്രമവും പിടിപെട്ട് അപ്പോസ്തലന്മാർ തങ്ങളുടെ യജമാനനെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. യേശുവിനെ മുൻ മഹാപുരോഹിതനായ ഹന്നാവിന്റെ അടുത്തേക്ക് നയിക്കുന്നു. പിന്നീട് വിചാരണയ്ക്കായി അവനെ ഇപ്പോഴത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അടുത്തേക്കു കൊണ്ടുപോകുന്നു. പ്രഭാതമണിക്കൂറുകളിൽ സൻഹെദ്രീം യേശുവിൽ വ്യാജമായി ദൈവദൂഷണം ആരോപിക്കുന്നു. അടുത്തതായി, കയ്യഫാവ് അവനെ റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസിന്റെ അടുത്തേക്കു വിടുന്നു. അയാൾ യേശുവിനെ ഗലീലയുടെ ഭരണാധികാരിയായ ഹെരോദാവ് അന്തിപ്പാസിന്റെ അടുക്കലേക്ക് അയയ്ക്കുന്നു. ഹെരോദാവും അവന്റെ കാവൽ പടയാളികളും യേശുവിനെ പരിഹസിക്കുന്നു. എന്നിട്ട് അവനെ പീലാത്തൊസിന്റെ അടുത്തേക്ക് തിരിച്ചയക്കുന്നു. പീലാത്തൊസ് യേശുവിന്റെ നിരപരാധിത്വം സ്ഥിരീകരിക്കുന്നു. എന്നാൽ യേശുവിന് മരണശിക്ഷ വിധിക്കാൻ യഹൂദ മതനേതാക്കന്മാർ അവനിൽ സമ്മർദം ചെലുത്തുന്നു. വാചികവും ശാരീരികവുമായ കടുത്ത ദുഷ്പെരുമാറ്റത്തിനുശേഷം യേശുവിനെ ഗൊൽഗോഥയിലേക്കു കൊണ്ടുപോകുന്നു. അവിടെ അവനെ നിർദയമായി ഒരു ദണ്ഡനസ്തംഭത്തിൽ തറയ്ക്കുകയും അവൻ അതിവേദനാജനകമായൊരു മരണം വരിക്കുകയും ചെയ്യുന്നു.—മർക്കൊസ് 14:50–15:39; ലൂക്കൊസ് 23:4-24.
യേശുവിന്റെ മരണം അവന്റെ ജീവന് സ്ഥിരമായൊരു അന്തം വരുത്തിയിരുന്നെങ്കിൽ അത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരിക്കുമായിരുന്നു. സന്തോഷകരമെന്നു പറയട്ടെ, സംഗതി അങ്ങനെയായിരുന്നില്ല. പൊ.യു. 33 നീസാൻ 16-ന്, അവൻ മരണത്തിൽനിന്ന് ഉയിർപ്പിക്കപ്പെട്ടെന്നു കണ്ടെത്തിയ ശിഷ്യന്മാർ ആശ്ചര്യസ്തബ്ധരായി. കാലക്രമത്തിൽ, 500-ലധികം പേർക്ക് യേശു വീണ്ടും ജീവിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞു. അവന്റെ പുനരുത്ഥാനത്തിന് 40 ദിവസം കഴിഞ്ഞ്, ഒരു കൂട്ടം വിശ്വസ്ത അനുഗാമികൾ അവൻ സ്വർഗാരോഹണം ചെയ്യുന്നതു കണ്ടു.—പ്രവൃത്തികൾ 1:9-11; 1 കൊരിന്ത്യർ 15:3-8.
യേശുവിന്റെ ജീവിതവും നിങ്ങളും
ഇതെങ്ങനെയാണ് നിങ്ങളെ—തീർച്ചയായും, നമ്മെയെല്ലാം—ബാധിക്കുന്നത്? കൊള്ളാം, യേശുവിന്റെ ശുശ്രൂഷയും മരണവും പുനരുത്ഥാനവും യഹോവയാം ദൈവത്തെ മഹത്ത്വീകരിക്കുന്നു. അവന്റെ മഹത്തായ ഉദ്ദേശ്യങ്ങളുടെ പൂർത്തീകരണത്തിൽ അത് നിർണായക പങ്കു വഹിക്കുന്നു. (കൊലൊസ്സ്യർ 1:18-20) അത് നമുക്കും ജീവത്പ്രധാനമാണ്. കാരണം യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടുകയും അതുവഴി യഹോവയാം ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം ആസ്വദിക്കാൻ സാധിക്കുകയും ചെയ്യും.—യോഹന്നാൻ 14:6; 1 യോഹന്നാൻ 2:1, 2.
മനുഷ്യവർഗത്തിലെ മരിച്ചവർപോലും ബാധിക്കപ്പെടുന്നു. അവരെ ദൈവത്തിന്റെ വാഗ്ദത്ത പറുദീസാ ഭൂമിയിലെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ യേശുവിന്റെ പുനരുത്ഥാനം വഴിതുറക്കുന്നു. (ലൂക്കൊസ് 23:39-43; 1 കൊരിന്ത്യർ 15:20-22) അത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിനായി 1998 ഏപ്രിൽ 11-ന് നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ ഹാജരാകാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
[6-ാം പേജിലെ ചതുരം]
“കള്ളൻമാരുടെ ഗുഹ”
അത്യാഗ്രഹികളായ വ്യാപാരികൾ ദൈവാലയത്തെ “കള്ളൻമാരുടെ ഗുഹ”യാക്കിത്തീർത്തെന്നു പറയാൻ യേശുവിന് മതിയായ കാരണങ്ങളുണ്ടായിരുന്നു. (മത്തായി 21:12, 13) ആലയനികുതി കൊടുക്കുന്നതിന്, മറ്റു രാജ്യങ്ങളിൽനിന്നുള്ള യഹൂദന്മാരും യഹൂദമതപരിവർത്തിതരും തങ്ങളുടെ വിദേശ നാണയം സ്വീകാര്യമായ നാണയത്തിനുവേണ്ടി കൈമാറ്റം ചെയ്യേണ്ടിയിരുന്നു. നാണയ വിനിമയക്കാർ പെസഹയ്ക്ക് ഒരു മാസം മുമ്പ് ആദാർ 15-നുതന്നെ പ്രവിശ്യയിൽ തങ്ങളുടെ ബിസിനസ്സിന് തുടക്കം കുറിക്കുമായിരുന്നുവെന്ന് ഈശോ മിശിഹായുടെ ജീവിതവും കാലഘട്ടവും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ആൽഫ്രഡ് എഡർഷിം വിശദീകരിക്കുന്നു. യെരൂശലേമിൽ എത്തിച്ചേരുന്ന അസംഖ്യം യഹൂദന്മാരിൽനിന്നും യഹൂദമതപരിവർത്തിതരിൽനിന്നും ലാഭം കൊയ്യാനായി ആദാർ 25 മുതൽ അവർ ആലയ പരിസരത്തേക്കു നീങ്ങിയിരുന്നു. കൈമാറ്റം ചെയ്യുന്ന ഓരോ നാണയത്തിനും ഒരു കൂലി ഈടാക്കിക്കൊണ്ട് പണമിടപാടുകാർ തഴച്ചുവളരുന്ന ഒരു വ്യാപാരം നടത്തിയിരുന്നു. യേശു അവരെ കള്ളന്മാർ എന്നു പരാമർശിച്ചത്, അവർ ഈടാക്കിയിരുന്ന കൂലി വളരെ അമിതമായിരുന്നുവെന്നു സൂചിപ്പിക്കുന്നു. ഫലത്തിൽ അവർ പാവപ്പെട്ടവരിൽനിന്ന് പണം അപഹരിച്ചെടുക്കുകയായിരുന്നു.
ചിലർക്ക് സ്വന്തമായി ബലിമൃഗങ്ങളെ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. മൃഗങ്ങളെ കൊണ്ടുവരുന്നവർ അതിനെ ആലയത്തിലെ ഒരു പരിശോധകനെക്കൊണ്ട് പരിശോധിപ്പിക്കേണ്ടിയിരുന്നു—അതിന് ഒരു കൂലിയും ഉണ്ടായിരുന്നു. വളരെ ദൂരെനിന്ന് ഒരു മൃഗത്തെ കൊണ്ടുവന്നിട്ട് അത് നിരസിക്കപ്പെട്ടാലോ എന്നുകരുതി അനേകരും ആലയത്തിലെ അഴിമതിക്കാരായ ഇടപാടുകാരിൽനിന്ന് ലേവ്യ “അംഗീകാരമുള്ള” ഒന്നിനെ വാങ്ങിയിരുന്നു. “പാവപ്പെട്ട അനേകം കർഷകരെ അവർ ശരിക്കും ഞെക്കിപിഴിഞ്ഞിരുന്നു”വെന്ന് ഒരു പണ്ഡിതൻ പറയുന്നു.
ഒരിക്കൽ മഹാപുരോഹിതനായിരുന്ന ഹന്നാവിനും കുടുംബത്തിനും ആലയ വ്യാപാരികളിൽ സ്ഥാപിത താത്പര്യങ്ങൾ ഉണ്ടായിരുന്നുവെന്നതിനു തെളിവുണ്ട്. “ഹന്നാവിന്റെ പുത്രന്മാരുടെ [ആലയ] കമ്പോള”ത്തെക്കുറിച്ച് റബ്ബിമാരുടെ കൃതികൾ പറയുന്നു. നാണയ വിനിമയക്കാരിൽനിന്നും ആലയ മുറ്റത്തെ മൃഗവിൽപ്പനയിൽനിന്നും ലഭിക്കുന്ന വരുമാനമായിരുന്നു അവരുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്ന്. വ്യാപാരികളെ പുറത്താക്കിക്കൊണ്ടുള്ള യേശുവിന്റെ നടപടി “പുരോഹിതന്മാരുടെ കീർത്തിയെ മാത്രമല്ല അവരുടെ കീശയെയും ലക്ഷ്യംവെച്ചുകൊണ്ടുള്ളതായിരുന്നു” എന്ന് ഒരു പണ്ഡിതൻ പറയുന്നു. കാരണമെന്തായിരുന്നാലും, അവന്റെ ശത്രുക്കൾ അവനെ വകവരുത്താൻ തീർച്ചയായും ആഗ്രഹിച്ചു!—ലൂക്കൊസ് 19:45-48.
[4-ാം പേജിലെ ചാർട്ട്]
യേശുവിന്റെ മാനുഷജീവിതത്തിന്റെ അവസാന ദിനങ്ങൾ
പൊ.യു. 33 നീസാൻ സംഭവങ്ങൾ മഹാനായ മനുഷ്യൻ
7 വെള്ളിയാഴ്ച യേശുവും ശിഷ്യന്മാരും യരീഹോയിൽ 101, ഖ. 1 നിന്ന് യെരൂശലേമിലേക്കു യാത്രചെയ്യുന്നു (നീസാൻ 7. ഈ തീയതി 1998 ഏപ്രിൽ 5 ഞായറാഴ്ചയോട് ഒത്തുവരുന്നു. എന്നാൽ, എബ്രായ ദിവസങ്ങൾ ഒരു വൈകുന്നേരം മുതൽ അടുത്ത വൈകുന്നേരം വരെയാണ്)
8 വെള്ളിയാഴ്ച യേശുവും ശിഷ്യന്മാരും ബെഥനിയിൽ 101, ഖ. 2-4 വൈകുന്നേരം എത്തിച്ചേരുന്നു; ശബത്ത് തുടങ്ങുന്നു
ശനിയാഴ്ച ശബത്ത് (1998 ഏപ്രിൽ 6 തിങ്കളാഴ്ച) 101, ഖ. 4
9 ശനിയാഴ്ച വൈകുന്നേരം കുഷ്ഠരോഗിയായിരുന്ന ശീമോനോടൊത്ത് 101, ഖ. 5-9 ഭക്ഷണം; മറിയ യേശുവിനെ സ്വച്ഛജടമാംസി തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; അനേകർ യേശുവിനെ കാണാനും അവൻ പറയുന്നതു കേൾക്കാനും യെരൂശലേമിൽനിന്നു വരുന്നു
ഞായറാഴ്ച യെരൂശലേമിലേക്കുള്ള ജയോത്സവ പ്രവേശം; 102 ആലയത്തിൽ പഠിപ്പിക്കുന്നു
10 തിങ്കളാഴ്ച യെരൂശലേമിലേക്ക് അതികാലത്തുള്ള യാത്ര; 103, 104 ആലയം ശുദ്ധീകരിക്കുന്നു; യഹോവ സ്വർഗത്തിൽനിന്നു സംസാരിക്കുന്നു
11 ചൊവ്വാഴ്ച യെരൂശലേമിലെ ആലയത്തിൽ ഉപമകൾ 105 മുതൽ ഉപയോഗിച്ചു പഠിപ്പിക്കുന്നു; പരീശന്മാരെ കുറ്റം 112 ഖ. 1 വിധിക്കുന്നു; വിധവയുടെ സംഭാവന നിരീക്ഷിക്കുന്നു; തന്റെ ഭാവിസാന്നിധ്യത്തിന്റെ അടയാളം നൽകുന്നു
12 ബുധനാഴ്ച ശിഷ്യന്മാരോടൊപ്പം ബെഥനിയിൽ ഒരു 112, ഖ. 2-4 സ്വസ്ഥദിനം; യൂദാ ഒറ്റിക്കൊടുക്കാൻ ക്രമീകരണം ചെയ്യുന്നു
13 വ്യാഴാഴ്ച പത്രൊസും യോഹന്നാനും യെരൂശലേമിൽ 112, ഖ. 5 മുതൽ പെസഹയ്ക്ക് ഒരുക്കങ്ങൾ ചെയ്യുന്നു; 113, ഖ. 1 വരെ യേശുവും മറ്റു പത്ത് അപ്പോസ്തലന്മാരും വൈകുന്നേരത്തോടെ അങ്ങോട്ടു പോകുന്നു (1998 ഏപ്രിൽ 11,ശനിയാഴ്ച)
14 വ്യാഴാഴ്ച സന്ധ്യാസമയം പെസഹ ആഘോഷം; യേശു 113, ഖ. 2 മുതൽ അപ്പോസ്തലന്മാരുടെ പാദങ്ങൾ കഴുകുന്നു; 117 വരെ യേശുവിനെ ഒറ്റിക്കൊടുക്കാനായി യൂദാ പുറത്തേക്കു പോകുന്നു; ക്രിസ്തു തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തുന്നു (1998 ഏപ്രിൽ 11 ശനിയാഴ്ച സൂര്യാസ്തമയ ശേഷം)
അർധരാത്രിക്കു ശേഷം ഗെത്ത്ശെമന തോട്ടത്തിൽവെച്ച് ഒറ്റിക്കൊടുക്കലും 118 മുതൽ അറസ്റ്റും; അപ്പോസ്തലന്മാർ ഓടിപ്പോകുന്നു; 120 വരെ പ്രധാന പുരോഹിതന്മാരുടെയും സൻഹെദ്രീമിന്റെയും മുമ്പാകെയുള്ള വിചാരണ; പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നു
വെള്ളിയാഴ്ച വീണ്ടും സൻഹെദ്രീമിന്റെ മുമ്പാകെ; 121 മുതൽ 127, സൂര്യോദയം മുതൽ പീലാത്തൊസിന്റെ അടുത്തേക്കും ഖ. 7 വരെ സൂര്യാസ്തമയം അവിടെനിന്ന് ഹെരോദാവിന്റെ അടുത്തേക്കും തിരിച്ച് വീണ്ടും പീലാത്തൊസിന്റെ അടുത്തേക്കും; മരണത്തിനു വിധിക്കപ്പെടുന്നു; സ്തംഭത്തിൽ തറച്ച് കൊല്ലുന്നു; അടക്കപ്പെടുന്നു
15 ശനിയാഴ്ച ശബത്ത്; യേശുവിന്റെ കല്ലറയ്ക്കു കാവൽ 127, ഖ. 8-10 ഏർപ്പെടുത്താൻ പീലാത്തൊസ് അനുവദിക്കുന്നു
16 ഞായറാഴ്ച യേശു ഉയിർത്തെഴുന്നേറ്റു 128
ഇവിടെ കൊടുത്തിരിക്കുന്ന സംഖ്യകൾ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകത്തിലെ അധ്യായങ്ങളെ സൂചിപ്പിക്കുന്നു. യേശുവിന്റെ അന്തിമ ശുശ്രൂഷയുടെ വിശദമായ തിരുവെഴുത്തു പരാമർശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ചാർട്ട് ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’ എന്ന പുസ്തകത്തിന്റെ 290-ാം പേജിൽ കാണാവുന്നതാണ്. ഈ പുസ്തകങ്ങൾ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചതാണ്.