അധ്യായം 44
യേശു കടലിൽ ഒരു കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു
മത്തായി 8:18, 23-27; മർക്കോസ് 4:35-41; ലൂക്കോസ് 8:22-25
ഗലീല കടലിലെ ഒരു കൊടുങ്കാറ്റിനെ യേശു ശാന്തമാക്കുന്നു
വളരെ തിരക്കുള്ള, ക്ഷീണിപ്പിക്കുന്ന ഒരു ദിവസമായിരുന്നു യേശുവിന് അത്. വൈകുന്നേരമായപ്പോൾ യേശു ശിഷ്യന്മാരോട് “നമുക്ക് അക്കരയ്ക്കു പോകാം” എന്നു പറയുന്നു. അതായത് കഫർന്നഹൂം പ്രദേശത്തുനിന്ന് അക്കരയ്ക്കു പോകാമെന്നാണു യേശു പറയുന്നത്.—മർക്കോസ് 4:35.
ഗലീലക്കടലിന്റെ കിഴക്കൻ തീരത്താണ് ഗരസേന്യ പ്രദേശം. ഈ പ്രദേശത്തിന് ദക്കപ്പൊലി എന്നും പേരുണ്ട്. അവിടെ ധാരാളം ജൂതന്മാർ താമസിക്കുന്നുണ്ടെങ്കിലും ദക്കപ്പൊലി നഗരങ്ങൾ ഗ്രീക്ക് സംസ്കാരത്തിന്റെ കേന്ദ്രമാണ്.
യേശു കഫർന്നഹൂമിൽനിന്ന് പോകുന്നതു പലരും ശ്രദ്ധിച്ചു. അക്കരയ്ക്കു പോകാൻതുടങ്ങുന്ന വേറെയും വള്ളങ്ങളുണ്ട് അവിടെ. (മർക്കോസ് 4:36) വാസ്തവത്തിൽ അങ്ങോട്ട് വലിയ ദൂരമൊന്നും ഇല്ല. ഗലീല കടൽ വലിയ ഒരു ശുദ്ധജല തടാകംപോലെയേ ഉള്ളൂ. ഏതാണ്ട് 21 കിലോമീറ്റർ നീളവും കൂടിയാൽ 12 കിലോമീറ്റർ വീതിയും ഉണ്ട് അതിന്. പക്ഷേ സാമാന്യം ആഴമുണ്ട്.
പൂർണമനുഷ്യനാണെങ്കിലും ശുശ്രൂഷയിൽ വളരെയധികം ചെയ്തതുകൊണ്ട് യേശുവിനു നല്ല ക്ഷീണമുണ്ട്. അതുകൊണ്ട് അവർ യാത്ര പുറപ്പെട്ടതോടെ യേശു വള്ളത്തിന്റെ പിൻഭാഗത്ത് ഒരു തലയണയിൽ തലവെച്ച് നല്ല ഉറക്കമാണ്.
അപ്പോസ്തലന്മാരിൽ പലർക്കും വള്ളം തുഴയുന്നതിൽ നല്ല പരിചയമുണ്ട്. പക്ഷേ അവരുടെ ഈ യാത്ര അത്ര എളുപ്പമായിരിക്കില്ല. ചുറ്റും മലകളുള്ള ഗലീലക്കടലിന്റെ ഉപരിതലത്തിൽ മിക്കപ്പോഴും നല്ല ചൂടാണ്. ചിലപ്പോൾ മലകളിൽനിന്നുള്ള തണുത്ത കാറ്റ് താഴേക്ക് ആഞ്ഞുവീശും. അതു ജലോപരിതലത്തിലെ ചൂടുമായി ചേരുമ്പോൾ പെട്ടെന്ന് കടലിൽ കൊടുങ്കാറ്റ് ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. തിരമാലകൾ വള്ളത്തിന്റെ വശങ്ങളിൽ ആഞ്ഞടിക്കുന്നു. ‘വള്ളത്തിൽ വെള്ളം കയറിത്തുടങ്ങി, വള്ളം മുങ്ങുമെന്നാകുന്നു.’ (ലൂക്കോസ് 8:23) പക്ഷേ, യേശു ഇതൊന്നും അറിയാതെ നല്ല ഉറക്കമാണ്!
മുമ്പ് കൊടുങ്കാറ്റുകളുണ്ടായപ്പോൾ ചെയ്തിട്ടുള്ളതുപോലെ ഇപ്പോഴും വള്ളം തുഴയാൻ അവർ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പക്ഷേ ഒന്നും വിജയിക്കുന്നില്ല. തങ്ങളുടെ ജീവൻതന്നെ അപകടത്തിലാണെന്നു തോന്നിയപ്പോൾ അവർ യേശുവിനെ വിളിച്ചുണർത്തി ഇങ്ങനെ പറയുന്നു: “കർത്താവേ, രക്ഷിക്കേണമേ; ഇല്ലെങ്കിൽ നമ്മൾ ഇപ്പോൾ മരിക്കും.” (മത്തായി 8:25) തങ്ങൾ മുങ്ങിച്ചാകുമെന്നുതന്നെ ആ ശിഷ്യന്മാർ പേടിക്കുന്നു!
ഉറക്കത്തിൽനിന്ന് എഴുന്നേറ്റ യേശു അപ്പോസ്തലന്മാരോടു ചോദിക്കുന്നു: “നിങ്ങൾക്ക് ഇത്ര വിശ്വാസമേ ഉള്ളോ? എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്?” (മത്തായി 8:26) എന്നിട്ട് കാറ്റിനോടും കടലിനോടും യേശു ഇങ്ങനെ കല്പിക്കുന്നു: “അടങ്ങൂ! ശാന്തമാകൂ!” (മർക്കോസ് 4:39) ഉഗ്രമായ കാറ്റ് ശമിക്കുന്നു. കടൽ ശാന്തമാകുന്നു. (ശ്രദ്ധേയമായ ഈ സംഭവത്തെക്കുറിച്ചുള്ള മർക്കോസിന്റെയും ലൂക്കോസിന്റെയും വിവരണത്തിൽ യേശു അത്ഭുതകരമായി കാറ്റിനെ ശാന്തമാക്കിയ കാര്യം പറഞ്ഞിട്ടാണ് ശിഷ്യന്മാരുടെ വിശ്വാസമില്ലായ്മയെക്കുറിച്ച് പറയുന്നത്.)
ഈ സംഭവം കണ്ടപ്പോൾ ശിഷ്യന്മാർക്ക് എന്തു തോന്നിയിരിക്കുമെന്ന് ഒന്ന് ഓർത്തു നോക്കിയേ! ഉഗ്രമായ കാറ്റ് ആഞ്ഞുവീശിയിരുന്ന കടലാണ് ഒറ്റ നിമിഷംകൊണ്ട് ശാന്തമായത്! ഒരു വല്ലാത്ത പേടി അവരെ പിടികൂടുന്നു. അവർ തമ്മിൽത്തമ്മിൽ പറയുന്നു: “ശരിക്കും ഇത് ആരാണ്? കാറ്റും കടലും പോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ.” അങ്ങനെ അവർ സുരക്ഷിതമായി കടലിന്റെ മറുകരയിൽ എത്തുന്നു. (മർക്കോസ് 4:41–5:1) ഒരുപക്ഷേ കടലിൽ ഇറക്കിയ മറ്റു വള്ളങ്ങൾക്ക് സുരക്ഷിതമായി പടിഞ്ഞാറെ തീരത്ത് മടങ്ങിച്ചെല്ലാനും കഴിയുന്നു.
ദൈവപുത്രനു കാലാവസ്ഥയുടെ മേൽപ്പോലും അധികാരമുണ്ട് എന്ന് അറിയുന്നത് എത്ര ആശ്വാസമാണ്! യേശു രാജാവായി ഭരിക്കുന്ന സമയത്ത് മുഴുവൻ ശ്രദ്ധയും ഭൂമിയുടെ മേൽ കേന്ദ്രീകരിക്കുമ്പോൾ എല്ലാവരും സുരക്ഷിതരായി കഴിയും. പേടിപ്പെടുത്തുന്ന പ്രകൃതിവിപത്തുകളൊന്നും അന്ന് ഉണ്ടായിരിക്കില്ല!