ഇപ്പോൾ ഉണർന്നിരിക്കേണ്ടത് അടിയന്തിരം!
“നാം ജീവിക്കുന്ന കാലത്തെ കുറിച്ച് തെറ്റിദ്ധാരണ വേണ്ട; നാം ഇപ്പോൾ ഉറക്കത്തിൽനിന്ന് ഉണർന്നിരിക്കേണ്ടത് അടിയന്തിരമാണ്.” (റോമർ 13:11, നോക്സ്) പൊ.യു. 70-ൽ യഹൂദ വ്യവസ്ഥിതിക്ക് ദാരുണമായ അന്ത്യം നേരിട്ടതിന് ഏതാണ്ട് 14 വർഷം മുമ്പായിരുന്നു പൗലൊസ് അപ്പൊസ്തലൻ റോമിലെ ക്രിസ്ത്യാനികൾക്ക് ആ വാക്കുകൾ എഴുതിയത്. യഹൂദ ക്രിസ്ത്യാനികൾ ആത്മീയമായി ഉണർവുള്ളവർ ആയിരുന്നതിനാൽ, ആ നിർണായക സമയത്ത് അവർ യെരൂശലേമിൽ ഉണ്ടായിരുന്നില്ല, അങ്ങനെ അവർ മരണത്തിൽനിന്നോ അടിമത്തത്തിൽനിന്നോ രക്ഷപ്പെട്ടു. തങ്ങൾ നഗരത്തിൽനിന്നു വിട്ടുനിൽക്കേണ്ട ആവശ്യമുണ്ടായിരുന്നു എന്ന് അവർ എങ്ങനെ അറിഞ്ഞു?
ശത്രുക്കൾ യെരൂശലേമിനെ വളഞ്ഞ് അതിന്റെ നിവാസികളെ നശിപ്പിക്കുമെന്ന് യേശുക്രിസ്തു മുന്നറിയിപ്പു നൽകിയിരുന്നു. (ലൂക്കൊസ് 19:43, 44) അതിനുശേഷം, യേശു തന്റെ വിശ്വസ്ത അനുഗാമികൾക്ക് പ്രയാസം കൂടാതെ മനസ്സിലാക്കാനാകുമായിരുന്ന ഒരു സംയുക്ത അടയാളം നൽകി. (ലൂക്കൊസ് 21:7-24) യെരൂശലേമിൽ പാർത്തിരുന്ന ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, ആ നഗരം വിട്ടുപോകുകയെന്നാൽ വീടും ജോലിയും ഉപേക്ഷിക്കുക എന്നായിരുന്നു അർഥം. എന്നിരുന്നാലും, അവരുടെ ജാഗ്രതയും പലായനവും അവരുടെ ജീവൻ രക്ഷിച്ചു.
യേശു യെരൂശലേമിന്റെ നാശം മുൻകൂട്ടി പറഞ്ഞപ്പോൾ, അവന്റെ ശിഷ്യന്മാർ ചോദിച്ചു: “ഇവ എപ്പോഴായിരിക്കും, നിന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കും?” (മത്തായി 24:3, NW) മറുപടി പറയവേ, യേശു തന്റെ ഭാവി സാന്നിധ്യത്തെ നോഹയുടെ നാളിലെ ആഗോള പ്രളയത്തിലേക്കു നയിച്ച കാലഘട്ടത്തോടു സാദൃശ്യപ്പെടുത്തി. ജലപ്രളയം ദുഷ്ടന്മാരെ മുഴുവനായി തുടച്ചുനീക്കിയെന്ന് യേശു പറഞ്ഞു. (മത്തായി 24:21, 37-39) അങ്ങനെ, ദൈവം മാനുഷ കാര്യാദികളിൽ വീണ്ടും ഇടപെടുമെന്ന് അവൻ സൂചിപ്പിച്ചു. ഏത് അളവോളം? ദുഷ്ട ലോകത്തെ, അഥവാ വ്യവസ്ഥിതിയെ മുഴുവനായി നീക്കിക്കളയുന്ന അളവോളം! (2 പത്രൊസ് 3:5, 6 താരതമ്യം ചെയ്യുക.) അതു സംഭവിക്കുന്നതു നമ്മുടെ കാലത്തായിരിക്കുമോ?
സകലതും ഇപ്പോഴും അതേ സ്ഥിതിയിൽത്തന്നെ തുടരുകയാണോ?
തങ്ങളുടെ വിശുദ്ധ നഗരമായ യെരൂശലേം നശിപ്പിക്കപ്പെടുമെന്ന് ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരിൽ മിക്കവരുംതന്നെ വിചാരിച്ചിരിക്കാൻ വഴിയില്ല. അഗ്നിപർവതത്തിന്റെ സമീപത്തു താമസിക്കുന്നവരെങ്കിലും അതിന്റെ സ്ഫോടനം ദർശിച്ചിട്ടില്ലാത്ത ആളുകൾ ചിലപ്പോൾ അതേ മനോഭാവം പ്രകടമാക്കാറുണ്ട്. “ഓ, അതൊന്നും എന്റെ ജീവിതകാലത്തു സംഭവിക്കാൻ പോകുന്നില്ല” എന്നായിരിക്കും മുന്നറിയിപ്പുകൾ കേൾക്കുമ്പോൾ അത്തരക്കാരുടെ സാധാരണ പ്രതികരണം. അഗ്നിപർവതവിജ്ഞാനിയായ ലീയനൽ വിൽസൺ ഇങ്ങനെ പറയുന്നു: “രണ്ടോ മൂന്നോ നൂറ്റാണ്ടുകൾ കൂടുമ്പോൾ അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കാറുണ്ട്. സ്ഫോടനത്തെ പ്രതി നിങ്ങളുടെ മാതാപിതാക്കൾക്കു പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിൽ, നിങ്ങൾ ജാഗരൂകരാകും. എന്നാൽ അതു സംഭവിച്ചത് നിങ്ങളുടെ വല്യപ്പന്റെ കാലത്താണെങ്കിൽ, നിങ്ങൾ ഗൗനിക്കുകയേ ഇല്ല.”
എന്നിരുന്നാലും, കൃത്യമായ വിവരം ഉണ്ടെങ്കിൽ, അപകട സൂചനകൾ തിരിച്ചറിഞ്ഞ് ഗൗരവബുദ്ധിയോടെ പ്രവർത്തിക്കാൻ നമ്മെ പ്രാപ്തരാക്കും. മൗണ്ട് പെലിയിൽനിന്ന് പലായനം ചെയ്തവരിൽ ഒരാൾക്ക് അഗ്നിപർവതങ്ങളെ കുറിച്ച് നല്ല അറിവും അപകട സൂചനകൾ മനസ്സിലാക്കാനുള്ള പ്രാപ്തിയും ഉണ്ടായിരുന്നു. മൗണ്ട് പിനറ്റുബൊ പൊട്ടിത്തെറിക്കുന്നതിനു തൊട്ടുമുമ്പും അത്തരം അടയാളങ്ങൾ ശരിയായി വിവേചിക്കപ്പെട്ടിരുന്നു. അഗ്നിപർവതത്തിനുള്ളിൽ അദൃശ്യ ശക്തികൾ രൂപംകൊള്ളുന്നതു നിരീക്ഷിച്ചുകൊണ്ടിരുന്ന അഗ്നിപർവത വിജ്ഞാനീയർ പ്രസ്തുത മേഖല വിട്ടുപോകേണ്ടതിന്റെ ആവശ്യം സ്ഥലവാസികളെ ബോധ്യപ്പെടുത്തി.
എന്നാൽ ചിലർ എല്ലായ്പോഴും അപകട സൂചനകൾ അവഗണിക്കുകയും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നു ശഠിക്കുകയും ചെയ്യും. തക്ക നടപടികൾ കൈക്കൊള്ളുന്നവരെ അവർ ചിലപ്പോൾ പരിഹസിച്ചെന്നുംവരും. നമ്മുടെ നാളിലും അത്തരക്കാർ ഏറെയുണ്ടായിരിക്കും എന്ന് പത്രൊസ് അപ്പൊസ്തലൻ പ്രവചിച്ചിരുന്നു. “അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ” എന്ന് അവൻ പറഞ്ഞു.—2 പത്രൊസ് 3:3, 4.
നാം “അന്ത്യകാലത്ത്” ആണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ദ കൊളുമ്പിയ ഹിസ്റ്ററി ഓഫ് ദ വേൾഡിൽ ജോൺ എ. ഗരറ്റിയും പീറ്റർ ഗേയും ചോദിക്കുന്നു: “നാം നമ്മുടെ സംസ്കാരത്തിന്റെ തകർച്ച കാണുകയാണോ?” എന്നിട്ട് ഈ ചരിത്രകാരന്മാർ ഗവൺമെന്റിനെ കുറിച്ചുള്ള പ്രശ്നങ്ങൾ, കുറ്റകൃത്യങ്ങളിലും ആഭ്യന്തര നിയമലംഘനങ്ങളിലുമുള്ള ആഗോള വർധനവ്, കുടുംബത്തകർച്ച, സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും പരാജയം, അധികാര പ്രതിസന്ധി, ലോകവ്യാപകമായുള്ള ധാർമിക, മത അധഃപതനം എന്നിവ അപഗ്രഥിക്കുന്നു. അവർ ഇങ്ങനെ നിഗമനം ചെയ്യുന്നു: “ഇവ സുനിശ്ചതമായ ഒരു അന്ത്യത്തിന്റെ അടയാളങ്ങൾ അല്ലെങ്കിൽ പിന്നെ എന്താണ്? അതേ, ഇവ തീർച്ചയായും അന്ത്യത്തിന്റെ അടയാളങ്ങൾതന്നെ.”
ഒരു “അന്ത്യം” ആസന്നമാണെന്നു വിശ്വസിക്കാൻ നമുക്ക് ഈടുറ്റ കാരണമുണ്ട്. എന്നാൽ ഭൗമഗ്രഹംതന്നെ നശിക്കുമെന്നു നാം ഭയപ്പെടേണ്ടതില്ല, എന്തെന്നാൽ ദൈവം “ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 104:5) എങ്കിലും, മനുഷ്യവർഗത്തിന് ഇത്രമാത്രം ദുരിതങ്ങൾ വരുത്തിക്കൂട്ടിയിരിക്കുന്ന ഈ ദുഷ്ട വ്യവസ്ഥിതി ഉടൻതന്നെ അവസാനിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാവുന്നതാണ്. എന്തുകൊണ്ട്? എന്തെന്നാൽ, ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളെ തിരിച്ചറിയിക്കുന്നതായി യേശു പറഞ്ഞ വ്യക്തമായ അനേകം സവിശേഷതകളും നാമിപ്പോൾ കാണുകയാണ്. (“അന്ത്യനാളുകളുടെ ചില സവിശേഷതകൾ” എന്ന ചതുരം കാണുക.) യേശുവിന്റെ വാക്കുകളെ ലോകസംഭവങ്ങളുമായി താരതമ്യം ചെയ്യരുതോ? അങ്ങനെ ചെയ്യുന്നത് ജ്ഞാനപൂർവകമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സഹായിക്കും. എന്നാൽ ഇപ്പോൾത്തന്നെ നടപടി സ്വീകരിക്കേണ്ടത് എന്തുകൊണ്ട്?
ഉണർന്നിരിക്കേണ്ടതിന്റെ യഥാർഥ ആവശ്യം
ഒരു അഗ്നിപർവത സ്ഫോടനം ആസന്നമാണെന്നു ശാസ്ത്രജ്ഞന്മാർക്ക് അറിയാമായിരിക്കുമെങ്കിലും, അത് എപ്പോൾ സംഭവിക്കുമെന്ന് അവർക്കു കൃത്യമായി പറയാൻ കഴിയുകയില്ല. അതുപോലെ, ഈ വ്യവസ്ഥിതിയുടെ സമാപനത്തെ കുറിച്ച് യേശു പറഞ്ഞു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതൻമാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്തായി 24:36) ഈ വ്യവസ്ഥിതി എപ്പോൾ അവസാനിക്കുമെന്നു നമുക്ക് കൃത്യമായി അറിവില്ലാത്തതുകൊണ്ട്, യേശു ഈ മുന്നറിയിപ്പു നമുക്കു നൽകിയിരിക്കുന്നു: “കള്ളൻ വരുന്ന യാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ [യേശു] വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.”—മത്തായി 24:43, 44.
ലോകത്തെ അമ്പരപ്പിക്കുന്ന വിധത്തിലായിരിക്കും ഈ വ്യവസ്ഥിതിയുടെ ദാരുണമായ അന്ത്യം സംഭവിക്കുക എന്ന് യേശുവിന്റെ വാക്കുകൾ പ്രകടമാക്കുന്നു. നാം അവന്റെ അനുഗാമികൾ ആണെങ്കിൽപ്പോലും, ‘ഒരുങ്ങിയിരിക്കേണ്ട’ ആവശ്യമുണ്ട്. കള്ളൻ ഭവനം ഭേദിക്കുന്നത് എപ്പോൾ എന്ന് അറിയാതിരിക്കുന്നതുകൊണ്ട് പകച്ചുപോയേക്കാവുന്ന ഒരു വീട്ടുകാരന്റേതിനോടു സമാനമാണ് നമ്മുടെ സ്ഥിതിവിശേഷം.
സമാനമായി, പൗലൊസ് അപ്പൊസ്തലൻ തെസ്സലൊനീക്യയിലെ ക്രിസ്ത്യാനികളോടു പറഞ്ഞു: “കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. . . . സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല.” പൗലൊസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക.” (1 തെസ്സലൊനീക്യർ 5:2, 4, 6) “ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക” എന്നതിന്റെ അർഥമെന്ത്?
ഒന്നാം നൂറ്റാണ്ടിൽ യെരൂശലേമിൽനിന്നു പലായനം ചെയ്ത ക്രിസ്ത്യാനികളുടേതിൽനിന്നു വ്യത്യസ്തമായി, സുരക്ഷിതത്വത്തിനുവേണ്ടി നാം ഏതെങ്കിലും നഗരത്തിലേക്കു പലായനം ചെയ്യേണ്ടതില്ല. റോമിലെ തന്റെ സഹവിശ്വാസികളെ ഉറക്കത്തിൽനിന്ന് ഉണരാൻ ഉദ്ബോധിപ്പിച്ചശേഷം, പൗലൊസ് അവരോട് ‘ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞ് കർത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊള്ളാൻ’ ആവശ്യപ്പെട്ടു. (റോമർ 13:12, 14) യേശുവിന്റെ കാലടികൾ അടുത്തു പിൻപറ്റിക്കൊണ്ട്, നമ്മുടെ കാലങ്ങൾ സംബന്ധിച്ച് ഉണർവുള്ളവരാണെന്നു നാം പ്രകടമാക്കും. ഈ ആത്മീയ ജാഗ്രത നമുക്ക് ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യത്തിൽ ദിവ്യ സംരക്ഷണം ലഭിക്കുന്നതിന് ഇടയാക്കും.—1 പത്രൊസ് 2:21.
യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർ അർഥവത്തായ, സംതൃപ്തികരമായ ജീവിതം ആസ്വദിക്കുന്നു. ക്രിസ്തീയ ശിഷ്യത്വം എന്ന നുകം ദയയുള്ളതും നവോന്മേഷപ്രദവുമാണെന്ന് ദശലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികൾ മനസ്സിലാക്കിയിരിക്കുന്നു. (മത്തായി 11:29, 30, NW അടിക്കുറിപ്പ്) ഒരു ശിഷ്യൻ ആയിത്തീരുന്നതിനുള്ള ആദ്യ നടപടി ‘ദൈവത്തെയും അവൻ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവ് നേടുന്നതാണ്.’ (യോഹന്നാൻ 17:3) “സത്യത്തെ കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം” നേടുന്നതിന് ആളുകളെ സഹായിക്കാൻ സാക്ഷികൾ വാരംതോറും ദശലക്ഷക്കണക്കിനു വീടുകൾ സന്ദർശിക്കുന്നു. (1 തിമൊഥെയൊസ് 2:4, NW) നിങ്ങളുടെ ഭവനത്തിൽ വന്ന് സൗജന്യ ബൈബിൾ അധ്യയനങ്ങൾ നടത്തുന്നതിന് അവർക്കു സന്തോഷമേയുള്ളൂ. ദൈവവചനത്തെ കുറിച്ചുള്ള പരിജ്ഞാനം വർധിക്കുന്നത് അനുസരിച്ച്, നമ്മുടെ നാളുകൾ വ്യത്യസ്തമാണ് എന്നു നിങ്ങൾക്കും ബോധ്യമാകും. തീർച്ചയായും, ഇത് ഉറക്കത്തിൽനിന്ന് ഉണർന്നിരിക്കേണ്ട അടിയന്തിര സമയംതന്നെ!
[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
അന്ത്യനാളുകളുടെ ചില സവിശേഷതകൾ
“ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും;” ‘ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയപ്പെടും.’ (മത്തായി 24:7; വെളിപ്പാടു 6:4)
ഈ നൂറ്റാണ്ടിലെ രണ്ടു ലോക മഹായുദ്ധങ്ങളും ഡസൻകണക്കിനു മറ്റു പോരാട്ടങ്ങളും ഭൂമിയിൽനിന്നു സമാധാനം എടുത്തുകളഞ്ഞിരിക്കുന്നു. ചരിത്രകാരനായ ജോൺ കീഗൻ എഴുതുന്നു: “ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ മുമ്പ് നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളിൽനിന്നും വ്യത്യസ്തമായിത്തീർന്നു, അളവിലും കാഠിന്യത്തിലും വ്യാപ്തിയിലും സ്വത്തിന്റെയും മനുഷ്യജീവന്റെയും നഷ്ടത്തിന്റെ കാര്യത്തിലും വ്യത്യസ്തമായിരുന്നു. . . . മുമ്പ് നടന്നിട്ടുള്ള ഏതൊരു യുദ്ധത്തെയും അപേക്ഷിച്ച് ലോക മഹായുദ്ധങ്ങൾ കൂടുതൽ ആളുകളെ കൊന്നു, കൂടുതൽ സ്വത്തു നശിപ്പിച്ചു, ഭൂമിയിൽ കൂടുതൽ വ്യാപകമായ മേഖലയിൽ കൂടുതൽ കഷ്ടങ്ങൾ വരുത്തിവെച്ചു.” ഇപ്പോഴത്തെ യുദ്ധങ്ങൾ പടയാളികളെക്കാൾ അധികം ദ്രോഹമേൽപ്പിക്കുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും ആണ്. ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ കണക്കനുസരിച്ച് കഴിഞ്ഞ പത്തു വർഷത്തിൽ 20 ലക്ഷം കുട്ടികളെങ്കിലും യുദ്ധങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
‘ക്ഷാമങ്ങൾ ഉണ്ടാകും’ (മത്തായി 24:7; വെളിപ്പാടു 6:5, 6, 8)
1996-ൽ ഗോതമ്പിന്റെയും ചോളത്തിന്റെയും വില കുതിച്ചുയർന്നു. കാരണം എന്തായിരുന്നു? ഈ ധാന്യങ്ങളുടെ ലോകശേഖരം കേവലം 50 ദിവസത്തേക്കുള്ള അളവിലെത്തി എന്നതായിരുന്നു കാരണം. ചരിത്രത്തിൽ ആദ്യമായാണ് അവയുടെ ശേഖരം ഇത്രയും താഴ്ന്നത്. അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില വർധിക്കുന്നത് അനുസരിച്ച് ലോകത്തിലെ കോടിക്കണക്കിനുവരുന്ന ദരിദ്രർ—അവരിൽ അനേകരും കുട്ടികൾ—പട്ടിണിയിലാണ്.
‘അവിടവിടെയായി ഭൂകമ്പങ്ങൾ’ (മത്തായി 24:7)
കഴിഞ്ഞ 2,500 വർഷങ്ങൾ എടുത്താൽ, 1,00,000-ത്തിലധികം ആളുകളുടെ മരണത്തിന് ഇടയാക്കിയിട്ടുള്ള 9 ഭൂകമ്പങ്ങൾ ഉണ്ടായി. ഇതിൽ 4-ഉം സംഭവിച്ചത് 1914-നുശേഷമാണ്.
“നിയമരാഹിത്യത്തിന്റെ വർധനവ്” (മത്തായി 24:12, NW)
20-ാം നൂറ്റാണ്ടിന്റെ സമാപനത്തോട് അടുക്കവേ, നിയമരാഹിത്യം, അഥവാ നിയമലംഘനം സർവവ്യാപകമായിരിക്കുന്നു. ഭീകരർ സാധാരണക്കാരെ ആക്രമിക്കുന്നതും നിർദയമായ കൊലപാതകങ്ങളും കൂട്ടക്കൊലകളും ഈ അക്രമാസക്തമായ അന്ത്യനാളുകളുടെ ഭയാനക വശങ്ങളിൽ ചിലതുമാത്രം.
‘അവിടവിടെയുള്ള മഹാവ്യാധികൾ’ (ലൂക്കൊസ് 21:11)
1990-കളിൽ, സാധ്യതയനുസരിച്ച് 3 കോടി ആളുകൾ ക്ഷയരോഗം നിമിത്തം മരിച്ചേക്കാം. രോഗവാഹികളായ ബാക്ടീരിയയുടെ ഔഷധപ്രതിരോധ ശക്തി വർധിച്ചുവരുന്നു. മറ്റൊരു മാരകരോഗമായ മലമ്പനി വർഷംതോറും 30 കോടിമുതൽ 50 കോടിവരെ ആളുകളെ പിടികൂടുന്നുണ്ട്. അത് 20 ലക്ഷംപേരെ കൊന്നൊടുക്കുന്നു എന്നാണ് കണക്ക്. ഈ പതിറ്റാണ്ടിന്റെ അന്ത്യത്തോടെ, എയ്ഡ്സ്മൂലം വർഷംതോറും 18 ലക്ഷം ആളുകൾ മരിക്കുമെന്നു കണക്കാക്കപ്പെടുന്നു. “ഇന്ന് മനുഷ്യവർഗം പകർച്ചവ്യാധികളുടെ കുത്തൊഴുക്കിൽപ്പെട്ടിരിക്കുകയാണ്” എന്ന് സ്റ്റേറ്റ് ഓഫ് ദ വേൾഡ് 1996 പ്രഖ്യാപിക്കുന്നു.
‘രാജ്യത്തിന്റെ ഈ സുവിശേഷം ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും.’ (മത്തായി 24:14)
1997-ൽ, യഹോവയുടെ സാക്ഷികൾ രാജ്യ സുവാർത്താ ഘോഷണത്തിൽ 100 കോടിയിലധികം മണിക്കൂറുകൾ ചെലവിട്ടു. 232 രാജ്യങ്ങളിലായി 50 ലക്ഷത്തിലധികം സാക്ഷികൾ ആളുകൾക്ക് ഈ സന്ദേശം നിരന്തരം കൈമാറുന്നു.
[കടപ്പാട]
FAO photo/B. Imevbore
U.S. Coast Guard photo
[4, 5 പേജുകളിലെ ചിത്രം]
ആത്മീയമായി ഉണർവുള്ളവർ ആയിരുന്നതിനാൽ ക്രിസ്ത്യാനികൾ യെരൂശലേമിൽനിന്നു പലായനം ചെയ്തു