ഏവരുടെയും അന്തസ്സ് മാനിക്കപ്പെടുന്ന ഒരു കാലം
“മനുഷ്യന്റെ മൗലികാവകാശമായ അന്തസ്സ് മാനിക്കപ്പെടുന്ന ഒരു പുതിയ ലോകം—ഏറെ മെച്ചമായ ഒരു ലോകം—നാം പടുത്തുയർത്തണം.” —യു.എസ്. പ്രസിഡന്റ് ഹാരി ട്രൂമാൻ, സാൻഫ്രാൻസിസ്കോ, കാലിഫോർണിയാ, യു.എസ്.എ., 1945 ഏപ്രിൽ 25.
ചരിത്രത്തിൽനിന്നു പാഠം ഉൾക്കൊണ്ടുകൊണ്ട് ഏവരുടെയും അന്തസ്സിനു വിലകൽപ്പിക്കുന്ന “ഒരു പുതിയ ലോകം” ആനയിക്കാൻ നമുക്കാകുമെന്ന് രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുള്ള വർഷങ്ങളിൽ ജീവിച്ചിരുന്ന അനേകരെയുംപോലെ പ്രസിഡന്റ് ട്രൂമാനും വിശ്വസിച്ചിരുന്നു. എന്നാൽ ഖേദകരമെന്നുപറയട്ടെ, ആധുനിക ചരിത്രം വെളിപ്പെടുത്തുന്നത് വാസ്തവം മറ്റൊന്നാണെന്നാണ്. “മനുഷ്യന്റെ മൗലികാവകാശമായ അന്തസ്സ്” നിരന്തരം ചവിട്ടിമെതിക്കപ്പെടുന്നതിനുള്ള മൂലകാരണം മനുഷ്യനല്ല, മറിച്ച് അവന്റെ ഏറ്റവും വലിയ ശത്രുവാണ്.
പ്രശ്നത്തിന്റെ മൂലകാരണം
ഈ ശത്രു പിശാചായ സാത്താനാണെന്ന് ബൈബിൾ തിരിച്ചറിയിക്കുന്നു. ഈ ദുഷ്ടാത്മ വ്യക്തി മനുഷ്യചരിത്രത്തിന്റെ ആരംഭത്തിങ്കൽത്തന്നെ ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശത്തെ വെല്ലുവിളിച്ചു. ഹവ്വായുമായുള്ള ഏദെൻതോട്ടത്തിലെ സംഭാഷണംമുതൽ അവന്റെ ലക്ഷ്യം ഇതായിരുന്നു: സ്രഷ്ടാവിനെ സേവിക്കുന്നതിൽനിന്നും മനുഷ്യരെ അകറ്റുക. (ഉല്പത്തി 3:1-5) ആദാമും ഹവ്വായും പിശാചിന്റെ വാക്കുകൾ ചെവിക്കൊണ്ടതു നിമിത്തം ഉണ്ടായ ദുഷ്ഫലങ്ങളെക്കുറിച്ചു ചിന്തിക്കുക! വിലക്കപ്പെട്ട കനി ഭക്ഷിച്ച് ദൈവനിയമത്തോട് അനുസരണക്കേടു കാണിച്ചശേഷം ഉടനടി ഉണ്ടായ ഫലം എന്തായിരുന്നു? അവർ ഇരുവരും “യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ ഒളിച്ചു.” എന്തുകൊണ്ട്? ആദാം ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു.” (ഉല്പത്തി 3:8-10) ആദാമിന് തന്റെ സ്വർഗീയ പിതാവുമായി ഉണ്ടായിരുന്ന ബന്ധവും തന്നെക്കുറിച്ചുതന്നെ ഉണ്ടായിരുന്ന കാഴ്ചപ്പാടും മാറി. അവനു നാണം തോന്നുകയും യഹോവയുടെ സാന്നിധ്യം അവനെ അസ്വസ്ഥനാക്കുകയും ചെയ്തു.
പിശാച് എന്തുകൊണ്ടാണ് ആദാമിന്റെ ആത്മാഭിമാനം ക്ഷയിച്ചുകാണാൻ ആഗ്രഹിച്ചത്? മനുഷ്യൻ ദൈവത്തിന്റെ സ്വരൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, ദൈവതേജസ്സു പ്രതിഫലിപ്പിക്കുന്നതിൽ ഭംഗംവരുംവിധം അവൻ പ്രവർത്തിച്ചു കാണാൻ സാത്താൻ ആഗ്രഹിക്കുന്നു. (ഉല്പത്തി 1:27; റോമർ 3:23) മനുഷ്യന്റെ അന്തസ്സിനെ ചവിട്ടിമെതിക്കുന്ന പ്രവർത്തനങ്ങൾ മനുഷ്യചരിത്രത്തിൽ വ്യാപകമായി കാണുന്നതിന്റെ കാരണം മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കുന്നു. ഇത്തരം ചിന്താഗതി “മനുഷ്യന്നു മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിന്നായി അധികാരമുള്ള കാലത്ത്” പ്രബലമായിത്തീരാൻ “ഈ ലോകത്തിന്റെ ദൈവ”മായ പിശാച് ഇടയാക്കിയിരിക്കുന്നു. (സഭാപ്രസംഗി 8:9; 2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 5:19) അതിനർഥം മനുഷ്യന്റെ അന്തസ്സിന് ഇനി ഒരുകാലത്തും വിലകൽപ്പിക്കപ്പെടില്ല എന്നാണോ?
യഹോവ തന്റെ സൃഷ്ടികളുടെ അന്തസ്സിന് വിലകൽപ്പിക്കുന്നു
ആദാമും ഹവ്വായും തെറ്റുചെയ്യുന്നതിനു മുമ്പുള്ള ഏദെൻതോട്ടത്തിലെ അവസ്ഥകളെക്കുറിച്ച് വീണ്ടും ചിന്തിച്ചുനോക്കൂ. അവർക്ക് ധാരാളം ഭക്ഷണവും സംതൃപ്തിദായകമായ ജോലിയും ഉണ്ടായിരുന്നു. കൂടാതെ അവർക്കും മക്കൾക്കും നല്ല ആരോഗ്യത്തോടെ, അനന്തമായി ജീവിക്കാനുള്ള പ്രത്യാശയും ഉണ്ടായിരുന്നു. (ഉല്പത്തി 1:28) മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ സ്നേഹനിർഭരവും ശ്രേഷ്ഠവുമായ ഉദ്ദേശ്യം അവരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രതിഫലിച്ചിരുന്നു.
ആദാമും ഹവ്വായും പാപികളായതോടെ മനുഷ്യന്റെ അന്തസ്സ് സംബന്ധിച്ച യഹോവയുടെ വീക്ഷണത്തിനു മാറ്റം വന്നോ? ഒരിക്കലുമില്ല. അവർക്കിപ്പോൾ നഗ്നതയാൽ നാണം തോന്നിയപ്പോൾ ദൈവം പരിഗണന കാണിച്ചു. അത്തിയില കൂട്ടിത്തുന്നി അവർ ഉണ്ടാക്കിയ അരയാടയ്ക്കുപകരം ദൈവം സ്നേഹപൂർവം “തോൽകൊണ്ടുള്ള നീണ്ട ഉടുപ്പ്” ഉണ്ടാക്കി അവരെ ഉടുപ്പിച്ചു. (ഉല്പത്തി 3:7, 21, NW) അവർക്കു നാണം തോന്നാൻ ഇടയാക്കിയ അവസ്ഥയിൽ അവരെ വിട്ടേക്കാതെ ദൈവം അവരുടെ അന്തസ്സ് മാനിച്ചുകൊണ്ട് അവരോട് ഇടപെട്ടു.
പിന്നീട് ഇസ്രായേൽ ജനതയോടുള്ള ഇടപെടലിലും യഹോവ അനുകമ്പ പ്രകടമാക്കി, വിശേഷാൽ സമൂഹത്തിൽ മിക്കപ്പോഴും ചൂഷണത്തിനിരയാകുന്ന അനാഥരോടും വിധവമാരോടും പരദേശികളോടുമുള്ള ഇടപെടലിൽ. (സങ്കീർത്തനം 72:13) ഉദാഹരണത്തിന്, ധാന്യവിളകളുടെയും ഒലിവുവൃക്ഷങ്ങളുടെയും മുന്തിരിത്തോട്ടങ്ങളുടെയും വിളവെടുപ്പിനുശേഷം മടങ്ങിപ്പോയി കാലാപെറുക്കരുതെന്ന് അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു. പകരം അതു “പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ” എന്നു ദൈവം കൽപ്പിച്ചു. (ആവർത്തനപുസ്തകം 24:19-21) ഈ നിയമം ബാധകമാക്കിയപ്പോൾ പാവപ്പെട്ടവർക്കുപോലും ഭിക്ഷയാചിക്കാതെ അന്തസ്സോടെ ജോലി ചെയ്തു ജീവിക്കുക സാധ്യമായി.
യേശു മറ്റുള്ളവരുടെ അന്തസ്സ് മാനിച്ചു
ഭൂമിയിലായിരിക്കെ ദൈവപുത്രനായ യേശുക്രിസ്തു മറ്റുള്ളവരുടെ അന്തസ്സ് മാനിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു. ദൃഷ്ടാന്തത്തിന്, ഗലീലയിൽവെച്ച് കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ അവനെ സമീപിച്ചു. മോശൈക ന്യായപ്രമാണം അനുസരിച്ച്, രോഗം പകരാതിരിക്കാൻ, അയാൾ “അശുദ്ധൻ അശുദ്ധൻ” എന്നു വിളിച്ചുപറയേണ്ടിയിരുന്നു. (ലേവ്യപുസ്തകം 13:45) എന്നിരുന്നാലും ആ മനുഷ്യൻ യേശുവിനെ സമീപിച്ചപ്പോൾ അങ്ങനെ വിളിച്ചുപറഞ്ഞില്ല. പകരം അവൻ യേശുവിനെ കണ്ടു കവിണ്ണുവീണ്: “കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്ന് അപേക്ഷിച്ചു. (ലൂക്കൊസ് 5:12) യേശു എങ്ങനെ പ്രതികരിച്ചു? നിയമലംഘനത്തിന്റെ പേരിൽ യേശു അവനെ ശിക്ഷിക്കുകയോ അവഗണിക്കുകയോ ഒഴിവാക്കുകയോ ചെയ്തില്ല. മറിച്ച് യേശു അവന്റെ അന്തസ്സ് മാനിച്ചു. കൈ നീട്ടി അവനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ടു; ശുദ്ധമാക” എന്ന് അവനോടു പറഞ്ഞു.—ലൂക്കൊസ് 5:13.
പലപ്പോഴും യേശു യാതൊരു ശാരീരിക സമ്പർക്കവും കൂടാതെതന്നെ ആളുകളെ സൗഖ്യമാക്കിയിട്ടുണ്ട്, ചിലപ്പോൾ വളരെ ദൂരെനിന്നുകൊണ്ടുപോലും. എന്നാൽ ഈ അവസരത്തിൽ അവൻ ആ മനുഷ്യനെ തൊട്ടാണ് സൗഖ്യമാക്കിയത്. (മത്തായി 15:21-28; മർക്കൊസ് 10:51, 52; ലൂക്കൊസ് 7:1-10) ആ മനുഷ്യൻ ‘കുഷ്ഠം നിറഞ്ഞവൻ’ ആയിരുന്നു. അതുകൊണ്ട് മറ്റാരെങ്കിലുമായി ഏതെങ്കിലും തരത്തിലുള്ള ശാരീരിക സമ്പർക്കം ഉണ്ടായിട്ട് വർഷങ്ങൾതന്നെ ആയിട്ടുണ്ടാകണം. മറ്റൊരു മനുഷ്യന്റെ കരസ്പർശം ഒരിക്കൽക്കൂടെ അനുഭവപ്പെട്ടത് അയാൾക്ക് എത്ര ആശ്വാസം പകർന്നിരിക്കണം! കുഷ്ഠം മാറിക്കിട്ടണം എന്നു മാത്രമേ തീർച്ചയായും അവൻ ആഗ്രഹിച്ചിട്ടുണ്ടാവൂ. എങ്കിലും, യേശു അവനെ സൗഖ്യമാക്കിയ വിധം അവന് മറ്റൊന്നുകൂടെ നേടിക്കൊടുത്തു—അന്തസ്സ്. ഇന്നത്തെ സമൂഹത്തിൽ മനുഷ്യന്റെ അന്തസ്സിന് അത്തരമൊരു പരിഗണന ലഭിക്കുമെന്നു പ്രതീക്ഷിക്കാനാകുമോ? ഉണ്ടെങ്കിൽ അത് എപ്രകാരമായിരിക്കും?
അന്തസ്സിനു വിലകൽപ്പിക്കുന്ന ഒരു നിയമം
മാനുഷ ബന്ധത്തെ സംബന്ധിച്ച് നൽകപ്പെട്ടിട്ടുള്ളതിലേക്കും വിഖ്യാതമായ ഒരു പ്രബോധനമെന്ന് അനേകർ വിശേഷിപ്പിക്കുന്ന ഒന്ന് യേശു പ്രസ്താവിച്ചു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ.” (മത്തായി 7:12) സുവർണ നിയമം എന്നറിയപ്പെടുന്ന ഇത് സഹമനുഷ്യരോട് ആദരവോടെ ഇടപെടാൻ ഒരുവനെ പ്രേരിപ്പിക്കുന്നു, തിരിച്ചും അതുതന്നെ ലഭിക്കുമെന്ന പ്രതീക്ഷയോടെ.
ചരിത്രം വ്യക്തമാക്കുന്നതുപോലെ ഈ നിയമം ബാധകമാക്കുക എന്നത് മനുഷ്യന്റെ സ്വാഭാവിക ചായ്വ് അല്ല, മിക്കപ്പോഴും നേർവിപരീതമാണ് സത്യം. “മറ്റുള്ളവരെ അപമാനിക്കുന്നത് ഞാൻ മിക്കവാറും ആസ്വദിച്ചിരുന്നു,” ഒരു വ്യക്തി പറയുന്നു, നമുക്ക് അദ്ദേഹത്തെ ഹാരോൾഡ് എന്നു വിളിക്കാം. “ചുരുക്കം വാക്കുകൾകൊണ്ടുതന്നെ എനിക്ക് അവരുടെ മാനംകെടുത്താനും അവരെ പരിഭ്രമിപ്പിക്കാനും ചിലപ്പോൾ കരയിക്കാൻപോലും കഴിയുമായിരുന്നു.” എന്നാൽ കാര്യങ്ങൾക്കു മാറ്റം വന്നു. ഹാരോൾഡ് മറ്റുള്ളവരോട് വ്യത്യസ്തമായി ഇടപെടാൻ ഇടയാക്കിയ ചിലതു സംഭവിച്ചു. “യഹോവയുടെ സാക്ഷികളിൽ പലരും എന്നെ സന്ദർശിക്കാൻ തുടങ്ങി. പിന്തിരിഞ്ഞുനോക്കുമ്പോൾ ഞാൻ അവരോടു പറഞ്ഞതും പ്രവർത്തിച്ചതുമായ ചില കാര്യങ്ങളെപ്രതി എനിക്കു ലജ്ജ തോന്നുന്നു. എങ്കിലും അവർ മടുത്തുപിന്മാറിയില്ല. സാവകാശം ബൈബിൾ സത്യങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു, മാറ്റം വരുത്താൻ ഞാൻ പ്രേരിതനായി.” ഇപ്പോൾ ഹാരോൾഡ് ക്രിസ്തീയ സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു.
ഹാരോൾഡ് പിൻവരുന്ന വാക്കുകളുടെ ജീവിക്കുന്ന തെളിവാണ്: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രായർ 4:12) ദൈവവചനത്തിന് ഒരു വ്യക്തിയുടെ ഹൃദയത്തെ സ്വാധീനിക്കാനും അവന്റെ ചിന്താഗതിക്കും പെരുമാറ്റത്തിനും മാറ്റം വരുത്താനുമുള്ള കഴിവുണ്ട്. മറ്റുള്ളവരുടെ അന്തസ്സ് മാനിക്കുന്നതിനുള്ള അടിസ്ഥാനം ഇതാണ്: ആളുകളെ മുറിപ്പെടുത്തുന്നതിനു പകരം സഹായിക്കാനും തരംതാഴ്ത്തുന്നതിനു പകരം വിലമതിക്കാനും ഉള്ള ഹൃദയംഗമമായ ആഗ്രഹം.—പ്രവൃത്തികൾ 20:35; റോമർ 12:10.
ഏവരുടെയും അന്തസ്സ് മാനിക്കപ്പെടുന്ന അവസ്ഥ വീണ്ടും
അതേ ആഗ്രഹത്താൽ പ്രേരിതരായിട്ടാണ് യഹോവയുടെ സാക്ഷികൾ ബൈബിളിന്റെ മഹത്തായ പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെക്കുന്നത്. (പ്രവൃത്തികൾ 5:42) സഹമനുഷ്യരെ ആദരിക്കാനും അവരുടെ അന്തസ്സ് മാനിക്കാനുമുള്ള ഏറ്റവും മെച്ചമായ മാർഗമാണ് അവരോടു ‘നന്മ സുവിശേഷിക്കുക’ എന്നത്. (യെശയ്യാവു 52:7) “നന്മ” എന്നതിൽ മറ്റുള്ളവരെ തരംതാഴ്ത്താനുള്ള “ദുർമ്മോഹ”ത്തെ മരിപ്പിച്ചുകൊണ്ട് “പുതിയ മനുഷ്യനെ” ധരിക്കുന്നത് ഉൾപ്പെടുന്നു. (കൊലൊസ്സ്യർ 3:5-10) കൂടാതെ മനുഷ്യന്റെ അന്തസ്സിനു ക്ഷതമേൽപ്പിക്കുന്ന സാഹചര്യങ്ങളും മനോഭാവങ്ങളും, അതുപോലെ അതിന്റെ കാരണഭൂതനായിരിക്കുന്ന പിശാചായ സാത്താനെയും ഉടൻ നീക്കം ചെയ്യാനുള്ള യഹോവയുടെ ഉദ്ദേശ്യവും അതിൽപ്പെടുന്നു. (ദാനീയേൽ 2:44; മത്തായി 6:9, 10; വെളിപ്പാടു 20:1, 2, 10) “ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായി”ത്തീരുമ്പോൾ മാത്രമേ ഏവരുടെയും അന്തസ്സ് മാനിക്കപ്പെടുന്ന ഒരു അവസ്ഥ യാഥാർഥ്യമായിത്തീരുകയുള്ളൂ.—യെശയ്യാവു 11:9.
ഈ അത്ഭുതകരമായ പ്രത്യാശയെക്കുറിച്ചു പഠിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. യഹോവയുടെ സാക്ഷികളോടൊത്തു സഹവസിക്കുമ്പോൾ, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിലൂടെ മറ്റുള്ളവരുടെ അന്തസ്സ് മാനിക്കാനാകുമെന്ന വസ്തുത നിങ്ങൾക്കു മനസ്സിലാകും. കൂടാതെ ദൈവരാജ്യത്തിൻകീഴിൽ ‘പുതിയതും ഏറെ മെച്ചവുമായ ഒരു ലോകം’ എങ്ങനെ ഒരു യാഥാർഥ്യമായിത്തീരുമെന്നും അവിടെ മനുഷ്യരുടെ അന്തസ്സ് ഒരിക്കലും ചവിട്ടിമെതിക്കപ്പെടാതെ എങ്ങനെ എന്നെന്നും മാനിക്കപ്പെടുമെന്നും നിങ്ങൾക്കു പഠിക്കാനാകും.
[6-ാം പേജിലെ ചതുരം/ചിത്രം]
നിർമലത പാലിച്ചുകൊണ്ട് അന്തസ്സ് കാത്തു
രണ്ടാം ലോകമഹായുദ്ധകാലത്ത് 2,000-ത്തിലധികം യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസത്തെപ്രതി നാസി തടങ്കൽപ്പാളയങ്ങളിൽ അടയ്ക്കപ്പെട്ടു. അവർ പ്രകടമാക്കിയ അതുല്യമായ നിർമലത ശ്രദ്ധിച്ച, റാവെൻബ്രുക്കിൽ മുമ്പ് ഒരു തടവുകാരിയായിരുന്ന ഗെമ ലാ ഗൂവാർഡിയ ഗ്ലക്ക്, എന്റെ കഥ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ എഴുതി: “വിശ്വാസം തള്ളിപ്പറഞ്ഞ് അത് രേഖാമൂലം ഒപ്പിട്ടുകൊടുക്കുന്ന ഏതൊരു ബൈബിൾ വിദ്യാർഥിയെയും മോചിപ്പിക്കാമെന്നും മേലാൽ അയാളെ പീഡിപ്പിക്കുകയില്ലെന്നും ഒരിക്കൽ ഗസ്റ്റപ്പോ അറിയിച്ചു.” അതിനു വിസമ്മതിച്ചവരെക്കുറിച്ച് അവർ എഴുതി: “അവർ കഷ്ടം സഹിക്കാനും ക്ഷമയോടെ വിടുതലിനായി കാത്തിരിക്കാനും തീരുമാനിച്ചു.” എന്തുകൊണ്ടാണ് അവർ അത്തരമൊരു നിലപാട് സ്വീകരിച്ചത്? കഴിഞ്ഞ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച, ഇപ്പോൾ 80 വയസ്സുള്ള മഗ്ദലിന പറയുന്നു: “എങ്ങനെയും ജീവൻ നിലനിറുത്തുക എന്നതിനെക്കാൾ ഏറെ പ്രധാനമായിരുന്നു യഹോവയോടുള്ള വിശ്വസ്തത. ഞങ്ങളുടെ അന്തസ്സ് കാക്കുന്നതിന് ഞങ്ങൾ നിർമലത പാലിക്കണമായിരുന്നു.”a
[അടിക്കുറിപ്പ്]
a കുസ്സറോ കുടുംബത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 1985 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 10-15 പേജുകൾ കാണുക.
[5-ാം പേജിലെ ചിത്രം]
യേശു താൻ സൗഖ്യമാക്കിയവരുടെ അന്തസ്സിനു വിലകൽപ്പിച്ചു
[7-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾ “നന്മയുടെ സുവിശേഷം” പ്രസംഗിച്ചുകൊണ്ട് മറ്റുള്ളവരുടെ അന്തസ്സ് മാനിക്കുന്നു