എന്തിനെങ്കിലും നിങ്ങളെ ദൈവസ്നേഹത്തിൽ നിന്ന് വേർപെടുത്താൻ കഴിയുമോ?
“എന്തെന്നാൽ മരണത്തിനോ ജീവനോ ദൂതൻമാർക്കോ ഭരണകൂടങ്ങൾക്കോ ഇപ്പോഴത്തെ കാര്യങ്ങൾക്കോ വരാനുള്ള കാര്യങ്ങൾക്കോ അധികാരങ്ങൾക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേർപെടുത്താൻ കഴികയില്ലെന്നു എനിക്കു ബോദ്ധ്യമായിരിക്കുന്നു.”—റോമർ 8:38,39.
1. ഏതു വിധങ്ങളിൽ ദൈവസ്നേഹം അനുദിനം പ്രത്യക്ഷമാകുന്നു?
ദൈവം സ്നേഹമാകുന്നു. ജീവനെ നിലനിർത്തുന്നവിധങ്ങളിൽ ഇതു നമ്മോട് അനുദിനം പ്രകടമാക്കപ്പെടുന്നു. നാം ശ്വസിക്കുന്ന വായു, നാം കുടിക്കുന്ന വെള്ളം, നാം കഴിക്കുന്ന ഭക്ഷണം—ഇവയെല്ലാം ദൈവസ്നേഹത്തിന്റെ പ്രത്യക്ഷതകളായിട്ടണ് ലഭിക്കുന്നത്. മാത്രവുമല്ല, അവ വിലമതിക്കപ്പെട്ടാലും ഇല്ലെങ്കിലും നല്ലവർക്കും ദുഷ്ടർക്കും ഒരുപോലെ അവ ലഭിക്കുന്നു. യേശു തന്റെ സ്വർഗ്ഗീയ പിതാവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞപ്പോൾ ഇതിനു സാക്ഷ്യം നൽകി: “അവൻ ദുഷ്ടജനങ്ങളുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാൻമാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നു.” (മത്തായി 5:45) ഭൂമിയിലെ സകല ജീവികളും അവയുടെ നിലനിൽപ്പിന് ദൈവത്തോടു നന്ദിയുള്ളവരായിരിക്കേണ്ടതാണ്.—സങ്കീർത്തനം 145:15,16.
2. മനുഷ്യവർഗ്ഗത്തോടുള്ള യഹോവയുടെ വലിയ സ്നേഹം എങ്ങനെ പ്രകടമാക്കപ്പെട്ടു, യഹോവ ആഗ്രഹിച്ചതിനോട് യേശു എങ്ങനെ വിലമതിപ്പു പ്രകടമാക്കി;
2 മനുഷ്യരുടെ കാര്യത്തിൽ ദൈവസ്നേഹം പൂപോലെ വാടുകയും പുല്ലുപോലെ കരിയുകയും ചെയ്യുന്ന ഇപ്പോഴത്തെ ജീവനെ നിലനിർത്തുന്നതിന് ഉപരിയായി പോയി. (1 പത്രോസ് 1:24) മനുഷ്യവർഗ്ഗം എന്നേക്കും ജീവിക്കുന്നതിനുള്ള കരുതൽ അവൻ ചെയ്തു. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വാസം പ്രകടമാക്കുന്ന ഏവനും നശിപ്പിക്കപ്പെടാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) പിതാവിനും പുത്രനും വലിയ ചെലവു വരുത്തിക്കൊണ്ടാണ് ഈ കരുതൽ ചെയ്തത്. യേശു തന്റെ മരണത്തിന്റെ തലേ രാത്രിയിൽ ഗത്ത്സമേനയിൽ വച്ച് നിലത്തു വീണുകിടന്ന് അതിവേദനയോടെ പ്രാർത്ഥിച്ചപ്പോൾ “അവന്റെ വിയർപ്പ് നിലത്തു വീഴുന്ന രക്തത്തുള്ളികൾ പോലെയായി.” ഈ വേദനയുടെ നിമിഷത്തിൽ, ദൈവനാമത്തിൻമേൽ കുന്നിക്കപ്പെടുന്ന നിന്ദയെക്കുറിച്ച് യേശു ബോധവാനായിരുന്നു. ഈ പാനപാത്രം നീക്കപ്പെടണമെന്ന് അവൻ അപേക്ഷിക്കുകപോലും ചെയ്തു. എന്നാൽ “എങ്കിലും എന്റെ ആഗ്രഹമല്ല, നിന്റെ ആഗ്രഹമത്രെ” എന്ന് അവൻ കൂട്ടിച്ചേർത്തു. (ലൂക്കോസ് 22:44; മർക്കോസ് 14:36) യേശു അതിവേദനയിലായിരുന്നുവെങ്കിലും യഹോവയുടെ ആഗ്രഹത്തിനായിരുന്നു പ്രഥമസ്ഥാനം. ചാട്ടവാറിനുള്ള അടിയുടെയും ദണ്ഡനസ്തംഭത്തിൽ തറയ്ക്കപ്പെട്ടുള്ള സാവധാനത്തിലുള്ള മരണത്തിന്റെയും പ്രതീക്ഷക്കുപോലും ദൈവസ്നേഹത്തിൽനിന്ന് അവനെ വേർപെടുത്താൻ കഴിഞ്ഞില്ല.
3. പൗലോസിന്റെ ഏതു വാക്കുകൾ ഇന്ന് യഹോവയുടെ സാക്ഷികൾ സ്വന്തമായി ഏറ്റെടുക്കുന്നു, തങ്ങൾക്കുതന്നെ എന്തു പരിണിതഫലത്തോടെ?
3 ഇന്ന് യേശുവിന്റെ കാൽച്ചുവടുകളിൽ നടക്കുന്ന യഹോവയുടെ സാക്ഷികൾക്കും യഹോവ ആഗ്രഹിക്കുന്നതിനാണ് പ്രഥമസ്ഥാനം. അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ ഏറ്റെടുത്തുകൊണ്ട് അവർ പറയുന്നു: “ദൈവം നമുക്ക് അനുകൂലമെങ്കിൽ, ആർ നമുക്ക് പ്രതികൂലമായിരിക്കും? ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് ആർ നമ്മെ വേർപ്പെടുത്തും? ഉപദ്രവമോ സങ്കടമോ പീഡനമോ വിശപ്പോ നഗ്നതയോ ആപത്തോ വാളോ? മറിച്ച്, നമ്മെ സ്നേഹിച്ചവൻ മുഖേന ഇവയിലെല്ലാം നാം തികച്ചും വിജയശ്രീലാളിതരായിത്തീരുകയാണ്.” (റോമർ 8:31, 35, 37) ഈ നൂറ്റാണ്ടിൽ യഹോവയുടെ സാക്ഷികളെ ജനക്കൂട്ടങ്ങൾ ഉപദ്രവിച്ചിട്ടുണ്ട്, പ്രഹരിച്ചിട്ടുണ്ട്, താറൊഴിച്ചിട്ടുണ്ട്, തൂവലൊടിച്ചിട്ടുണ്ട്, അംഗഛേദം ചെയ്തിട്ടുണ്ട്, ബലാൽസംഗം ചെയ്തിട്ടുണ്ട്, പട്ടിണിക്കിട്ടിട്ടുണ്ട്, വെടിവെക്കാൻ നിയുക്തരായ ഭടൻമാരാൽ കൊലചെയ്യപ്പെട്ടിട്ടുണ്ട്, നാസി തടങ്കൽ പാളയങ്ങളിൽ ശിരഃഛേദം ചെയ്യപ്പെട്ടിട്ടുപോലുമുണ്ട്—എല്ലാം ദൈവസ്നേഹത്തിൽനിന്ന് തങ്ങളേത്തന്നെ വേർപെടുത്തുന്നതിനുള്ള അവരുടെ വിസമ്മതം നിമിത്തംതന്നെ.
4. ദൈവസ്നേഹത്തിൽനിന്നു തന്നേത്തന്നെ വേർപെടുത്തുന്നതിനുള്ള ഒരു യുവാവിന്റെ വിസമ്മതത്താൽ നിങ്ങൾക്ക് എങ്ങനെ മതിപ്പുണ്ടാകുന്നു?
4 നാല്പത്തിനാലു വർഷം മുമ്പ്, യഹോവയുടെ സാക്ഷികളിൽപെട്ട ഒരു യുവാവ് നാസി തടങ്കൽപാളയത്തിൽനിന്ന് തന്റെ മാതാപിതാക്കൾക്ക് എഴുതി. അതിൽ ഭാഗികമായി ഇങ്ങനെ പറഞ്ഞിരുന്നു:
“ഇപ്പോൾ എന്റെ വിചാരണ ദിവസം 9 മണി ആയിരിക്കുന്നു, എന്നാൽ ഞാൻ 11:30 വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന പട്ടാള കോടതിയിലെ ഒരു ഏകാന്തമായ അറയിൽനിന്നാണ് ഞാൻ ഈ വരികൾ എഴുതുന്നത്. എനിക്ക് യഥാർത്ഥത്തിൽ അവിശ്വസനീയമായ സമാധാനമുണ്ട്; എന്നാൽ ഞാൻ സകലവും കർത്താവിനെ ഭരമേൽപ്പിച്ചിരിക്കുകയാണ്, തന്നിമിത്തം എനിക്ക് ശാന്തമായി ഈ നാഴികക്കുവേണ്ടിയും നിരന്തരവിലങ്ങുകൾക്കുവേണ്ടിയും കാത്തിരിക്കാൻ കഴിയും. എന്നെ ചങ്ങലകൊണ്ടു ബന്ധിക്കുകയില്ലെന്ന് അവൻ നിങ്ങളോടു പറഞ്ഞു. അസത്യങ്ങൾ! പകലും രാത്രിയിലും വസ്ത്രം ധരിക്കാനും ഊരാനും അറ വൃത്തിയാക്കാനും മാത്രമേ ഒരുവനെ ബന്ധന വിമുക്തനാക്കുന്നുള്ളു . . .
“12.35. ഇപ്പോൾ എല്ലാം കഴിഞ്ഞിരിക്കുന്നു. ഞാൻ [അയാൾ യഹോവയാം ദൈവത്തിന്റെ ആരാധന ഉപേക്ഷിക്കട്ടെയെന്ന അവരുടെ ആവശ്യത്തെ] തുടർന്നു നിരസിച്ചതിനാൽ മരണശിക്ഷ വിധിക്കപ്പെട്ടു. ഞാൻ ശ്രദ്ധിച്ചു. ‘മരണത്തോളം വിശ്വസ്തനായിരിക്കുക’ എന്ന വാക്കുകളും നമ്മുടെ കർത്താവിന്റെ മറ്റു ചില വാക്കുകളും ഞാൻ ഉരുവിട്ടശേഷം എല്ലാം കഴിഞ്ഞു. എന്നാൽ ഇപ്പോൾ അതു കാര്യമാക്കേണ്ടതില്ല. എനിക്ക് വളരെ സമാധാനമുണ്ട്, വളരെ ശാന്തതയുണ്ട്, നിങ്ങൾക്കതു സങ്കൽപ്പിക്കാൻ കഴികയില്ല . . . . കോടതി മുറിയിൽ വച്ചുതന്നെ എനിക്കു കൈവന്ന ഈ സമാധാനം, ഈ സന്തോഷം, ഞാൻ എന്റെ അറയിലേക്ക് വീണ്ടും പ്രവേശിച്ചപ്പോൾ എന്റെ മേൽ വ്യാപിക്കുകയും കവിഞ്ഞൊഴുകുകയും ചെയ്തു, ഇതു ലോകത്തിന് ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്തതാണ് . . . കരയരുത് . . . എന്റെ വധത്തിന് (ശിരഃച്ഛേദം) മുമ്പത്തെ അവസാന ഞായറാഴ്ച, എന്റെ വിലങ്ങുകളഴിച്ചിരിക്കുന്ന ദിവസം, നിങ്ങൾക്കും എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്കും എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ലത് ഇതാണ്.”a
“അവൻ നിങ്ങളെ ഉറപ്പിക്കും, അവൻ നിങ്ങളെ ശക്തീകരിക്കും”
5, 6. പൗലോസും പത്രോസും നൽകിയ ഏത് ഉറപ്പുകൾ ദൈവസ്നേഹത്തെ മുറുകെപ്പിടികതക്കുന്നതുനിമിത്തം അത്യധികം പരിശോധിക്കപ്പെടുന്നവർക്ക് ആശ്വാസപ്രദമാണ്?
5 ഈ യുവാവ് ജീവനിൽനിന്ന് വേർപെടുത്തപ്പെട്ടു, എന്നാൽ ദൈവസ്നേഹത്തിൽനിന്ന് വേർപെടുത്തപ്പെട്ടില്ല. നൂറ്റാണ്ടുകളിലെല്ലാം സമാനമായ ക്രൂരതകൾ യഹോവയുടെ സാക്ഷികളോടു ചെയ്യപ്പെട്ടിട്ടുണ്ട്. മരണത്തോളം പോലുമുള്ള ഇത്തരം പീഡനങ്ങൾ സഹിച്ചുനിൽക്കുന്നതിനുള്ള ദൈവദാസൻമാരുടെ പ്രാപ്തി അവരുടെ സ്വന്ത ശക്തിയിലല്ല, ദൈവശക്തിയിൽ അധിഷ്ഠിതമാണ്. “ദൈവം വിശ്വസ്തനാകുന്ന, നിങ്ങൾക്ക് സഹിക്കാവുന്നതിനതീതമായി പരീക്ഷിക്കപ്പെടാൻ അവൻ നിങ്ങളെ അനുവദിക്കുകയില്ല, എന്നാൽ അതു സഹിക്കാൻ നിങ്ങൾ പ്രാപ്തരാകേണ്ടതിന് അവൻ പരീക്ഷയോടുകൂടെ പോംവഴിയും ഉണ്ടാക്കും.” (1 കൊരിന്ത്യർ 10:13) പരിശോധനയിൻ കീഴിലായിരിക്കുമ്പോൾ, യഹോവയുടെ ഇന്നത്തെ വിശ്വസ്തസാക്ഷികൾ പൗലോസ് തടവിലാക്കപ്പെട്ടപ്പോൾ പറഞ്ഞതുപോലെ പറയാൻ പ്രാപ്തരായിട്ടുണ്ട്: “കർത്താവ് എന്റെ അടുത്തു നിൽക്കുകയും എന്നിൽ ശക്തി പകരുകയും ചെയ്തു.”—2 തിമൊഥെയോസ് 4:17.
6 അപ്പോസ്തലനായ പത്രോസ് നമ്മെ വിഴുങ്ങാൻ അലറുന്ന സിംഹത്തെപ്പോലെ ചുറ്റിനടക്കുന്ന പിശാചിനെതിരെ ജാഗരൂകരായിരിക്കാൻ മുന്നറിയിപ്പു നൽകിയശേഷം ഈ ഉറപ്പുനൽകുന്നു: “ക്രിസ്തുവിനോടുള്ള ഐക്യത്തിൽ തന്റെ നിത്യമഹത്വത്തിലേക്കു നിങ്ങളെ വിളിച്ച സകല അനർഹദയയുടെയും ദൈവം തന്നെ നിങ്ങൾ അല്പകാലം കഷ്ടപ്പെട്ടശേഷം നിങ്ങളുടെ പരിശീലനം പൂർത്തിയാക്കും, അവൻ നിങ്ങളെ ഉറപ്പിക്കും, അവൻ നിങ്ങളെ ശക്തരാക്കും.” (1 പത്രോസ് 5:8-10) ഈ ദിവ്യ പിന്തുണയെക്കുറിച്ചെല്ലാം പരിഗണിക്കുമ്പോൾ ഒരു സംഗതി സ്പഷ്ടമാണ്: ദൈവത്തിന്റെ സ്നേഹം നിലച്ചുപോകാത്തതാണ്; അതിൽനിന്നുള്ള വേർപെടലും നമ്മുടെ കുറ്റമായിരിക്കും, അവന്റേതായിരിക്കയില്ല.
7. യേശുവിന്റെ കാര്യത്തിൽ സാത്താൻ ഏതു തന്ത്രങ്ങൾ ഉപയോഗിച്ചു, യേശു അവനെ എങ്ങനെ പരാജയപ്പെടുത്തി?
7 സാത്താൻ എല്ലായ്പ്പോഴും അലറുന്ന ഒരു സിംഹത്തെപ്പോലെ ആക്രമിക്കുന്നില്ല. പലപ്പോഴും അവൻ ഒരു “ഉപായമുള്ള സർപ്പ”ത്തെപ്പോലെ വരുന്നു. വിശ്വാസത്യാഗിയായ ഒരു “വെളിച്ചദൂതനെ”പ്പോലെ പോലും അവൻ വരുന്നു. നമ്മേ സംബന്ധിച്ച് അവന് ദുരുദ്ദേശ്യങ്ങളാണുള്ളത്. അവനാൽ പിടിക്കപ്പെടാതിരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കണം. നാം “പിശാചിന്റെ തന്ത്രപ്രവർത്തനങ്ങൾക്കെതിരെ ഉറച്ചുനിൽക്കുന്നതിന്” ദൈവത്തിൽനിന്നുള്ള സർവ്വായുധവർഗ്ഗം ധരിക്കേണ്ടതാണ്. (ഉല്പത്തി 3:1, യെരുശലേം ബൈബിൾ; 2 കൊരിന്ത്യർ 2:11; 11:13-15; എഫേസ്യർ 6:11, റഫ. ബൈ. അടിക്കുറിപ്പ്) യേശുവിന്റെ ശുശ്രൂഷയുടെ ആരംഭത്തിൽ യേശുവിനെ ദുഷ്പ്രവൃത്തിയിലേക്ക് പ്രലോഭിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ തിരുവെഴുത്തുകൾ ഉദ്ധരിച്ചുകൊണ്ടും അവയെ തെറ്റായി ബാധകമാക്കിക്കൊണ്ടും സാത്താൻ വരുകയുണ്ടായി. മൂന്നു പ്രാവശ്യം അവൻ യേശുവിനെ പരീക്ഷിച്ചു, മൂന്നു പ്രാവശ്യവും അവൻ പരാജയപ്പെട്ടു. വാക്യങ്ങൾ ഉചിതമായി ബാധകമാക്കിക്കൊണ്ട് യേശു സാത്താനാലുള്ള തിരുവെഴുത്തിന്റെ വളച്ചൊടിക്കലിനെ നിരസിച്ചുകളഞ്ഞു. അനന്തരം ദൂരെ പോകാൻ യേശു സാത്താനോടു പറഞ്ഞു. എന്നാൽ സാത്താൻ “സൗകര്യപ്രദമായ മറ്റൊരു സമയം വരെ അവനിൽനിന്നു വിട്ടുമാറി” എന്നേയുള്ളു.—ലൂക്കോസ് 4:13; മത്തായി 4:3-11.
8, 9. ഏതു വഞ്ചനാത്മക വിധങ്ങളിൽ സാത്താൻ യേശുവിനെ ആക്രമിക്കാൻ തിരിച്ചുചെന്നു, നമ്മുടെ സംരക്ഷണത്തിനുവേണ്ടി എന്തു ചെയ്യാൻ പൗലോസ് നമ്മെ നയിക്കുന്നു?
8 സാത്താൻ സ്ഥിരപരിശ്രമിയാണ്. അവൻ വ്യത്യസ്തമായ കപടവേഷങ്ങളിൽ വരുന്നു. അക്കാലത്തെ മത വൈദികർ മുഖേന അവൻ യേശുവിന്റെ അടുക്കലേക്കു തിരിച്ചുവന്നു. യേശു ഇതു മനസ്സിലാക്കുകയും “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽ നിന്നുള്ളവരാണ്” എന്ന് അവരോടു തുറന്നുപറയുകയും ചെയ്തു. ചിലയാളുകൾ കരുതിക്കൂട്ടിയല്ലാതെപോലും സാത്താന്റെ ലക്ഷ്യങ്ങൾക്കു സേവ ചെയ്തേക്കാം. “നിന്നോടു തന്നെ ദയാലുവായിരിക്കുക, കർത്താവേ; നിനക്ക് അശേഷവും ഇതു ഭവിക്കരുതെ” എന്നു പറഞ്ഞുകൊണ്ട് യേശുവിനെ അപ്പോസ്തലനായ പത്രോസ് ശകാരിച്ചപ്പോൾ സദുദ്ദേശ്യത്തോടെയായിരുന്നെങ്കിലും അവൻ ഇതാണു ചെയ്തത്. “സാത്താനെ, എന്റെ പിറകിൽ പോ! നീ എനിക്ക് ഇടർച്ചയാകുന്നു” എന്ന് യേശു പത്രോസിന് ഉഗ്രമായി താക്കീതു കൊടുക്കേണ്ടിവന്നു. (യോഹന്നാൻ 8:44; മത്തായി 16:22,23) അതുപോലെതന്നെ, ഒരു മുതലാളിയോ ഒരു കൂട്ടുജോലിക്കാരനോ ഒരു സഹപാഠിയോ ഒരു സുഹൃത്തോ ഒരു ബന്ധുവോ മാതാപിതാക്കളോ ഒരു വിവാഹഇണയോ അറിഞ്ഞുകൊണ്ടല്ലാതെ സാത്താന്റെ ഉദ്ദേശ്യങ്ങൾക്ക് സേവ ചെയ്തേക്കാം. നാം നിരന്തരം ജാഗ്രതപുലർത്തുകയും യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ദുർബ്ബലപ്പെടുത്താൻ യാതൊന്നിനെയും അനുവദിക്കാതിരിക്കുകയും വേണം.
9 അതുകൊണ്ട്, “പിശാചിന്റെ ഉപജാപങ്ങൾക്കെതിരെ ഉറച്ചുനിൽക്കാൻ നിങ്ങൾ പ്രാപ്തരാകേണ്ടതിന് ദൈവത്തിൽനിന്നുള്ള സർവ്വായുധവർഗ്ഗം ധരിക്കേ”ണ്ടത് അത്യന്താപേക്ഷിതമാണ്; “എന്തുകൊണ്ടെന്നാൽ നമുക്ക് ഒരു പോരാട്ടമുള്ളത് ജഡരക്തങ്ങൾക്കെതിരായിട്ടല്ല; . . . പിന്നെയോ സ്വർഗ്ഗീയ സ്ഥലങ്ങളിലെ ദുഷ്ടാത്മസേനകൾക്കെതിരായിട്ടാണ്.”—എഫേസ്യർ 6:11,12.
വീഴ്ചഭവിച്ച ജഡത്തിൻമേൽ പാപത്തിന്റെ പിടി
10. “പാപം” എന്ന പദത്തിന്റെ അർത്ഥമെന്ത്, ഏത് നടപടികൾ ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്തും?
10 നമ്മുടെ ദുർബ്ബലസ്ഥാനത്താണ് സാത്താൻ പ്രഹരിക്കുന്നത്. അതനുസരിച്ച്, പാപത്തിലേക്കുള്ള നമ്മുടെ ജഡിക ചായ്വിനെ അവൻ ഒരു ഇഷ്ടലക്ഷ്യമാക്കിത്തീർക്കുന്നു. (സങ്കീർത്തനം 51:5) പാപം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം ഹാമാർട്യാ ആണ്. ഹാമാർടാനോ എന്നതാണ് ക്രിയ. അതിന്റെ അടിസ്ഥാന അർത്ഥം “ലക്ഷ്യം പിഴക്കുക” എന്നാണ്. (റോമർ 3:9, റഫ. ബൈ. അടിക്കുറിപ്പ്) നമുക്ക് എത്രയധികം ലക്ഷ്യം പിഴക്കുകയും ദൈവകല്പനകൾ അനുസരിക്കുന്നതിൽ പരാജയം സംഭവിക്കുകയും ചെയ്യുന്നുവോ അത്രയധികം നാം ദൈവസ്നേഹത്തിൽ നിന്ന് അകന്നു മാറുന്നു, എന്തുകൊണ്ടെന്നാൽ “ദൈവസ്നേഹത്തിന്റെ അർത്ഥം ഇതാണ്. നാം അവന്റെ കല്പനകൾ അനുസരിക്കുന്നതുതന്നെ.” (1യോഹന്നാൻ 5:3) വ്യഭിചാരം, ദുർവൃത്തി, ലൈംഗിക വികടത്തരങ്ങൾ, മദ്യപാനപേക്കൂത്തുകൾ, അനിയന്ത്രിതമായ പാർട്ടികൾ, ജഡീകമോഹങ്ങളുടെ സ്വതന്ത്ര വിഹാരം, അസൂയകൾ, കോപാവേശങ്ങൾ, ധനാസക്തദുരാഗ്രഹങ്ങൾ—ഇവയെല്ലാം നമ്മെ ദൈവസ്നേഹത്തിൽനിന്ന് വേർപെടുത്തുന്നു, “[അവ] പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല.”—ഗലാത്യർ 5:19-21.
11. പാപത്തിന് ക്രമാനുകഗതമായി നമ്മെ എങ്ങനെ പിടികൂടാൻ കഴിയും, ഒടുവിൽ എന്തു ഫലത്തോടെ?
11 ധനാസക്തവും തൻകാര്യപ്രസക്തവും ലൈംഗികോൻമുഖവും ആയ വ്യാപാരപരസ്യങ്ങൾ സഹിതമുള്ള ചലച്ചിത്രങ്ങളും പുസ്തകങ്ങളും നാടകങ്ങളും റ്റി. വി. പരിപാടികളും അനിയന്ത്രിതവും നിരങ്കുശവുമായ ഉല്ലാസാനുധാവനത്തെ പ്രോത്സാഹിപ്പിക്കുന്നു. ആദ്യ പാപം രണ്ടാമത്തേതിനെ എളുപ്പമാക്കിത്തീർക്കുന്നു. തുടർന്നു മൂന്നാമത്തേതും നാലാമത്തേതും വരുന്നു. പെട്ടെന്ന് ലൗകികതയിലുള്ള മുഴുകൽ പൂർണ്ണവേഗതയിലായിത്തീരുന്നു. അന്തിമമായി, “ദൈവപ്രിയർക്കു പകരം ഉല്ലാസപ്രിയരായിരിക്കുന്നവർ” “ജഡമോഹങ്ങൾക്കുവേണ്ടി മുന്നമേ ആസൂത്രണം ചെയ്യുന്നതിൽ” വ്യാപൃതരായിത്തീരുന്നു. (2തിമൊഥെയോസ് 3:4; റോമർ 13:14) പ്രായമുള്ളവരും ചെറുപ്പക്കാരും പാപത്തിന്റെ ഗർത്തത്തിലേക്ക് തള്ളിവിടപ്പെടുന്നു. അവരുടെ മനഃസാക്ഷികൾ മുഴുവനായി തഴമ്പിച്ചുപോകുന്നു. “സകല ധാർമ്മികബോധവും വിട്ടവരായിത്തീർന്ന് അവർ അത്യാഗ്രഹത്തോടെ സകലതരം അശുദ്ധിയും പ്രവർത്തിക്കാൻ തങ്ങളേത്തന്നേ ദുർന്നടത്തക്ക് ഏൽപ്പിച്ചുകൊടുത്തു.”—എഫേസ്യർ 4:19; 1തിമൊഥെയോസ് 4:2.
12. ഏതു തിരുവെഴുത്തുകൾ നമ്മുടെമേലുള്ള പാപത്തിന്റെ ശക്തിയെ പ്രകടമാക്കുന്നു, പൗലോസ് ഇതു സംബന്ധിച്ച് എങ്ങനെ വിലപിച്ചു?
12 ദൈവസ്നേഹത്തിൽനിന്ന് വേർപെടുത്തപ്പെടാതിരിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നവർ വീഴ്ച ഭവിച്ച ജഡത്തിൻമേലുള്ള പാപത്തിന്റെ പിടിക്കെതിരെ തങ്ങളേത്തന്നെ ബലിഷ്ഠരാക്കേണ്ടതാണ്. ബൈബിൾ ആവർത്തിച്ച് ഊന്നിപ്പറയുന്നതുപോലെ അത് ഒരു ഉഗ്ര ശത്രു ആകുന്നു: “പാപം ചെയ്യുന്ന ഏവനും പാപത്തിന്റെ ഒരു അടിമയാകുന്നു,” “എല്ലാവരും പാപത്തിൻ കീഴിൽ [ആകുന്നു],” “എല്ലാവരും പാപം ചെയ്തിരിക്കുന്നു,” “നിങ്ങളുടെ മർത്ത്യശരീരങ്ങളിൽ രാജാവായി തുടർന്നു ഭരിക്കാൻ പാപത്തെ അനുവദിക്കരുത്,” “നിങ്ങൾ അവനെ അനുസരിക്കുന്നതുകൊണ്ട് നിങ്ങൾ അവന്റെ അടിമകളാകുന്നു,” “പാപം കൊടുക്കുന്ന ശമ്പളം മരണമാകുന്നു,” എല്ലാവരും “പാപത്തിന്റെ ബന്തവസ്സിലാകുന്നു.” (യോഹന്നാൻ 8:34; റോമർ 3:9,23; 6:12,16,23; ഗലാത്യർ 3:22) പൗലോസ് “പാപത്തിൻ കീഴിൽ വിൽക്കപ്പെട്ടു,” അവൻ “ഞാൻ ആഗ്രഹിക്കുന്ന നൻമ ഞാൻ ചെയ്യുന്നില്ല, ഞാൻ ആഗ്രഹിക്കാത്ത തിൻമയാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്” എന്നു വിലപിക്കാൻ ഇടയാക്കിയ “പാപത്തിൻ നിയമത്തിന്റെ ഒരു ബന്ദി”യായിരുന്നു. (റോമർ 7:14,19,23) തന്നിമിത്തം “ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിനു വിധേയമാകുന്ന ശരീരത്തിൽനിന്ന് ആർ എന്നെ വിടുവിക്കും?” എന്ന് അവൻ ഉദ്ഘോഷിക്കുന്നു. അനന്തരം സന്തോഷകരമായ ഉത്തരം വരുന്നു: “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് നന്ദി!”—റോമർ 7:24,25.
13, 14. (എ) ഏതു വിധങ്ങളിൽ നാം പാപത്തിൽനിന്ന് വിടുവിക്കപ്പെടുന്നു? (ബി) നമുക്ക് ക്രിസ്തുവിന്റെ സ്നേഹത്തിൽ എങ്ങനെ നിലനിൽക്കാൻ കഴിയും?
13 ക്രിസ്തുയേശു വരുന്നതുവരെ “പാപം മരണത്തോടുകൂടെ രാജാവായി ഭരിച്ചു.” (റോമർ 5:14,17,21) എന്നാൽ യേശുവിന്റെ മരണവും പുനരുത്ഥാനവും നടന്നതോടെ, തന്റെ പുത്രനെ ദൈവം സ്നേഹപൂർവ്വം ദാനം ചെയ്തതിനോടു പ്രതികരിക്കുന്നവരുടെ കാര്യത്തിൽ പാപമാകുന്ന രാജാവ് സിംഹാസന ഭ്രഷ്ടനായി. അവൻ നമ്മുടെ പാപങ്ങളിൽനിന്ന് നമ്മെ രക്ഷിക്കുകയും അവയെ കഴുകിക്കളയുകയും അവയിൽനിന്ന് നമ്മെ ശുദ്ധീകരിക്കുകയും അവയിൽനിന്ന് നമ്മെ ശുദ്ധീകരിക്കുകയും അവയിൽനിന്ന് നമ്മെ അഴിച്ചുവിടുകയും നമുക്കുവേണ്ടി അവയെ പൂർണ്ണമായും തുടച്ചു നീക്കുകയും ചെയ്തു. (മത്തായി 1:21; പ്രവൃത്തികൾ 3:19; 22:16; 2പത്രോസ് 1:9; 1യോഹന്നാൻ 1:7; വെളിപ്പാട് 1:5) അതുകൊണ്ട് പാപത്തിന്റെയും മരണത്തിന്റെയും ദുരിതപൂർണ്ണമായ ജഡിക അടിമത്തത്തിൽനിന്നുള്ള വിടുതലിന്റെ മാർഗ്ഗം തുറന്നുതന്നതിന് അപ്പോസ്തലനായ പൗലോസ് മാത്രമല്ല, ക്രിസ്തുയേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസമർപ്പിക്കുന്ന സകലരും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു നന്ദി കൊടുക്കണം.
14 അതുകൊണ്ടു്, ദൈവസ്നേഹത്തിൽനിന്നുള്ള ഏതു വേർപാടിനെയും ഒഴിവാക്കുന്നതു മാത്രമല്ല, ക്രിസ്തുവിന്റെ സ്നേഹത്തിൽ നിലനിൽക്കുന്നതും അടിയന്തിരമാണ്. യേശുവിനോട് അടുത്തുനിൽക്കുന്നതിനുള്ള വ്യവസ്ഥ ദൈവത്തോട് അടുത്തുചെല്ലുന്നതിന്റെ വ്യവസ്ഥ തന്നെയാണ്. യേശു ഇങ്ങനെ പറഞ്ഞുകൊണ്ട് ഇതു ചൂണ്ടിക്കാണിച്ചു: “പിതാവ് എന്നെ സ്നേഹിച്ചിരിക്കുന്നതുപോലെയും ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെയും എന്റെ സ്നേഹത്തിൽ നിലനിൽക്കുക. നിങ്ങൾ എന്റെ കല്പനകൾ അനുഷ്ഠിക്കുന്നുവെങ്കിൽ നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കും, ഞാൻ പിതാവിന്റെ കല്പനകൾ അനുഷ്ഠിക്കുകയും അവന്റെ സ്നേഹത്തിൽ നിലനിൽക്കുകയും ചെയ്തിട്ടുള്ളതുപോലെതന്നെ.”
അകന്നു മാറുന്നതിന്റെ അപകടം
15. നാം എന്തിനു വിധേയരാണു്, ഈ അപകടം ഒഴിവാക്കാൻ നാം എന്തു ചെയ്യേണ്ടതാണ്?
15 പിന്നോട്ട് വഴുതി മാറുകയോ അകന്നുമാറുകയോ ചെയ്യുന്നതിനാൽ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നുള്ള ഈ വിമോചനത്തെ നഷ്ടപ്പെടുത്തരുത്. നാം അറിയാതെ അകപ്പെട്ടുപോകത്തക്കവണ്ണം അതു ക്രമേണ സംഭവിച്ചേക്കാം. ഗലാത്യർ 6:1 പറയുന്നതുപെല “സഹോദരൻമാരെ, ഒരു മനുഷ്യൻ ഏതെങ്കിലും തെറ്റായ നടപടി, അതിനെക്കുറിച്ച് ബോധവാനാകുന്നതിനു മുമ്പ്, സ്വീകരിക്കുന്നുവെങ്കിലും ആത്മീയ യോഗ്യതകളുള്ള നിങ്ങൾ സൗമ്യതയുടെ ആത്മാവിൽ അങ്ങനെയുള്ള ഒരു മനുഷ്യനെ യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കുക, അതേസമയം, നിങ്ങളും പരീക്ഷിക്കപ്പെടാതിരിപ്പാൻ നിങ്ങളിൽ ഓരോരുത്തരും തന്റെമേൽ ദൃഷ്ടിപതിപ്പിക്കുക.” ഒരുവൻ മറ്റൊരുവനെ ബുദ്ധിയുപദേശിക്കുമ്പോൾത്തന്നെ, അയാൾ ‘തന്റെമേൽത്തന്നെ ദൃഷ്ടി പതിപ്പിക്കേണ്ടതാണ്.’ നമ്മളെല്ലാം വളരെ ആക്രമണവിധേയരാണ്! “നാം ഒരിക്കലും അകന്നുമാറാതിരിക്കേണ്ടതിന് നാം കേട്ട കാര്യങ്ങൾക്ക് സാധാരണയിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതാവശ്യമാണ്.—എബ്രായർ 2:1.
16, 17. ആത്മീയമായി അകന്നുമാറുന്നതിന്റെ അപകടത്തെ ദൃഷ്ടാന്തീകിരിക്കുന്നതെന്ത്, അത് ഒഴിവാക്കാൻ നാം എന്തു ചെയ്യണം?
16 അകന്നുമാറലിൽ ശ്രമം ഉൾപ്പെട്ടിരിക്കുന്നില്ല. അതുകൊണ്ടാണ് അതു വളരെ എളുപ്പമായിരിക്കുന്നത്—ആത്മീയമായി പറഞ്ഞാൽ വളരെ അപകടകരവും. നിങ്ങൾ തിരിച്ചറിയുന്നതിനുമുമ്പ് നിങ്ങൾ ദൈവസ്നേഹത്തിൽനിന്ന് വേർപെടുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം. അത് അലഞ്ഞു തിരിയുന്ന ചെമ്മരിയാടിനെപ്പോലെയാണ്. അത് കാണാതാകുന്നത് എങ്ങനെയാണ്? ഒരു ഇടയൻ വിശദീകരിക്കുന്നു: ‘അത് കടിച്ചുതിന്ന് തിന്ന് അകന്നുപോകുന്നു. അത് ഏതാനും അടി അകലെ ഒരു വശത്ത് കുറേ പച്ചപ്പുല്ലുകാണുന്നു, അത് കടിച്ചുതിന്നാൻ അങ്ങോട്ടുപോകുന്നു. പെട്ടെന്ന് അത് ആട്ടിൻകൂട്ടത്തിൽനിന്ന് അകലെയായി. അത് കടിച്ചുതിന്ന് തിന്ന് വഴിതെറ്റി കാണാതായി.’
17 ആത്മീയമായി അകന്നു മാറുന്നവരെ സംബന്ധിച്ചും അങ്ങനെതന്നെയാണ്. അത് ചുരുക്കം ചില ഭൗതികവസ്തുക്കളിൽ അല്ലെങ്കിൽ ലൗകിക സഹവാസങ്ങളിൽ അല്ലെങ്കിൽ ചില തിരുവെഴുത്തുകൾ സംബന്ധിച്ച അഭ്യൂഹങ്ങളിൽ നിർദ്ദോഷമായി തുടക്കമിട്ടേക്കാം. എന്നാൽ അങ്ങനെയുള്ളവർ അല്പാല്പം ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിൽനിന്ന് അകന്നകന്നുപോകുന്നു; പെട്ടെന്ന് അവർ സഭയിൽനിന്നും ദൈവസ്നേഹത്തിൽനിന്നും തങ്ങളേത്തന്നെ വേർപെടുത്തിയിരിക്കുന്നു. “നിങ്ങൾ വിശ്വാസത്തിലാണോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുക, നിങ്ങൾതന്നെ എങ്ങനെയുള്ളവർ എന്ന് തെളിയിച്ചുകൊണ്ടിരിക്കുക” എന്ന പൗലോസിന്റെ ഉപദേശം അവർ ചെവിക്കൊണ്ടില്ല.—2 കൊരിന്ത്യർ 13:5.
18, 19. നാം പിശാചിനെ നമ്മിൽനിന്ന് ഓടിക്കുന്നതെങ്ങനെ, നാം ദൈവത്തോട് അടുത്തു ചെല്ലുന്നതെങ്ങനെ?
18 “പിശാചിനോട് എതിർത്തുനിൽക്കുക, എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും” എന്ന് നമ്മോടു പറഞ്ഞിരിക്കുന്നു. “ആത്മാവിന്റെ വാളിന്റെ, അതായത് ദൈവവചനത്തിന്റെ” വിദഗ്ദ്ധമായ ഉപയോഗത്താൽ സാത്താന്റെ ഉപായരൂപേണയുള്ള ആക്രമണങ്ങളെ പിന്തിരിപ്പിക്കാൻ കഴിയും. അങ്ങനെയാണ് മരുഭൂമിയിൽവച്ച് യേശു സാത്താനെ ദൂരെ വിട്ടത്. “ദൈവത്തോട് അടുത്തു ചെല്ലുക, അവൻ നിങ്ങളോട് അടുത്തുവരും” എന്നും നമ്മോടു പറയപ്പെട്ടിരിക്കുന്നു. (യാക്കോബ് 4:7, 8; എഫേസ്യർ 6:17) സങ്കീർത്തനങ്ങളുടെ എഴുത്തുകാരെപ്പോലെ നാം ദൈവവചനത്തോട് പറ്റിനിൽക്കുന്നതിനാൽ ദൈവത്തോടു അടുത്തുനിൽക്കണം: “യഹോവയുടെ ഓർമ്മിപ്പിക്കൽ വിശ്വാസയോഗ്യമാകുന്നു, പരിചയഹീനനെ ജ്ഞാനിയാക്കുന്നതുതന്നെ.” “നിന്റെ ഓർമ്മിപ്പിക്കലുകളോടു ഞാൻ ശ്രദ്ധയുള്ളവനെന്നു പ്രകടമാക്കിക്കൊണ്ടിരിക്കുന്നു. നിന്റെ വചനം എന്റെ പാദത്തിന് ഒരു വിളക്കും, എന്റെ പാതക്ക് ഒരു വെളിച്ചവുമാകുന്നു. . . . ഞാൻ നിന്റെ ഓർമിപ്പിക്കലുകളിൽനിന്ന് വ്യതിചലിച്ചിട്ടില്ല.”—സങ്കീർത്തനം 19:7; 119:95, 105, 157.
19 പ്രാർത്ഥനയാലും ദൈവവചനം പഠിക്കുന്നതിനാലും നമ്മുടെ സഹോദരൻമാരെ സ്നേഹിക്കുന്നതിനാലും അവരുമായി ക്രമമായി കൂടിവരുന്നതിനാലും ദൈവരാജ്യത്തെക്കുറിച്ചു മറ്റുള്ളവരോടു പറയുന്നതിനാലും—ഈ വിധങ്ങളിലെല്ലാം നാം ദൈവത്തോടും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ പ്രത്യക്ഷമായ ദൈവസ്നേഹത്തോടും അടുത്തു ചെല്ലുന്നു.—1 തെസ്സലോനീക്യർ 5:17; റോമർ 12:2; എബ്രായർ 10:24, 25; ലൂക്കോസ് 9:2.
20. യഹോവയുടെ സാക്ഷികൾ ഇന്നു തങ്ങളുടെ സ്വന്തമാക്കുന്ന ഏതു തീരുമാനം പൗലോസ് പ്രഖ്യാപിച്ചു?
20 ഊറ്റവും ശക്തവുമായ ഒരു പ്രഖ്യാപനത്തിൽ പൗലോസ് ഭൂമിയിലെ യഹോവയുടെ സകല വിശ്വസ്തസാക്ഷികളുടെയും തീരുമാനത്തെ പ്രകടമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “മരണത്തിനോ ജീവനോ ദൂതൻമാർക്കോ ഭരണകൂടങ്ങൾക്കോ ഇപ്പോഴത്തെ കാര്യങ്ങൾക്കോ വരാനുള്ളകാര്യങ്ങൾക്കോ അധികാരങ്ങൾക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലുള്ള [യേശുവിൽ ദൃശ്യമാക്കപ്പെട്ട, ജെ. ബി.] ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്താൻ കഴികയില്ലെന്ന് എനിക്ക് ബോദ്ധ്യമായിരിക്കുന്നു.”—റോമർ 8:38, 39.
[അടിക്കുറിപ്പുകൾ]
a 1945 ഓഗസ്റ്റ് 1-ലെ വാച്ചടവറിന്റെ 237, 238 എന്നീ പേജുകൾ
നിങ്ങൾ ഓർമിക്കുന്നുവോ?
◻ ജീവനുവേണ്ടിയുള്ള തന്റെ കരുതലുകളിൽ യഹോവയുടെ സ്നേഹം പ്രകടമായിരിക്കുന്നതെങ്ങനെ?
◻ യഹോവയുടെ സാക്ഷികളെ ദൈവസ്നേഹത്തിൽനിന്ന് വേർപെടുത്താൻ സാത്താൻ ഏതു വിധങ്ങൾ പരീക്ഷിച്ചിരിക്കുന്നു?
◻ ഏതു തിരുവെഴുത്തുകൾ പാപത്തിനു നമ്മുടെമേലുള്ള പിടിയെ പ്രകടമാക്കുന്നു, ഈ പിടിയെ എങ്ങനെ തകർക്കാൻ കഴിയും?
◻ അകന്നു മാറൽ വളരെ അപകടകരമായിരിക്കുന്നതെന്തുകൊണ്ട്, അതിനെ എങ്ങനെ നേരിടാം?
[25-ാം പേജിലെ ചിത്രം]
ഒരു ചെമ്മരിയാടു് കാണാതെ പോകുന്നതുവരെ അല്പാല്പമായി ഒററപ്പെട്ടുപോകുന്നു