പറുദീസയിലേക്കു മടങ്ങാനുള്ള വഴി
പറുദീസയ്ക്കു വേണ്ടിയുള്ള മമനുഷ്യന്റെ അഭിവാഞ്ഛയും അതു പുനഃസൃഷ്ടിക്കാനുള്ള വലുതും ചെറുതുമായ ശ്രമങ്ങളും കണക്കിലെടുക്കുമ്പോൾ, ഇപ്പോൾത്തന്നെ ഭൂമി ഒരു യഥാർഥ പറുദീസ ആയിരിക്കേണ്ടതാണെന്ന് ഒരുവൻ ചിന്തിച്ചേക്കാം. എന്നാൽ അത് ഒരു യഥാർഥ പറുദീസ അല്ല.
പകരം, മനുഷ്യവർഗം അത്യാഗ്രഹത്തിനു മുൻതൂക്കം കൊടുത്തിരിക്കുന്നു. അതിനു മിക്കപ്പോഴും വിലയൊടുക്കേണ്ടി വരുന്നതോ പരിസ്ഥിതിയും വൈവിധ്യമാർന്ന ജീവികളും. ഭൗതിക സ്വത്തിനായിരിക്കും പ്രാമുഖ്യം എന്നു വിശ്വസിക്കുന്നതിനാൽ, ഈ ഭൂമി എന്നെങ്കിലും ഒരു ഏദെനിക പറുദീസ ആയിത്തീരും എന്ന പ്രതീക്ഷ പലർക്കും നഷ്ടമായിരിക്കുന്നു. പകരം, പറുദീസയുടെ ഏക പ്രത്യാശ എന്നനിലയിൽ മരണാനന്തരമുള്ള ഒരു സ്വർഗീയ ജീവനായി അവർ കാത്തിരിക്കുന്നു. അതു സൂചിപ്പിക്കുന്നത്, ഒന്നാമതായി, ഏദെനു വേണ്ടിയുള്ള മമനുഷ്യന്റെ അഭിലാഷം എന്നെന്നും വിഫലമായിത്തന്നെ അവശേഷിക്കുമെന്നും, രണ്ടാമതായി, മമനുഷ്യന്റെ മടയത്തരത്തിനും അത്യാഗ്രഹത്തിനുമായി ഈ ഗ്രഹത്തെ ദൈവം ഉപേക്ഷിച്ചിരിക്കുന്നുവെന്നുമാണ്. അതാണോ വാസ്തവം? ഭാവി എന്താണു വെച്ചുനീട്ടുന്നത്? ആ ഭാവി എവിടെയായിരിക്കും?
പറുദീസ—സ്വർഗത്തിലോ ഭൂമിയിലോ?
2,000-ത്തോളം വർഷങ്ങൾക്കു മുമ്പ് തന്നോടൊപ്പം ദണ്ഡനസ്തംഭത്തിൽ തൂക്കപ്പെട്ട അനുതാപിയായ ഒരു കള്ളനോടു സംസാരിക്കവെ യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും.” (ലൂക്കൊസ് 23:43) തന്നോടൊപ്പം ആ കള്ളൻ സ്വർഗത്തിൽ പോകുമെന്നു യേശു അർഥമാക്കിയോ? ഇല്ല.
അങ്ങനെയൊരു ആശയം ആ ദുഷ്പ്രവൃത്തിക്കാരന്റെ മനസ്സിൽപ്പോലും ഉദിച്ചിരിക്കാനിടയില്ല. എന്തുകൊണ്ട്? സങ്കീർത്തനം 37:29-ന്റെ ആദ്യ ഭാഗത്തേതുപോലെ, തന്റെ നാളിൽ സ്ഥിതിചെയ്തിരുന്ന എബ്രായ തിരുവെഴുത്തുകളിലെ പാഠഭാഗങ്ങൾ ഒരുപക്ഷേ അയാൾക്കു പരിചിതമായിരുന്നിരിക്കാം: “നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) “സൌമ്യതയുള്ളവർ ഭാഗ്യവാൻമാർ; അവർ ഭൂമിയെ അവകാശമാക്കും” എന്നു പ്രഖ്യാപിച്ചുകൊണ്ട് യേശു അതേ സത്യംതന്നെ പഠിപ്പിച്ചു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (മത്തായി 5:5) ഈ തിരുവെഴുത്ത് കർത്താവിന്റെ പ്രാർഥന എന്നു പരക്കെ വിളിക്കപ്പെടുന്നതുമായി ഒത്തുവരുന്നു, അത് ഇങ്ങനെ പ്രസ്താവിക്കുന്നു: “നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”—മത്തായി 6:9, 10.
മനുഷ്യകുടുംബത്തിന്റെ ഭവനമായി ദൈവം സൃഷ്ടിച്ചതു ഭൂമിയെയാണ്, സ്വർഗത്തെയല്ല, എന്നു ബൈബിൾ പഠിപ്പിക്കുന്നു. “വ്യർത്ഥമായിട്ടല്ല അവൻ [ഭൂമിയെ] നിർമ്മിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമിച്ചതു” എന്ന് അവന്റെ വചനം പ്രസ്താവിക്കുന്നു. (യെശയ്യാവു 45:18) എത്ര കാലത്തോളം? “അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.” (സങ്കീർത്തനം 104:5) അതേ, “ഭൂമിയോ എന്നേക്കും നില്ക്കുന്നു.”—സഭാപ്രസംഗി 1:4.
തന്നെ സേവിക്കുന്ന ബഹുഭൂരിപക്ഷമാളുകളും ഭൂമിയെ തങ്ങളുടെ നിത്യഭവനമാക്കുക എന്നതു ദൈവത്തിന്റെ ഉദ്ദേശ്യമാണ്. ദൈവവചനമായ ബൈബിൾ ഇതേക്കുറിച്ചു പറയുന്നതെന്തെന്നു നോക്കുക. സങ്കീർത്തനം 37:11 ഇങ്ങനെ മുൻകൂട്ടിപ്പറയുന്നു: “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” എത്ര കാലത്തോളം? സങ്കീർത്തനം 37:29 ഇപ്രകാരം പറയുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) ആ സമയത്ത്, “നീ [ദൈവം] തൃക്കൈ തുറന്നു ജീവനുള്ളതിന്റെയൊക്കെയും ആഗ്രഹത്തെ,” ദൈവഹിതത്തിനു ചേർച്ചയിലുള്ള ആഗ്രഹത്തെ “തൃപ്തിപ്പെടുത്തുന്നു” എന്നു പ്രസ്താവിക്കുന്ന തിരുവെഴുത്തു നിവൃത്തിയേറും.—സങ്കീർത്തനം 145:16.
ദൈവേഷ്ടം ചെയ്യാൻ യാതൊരാഗ്രഹവുമില്ലാത്തവരുടെ കാര്യമോ? സദൃശവാക്യങ്ങൾ 2:21, 22 ഇങ്ങനെ പ്രഖ്യാപിക്കുന്നു: “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.”
പറുദീസ പുനഃസ്ഥിതീകരിക്കപ്പെടുന്നു
ഇനി താമസിയാതെ ദൈവം തന്റെ ന്യായവിധികൾ ഈ ദുഷ്ടലോകത്തിന്മേൽ നടപ്പാക്കും. (മത്തായി 24:3-14; 2 തിമൊഥെയൊസ് 3:1-5, 13) വരാൻപോകുന്ന ആ നാശത്തിന്റെ സമയത്ത് “ഒരു മഹാപുരുഷാര”ത്തെ ദൈവം സംരക്ഷിച്ച് അവൻ നിർമിക്കുന്ന പുതിയ ലോകത്തിലേക്കു വഴിനടത്തും.—വെളിപ്പാടു 7:9-17.
ദൈവത്തിന്റെ മനുഷ്യപ്രജകൾ ഭൂമിയെ മുഴു മനുഷ്യവർഗത്തിനും വേണ്ടി ഒരു പറുദീസാഭവനമായി രൂപാന്തരപ്പെടുത്തുകയെന്ന സന്തോഷകരമായ വേലയ്ക്ക് അവൻ നേതൃത്വം നൽകും. ബൈബിൾ ഇപ്രകാരം വാഗ്ദത്തം ചെയ്യുന്നു: “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും. . . . മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.”—യെശയ്യാവു 35:1, 6.
വ്യാപിച്ചുകൊണ്ടിരിക്കുന്ന ആ പറുദീസയിൽ മേലാൽ വിശപ്പോ ദാരിദ്ര്യമോ ചേരികളോ ഭവനരഹിതരോ കുറ്റകൃത്യം നിറഞ്ഞ പ്രദേശങ്ങളോ ഉണ്ടായിരിക്കുകയില്ല. “ദേശത്തു . . . ധാന്യസമൃദ്ധിയുണ്ടാകും.” (സങ്കീർത്തനം 72:16) ‘വയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളയുകയും ചെയ്യും.’ (യെഹെസ്കേൽ 34:27) “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല.” (യെശയ്യാവു 65:21, 22) “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.”—മീഖാ 4:4.
ചിലർ സ്വർഗത്തിലേക്കു പോകുന്നതിന്റെ കാരണം
ഭൗമിക പറുദീസയ്ക്കായുള്ള അഭിവാഞ്ഛ തങ്ങൾക്കുണ്ടെന്നു മിക്കയാളുകളും സമ്മതിക്കാനിടയുണ്ട്. അതു സ്വാഭാവികമാണ്. കാരണം, സ്വർഗത്തിൽ പോകാനുള്ള ഒരു ആഗ്രഹമല്ല ദൈവം അവരിൽ ഉൾനട്ടത്; സ്വർഗത്തിലെ ജീവിതം എങ്ങനെയുള്ളതാണെന്നു സങ്കൽപ്പിക്കാൻപോലും അവർക്കാവില്ല. ഉദാഹരണത്തിന്, തന്റെ സഭയായ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മതശുശ്രൂഷകനുമായി സംസാരിക്കവെ, തീക്ഷ്ണതയുള്ള സഭാംഗമായിരുന്നെങ്കിലും, പാറ്റ് ഇങ്ങനെ പറഞ്ഞു: “സ്വർഗത്തിലേക്കു പോകുന്നതിനെക്കുറിച്ചു ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. അവിടെ പോകാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല, ഞാൻ അവിടെ പോയി എന്തു ചെയ്യാനാണ്?”—സങ്കീർത്തനം 115:16 താരതമ്യം ചെയ്യുക.
പരിമിതമായ ഒരു കൂട്ടമാളുകൾ, അതായത് 1,44,000 പേർ, സ്വർഗത്തിലേക്കു പോകുന്നുവെന്നു ബൈബിൾ പഠിപ്പിക്കുന്നു. (വെളിപ്പാടു 14:1, 4) അതിന്റെ കാരണവും ബൈബിൾ വിശദീകരിക്കുന്നു: “നീ . . . ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (വെളിപ്പാടു 5:9, 10) തങ്ങളുടെ രാജാവായ യേശുക്രിസ്തുവിനോടൊപ്പം അവർ ‘രാജ്യത്തിന്റെ,’ ഭൂമിയുടെ പുതിയ സ്വർഗീയ ഗവൺമെൻറിന്റെ, ഭാഗമാണ്. അതിനു വേണ്ടിയാണു ക്രിസ്ത്യാനികൾ പ്രാർഥിക്കുന്നത്. ഭൂമിയുടെയും മനുഷ്യവർഗത്തിന്റെയും സമഗ്ര പുനരധിവസിപ്പിക്കലിന്മേൽ ആ ഗവൺമെൻറ് മേൽനോട്ടം വഹിക്കും.—ദാനീയേൽ 2:44; 2 പത്രൊസ് 3:13.
എന്നിരുന്നാലും, സ്വർഗത്തിൽ ജീവിക്കാൻ മനുഷ്യർക്കു സ്വാഭാവികമായ ആഗ്രഹം ഇല്ലാത്തതിനാൽ, ഈ പ്രത്യേകമായ “പരമവിളി” മനസ്സിലാക്കാൻ കഴിയത്തക്കവിധം ദൈവാത്മാവ് 1,44,000 പേരോട് അനുപമമായ ഒരു വിധത്തിൽ “സാക്ഷ്യം പറയുന്നു.” (റോമർ 8:16, 17; ഫിലിപ്പിയർ 3:14) എങ്കിലും, ദൈവാത്മാവിന്റെ അത്തരം പ്രവർത്തനം മനുഷ്യവർഗത്തിനു പൊതുവായി ആവശ്യമില്ല. കാരണം, അവരുടെ നിത്യഭവനം ഒരു പറുദീസാഭൂമിയിലാണ് ആയിരിക്കാൻ പോകുന്നത്.
ഒരു ആത്മീയ പറുദീസ വഴിയൊരുക്കുന്നു
ഭൗമിക പറുദീസയിലെ നിത്യജീവന് എങ്ങനെയാണ് ഒരുവൻ യോഗ്യത നേടുന്നത്? “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു” എന്നു യേശു പ്രസ്താവിച്ചു. (യോഹന്നാൻ 17:3) സമാധാനപൂർണമായ മനുഷ്യബന്ധങ്ങളെ ദൈവപരിജ്ഞാനത്തോടു ബന്ധപ്പെടുത്തിക്കൊണ്ടു യെശയ്യാവു 11:9 ഇങ്ങനെ പ്രസ്താവിക്കുന്നു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”—യെശയ്യാവു 48:18 താരതമ്യം ചെയ്യുക.
തീർച്ചയായും, ഈ അറിവ് കേവലം ശിരോജ്ഞാനമല്ല. അത് ഒരുവന്റെ വ്യക്തിത്വത്തെ സ്വാധീനിക്കുകയും “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം” തുടങ്ങിയ ദൈവിക ഗുണങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. (ഗലാത്യർ 5:22, 23) ഈ ഗുണങ്ങൾ നട്ടുവളർത്താൻ യഹോവയുടെ സാക്ഷികൾ പരിശ്രമിക്കുന്നു. അതിനാൽ ആരോഗ്യാവഹമായ ആത്മീയ പറുദീസയാൽ ഇപ്പോൾപ്പോലും അവർ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.—യെശയ്യാവു 65:13, 14.
അവരുടെ ആത്മീയാവസ്ഥ, ഒന്നിനൊന്ന് അഭക്തിയിലേക്കും അഴിമതിയിലേക്കും ആണ്ടുപൊയ്ക്കൊണ്ടിരിക്കുന്ന ലോകത്തിന്റേതിൽനിന്ന് എത്രയോ വിഭിന്നമാണ്! എന്നിരുന്നാലും, ഈ ദുഷ്ട ലോകത്തെ ദൈവം പെട്ടെന്നുതന്നെ നശിപ്പിക്കും. അതിനിടയിൽ, തങ്ങൾ ആസ്വദിക്കുന്ന ആത്മീയ പറുദീസ സന്ദർശിക്കാൻ—അതേ, അതു പരിശോധിക്കാൻ—യഹോവയുടെ സാക്ഷികൾ നിങ്ങളെ ക്ഷണിക്കുന്നു. ആ പുതിയ ലോകത്തിന്റെ ഭാവി നിവാസികളെ ഭൗമിക പറുദീസയിലേക്കും അനന്തജീവനിലേക്കുമുള്ള ഇടുങ്ങിയ പാതയിലൂടെ അദൃശ്യ സ്വർഗീയ രാജാവായ യേശു ഇപ്പോൾ ശാന്തമായി നയിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളതു നിങ്ങൾതന്നെ കാണുവിൻ!—മത്തായി 7:13, 14; വെളിപ്പാടു 7:17; 21:3, 4.
[8, 9 പേജുകളിലെ ചിത്രം]
ഈ ലോകത്തിന്റെ അവസാനത്തെ അതിജീവിക്കുന്നവർ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുന്ന വേലയിൽ പങ്കുപറ്റും