പാഠം 16
ഭൂമിയിലായിരുന്നപ്പോൾ യേശു എന്താണ് ചെയ്തത്?
നിസ്സഹായനായ ഒരു ശിശു, ജ്ഞാനിയായ ഒരു പ്രവാചകൻ, മരണത്തോടു മല്ലടിക്കുന്ന ഒരു മനുഷ്യൻ . . . ഇതൊക്കെയാണ് യേശു എന്നു കേൾക്കുമ്പോൾ പലരുടെയും മനസ്സിലേക്ക് വരുന്നത്. യേശുവിന്റെ ഭൂമിയിലെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? യേശു ചെയ്ത ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും അവ നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും ഈ പാഠത്തിൽ നമ്മൾ പഠിക്കും.
1. യേശു ചെയ്ത പ്രധാനപ്പെട്ട കാര്യം എന്തായിരുന്നു?
ഭൂമിയിലായിരുന്നപ്പോൾ യേശു ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം ‘ദൈവരാജ്യത്തിന്റ സന്തോഷവാർത്ത പ്രസംഗിക്കുക’ എന്നതായിരുന്നു. (ലൂക്കോസ് 4:43 വായിക്കുക.) ദൈവം കൊണ്ടുവരാൻ പോകുന്ന ഒരു രാജ്യത്തിലൂടെ അഥവാ ഗവൺമെന്റിലൂടെ മനുഷ്യരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്നതായിരുന്നു ആ സന്തോഷവാർത്ത.a അതിനുവേണ്ടി യേശു മൂന്നര വർഷക്കാലം തന്റെ സമയവും ഊർജവും ചെലവഴിച്ചു.—മത്തായി 9:35.
2. യേശു എന്തിനാണ് അത്ഭുതങ്ങൾ ചെയ്തത്?
‘യേശുവിനെ ഉപയോഗിച്ച് ദൈവം അത്ഭുതങ്ങളും അടയാളങ്ങളും മഹത്തായ കാര്യങ്ങളും ചെയ്തു’ എന്നു ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 2:22) യേശു പ്രകൃതിശക്തികളെ നിയന്ത്രിച്ചു, ആയിരങ്ങൾക്കു ഭക്ഷണം കൊടുത്തു, രോഗികളെ സുഖപ്പെടുത്തി, മരിച്ചവരെ ഉയിർപ്പിക്കുകപോലും ചെയ്തു. ദൈവത്തിന്റെ ശക്തിയാലാണ് യേശു ഇതെല്ലാം ചെയ്തത്. (മത്തായി 8:23-27; 14:15-21; മർക്കോസ് 6:56; ലൂക്കോസ് 7:11-17) യേശുവിനെ ദൈവമാണ് അയച്ചതെന്നു യേശു ചെയ്ത അത്ഭുതങ്ങൾ തെളിയിച്ചു. നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ യഹോവയ്ക്കു കഴിയുമെന്നും യേശു അതിലൂടെ കാണിച്ചു.
3. യേശുവിന്റെ ജീവിതത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
യേശു എപ്പോഴും യഹോവയെ അനുസരിച്ചു. (യോഹന്നാൻ 8:29 വായിക്കുക.) എതിർപ്പുകളൊക്കെ ഉണ്ടായിരുന്നെങ്കിലും, മരിക്കേണ്ടിവന്നിട്ടും യേശു അത് വിശ്വസ്തമായി ചെയ്തു. എത്ര ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും മനുഷ്യർക്കു ദൈവത്തെ അനുസരിക്കാൻ കഴിയുമെന്നു യേശു തെളിയിച്ചു. അങ്ങനെ, തന്റെ “കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലാനായി” യേശു നമുക്കുവേണ്ടി ഒരു മാതൃക വെച്ചു.—1 പത്രോസ് 2:21.
ആഴത്തിൽ പഠിക്കാൻ
യേശു എങ്ങനെയാണു സന്തോഷവാർത്ത പ്രസംഗിച്ചതെന്നും അത്ഭുതങ്ങൾ ചെയ്തതെന്നും നോക്കാം.
4. യേശു സന്തോഷവാർത്ത പ്രസംഗിച്ചു
കഴിയുന്നത്ര ആളുകളെ സന്തോഷവാർത്ത അറിയിക്കാൻ പൊടി നിറഞ്ഞ വഴികളിലൂടെ നൂറുകണക്കിനു കിലോമീറ്ററുകൾ യേശു കാൽനടയായി സഞ്ചരിച്ചു. ലൂക്കോസ് 8:1 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
തന്റെ അടുത്തേക്ക് വന്നവരോടു മാത്രമാണോ യേശു പ്രസംഗിച്ചത്?
കഴിയുന്നത്ര ആളുകളെ സന്തോഷവാർത്ത അറിയിക്കാൻ യേശു എത്രത്തോളം ശ്രമം ചെയ്തു?
മിശിഹ സന്തോഷവാർത്ത പ്രസംഗിക്കുമെന്നു ദൈവം മുൻകൂട്ടിപ്പറഞ്ഞിരുന്നു. യശയ്യ 61:1, 2 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
യേശു എങ്ങനെയാണ് ഈ പ്രവചനം നിറവേറ്റിയത്?
ഈ സന്തോഷവാർത്ത മറ്റുള്ളവരും കേൾക്കണമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
5. യേശു പ്രധാനപ്പെട്ട ഉപദേശങ്ങൾ നൽകി
സന്തോഷവാർത്ത പ്രസംഗിച്ചതു കൂടാതെ, ജീവിതത്തിൽ വിജയിക്കാൻ ആവശ്യമായ പല ഉപദേശങ്ങളും യേശു നൽകി. അതിനുള്ള ചില ഉദാഹരണങ്ങൾ യേശു ഒരു മലമുകളിൽവെച്ച് നടത്തിയ പ്രസംഗത്തിൽ കാണാം. ഗിരിപ്രഭാഷണം എന്നാണ് പൊതുവെ ഇത് അറിയപ്പെടുന്നത്. മത്തായി 6:14, 34; 7:12 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ജീവിതത്തിൽ വിജയിക്കാൻ എന്ത് ഉപദേശങ്ങളാണ് യേശു നൽകിയത്?
ഇതൊക്കെ അനുസരിക്കുന്നതുകൊണ്ട് ഇപ്പോഴും പ്രയോജനമുണ്ടോ?
6. യേശു അത്ഭുതങ്ങൾ ചെയ്തു
യഹോവ കൊടുത്ത ശക്തികൊണ്ട് യേശു അനേകം അത്ഭുതങ്ങൾ ചെയ്തു. ഉദാഹരണത്തിന്, മർക്കോസ് 5:25-34 വായിക്കുക, അല്ലെങ്കിൽ വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
രോഗിയായ ഈ സ്ത്രീക്ക് ഏതു കാര്യത്തിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നു?
ആ വിവരണത്തിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യം എന്താണ്?
യോഹന്നാൻ 5:36 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യേശു ചെയ്ത അത്ഭുതങ്ങൾ എന്തിന്റെ “തെളിവാണ്?”
നിങ്ങൾക്ക് അറിയാമോ?
യേശുവിനെക്കുറിച്ചുള്ള മിക്ക കാര്യങ്ങളും നമ്മൾ മനസ്സിലാക്കിയിരിക്കുന്നത് ബൈബിളിലെ മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ സുവിശേഷങ്ങളിൽനിന്നാണ്. ഓരോ എഴുത്തുകാരനും യേശുവിനെക്കുറിച്ചുള്ള വ്യത്യസ്തമായ വിവരങ്ങൾ എഴുതിയിട്ടുണ്ട്. അതൊക്കെ ചേർത്തുവെച്ചാൽ യേശുവിന്റെ ജീവിതത്തെക്കുറിച്ച് മനോഹരമായ ഒരു ചിത്രം നമുക്കു കിട്ടും.
മത്തായി
സുവിശേഷങ്ങളിൽ ആദ്യം എഴുതിയത് ഇതാണ്. യേശുവിന്റെ പഠിപ്പിക്കലുകൾക്കു മത്തായി പ്രാധാന്യം കൊടുത്തു, പ്രത്യേകിച്ച് ദൈവരാജ്യത്തെക്കുറിച്ച് യേശു പഠിപ്പിച്ച കാര്യങ്ങൾക്ക്.
മർക്കോസ്
ഇതാണ് ഏറ്റവും ചെറിയ സുവിശേഷം. യേശുവിന്റെ ജീവിതത്തിലെ സംഭവബഹുലമായ നിമിഷങ്ങൾ മർക്കോസ് ആവേശകരമായി വരച്ചുകാട്ടുന്നു.
ലൂക്കോസ്
പ്രാർഥനയുടെ പ്രാധാന്യത്തിനും സ്ത്രീകളോടുള്ള യേശുവിന്റെ നല്ല പെരുമാറ്റത്തിനും ഈ സുവിശേഷം മുഖ്യശ്രദ്ധ കൊടുക്കുന്നു.
യോഹന്നാൻ
ഈ സുവിശേഷത്തിൽ യേശു കൂട്ടുകാരോടും മറ്റുള്ളവരോടും സംസാരിച്ച കാര്യങ്ങൾ അവതരിപ്പിക്കുന്നു. അത് യേശുവിന്റെ വ്യക്തിത്വം നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നു.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “യേശു ഒരു നല്ല മനുഷ്യനായിരുന്നു. അതിൽ കൂടുതൽ ഒന്നുമില്ല.”
നിങ്ങളുടെ അഭിപ്രായം എന്താണ്?
ചുരുക്കത്തിൽ
യേശു ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചു, അത്ഭുതങ്ങൾ ചെയ്തു, എല്ലാ സാഹചര്യങ്ങളിലും യഹോവയെ അനുസരിച്ചു.
ഓർക്കുന്നുണ്ടോ?
ഭൂമിയിലായിരുന്നപ്പോൾ യേശു ചെയ്ത പ്രധാനപ്പെട്ട കാര്യം എന്തായിരുന്നു?
യേശു ചെയ്ത അത്ഭുതങ്ങൾ എന്താണു തെളിയിച്ചത്?
ജീവിതത്തിൽ വിജയിക്കാൻ ആവശ്യമായ എന്തൊക്കെ ഉപദേശങ്ങളാണ് യേശു നൽകിയത്?
കൂടുതൽ മനസ്സിലാക്കാൻ
യേശു ഏറ്റവും കൂടുതൽ സംസാരിച്ചത് ഏതു വിഷയത്തെക്കുറിച്ച് ആയിരുന്നു?
യേശു ചെയ്ത അത്ഭുതങ്ങൾ ശരിക്കും നടന്നതാണെന്ന് എങ്ങനെ വിശ്വസിക്കാം?
“യേശുവിന്റെ അത്ഭുതങ്ങൾ—നിങ്ങൾക്ക് എന്തു പഠിക്കാനാവും?” (വീക്ഷാഗോപുരം 2004 ജൂലൈ 15)
മറ്റുള്ളവരെ സഹായിക്കാൻ യേശു ചെയ്ത ത്യാഗങ്ങൾ മനസ്സിലാക്കിയത് ഒരാളുടെ ജീവിതം മാറ്റിയത് എങ്ങനെ?
“ഞാൻ ഞാൻ എന്ന ഒറ്റ വിചാരമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ” (വെബ്സൈറ്റിലെ ലേഖനം)
യേശുവിന്റെ ശുശ്രൂഷയിലെ പ്രധാനസംഭവങ്ങൾ അവയുടെ ക്രമത്തിൽ അറിയാൻ ഈ ചാർട്ട് കാണുക.
a ദൈവരാജ്യത്തെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങൾ 31-33 പാഠങ്ങളിൽ ചർച്ച ചെയ്യും.