അധ്യായം 36
ഉയിർപ്പിക്കപ്പെടുന്നത് ആർ? എവിടേക്ക്?
എത്ര പേർ ഉയിർത്തെഴുന്നേറ്റെന്നാണ് കഴിഞ്ഞ രണ്ട് അധ്യായങ്ങളിൽ നമ്മൾ പഠിച്ചത്?— അഞ്ചുപേർ. അതിൽ എത്ര കുട്ടികൾ ഉണ്ടായിരുന്നു?— മൂന്ന്. നാലാമത്തെയാൾ ഒരു ചെറുപ്പക്കാരനായിരുന്നു. ഇതിൽനിന്ന് നമുക്ക് എന്തു മനസ്സിലാക്കാം?—
ദൈവത്തിന് കുട്ടികളെയും ചെറുപ്പക്കാരെയും ഇഷ്ടമാണെന്നാണ് ഇതു കാണിക്കുന്നത്. പക്ഷേ കുട്ടികളെ മാത്രമല്ല വലിയവരെയും ദൈവം ഉയിർപ്പിക്കും. ആകട്ടെ, നല്ല കാര്യങ്ങൾ ചെയ്തവരെ മാത്രമേ അവൻ ഉയിർപ്പിക്കുകയുള്ളോ?— നമ്മൾ അങ്ങനെ വിചാരിച്ചേക്കാം. പക്ഷേ മരിച്ചുപോയ പലർക്കും യഹോവയാം ദൈവത്തെയോ അവന്റെ പുത്രനെയോ കുറിച്ച് ഒന്നും അറിയില്ല. അതുകൊണ്ട് അവർ തെറ്റുകൾ ചെയ്തു. തെറ്റായ കാര്യങ്ങളാണ് അവരെ പഠിപ്പിച്ചിരുന്നത്. അങ്ങനെയുള്ള ആളുകളെ യഹോവ ഉയിർപ്പിക്കുമോ? നിങ്ങൾക്ക് എന്തു തോന്നുന്നു?—
‘നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും’ എന്ന് ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 24:15) നീതികെട്ടവരെ, എന്നുവെച്ചാൽ ശരിയായ കാര്യങ്ങൾ ചെയ്യാതിരുന്നവരെ ഉയിർപ്പിക്കുന്നത് എന്തിനാണ്?— കാരണം, അവർക്ക് യഹോവയെക്കുറിച്ച് ഒന്നും അറിയില്ല. മനുഷ്യർ എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നതെന്ന് അറിയാനും അവർക്ക് അവസരം കിട്ടിയിട്ടില്ല.
എപ്പോഴായിരിക്കും ആളുകൾ ഉയിർപ്പിക്കപ്പെടുന്നത്?— ലാസർ മരിച്ചപ്പോൾ യേശു മാർത്തയോട് എന്താണ് പറഞ്ഞതെന്ന് ഓർക്കുന്നില്ലേ? “നിന്റെ സഹോദരൻ ഉയിർത്തെഴുന്നേൽക്കും.” അപ്പോൾ മാർത്ത എന്താണ് പറഞ്ഞത്? “അവസാനനാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേൽക്കുമെന്ന് എനിക്കറിയാം.” (യോഹന്നാൻ 11:23, 24) ലാസർ ‘അവസാനനാളിൽ’ ഉയിർത്തെഴുന്നേൽക്കുമെന്നു പറഞ്ഞപ്പോൾ മാർത്ത എന്താണ് ഉദ്ദേശിച്ചത്?—
‘സ്മാരകക്കല്ലറകളിലുള്ള എല്ലാവരും പുറത്തുവരും’ എന്ന് യേശു പറഞ്ഞതിനെക്കുറിച്ച് മാർത്ത കേട്ടിരുന്നു. (യോഹന്നാൻ 5:28, 29) സ്മാരകക്കല്ലറകളിലുള്ളവർ, എന്നുവെച്ചാൽ ദൈവത്തിന്റെ ഓർമയിലുള്ളവർ ജീവനിലേക്കു തിരികെവരുന്നത് ‘അവസാനനാളിലാണ്.’ പക്ഷേ ഈ അവസാനനാൾ എന്നു പറയുന്നത് 24 മണിക്കൂറുള്ള ഒരു ദിവസമല്ല, ആയിരംവർഷമാണ്. അവസാനനാളിൽ ‘ദൈവം ഭൂമിയിലെ എല്ലാ മനുഷ്യരെയും ന്യായംവിധിക്കുമെന്ന്’ ബൈബിൾ പറയുന്നു. പുനരുത്ഥാനപ്പെട്ടുവരുന്നവരും അതിൽപ്പെടും.—പ്രവൃത്തികൾ 17:31; 2 പത്രോസ് 3:8.
അത് എത്ര സന്തോഷകരമായ സമയമായിരിക്കും, അല്ലേ? മരിച്ചുപോയ ലക്ഷക്കണക്കിന് ആളുകൾ ഈ ആയിരംവർഷക്കാലത്ത് ജീവനിലേക്ക് തിരിച്ചുവരും. അങ്ങനെ തിരിച്ചുവരുന്ന ആളുകൾ ജീവിക്കുന്നത് പറുദീസയിലായിരിക്കുമെന്ന് യേശു പറഞ്ഞു. ആ പറുദീസ എവിടെയായിരിക്കും? അത് എങ്ങനെയിരിക്കും? നമുക്കു നോക്കാം.
മരിക്കുന്നതിന് ഏതാണ്ട് മൂന്നു മണിക്കൂർ മുമ്പ് യേശു പറുദീസയെക്കുറിച്ച് പറഞ്ഞു. ആരോടാണെന്നോ? തന്നോടൊപ്പം സ്തംഭത്തിൽ കിടന്നിരുന്ന ഒരു കുറ്റവാളിയോട്. അയാൾ ചെയ്ത കുറ്റങ്ങളുടെ പേരിലാണ് അയാളെ സ്തംഭത്തിൽ തറച്ചിരിക്കുന്നത്. യേശുവിനെ കാണുകയും അവനെക്കുറിച്ച് ആളുകൾ പറയുന്നതു കേൾക്കുകയും ചെയ്ത അയാൾ യേശുവിൽ വിശ്വസിക്കുന്നു. അതുകൊണ്ട് അയാൾ, “യേശുവേ, നീ നിന്റെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ” എന്നു പറയുന്നു. അപ്പോൾ യേശു അയാളോട്: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു: നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.”—ലൂക്കോസ് 23:39-46.
അതു പറഞ്ഞപ്പോൾ എന്തായിരിക്കും യേശു ഉദ്ദേശിച്ചത്? എവിടെയാണ് പറുദീസ?— ഒന്നാലോചിച്ചുനോക്കൂ, മുമ്പ് പറുദീസ എവിടെയായിരുന്നു?— ആദാമിനും ഹവ്വായ്ക്കും ജീവിക്കാൻ ദൈവം ഒരു പറുദീസ കൊടുത്ത കാര്യം ഓർക്കുന്നില്ലേ? ഈ ഭൂമിയിൽത്തന്നെയായിരുന്നു ആ പറുദീസ. ഏദെൻതോട്ടം എന്നാണ് അതിനെ വിളിച്ചിരുന്നത്. ധാരാളം മൃഗങ്ങൾ ഉണ്ടായിരുന്നു അവിടെ. പക്ഷേ അവ ആരെയും ഉപദ്രവിച്ചിരുന്നില്ല. ഒരുപാട് മരങ്ങളും ഉണ്ടായിരുന്നു; അവയിൽ നിറയെ, സ്വാദുള്ള പഴങ്ങളും. വലിയൊരു നദിയും ഉണ്ടായിരുന്നു അവിടെ. ആ സ്ഥലത്ത് ജീവിക്കാൻ എന്തു രസമായിരുന്നിരിക്കും, അല്ലേ?—ഉല്പത്തി 2:8-10.
അതുകൊണ്ട്, ആ കുറ്റവാളി പറുദീസയിൽ വരും എന്ന് ബൈബിളിൽനിന്ന് വായിക്കുമ്പോൾ, ഭൂമി മനോഹരമായ ഒരു സ്ഥലമായി മാറിയിരിക്കുന്നത് നമ്മൾ മനസ്സിൽ കാണണം. പക്ഷേ, ആ കുറ്റവാളിയോടൊപ്പം യേശുവും പറുദീസയിൽ ഉണ്ടായിരിക്കുമോ, ഈ ഭൂമിയിൽ?— ഇല്ല. അത് എന്തുകൊണ്ടാണെന്ന് അറിയാമോ?—
കാരണം, സ്വർഗത്തിലിരുന്നുകൊണ്ടായിരിക്കും രാജാവായ യേശു പറുദീസാഭൂമിയെ ഭരിക്കുന്നത്. അപ്പോൾപ്പിന്നെ യേശു അയാളോടൊപ്പം പറുദീസയിൽ ഉണ്ടായിരിക്കും എന്നു പറഞ്ഞതോ? യേശു അയാളെ ഉയിർപ്പിക്കും, അയാളുടെ ആവശ്യങ്ങളെല്ലാം നടത്തിക്കൊടുക്കും. അതാണ് അതിന്റെ അർഥം. പക്ഷേ, കുറ്റവാളിയായിരുന്ന ഒരാളെ യേശു പറുദീസയിൽ കൊണ്ടുവരുന്നത് എന്തിനാണ്?— ഉത്തരം കണ്ടുപിടിക്കാൻ നമുക്കൊന്നു ശ്രമിച്ചുനോക്കാം.
യേശുവിനോട് സംസാരിക്കുന്നതിനുമുമ്പ് ആ കുറ്റവാളിക്ക് ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അറിയാമായിരുന്നോ?— ഇല്ല. ദൈവത്തെക്കുറിച്ച് അയാൾക്ക് ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ടാണ് അയാൾ തെറ്റുകൾ ചെയ്തത്. പറുദീസയിൽ വരുമ്പോൾ ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അയാളെ പഠിപ്പിക്കും. അപ്പോൾ, ദൈവത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ട് തനിക്ക് ദൈവത്തോട് സ്നേഹമുണ്ടെന്ന് കാണിക്കാൻ അയാൾക്ക് അവസരം കിട്ടും.
ഉയിർത്തെഴുന്നേറ്റുവരുന്ന എല്ലാവരും ഭൂമിയിലെ പറുദീസയിലായിരിക്കുമോ ജീവിക്കുന്നത്?— അല്ല. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയാമോ?— കാരണം, സ്വർഗത്തിൽ യേശുവിനോടൊപ്പം ജീവിക്കാനാണ് ചിലർ ഉയിർത്തെഴുന്നേൽക്കുന്നത്. അവരും അവനോടുകൂടെ രാജാക്കന്മാരായി പറുദീസാഭൂമിയെ ഭരിക്കും. പക്ഷേ ഇതു നമുക്കെങ്ങനെ അറിയാം?
‘എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഞാൻ നിങ്ങൾക്കു സ്ഥലമൊരുക്കാൻ പോകുകയാണ്’ എന്ന് മരിക്കുന്നതിന്റെ തലേരാത്രി യേശു അപ്പൊസ്തലന്മാരോടു പറഞ്ഞു. അതിനുശേഷം യേശു അവർക്ക് ഈ വാക്കുകൊടുത്തു: ‘ഞാൻ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് വീണ്ടും വന്ന് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.’—യോഹന്നാൻ 14:2, 3.
ഉയിർത്തെഴുന്നേറ്റശേഷം യേശു എവിടേക്കാണ് പോയത്?— സ്വർഗത്തിൽ തന്റെ പിതാവിന്റെ അടുത്തേക്ക്. (യോഹന്നാൻ 17:4, 5) അതുകൊണ്ട്, സ്വർഗത്തിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി അപ്പൊസ്തലന്മാരെയും മറ്റ് അനുയായികളെയും ഉയിർപ്പിക്കുമെന്നാണ് യേശു പറഞ്ഞത്. യേശുവിനോടൊപ്പം അവർ അവിടെ എന്തായിരിക്കും ചെയ്യുക?— “ഒന്നാമത്തെ പുനരുത്ഥാനത്തിൽ” പങ്കുള്ളവർ സ്വർഗത്തിലിരുന്ന് “ആയിരംവർഷം രാജാക്കന്മാരായി” ഭൂമിയെ ഭരിക്കും. അതാണ് ബൈബിൾ പറയുന്നത്.—വെളിപാട് 5:10; 20:6; 2 തിമൊഥെയൊസ് 2:12.
‘ഒന്നാമത്തെ പുനരുത്ഥാനത്തിൽ’ പങ്കുള്ളവരുടെ എണ്ണം എത്രയാണ്?— യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടേണ്ട. നിങ്ങളുടെ പിതാവ് രാജ്യം നിങ്ങൾക്കു നൽകാൻ പ്രസാദിച്ചിരിക്കുന്നു.” (ലൂക്കോസ് 12:32) സ്വർഗരാജ്യത്തിൽ യേശുവിനോടൊപ്പം ഭരിക്കാനിരിക്കുന്ന ഈ ‘ചെറിയ ആട്ടിൻകൂട്ടത്തിലുള്ളവരുടെ’ എണ്ണം ബൈബിൾ പറയുന്നുണ്ട്. ഭൂമിയിൽനിന്ന് സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെടുന്ന അവരുടെ എണ്ണം ‘ഒരുലക്ഷത്തിനാൽപ്പത്തിനാലായിരം’ ആണ്.—വെളിപാട് 14:1, 3.
അങ്ങനെയെങ്കിൽ, ഭൂമിയിലെ പറുദീസയിൽ ജീവിക്കുന്നവരുടെ എണ്ണം എത്രയാണ്?— അത് ബൈബിൾ പറയുന്നില്ല. പക്ഷേ ആദാമും ഹവ്വായും ഏദെൻതോട്ടത്തിൽ ആയിരുന്നപ്പോൾ ദൈവം അവരോട് എന്താണ് പറഞ്ഞതെന്നോ? കുട്ടികളെ ജനിപ്പിക്കാനും അങ്ങനെ ഭൂമിയെ നിറയ്ക്കാനും. അവർ ദൈവത്തോട് അനുസരണക്കേടു കാണിച്ചതുകൊണ്ട് അതു നടന്നില്ല. പക്ഷേ നല്ല മനുഷ്യരെക്കൊണ്ട് ഭൂമി നിറയ്ക്കണമെന്ന തന്റെ ഉദ്ദേശ്യം ദൈവം തീർച്ചയായും നടപ്പിലാക്കും.—ഉല്പത്തി 1:28; യെശയ്യാവു 45:18; 55:11.
പറുദീസയിൽ ജീവിക്കാൻ എന്തു രസമായിരിക്കും, അല്ലേ? ഭൂമി മുഴുവൻ ഒരു പാർക്കുപോലെയാകും. പക്ഷികളും മൃഗങ്ങളും മരങ്ങളും പൂക്കളും ഒക്കെ ചേർന്ന് എന്തൊരു ഭംഗിയായിരിക്കും! രോഗമോ വേദനയോ ഒന്നും ഉണ്ടായിരിക്കില്ല; ആരും മരിക്കുകയുമില്ല. എല്ലാവരും നമ്മുടെ കൂട്ടുകാരായിരിക്കും. പറുദീസയിൽ എന്നും ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇപ്പോൾത്തന്നെ നമ്മൾ അതിനുവേണ്ടി തയ്യാറാകണം.
ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെപ്പറ്റി കൂടുതൽ അറിയാൻ ഈ തിരുവെഴുത്തുകൾ വായിക്കുക: സദൃശവാക്യങ്ങൾ 2:21, 22; സഭാപ്രസംഗി 1:4; യെശയ്യാവു 2:4; 11:6-9; 35:5, 6; 65:21-24.