അവളുടെ പ്രായാധിക്യം യഹോവയുടെ സേവനത്തിനു തടസ്സമായില്ല
പ്രായംചെന്ന അനേകരുടെയും തോന്നൽ തങ്ങളുടെ ശേഷിച്ച ജീവിതകാലം സന്തുഷ്ടിക്കു വക നൽകുന്നില്ല എന്നാണ്. വാർധക്യം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശസ്ത നടി ഇങ്ങനെവരെ പറഞ്ഞു: “ഞാൻ എന്റെ ജീവിതത്തെ താറുമാറാക്കി. ഇനിയിപ്പോൾ അതിനു മാററം വരുത്താൻ പററുമെന്നുതോന്നുന്നില്ല . . . ഒററയ്ക്കു നടന്നുപോകുമ്പോൾ ഞാൻ എന്റെ കഴിഞ്ഞകാല ജീവിതത്തിലേക്കു തിരിഞ്ഞുനോക്കാറുണ്ട്. എന്റെ ജീവിതത്തെ ഇങ്ങനെയാക്കിത്തീർത്തതിൽ ഞാൻ സന്തുഷ്ടയല്ല . . . എവിടെച്ചെന്നാലും ഞാൻ അസ്വസ്ഥയാണ്, ചിന്തകളെ നിയന്ത്രിക്കാനൊട്ടു കഴിയുന്നുമില്ല.”
ഏതാണ്ടു 2,000 വർഷങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന പ്രായംചെന്ന ഒരു സ്ത്രീക്ക് അത്തരത്തിലുള്ള യാതൊരു പ്രശ്നവുമില്ലായിരുന്നു. അവർ 84 വയസ്സുള്ള ഒരു വിധവ ആയിരുന്നെങ്കിലും സജീവയും സന്തുഷ്ടയും അത്ഭുതകരമായി ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവളും ആയിരുന്നു. അവരുടെ പേര് ഹന്നാ എന്നായിരുന്നു. അവർക്കു സന്തോഷിക്കാൻ വക നൽകിയ ഒരു പ്രത്യേക കാരണമുണ്ടായി. അതെന്തായിരുന്നു?
“ദൈവാലയം വിട്ടുപിരിയാതെ”യിരുന്നു
സുവിശേഷ ലേഖകനായ ലൂക്കോസ് ഹന്നായെ നമുക്കു പരിചയപ്പെടുത്തുന്നു. ഇസ്രായേലിലെ “ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു” എന്ന് അദ്ദേഹം പറയുന്നു. ഒരു പ്രവാചകി എന്ന നിലയിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അഥവാ പ്രവർത്തനനിരതമായ ശക്തിയുടെ ദാനം ഒരു പ്രത്യേക അർഥത്തിൽ അവരുടെമേലുണ്ടായിരുന്നു. കൂടാതെ, ഒരു ശ്രദ്ധേയമായ സന്ദർഭത്തിൽ പ്രവചിക്കുന്നതിനുള്ള മഹത്തായ അവസരവും ഹന്നായ്ക്കു ലഭിച്ചു.
“വയോവൃദ്ധയായിരുന്ന അവൾ കന്യകാപ്രായം മുതൽ ഏഴു വത്സരം ഭർത്താവോടൊത്തു ജീവിച്ചു. എൺപത്തിനാലു വയസ്സുള്ള അവൾ വിധവയായിരുന്നു” എന്നു ലൂക്കോസ് വിവരിക്കുന്നു. (ലൂക്കോസ് 2:36, 37, ഓശാന ബൈബിൾ) ഹന്നാ വളരെ ചെറുപ്പത്തിൽത്തന്നെ വിധവയായിരിക്കാനാണു സാധ്യത. പ്രിയപ്പെട്ട ഭർത്താവിന്റെ മരണത്താൽ സംഭവിക്കുന്ന നഷ്ടം എത്ര ഹൃദയവേദനയുള്ളതാണെന്നു വിധവയായിത്തീർന്ന ഏതു പ്രായത്തിലുമുള്ള ക്രിസ്തീയ സ്ത്രീകൾക്കറിയാം. നമ്മുടെ നാളിലെ ദൈവഭക്തരായ അനേകം സ്ത്രീകളെപ്പോലെതന്നെ ഹന്നായും ദൈവസേവനത്തിനു ഭംഗംവരുത്താൻ ഈ ദുഃഖകരമായ അനുഭവത്തെ അനുവദിച്ചില്ല.
ഹന്നാ യെരുശലേമിലെ “ദൈവാലയം വിട്ടുപിരിയാതെ” കഴിഞ്ഞുപോന്നുവെന്നു ലൂക്കോസ് നമ്മോടു പറയുന്നു. (ലൂക്കൊസ് 2:37) ദൈവഭവനത്തിലെ സേവനത്തിൽനിന്നു ലഭിക്കുന്ന അനുഗ്രഹത്തെ അവൾ ആഴമായി വിലമതിച്ചു. ഇസ്രായേലിലെ രാജാവായിരുന്ന സങ്കീർത്തനക്കാരനായ ദാവീദിനെപ്പോലെ അവൾക്കും യഹോവയോട് ഒരുകാര്യം മാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂവെന്ന് അവളുടെ പ്രവൃത്തി തെളിയിച്ചു. അതെന്തായിരുന്നു? “ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാൺമാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ” എന്നു ദാവീദ് പാടി. (സങ്കീർത്തനം 27:4) ഈ സംഗതിയിലും ഹന്നാ, ഇന്ന് യഹോവക്ക് ആരാധന അർപ്പിക്കുന്ന സ്ഥലത്തു നിരന്തരം സന്നിഹിതരാകുന്നതിൽ ആനന്ദം കണ്ടെത്തുന്ന ക്രിസ്തീയ സ്ത്രീകളെപ്പോലെയാണ്.
ഹന്നാ യഹോവയെ ദിനരാത്രം സേവിച്ചു. “ഉപവാസത്തോടും പ്രാർത്ഥനയോടുംകൂടെ”യാണ് അവർ അതു ചെയ്തത്. ഇത് വിലാപത്തെയും ഉൽക്കടമായ പ്രതീക്ഷയെയും സൂചിപ്പിക്കുന്നു. (ലൂക്കൊസ് 2:37) യഹോവയാം ദൈവത്തോട് ഉപവാസവും പ്രാർഥനയും കഴിക്കാൻ ഹന്നായെ ഇടയാക്കിയ സംഗതി, നൂററാണ്ടുകളുടെ ദൈർഘ്യമുള്ള വിജാതീയ ഭരണത്തിൻകീഴിലെ യഹൂദരുടെ കീഴ്പെടലും ആലയത്തെയും അതിന്റെ പുരോഹിതവർഗത്തെയുംപോലും ബാധിക്കാനിടയായ അധഃപതിച്ചുകൊണ്ടിരിക്കുന്ന മത അവസ്ഥകളുമായിരിക്കാൻ ഏറെ സാധ്യതയുണ്ട്. എന്നാൽ അവർക്കു സന്തോഷിക്കാനും വകയുണ്ടായിരുന്നു. പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 2-ാം ആണ്ടിൽ സംഭവബഹുലമായ ഒരു ദിനത്തിൽ നടന്ന അസാധാരണമായ ഒരു സംഗതിയായിരുന്നു അതിനുള്ള കാരണം.
അപ്രതീക്ഷിതമായ ഒരു അനുഗ്രഹം
അതിപ്രധാനമായ ആ ദിവസം ബാലനായ യേശുവിനെ അവന്റെ അമ്മ മറിയയും വളർത്തുപിതാവായ യോസേഫുംകൂടി യെരുശലേം ദൈവാലയത്തിൽ കൊണ്ടുവന്നു. വൃദ്ധനായ ശിമയോൻ ബാലനെ കാണുകയും തദവസരം പ്രവചിക്കുകയും ചെയ്തു. (ലൂക്കൊസ് 2:25-35) പതിവുപോലെ ഹന്നാ ദൈവാലയത്തിൽ ഉണ്ടായിരുന്നു. “ആ നാഴികയിൽ അവളും അടുത്തുനിന്നു” എന്നു ലൂക്കോസ് റിപ്പോർട്ടുചെയ്യുന്നു. (ലൂക്കൊസ് 2:38) പ്രായംചെന്ന തന്റെ കണ്ണുകൾ ഭാവി മിശിഹായെ കണ്ടതിൽ ഹന്നാ എത്രമാത്രം പുളകംകൊണ്ടിരിക്കും!
നാൽപ്പതു ദിവസംമുമ്പ് ദൈവത്തിന്റെ ദൂതൻ ബേത്ലഹേമിനു സമീപമുണ്ടായിരുന്ന ആട്ടിടയൻമാരെ പിൻവരുന്നവിധം പറഞ്ഞുകൊണ്ടു ഭയപരവശരാക്കിയിരുന്നു: “സർവ്വജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” തുടർന്ന് സ്വർഗീയസൈന്യത്തിന്റെ ഒരു സംഘം യഹോവയെ സ്തുതിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം.” (ലൂക്കൊസ് 2:8-14) അതുപോലെ, മിശിഹായാകാൻ പോകുന്നവനെക്കുറിച്ചു സാക്ഷ്യം നൽകുന്നതിനു ഹന്നാ ഇപ്പോൾ ഉടനടി പ്രേരിതയായി!
ബാലനായ യേശുവിനെ കണ്ട അവസരത്തിൽ ഹന്നായും അതുപോലെ “ദൈവത്തെ സ്തുതിച്ചു, യെരുശലേമിന്റെ വീണ്ടെടുപ്പു കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.” (ലൂക്കൊസ് 2:38) ബാലനായ യേശുവിനെ ദൈവാലയത്തിൽവച്ചു കാണുന്നതിനുള്ള പദവി ലഭിച്ച വൃദ്ധനായ ശിമയോനെപ്പോലെ ഹന്നായും നിസ്സംശയമായി വാഗ്ദത്ത വീണ്ടെടുപ്പുകാരനുവേണ്ടി കാംക്ഷിച്ചും പ്രാർഥിച്ചും പ്രതീക്ഷിച്ചും കഴിയുകയായിരുന്നു. ആ ഒരുവൻ യേശുവാണ് എന്ന സുവാർത്ത മററുള്ളവരിൽനിന്ന് ഒളിച്ചുവയ്ക്കാൻ പററിയ ഒന്നായിരുന്നില്ല.
യേശു വളരുംവരെ ജീവിച്ചിരിക്കുന്നതിനു ഹന്നാ പ്രതീക്ഷിച്ചിരുന്നില്ലെങ്കിൽക്കൂടെ അവർ എന്തു ചെയ്തു? വരാൻപോകുന്ന ഈ മിശിഹാമുഖാന്തരം സംഭവിക്കുന്ന മോചനത്തെക്കുറിച്ച് അവൾ മററുള്ളവർക്കു സസന്തോഷം സാക്ഷ്യം നൽകി.
ഹന്നായുടെ ഉത്തമ ദൃഷ്ടാന്തം
ലോകത്തിലെ എത്ര മതഭക്തരാണ് 84-ാം വയസ്സിൽ അത്തരം സാക്ഷ്യം നൽകുകയോ ദിനരാത്രം ആരാധന അർപ്പിക്കുകയോ ചെയ്യുക? അവർ വർഷങ്ങൾക്കുമുമ്പേതന്നെ ഒരു പെൻഷനുവേണ്ടി അപേക്ഷിക്കാനാണു സാധ്യത. ഹന്നായും ശിമയോനും അവരിൽനിന്നു വ്യത്യസ്തരായിരുന്നു. യഹോവയുടെ ദാസരായ പ്രായംചെന്ന സകലർക്കും അവർ ഉത്തമ ദൃഷ്ടാന്തം വെച്ചു. തീർച്ചയായും അവർ യഹോവക്ക് ആരാധനയർപ്പിക്കുന്ന സ്ഥലത്തെ സ്നേഹിക്കുകയും അവരുടെ മുഴു ഹൃദയത്തോടെ അവിടുത്തെ സ്തുതിക്കുകയും ചെയ്തു.
ദൈവഭക്തിയുള്ള ഒരു വിധവയുടെ മികച്ച ദൃഷ്ടാന്തം ഹന്നായിൽ നമുക്കു കാണാവുന്നതാണ്. സാക്ഷാൽ വിധവയായ ഒരുവളുടെ ഗുണഗണങ്ങളെ സൂചിപ്പിച്ചുകൊണ്ട് 1 തിമൊഥെയൊസ് 5:3-16-ൽ നൽകിയിരിക്കുന്ന വിവരണത്തോട് എളിമയുള്ള ഈ വിധവയെക്കുറിച്ചുള്ള ലൂക്കോസിന്റെ വിവരണം നല്ലവണ്ണം ഒത്തുവരുന്നു. അത്തരം ഒരു വിധവ “രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും ഉററുപാർ”ത്തുകൊണ്ട് “ഏകഭർത്താവിന്റെ ഭാര്യയായി”രുന്ന് “സർവ്വസൽപ്രവൃത്തിയും ചെയ്തുപോരു”ന്നു എന്ന് അപ്പോസ്തലനായ പൗലോസ് അവിടെ സൂചിപ്പിച്ചിരിക്കുന്നു. ഹന്നാ അത്തരം ഒരു സ്ത്രീയായിരുന്നു.
ഇന്ന്, ഭൂവ്യാപകമായി യഹോവയുടെ സാക്ഷികളുടെ ആയിരക്കണക്കിനു സഭകളിലായി ദൈവത്തിനു ദിനരാത്രം വിശുദ്ധസേവനം അർപ്പിക്കുന്ന വിശ്വസ്തരായ പ്രായമുള്ള വിധവമാരെ നാം കാണുന്നു. ആധുനികനാളിൽ നമ്മുടെ മധ്യേ ഈ “ഹന്നാമാർ” ഉള്ളതിൽ നാം എത്രമാത്രം വിലമതിപ്പുള്ളവരാണ്!
വളരെ പ്രായമായശേഷവും പുരുഷൻമാർക്കും സ്ത്രീകൾക്കും ദൈവത്തിനു സമർപ്പിച്ച് ജലസ്നാപനത്തിലൂടെ അതു പ്രതീകപ്പെടുത്താവുന്നതാണ്. പ്രായംചെന്നവർക്കു പ്രായാധിക്യത്തിലും യഹോവയെ സേവിക്കുന്നതിനും ഇപ്പോൾ സ്വർഗത്തിൽ സ്ഥാപിതമായിരിക്കുന്ന മിശിഹൈക രാജ്യത്തെക്കുറിച്ചു സാക്ഷ്യം നൽകുന്നതിനും കഴിയും. ഈ മിശിഹൈക രാജ്യം ഉടൻതന്നെ അനുസരണമുള്ള മനുഷ്യവർഗത്തിനു മഹത്തായ അനുഗ്രഹങ്ങൾ കൈവരുത്തും. നൂററാണ്ടുകൾക്കുമുമ്പു ഹന്നായ്ക്കു ലഭിച്ച അനുഗ്രഹംപോലെ ഇപ്പോൾ വിശുദ്ധസേവനം അനുഷ്ഠിക്കുന്ന പ്രായമുള്ള ആളുകൾക്ക് അവർക്കുണ്ടായിട്ടുള്ള ദൈവാനുഗ്രഹത്തെക്കുറിച്ചു സാക്ഷ്യം നൽകാനാവും. ഹന്നായുടെ പ്രായാധിക്യം യഹോവയെ സേവിക്കുന്നതിനോ അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തുന്നതിനോ തടസ്സമായില്ല. അവരുടെ സ്ഥിതിയും മറിച്ചല്ല.