യേശുവിന്റെ ജീവിതവും ശുശ്രൂഷയും
അവൾ അവന്റെ വസ്ത്രം തൊട്ടു
ദക്കപ്പോളിസിൽനിന്നുള്ള യേശുവിന്റെ മടങ്ങിവരവിന്റെ വാർത്ത കഫർന്നഹൂമിലെത്തുന്നു. അവനെ തിരികെ സ്വാഗതംചെയ്യാൻ ഒരു വലിയ ജനക്കൂട്ടം കടൽത്തീരത്ത് തടിച്ചുകൂടുന്നു. അവൻ കൊടുങ്കാററിനെ ശാന്തമാക്കുകയും ഭൂതബാധിതരായ മനുഷ്യരെ സുഖപ്പെടുത്തുകയും ചെയ്തതായി അവർ കേട്ടെന്നുള്ളതിനു സംശയമില്ല. ഇപ്പോൾ, അവൻ കരയിൽ കാലെടുത്തുകുത്തുമ്പോൾ അവർ ആകാംക്ഷയോടും പ്രതീക്ഷയോടുംകൂടെ അവന്റെ ചുററും കൂടുന്നു.
യേശുവിനെ കാണാൻ ആകാംക്ഷയുണ്ടായിരുന്നവരിൽ ഒരാൾ സിനഗോഗിലെ അദ്ധ്യക്ഷനായിരുന്ന യായിറോസാണ്. അയാൾ യേശുവിന്റെ പാദങ്ങളിൽവീണ് വീണ്ടുംവീണ്ടും യാചിക്കുന്നു: “എന്റെ കൊച്ചു മകൾ അതിഗുരുതരാവസ്ഥയിലാണ്. ദയവായി നീ വന്ന് അവൾ സുഖംപ്രാപിച്ചു ജീവിക്കേണ്ടതിന് നിന്റെ കൈകൾ അവളുടെമേൽ വെക്കുമോ.” അവൾ അയാളുടെ ഏക കുട്ടിയായതുകൊണ്ടും വെറും 12 വയസ്സുമാത്രമുള്ളതുകൊണ്ടും അവൾ യായിറോസിന് വിശേഷാൽ വിലപ്പെട്ടവളാണ്.
യേശു ചെവികൊടുക്കുകയും ജനക്കൂട്ടത്താൽ അനുഗതനായി യായിറോസിന്റെ വീട്ടിലേക്കു തിരിക്കുകയുംചെയ്യുന്നു. ജനം മറെറാരു അത്ഭുതം പ്രതീക്ഷിക്കുമ്പോഴത്തെ അവരുടെ ആവേശം നമുക്ക് ഊഹിക്കാൻ കഴിയും. എന്നാൽ ജനക്കൂട്ടത്തിലെ ഒരു സ്ത്രീയുടെ ശ്രദ്ധ അവളുടെ ഗുരുതരമായ സ്വന്തം പ്രശ്നത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
ഈ സ്ത്രീ 12 നീണ്ട വർഷം രക്തസ്രാവത്താൽ കഷ്ടപ്പെട്ടിരിക്കുന്നു. അവൾ ഒന്നിനുപിറകേ ഒന്നായി ഡോക്ടർമാരെ സമീപിക്കുകയും ചികിൽസകൾക്കായി അവളുടെ പണം മുഴുവൻ ചെലവഴിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ അവൾക്ക് സഹായം കിട്ടിയില്ല; എന്നാൽ പ്രശ്നം കൂടുതൽ വഷളാകുകയായിരുന്നു.
ഒരുപക്ഷേ നിങ്ങൾക്കു വിലമതിക്കാൻ കഴിയുന്നതുപോലെ, അവളുടെ രോഗം അവളെ വളരെയധികം ദുർബ്ബലയാക്കുന്നതിനു പുറമേ, അതു ബുദ്ധിമുട്ടിപ്പിക്കുന്നതും മാനം കെടുത്തുന്നതുമാണ്. അത്തരമൊരു വ്യാധിയെക്കുറിച്ച് ഒരാൾ സാധാരണയായി പരസ്യമായി സംസാരിക്കാറില്ല. കൂടാതെ, മോശൈകന്യായപ്രമാണപ്രകാരം ഒരു രക്തസ്രാവം ഒരു സ്ത്രീയെ അശുദ്ധയാക്കുന്നു. അവളെയോ അവളുടെ രക്തക്കറയുള്ള വസ്ത്രത്തെയോ തൊടുന്ന ഏതൊരാളും കഴുകേണ്ടതും സന്ധ്യവരെ അശുദ്ധനായിരിക്കേണ്ടതും ആവശ്യമായിരുന്നു.
ഈ സ്ത്രീ യേശുവിന്റെ അത്ഭുതങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്, ഇപ്പോൾ അവനെ അന്വേഷിച്ചു കണ്ടെത്തിയിരിക്കുന്നു. അവളുടെ അശുദ്ധിയുടെ വീക്ഷണത്തിൽ, അവൾ ജനക്കൂട്ടത്തിലൂടെ കഴിവതും മറഞ്ഞാണ് നീങ്ങുന്നത്. “ഞാൻ അവന്റെ ബാഹ്യവസ്ത്രങ്ങളിലെങ്കിലും തൊടുന്നുവെങ്കിൽ, ഞാൻ സുഖം പ്രാപിക്കും” എന്ന് അവൾ തന്നോടുതന്നെ പറയുന്നു. അവൾ തൊടുമ്പോൾ അവളുടെ രക്തസ്രാവം വററിയതായി പെട്ടെന്ന് അവൾക്ക് ബോധ്യംവരുന്നു!
“ആരായിരുന്നു എന്നെ തൊട്ടത്?” യേശുവിന്റെ ആ വാക്കുകൾ അവളെ എത്ര ഞെട്ടിച്ചിരിക്കും? അവന് എങ്ങനെ അറിയാൻകഴിഞ്ഞു: ‘ഗുരോ, ജനക്കൂട്ടങ്ങൾ നിന്നെ ഞെരുക്കുകയും അടുത്തു ഞെക്കുകയുമാണ്, “എന്നെ തൊട്ടതാർ?”എന്നു നീ പറയുന്നുവോ?’ എന്നു പറഞ്ഞുകൊണ്ട് പത്രോസ് പ്രതിഷേധിക്കുന്നു.
സ്ത്രീയെ ചുററും നോക്കിക്കൊണ്ട് യേശു വിശദീകരിക്കുന്നു: “ആരോ എന്നെ തൊട്ടു, എന്തെന്നാൽ എന്നിൽനിന്നു ശക്തി പുറപ്പെട്ടതായി ഞാൻ ഗ്രഹിച്ചു.” തീർച്ചയായും അത് സാധാരണ സ്പർശനമല്ല, എന്തെന്നാൽ തത്ഫലമായുണ്ടായ രോഗശാന്തി യേശുവിന്റെ ജീവശക്തി വലിച്ചെടുക്കുന്നു.
താൻ ശ്രദ്ധിക്കപ്പെടാതിരിക്കുന്നില്ല എന്ന് മനസ്സിലാക്കി ഭയന്നുവിറച്ചുകൊണ്ട് അവൾ വന്ന് യേശുവിന്റെ മുമ്പിൽ വീഴുന്നു. സകല ജനത്തിന്റെയും മുമ്പിൽവെച്ച് അവൾ തന്റെ രോഗത്തെ സംബന്ധിച്ച മുഴുസത്യവും ഇപ്പോൾ തനിക്ക് എങ്ങനെ സൗഖ്യംകിട്ടിയെന്നും പറയുന്നു.
അവളുടെ മുഴു ഏററുപറച്ചിലിനാലും വികാരഭരിതനായി യേശു സഹതാപപൂർവം അവളെ ആശ്വസിപ്പിക്കുന്നു: “മകളേ, നിന്റെ വിശ്വാസം നിനക്കു സൗഖ്യം വരുത്തിയിരിക്കുന്നു. സമാധാനത്തോടെ പോകുക, നിന്റെ ദുഃഖകരമായ രോഗം നീങ്ങി, നല്ല ആരോഗ്യത്തോടിരിക്കുക.” ഭൂമിയെ ഭരിക്കാൻ ദൈവം തെരഞ്ഞെടുത്തിരിക്കുന്നവൻ ഇത്ര സ്നേഹവും സഹതാപവുമുള്ളയാളാണെന്നറിയുന്നത് എത്ര നല്ലതാണ്, അവൻ ആളുകൾക്കുവേണ്ടി കരുതുന്നുവെന്നുമാത്രമല്ല, അവരെ സഹായിക്കാനുള്ള ശക്തിയുമവനുണ്ട്! മത്തായി 9:18-22; മർക്കോസ് 5:21-34; ലൂക്കോസ് 8:40-48; ലേവ്യപുസ്തകം 15:25-27.
◆ യായിറോസ് ആരാണ്, അയാൾ യേശുവിന്റെ അടുക്കൽ വരുന്നതെന്തിന്?
◆ ഒരു സ്ത്രീക്ക് എന്തു പ്രശ്നമുണ്ട്, സഹായത്തിനുവേണ്ടി യേശുവിന്റെ അടുക്കൽ വരുന്നത് അവൾക്ക് വളരെ പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്?
◆ സ്ത്രീ എങ്ങനെ സൗഖ്യംപ്രാപിക്കുന്നു, യേശു അവളെ ആശ്വസിപ്പിക്കുന്നതെങ്ങനെ? (w87 6⁄1)