അധ്യായം പത്തൊമ്പത്
അവൻ സംരക്ഷിച്ചു, പോറ്റിപ്പുലർത്തി, പിടിച്ചുനിന്നു
1, 2. (എ) യോസേഫിന്റെയും കുടുംബത്തിന്റെയും ജീവിതത്തിൽ എന്തു മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത്? (ബി) യോസേഫിന് ഏത് അശുഭവാർത്തയാണ് ഭാര്യയോട് പറയാനുണ്ടായിരുന്നത്?
ഇരുൾ മൂടിയ ബേത്ത്ലെഹെം! ഗ്രാമം നിദ്രയിലാണ്. യോസേഫ് ഒരു ഭാണ്ഡംകൂടി കഴുതപ്പുറത്ത് വെച്ചുകെട്ടി. കഴുത ഭാരം അറിഞ്ഞമട്ടില്ല! അവൻ കഴുതയെ ചെറുതായൊന്നു തലോടി. എന്നിട്ട് നാലുപാടും കണ്ണോടിച്ചു. ഈജിപ്തിലേക്കാണ് പോകേണ്ടത്! ഹൊ, എത്ര ദൂരം യാത്ര ചെയ്താലാണ്! എങ്ങനെയായാലും ഈജിപ്തിൽ എത്തിയേ പറ്റൂ! ഒരു പരിചയവുമില്ലാത്ത ആളുകൾ, അറിയാത്ത ഭാഷ, അറിയാത്ത ആചാരരീതികൾ! മറിയയ്ക്കും കുഞ്ഞിനും ആ അന്യനാടിനോടും അവിടത്തെ രീതികളോടും ഒത്തുപോകാനാകുമോ? അങ്ങനെ പോയി യോസേഫിന്റെ ചിന്തകൾ!
2 അപ്രതീക്ഷിതമായി അറിഞ്ഞ അശുഭവാർത്ത എങ്ങനെ തന്റെ പ്രിയതമയോട് അവതരിപ്പിക്കും എന്ന് യോസേഫ് ആദ്യം ചിന്തിച്ചിട്ടുണ്ടാകും. എങ്കിലും അവൻ ധൈര്യം സംഭരിച്ച് വിവരം മറിയയെ അറിയിച്ചു. ഹെരോദാവ് തങ്ങളുടെ ഓമനപ്പുത്രനെ കൊല്ലാൻ നോക്കുന്നെന്നും ഉടനെ അവിടം വിട്ടുപോകണമെന്നും യോസേഫ് പറഞ്ഞു. സ്വപ്നത്തിൽ ദൈവത്തിന്റെ ദൂതൻ തനിക്ക് പ്രത്യക്ഷപ്പെട്ട് അറിയിച്ചതാണ് ഈ കാര്യമെന്നും പറഞ്ഞു. (മത്തായി 2:13, 14 വായിക്കുക.) മറിയയ്ക്ക് ആകെ ആധിയായി! നിഷ്കളങ്കനായ ഈ പൊന്നോമനയെ കൊല്ലുകയോ? എന്തിന്? മറിയയ്ക്കും യോസേഫിനും ഒന്നും മനസ്സിലായില്ല. പക്ഷേ, അവർ യഹോവ പറഞ്ഞത് അതുപടി വിശ്വസിച്ചു. അവർ ബേത്ത്ലെഹെം വിടാൻ തീരുമാനിച്ച് യാത്രയ്ക്ക് ഒരുങ്ങി.
3. യോസേഫും കുടുംബവും ബേത്ത്ലെഹെം വിട്ടുപോരുന്ന രംഗം വിവരിക്കുക. (ചിത്രവും കാണുക.)
3 ചുരുളഴിയുന്ന ഈ നാടകത്തെക്കുറിച്ച് ഒന്നുമറിയാതെ ബേത്ത്ലെഹെം ഉറങ്ങുകയാണ്. യോസേഫും മറിയയും കുഞ്ഞിനെയുംകൊണ്ട് ഇരുളിന്റെ മറപറ്റി പതിയെ ഗ്രാമത്തിനു പുറത്തേക്ക് കടന്നു. അവർ തെക്കുദിശയിലേക്കാണ് നീങ്ങുന്നത്. കിഴക്കേ ചക്രവാളത്തിൽ ഇരുളിന് കനം കുറഞ്ഞുതുടങ്ങി. വെളിച്ചം വീഴാറായെന്നു തോന്നുന്നു. യാത്രയിൽ എന്തൊക്കെ സംഭവിക്കുമെന്ന് യോസേഫിന് ഒരു ഊഹവുമില്ല. കരുത്തരായ ശത്രുക്കളിൽനിന്ന് ഒരു പാവം മരപ്പണിക്കാരനായ താൻ എങ്ങനെ തന്റെ കുടുംബത്തെ സംരക്ഷിക്കും? നിത്യവൃത്തിക്കുള്ള വക കണ്ടെത്താൻ എപ്പോഴും തനിക്കു പറ്റിയെന്നു വരുമോ? യഹോവയാം ദൈവം തന്റെ കൈയിലേൽപ്പിച്ച ‘നിധി’ എത്ര കാലം സൂക്ഷിക്കാൻ തനിക്കു കഴിയും? കുഞ്ഞിനെ പോറ്റിപ്പുലർത്തണം, സംരക്ഷിക്കണം, വളർത്തിക്കൊണ്ടുവരണം. ഭാരിച്ച നിയോഗംതന്നെ! തന്നെക്കൊണ്ട് അതിനു കഴിയാതെ പോകുമോ? ഇതൊക്കെ ഓർത്തപ്പോൾത്തന്നെ യോസേഫിന് ഭയം തോന്നിക്കാണും. എന്നാൽ പ്രതിബന്ധങ്ങൾ നേരിട്ടപ്പോൾ അവസരത്തിനൊത്ത് ഉയർന്ന് അവയോരോന്നും യോസേഫ് ഭംഗിയായി കൈകാര്യം ചെയ്തത് എങ്ങനെയാണെന്നാണ് ഇനി നമ്മൾ കാണാൻപോകുന്നത്. നമ്മളോരോരുത്തരും, വിശേഷിച്ച് ഇന്നുള്ള പിതാക്കന്മാർ യോസേഫിന്റെ വിശ്വാസം അനുകരിക്കേണ്ടത് എന്തുകൊണ്ടാണെന്ന് നമുക്ക് നോക്കാം.
യോസേഫ് തന്റെ കുടുംബത്തെ സംരക്ഷിച്ചു
4, 5. (എ) യോസേഫിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായത് എങ്ങനെ? (ബി) ആ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാൻ ദൂതൻ യോസേഫിനെ ധൈര്യപ്പെടുത്തിയത് എങ്ങനെ?
4 യോസേഫിന്റെ ജീവിതത്തിൽ മാറ്റങ്ങൾ തുടങ്ങിയത് ഇപ്പോഴല്ല, കുറെ മാസങ്ങൾക്കു മുമ്പാണ്. അന്ന് യോസേഫ് സ്വന്തനാടായ നസറെത്തിലാണ്. ഹേലിയുടെ മകൾ മറിയയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന സമയം. നിഷ്കളങ്കയും ദൈവഭക്തയും ആയ ഒരു പെൺകുട്ടിയാണ് മറിയ എന്ന് യോസേഫിന് അറിയാമായിരുന്നു. പക്ഷേ, അങ്ങനെയിരിക്കെയാണ് അവൾ ഗർഭിണിയാണെന്ന വിവരം അവൻ അറിയുന്നത്! അവൾക്ക് മാനഹാനി വരാതിരിക്കാൻ അവളെ രഹസ്യമായി ഉപേക്ഷിക്കാൻ, അതായത് വിവാഹമോചനം നടത്താൻ, യോസേഫ് തീരുമാനിച്ചു.a പക്ഷേ, സ്വപ്നത്തിൽ ഒരു ദൈവദൂതൻ അവനോട് സംസാരിച്ച് യഹോവയുടെ പരിശുദ്ധാത്മാവിനാലാണ് അവൾ ഗർഭിണിയായിരിക്കുന്നതെന്ന് അറിയിച്ചു. അവൾക്ക് ജനിക്കുന്ന പുത്രൻ തന്റെ “ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കും” എന്നു ദൂതൻ പറഞ്ഞു. “നിന്റെ ഭാര്യയായ മറിയയെ വീട്ടിലേക്കു കൊണ്ടുവരാൻ മടിക്കേണ്ടാ” എന്നും ദൂതൻ യോസേഫിന് ധൈര്യംകൊടുത്തു!—മത്താ. 1:18-21.
5 നീതിമാനും അനുസരണശീലമുള്ളവനും ആയിരുന്നു യോസേഫ്. അവൻ ദൂതൻ പറഞ്ഞതുപോലെ ആ ഭാരിച്ച നിയമനം ഏറ്റെടുത്തു: മറിയയ്ക്കു ജനിക്കാൻ പോകുന്ന കുഞ്ഞിനെ വളർത്തുക! എന്നാൽ ആ കുഞ്ഞ് യോസേഫിന്റെ സ്വന്തം മകനല്ല, പിന്നെയോ, ദൈവത്തിന്റെ ഏറ്റവും പ്രിയങ്കരനായ പുത്രനാണ്! അവനെ പോറ്റാനും സംരക്ഷിക്കാനും യോസേഫ് തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് ഒരു രാജകല്പന പുറപ്പെട്ടതും ഗർഭിണിയായ ഭാര്യയെയും കൂട്ടി യോസേഫ് ബേത്ത്ലെഹെമിലേക്ക് പേരു ചാർത്താൻ പോയതും. അവിടെവെച്ചാണ് കുട്ടി പിറക്കുന്നത്.
6-8. (എ) ഏതെല്ലാം സംഭവങ്ങളാണ് യോസേഫിന്റെയും അവന്റെ കൊച്ചുകുടുംബത്തിന്റെയും ജീവിതം പിന്നെയും മാറ്റിയത്? (ബി) സാത്താനാണ് നക്ഷത്രം അയച്ചത് എന്നുള്ളതിന് എന്തു തെളിവുണ്ട്? (അടിക്കുറിപ്പും കാണുക.)
6 യോസേഫ് കുടുംബവുമായി നസറെത്തിലേക്കു മടങ്ങിയില്ല. അവർ ബേത്ത്ലെഹെമിൽത്തന്നെ താമസിച്ചു. യെരുശലേമിൽ നിന്ന് ഏകദേശം പത്തു കിലോമീറ്റർ ദൂരമേയുള്ളൂ അവിടേക്ക്. അവർ പാവപ്പെട്ടവരായിരുന്നു. എന്നാൽ മറിയയെയും യേശുവിനെയും പോറ്റാൻ യോസേഫ് കഠിനാധ്വാനം ചെയ്തു. കുറച്ച് നാളുകൾക്കുള്ളിൽത്തന്നെ അവർ ഒരു കൊച്ചുവീട്ടിൽ താമസം തുടങ്ങി. കുട്ടിക്ക് ഏകദേശം ഒരു വയസ്സായിക്കാണും, അവരുടെ ജീവിതത്തിൽ വീണ്ടും പെട്ടെന്നൊരു മാറ്റം സംഭവിച്ചു.
7 ഒരു ദിവസം ഒരു കൂട്ടം പുരുഷന്മാർ മറിയയുടെയും യോസേഫിന്റെയും വീട്ടിലെത്തി. കിഴക്കുനിന്നുള്ള ജ്യോതിഷക്കാരായിരുന്നു അവർ. ഒരുപക്ഷേ, അങ്ങുദൂരെ ബാബിലോണിൽനിന്നായിരിക്കാം അവർ വരുന്നത്. ഒരു നക്ഷത്രത്തെ പിന്തുടർന്നാണ് അവർ യാത്ര തുടങ്ങിയത്. ആ നക്ഷത്രം അവരെ കൊണ്ടെത്തിച്ചത് യോസേഫും മറിയയും താമസിക്കുന്ന വീട്ടിലാണ്. യഹൂദന്മാരുടെ രാജാവായിത്തീരാനുള്ള ശിശുവിനെ അന്വേഷിച്ചാണ് ആ ജ്യോതിഷക്കാരുടെ വരവ്. ഭക്ത്യാദരങ്ങളോടെയാണ് ആ പുരുഷന്മാർ എത്തിയിരിക്കുന്നത്.
8 അറിഞ്ഞുകൊണ്ടായാലും അറിയാതെയായാലും ജ്യോതിഷക്കാർ ശിശുവായ യേശുവിന്റെ ജീവൻ അപകടത്തിലാക്കുകയായിരുന്നു. അവർ കണ്ട നക്ഷത്രം ആദ്യം അവരെ നയിച്ചത് നേരെ ബേത്ത്ലെഹെമിലേക്കല്ല, യെരുശലേമിലേക്കാണ്.b അവിടെയെത്തിയ അവർ ദുഷ്ടനായ ഹെരോദാരാജാവിനോട് യഹൂദന്മാർക്ക് രാജാവായിത്തീരാനുള്ള ശിശുവിനെ അന്വേഷിച്ചാണ് തങ്ങൾ വരുന്നതെന്ന് അറിയിച്ചു. ആ വാർത്ത കേട്ട ഹെരോദാവിന്റെയുള്ളിൽ അസൂയയും കോപവും നിറഞ്ഞു.
9-11. (എ) ഹെരോദാവിനെക്കാളും സാത്താനെക്കാളും ശക്തനായ ഒരാൾ പ്രവർത്തിച്ചത് ഏതെല്ലാം വിധങ്ങളിൽ? (ബി) അപ്പൊക്രിഫാപുസ്തകങ്ങളിലെ കെട്ടുകഥകളിൽനിന്നു വ്യത്യസ്തമായി ഈജിപ്തിലേക്കുള്ള യോസേഫിന്റെയും മറിയയുടെയും യാത്ര എങ്ങനെയുള്ളതായിരുന്നു?
9 എന്നാൽ സന്തോഷകരമെന്നു പറയട്ടെ, ഹെരോദാവിനെക്കാളും സാത്താനെക്കാളും ശക്തനായവൻ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. എങ്ങനെ അറിയാം? ശിശുവിനെ കാണാനായി അവന്റെ വീട്ടിലെത്തിയ സന്ദർശകർ അവന് കാഴ്ചകൾ അർപ്പിച്ചതായി നാം കാണുന്നു, അവർ പകരം ഒന്നും ചോദിച്ചതുമില്ല. “പൊന്നും കുന്തിരിക്കവും മീറയും” ആണ് അവർ കാഴ്ചവെച്ചത്. അമൂല്യമായ കാഴ്ചവസ്തുക്കൾ! പെട്ടെന്ന് ഇത്രയും സമ്പത്ത് തങ്ങളുടെ കൈവശം വന്നുചേർന്നതു കണ്ട് യോസേഫും മറിയയും അത്ഭുതപ്പെട്ടുപോയിട്ടുണ്ടാകും! തിരിച്ചുപോയി ഹെരോദാരാജാവിനോട്, കുട്ടിയെ കണ്ടെത്തിയ കാര്യം പറയണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു ജ്യോതിഷക്കാർ. പക്ഷേ, യഹോവ ഇടപെട്ടു. വേറൊരു വഴിയായി സ്വദേശത്തേക്കു മടങ്ങാൻ യഹോവ ഒരു സ്വപ്നത്തിൽ ആ പുരുഷന്മാരോട് ആവശ്യപ്പെട്ടു.—മത്തായി 2:1-12 വായിക്കുക.
10 ജ്യോതിഷക്കാർ പോയതും, യഹോവയുടെ ദൂതൻ സ്വപ്നത്തിൽ യോസേഫിന് ഈ മുന്നറിയിപ്പ് കൊടുത്തു: “എഴുന്നേറ്റ് ശിശുവിനെയും അവന്റെ അമ്മയെയും കൂട്ടി ഈജിപ്റ്റിലേക്ക് ഓടിപ്പോകുക; ഞാൻ പറയുന്നതുവരെ അവിടെത്തന്നെ പാർക്കുക; ശിശുവിനെ കൊല്ലേണ്ടതിന് ഹെരോദാവ് അവനുവേണ്ടി തിരച്ചിൽനടത്താൻ ഒരുങ്ങുന്നു.” (മത്താ. 2:13) അതു കേട്ടതേ, അനുസരണയോടെ യാത്രയ്ക്ക് തയ്യാറെടുത്ത യോസേഫിനെക്കുറിച്ചാണ് ഈ അധ്യായത്തിന്റെ തുടക്കത്തിൽ നാം കണ്ടത്. കുട്ടിയുടെ സുരക്ഷയായിരുന്നു യോസേഫിന് ഏറ്റവും പ്രധാനം. അതുകൊണ്ട് അവൻ കുടുംബത്തെയും കൂട്ടി ഈജിപ്തിലേക്കു പോയി. ആ പുറജാതീയരായ ജ്യോതിഷക്കാർ കാഴ്ചവെച്ച വിലപിടിപ്പുള്ള വസ്തുക്കൾ കൈവശമുള്ളതുകൊണ്ട്, യാത്രയിലും അവിടെ ചെന്ന് താമസിക്കുമ്പോഴും കുടുംബത്തെ പരിപാലിക്കാൻ യോസേഫിന് കഴിയുമായിരുന്നു.
11 കാനോനികമല്ലാത്ത അപ്പൊക്രിഫാപുസ്തകങ്ങളിലെ കെട്ടുകഥകളും പഴങ്കഥകളും ഈജിപ്തിലേക്കുള്ള ഈ യാത്രയെ പിന്നീട് അതിശയോക്തി കലർത്തി വർണിച്ചിട്ടുണ്ട്. ഉണ്ണിയേശു അത്ഭുതം പ്രവർത്തിച്ച് യാത്രാദൂരം കുറച്ചെന്ന് ഒരു കഥ! കൊള്ളക്കാരെ കുഞ്ഞാടുകളെപ്പോലെ സൗമ്യരാക്കിയെന്ന് വേറൊരു കഥ! അമ്മയ്ക്ക് പഴം പറിക്കാൻ പാകത്തിന് ഈന്തപ്പനകൾ തലകുനിച്ച് നിൽക്കാൻ ഉണ്ണിയേശു ഇടയാക്കിയെന്നും കഥയുണ്ട്!c എന്നാൽ വാസ്തവമോ? ഒരു സാധുകുടുംബത്തിന്റെ കഷ്ടപ്പാടും ആശങ്കകളും നിറഞ്ഞ ഒരു ദീർഘയാത്ര, അതും പരിചയമില്ലാത്ത ഒരു ദേശത്തേക്ക്!
കുടുംബത്തിന്റെ നന്മയ്ക്കായി യോസേഫ് സ്വന്തം സുഖങ്ങൾ ത്യജിച്ചു
12. നാലുപാടും അപകടം നിറഞ്ഞ ഒരു ലോകത്തിൽ മക്കളെ വളർത്തിക്കൊണ്ടുവരുന്ന അച്ഛനമ്മമാർക്ക് യോസേഫിൽനിന്ന് എന്തു പഠിക്കാം?
12 മാതാപിതാക്കൾക്ക് യോസേഫിൽനിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്. യോസേഫ് കുടുംബത്തെ അപകടത്തിൽനിന്നു രക്ഷിക്കാനായി അപ്പോൾത്തന്നെ ജോലികാര്യങ്ങൾ മാറ്റിവെച്ചു, സ്വന്തസുഖങ്ങൾ കാര്യമാക്കിയില്ല. തന്റെ കുടുംബത്തെ യഹോവയിൽനിന്നുള്ള പാവനമായ ഒരു നിധിയായിട്ടാണ് അവൻ കണ്ടത്. അപകടം നിറഞ്ഞ ഒരു ലോകത്തിലാണ് ഇന്നത്തെ മാതാപിതാക്കൾ മക്കളെ വളർത്തിക്കൊണ്ടുവരുന്നത്. കുഞ്ഞുങ്ങളെ അപകടത്തിലാക്കുകയും ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ദുഷ്ടസ്വാധീനങ്ങൾ നിറഞ്ഞ ഒരു ലോകമാണിത്. മാതാപിതാക്കളേ, അപകടങ്ങളിൽനിന്ന് മക്കളെ സംരക്ഷിക്കാൻ നിങ്ങൾ യോസേഫിനെപ്പോലെ വിവേകത്തോടെ, ഉടനടി പ്രവർത്തിക്കുന്നുണ്ടോ? അവർക്ക് അപകടം പിണയാതിരിക്കാൻ നിങ്ങൾ ജാഗ്രതയോടിരിക്കുന്നുണ്ടോ? ഇങ്ങനെ കഠിനാധ്വാനം ചെയ്യുന്ന നിങ്ങളെ ഓരോരുത്തരെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല!
യോസേഫ് കുടുംബത്തെ പോറ്റിപ്പുലർത്തി
13, 14. യോസേഫും മറിയയും നസറെത്തിലേക്കു തിരിച്ചുപോയി അവിടെ താമസം തുടങ്ങാനിടയായത് എങ്ങനെ?
13 യോസേഫിന്റെ കുടുംബം ഈജിപ്തിൽ അധികനാൾ തങ്ങിയതായി തോന്നുന്നില്ല. കാരണം, വൈകാതെതന്നെ ദൂതൻ ഹെരോദാവ് മരിച്ച വിവരം യോസേഫിനെ അറിയിച്ചു. യോസേഫ് കുടുംബവുമായി ആ അന്യനാട്ടിൽനിന്നു ഇസ്രായേലിലേക്കു മടങ്ങി. തന്റെ പുത്രനെ “ഈജിപ്റ്റിൽനിന്നു” വിളിച്ചുവരുത്തുമെന്ന് മുൻകാലത്ത് യഹോവ പ്രവചിച്ചിട്ടുണ്ടായിരുന്നു. (മത്താ. 2:15) അങ്ങനെ ആ പ്രവചനം സത്യമായിത്തീർന്നു, യോസേഫിനും അതിൽ ഒരു പങ്കുണ്ടായെന്നു പറയാം. അതിരിക്കട്ടെ, കുടുംബത്തെയുംകൊണ്ട് യോസേഫ് എവിടെ പോയി താമസിക്കും?
14 നല്ല ജാഗ്രതയുള്ള ആളായിരുന്നു യോസേഫ്. ഹെരോദാവിനെപ്പോലെതന്നെ ദുഷ്ടനും കൊലപാതകിയും ആയ അർക്കെലയൊസ് ആണ് യെരുശലേമിലെ ഇപ്പോഴത്തെ രാജാവെന്ന് അറിഞ്ഞപ്പോൾ അങ്ങോട്ടു പോകാൻ യോസേഫിന് ഭയം തോന്നി, ആ ഭയം ന്യായവുമായിരുന്നു. ദൈവത്തിൽനിന്നു മുന്നറിയിപ്പു ലഭിച്ചിട്ട് യോസേഫ് കുടുംബത്തെയും കൂട്ടി വടക്ക് ഗലീലയിലെ സ്വന്തപട്ടണമായ നസറെത്തിലേക്കു പോയി. അവന്റെ കുടുംബത്തിന് അപകടഭീഷണി ഉണ്ടായ യെരുശലേമിൽനിന്ന് വളരെ അകലെയായിരുന്നു നസറെത്ത്. അവിടെ അവർ താമസം തുടങ്ങി.—മത്തായി 2:19-23 വായിക്കുക.
15, 16. യോസേഫിന്റെ ജോലി എങ്ങനെയുള്ളതായിരുന്നു, അവൻ മരപ്പണിക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ ഏതെല്ലാമായിരിക്കാം?
15 ഒരു ലളിതജീവിതമായിരുന്നു അവരുടേത്, പക്ഷേ അത് പറയുന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല. ബൈബിൾ, യോസേഫിനെ തച്ചൻ എന്നാണ് വിളിക്കുന്നത്. മരവും തടിയും ഉപയോഗിച്ചുള്ള എല്ലാ പണികളും ചെയ്യുന്ന ഒരാളെയാണ് തച്ചൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. തച്ചന്റെ ജോലികൾ പലതാണ്: മരമുള്ളിടത്തു പോയി, പറ്റിയ മരം കണ്ടെത്തി വെട്ടി വീഴ്ത്തണം, അത് പണിസ്ഥലത്ത് എത്തിക്കണം, തൊലി ചെത്തി ഉണക്കി പരുവപ്പെടുത്തണം. അത് ഉപയോഗിച്ചാണ് വീടുകൾ, വള്ളങ്ങൾ, ചെറുപാലങ്ങൾ, വലിച്ചുകൊണ്ടുപോകുന്ന വണ്ടികൾ, ചക്രങ്ങൾ, നുകങ്ങൾ എന്നിവയും കൃഷിയാവശ്യത്തിനുള്ള എല്ലാത്തരം ഉപകരണങ്ങളും പണിതുണ്ടാക്കുന്നത്. (മത്താ. 13:55) നല്ല ശാരീരികാധ്വാനം വേണ്ടിവരുന്ന ജോലിയാണ് ഇത്. ബൈബിൾക്കാലങ്ങളിൽ, തച്ചൻ അയാളുടെ കൊച്ചുവീടിന്റെ മുൻവശത്ത് വാതിലിനോടു ചേർന്നോ, വീടിനോടു തൊട്ടുള്ള പണിപ്പുരയിലോ ആണ് മരപ്പണികൾ ചെയ്തുപോന്നിരുന്നത്.
16 യോസേഫിന്റെ പണിശാലയിൽ തടിപ്പണിക്കുള്ള എല്ലാത്തരം ഉപകരണങ്ങളും ഉണ്ടായിരുന്നു. ചിലത് യോസേഫിന്റെ അപ്പൻ ഉപയോഗിച്ചിരുന്നവയാകാം. നമുക്ക് യോസേഫിന്റെ പണിശാലയിലേക്കൊന്നു കണ്ണോടിച്ചാലോ. മട്ടം, തൂക്കുകട്ട, മുഴക്കോൽ, കൈക്കോടാലി, കൈവാൾ, ചീകുളി, ഇരുമ്പുചുറ്റിക, കൊട്ടുവടി, പലതരം ഉളികൾ അങ്ങനെയെല്ലാമുണ്ട്. തടി തുളയ്ക്കുന്ന പിരിയൻ തമര് ഒരു വശത്ത് വെച്ചിരിക്കുന്നു. ഒരു ചെറിയ വില്ലിന്റെ ഞാൺ, തമരിന്റെ പിരിയിൽ ചുറ്റി മുമ്പോട്ടും പുറകോട്ടും വലിച്ചാണ് തടിയിൽ തുളയിടുന്നത്. പിന്നെ, പലയിനം പശകൾ നിരത്തിവെച്ചിട്ടുണ്ട്. അപ്പുറത്ത് കുറച്ച് ആണികൾ. നല്ല വിലവരുന്നവയാണെന്നു തോന്നുന്നു.
17, 18. (എ) വളർത്തച്ഛനിൽനിന്ന് യേശു എന്തെല്ലാം കാര്യങ്ങൾ പഠിച്ചു? (ബി) യോസേഫിന് പഴയതിലും കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവന്നത് എന്തുകൊണ്ട്?
17 വളർത്തച്ഛൻ ജോലി ചെയ്യുന്നത് ശ്രദ്ധയോടെ നോക്കിനിൽക്കുന്ന ബാലനായ യേശുവിനെ നിങ്ങൾക്കു കാണാമോ? യോസേഫിന്റെ ഓരോ ചലനങ്ങളും കൗതുകത്തോടെ നോക്കുകയാണ് അവൻ. അച്ഛന്റെ വീതിയേറിയ ചുമലുകൾ, ബലിഷ്ഠമായ കരങ്ങൾ, ആ കൈച്ചുറുക്ക്, കണ്ണുകളിലെ ബുദ്ധികൂർമത, അതെല്ലാം കണ്ട് അത്ഭുതംകൂറുകയാണ് ആ കൊച്ചുബാലൻ! നോക്കിനിൽക്കുന്ന മകനെ അടുത്ത് വിളിച്ച് ചെറിയ ചില പണികൾ യോസേഫ് ഏൽപ്പിച്ചുകൊടുത്തിട്ടുണ്ടാവില്ലേ? ഉണക്കിയെടുത്ത മീൻതുകൽ ഉപയോഗിച്ച് തടിയുടെ പരുക്കൻ പ്രതലങ്ങൾ മിനുസപ്പെടുത്തുന്നതുപോലെയുള്ള ജോലികൾ? കാട്ടത്തി, ഓക്ക്, ഒലിവ് തുടങ്ങി പലയിനം തടികൾ തമ്മിലുള്ള വ്യത്യാസങ്ങൾ അവൻ യേശുവിന് പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ലേ?
18 മരങ്ങൾ വെട്ടിവീഴ്ത്തുകയും തുലാങ്ങൾ മുറിച്ച് മിനുക്കുകയും തടിക്കഷണങ്ങൾ കൂട്ടിയോജിപ്പിക്കാനായി തടിയുടെ ചേർപ്പുകൾ അടിച്ചടിച്ച് ഉറപ്പിക്കുകയും ചെയ്യുന്ന യോസേഫിന്റെ ബലിഷ്ഠകരങ്ങൾ! ബലിഷ്ഠമായ ആ കരങ്ങൾതന്നെയാണല്ലോ തന്നെയും അമ്മയെയും കൂടെപ്പിറപ്പുകളെയും മൃദുലവാത്സല്യങ്ങളോടെ തലോടുന്നത്, സാന്ത്വനിപ്പിക്കുന്നത്! വളർത്തച്ഛനായ യോസേഫ് പണി ചെയ്യുന്നത് സ്നേഹാദരങ്ങളോടെ നോക്കി നിൽക്കുന്ന യേശുവിനെ ഒന്നു സങ്കല്പിച്ചുനോക്കൂ! യേശു മാത്രമല്ല അവനെ കൂടാതെ കുറഞ്ഞത് ആറു കുട്ടികളെങ്കിലും ആ ദമ്പതികൾക്കു ജനിച്ചു. അങ്ങനെ അതൊരു വലിയ കുടുംബമായി! (മത്താ. 13:55, 56) ഇവരുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തണം. യോസേഫിന്റെ ജോലിയും ഉത്തരവാദിത്വങ്ങളും കൂടി.
കുടുംബത്തിന്റെ ആത്മീയാവശ്യങ്ങൾക്കായി കരുതുന്നതാണ് പരമപ്രധാനമെന്ന് യോസേഫ് മനസ്സിലാക്കി
19. കുടുംബത്തിന്റെ ആത്മീയാവശ്യങ്ങൾക്ക് യോസേഫ് ശ്രദ്ധയും കരുതലും കാണിച്ചത് എങ്ങനെ?
19 എന്നിരുന്നാലും, ഈ ജോലികളെക്കാളെല്ലാം പ്രധാനം തന്റെ കുടുംബത്തിന് ദൈവവുമായുള്ള ഉറ്റബന്ധമാണെന്ന് യോസേഫ് മനസ്സിലാക്കി. അതുകൊണ്ട് യഹോവയാം ദൈവത്തെയും അവന്റെ നിയമങ്ങളെയും കുറിച്ച് തന്റെ മക്കളെ പഠിപ്പിക്കാൻ അവൻ സമയം കണ്ടെത്തി. ന്യായപ്രമാണം ഉച്ചത്തിൽ വായിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന സിനഗോഗിൽ യോസേഫും മറിയയും കുട്ടികളെയും കൂട്ടി പോകുക പതിവായിരുന്നു. സിനഗോഗിൽനിന്ന് മടങ്ങുന്നവഴി, ബാലനായ യേശു യോസേഫിനോട് തുരുതുരാ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടാവില്ലേ? യഹോവയെയും അവന്റെ നിയമങ്ങളെയും കുറിച്ചുള്ള മകന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ യോസേഫ് കഴിയുന്നതുപോലെയെല്ലാം ശ്രമിച്ചിട്ടുണ്ടാകും. യോസേഫ് കുടുംബത്തെയും കൂട്ടി യെരുശലേമിലെ ആലയത്തിൽ ഉത്സവങ്ങൾക്കും പോകുമായിരുന്നു. വാർഷിക പെസഹാ ആചരണത്തിന് 120 കിലോമീറ്റർ അകലെയുള്ള യെരുശലേമിലേക്ക് യാത്രചെയ്ത്, പെസഹാ ആചരിച്ച് മടങ്ങി വരാൻ ഏതാണ്ട് രണ്ടാഴ്ചയെടുക്കും.
20. കുടുംബനാഥന്മാർക്ക് യോസേഫിന്റെ മാതൃക എങ്ങനെ അനുകരിക്കാനാകും?
20 ഇന്ന് ദൈവജനത്തിനിടയിലെ കുടുംബനാഥന്മാർ യോസേഫിന്റെ ഈ മാതൃക അനുകരിക്കുന്നു. കുടുംബത്തിനുവേണ്ടി കരുതാൻ അവർ കഠിനാധ്വാനം ചെയ്യുന്നു. എന്നാൽ മക്കളെ യഹോവയെക്കുറിച്ച് പഠിപ്പിക്കുന്നതിനാണ് അവർ ഏറെ പ്രാധാന്യം നൽകുന്നത്. എന്തു ത്യാഗം സഹിച്ചും അവർ കുടുംബാരാധന മുടങ്ങാതെ നടത്തും. സഭായോഗങ്ങൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും ഈ കുടുംബനാഥന്മാർ മക്കളെ കൊണ്ടുപോകും. അവർക്കുവേണ്ടി മാതാപിതാക്കൾക്ക് സ്വരൂപിക്കാൻ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപം ഇതാണെന്ന് യോസേഫിനെപ്പോലെ ഈ കുടുംബനാഥന്മാർക്കും അറിയാം.
“വേവലാതിയോടെ”
21. യോസേഫിന്റെ കുടുംബത്തിന് പെസഹാക്കാലം എങ്ങനെയുള്ള സമയമായിരുന്നു, യേശുവിനെ കാണാനില്ലെന്ന് യോസേഫും മറിയയും തിരിച്ചറിഞ്ഞത് എപ്പോഴാണ്?
21 യേശുവിന് 12 വയസ്സുള്ളപ്പോൾ യോസേഫ് പതിവുപോലെ കുടുംബത്തെയും കൂട്ടി യെരുശലേമിലേക്കു പോയി. അത് പെസഹായുടെ സമയമായിരുന്നു, ആവേശം നിറഞ്ഞ ഉത്സവകാലം! വലിയ കുടുംബങ്ങൾ കൂട്ടങ്ങളായി ഒരുമിച്ചാണ് യെരുശലേമിലേക്ക് സഞ്ചരിക്കാറ്. വസന്തമായതിനാൽ നാട്ടിൻപുറത്തെവിടെയും പച്ചപ്പിന്റെ സമൃദ്ധി! ആ യാത്രയുടെ രസം ഊഹിക്കാമല്ലോ. യെരുശലേമിലേക്കുള്ള കയറ്റം അടുക്കുകയാണ്. പച്ചപ്പു കുറഞ്ഞ മലഞ്ചെരിവുകളാണ് ഇനിയങ്ങോട്ട്. അവിടെയെത്തുമ്പോൾ പലരും സങ്കീർത്തനങ്ങളിലെ മനഃപാഠമാക്കിയ ആരോഹണഗീതങ്ങൾ ആലപിക്കാറുണ്ട്. (സങ്കീ. 120–134) ലക്ഷക്കണക്കിന് ആളുകൾ നഗരത്തിൽ എത്തുമ്പോൾ എന്തു തിരക്കായിരിക്കും! അത്യാഹ്ലാദം നിറഞ്ഞ ഉത്സവവേള! അതു കഴിഞ്ഞാൽ പിന്നെ മടക്കയാത്ര. കുടുംബങ്ങൾ യാത്രാസംഘങ്ങളായി താന്താങ്ങളുടെ നാടുകളിലേക്ക് മടങ്ങുകയായി. ഒരുപക്ഷേ, യോസേഫിനും മറിയയ്ക്കും പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിവന്നിരിക്കാം. അതുകൊണ്ടാവാം, മടക്കയാത്രയിൽ യേശു കുടുംബാംഗങ്ങളുടെ ഒപ്പമോ മറ്റ് യാത്രക്കാരുടെ കൂടെയോ ഉണ്ടായിരിക്കുമെന്നു കരുതി അവർ യാത്ര തുടർന്നത്. അങ്ങനെ യെരുശലേമിൽനിന്ന് ഒരു ദിവസത്തെ വഴിദൂരം പിന്നിട്ടു. അപ്പോഴാണ് അവർ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. യേശുവിനെ കാണാനില്ല!—ലൂക്കോ. 2:41-44.
22, 23. മകനെ കാണാതായപ്പോൾ യോസേഫും മറിയയും എന്തു ചെയ്തു, ഒടുവിൽ അവനെ കണ്ടെത്തിയപ്പോൾ മറിയ എന്തു പറഞ്ഞു?
22 വേവലാതിയോടെ അവർ യെരുശലേമിലേക്ക് തിരിച്ച് നടന്നു. ഇപ്പോൾ നഗരത്തിലെ തിരക്കൊഴിഞ്ഞിരിക്കുന്നു. ആളൊഴിഞ്ഞ തെരുവീഥികളിലൂടെ മകന്റെ പേരും വിളിച്ച് ആധിയോടെ അലയുന്ന ആ അച്ഛനമ്മമാരെ നിങ്ങൾക്ക് കാണാനാകുന്നുണ്ടോ? അവൻ എവിടെപ്പോയി? അവർ തിരക്കിക്കൊണ്ടേയിരുന്നു. മൂന്നാം ദിവസം ആയപ്പോഴേക്കും യോസേഫ് ആകെ തളർന്നുകാണും. യഹോവ തന്നെ ഏൽപ്പിച്ച ആ ‘നിധി’ കാത്തുസൂക്ഷിക്കുന്നതിൽ തനിക്കു വീഴ്ച പറ്റിയോ? യോസേഫിന്റെ ഉള്ളൊന്നു പിടഞ്ഞോ? അങ്ങനെ തേടിത്തേടി ഒടുവിൽ അവർ ആലയത്തിലെത്തി. ആലയത്തിന്റെ മുക്കും മൂലയും എല്ലാം തിരഞ്ഞ് ഒടുവിൽ അവർ എത്തിപ്പെട്ടത് വിശാലമായൊരു മുറിയിലാണ്. അവിടെ ന്യായപ്രമാണത്തിൽ വൈദഗ്ധ്യമുള്ള പണ്ഡിതന്മാർ ഒരുമിച്ച് കൂടിയിരിക്കുകയാണ്. നോക്കുമ്പോൾ അതാ, അവരുടെ നടുവിൽ യേശു ഇരിക്കുന്നു! യോസേഫിനും മറിയയ്ക്കും ശ്വാസം നേരേ വീണത് അപ്പോഴാണ്!—ലൂക്കോ. 2:45, 46.
23 ആ ഉപദേഷ്ടാക്കൾ പറയുന്നത് കേൾക്കുകയും അവരോട് ആകാംക്ഷയോടെ ഓരോരോ ചോദ്യങ്ങൾ ചോദിക്കുകയുമായിരുന്നു യേശു. ബാലന്റെ ഗ്രാഹ്യത്തിലും അവൻ പറഞ്ഞ ഉത്തരങ്ങളിലും അമ്പരന്ന് ഇരിക്കുകയാണ് ആ പുരുഷന്മാർ. ആ രംഗം കണ്ട് മറിയയ്ക്കും യോസേഫിനും അതിശയമായി! ഈ സന്ദർഭത്തിൽ യോസേഫ് എന്തെങ്കിലും പറയുന്നതായി ബൈബിൾരേഖയിൽ കാണുന്നില്ല. എന്നാൽ, ആ മാതാപിതാക്കളുടെ രണ്ടുപേരുടെയും ഉത്കണ്ഠ മറിയയുടെ ഈ വാക്കുകളിൽ ഉണ്ടായിരുന്നു: “മകനേ, നീ ഈ ചെയ്തതെന്ത്? നിന്റെ അപ്പനും ഞാനും വേവലാതിയോടെ നിന്നെ തിരയുകയായിരുന്നു.”—ലൂക്കോ. 2:47, 48.
24. രക്ഷിതാക്കളുടെ ഉത്കണ്ഠകളുടെയും മനോവികാരങ്ങളുടെയും ഒരു യഥാർഥചിത്രം ബൈബിൾ വരച്ചിട്ടിരിക്കുന്നത് എങ്ങനെ?
24 ആ ഏതാനും വാക്കുകളിലൂടെ രക്ഷിതാക്കളുടെ മനോവികാരങ്ങൾ ദൈവവചനം അതുപടി വരച്ചിട്ടിരിക്കുന്നു. മക്കളെയോർത്തുള്ള ഇത്തരം വേവലാതി മാതാപിതാക്കളുടെ കൂടെപ്പിറപ്പാണ്. കുട്ടി പൂർണനാണെങ്കിലും അതിനൊരു മാറ്റവുമില്ലെന്നാണ് ഈ അനുഭവം കാണിക്കുന്നത്! എവിടെയും അപകടം പതിയിരിക്കുന്ന ലോകമാണ് ഇന്നത്തേത്. മാതാപിതാക്കൾക്ക് ഈ ലോകം കൊണ്ടുവരുന്ന “വേവലാതി”കൾ പലതും വാക്കുകൾക്കപ്പുറമാണ്! മാതാപിതാക്കളേ, നിങ്ങളുടെ ഉള്ളിലെ ആധിയും ഉത്കണ്ഠകളും സ്വാഭാവികമാണെന്ന് ബൈബിൾ സമ്മതിച്ചുപറയുന്നു. അതു നിങ്ങൾക്ക് വലിയ ആശ്വാസമല്ലേ?
25, 26. അച്ഛനമ്മമാർക്ക് യേശു എന്തു മറുപടിയാണ് കൊടുത്തത്, മകന്റെ വാക്കുകൾ കേട്ടപ്പോൾ യോസേഫിന് എന്തു തോന്നിയിരിക്കാം?
25 തന്റെ പിതാവായ യഹോവയോട് ഏറ്റവും അടുപ്പം തോന്നുന്ന സ്ഥലത്താണ് യേശു തങ്ങിയത്. അതെ, അവന്റെ പിതാവിന്റെ ആലയത്തിൽ! അങ്ങനെയൊരു സ്ഥലം ഭൂമിയിൽ വേറെയില്ലായിരുന്നു! അവിടെയായിരുന്ന ദിവസങ്ങളിൽ, തന്റെ പിതാവിനെക്കുറിച്ച് അറിയാൻ കഴിയുന്നതെല്ലാം അതേപടി ഒപ്പിയെടുക്കുകയായിരുന്നു ആ ബാലൻ. അതുകൊണ്ടുതന്നെ, തികഞ്ഞ നിഷ്കളങ്കതയോടെ അവൻ ചോദിച്ചു: “നിങ്ങൾ എന്നെ അന്വേഷിച്ചത് എന്തിന്? ഞാൻ എന്റെ പിതാവിന്റെ ഭവനത്തിൽ ആയിരിക്കേണ്ടതാണെന്നു നിങ്ങൾക്ക് അറിയില്ലയോ?”—ലൂക്കോ. 2:49.
26 യോസേഫ് മകൻ പറഞ്ഞതിനെക്കുറിച്ച് പലവട്ടം ചിന്തിച്ചു. മകന്റെ ഓരോ വാക്കും ആ പിതാവിനെ അഭിമാനപുളകിതനാക്കിയിട്ടുണ്ടാകും! യഹോവയാം ദൈവത്തെക്കുറിച്ച് ആ വിധത്തിൽ ചിന്തിക്കാൻതന്നെയാണല്ലോ വളർത്തുമകനെ ഇത്രയും നാൾ താൻ പഠിപ്പിച്ചതും, പരിശീലിപ്പിച്ചതും. തന്റെ പ്രയത്നത്തിന് ഫലമുണ്ടായല്ലോ! ആ പിതാവിന്റെ മനം നിറഞ്ഞിട്ടുണ്ടാകും! യേശു ഇപ്പോൾ 12 വയസ്സുള്ള ഒരു ബാലനാണ്. ഇതിനോടകം, ‘പിതാവ്’ എന്ന വാക്ക് അവന്റെയുള്ളിൽ ഊഷ്മളമായ വികാരങ്ങൾ നിറച്ചിരുന്നു. യോസേഫിന്റെ കൂടെ ചെലവഴിച്ച വർഷങ്ങളിൽ വാത്സല്യനിധിയായ ഒരു പിതാവ് എങ്ങനെയാണെന്ന് അനുഭവിച്ചറിയാൻ അവനു കഴിഞ്ഞിരുന്നു. യേശുവിന്റെ മനസ്സിൽ, ‘പിതാവ്’ എന്ന വാക്കിന് അർഥം പകർന്ന മനുഷ്യൻ, അതായിരുന്നു യോസേഫ്!
27. പിതാവെന്ന നിലയിൽ നിങ്ങൾക്ക് എന്തു പദവിയുണ്ട്, യോസേഫിന്റെ മാതൃക നിങ്ങൾ ഓർക്കേണ്ടത് എന്തുകൊണ്ട്?
27 നിങ്ങൾ ഒരു പിതാവാണെങ്കിൽ എത്ര വലിയൊരു പദവിയാണ് നിങ്ങളുടേതെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്താണ് ആ പദവി? മക്കളോട് സ്നേഹവാത്സല്യങ്ങളും കരുതലും കാണിച്ചുകൊണ്ട് യഹോവയാം ദൈവത്തെ സ്വർഗീയപിതാവായി കാണാൻ പഠിപ്പിക്കുക. സ്വർഗത്തിലുള്ള ഈ പിതാവ് തങ്ങളെ സ്നേഹിക്കുകയും കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് അവർക്ക് തോന്നണം. അങ്ങനെ യഹോവയെക്കുറിച്ച് മക്കളുടെ മനസ്സിൽ മനോഹരമായൊരു ചിത്രം വരച്ചിടുക! ഇനി, നിങ്ങൾ രണ്ടാനച്ഛനാണോ? നിങ്ങൾക്കുള്ളത് ദത്തുമക്കളാണോ? നിങ്ങളുടെ സാഹചര്യം ഇതാണെങ്കിൽ, യോസേഫിനെ കണ്ടുപഠിക്കുക! എങ്ങനെയായാലും ആ കുട്ടികൾക്ക് നിങ്ങൾ അച്ഛനാണ്! ഓരോ കുട്ടിയെയും നിങ്ങളുടെ സ്വന്തം കുട്ടിയായി കാണുക. ആ കുട്ടിയെപ്പോലെ മറ്റൊരു കുട്ടിയുമില്ലെന്ന് ഓർക്കുക! അവരുടെ സ്വർഗീയപിതാവായ യഹോവയോട് അടുത്തടുത്ത് ചെല്ലാൻ അവരെ പഠിപ്പിക്കുക, പരിശീലിപ്പിക്കുക.—എഫെസ്യർ 6:4 വായിക്കുക.
യോസേഫ് പിടിച്ചുനിന്നു
28, 29. (എ) ലൂക്കോസ് 2:51, 52-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ യോസേഫിനെക്കുറിച്ച് എന്തെല്ലാം വിവരങ്ങൾ വെളിപ്പെടുത്തുന്നു? (ബി) മകൻ ജ്ഞാനത്തിൽ വളർന്നുവരാൻ യോസേഫ് വഹിച്ച പങ്കെന്താണ്?
28 യോസേഫിന്റെ ജീവിതത്തെക്കുറിച്ച് ഏതാനും നുറുങ്ങുവിവരങ്ങളേ ഇനിയങ്ങോട്ട് ബൈബിൾ വെളിപ്പെടുത്തുന്നുള്ളൂ. എന്നാൽ നമ്മുടെ ശ്രദ്ധ അർഹിക്കുന്നതാണ് അവയോരോന്നും. അതിൽ ചിലത് ഇവയാണ്: യേശുവിനെപ്പറ്റി പറയുമ്പോൾ അവൻ “അവർക്കു കീഴ്പെട്ടിരുന്നു” എന്നു നമ്മൾ കാണുന്നു, അതായത് യോസേഫിനും മറിയയ്ക്കും. “യേശുവാകട്ടെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു” എന്നും നമ്മൾ കാണുന്നു. (ലൂക്കോസ് 2:51, 52 വായിക്കുക.) യോസേഫിനെക്കുറിച്ച് ഈ വാക്കുകൾ എന്താണ് വെളിപ്പെടുത്തുന്നത്? ഒരുപാടു കാര്യങ്ങൾ വെളിപ്പെടുത്തുന്നു. കുടുംബകാര്യങ്ങളിൽ തുടർന്നും യോസേഫ് നേതൃത്വമെടുത്തിരുന്നു എന്ന് ഇവിടെനിന്ന് മനസ്സിലാക്കാം. കാരണം യോസേഫിന്റെ പൂർണതയുള്ള പുത്രൻ അവന്റെ അധികാരത്തെ ആദരിക്കുകയും അവനു കീഴ്പെട്ടിരിക്കുകയും ചെയ്തു എന്നാണ് വിവരണത്തിൽനിന്നു മനസ്സിലാകുന്നത്.
29 യേശു ജ്ഞാനത്തിൽ വളർന്നുവന്നു എന്നും വിവരണം പറയുന്നു. തന്റെ മകൻ ജ്ഞാനത്തിൽ വളർന്നുവരാൻ യോസേഫ് ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട്. കാലങ്ങളായി യഹൂദന്മാർക്കിടയിൽ പ്രചാരത്തിലിരുന്ന ഒരു പഴഞ്ചൊല്ലുണ്ടായിരുന്നു. ആ ചൊല്ല് രേഖപ്പെടുത്തിവെച്ചിട്ടുണ്ട്, ഇന്നും അത് വായിക്കാൻ കഴിയും. പഴഞ്ചൊല്ലിന്റെ സാരമിതാണ്: ധാരാളം ഒഴിവുസമയമുള്ളവരേ ജ്ഞാനികളാകൂ! അല്ലാതെ കച്ചവടക്കാർക്കും തച്ചന്മാർക്കും കൃഷിക്കാർക്കും കൊല്ലന്മാർക്കും ഒന്നും “ന്യായാന്യായങ്ങൾ വിവേചിക്കാനും വിധി പറയാനും അറിയില്ല. അവരുടെ വായിൽനിന്ന് ഒരിക്കലും ജ്ഞാനമൊഴികൾ വരികയുമില്ല.” യേശു പിന്നീട് ഈ പഴഞ്ചൊല്ലിന്റെ പൊള്ളത്തരം തുറന്നുകാട്ടി. കാരണം, യേശു വളർന്ന് ഏറ്റവും വലിയ ജ്ഞാനിയായിത്തീർന്നു! യേശുവിന്റെ വളർത്തച്ഛനായ യോസേഫ് ഒരു എളിയ മരപ്പണിക്കാരനായിരുന്നിട്ടും മകന് ‘ജ്ഞാനമൊഴികൾ’ പകർന്നുനൽകാൻ കഴിഞ്ഞു. കുട്ടിക്കാലംതൊട്ടേ, ആ ജ്ഞാനോപദേശങ്ങൾ കേട്ടാണ് യേശു വളർന്നത്!
30. ഇന്നുള്ള രക്ഷിതാക്കൾക്ക് യോസേഫ് എങ്ങനെ മാതൃകവെച്ചിരിക്കുന്നു?
30 യേശുവിന്റെ ശാരീരികവളർച്ചയിലും യോസേഫിന്റെ സ്വാധീനം കാണാനാകും. നല്ല ഭക്ഷണവും പരിചരണവും കിട്ടി വളർന്ന കുട്ടിയായിരുന്നു യേശു. അവൻ വളർന്ന് കരുത്തനായ ഒരു പുരുഷനായി. നല്ല കായികാധ്വാനമുള്ള മരപ്പണിയിൽ സമർഥനാകാൻ യോസേഫ് മകനെ പരിശീലിപ്പിച്ചു. ഒരു തച്ചന്റെ മകനായിട്ടു മാത്രമല്ല ‘തച്ചൻ’ എന്നുകൂടിയാണ് യേശു അറിയപ്പെട്ടത്. (മർക്കോ. 6:3) യോസേഫിന്റെ ശ്രമം ഫലം കണ്ടുവെന്നു വ്യക്തം. ഇന്നുള്ള കുടുംബനാഥന്മാർക്ക് യോസേഫിൽനിന്നു പഠിക്കാനുള്ള ഒരു പാഠം ഇവിടെയുണ്ട്. കുട്ടികളുടെ ശാരീരികാരോഗ്യവും സന്തോഷവും രക്ഷാകർത്താക്കൾ ഉറപ്പുവരുത്തണം. അധ്വാനിച്ച്, സ്വന്തംകാലിൽ നിൽക്കാനുള്ള പ്രാപ്തി അവർക്ക് ഉണ്ടാക്കിക്കൊടുക്കുകയും വേണം.
31. (എ) യോസേഫിന്റെ ജീവിതാവസാനം സംബന്ധിച്ച് തെളിവുകൾ സൂചിപ്പിക്കുന്നത് എന്താണ്? (ചതുരവും ഉൾപ്പെടുത്തുക.) (ബി) നമുക്ക് അനുകരിക്കാനായി യോസേഫ് എന്തു മാതൃകയാണ് വെച്ചിരിക്കുന്നത്?
31 യേശു സ്നാനമേറ്റതിനെക്കുറിച്ചുള്ള ബൈബിൾവിവരണത്തിൽ എത്തിയാൽപ്പിന്നെ തുടർന്നുള്ള രംഗങ്ങളിലൊന്നും നമ്മൾ യോസേഫിനെ കാണുന്നില്ല. സ്നാനമേറ്റപ്പോൾ യേശുവിന് ഏകദേശം 30 വയസ്സായിരുന്നു. യേശു ശുശ്രൂഷ തുടങ്ങിയ ആ സമയമായപ്പോഴേക്കും മറിയ വിധവയായിക്കഴിഞ്ഞിരുന്നെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. (“യോസേഫ് മരിച്ചത് എപ്പോഴാണ്?” എന്ന ചതുരം കാണുക.) എന്തായിരുന്നാലും യോസേഫ് തനതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തന്റെ കുടുംബത്തെ പരിരക്ഷിച്ച്, പോറ്റിപ്പുലർത്തി ജീവിതാവസാനംവരെ വിശ്വസ്തതയോടെ പിടിച്ചുനിന്ന് ഉജ്ജ്വലമായ മാതൃകവെച്ച ഒരു പിതാവായിരുന്നു അവൻ! ഏതൊരു അച്ഛനും ഏതൊരു രക്ഷിതാവും എന്തിനേറെ, ഏതൊരു ക്രിസ്ത്യാനിയും നിശ്ചയമായും പകർത്തേണ്ട ഒരു മാതൃകയാണ് യോസേഫ്! അത്ര അനുകരണീയമാണ് ഈ ദൈവദാസന്റെ വിശ്വാസവും ജീവിതവും!
a അക്കാലങ്ങളിൽ വിവാഹനിശ്ചയം ഏതാണ്ട് വിവാഹത്തിനു തുല്യമായി കണക്കാക്കപ്പെട്ടിരുന്നു.
b ഈ നക്ഷത്രം ഒരു സ്വാഭാവിക ജ്യോതിശാസ്ത്രപ്രതിഭാസമായിരുന്നില്ല. അത് ദൈവം അയച്ചതും ആയിരുന്നില്ല. യേശുവിനെ കൊന്നുകളയാൻ സാത്താൻ ആസൂത്രണം ചെയ്ത കുടിലപദ്ധതിയുടെ ഭാഗമായി അവൻ ഉപയോഗിച്ച ഒരു പ്രകൃത്യാതീതപ്രതിഭാസമായിരുന്നു അത്.
c സ്നാനമേറ്റ ശേഷമാണ് യേശു “ആദ്യത്തെ അത്ഭുതം” പ്രവർത്തിച്ചതെന്ന് ബൈബിൾ വ്യക്തമായി പറയുന്നു.—യോഹ. 2:1-11.