അധ്യായം 3
വഴി ഒരുക്കുന്നവൻ ജനിക്കുന്നു
സ്നാപകയോഹന്നാന്റെ ജനനവും പേരിടലും
ഭാവിയിൽ യോഹന്നാൻ ചെയ്യാനിരിക്കുന്നതു സെഖര്യ മുൻകൂട്ടിപ്പറയുന്നു
എലിസബത്തിനു പ്രസവത്തിനുള്ള സമയമായി. മൂന്നു മാസമായിട്ട് ബന്ധുവായ മറിയ എലിസബത്തിന്റെകൂടെയുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ മറിയയ്ക്കു തിരികെ പോകണം. അങ്ങനെ മറിയ വടക്ക് നസറെത്തിലുള്ള വീട്ടിലേക്കു മടങ്ങുന്നു. നല്ല ദൂരമുണ്ട് അങ്ങോട്ട്. ഏതാണ്ട് ആറു മാസം കഴിയുമ്പോൾ മറിയയ്ക്കും ജനിക്കും ഒരു കുഞ്ഞ്!
മറിയ പോയി. അധികം വൈകാതെ എലിസബത്ത് പ്രസവിച്ചു. സുഖപ്രസവം! അമ്മയ്ക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ല. എല്ലാവർക്കും സന്തോഷമായി. എലിസബത്ത് ആ ആൺകുഞ്ഞിനെ അയൽക്കാരെയും ബന്ധുക്കളെയും കാണിക്കുമ്പോൾ അവർക്കും സന്തോഷം!
ദൈവം ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ ഒരു ആൺകുഞ്ഞ് ജനിച്ച് എട്ടാം ദിവസം അവനെ പരിച്ഛേദന ചെയ്യണമെന്നു പറഞ്ഞിരുന്നു. ആ സമയത്താണു കുഞ്ഞിനു പേരിടുന്നതും. (ലേവ്യ 12:2, 3) കുഞ്ഞിനു സെഖര്യയുടെ പേരിടണമെന്നു ചിലർ പറയുന്നു. എന്നാൽ എലിസബത്ത് പറയുന്നു: “അതു വേണ്ടാ, അവനു യോഹന്നാൻ എന്നു പേരിടണം.” (ലൂക്കോസ് 1:60) ഈ കുഞ്ഞിനു യോഹന്നാൻ എന്നു പേരിടണമെന്ന് ഗബ്രിയേൽ ദൈവദൂതൻ പറഞ്ഞതു നിങ്ങൾ ഓർക്കുന്നില്ലേ?
എന്നാൽ അയൽക്കാരും ബന്ധുക്കളും എതിർക്കുന്നു. “നിങ്ങളുടെ ബന്ധുക്കളിൽ ആർക്കും ആ പേരില്ലല്ലോ” എന്നാണ് അവരുടെ വാദം. (ലൂക്കോസ് 1:61) അതുകൊണ്ട് മകന് എന്തു പേരിടണമെന്ന് അവർ സെഖര്യയോട് ആംഗ്യത്തിലൂടെ ചോദിക്കുന്നു. ഒരു എഴുത്തുപലക ആവശ്യപ്പെട്ടിട്ട്, സെഖര്യ തന്റെ മറുപടി അതിൽ എഴുതുന്നു: “അവന്റെ പേര് യോഹന്നാൻ എന്നാണ്.”—ലൂക്കോസ് 1:63.
അതോടെ സെഖര്യയുടെ സംസാരപ്രാപ്തി അത്ഭുതകരമായി തിരികെക്കിട്ടുന്നു. എലിസബത്തിന് ഒരു മകൻ ജനിക്കുമെന്നു ദൂതൻ പറഞ്ഞപ്പോൾ അതു വിശ്വസിക്കാഞ്ഞതുകൊണ്ട് സെഖര്യക്കു സംസാരപ്രാപ്തി നഷ്ടപ്പെട്ടതു നിങ്ങൾ ഓർക്കുന്നില്ലേ? അതുകൊണ്ട് സെഖര്യ സംസാരിക്കുമ്പോൾ അയൽക്കാർ അതിശയത്തോടെ “ഈ കുഞ്ഞ് ആരായിത്തീരും” എന്നു തമ്മിൽത്തമ്മിൽ പറയുന്നു. (ലൂക്കോസ് 1:66) യോഹന്നാന് ആ പേരു നൽകിയതിനു പിന്നിൽ ദൈവമാണെന്ന് അവർ തിരിച്ചറിയുന്നു.
പിന്നെ, പരിശുദ്ധാത്മാവ് നിറഞ്ഞവനായി സെഖര്യ പറയുന്നു: “ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ. ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരിച്ച് അവരെ വിടുവിച്ചല്ലോ. ദൈവം തന്റെ ദാസനായ ദാവീദിന്റെ ഭവനത്തിൽ നമുക്കായി രക്ഷയുടെ ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു.” (ലൂക്കോസ് 1:68, 69) “രക്ഷയുടെ ഒരു കൊമ്പ്” എന്നു പറഞ്ഞത് ജനിക്കാനിരിക്കുന്ന യേശുവിനെക്കുറിച്ചാണ്. യേശുവിലൂടെ ദൈവം “ശത്രുക്കളുടെ കൈയിൽനിന്ന് നമ്മളെ വിടുവിച്ചശേഷം തിരുസന്നിധിയിൽ ജീവിതകാലം മുഴുവൻ വിശ്വസ്തതയോടും നീതിയോടും കൂടെ നിർഭയം ദൈവത്തിനു വിശുദ്ധസേവനം” ചെയ്യാൻ നമുക്കു പദവി നൽകും എന്നു സെഖര്യ പറയുന്നു.—ലൂക്കോസ് 1:74, 75.
സ്വന്തം മകനെക്കുറിച്ച് സെഖര്യ ഇങ്ങനെ മുൻകൂട്ടിപ്പറയുന്നു: “നീയോ കുഞ്ഞേ, നീ അത്യുന്നതന്റെ പ്രവാചകനെന്നു വിളിക്കപ്പെടും. കാരണം നീ മുമ്പേ പോയി യഹോവയ്ക്കു വഴി ഒരുക്കുകയും പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതിലൂടെ ലഭിക്കുന്ന രക്ഷയെക്കുറിച്ചുള്ള അറിവ് ദൈവജനത്തിനു പകർന്നുകൊടുക്കുകയും ചെയ്യും. ഇതെല്ലാം നമ്മുടെ ദൈവത്തിന്റെ ആർദ്രാനുകമ്പയാണ്. ഈ അനുകമ്പ നിമിത്തം, ഉന്നതങ്ങളിൽനിന്ന് പ്രഭാതകിരണങ്ങൾ നമ്മുടെ മേൽ പ്രകാശിക്കും. അതു കൂരിരുട്ടിലും മരണത്തിന്റെ നിഴലിലും കഴിയുന്നവർക്കു വെളിച്ചം നൽകും; നമ്മുടെ കാലടികളെ സമാധാനത്തിന്റെ വഴിയിൽ നയിക്കും.” (ലൂക്കോസ് 1:76-79) എത്ര പ്രോത്സാഹനം പകരുന്ന ഒരു പ്രവചനം!
അപ്പോഴേക്കും മറിയ നസറെത്തിലെ വീട്ടിൽ തിരിച്ചെത്തുന്നു. മറിയയുടെ വിവാഹം അപ്പോഴും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് മറിയ ഗർഭിണിയാണെന്ന് എല്ലാവരും അറിയുമ്പോൾ എന്തായിരിക്കും സംഭവിക്കുക?