അധ്യായം 51
പിറന്നാൾ ആഘോഷത്തിനിടയിൽ ഒരു കൊലപാതകം
മത്തായി 14:1-12; മർക്കോസ് 6:14-29; ലൂക്കോസ് 9:7-9
ഹെരോദിന്റെ ഉത്തരവനുസരിച്ച് സ്നാപകയോഹന്നാന്റെ തല വെട്ടുന്നു
യേശുവിന്റെ അപ്പോസ്തലന്മാർ ഗലീലയിൽ ശുശ്രൂഷ ചെയ്യുകയാണ്. പക്ഷേ യേശുവിനെ പരിചയപ്പെടുത്തിക്കൊടുത്ത ആൾക്ക് അതിനുള്ള സ്വാതന്ത്ര്യമില്ല. ഏതാണ്ട് രണ്ടു വർഷമായി സ്നാപകയോഹന്നാൻ ജയിലിൽത്തന്നെയാണ്.
ഹെരോദ് അന്തിപ്പാസ് രാജാവ് തന്റെ അർധസഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ സ്വന്തമാക്കി. ഹെരോദ്യയെ കല്യാണം കഴിക്കാൻ അദ്ദേഹം ആദ്യ ഭാര്യയെ ഉപേക്ഷിക്കുകയും ചെയ്തു. അതു തെറ്റാണെന്നു യോഹന്നാൻ തുറന്നുപറയുന്നു. മോശയ്ക്കു കൊടുത്ത നിയമത്തിന് എതിരാണ് ഇത്. ശരിക്കും പറഞ്ഞാൽ വ്യഭിചാരം! പക്ഷേ ഹെരോദ് അവകാശപ്പെടുന്നത് മോശയ്ക്കു കൊടുത്ത നിയമം താൻ അനുസരിക്കുന്നുണ്ടെന്നാണ്. യോഹന്നാൻ തെറ്റു ചൂണ്ടിക്കാണിച്ചതുകൊണ്ട് ഹെരോദ് യോഹന്നാനെ ജയിലിൽ അടയ്ക്കുന്നു. സാധ്യതയനുസരിച്ച് ഹെരോദ്യയുടെ പ്രേരണകൊണ്ടായിരിക്കാം അങ്ങനെ ചെയ്യുന്നത്.
ആളുകൾ ‘യോഹന്നാനെ ഒരു പ്രവാചകനായാണു കാണുന്നത്.’ അതുകൊണ്ട് യോഹന്നാനെ എന്തു ചെയ്യുമെന്നു ഹെരോദിന് അറിയില്ല. (മത്തായി 14:5) പക്ഷേ, ഹെരോദ്യക്ക് ഇക്കാര്യത്തിൽ ഒരു സംശയവുമില്ല. ഹെരോദ്യക്ക് “യോഹന്നാനോടു കടുത്ത പകയു”ണ്ട്. എങ്ങനെയും യോഹന്നാനെ കൊന്നുകളയാൻ അവസരം നോക്കിയിരിക്കുകയാണ് അവർ. (മർക്കോസ് 6:19) അവസാനം അവസരം ഒത്തുകിട്ടുന്നു.
എ.ഡി. 32-ലെ പെസഹയ്ക്കു തൊട്ടു മുമ്പ് ഹെരോദ് തന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കാൻ തീരുമാനിക്കുന്നു. ഹെരോദിന്റെ എല്ലാ ഉന്നതോദ്യോഗസ്ഥരും സൈന്യാധിപന്മാരും അതുപോലെ ഗലീലയിലെ പ്രമുഖരും ആഘോഷത്തിന് എത്തിയിട്ടുണ്ട്. ആഘോഷങ്ങൾക്കിടയിൽ വിരുന്നുകാരുടെ മുന്നിൽ നൃത്തം ചെയ്യാൻ ഹെരോദ്യ തന്റെ മകൾ ശലോമയെ അയയ്ക്കുന്നു. ഹെരോദ്യക്ക് മുൻഭർത്താവായ ഫിലിപ്പോസിൽ ജനിച്ച മകളാണ് അവൾ. അവളുടെ നൃത്തം കണ്ട് വിരുന്നുകാർ മതിമറന്നിരിക്കുകയാണ്.
ശലോമയുടെ നൃത്തം വളരെയധികം ഇഷ്ടപ്പെട്ട ഹെരോദ് പറയുന്നു: “ആഗ്രഹിക്കുന്നത് എന്തും ചോദിച്ചുകൊള്ളൂ, ഞാൻ തരാം.” അദ്ദേഹം ഇങ്ങനെ സത്യം ചെയ്യുകപോലും ചെയ്യുന്നു: “നീ എന്തു ചോദിച്ചാലും, അതു രാജ്യത്തിന്റെ പകുതിയായാലും, ഞാൻ തരും.” എന്നാൽ അതിനു മറുപടി പറയുന്നതിനു മുമ്പ് ശലോമ പോയി അമ്മയോട് “ഞാൻ എന്തു ചോദിക്കണം” എന്ന് അന്വേഷിക്കുന്നു.—മർക്കോസ് 6:22-24.
ഇങ്ങനെ ഒരു അവസരത്തിനുവേണ്ടിയാണ് ഹെരോദ്യ കാത്തിരുന്നത്! “യോഹന്നാൻ സ്നാപകന്റെ തല ചോദിക്ക്,” ഉടനെ വന്നു ഹെരോദ്യയുടെ മറുപടി. പെട്ടെന്നുതന്നെ ശലോമ തന്റെ അപേക്ഷയുമായി രാജാവിന്റെ അടുത്ത് എത്തുന്നു: “ഇപ്പോൾത്തന്നെ സ്നാപകയോഹന്നാന്റെ തല ഒരു തളികയിൽ എനിക്കു തരണം.”—മർക്കോസ് 6:24, 25.
ഹെരോദിന് അതു കേട്ട് ആകെ വിഷമമാകുന്നു. പക്ഷേ വിരുന്നുകാരുടെയെല്ലാം മുന്നിൽവെച്ചാണ് അദ്ദേഹം ശലോമയോടു സത്യം ചെയ്തത്. വാക്കു പാലിക്കാതിരുന്നാൽ നാണക്കേടാണ്. അതുകൊണ്ട് എന്തായാലും, ഒരു നിരപരാധിയെ കൊന്നിട്ടായാലും, അതു ചെയ്യണം. അങ്ങനെ സ്നാപകയോഹന്നാനെ കൊല്ലാനുള്ള ഉത്തരവുമായി ഹെരോദ് ഒരു അംഗരക്ഷകനെ അയയ്ക്കുന്നു. അയാൾ പെട്ടെന്നുതന്നെ യോഹന്നാന്റെ തല ഒരു തളികയിൽ കൊണ്ടുവരുന്നു. അയാൾ അതു ശലോമയ്ക്കു കൊടുക്കുമ്പോൾ അവൾ അതുമായി നേരെ അമ്മയുടെ അടുത്തേക്കു പോകുന്നു.
ഇതെക്കുറിച്ച് യോഹന്നാന്റെ ശിഷ്യന്മാർ കേൾക്കുമ്പോൾ അവർ ചെന്ന് യോഹന്നാന്റെ ശരീരം എടുത്ത് അടക്കം ചെയ്യുന്നു. എന്നിട്ട് കാര്യം യേശുവിനെ അറിയിക്കുന്നു.
പിന്നീട്, യേശു ആളുകളെ സുഖപ്പെടുത്തുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്നതിനെക്കുറിച്ച് കേൾക്കുമ്പോൾ ഹെരോദിന് ആകെ പേടിയാകുന്നു. ഇതൊക്കെ ചെയ്യുന്ന ആ മനുഷ്യൻ, അതായത് യേശു, “മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട” സ്നാപകയോഹന്നാൻതന്നെ ആയിരിക്കണമെന്ന് ഹെരോദ് കരുതുന്നു. (ലൂക്കോസ് 9:7) അതുകൊണ്ട് ഹെരോദ് അന്തിപ്പാസ് യേശുവിനെ കാണാൻ അതിയായി ആഗ്രഹിക്കുന്നു. യേശു പഠിപ്പിക്കുന്നതു കേൾക്കാനൊന്നുമല്ല, മറിച്ച് താൻ പേടിക്കുന്നതുപോലെയാണോ കാര്യങ്ങൾ എന്ന് ഉറപ്പിക്കാൻവേണ്ടിയാണ് ഇത്.