രത്നങ്ങൾ—ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്ന്
യഹോവയുടെ പുത്രനായ യേശുക്രിസ്തു, അനുകമ്പയുള്ളവൻ എന്ന നിലയിൽ സുപ്രസിദ്ധനാണ്. അപ്പോൾ, സുവിശേഷ എഴുത്തുകാരനായ ലൂക്കോസ് അനുകമ്പയും കരുണയും സഹാനുഭൂതിയും ഊന്നിപ്പറയുന്നത് എത്ര അനുയോജ്യമാണ്! അവൻ യഹൂദൻമാർക്കും വിജാതീയർക്കുംവേണ്ടി യേശുവിന്റെ ഭൗമികജീവിതത്തെ സംബന്ധിച്ച് യഥാർത്ഥത്തിൽ ഹൃദയോദ്ദീപകമായ ഒരു വിവരണം എഴുതി.
ഈ സുവിശേഷത്തിന്റെ ചില വശങ്ങൾ, ഇത് ഒരു പണ്ഡിതൻ എഴുതിയതാണെന്ന് സൂചിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, ഇതിനൊരു വിശിഷ്ടമായ മുഖവുരയും വിപുലമായ ഒരു പദസഞ്ചയവുമുണ്ട്. അത്തരം ആശയങ്ങൾ, ലൂക്കോസ് നല്ല വിദ്യാഭ്യാസമുള്ള ഒരു ഭിഷഗ്വരനായിരുന്നു എന്ന വസ്തുതയോട് നന്നായി യോജിക്കുന്നു. (കൊലോസ്യർ 4:14) അവൻ യേശുവിന്റെ മരണത്തിനു മുമ്പ് ഒരു വിശ്വാസിയായിത്തീർന്നിരുന്നില്ലെങ്കിലും അവൻ പൗലോസിന്റെ മൂന്നാമത്തെ മിഷനറി യാത്രക്കുശേഷം അപ്പോസ്തലന്റെ യെരൂശലേമിലേക്കുള്ള യാത്രയിൽ അവനെ അനുഗമിച്ചു. അതുകൊണ്ട്, അവിടെവെച്ച് പൗലോസ് അറസ്ററു ചെയ്യപ്പെടുകയും കൈസര്യയിൽ തടവിലാക്കപ്പെടുകയും ചെയ്തശേഷം ഈ സൂക്ഷ്മ ഗവേഷകന് ദൃക്സാക്ഷികളെ അഭിമുഖം നടത്തിയും പൊതു രേഖകൾ പരിശോധിച്ചും വസ്തുതകൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നു. (ലൂക്കോസ് 1:1-4; 3:1, 2) അവന്റെ സുവിശേഷം അപ്പോസ്തലന്റെ രണ്ടു വർഷത്തെ കൈസര്യയിലെ തടങ്കൽവാസക്കാലത്ത്, ക്രി.വ. ഏകദേശം 56-58-ൽ എഴുതപ്പെട്ടിരുന്നിരിക്കാം.
അദ്വിതീയമായ ചില സവിശേഷതകൾ
യേശുവിന്റെ അത്ഭുതങ്ങളിൽ കുറഞ്ഞപക്ഷം ആറെണ്ണം ലൂക്കോസിന്റെ സുവിശേഷത്തിൽ മാത്രം കാണപ്പെടുന്നു. അവ: ഒരു അത്ഭുത മീൻപിടുത്തം (5:1-6); നയീനിലെ വിധവയുടെ മകനെ ഉയിർപ്പിക്കൽ (7:11-15); വളരെ കൂനിപ്പോയിരുന്ന ഒരു സ്ത്രീയുടെ സൗഖ്യമാക്കൽ (13:11-13); മഹോദരമുണ്ടായിരുന്ന ഒരു മമനുഷ്യന്റെ സൗഖ്യമാക്കൽ (14:1-4); പത്തു കുഷ്ഠരോഗികളുടെ സൗഖ്യമാക്കൽ (17:12-14); മഹാപുരോഹിതന്റെ അടിമയുടെ കാതിന്റെ പുന:സ്ഥിതീകരണം (22:50, 51) എന്നിവയാണ്.
കൂടാതെ യേശുവിന്റെ ഉപമകളിൽ ചിലത് ലൂക്കോസിന്റെ വിവരണത്തിൽ മാത്രമേയുള്ളു. ഇവയിൽ: രണ്ടു കടക്കാർ (7:41-47); അയൽസ്നേഹിയായ സമരിയാക്കാരൻ (10:30-35); കായ്ക്കാത്ത അത്തിവൃക്ഷം (13:6-9); വിഭവസമൃദ്ധമായ അത്താഴം (14:16-24); മുടിയനായ പുത്രൻ (15:11-32); ധനവാനും ലാസറും (16:19-31); വിധവയും അനീതിയുള്ള ന്യായാധിപനും (18:1-8) എന്നിവ ഉൾപ്പെടുന്നു.
ഹൃദയസപർശിയായ സംഭവങ്ങൾ
ഭിഷഗ്വരനായിരുന്ന ലൂക്കോസ് സ്ത്രീകളോടും കുട്ടികളോടും വൃദ്ധൻമാരോടും പരിഗണന കാണിച്ചിരുന്നു. അവൻ മാത്രമെ എലിശബത്തിന്റെ വന്ധ്യതയെയും അവളുടെ ഗർഭധാരണത്തെയും യോഹന്നാന്റെ ജനനത്തെയും കുറിച്ച് പരാമർശിച്ചിട്ടുള്ളു. അവന്റെ സുവിശേഷം മാത്രമെ മറിയയുടെ അടുക്കലെ ഗബ്രിയേലിന്റെ പ്രത്യക്ഷത റിപ്പോർട്ടുചെയ്തിട്ടുള്ളു. മറിയ എലിശബേത്തിനോട് സംസാരിച്ചപ്പോൾ അവളുടെ കുട്ടി ഗർഭപാത്രത്തിൽ തുള്ളിയെന്ന് പറയാൻ ലൂക്കോസ് പ്രേരിതനായി. യേശുവിന്റെ പരിച്ഛേദനയെക്കുറിച്ചും ആലയത്തിലെ അവന്റെ സമർപ്പണത്തെപ്പററിയും വൃദ്ധരായ ശിമയോനും ഹന്നായും അവനെ അവിടെവെച്ച് കണ്ട കാര്യവും അവൻ മാത്രമേ പറഞ്ഞിട്ടുള്ളു. കൂടാതെ യേശുവിന്റെയും യോഹന്നാൻ സ്നാപകന്റെയും ചെറുപ്പകാലത്തെപ്പററിയുള്ള അറിവിന് നാം ലൂക്കോസിന്റെ സുവിശേഷത്തോട് കടപ്പെട്ടിരിക്കുന്നു.—1:1–2:52.
തന്റെ ഏകപുത്രൻ മരണത്തിൽ നഷ്ടപ്പെട്ട ദു:ഖിതയായ നയീനിലെ വിധവയെക്കുറിച്ച് എഴുതുകയിൽ യേശുവിന് “അവളോട് കരുണതോന്നി” ആ ചെറുപ്പക്കാരനെ ജീവനിലേക്ക് പുനഃസ്ഥിതീകരിച്ചു എന്ന് ലൂക്കോസ് പറഞ്ഞു. (7:11-15) ലൂക്കോസിന്റെ സുവിശേഷത്തിൽ മാത്രം റിപ്പോർട്ടുചെയ്തിരിക്കുന്നതും ഹൃദയോദ്ദീപകവുമാണ് ഒരു മുഖ്യ നികുതിപിരിവുകാരനായ സഖായി ഉൾപ്പെട്ട സംഭവം. പൊക്കം കുറഞ്ഞവനായിരുന്നതിനാൽ അവൻ യേശുവിനെ കാണുന്നതിന് ഒരു വൃക്ഷത്തിൻമേൽ കയറി. യേശു സഖായിയുടെ ഭവനത്തിൽ പാർക്കുമെന്നു പറഞ്ഞപ്പോൾ അത് എത്ര അതിശയകരമായിരുന്നു! സന്തുഷ്ടനായ ആതിഥേയന് ആ സന്ദർശനം ഒരു മഹത്തായ അനുഗ്രഹമായിരുന്നു എന്ന് ലൂക്കോസ് കാണിക്കുന്നു.—19:1-10.
ഒരു ഭിഷഗ്വരന്റെ പേനയിൽനിന്ന്
ഈ സുവിശേഷത്തിൽ വൈദ്യശാസ്ത്രപരമായ അർത്ഥമുള്ള അല്ലെങ്കിൽ സവിശേഷതയുള്ള അനേകം പദങ്ങൾ അല്ലെങ്കിൽ വാക്കുകൾ അടങ്ങിയിട്ടുണ്ട്. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തിന്റെ മററ് എഴുത്തുകാർ ഈ വാക്കുകൾ അശേഷം ഉപയോഗിച്ചിട്ടില്ല, അല്ലെങ്കിൽ ഒരു വൈദ്യശാസ്ത്രപരമായ അർത്ഥത്തിൽ ഉപയോഗിച്ചിട്ടില്ല. എന്നാൽ നമുക്ക് ഒരു വൈദ്യന്റെ പേനയിൽ നിന്ന് വൈദ്യശാസ്ത്രപരമായ ഭാഷ പ്രതീക്ഷിക്കാവുന്നതാണ്.
ദൃഷ്ടാന്തത്തിന്, പത്രോസിന്റെ അമ്മാവിയമ്മക്ക് “കഠിനജ്വരം” ആയിരുന്നു എന്ന് (4:38) ലൂക്കോസ് മാത്രമേ പറഞ്ഞുള്ളു. അവൻ ഇപ്രകാരവും എഴുതി: “നോക്കൂ! കുഷഠം നിറഞ്ഞ ഒരു മനുഷ്യൻ!” (5:12) മററു സുവിശേഷ എഴുത്തുകാർക്ക് കുഷ്ഠരോഗം എന്നു പരാമർശിക്കുന്നത് മതിയായതായിരുന്നു. എന്നാൽ ആ മമനുഷ്യന്റെ രോഗം മൂർച്ഛിച്ച ഒരു അവസ്ഥയിലായിരുന്നു എന്ന് സൂചിപ്പിച്ച ലൂക്കോസിനെ സംബന്ധിച്ച് അങ്ങനെയായിരുന്നില്ല.
ആചാരങ്ങളിൻമേൽ ഉൾക്കാഴച
യേശുവിന്റെ ജനനശേഷം മറിയാം “അവനെ ശീലകൾകൊണ്ട് ചുററി” എന്ന് ലൂക്കോസ് പറഞ്ഞു. (2:7) പതിവനുസരിച്ച്, ഒരു നവജാതശിശുവിനെ ഒരുപക്ഷേ ത്വക്ക് ഉണങ്ങുകയും ബലവത്തായിത്തീരുകയും ചെയ്യാൻ കഴുകുകയും ഉപ്പു തിരുമ്മുകയും ചെയ്യുമായിരുന്നു. പിന്നീട് കുട്ടിയെ ഏകദേശം ഒരു മമ്മിപോലെ ചുററാടകൊണ്ടു പൊതിയുമായിരുന്നു. ആ കെട്ടുകൾ ശരീരത്തെ ഋജുവും ചൂടുള്ളതും ആയി സൂക്ഷിച്ചു, താടിക്കടിയിലൂടെയും തലക്കു മുകളിലൂടെയുമുള്ള ചുററിക്കെട്ടുകൾ മൂക്കിൽ കൂടി ശ്വസിക്കുന്നതിനു കുട്ടിയെ പരിശീലിപ്പിച്ചിരിക്കാം. തുണികൊണ്ടുള്ള സമാനമായ ചുററലിന്റെ ആചാരത്തെക്കുറിച്ച് 19-ാം നൂററാണ്ടിലെ ഒരു റിപ്പോർട്ട് ബേത്ലഹേമിലെ ഒരു സന്ദർശകൻ ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കുന്നു: “ഞാൻ ആ ചെറുജീവിയെ എന്റെ കൈകളിൽ എടുത്തു. അവന്റെ ശരീരം ഋജുവും വഴങ്ങാത്തതും ആയിരുന്നു, അത്ര ബലവത്തായി അത് വെളുത്ത മാന്തളിർവർണ്ണ ശീലകൊണ്ട് ചുററിക്കെട്ടിയിരുന്നു. അവന്റെ കൈകാലുകൾ പൂർണ്ണമായും ബന്ധനസ്ഥമായിരുന്നു. അവന്റെ ശിരസ് മൃദുവും ചുവന്നതുമായ ഒരു ചെറിയ ഷാളുകൊണ്ട് ചുററിക്കെട്ടിയിരുന്നു, അത് അവന്റെ താടിക്കടിയിലൂടെയും നെററിക്കു കുറുകെയും ചെറിയ മടക്കുകളായി ചുററിയിരുന്നു.”
ലൂക്കോസിന്റെ സുവിശേഷം നമുക്ക് ഒന്നാം നൂററാണ്ടിലെ ശവസംസ്കാര ചടങ്ങുകൾ സംബന്ധിച്ചും ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നു. യേശു നയീൻ പട്ടണത്തിന്റെ ഗയ്ററിനു സമീപമായിരുന്നപ്പോൾ “(വിധവയായിരുന്ന) തന്റെ മാതാവിന്റെ ഏക പുത്രനായിരുന്ന ഒരു മരിച്ച മനുഷ്യനെ ചുമന്നുകൊണ്ടു വരുന്നത്” അവൻ കണ്ടു, “നഗരത്തിലെ ഗണ്യമായ ഒരു ജനക്കൂട്ടവും അവളോടുകൂടെ ഉണ്ടായിരുന്നു.” (7:11, 12) സാധാരണയായി ഒരു നഗരത്തിനു വെളിയിലായിരുന്നു സംസ്കാരം നടത്തിയിരുന്നത്, മരിച്ചയാളുടെ സ്നേഹിതർ കല്ലറയിങ്കലേക്ക് ശവശരീരത്തെ അനുഗമിച്ചിരുന്നു. ശവപ്പെട്ടി സാദ്ധ്യതയനുസരിച്ച് വള്ളികൊണ്ട് മെടഞ്ഞതും, ശവസംസ്കാര യാത്ര ശവസംസ്കാരസ്ഥലത്തേക്ക് നീങ്ങുമ്പോൾ അതിന്റെ നാലുമൂലയിലും നാലാളുകൾക്ക് തങ്ങളുടെ തോളിൽ വഹിക്കാവുന്ന വിധത്തിൽ കഴകൾ നീട്ടിവെച്ചതും ആയ ഒരു മഞ്ചൽ ആയിരുന്നു.
ലൂക്കോസ് രേഖപ്പെടുത്തിയിട്ടുള്ള മറെറാരു ദൃഷ്ടാന്തത്തിൽ യേശു, കൊള്ളക്കാരാൽ പ്രഹരിക്കപ്പെട്ട ഒരു മനുഷ്യനെപ്പററി പറഞ്ഞു. അയൽസ്നേഹിയായ ഒരു ശമരിയാക്കാരൻ “അവന്റെ മുറിവുകളിൽ എണ്ണയും വീഞ്ഞും പകർന്നുകൊണ്ട് അവ വെച്ചുകെട്ടി.” (10:34) ഇത് മുറിവുകളെ ശുശ്രൂഷിക്കുന്നതിനുള്ള ഒരു നാട്ടുനടപ്പായിരുന്നു. ഒലിവെണ്ണ മുറിവുകളെ മൃദുലമാക്കുകയും പ്രശമിപ്പിക്കുകയും ചെയ്യും. (യെശയ്യാവ് 1:6) എന്നാൽ വീഞ്ഞിനെ സംബന്ധിച്ചെന്ത്? ദി ജേണൽ ഓഫ ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഇപ്രകാരം പറഞ്ഞു: “വീഞ്ഞ് ഗ്രീസിലെ ഒരു പ്രമുഖ മരുന്നായിരുന്നു. . . . കോസിലെ ഹിപ്പോക്രററിസ് (ക്രി.മു. 460-370) . . . വീഞ്ഞ് മുറിവു വെച്ചുകെട്ടുന്നതിനും പനികൾക്ക് ഒരു തണുപ്പിക്കുന്ന കാരകമായിട്ടും ഒരു വിരേചനൗഷധമായിട്ടും മൂത്രവിസർജ്ജനത്തെ ത്വരിതപ്പെടുത്തുന്ന ഔഷധമായിട്ടും നിർദ്ദേശിച്ചുകൊണ്ട് വിപുലമായി ഉപയോഗിച്ചിരുന്നു. യേശുവിന്റെ ദൃഷ്ടാന്തം വിഷാണു നിരോധനത്തിനും രോഗസംക്രമണനിവാരണത്തിനും ഉള്ള വീഞ്ഞിന്റെ കഴിവിനെയും അതുപോലെ മുറിവുകളെ സൗഖ്യമാകുന്നതിനു സഹായിക്കുന്നതിനുള്ള ഒലിവെണ്ണയുടെ കഴിവിനെയും സൂചിപ്പിച്ചു. തീർച്ചയായും ആ ഉപമയുടെ ആശയം ഒരു യഥാർത്ഥ അയൽക്കാരൻ കരുണാപൂർവം പ്രവർത്തിക്കുന്നു എന്നതാണ്. നാം മററുള്ളവരോട് ഇടപെടേണ്ടതപ്രകാരമാണ്.—10:36, 37.
എളിമയുടെ പാഠങ്ങൾ
അതിഥികൾ ഒരു ഭക്ഷണത്തിൽ ഏററം പ്രധാന സ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നത് കാണുന്നതിനെ സംബന്ധിച്ച് യേശു പറഞ്ഞ ഒരു ദൃഷ്ടാന്തം ലൂക്കോസ് മാത്രമാണ് വിവരിക്കുന്നത്. സദ്യകളിൽ അതിഥികൾ ഒരു മേശയുടെ മൂന്നു വശത്തും ഇട്ടിരുന്ന ഇരിക്കക്കട്ടിലുകളിൽ ചാരികിടന്നിരുന്നു. സേവകൻമാർക്ക് നാലാമത്തെ വശത്തുകൂടി അതിനെ സമീപിക്കാമായിരുന്നു. ഇടതുകൈമുട്ട് ഊന്നിക്കൊണ്ടും വലതുകൈകൊണ്ട് ആഹാരസാധനങ്ങൾ എടുത്തുകൊണ്ടും ഒരു ഇരിക്കക്കട്ടിലിൽ മൂന്നുപേർ മേശക്കഭിമുഖമായി ഇരുന്നിരുന്നു. മൂന്നു സ്ഥാനങ്ങൾ ഒരാൾക്ക് ഇരിക്കക്കട്ടിലിൽ ഉയർന്നതും മദ്ധ്യത്തിലുള്ളതും താണതുമായ സ്ഥലമുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. മൂന്നാമത്തെ ഇരിക്കക്കട്ടിലിലെ താണ സ്ഥാനം ലഭിക്കുന്ന ആൾക്ക് സദ്യയിൽ ഏററവും താണ സ്ഥാനമാണുണ്ടായിരുന്നത്. യേശു ഇപ്രകാരം പറഞ്ഞു: “ഒരു വിരുന്നിനു ക്ഷണിച്ചാൽ ഏററവും താണ സ്ഥാനം തിരഞ്ഞെടുക്കുക, ആതിഥേയൻ നിന്നോട്, “ഉയർന്ന സ്ഥാനത്തേക്കു പോവുക” എന്നു പറയും. അപ്പോൾ നിനക്ക് സഹ അതിഥികളുടെ മുമ്പാകെ ബഹുമാനമുണ്ടാകും.” (14:7-10) അതെ, നമുക്ക് എളിമയോടെ മററുള്ളവരെ നമ്മുടെ മുമ്പിൽ നിർത്താം. യഥാർത്ഥത്തിൽ ആ ദൃഷ്ടാന്തം ബാധകമാക്കുകയിൽ യേശു പറഞ്ഞു: “തന്നെത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.”—14:11.
ഒരു നികുതിപിരിവുകാരനും ഒരു പരീശനും ആലയത്തിൽ പ്രാർത്ഥിച്ചതു സംബന്ധിച്ച യേശുവിന്റെ ഉപമ എളിമയെ ഊന്നിപ്പറയുന്നതും ലൂക്കോസിന്റെ സുവിശേഷത്തിൽ മാത്രമുള്ളതുമായിരുന്നു. മററു കാര്യങ്ങളുടെ കൂട്ടത്തിൽ പരീശൻ ഇപ്രകാരം പറഞ്ഞു: “ഞാൻ ആഴ്ചയിൽ രണ്ടു വട്ടം ഉപവസിക്കുന്നു.” (18:9-14) ന്യായപ്രമാണനിയമം ഒരു വാർഷിക ഉപവാസമെ അനുശാസിക്കുന്നുള്ളു. (ലേവ്യ 16:29) എന്നാൽ പരീശൻമാർ ഉപവാസത്തെ അങ്ങേയററത്തേക്കുയർത്തി. ഈ ഉപമയിലെ ആൾ ആഴ്ചയുടെ രണ്ടാം ദിവസം ഉപവസിച്ചു, എന്തുകൊണ്ടെന്നാൽ മോശെക്ക് രണ്ടു സാക്ഷ്യപ്പലകകൾ ലഭിച്ച സീനായ് മലയിൽ അവൻ കയറിപ്പോയ സമയം അതായിരുന്നു എന്ന് വിചാരിക്കപ്പെട്ടിരുന്നു. അവൻ പർവതത്തിൽ നിന്ന് ആഴ്ചയുടെ അഞ്ചാം ദിവസം ഇറങ്ങിയെന്നു പറയപ്പെടുന്നു. (പുറപ്പാട് 31:18; 32:15-20) ആ പരീശൻ ആഴ്ചയിലെ തന്റെ രണ്ടു വട്ടത്തെ ഉപവാസം തന്റെ ദൈവികഭക്തിയുടെ തെളിവായി ചൂണ്ടിക്കാട്ടി. എന്നാൽ ഈ ദൃഷ്ടാന്തം നമ്മെ സ്വയനീതിക്കാരായിരിക്കാനല്ല, എളിമയുള്ളവരായിരിക്കാൻ പ്രേരിപ്പിക്കണം.
ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്നുള്ള ഈ രത്നങ്ങൾ അത് അദ്വിതീയമാണെന്നും പ്രബോധനാത്മകമാണെന്നും തെളിയിക്കുന്നു. വിവരണത്തിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങൾ യേശുവിന്റെ ഭൗമികജീവിതത്തിലെ ഹൃദയസ്പൃക്കായ സംഭവങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനു നമ്മെ സഹായിക്കുന്നു. കൂടാതെ നാം ചില ആചാരങ്ങളുടെ പശ്ചാത്തല വിവരങ്ങളിൽനിന്നും പ്രയോജനം അനുഭവിക്കുന്നു. എന്നാൽ നാം പ്രിയവൈദ്യനായ ലൂക്കോസിനാലുള്ള ഈ സുവിശേഷത്തിൽ പഠിപ്പിക്കപ്പെട്ടിട്ടുള്ള കരുണയും എളിമയും പോലുള്ള പാഠങ്ങൾ ബാധകമാക്കുന്നെങ്കിൽ നാം വിശേഷാൽ അനുഗ്രഹിക്കപ്പെടും. (w89 11/15)