വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യേശുവിന്റെ അമ്മയായിത്തീർന്ന മറിയ തന്റെ ബന്ധുവായ എലിസബെത്തിനെ സന്ദർശിക്കാൻ പോയ സമയത്തു ഗർഭിണിയായിരുന്നോ?
അതേ, തെളിവനുസരിച്ച് അവൾ ഗർഭിണിയായിരുന്നു.
ലൂക്കൊസ് 1-ാം അധ്യായത്തിൽ, പുരോഹിതനായ സെഖര്യാവിന്റെ ഭാര്യയായ, (സ്നാപക) യോഹന്നാനെ പ്രസവിച്ച, എലിസബെത്തിന്റെ ഗർഭധാരണത്തെക്കുറിച്ചു നാം ആദ്യം വായിക്കുന്നു. എലിസബെത്തിന് “ആറാം മാസ”മായിരിക്കുമ്പോൾ “ഗബ്രീയേൽദൂതൻ” മറിയയെ സന്ദർശിച്ച് അവൾ ഗർഭം ധരിച്ച് “അത്യുന്നതന്റെ പുത്ര”നെ പ്രസവിക്കുമെന്ന് അറിയിച്ചു. (ലൂക്കൊസ് 1:26, 30-33) എന്നാൽ മറിയ എപ്പോഴാണു ഗർഭവതിയായത്?
അതിനുശേഷം മറിയ, ഗർഭിണിയായ തന്റെ ബന്ധു എലിസബെത്തിനെ സന്ദർശിക്കാൻ യഹൂദയിലേക്കു യാത്രയായി എന്നു ലൂക്കോസിന്റെ വിവരണം തുടർന്നു പറയുന്നു. രണ്ടു സ്ത്രീകളും കണ്ടുമുട്ടിയപ്പോൾ എലിസബെത്തിന്റെ ഉദരത്തിലെ ഗർഭസ്ഥശിശു (യോഹന്നാൻ) തുള്ളിച്ചാടി. എലിസബെത്ത് ‘മറിയയുടെ ഗർഭഫല’ത്തെ പരാമർശിക്കുകയും മറിയയെ “കർത്താവിന്റെ മാതാവു” എന്നു വിളിക്കുകയും ചെയ്തു. (ലൂക്കൊസ് 1:39-44) അതുകൊണ്ടു മറിയ അതിനോടകം ഗർഭവതിയായിരുന്നു, അതായത് എലിസബെത്തിനെ കാണാൻപോയ നേരം അവൾ ഗർഭിണിയായിരുന്നു എന്നതാണു യുക്തിപൂർവകമായ നിഗമനം.
ലൂക്കൊസ് 1:56 ഇപ്രകാരം വായിക്കുന്നു: “മറിയ ഏകദേശം മൂന്നു മാസം അവളോടുകൂടെ പാർത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.” കൃത്യമായ കലണ്ടർ തീയതി ലഭിക്കാൻതക്കവണ്ണം ഈ വാക്യം തിട്ടമായ കണക്കു തരുന്നില്ല. “ഏകദേശം മൂന്നു മാസം” എന്ന് അതു പറയുന്നു, അതായത് എലിസബെത്ത് ഗർഭിണിയായിട്ട് ഒമ്പതാം മാസമെന്നർഥം.
ഗർഭകാലഘട്ടത്തിന്റെ രണ്ടാം പകുതിയിൽ എലിസബെത്തിനു സഹായമായിരുന്ന മറിയ നസ്രത്തിലെ തന്റെ ഭവനത്തിലേക്കു മടങ്ങി. എലിസബെത്ത് (യോഹന്നാനെ) പ്രസവിച്ചുകഴിഞ്ഞാൽപ്പിന്നെ അനേകം സന്ദർശകർ എത്തിക്കോളും, അവരിൽ ചിലർ ബന്ധുക്കൾപോലുമാവാം എന്നൊക്കെ ഒരുപക്ഷേ മറിയ വിചാരിച്ചിരിക്കാം. വിവാഹിതയല്ലാത്ത, അതേസമയം ഗർഭിണിയുമായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അതു ജാള്യതക്കു കാരണമാകുമായിരുന്നു. അവൾ നസ്രത്തിലേക്കു പുറപ്പെട്ടപ്പോൾ അവളുടെ ഗർഭധാരണത്തിന്റെ ദൈർഘ്യം എന്തായിരുന്നു? അവൾ എലിസബെത്തിനോടുകൂടെ “ഏകദേശം മൂന്നു മാസം” ഉണ്ടായിരുന്നതുകൊണ്ട്, മറിയ നസ്രത്തിലേക്കു മടങ്ങിയപ്പോൾ അവൾ തന്റെ ഗർഭകാലത്തിന്റെ മൂന്നാം മാസത്തിന്റെ ഒടുവിലോ നാലാം മാസത്തിന്റെ ആരംഭത്തിലോ ആയിരുന്നിരിക്കാം.