ദൈവത്തോട് അടുത്തുചെല്ലുക
“അവൻ ജീവനുള്ളവരുടെ ദൈവമാകുന്നു”
മരണം. അതിന് ദൈവത്തെക്കാൾ ശക്തിയുണ്ടോ? ഇല്ല. ദൈവം ‘സർവശക്തനാണ്.’ മരണത്തിനോ മറ്റേതെങ്കിലും “ശത്രു”വിനോ അവനെക്കാൾ ശക്തിയില്ല. (പുറപ്പാടു 6:3; 1 കൊരിന്ത്യർ 15:26) പുതിയ ലോകത്തിൽ, പുനരുത്ഥാനത്തിലൂടെ മരണം ഇല്ലാതാക്കുമെന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു.a ഈ വാഗ്ദാനം നിറവേറുമെന്ന് ഉറപ്പുണ്ടായിരിക്കാനാകുമോ? പ്രത്യാശയ്ക്കു വക നൽകുന്ന ചില വിവരങ്ങൾ ദൈവപുത്രനായ യേശു പറയുകയുണ്ടായി.—മത്തായി 22:31, 32 വായിക്കുക.
പുനരുത്ഥാനത്തിൽ വിശ്വസിക്കാത്തവരായ സദൂക്യരോട് സംസാരിക്കവെ യേശു പറഞ്ഞു: “മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ, ‘ഞാൻ (യഹോവ) അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്ന് ദൈവം നിങ്ങളോട് അരുളിച്ചെയ്തതു നിങ്ങൾ വായിച്ചിട്ടില്ലയോ? അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാകുന്നു.” കത്തുന്ന മുൾപ്പടർപ്പിലൂടെ ഏകദേശം ബി.സി. 1514-ൽ ദൈവം മോശയുമായി നടത്തിയ സംഭാഷണമാണ് യേശു ഇവിടെ പരാമർശിച്ചത്. (പുറപ്പാടു 3:1-6) “ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു” എന്ന മോശയോടുള്ള യഹോവയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്, പുനരുത്ഥാനവാഗ്ദാനം നിശ്ചയമായും നിറവേറുമെന്നാണ്. ഇക്കാര്യം യേശു വ്യക്തമാക്കി. എങ്ങനെ?
സാഹചര്യം പരിചിന്തിക്കുക. യഹോവ മോശയോടു സംസാരിച്ച സമയത്ത് ഗോത്രപിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും യാക്കോബും മരിച്ചിട്ട് 329-ഉം 224-ഉം 197-ഉം വർഷങ്ങൾ കഴിഞ്ഞിരുന്നു. എന്നിരുന്നാലും, ഞാൻ അവരുടെ ദൈവം “ആയിരുന്നു” എന്നല്ല, ഞാൻ അവരുടെ ദൈവം “ആകുന്നു” എന്നാണ് യഹോവ പറഞ്ഞത്. മരിച്ചുപോയ ആ മൂന്നു ഗോത്രപിതാക്കന്മാർ അപ്പോഴും ജീവിച്ചിരിക്കുന്നതായിട്ടാണ് യഹോവ കണക്കാക്കിയത്. എന്തുകൊണ്ട്?
“അവൻ (യഹോവ) മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാകുന്നു” എന്നാണ് യേശു പറഞ്ഞത്. ആ വാക്കുകളെക്കുറിച്ച് ഒരു നിമിഷം ഒന്നു ചിന്തിക്കുക. പുനരുത്ഥാനം നടക്കുന്നില്ലെങ്കിൽ യഹോവ ജീവനുള്ളവരുടെ ദൈവമല്ലെന്നു വരും. കാരണം അബ്രാഹാമും യിസ്ഹാക്കും യാക്കോബും എന്നും മരണത്തിന്റെ പിടിയിലായിരിക്കും. സ്ഥിതി അതാണെങ്കിൽ യഹോവ മരിച്ചവരുടെ ദൈവമാണെന്നും യഹോവയെക്കാൾ ശക്തിയുള്ളത് മരണത്തിനാണെന്നും വരും, അതായത് യഹോവ തന്റെ വിശ്വസ്തദാസരെ മരണത്തിന്റെ പിടിയിൽനിന്നു വിടുവിക്കാൻ അപ്രാപ്തനാണെന്ന്.
മേൽപ്പറഞ്ഞതിന്റെ വീക്ഷണത്തിൽ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് തുടങ്ങിയ യഹോവയുടെ വിശ്വസ്തദാസരെ സംബന്ധിച്ച് എന്തു നിഗമനത്തിലെത്താം? മരിച്ചുപോയ അവരെക്കുറിച്ച് യേശു ശക്തമായ ഒരു പ്രസ്താവന നടത്തി: “അവരെല്ലാവരും അവനു ജീവിച്ചിരിക്കുന്നവരത്രേ.” (ലൂക്കോസ് 20:38) തന്റെ വിശ്വസ്തദാസരെ പുനരുത്ഥാനത്തിൽ കൊണ്ടുവരാനുള്ള യഹോവയുടെ ഉദ്ദേശം നിറവേറുമെന്നതിന്റെ ഉറപ്പാണ് “ജീവിച്ചിരിക്കുന്നവരത്രേ” എന്ന ഈ പ്രസ്താവന. (റോമർ 4:16, 17) ജീവനിലേക്കു പുനഃസ്ഥിതീകരിക്കുന്നതുവരെ യഹോവ അനന്തമില്ലാത്ത തന്റെ ഓർമയിൽ അവരെ സൂക്ഷിക്കും.
യഹോവ മരണത്തെക്കാൾ ശക്തനാണ്!
മരിച്ചുപോയ പ്രിയപ്പെട്ടവരെ വീണ്ടും കാണാനും അവരോടൊപ്പമായിരിക്കാനും കഴിയുമെന്നത് നിങ്ങൾക്ക് ആകർഷകമായി തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ ഓർക്കുക, യഹോവ മരണത്തെക്കാൾ ശക്തനാണ്! മരിച്ചവരെ ഉയിർപ്പിക്കുമെന്നുളള തന്റെ വാഗ്ദാനം നിറവേറ്റുന്നതിൽനിന്ന് അവനെ തടയാൻ ഒന്നിനും കഴിയില്ല. പുനരുത്ഥാനവാഗ്ദാനത്തെക്കുറിച്ചും അതു നടപ്പിലാക്കുന്ന ദൈവത്തെക്കുറിച്ചും കൂടുതൽ പഠിക്കാൻ ശ്രമിച്ചുകൂടേ? അങ്ങനെ ചെയ്യുന്നത് “ജീവനുള്ളവരുടെ ദൈവ”മായ യഹോവയിങ്കലേക്കു നിങ്ങളെ അടുപ്പിക്കും. ▪ (w13-E 02/01)
നിർദിഷ്ട ബൈബിൾ വായനാഭാഗം
a ദൈവത്തിന്റെ നീതി വസിക്കുന്ന പുതിയ ലോകത്തിലെ പുനരുത്ഥാനവാഗ്ദാനത്തെക്കുറിച്ച് കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 7-ാം അധ്യായം കാണുക.