അധ്യായം 40
ക്ഷമയെക്കുറിച്ചുള്ള ഒരു പാഠം
പാപിനിയായ ഒരു സ്ത്രീ യേശുവിന്റെ പാദങ്ങളിൽ സുഗന്ധതൈലം ഒഴിക്കുന്നു
കടം വാങ്ങിയ ഒരാളുടെ ദൃഷ്ടാന്തം ഉപയോഗിച്ച് ക്ഷമയെക്കുറിച്ച് വിശദീകരിക്കുന്നു
യേശു പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങളോട് ആളുകൾ വ്യത്യസ്തരീതിയിലാണു പ്രതികരിക്കുന്നത്. കാരണം ഓരോരുത്തരുടെയും ഹൃദയനില വ്യത്യസ്തമാണല്ലോ. ഗലീലയിലെ ഒരു വീട്ടിൽവെച്ച് അതു വ്യക്തമാകുന്നു. ശിമോൻ എന്നു പേരുള്ള ഒരു പരീശൻ യേശുവിനെ ആഹാരത്തിനു ക്ഷണിക്കുന്നു. ഇത്രയെല്ലാം അത്ഭുതങ്ങൾ ചെയ്യുന്ന ആളെ ഒന്ന് അടുത്ത് കാണാമല്ലോ എന്നായിരിക്കാം അയാൾ ചിന്തിക്കുന്നത്. അവിടെ കൂടിവരുന്നവരോടു പ്രസംഗിക്കാമല്ലോ എന്നു യേശുവും കരുതിക്കാണും. മുമ്പും യേശു ഇതുപോലെ നികുതിപിരിവുകാരുടെയും പാപികളുടെയും കൂടെ ആഹാരം കഴിക്കാനുള്ള ക്ഷണം സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ അതിഥികൾക്കു സാധാരണ കിട്ടുന്ന ആ സ്വീകരണമൊന്നും യേശുവിനു കിട്ടുന്നില്ല. പലസ്തീനിലെ പൊടി നിറഞ്ഞ വഴികളിലൂടെ വെറും ചെരിപ്പും ഇട്ട് നടക്കുമ്പോൾ കാലിലെല്ലാം പൊടിയാകും. പാദങ്ങൾ ചുട്ടുപൊള്ളും. അതുകൊണ്ടുതന്നെ തണുത്ത വെള്ളത്തിൽ അതിഥിയുടെ കാൽ കഴുകുന്ന ഒരു പതിവ് അവിടെയുണ്ട്. അത് ആതിഥ്യം കാണിക്കുന്നതിന്റെ ഭാഗമാണ്. പക്ഷേ യേശുവിന്റെ കാര്യത്തിൽ ആരും അതു ചെയ്യുന്നില്ല. ചുംബനം നൽകി അതിഥിയെ സ്വീകരിക്കുന്ന രീതിയും അവിടെയുണ്ട്. പക്ഷേ യേശുവിന് അതും കിട്ടുന്നില്ല. ഇനി, ദയയുടെയും ആതിഥ്യത്തിന്റെയും ഭാഗമായി അതിഥിയുടെ തലയിൽ അൽപ്പം തൈലം ഒഴിക്കുന്ന ആചാരവുമുണ്ട്. യേശുവിന്റെ കാര്യത്തിൽ അതുമില്ല. യേശുവിനു കിട്ടുന്ന സ്വീകരണം എങ്ങനെയുള്ളതാണെന്നു കണ്ടോ?
ഭക്ഷണസമയമായി. അതിഥികൾ മേശയ്ക്കൽ ചാരിക്കിടക്കുകയാണ്. അവർ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അതാ, ആരും ക്ഷണിക്കാതെ ഒരു സ്ത്രീ അവിടെ കയറിവരുന്നു. ‘പാപിനിയായിട്ടാണ് അവർ നഗരത്തിൽ അറിയപ്പെട്ടിരുന്നത്.’ (ലൂക്കോസ് 7:37) അപൂർണമനുഷ്യരെല്ലാം പാപികളാണ്. പക്ഷേ ഈ സ്ത്രീ അസാന്മാർഗികജീവിതം നയിക്കുന്നവളാണെന്നു തോന്നുന്നു. ഒരുപക്ഷേ വേശ്യയായിരിക്കാം. യേശു പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചും ‘ഭാരങ്ങൾ ചുമന്ന് വലയുന്നവരോട് ഉന്മേഷം കിട്ടാൻ യേശുവിന്റെ അടുത്ത് വരാൻ’ പറഞ്ഞതിനെക്കുറിച്ചും അവർ കേട്ടിരിക്കാം. (മത്തായി 11:28, 29) യേശുവിന്റെ വാക്കുകളും പ്രവൃത്തികളും ആ സ്ത്രീയുടെ ഹൃദയത്തെ സ്പർശിച്ചിരിക്കണം. അങ്ങനെ യേശുവിനെ അന്വേഷിച്ച് വന്നതാണ് അവർ.
അവർ മേശയുടെ അടുത്ത് വന്ന് യേശുവിന്റെ പുറകിലായി കാൽക്കൽ മുട്ടുകുത്തുന്നു. അവരുടെ കണ്ണിൽനിന്ന് കണ്ണീർ ഒഴുകുന്നുണ്ട്. അതു യേശുവിന്റെ കാലിൽ വീഴുമ്പോൾ തന്റെ തലമുടികൊണ്ട് ആ സ്ത്രീ അതു തുടയ്ക്കുന്നു. എന്നിട്ട് യേശുവിന്റെ പാദങ്ങളിൽ ആർദ്രമായി ചുംബിച്ച് അവയിൽ താൻ കൊണ്ടുവന്ന സുഗന്ധതൈലം ഒഴിക്കുന്നു. ശിമോന് പക്ഷേ ഇതൊന്നും തീരെ ഇഷ്ടമാകുന്നില്ല. “ഈ മനുഷ്യൻ ശരിക്കും ഒരു പ്രവാചകനായിരുന്നെങ്കിൽ തന്നെ തൊടുന്നത് ആരാണെന്നും എങ്ങനെയുള്ളവളെന്നും മനസ്സിലാക്കിയേനേ. ഇവൾ പാപിനിയായ സ്ത്രീയല്ലേ” എന്ന് അയാൾ മനസ്സിൽ പറയുന്നു.—ലൂക്കോസ് 7:39.
ശിമോന്റെ ഉള്ളിലിരുപ്പ് മനസ്സിലാക്കിയിട്ട് യേശു പറയുന്നു: “ശിമോനേ, എനിക്ക് ഒരു കാര്യം പറയാനുണ്ട്.” അപ്പോൾ അയാൾ, “ഗുരുവേ, പറഞ്ഞാലും” എന്നു പറയുന്നു. യേശു തുടരുന്നു: “പണം കടം കൊടുക്കുന്ന ഒരാളിൽനിന്ന് രണ്ടു പേർ കടം വാങ്ങി. ഒരാൾ 500 ദിനാറെയും മറ്റേയാൾ 50-ഉം ആണ് വാങ്ങിയത്. അതു തിരിച്ചുകൊടുക്കാൻ അവർക്ക് ഒരു നിവൃത്തിയുമില്ലായിരുന്നതുകൊണ്ട് അയാൾ രണ്ടു പേരോടും നിരുപാധികം ക്ഷമിച്ചു. അവരിൽ ആരായിരിക്കും അയാളെ കൂടുതൽ സ്നേഹിക്കുക?” ഒരുപക്ഷേ അത്ര വലിയ താത്പര്യമൊന്നും ഇല്ലാത്ത മട്ടിൽ ശിമോൻ പറയുന്നു: “കൂടുതൽ ക്ഷമിച്ചത് ആരോടാണോ അയാളായിരിക്കുമെന്നു തോന്നുന്നു.”—ലൂക്കോസ് 7:40-43.
യേശു അതിനോടു യോജിക്കുന്നു. എന്നിട്ട് ആ സ്ത്രീയെ നോക്കിക്കൊണ്ട് ശിമോനോടു പറയുന്നു: “നീ ഈ സ്ത്രീയെ കണ്ടില്ലേ? ഞാൻ നിന്റെ വീട്ടിൽ വന്നപ്പോൾ നീ എന്റെ കാൽ കഴുകാൻ വെള്ളം തന്നില്ല. എന്നാൽ ഇവൾ ഇവളുടെ കണ്ണീരുകൊണ്ട് എന്റെ കാലുകൾ നനച്ച് തലമുടികൊണ്ട് തുടച്ചു. നീ എന്നെ ചുംബിച്ചില്ല. ഇവളോ, ഞാൻ അകത്ത് വന്നപ്പോൾമുതൽ എന്റെ പാദങ്ങളിൽ ചുംബിക്കുന്നു. നീ എന്റെ തലയിൽ തൈലം ഒഴിച്ചില്ല. ഇവളോ, എന്റെ പാദങ്ങളിൽ സുഗന്ധതൈലം ഒഴിച്ചു.” അസാന്മാർഗികജീവിതം നയിച്ചിരുന്ന ഈ സ്ത്രീ മാനസാന്തരത്തിന്റെ തെളിവ് നൽകുന്നത് യേശുവിനു കാണാൻ കഴിഞ്ഞു. അതുകൊണ്ട്, യേശു പറയുന്നു: “അവളുടെ പാപങ്ങൾ വളരെയധികമാണെങ്കിലും അതെല്ലാം ക്ഷമിച്ചിരിക്കുന്നു. അതിനാൽ അവൾ കൂടുതൽ സ്നേഹം കാണിക്കുന്നു. എന്നാൽ കുറച്ച് ക്ഷമിച്ചുകിട്ടിയവൻ കുറച്ച് സ്നേഹിക്കുന്നു.”—ലൂക്കോസ് 7:44-47.
യേശു അധാർമികതയുടെ നേരെ കണ്ണടയ്ക്കുകയല്ല. പകരം വലിയവലിയ പാപങ്ങൾ ചെയ്തിരുന്നവർ പശ്ചാത്തപിച്ച് ആശ്വാസത്തിനായി ക്രിസ്തുവിലേക്കു നോക്കുമ്പോൾ യേശു അവരോട് അനുകമ്പ കാണിക്കുകയാണ്. അവരുടെ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കുകയാണ്. “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു . . . നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പൊയ്ക്കൊള്ളൂ” എന്നു കേട്ടപ്പോൾ ആ സ്ത്രീക്ക് എത്ര ആശ്വാസം തോന്നിക്കാണും!—ലൂക്കോസ് 7:48, 50.