യേശുവിന്റെ ജീവിതവും ശുശ്രൂഷയും
കരുണയെ സംബന്ധിച്ച ഒരു പാഠം
യേശു ഇപ്പോഴും അവൻ അടുത്ത കാലത്ത് വിധവയുടെ മകനെ ഉയർപ്പിച്ച നയീനിൽ ആയിരിക്കാം, അല്ലെങ്കിൽ അവൻ അടുത്തുള്ള ഒരു നഗരം സന്ദർശിക്കയായിരിക്കാം. ശിമോൻ എന്നു പേരുള്ള ഒരു പരീശൻ അത്തരം അസാധാരണമായ പ്രവൃത്തികൾ ചെയ്യുന്ന ആളെ അടുത്തു കാണാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് അവൻ തന്നോടൊത്ത് ഒരു ഭക്ഷണത്തിന് യേശുവിനെ ക്ഷണിക്കുന്നു.
യേശു നികുതിപിരിവുകാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതിനുള്ള ക്ഷണങ്ങളെ സ്വീകരിച്ചിട്ടുള്ളതുപോലെതന്നേ ഈ സന്ദർഭം ഹാജരാകുന്നവർക്ക് സാക്ഷ്യം നൽകുന്നതിനുള്ള ഒരു അവസരമായിരിക്കുമെന്നുള്ള വീക്ഷണത്തിൽ അവൻ ക്ഷണം സ്വീകരിക്കുന്നു. എന്നിട്ടും, അവൻ ശിമോന്റെ ഭവനത്തിൽ പ്രവേശിക്കുമ്പോൾ സാധാരണയായി അതിഥികൾക്കു കൊടുക്കപ്പെടുന്ന ആത്മാർത്ഥമായ ശുശ്രൂഷ അവനു ലഭിക്കുന്നില്ല.
ഗലീലയിലെ പൊടിനിറഞ്ഞ റോഡിൽകൂടെ സഞ്ചരിച്ചതിനാൽ ചെരുപ്പു ധരിച്ചിരുന്ന കാൽപാദങ്ങൾ ചൂടുപിടിച്ചും പൊടിപിടിച്ചും ഇരിക്കുന്നു. അതിഥികളുടെ കാൽപാദങ്ങൾ തണുത്ത വെള്ളംകൊണ്ട് കഴുകുന്നത് ആതിഥ്യത്തിന്റെ ഒരു ആചാരപരമായ പ്രവൃത്തിയാണ്. എന്നാൽ യേശു എത്തിച്ചേരുമ്പോൾ അവന്റെ കാലുകൾ ആരും കഴുകുന്നില്ല. സാധാരണ ഉപചാരമായിരിക്കുന്ന ഒരു സ്വാഗതചുംബനവും അവനു ലഭിക്കുന്നില്ല. ആചാരപരമായ ആതിഥ്യത്തിന്റെ തൈലവും അവന്റെ തലമുടിയിൽ പൂശുന്നില്ല.
ഭക്ഷണവേളയിൽ അതിഥികൾ മേശയിങ്കൽ ചാരിക്കിടക്കുമ്പോൾ ക്ഷണിക്കപ്പെടാത്ത ഒരു സ്ത്രീ സാവകാശം മുറിയിൽ പ്രവേശിക്കുന്നു. അവൾ നഗരത്തിൽ ഒരു അധാർമ്മികജീവിതം നയിക്കുന്നവളായി അറിയപ്പെടുന്നു. സാധ്യതയനുസരിച്ച് അവൾ, ‘ഭാരം ചുമക്കുന്ന ഏവരും ആശ്വാസത്തിനായി തന്റെ അടുക്കൽ വരുന്നതിനു’ള്ള അവന്റെ ക്ഷണം ഉൾപ്പെടെ യേശുവിന്റെ ഉപദേശങ്ങൾ കേട്ടിട്ടുണ്ട്. അവൾ കണ്ടതും കേട്ടതുമായ കാര്യങ്ങളാൽ ആഴമായി പ്രചോദിപ്പിക്കപ്പെട്ട് ഇപ്പോൾ യേശുവിനെ തേടിപ്പിടിച്ചിരിക്കുന്നു.
ആ സ്ത്രീ മേശയിങ്കൽ യേശുവിന്റെ പിമ്പിൽ വന്ന് അവന്റെ കാൽക്കൽ മുട്ടുകുത്തുന്നു. അവളുടെ കണ്ണുനീർ അവന്റെ കാലിൽ വീഴുമ്പോൾ അവൾ തന്റെ തലമുടികൊണ്ട് തുടയ്ക്കുന്നു. അവൾ തന്റെ ഭരണിയിൽനിന്ന് സുഗന്ധതൈലം എടുക്കുന്നു, അവൾ അവന്റെ കാലുകൾ വാൽസല്യത്തോടെ ചുംബിക്കുകയും തൈലം അവമേൽ ഒഴിക്കുകയും ചെയ്യുന്നു. ശിമോൻ അംഗീകരിക്കാനാവാതെ വീക്ഷിക്കുന്നു. “ഈ മനുഷ്യൻ ഒരു പ്രവാചകനായിരുന്നെങ്കിൽ, ഇവൻ തന്നെ തൊടുന്നത് ആരാണെന്നും അവൾ ഏതു തരത്തിലുള്ള ഒരു സ്ത്രീയാണെന്നും അവൾ ഒരു പാപിയാണെന്നും അറിയുമായിരുന്നു” എന്ന് ന്യായവാദം ചെയ്യുന്നു.
അവന്റെ വിചാരം ഗ്രഹിച്ചുകൊണ്ട് യേശു ഇങ്ങനെ പറയുന്നു: “ശിമോനേ എനിക്കു നിന്നോടു ചിലതു പറയാനുണ്ട്.”
“ഗുരോ, പറഞ്ഞാലും!” അവൻ പ്രതിവചിക്കുന്നു.
“രണ്ടു പുരുഷൻമാർ വായ്പകൊടുക്കുന്ന ഒരാളുടെ കടക്കാരായിരുന്നു,” യേശു പറഞ്ഞുതുടങ്ങുന്നു. “ഒരുവൻ അഞ്ഞൂറു ദിനാറും മറെറയാൾ അൻപതും കടപ്പെട്ടിരുന്നു. അവർക്ക് കടം വീട്ടിത്തീർക്കാൻ ഒന്നുമില്ലാതിരുന്നപ്പോൾ അയാൾ അവർ രണ്ടുപേരോടും സൗജന്യമായി ക്ഷമിച്ചു. അതുകൊണ്ട്, അവരിൽ ആർ അവനെ അധികം സ്നേഹിക്കും?”
ചോദ്യത്തേസംബന്ധിച്ച് തോന്നിയ അപ്രസക്തിനിമിത്തം ഒരുപക്ഷേ അലസതാഭാവത്തോടെ ശിമോൻ ഇപ്രകാരം പറയുന്നു: “അയാൾ സൗജന്യമായി അധികം ഇളച്ചുകൊടുത്തയാളായിരിക്കുമെന്ന് ഞാൻ ഊഹിക്കുന്നു.”
“നീ ശരിയായി വിധിച്ചു,” യേശു പറയുന്നു. പിന്നീട് സ്ത്രീയുടെ നേരേ തിരിഞ്ഞ് അവൻ ശിമോനോട് പറയുന്നു: “നീ ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ ഭവനത്തിൽ വന്നു; നീ കാലിന് വെള്ളം തന്നില്ല. എന്നാൽ ഈ സ്ത്രീ തന്റെ കണ്ണുനീർകൊണ്ട് എന്റെ കാൽപാദങ്ങൾ നനച്ച് തലമുടികൊണ്ട് തുടച്ചു. നീ എനിക്ക് ചുംബനം തന്നില്ല; എന്നാൽ ഈ സ്ത്രീ ഞാൻ വന്നുകയറിയ നാഴികമുതൽ എന്റെ കാലുകളെ വാൽസല്യപൂർവം ചുംബിക്കാതിരുന്നില്ല. നീ എന്റെ തലയിൽ തൈലം പൂശിയില്ല; എന്നാൽ ഈ സ്ത്രീ എന്റെ കാൽപാദങ്ങളിൽ സുഗന്ധതൈലം പൂശി.”
ആ സ്ത്രീ അപ്രകാരം അവളുടെ കഴിഞ്ഞകാല അധാർമ്മികഗതിസംബന്ധിച്ച ഹൃദയപൂർവകമായ അനുതാപത്തിന്റെ തെളിവു നൽകി. അതുകൊണ്ട് യേശു ഇപ്രകാരം ഉപസംഹരിപ്പിക്കുന്നു: “ഈ കാരണത്താൽ, ഞാൻ നിന്നോടു പറയുന്നു, അവളുടെ പാപങ്ങൾ, അനേകമെങ്കിലും മോചിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അവൾ അധികം സ്നേഹിച്ചു; എന്നാൽ അൽപ്പം മോചിച്ചുകിട്ടിയവൻ അൽപ്പം സ്നേഹിക്കുന്നു.”
യേശു ഒരു വിധത്തിലും അധാർമ്മികതക്ക് ഒഴികഴിവ് കാണുകയോ അതിനെ അംഗീകരിക്കുകയോ ചെയ്യുന്നില്ല. പകരം, ഈ സംഭവം, ജീവിതത്തിൽ തെററുചെയ്യുകയും പിന്നീട് അതിൽ ദുഃഖിക്കുന്നുവെന്ന് പ്രകടമാക്കുകയും ആശ്വാസത്തിനുവേണ്ടി ക്രിസ്തുവിലേക്കു വരികയും ചെയ്യുന്ന ആളുകളെ അവൻ അനുകമ്പയോടെ മനസ്സിലാക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു. ആ സ്ത്രീക്ക് യഥാർത്ഥ ആശ്വാസം പ്രദാനം ചെയ്തുകൊണ്ട് യേശു പറയുന്നു: “നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു. . . . നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ നിന്റെ വഴിക്കുപോക.” ലൂക്കോസ് 7:36-50; മത്തായി 11:28-30.
◆ യേശുവിനെ തന്റെ ആതിഥേയനായ ശിമോൻ സ്വീകരിച്ചതെങ്ങനെയാണ്?
◆ ആർ യേശുവിനെ തേടിപ്പിടിക്കുന്നു, എന്തിന്?
◆ യേശു ഏതു ദൃഷ്ടാന്തം നൽകുന്നു, അവൻ അത് എപ്രകാരം ബാധകമാക്കുന്നു? (w87 2/1)