വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
◼ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ വാർഷികാഘോഷ വേളയിൽ യഹോവയുടെ സാക്ഷികളിൽ വളരെ ചുരുക്കം പേർ മാത്രം അപ്പവീഞ്ഞുകളിൽ പങ്കുപററന്നതെന്തുകൊണ്ട്?
ഇതിനു കാരണം യഹോവയുടെ സാക്ഷികൾ ക്രൈസ്തവലോകത്തിലെ സഭകളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യരുടെ ഒരു ചെറിയ സംഖ്യ സ്വർഗ്ഗീയ ജീവൻ സമ്പാദിക്കുമെന്നും ദൈവദാസൻമാരിൽ ശേഷിച്ചവർക്ക് ഭൂമിയിലെ നിത്യജീവന്റെ പ്രതിഫലം കൊടുക്കപ്പെടും എന്നുമുള്ള ബൈബിളുപദേശം സ്വീകരിക്കുന്നുവെന്നതാണ്.
സ്വർഗ്ഗമാണ് ദൈവത്തെ പ്രസാദിപ്പിക്കുന്ന എല്ലാവർക്കുമുള്ള പ്രതിഫലമെന്നും ശേഷിച്ചവർ ഒരു നരകാഗ്നിയിലേക്ക് പോകുമെന്നും സഭകൾ ദീർഘനാളായി പഠിപ്പിച്ചിരിക്കുന്നു. ബൈബിൾ മററു പ്രകാരത്തിലാണ് പറയുന്നത്. അപ്പോസ്തലൻമാരെപ്പോലെയുള്ള ചില മനുഷ്യർ മാത്രം സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടുകൂടെ വാഴുമെന്ന് തിരുവെഴുത്തുകൾ വ്യക്തമായി പ്രകടമാക്കുന്നു. അവർ ഒരു “ചെറിയ ആട്ടിൻകൂട്ട”മാണെന്ന് യേശു പറഞ്ഞു. അവരുടെ എണ്ണം നൂററിനാൽപ്പത്തിനാലായിരമാണെന്ന് ബൈബിൾ പറയുന്നു. (ലൂക്കോസ് 12:32; വെളിപ്പാട് 14:3, 4) യഹോവയെ വിശ്വസ്തമായി സേവിക്കുകയും അവന്റെ അംഗീകാരം നേടുകയും ചെയ്ത അനേകർ യേശു സ്വർഗ്ഗീയ ജീവനിലേക്കുള്ള വഴി തുറക്കുന്നതിനുമുൻപ് മരിച്ചുപോയി. (മത്തായി 11:11; എബ്രായർ 10:19-21) ചെറിയ ആട്ടിൻകൂട്ടത്തിന്റെ തിരഞ്ഞെടുപ്പിനുശേഷം ദശലക്ഷക്കണക്കിനു മററുള്ളവർ സത്യക്രിസ്ത്യാനികളായി തീർന്നിട്ടുണ്ട്. “ചെറിയ ആട്ടിൻകൂട്ട”ത്തിൽ പെടാത്ത ഈ വിശ്വസ്തർക്കെല്ലാം പുനഃസ്ഥിതീകരിക്കപ്പടുന്ന ഒരു ഭൗമിക പറുദീസയിലെ അനന്തജീവന്റെ പ്രത്യാശയാണ് ബൈബിൾ വെച്ചുനീട്ടുന്നത്. (സങ്കീർത്തനം 37:20, 29; വെളിപ്പാട് 21:4, 5) എന്നാൽ അങ്ങനെയുള്ളവരും കൂടെ അപ്പവീഞ്ഞുകളിൽ പങ്കെടുക്കാത്തതെന്തുകൊണ്ട്? കർത്താവിന്റെ സന്ധ്യാഭക്ഷണവേളയിലെ ചിഹ്നങ്ങളിലുള്ള പങ്കുപററൽ സ്വർഗ്ഗത്തിലെ ജീവനിലേക്ക് വിളിക്കപ്പെടുന്നവരും പുതിയ ഉടമ്പടിയിൽ ഉള്ളവരുമായവർക്ക് മാത്രമാണെന്ന് യേശു സൂചിപ്പിച്ചു.
തീർച്ചയായും സ്വർഗ്ഗത്തിലെ ജീവനായാലും പറുദീസാ ഭൂമിയിലെ ജീവനായാലും ദൈവത്തിന്റെ ക്ഷമയും നിത്യജീവനും പ്രാപിക്കേണ്ട എല്ലാവർക്കും യേശുവിന്റെ ബലിയിലുള്ള വിശ്വാസം ജീവൽപ്രധാനമാണ്. ക്രിസ്തു ഇത് യോഹന്നാൻ 6:51-54-ൽ പ്രകടമാക്കി: “ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പമാകുന്നു. ആരെങ്കിലും ഈ അപ്പം തിന്നുന്നുവെങ്കിൽ അവൻ എന്നേക്കും ജീവിക്കും; . . . ഞാൻ കൊടുക്കുന്ന അപ്പം [വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗ്ഗമാകുന്ന] ലോകത്തിന്റെ ജീവനുവേണ്ടിയുള്ള എന്റെ മാംസമാകുന്നു. . . എന്റെ മാംസം ഭക്ഷിക്കയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്.”
എന്നിരുന്നാലും തന്റെ ശിഷ്യൻമാരല്ലാത്തവരെയുംകൂടെ സംബോധന ചെയ്തുകൊണ്ടാണ് യേശു ആ വാക്കുകൾ പറഞ്ഞതെന്നത് ശ്രദ്ധാർഹമാണ്. അവൻ അത്ഭുതകരമായി ആയിരങ്ങളെ പോഷിപ്പിച്ചശേഷം ഒരു ദിവസം കഴിഞ്ഞ് ജനക്കൂട്ടം കഫർന്നഹൂം പ്രദേശത്ത് യേശുവിന്റെ അടുക്കലേക്ക് വന്നു. യോഹന്നാൻ 6:51-54 വരെയുള്ള അവന്റെ വാക്കുകൾ ഉൾപ്പെട്ട ഈ സംഭാഷണം ഈ ജനക്കൂട്ടവുമായിട്ടായിരുന്നു. അതുകൊണ്ട് മരുഭൂമിയിൽവെച്ച് തിന്ന മന്നായെക്കാൾ നിലനിൽക്കുന്ന ജീവപ്രത്യാശകൾ പ്രദാനം ചെയ്യാൻ കഴിയുന്ന “സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന” ആലങ്കാരിക “അപ്പം” താനാണെന്നു പറഞ്ഞപ്പോൾ യേശു മുഖ്യമായി ശിഷ്യൻമാരോടായിരുന്നില്ല സംസാരിച്ചത്.—യോഹന്നാൻ 6:24-34.
മരുഭൂമിയിലെ ആ പുരാതന അനുഭവത്തെക്കുറിച്ചു പരിചിന്തിക്കുമ്പോൾ ഈജിപ്ററ് വിട്ട് മരുഭൂമിയിലേക്ക് വന്നത് ആരാണെന്നു ചിന്തിക്കുക. അത് ‘നടന്നുവന്ന ആറുലക്ഷം വരുന്ന യിസ്രായേൽ പുത്രൻമാരും കൂടാതെ കുഞ്ഞുങ്ങളും ഒരു വലിയസമ്മിശ്ര സംഘവുമായിരുന്നു.’ (പുറപ്പാട് 12:37, 38; 16:13-18) ഈ “സമ്മിശ്ര സംഘത്തിൽ” യിസ്രായേല്യരെ വിവാഹം ചെയ്ത ഈജിപ്ററുകാരും യിസ്രായേലുമായി ചേർന്നിരുന്ന മററ് ഈജിപ്ററുകാരും ഉൾപ്പെട്ടിരുന്നു. യിസ്രായേല്യർക്കും “സമ്മിശ്ര സംഘത്തിനും” ജീവിച്ചിരിക്കുന്നതിന് മന്ന ആവശ്യമായിരുന്നു. എന്നിരുന്നാലും സമ്മിശ്ര സംഘത്തിന് അതേ പ്രത്യാശകളുണ്ടായിരുന്നോ? ഇല്ലായിരുന്നു. അവർക്ക് യിസ്രായേല്യരുടെയിടയിൽ ആരാധിക്കാനും വാഗ്ദത്തദേശത്ത് പ്രവേശിക്കുന്നതിന് പ്രത്യാശിക്കുന്നതിനും കഴിയുമായിരുന്നെങ്കിലും ന്യായപ്രമാണ ഉടമ്പടിയിൻ കീഴിൽ അവർക്കൊരിക്കലും രാജാക്കൻമാരൊ പുരോഹിതൻമാരൊ ആയിരിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് മരുഭൂമിയിലെ അക്ഷരീയ മന്നായുടെ തീററി എല്ലാവർക്കും ഒരേ പ്രതീക്ഷകൾ നൽകിയില്ല.
യേശു യോഹന്നാൻ 6:51-54 വരെയുള്ള വാക്കുകൾ സംസാരിച്ചശേഷം ഏതാണ്ട് ഒരു വർഷം കഴിഞ്ഞ് അവൻ തന്റെ ശിഷ്യൻമാരോട് പറഞ്ഞതിനെക്കുറിച്ച് വിചിന്തനം ചെയ്യുമ്പോൾ ഓർത്തിരിക്കേണ്ട ഒരു വ്യത്യാസമുണ്ട്. ഈ ഒടുവിലത്തെ സന്ദർഭത്തിൽ യേശു തന്റെ മാംസത്തെയും രക്തത്തെയും പ്രതീകവൽക്കരിക്കേണ്ട യഥാർത്ഥ അപ്പവും വീഞ്ഞും ഉൾപ്പെടുന്ന ഒരു പുതിയ ആചാരത്തെ വർണ്ണിക്കയായിരുന്നു. അവൻ കർത്താവിന്റെ സന്ധ്യാ ഭക്ഷണം ഏർപ്പെടുത്തിയപ്പോൾ അവൻ തന്റെ അടുത്ത അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്റെ രക്തം ഹേതുവായുള്ള പുതിയ ഉടമ്പടിയെ അർത്ഥമാക്കുന്നു.” അപ്പോസ്തലൻമാരുടെ അതേ ചെറിയ കൂട്ടത്തോട് അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങളാകുന്നു എന്റെ പരിശോധനകളിൽ എന്നോട് പററി നിന്നിട്ടുള്ളവർ. എന്റെ പിതാവ് എന്നോട് ഒരു രാജ്യത്തിനുവേണ്ടി ഒരു ഉടമ്പടി ചെയ്തിരിക്കുന്നതുപോലെ ഞാൻ നിങ്ങളോട് ഒരു ഉടമ്പടി ചെയ്യുന്നു, നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകയും കുടിക്കുകയും ചെയ്യേണ്ടതിനും യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളെയും ന്യായം വിധിക്കുന്നതിന് സിംഹാസനങ്ങളിൽ ഇരിക്കേണ്ടതിനും തന്നേ.”—ലൂക്കോസ് 22:20, 28-30.
ഈ ഒടുവിൽ പറഞ്ഞ വാക്കുകളിൽ നിന്ന് യേശുവിന്റെ ശരീരത്തെയും രക്തത്തെയും പ്രതീകപ്പെടുത്തുന്ന ചിഹ്നങ്ങളെന്ന നിലയിൽ യഥാർത്ഥ അപ്പം തിന്നുകയും യഥാർത്ഥ വീഞ്ഞു കുടിക്കുകയും ചെയ്യേണ്ടിയിരുന്നത് “പുതിയ ഉടമ്പടി”യിലെ ശിഷ്യൻമാരായിരുന്നുവെന്ന് നിരീക്ഷിക്കുക. അങ്ങനെയുള്ളവർ മറെറാരു ഉടമ്പടിയിലും ഉൾപ്പെട്ടിരിക്കും. അത് യേശു ‘തന്റെ രാജ്യത്തിലെ ഭരണാധിപത്യത്തിൽ അവർക്കും പങ്കുപററാൻ കഴിത്തക്കവണ്ണം അവരുമായി ചെയ്യുന്ന ഒരു ഉടമ്പടിയാണ്. വ്യക്തമായി, യേശു ഇവിടെ ‘ഭൂമിമേൽ രാജാക്കൻമാരായി ഭരിക്കാൻ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിതൻമാരും ആക്കപ്പെടുന്ന’വരെ പരാമർശിക്കയായിരുന്നു. (വെളിപ്പാട് 5:10) ദൈവം ഒന്നാം നൂററാണ്ടിൽ സ്വർഗ്ഗീയ രാജ്യത്തിൽ പങ്കുപററാനുള്ള 1,44,000 പേരെ തിരഞ്ഞെടുത്തു തുടങ്ങി. കൊരിന്തിലെ ക്രിസ്ത്യാനികൾ ആ കൂട്ടത്തിൽപെട്ടവരായിരുന്നു. എന്തുകൊണ്ടെന്നാൽ അവർ “വിശുദ്ധൻമാരായിരിക്കാൻ വിളിക്കപ്പെട്ടവരായി ക്രിസ്തുയേശുവിനോടുള്ള ഐക്യത്തിൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്ന”വർ എന്ന് വർണ്ണിക്കപ്പെട്ടു. (1 കൊരിന്ത്യർ 1:2; റോമർ 1:7; 8:15-17 താരതമ്യപ്പെടുത്തുക.) അങ്ങനെയുള്ള “വിശുദ്ധൻമാർ” “[അവന്റെ] രക്തം ഹേതുവായുള്ള പുതിയ ഉടമ്പടിയെ” അർത്ഥമാക്കുന്ന ചിഹ്നങ്ങളാകുന്ന അപ്പവീഞ്ഞുകളിൽ വിലമതിപ്പോടെ പങ്കുപററിക്കൊണ്ട് കർത്താവിന്റെ സന്ധ്യാഭക്ഷണത്തിൽ ഭാഗഭാക്കാകേണ്ടിയിരുന്നു.—1 കൊരിന്ത്യർ 11:23-26.
ഇന്ന് സ്വർഗ്ഗീയ ജീവനുവേണ്ടി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഒരു ചെറിയ ശേഷിപ്പു മാത്രമെ ഭൂമിയിൽ ജീവനോടെ സ്ഥിതിചെയ്യുന്നുള്ളു. വാർഷിക സ്മാരക ആഘോഷ വേളയിൽ “പുതിയ ഉടമ്പടിയിൽ” ഉൾപ്പെട്ടിരിക്കുന്ന അങ്ങനെയുള്ളവർക്കുമാത്രമേ ചിഹ്നങ്ങളായ അപ്പവീഞ്ഞുകളിൽ പങ്കുപററാൻ അധികാരമുള്ളു.
തീർച്ചയായും രാജ്യ ഭരണാധിപത്യത്തിൻകീഴിൽ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ നോക്കിപ്പാർത്തിരിക്കുന്ന ഇന്നത്തെ സകല സത്യ ക്രിസ്ത്യാനികൾക്കും യേശുവിന്റെ ബലിയിൽ വിശ്വാസം പ്രകടമാക്കുന്നതിനാൽ മാത്രമെ അതു സാധ്യമാകയുള്ളു എന്നറിയാം. യേശു ജനക്കൂട്ടത്തോട് പറഞ്ഞതുപോലെ അവൻ “സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന ജീവനുള്ള അപ്പ”മാകുന്നു. (യോഹന്നാൻ 6:51) എന്നിരുന്നാലും ഭൗമിക പ്രത്യാശയുള്ളവർ അക്ഷരീയ സ്മാരക ചിഹ്നങ്ങളിൽ പങ്കെടുക്കേണ്ടതാണെന്ന് അത് അർത്ഥമാക്കുന്നില്ല, എന്തുകൊണ്ടെന്നാൽ അവർ “പുതിയ ഉടമ്പടി”യിൽ ഉൾപ്പെട്ടിരിക്കുന്നില്ല, അവർ ‘അവന്റെ രാജ്യത്തിൽ സിംഹാസനങ്ങളിൽ ഇരിക്കുന്നതിന്’ യേശുവുമായുള്ള ഉടമ്പടിയിലും ഉൾപ്പെട്ടിരിക്കുന്നില്ല.
തൽഫലമായി ഭൗമികപ്രത്യാശകളോടുകൂടിയ ഈ വലിയ സംഘം ചിഹ്നങ്ങളാകുന്ന അപ്പവീഞ്ഞുകളിൽ പങ്കെടുക്കുന്നില്ല. എന്നാൽ ഇത് യാതൊരു പ്രകാരത്തിലും യേശുവിന്റെ ശരീര രക്തങ്ങളിലുള്ള വിശ്വാസത്തിന്റെയൊ വിലമതിപ്പിന്റെയൊ അഭാവത്തെ പ്രതിഫലിപ്പിക്കുന്നില്ല. യഥാർത്ഥത്തിൽ അവന്റെ ബലിയോടും തങ്ങളുടെ മുമ്പാകെയുള്ള ഉല്ലാസപ്രദമായ ഭൗമിക പ്രതീക്ഷയോടുമുള്ള തങ്ങളുടെ അഗാധമായ വിലമതിപ്പു നിമിത്തം അവർ ഓരോ വർഷവും കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ആഘോഷവേളയിൽ ആദരവുള്ള നിരീക്ഷകരെന്ന നിലയിൽ സുനിശ്ചിതമായി ഹാജരാകുന്നു. ഈ വിധത്തിൽ അവർ തങ്ങളുടെ സ്വന്തം വിശ്വാസത്തെ പ്രതിഫലിപ്പിക്കുകയും “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ ശേഷിപ്പും പുരുഷാരമായ “വേറെ ആടുകളും” ഊഷ്മളമായ ഐക്യത്തിലാണെന്നുള്ളതിന് സന്തോഷപ്രദമായ തെളിവ് നൽകുകയും ചെയ്യുന്നു.—യോഹന്നാൻ 10:16. (w88 2/1)