യേശുവിന്റെ ജീവിതവും ശുശ്രൂഷയും
തന്റെ അനുഗാമികൾക്ക് ഒരു ഉയർന്ന പ്രമാണം
മതനേതാക്കൻമാർ യേശുവിനെ ഒരു ദൈവികന്യായപ്രമാണ ലംഘി എന്നു പരിഗണിക്കുന്നു. അടുത്ത കാലത്ത് അവനെ കൊല്ലാൻപോലും അവർ ഗൂഢാലോചന നടത്തിയിരുന്നു. അതുകൊണ്ട് യേശു തന്റെ മലമ്പ്രസംഗം തുടരുമ്പോൾ അവൻ വിശദീകരിക്കുന്നു: “ന്യായപ്രമാണത്തെയോ പ്രവാചകൻമാരെയോ നശിപ്പിക്കാൻ ഞാൻ വന്നുവെന്ന് വിചാരിക്കരുത്. നശിപ്പിക്കാനല്ല, നിവർത്തിക്കാനാണ് ഞാൻ വന്നത്.”
യേശുവിന് ദൈവത്തിന്റെ ന്യായപ്രമാണത്തോട് സമുന്നതമായ ആദരവുണ്ട്, അതുണ്ടായിരിക്കാൻ മററുള്ളവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അവൻ പറയുകയാണ്: “അതുകൊണ്ട്, ഈ ഏററവും ചെറിയ കൽപ്പനകളിൽ ഒന്നിനെ ലംഘിക്കുകയും ആ ഫലത്തിൽ മനുഷ്യവർഗ്ഗത്തെ പഠിപ്പിക്കുകയും ചെയ്യുന്നതാരോ അവൻ സ്വർഗ്ഗരാജ്യത്തോടുള്ള ബന്ധത്തിൽ ‘ഏററവും ചെറിയവൻ’ എന്നു വിളിക്കപ്പെടും,” അങ്ങനെയുള്ള ഒരാൾ രാജ്യത്തിൽ പ്രവേശിക്കുകയേ ഇല്ലെന്നാണതിന്റെ അർത്ഥം.
ദൈവത്തിന്റെ ന്യായപ്രമാണത്തെ അശേഷവും അവഗണിക്കാതെ അതിന്റെ ലംഘനത്തിനു സഹായിക്കുന്ന മനോഭാവങ്ങളെ പോലും യേശു കുററം വിധിക്കുന്നു. “നീ കൊലപാതകം ചെയ്യരുത്” എന്ന് ന്യായപ്രമാണം പറയുന്നുവെന്ന് ഗൗനിച്ചശേഷം “എന്നിരുന്നാലും, തന്റെ സഹോദരനോടു കുപിതനായി തുടരുന്ന ഏതൊരാളും നീതിന്യായകോടതിയോട് കണക്കു ബോധിപ്പിക്കേണ്ടിവരും” എന്ന് അവൻ കൂട്ടിച്ചേർക്കുന്നു.
ഒരു സഹകാരിയോട്, ഒരുപക്ഷേ കൊലപാതകത്തിലേക്കുതന്നെ നയിച്ചുകൊണ്ട് കുപിതനായി തുടരുന്നത് വളരെ ഗൗരവമുള്ളതാകയാൽ സമാധാനം നേടാൻ ഒരുവൻ എത്രത്തോളം പോകണമെന്ന് യേശു വിശദമാക്കുന്നു. അവൻ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “അപ്പോൾ, നീ യാഗപീഠത്തിങ്കലേക്ക് ഒരു വഴിപാടു കൊണ്ടുവരുമ്പോൾ നിന്റെ സഹോദരന് നിനക്കെതിരായി എന്തെങ്കിലും ഉണ്ടെന്ന് നീ ഓർക്കുന്നുവെങ്കിൽ നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചിട്ട് പോകുക; ആദ്യമായി നിന്റെ സഹോദരനോട് സമാധാനത്തിലാകുക, പിന്നീട്, തിരിച്ചുവന്നിട്ട് നിന്റെ വഴിപാട് അർപ്പിക്കുക.”
പത്തു കൽപ്പനകളിൽ ഏഴാമത്തേതിലേക്ക് ശ്രദ്ധതിരിച്ചുകൊണ്ട് യേശു തുടരുന്നു: “‘വ്യഭിചാരം ചെയ്യരുത്’ എന്ന് പറയപ്പെട്ടുവെന്ന് നിങ്ങൾ കേട്ടു.” എന്നിരുന്നാലും വ്യഭിചാരത്തിലേക്കുള്ള സ്ഥിരമായ മനോഭാവത്തെപ്പോലും യേശു കുററം വിധിക്കുന്നു. “ഒരു സ്ത്രീയോടു വികാരം തോന്നുമാറ് അവളെ നോക്കിക്കൊണ്ടിരിക്കുന്ന ഏതൊരാളും അപ്പോൾത്തന്നെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തിരിക്കുന്നുവെന്ന് ഞാൻ നിങ്ങളോടു പറയുന്നു.”
യേശു ഇവിടെ ക്ഷണികമായ ഒരു അധാർമ്മികചിന്തയെക്കുറിച്ച് സംസാരിക്കുകയല്ല, പിന്നെയോ ‘നോക്കിക്കൊണ്ടിരിക്കുന്ന’തിനെക്കുറിച്ചാണ്. അങ്ങനെയുള്ള തുടർച്ചയായ നോട്ടം വികാരപരമായ ആഗ്രഹത്തെ ഉണർത്തുന്നു. അതിന്, അവസരം കിട്ടുകയാണെങ്കിൽ, വ്യഭിചാരത്തിൽ കലാശിക്കാൻ കഴിയും. ഒരു വ്യക്തിക്ക് ഇത് സംഭവിക്കാതെ എങ്ങനെ തടയാൻ കഴിയും? അങ്ങേയററത്തെ നടപടികൾ എങ്ങനെ ആവശ്യമായിവന്നേക്കാമെന്ന് വിശദമാക്കിക്കൊണ്ട് യേശു പറയുന്നു: “ഇപ്പോൾ നിന്റെ ആ വലതുകണ്ണ് നിന്നെ ഇടറിക്കുന്നുവെങ്കിൽ അത് പറിച്ചെടുത്ത് നിന്നിൽനിന്ന് എറിഞ്ഞുകളയുക. . . . കൂടാതെ, നിന്റെ വലതുകൈ നിന്നെ ഇടറിക്കുന്നുവെങ്കിൽ അതു വെട്ടി നിന്നിൽനിന്ന് ദൂരെയെറിയുക.”
ആളുകൾ തങ്ങളുടെ ജീവൻ രക്ഷിക്കാൻ രോഗബാധിതമായ ഒരു അക്ഷരീയ അവയവത്തെ ബലിചെയ്യാൻ മിക്കപ്പോഴും സന്നദ്ധരാണ്. എന്നാൽ യേശു പറയുന്നതനുസരിച്ച് അധാർമ്മികചിന്തയും പ്രവർത്തനങ്ങളും ഒഴിവാക്കാൻ എന്തിനെയും, ഒരു കണ്ണോ കൈയോ പോലെ വിലയുള്ളതിനെപ്പോലും ‘എറിഞ്ഞുകളയുന്നത്’ അതിനെക്കാൾ ജീവൽപ്രധാനമാണ്. അതല്ലെങ്കിൽ അങ്ങനെയുള്ളവർ ഗീഹെന്നായിലേക്ക് (യരുശലേമിനടുത്തുള്ള എരിയുന്ന ഒരു ചവററുകൂന) എറിയപ്പെടുമെന്ന് യേശു വിശദീകരിക്കുന്നു, അത് നിത്യനാശത്തെ പ്രതീകപ്പെടുത്തുന്നു.
ദ്രോഹവും ഇടർച്ചയും വരുത്തിക്കൂട്ടുന്നവരോട് എങ്ങനെ ഇടപെടാമെന്നും യേശു ചർച്ച ചെയ്യുന്നു. “ദുഷ്ടനായവനോട് എതിർക്കരുത്, എന്നാൽ നിന്റെ വലത്തെ ചെകിട്ടത്ത് തട്ടുന്ന ആർക്കും മറേറതുംകൂടെ കാണിച്ചുകൊടുക്കുക” എന്നതായിരുന്നു അവന്റെ ഉപദേശം. ആക്രമിക്കപ്പെടുന്നുവെങ്കിൽ തന്നേത്തന്നെയും കുടുംബത്തെയും സംരക്ഷിക്കരുതെന്ന് യേശു അർത്ഥമാക്കുന്നില്ല. ഒരു തട്ട് ശാരീരികമായി ഉപദ്രവിക്കുന്നതിനല്ല, പിന്നെയോ അവഹേളിക്കുന്നതിനാണ്. അതുകൊണ്ട് ആരെങ്കിലും തുറന്ന കൈകൊണ്ട് അക്ഷരീയമായി തട്ടിക്കൊണ്ടോ കുത്തുവാക്കുകളുപയോഗിച്ചുകൊണ്ടോ ഒരു ശണ്ഠയോ വാദമോ ഇളക്കിവിടാൻ ശ്രമിക്കുന്നുവെങ്കിൽ പകരംവീട്ടാൻ ശ്രമിക്കുന്നത് തെററാണെന്നാണ് യേശു പറയുന്നത്.
ഒരുവന്റെ അയൽക്കാരനെ സ്നേഹിക്കണമെന്നുള്ള ദൈവനിയമത്തിലേക്ക് ശ്രദ്ധ തിരിച്ച ശേഷം യേശു പ്രസ്താവിക്കുന്നു: “എന്നിരുന്നാലും ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുന്നതിലും നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലും തുടരുക.” അങ്ങനെ ചെയ്യുന്നതിനുള്ള ഒരു ശക്തമായ കാരണം നൽകിക്കൊണ്ട് അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “[അങ്ങനെ] നിങ്ങൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ പുത്രൻമാരാണെന്ന് നിങ്ങളേത്തന്നെ തെളിയിക്കുക, എന്തുകൊണ്ടെന്നാൽ അവൻ ദുഷ്ടജനങ്ങളുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുന്നു.”
യേശു തന്റെ പ്രഭാഷണത്തിന്റെ ഈ ഭാഗം ഇങ്ങനെ ബുദ്ധിയുപദേശിച്ചുകൊണ്ട് ഉപസംഹരിക്കുന്നു: “അതനുസരിച്ച് നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് പൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങൾ പൂർണ്ണരായിരിക്കണം.” സമ്പൂർണ്ണമായ അർത്ഥത്തിൽ ആളുകൾക്ക് പൂർണ്ണരായിരിക്കാമെന്ന് യേശു അർത്ഥമാക്കുന്നില്ല. എന്നാൽ ദൈവത്തെ അനുകരിക്കുന്നതിനാൽ അവർക്ക് തങ്ങളുടെ ശത്രുക്കളെപ്പോലും ഉൾപ്പെടുത്താൻതക്കവണ്ണം തങ്ങളുടെ സ്നേഹത്തെ വികസിപ്പിക്കാൻകഴിയും. ലൂക്കോസിന്റെ സമാന്തരവിവരണം യേശുവിന്റെ വാക്കുകളെ ഇങ്ങനെ രേഖപ്പെടുത്തുന്നു: “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ കരുണയുള്ളവരായിത്തീരുന്നതിൽ തുടരുക.” മത്തായി 5:17-48; ലൂക്കോസ് 6:36.
◆ യേശു ദൈവത്തിന്റെ ന്യായപ്രമാണത്തോട് എങ്ങനെ സമുന്നതമായ ആദരവു കാട്ടി?
◆ കൊലപാതകത്തിന്റെയും വ്യഭിചാരത്തിന്റെയും കാരണങ്ങളെ പിഴുതുമാററുന്നതിന് യേശു എന്തു പ്രബോധനം കൊടുത്തു?
◆ മറെറ ചെകിട് കാണിച്ചുകൊടുക്കുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ യേശു എന്തർത്ഥമാക്കി?
◆ ദൈവം പൂർണ്ണനായിരിക്കുന്നതുപോലെ നമുക്ക് എങ്ങനെ പൂർണ്ണരായിരിക്കാം? (w86 10/15)