അധ്യായം ഇരുപത്തിരണ്ട്
അവൻ പറ്റിനിന്നു, പരിശോധനകളുണ്ടായപ്പോഴും
1, 2. യേശു കഫർന്നഹൂമിൽ പ്രസംഗിച്ചപ്പോൾ പത്രോസിന്റെ പ്രതീക്ഷ എന്തായിരുന്നിരിക്കാം, പക്ഷേ സംഭവിച്ചത് എന്താണ്?
കഫർന്നഹൂമിലെ സിനഗോഗിൽ യേശു പ്രസംഗിക്കുകയാണ്. കേട്ടുകൊണ്ടിരിക്കുന്ന ഓരോ മുഖങ്ങളിലേക്കും പത്രോസ് ആകാംക്ഷയോടെ മാറിമാറി നോക്കി. ഗലീലക്കടലിന്റെ വടക്കേ തീരത്തുള്ള ഈ കഫർന്നഹൂം പട്ടണത്തിലാണ് പത്രോസിന്റെ വീട്. അവൻ മത്സ്യവ്യാപാരം നടത്തുന്നത് ഇവിടെയാണ്. അവന്റെ സുഹൃത്തുക്കളും ബന്ധുജനങ്ങളും ഇടപാടുകാരും ഒക്കെ ഇവിടെത്തന്നെയുള്ളവരാണ്. തന്റെ പട്ടണക്കാർ യേശുവിനെ താൻ സ്വീകരിച്ചതുപോലെ സ്വീകരിക്കുമെന്നാണ് പത്രോസ് കരുതിയത്. ദൈവരാജ്യത്തെക്കുറിച്ച് അവന്റെ വായിൽനിന്ന് ഉതിരുന്ന ജ്ഞാനമൊഴികളത്രയും താൻ കേട്ടതുപോലെ അവരും അത്യാകാംക്ഷയോടെ കേൾക്കുമെന്ന് പാവം പത്രോസ് വിചാരിച്ചു. കാരണം, സകലഗുരുക്കന്മാരെക്കാളും മഹാനായ ഗുരുവാണല്ലോ ദൈവരാജ്യത്തെക്കുറിച്ച് ഇവിടെ പഠിപ്പിച്ചുകൊണ്ടു നിൽക്കുന്നത്! പക്ഷേ അവരുടെ മട്ടും ഭാവവും കണ്ടിട്ട് അങ്ങനെ സംഭവിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല.
2 മിക്കവരും മതിയാക്കിക്കഴിഞ്ഞു. ചിലർ എന്തൊക്കെയോ പിറുപിറുക്കുന്നതു കേൾക്കാം. യേശുവിന്റെ സന്ദേശത്തിന്റെ കാതൽതന്നെയാണ് അവരെ ഇത്ര മുഷിപ്പിച്ചിരിക്കുന്നത്. യേശുവിന്റെ ശിഷ്യന്മാരിൽ ചിലരുടെ പ്രതികരണം കണ്ടിട്ടാണ് പത്രോസിന് കൂടുതൽ സങ്കടം. മുമ്പ് ദൈവരാജ്യസത്യങ്ങൾ കേട്ടപ്പോൾ എത്ര പ്രകാശിച്ചതാണ് ആ മുഖങ്ങൾ! മറഞ്ഞിരുന്ന കാര്യങ്ങൾ മനസ്സിലാക്കിയതിന്റെ ആവേശമായിരുന്നു അവർക്കന്ന്. ശരിക്കും ‘ജ്ഞാനോദയംതന്നെയായിരുന്നു’ ആ മുഖങ്ങളിൽ! ഇപ്പോഴോ? മ്ലാനതയാണ് പലർക്കും. അവൻ പറഞ്ഞ കാര്യം ചിലർക്ക് അസഹനീയമായി തോന്നി. ചിലർ അവരുടെ ഉള്ളിലെ അനിഷ്ടം വിളിച്ചുപറഞ്ഞു. “ഇതു കഠിനവാക്ക്,” അവർ തുറന്നടിച്ചു! കൂടുതൽ കേൾക്കാൻ നിൽക്കാതെ അവർ സിനഗോഗ് വിട്ടു. ഒപ്പം, യേശുവിനെ അനുഗമിക്കുന്നതും മതിയാക്കി.—യോഹന്നാൻ 6:60, 66 വായിക്കുക.
3. പത്രോസിന്റെ വിശ്വാസം പല ഘട്ടങ്ങളിലും അവനെ എന്തിനു സഹായിച്ചു?
3 പത്രോസിനും മറ്റ് അപ്പൊസ്തലന്മാർക്കും ഇത് വലിയ വിഷമമുണ്ടാക്കി. ശരിക്കും പറഞ്ഞാൽ, പത്രോസിനും യേശു അന്നു പറഞ്ഞ കാര്യം മുഴുവനായി മനസ്സിലായിരുന്നില്ല. ആ വാക്കുകൾ അക്ഷരംപ്രതി എടുത്താൽ ആളുകൾക്ക് മുഷിവ് തോന്നാനിടയുണ്ട്. അത് പത്രോസിന് മനസ്സിലാകുന്നുണ്ട്. എന്നാൽ പത്രോസിന്റെ നിലപാട് എന്താണ്? യേശുവിനോടുള്ള അവന്റെ കൂറ് പരിശോധിക്കപ്പെടുന്നത് ആദ്യമായിട്ടൊന്നുമല്ല. ഇത് അവസാനത്തെ പരിശോധനയുമല്ല. ഈ പ്രതിസന്ധിഘട്ടത്തിൽ, അവസരത്തിനൊത്ത് ഉയരാനും യേശുവിനോട് വിശ്വസ്തനായി പറ്റിനിൽക്കാനും പത്രോസിന്റെ വിശ്വാസം അവനെ സഹായിച്ചത് എങ്ങനെയെന്ന് നമുക്കു നോക്കാം.
മറ്റുള്ളവർ പിന്തിരിഞ്ഞപ്പോഴും വിശ്വസ്തതയോടെ. . .
4, 5. ആളുകളുടെ പ്രതീക്ഷയ്ക്കു വിപരീതമായി യേശു പ്രവർത്തിച്ചത് എങ്ങനെയെല്ലാം?
4 യേശുവിന്റെ പ്രവൃത്തികൾ പലപ്പോഴും പത്രോസിനെ അമ്പരപ്പിച്ചുകളഞ്ഞിട്ടുണ്ട്. പൊതുജനം എന്തു പ്രതീക്ഷിച്ചോ അതിനു നേർവിപരീതമായിരുന്നു അവന്റെ ഗുരുവിന്റെ വാക്കും പ്രവൃത്തിയും. എത്രവട്ടമാണ് അങ്ങനെ സംഭവിച്ചിട്ടുള്ളത്! തലേ ദിവസം യേശു ആയിരങ്ങൾ വരുന്ന ഒരു കൂട്ടത്തിന് അത്ഭുതകരമായി ഭക്ഷണം നൽകി. അത് കണ്ട് അവർ യേശുവിനെ രാജാവാക്കാൻ നോക്കി. എന്നാൽ യേശു അവരുടെ അടുത്തുനിന്ന് പിൻവാങ്ങിപ്പോകുകയാണുണ്ടായത്. യേശുവിന്റെ ആ തീരുമാനം പലരെയും അമ്പരപ്പിച്ചു. അപ്പോൾ തന്നോടൊപ്പം ഉണ്ടായിരുന്ന ശിഷ്യന്മാരോട് ഉടനെ വള്ളത്തിൽ കയറി കഫർന്നഹൂമിലേക്കു പോകാൻ അവൻ ആവശ്യപ്പെട്ടു. അങ്ങനെ ശിഷ്യന്മാർ രാത്രിയിൽ വള്ളം തുഴഞ്ഞു പോകുമ്പോൾ യേശു, കൊടുങ്കാറ്റിൽ ഇളകിമറിയുന്ന കടലിന്മീതെ നടന്ന് അവരുടെ അടുത്തുവന്നു. അത് അവരെ വീണ്ടും അമ്പരപ്പിച്ചു. പത്രോസിനെ വിശ്വാസത്തിന്റെ അതിപ്രധാനമായൊരു പാഠം പഠിപ്പിച്ചതും ആ രാത്രിയിലാണ്.
5 പിറ്റേന്നു രാവിലെ, അപ്പൊസ്തലന്മാർ കണ്ടത് ആ ജനക്കൂട്ടം തങ്ങളെ പിന്തുടർന്ന് എത്തിയിരിക്കുന്നതാണ്. യേശു വീണ്ടും അത്ഭുതകരമായി പോഷിപ്പിക്കുമെന്ന് കരുതിയാണെന്നു തോന്നുന്നു ആ ജനക്കൂട്ടം വന്നിരിക്കുന്നത്. അല്ലാതെ, ദൈവരാജ്യസത്യങ്ങൾ അറിയാനുള്ള വിശപ്പുകൊണ്ടല്ല. വയറുനിറയ്ക്കാൻ വേണ്ടിയുള്ള ഈ വരവ് മനസ്സിലാക്കി യേശു അവരെ ശാസിച്ചു. (യോഹ. 6:25-27) കഫർന്നഹൂമിലെ സിനഗോഗിൽ ആ ചർച്ച അങ്ങനെ തുടർന്നു. അതാണ് നമ്മൾ ഈ അധ്യായത്തിന്റെ തുടക്കത്തിൽ കണ്ടത്. ആ സന്ദർഭത്തിലാണ് യേശു വീണ്ടും അവരെ അമ്പരപ്പിച്ചുകളഞ്ഞത്. ബുദ്ധിമുട്ടേറിയതും അതിപ്രധാനവും ആയ ഒരു സത്യം പഠിപ്പിച്ച ആ വേളയിലാണ് പലരുടെയും പ്രതീക്ഷയ്ക്ക് വിപരീതമായി ചില കാര്യങ്ങൾ അവൻ പറഞ്ഞത്.
6. യേശു ഏത് ദൃഷ്ടാന്തമാണു പറഞ്ഞത്, എന്തായിരുന്നു ശ്രോതാക്കളുടെ പ്രതികരണം?
6 ഭക്ഷണം നൽകി പോഷിപ്പിക്കാൻ കഴിവുള്ളതുകൊണ്ടുമാത്രം ജനം തന്നെത്തേടി വരാൻ യേശു ആഗ്രഹിച്ചില്ല. പിന്നെയോ, ദൈവത്തിൽനിന്നുള്ള ആത്മീയകരുതലായി അവർ തന്നെ കാണാനാണ് യേശു ആഗ്രഹിച്ചത്. എന്നുവെച്ചാൽ, യേശുവിന്റെ യാഗത്തിൽ വിശ്വാസമർപ്പിച്ച് ആ മാതൃക പകർത്തി ജീവിക്കുന്നവർക്കേ ദൈവം നിത്യജീവൻ നൽകുകയുള്ളൂ എന്ന് ജനം തിരിച്ചറിയണം. അതുകൊണ്ട് അവൻ തന്നെത്തന്നെ മന്നായോട് താരതമ്യപ്പെടുത്തി. മോശയുടെ കാലത്ത് സ്വർഗത്തിൽനിന്നു വന്ന അപ്പമായിരുന്നല്ലോ മന്നാ! യേശുവിന്റെ താരതമ്യം കേട്ടപ്പോൾ ചിലർക്ക് എതിർപ്പായി. അപ്പോൾ അവൻ ദൃഷ്ടാന്തം കുറെക്കൂടി വിപുലപ്പെടുത്തി. അതായത്, ജീവൻ നേടണമെങ്കിൽ തന്റെ മാംസം ഭക്ഷിക്കുകയും തന്റെ രക്തം പാനം ചെയ്യുകയും വേണമെന്നു തെളിച്ച് പറഞ്ഞു. ഇതു കേട്ടതും എതിർപ്പ് കോപത്തിനു വഴിമാറി. ചിലർ പറഞ്ഞു: “ഇതു കഠിനവാക്ക്; ഇതു കേട്ടുനിൽക്കാൻ ആർക്കു കഴിയും?” അതോടെ യേശുവിന്റെ ശിഷ്യന്മാരിൽ നിരവധിപ്പേർ അവനെ അനുഗമിക്കുന്നതു നിറുത്തി.a—യോഹ. 6:48-60, 66.
7, 8. (എ) യേശുവിന്റെ ദൗത്യത്തെക്കുറിച്ച് പത്രോസിന് ഇതുവരെയും മനസ്സിലാക്കാൻ കഴിയാഞ്ഞ കാര്യമെന്താണ്? (ബി) അപ്പൊസ്തലന്മാരോടുള്ള യേശുവിന്റെ ചോദ്യത്തിന് പത്രോസ് എങ്ങനെയാണ് മറുപടി പറഞ്ഞത്?
7 എന്നാൽ പത്രോസിന്റെ നിലപാട് എന്താണ്? യേശു പറഞ്ഞതുകേട്ട് അവനും ചിന്താക്കുഴപ്പത്തിലായിക്കാണും. ദൈവേഷ്ടം നിറവേറ്റുന്നതിനായി യേശു മരിക്കണം എന്നത് പത്രോസിന് ഇതുവരെയും പിടികിട്ടിയിട്ടില്ല. അന്നേ ദിവസം യേശുവിനെ അനുഗമിക്കുന്നത് നിറുത്തിക്കളഞ്ഞ ആ ശിഷ്യന്മാരെപ്പോലെ യേശുവിന്റെ അടുത്തുനിന്നു സ്ഥലംവിടാൻ പത്രോസിനും പ്രലോഭനം തോന്നിയോ? ഇല്ല. നിമിഷനേരംകൊണ്ട് ‘നിറം മാറുന്ന’ ആ മനുഷ്യരിൽനിന്നെല്ലാം പത്രോസിനെ വ്യത്യസ്തനാക്കിയ മറ്റൊരു പ്രധാനഗുണമുണ്ടായിരുന്നു.
8 യേശു അപ്പൊസ്തലന്മാരുടെ നേരെ തിരിഞ്ഞ് അവരോടു ചോദിച്ചു: “നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?” (യോഹ. 6:67) അവൻ ചോദിച്ചത് 12 പേരോടുമായിട്ടാണ്. പക്ഷേ ഉത്തരം പറഞ്ഞത് പത്രോസാണ്. പലപ്പോഴും അത് അങ്ങനെയായിരുന്നല്ലോ. പത്രോസായിരിക്കണം കൂട്ടത്തിൽ തലമൂത്തയാൾ. മടിയില്ലാതെ മനസ്സിലുള്ളത് വെട്ടിത്തുറന്നു പറയുന്നതും അവൻതന്നെയാണ്. അപൂർവമായിട്ടേ മനസ്സിലുള്ളത് തുറന്നുപറയാൻ പത്രോസ് മടിച്ചിട്ടുള്ളൂ എന്നു തോന്നുന്നു. ഇത്തവണയും മനസ്സിലുള്ളത് അവൻ അങ്ങനെതന്നെ പറഞ്ഞു: “കർത്താവേ, ഞങ്ങൾ വേറെ ആരുടെ അടുക്കലേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലല്ലോ ഉള്ളത്!” എക്കാലവും ഓർത്തുവെക്കാൻ തോന്നുന്ന, മനോഹരമായ ഒരു പ്രസ്താവന!—യോഹ. 6:68.
9. പത്രോസ് യേശുവിനോട് വിശ്വസ്തത കാണിച്ചത് എങ്ങനെ?
9 പത്രോസിന്റെ മറുപടി നിങ്ങളുടെ ഉള്ളിൽത്തട്ടുന്നില്ലേ? യേശുവിലുള്ള പത്രോസിന്റെ വിശ്വാസം മറ്റൊരു ഗുണം വളർത്തിയെടുക്കാൻ അവനെ സഹായിച്ചു: വിശ്വസ്തത അല്ലെങ്കിൽ കൂറ്! എത്ര വിലയിട്ടാലും പോരാത്ത ഒരു ഗുണം! യഹോവ നൽകിയ ഏക രക്ഷകൻ യേശുവാണെന്ന് പത്രോസ് വ്യക്തമായി മനസ്സിലാക്കി. യേശു രക്ഷിക്കുന്നതാകട്ടെ നിത്യജീവന്റെ വചനങ്ങളിലൂടെയും. അതായത് ദൈവരാജ്യത്തെക്കുറിച്ച് അവൻ പഠിപ്പിച്ച കാര്യങ്ങളിലൂടെ. അവയിൽ, പത്രോസിന് മനസ്സിലാകാഞ്ഞ ചില കാര്യങ്ങളുണ്ടായിരുന്നെങ്കിലും ദൈവത്തിന്റെ പ്രസാദവും നിത്യജീവനെന്ന ദൈവദാനവും വേറെ ഒരിടത്തുനിന്നും ലഭിക്കില്ലെന്ന് അവന് നന്നായി അറിയാമായിരുന്നു!
യേശുവിന്റെ ഉപദേശങ്ങളോട് കൂറുപുലർത്തുക, അവ നമ്മുടെ പ്രതീക്ഷകൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും വിപരീതമായി വരുമ്പോൾപ്പോലും
10. പത്രോസിന്റെ വിശ്വസ്തത ഇന്ന് നമുക്ക് എങ്ങനെ അനുകരിക്കാനാകും?
10 നിങ്ങൾക്കും അങ്ങനെതന്നെയാണോ തോന്നുന്നത്? ഇന്ന് യേശുവിനെ സ്നേഹിക്കുന്നെന്ന് അവകാശപ്പെടുന്ന പലരും അവനോടു വിശ്വസ്തത പുലർത്തുന്നില്ല. ഖേദകരമായൊരു സംഗതിയാണ് അത്. ക്രിസ്തുവിനോടു വിശ്വസ്തരായിരിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവർക്കു വേണ്ടത് അവന്റെ പഠിപ്പിക്കലുകളോട് പത്രോസിനുണ്ടായിരുന്ന അതേ കാഴ്ചപ്പാടാണ്. അതിന് നമ്മൾ യേശുവിന്റെ പഠിപ്പിക്കലുകൾ എന്താണെന്ന് അറിയണം, അവയുടെ അർഥം ഗ്രഹിക്കണം, പിന്നെ അവ അനുസരിച്ച് ജീവിക്കണം. പക്ഷേ, ചിലപ്പോൾ ആ ഉപദേശങ്ങൾ നമ്മെ അമ്പരപ്പിച്ചേക്കാം. എന്നുവെച്ചാൽ, അവ നമ്മുടെ പ്രതീക്ഷകൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും വിപരീതമായി വന്നേക്കാം. അപ്പോൾപ്പോലും അവ അനുസരിച്ചു ജീവിക്കാൻ മനസ്സുവെക്കുക. നമുക്ക് നിത്യജീവൻ കിട്ടാൻ യേശു ആഗ്രഹിക്കുന്നു. എന്നാൽ, വിശ്വസ്തരായിരുന്നാൽ മാത്രമേ നിത്യജീവനുവേണ്ടി പ്രത്യാശയോടിരിക്കുന്നതിൽ അർഥമുള്ളൂ.—സങ്കീർത്തനം 97:10 വായിക്കുക.
തിരുത്തൽ കിട്ടിയിട്ടും കൂറ് വിടാതെ. . .
11. യേശു അനുഗാമികളെയും കൂട്ടി എങ്ങോട്ടാണ് പോയത്? (അടിക്കുറിപ്പും കാണുക.)
11 തിരക്കുപിടിച്ച ആ സമയം കഴിഞ്ഞ് അധികം വൈകാതെ, യേശു അപ്പൊസ്തലന്മാരെയും ചില ശിഷ്യന്മാരെയും കൂട്ടി വടക്കോട്ടു നീങ്ങി. കുന്നും മലയും കയറ്റിറക്കങ്ങളും ഉള്ള പ്രദേശത്തുകൂടെ കാൽനടയായി ഒരു നീണ്ട യാത്ര. വാഗ്ദത്തനാടിന്റെ ഏറ്റവും വടക്കേ അതിരായി ഹെർമോൻ പർവതം! നിറുകയിൽ മഞ്ഞണിഞ്ഞ ഹെർമോൻ കൊടുമുടി ഇങ്ങകലെ ഗലീലക്കടലിലെ നീലജലപ്പരപ്പിൽനിന്നുപോലും ചില സമയങ്ങളിൽ തെളിഞ്ഞുകാണാം! യേശുവും സംഘവും അങ്ങോട്ട് നടന്നടുക്കുകയാണ്. അടുക്കുന്തോറും പർവതം ആകാശത്തേക്ക് ഉയർന്നുയർന്നുപോകുന്നതുപോലെ! ഉയർന്ന ഭൂഭാഗങ്ങൾ താണ്ടി അവർ കൈസര്യ ഫിലിപ്പിക്ക് അടുത്തുള്ള ഗ്രാമങ്ങൾ ലക്ഷ്യമാക്കി നടക്കുകയാണ്.b അതിമനോഹരമായ ഈ പ്രദേശത്തുനിന്ന് തെക്കോട്ടു കണ്ണുപായിച്ചാൽ വാഗ്ദത്തനാട് ഏറിയ പങ്കും കാണാം. ഇവിടെവെച്ച് യേശു തന്റെ കൂടെയുള്ളവരോട് പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിച്ചു.
12, 13. (എ) താൻ ആരാണെന്നുള്ള ജനക്കൂട്ടത്തിന്റെ അഭിപ്രായം അറിയാൻ യേശു ആഗ്രഹിച്ചത് എന്തുകൊണ്ട്? (ബി) യേശുവിനോടുള്ള മറുപടിയിൽ പത്രോസ് എങ്ങനെയാണ് നിഷ്കപടമായ വിശ്വാസം കാണിച്ചത്?
12 “ഞാൻ ആരാണെന്നാണു ജനം പറയുന്നത്?” അതാണ് യേശു അറിയാൻ ആഗ്രഹിച്ചത്. ആകാംക്ഷയോടെ നിൽക്കുന്ന യേശുവിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കുന്ന പത്രോസിനെ നിങ്ങൾക്ക് കാണാനാകുന്നുണ്ടോ? ബുദ്ധിയും വിവേകവും തിളങ്ങിനിൽക്കുന്ന കണ്ണുകൾ! ആ കണ്ണുകളിൽ നിറയുന്ന കാരുണ്യവും അവൻ കണ്ടു. തങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളിൽനിന്ന്, കേൾവിക്കാർ തന്നെക്കുറിച്ച് എന്തെല്ലാം നിഗമനങ്ങളിലാണ് എത്തിയിരിക്കുന്നത് എന്നറിയാൻ യേശുവിന് താത്പര്യമുണ്ടായിരുന്നു. യേശു ആരാണ് എന്നതിനെപ്പറ്റി ജനങ്ങൾക്കിടയിൽ പരന്നിരുന്ന ധാരണകളിൽ ചിലത് ശിഷ്യന്മാർ എടുത്ത് പറഞ്ഞു. ‘തന്റെ കൂടെ നടക്കുന്ന ഇവർക്കും തന്നെപ്പറ്റി ഇതേ ധാരണയൊക്കെത്തന്നെയാണോ ഉള്ളത്?’ അത് അറിയാൻ യേശു ആഗ്രഹിച്ചു. അതുകൊണ്ട് അവൻ അവരോടു ചോദിച്ചു: “എന്നാൽ ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്?”—ലൂക്കോ. 9:18-20.
13 ഇവിടെയും പത്രോസിന്റെ മറുപടി പെട്ടെന്ന് വന്നു. ഒട്ടും സംശയിക്കാതെ, പത്രോസ് തന്റെ അഭിപ്രായം വ്യക്തമായി പറഞ്ഞു: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാകുന്നു!” ഇതുതന്നെയായിരുന്നു അവന്റെ കൂടെയുണ്ടായിരുന്ന പലരുടെയും അഭിപ്രായവും. പത്രോസിന്റെ മറുപടി കേട്ട് ഹൃദ്യമായ പുഞ്ചിരിയോടെ അവനെ അഭിനന്ദിക്കുന്ന യേശുവിനെ നിങ്ങൾക്കു സങ്കല്പിക്കാനായോ? കേവലമൊരു മനുഷ്യനല്ല യഹോവയാം ദൈവമാണ് ജീവരക്ഷയ്ക്ക് ആധാരമായ ഈ സത്യം അവനു വെളിപ്പെടുത്തിയതെന്ന് യേശു പത്രോസിനോടു പറഞ്ഞു. നിഷ്കപടമായ വിശ്വാസമുള്ളവർക്കാണ് അവൻ അതു വെളിപ്പെടുത്തുന്നത്. യഹോവ അതുവരെ വെളിപ്പെടുത്തിയതിൽവെച്ച് ഏറ്റവും വലിയ സത്യം വിവേചിച്ചറിയാൻ പത്രോസിനു കഴിഞ്ഞു. സഹസ്രാബ്ദങ്ങളായി ദൈവദാസർ കാത്തുകാത്തിരുന്ന മിശിഹായെ അഥവാ ക്രിസ്തുവിനെ പത്രോസ് തിരിച്ചറിഞ്ഞു!—മത്തായി 16:16, 17 വായിക്കുക.
14. പത്രോസിന് പ്രധാനപ്പെട്ട ഏതെല്ലാം പദവികളാണ് യേശു നൽകിയത്?
14 ‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല്’ എന്ന് പ്രവചനം വിളിച്ചിരിക്കുന്നത് ഈ ക്രിസ്തുവിനെയാണ്. (സങ്കീ. 118:22; ലൂക്കോ. 20:17) ഇത്തരം പ്രവചനങ്ങൾ മനസ്സിലുണ്ടായിരുന്ന യേശു, പത്രോസ് തിരിച്ചറിഞ്ഞ ആ ‘കല്ലിന്മേൽ,’ അഥവാ പാറമേൽ യഹോവ തന്റെ സഭ സ്ഥാപിക്കും എന്ന് വെളിപ്പെടുത്തി. ആ സഭയിൽ പത്രോസിന് വളരെ പ്രധാനപ്പെട്ട ചില പദവികളും യേശു നൽകി. അതിനർഥം, ചിലർ കരുതുന്നതുപോലെ പത്രോസിനെ മറ്റ് അപ്പൊസ്തലന്മാരെക്കാൾ പ്രധാനിയാക്കിയെന്നല്ല, പിന്നെയോ അവനു ചില ഉത്തരവാദിത്വങ്ങൾ നൽകിയെന്നാണ്. അവൻ പത്രോസിന് “സ്വർഗരാജ്യത്തിന്റെ താക്കോലുകൾ” നൽകി. (മത്താ. 16:19) മനുഷ്യവർഗത്തിലെ മൂന്നു വ്യത്യസ്ത കൂട്ടർക്ക് ദൈവരാജ്യത്തിൽ പ്രവേശനം ലഭിക്കാനുള്ള പ്രത്യാശ തുറന്നുകൊടുക്കുന്ന പദവി പത്രോസിനാണ് ലഭിച്ചത്. ആദ്യം യഹൂദന്മാർക്ക്, പിന്നെ ശമര്യക്കാർക്ക്, ഒടുവിൽ വിജാതീയർക്ക് അതായത്, യഹൂദരല്ലാത്തവർക്ക്.
15. യേശുവിനെ ശാസിക്കാൻ പത്രോസിനെ പ്രേരിപ്പിച്ചത് എന്താണ്, ശാസിച്ചുകൊണ്ട് അവൻ എന്താണ് പറഞ്ഞത്?
15 എന്നിരുന്നാലും, അധികം ഉത്തരവാദിത്വങ്ങൾ ലഭിച്ചവരോട് അധികം ചോദിക്കുമെന്ന് യേശു പിന്നീടൊരിക്കൽ പറഞ്ഞു. പത്രോസ് ഇത്തരത്തിലുള്ള ഒരാളായിരുന്നു. (ലൂക്കോ. 12:48) മിശിഹായെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ചില സത്യങ്ങൾ യേശു തുടർന്ന് വെളിപ്പെടുത്തി. യെരുശലേമിൽവെച്ച് ഉടനെ സംഭവിക്കാനിരുന്ന പീഡാനുഭവങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും അവൻ പറഞ്ഞു. ഇതു കേട്ട പത്രോസ് അസ്വസ്ഥനായി. അവൻ യേശുവിനെ കൂട്ടത്തിൽനിന്ന് മാറ്റിക്കൊണ്ടുപോയി ശാസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “കർത്താവേ, അങ്ങനെ പറയരുതേ; നിനക്ക് ഒരിക്കലും അതു ഭവിക്കാതിരിക്കട്ടെ.”—മത്താ. 16:21, 22.
16. യേശു പത്രോസിനെ തിരുത്തിയത് എങ്ങനെ, യേശുവിന്റെ ആ വാക്കുകളിൽ നമുക്കെല്ലാം എന്തു പാഠമുണ്ട്?
16 യേശുവിനെ സഹായിക്കുകയാണെന്നു കരുതിയാണ് പത്രോസ് അങ്ങനെ പറഞ്ഞത്. പക്ഷേ യേശുവിന്റെ മറുപടി അവനെ അമ്പരപ്പിച്ചുകാണും. യേശു പത്രോസിന് പുറംതിരിഞ്ഞ് മറ്റു ശിഷ്യന്മാരെ നോക്കി. അവരുടെ ചിന്തയും ഇതുപോലൊക്കെത്തന്നെയായിരുന്നെന്നു തോന്നുന്നു. എന്നിട്ട് പത്രോസിനെ ശാസിച്ചുകൊണ്ട് യേശു പറഞ്ഞു: “സാത്താനേ, എന്നെ വിട്ട് പോകൂ! നീ എനിക്ക് ഇടർച്ചയാകുന്നു. നിന്റെ ചിന്തകൾ ദൈവത്തിന്റെ ചിന്തകളല്ല, മനുഷ്യരുടേതത്രേ.” (മത്താ. 16:23; മർക്കോ. 8:32, 33) നമുക്കുവേണ്ടിയുള്ള ശക്തമായൊരു പാഠം യേശുവിന്റെ ഈ വാക്കുകളിലുണ്ട്. ദൈവത്തിന്റെ ചിന്തകളെക്കാൾ മനുഷ്യന്റെ ചിന്തകൾക്ക് മുൻതൂക്കം കൊടുക്കുക വളരെ എളുപ്പമാണ്. ഒരാളെ സഹായിക്കാനുള്ള ഉദ്ദേശ്യത്തിലായിരിക്കും ചിലപ്പോൾ നമ്മൾ അങ്ങനെ ചെയ്യുന്നത്. എന്നാൽ അപ്പോഴും നമ്മൾ അറിയാതെ സാത്താന്റെ ലക്ഷ്യങ്ങളെയായിരിക്കും പിന്തുണയ്ക്കുന്നത്, ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെ ആയിരിക്കില്ല. ആകട്ടെ, ഇവിടെ പത്രോസ് എങ്ങനെയാണ് പ്രതികരിച്ചത്?
17. “സാത്താനേ, എന്നെ വിട്ട് പോകൂ!” എന്നു പത്രോസിനോടു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്?
17 തന്നെ പിശാചായ സാത്താൻ എന്ന് യേശു അക്ഷരാർഥത്തിൽ വിളിക്കുകയായിരുന്നെന്ന് പത്രോസ് ചിന്തിച്ചിരിക്കാൻ വഴിയില്ല. കാരണം, പിശാചായ സാത്താനെ യേശു തള്ളിക്കളയുകയാണ് ചെയ്തത്. (മത്താ. 4:10) എന്നാൽ പത്രോസിനെ യേശു തള്ളിക്കളഞ്ഞില്ല! അവനിൽ ഏറെ നന്മയുണ്ടെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് ഇവിടെ യേശു പത്രോസിന്റെ ചിന്തയിലെ ഒരു പിശക് തിരുത്തിയെന്നേ ഉള്ളൂ. ഗുരുവിന്റെ മുമ്പിൽ ഒരു ഇടർച്ചക്കല്ലായി നിൽക്കാതെ ഗുരുവിനെ പിന്നിൽനിന്നു പിന്തുണയ്ക്കാനാണ് യേശു പറഞ്ഞതെന്നു സാരം.
പ്രബോധനവും തിരുത്തലും താഴ്മയോടെ സ്വീകരിക്കുക, അതിൽനിന്നു പഠിക്കുക, എങ്കിലേ യേശുക്രിസ്തുവിനോടും യഹോവയോടും കൂടുതൽക്കൂടുതൽ അടുത്തുചെല്ലാൻ നമുക്കു കഴിയൂ
18. പത്രോസ് വിശ്വസ്തത കാണിച്ചത് എങ്ങനെ, നമുക്ക് അവനെ എങ്ങനെ അനുകരിക്കാം?
18 പത്രോസ് തർക്കിക്കുകയോ കോപിഷ്ഠനാകുകയോ ദുർമുഖം കാണിക്കുകയോ ചെയ്തോ? ഇല്ല. തനിക്കു കിട്ടിയ തിരുത്തൽ അവൻ താഴ്മയോടെ സ്വീകരിച്ചു. അങ്ങനെ അവൻ വീണ്ടും ഗുരുവിനോട് വിശ്വസ്തതയും കൂറും കാണിച്ചു! യേശുവിനെ അനുഗമിക്കുന്ന നമുക്കെല്ലാം എപ്പോഴെങ്കിലുമൊക്കെ തിരുത്തൽ വേണ്ടിവരും. അപ്പോഴൊക്കെ, നമുക്കു ലഭിക്കുന്ന പ്രബോധനവും തിരുത്തലും താഴ്മയോടെ സ്വീകരിക്കുകയും അതിൽനിന്നു പഠിക്കുകയും ചെയ്യുക. എങ്കിൽ മാത്രമേ യേശുക്രിസ്തുവിനോടും അവന്റെ പിതാവായ യഹോവയാം ദൈവത്തോടും കൂടുതൽക്കൂടുതൽ അടുത്തുചെല്ലാൻ നമുക്കു കഴിയുകയുള്ളൂ.—സദൃശവാക്യങ്ങൾ 4:13 വായിക്കുക.
വിശ്വസ്തതയ്ക്ക് പ്രതിഫലം!
19. അമ്പരപ്പിക്കുന്ന ഏതു പ്രസ്താവനയാണ് യേശു നടത്തിയത്, പത്രോസ് അതേപ്പറ്റി എന്തു കരുതിക്കാണും?
19 വൈകാതെ യേശു അമ്പരപ്പിക്കുന്ന മറ്റൊരു പ്രസ്താവന നടത്തി: “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു ദർശിക്കുംവരെ മരണം കാണുകയില്ലാത്ത ചിലർ ഇവിടെ നിൽക്കുന്നവരിലുണ്ട് എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” (മത്താ. 16:28) അതുകേട്ട പത്രോസിന്റെ ജിജ്ഞാസ നിങ്ങൾക്ക് ഊഹിക്കാനാകുന്നുണ്ടോ? ‘അല്പം മുമ്പല്ലേ എനിക്ക് ശക്തമായ തിരുത്തൽ കിട്ടിയത്. അപ്പോൾപ്പിന്നെ ഇതുപോലൊരു സവിശേഷപദവിയൊന്നും എനിക്ക് ഏതായാലും കിട്ടുകയില്ല,’ ഇങ്ങനെ പോയിക്കാണും പത്രോസിന്റെ ചിന്തകൾ. എന്തായിരിക്കാം യേശു പറഞ്ഞതിന് അർഥം?
20, 21. (എ) പത്രോസ് കണ്ട ദർശനം വിവരിക്കുക. (ബി) ദർശനത്തിൽ കണ്ട പുരുഷന്മാരുടെ സംഭാഷണം പത്രോസിന്റെ വീക്ഷണം തിരുത്താൻ സഹായിച്ചത് എങ്ങനെ?
20 ഏതാണ്ട് ഒരാഴ്ച കഴിഞ്ഞ് യേശു യാക്കോബിനെയും യോഹന്നാനെയും പത്രോസിനെയും കൂട്ടിക്കൊണ്ട് “ഉയർന്ന ഒരു മലയിലേക്കു പോയി.” ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ഹെർമോൻ പർവതത്തിലേക്കായിരിക്കാം പോയത്. യേശു അവിടെ പ്രാർഥിച്ചുകൊണ്ടിരുന്നു. മൂവരും മയങ്ങുകയായിരുന്നെന്നു വിവരണം പറയുന്നതുകൊണ്ട് സമയം രാത്രിയാണെന്നു തോന്നുന്നു. എന്നാൽ അവരുടെ ഉറക്കച്ചടവും ക്ഷീണവും ഒക്കെ മാറ്റിക്കളയുന്ന ചില സംഭവങ്ങളാണ് പിന്നീട് അവിടെ അരങ്ങേറിയത്.—മത്താ. 17:1; ലൂക്കോ. 9:28, 29, 32.
21 യേശു അവരുടെ മുമ്പാകെ രൂപാന്തരപ്പെടാൻ തുടങ്ങി. അവന്റെ മുഖം തിളങ്ങി, ആ മുഖത്തുനിന്നു പ്രകാശകിരണങ്ങൾ പ്രവഹിക്കുന്നതുപോലെ, ഒടുവിൽ അത് സൂര്യനെപ്പോലെ ശോഭയാർന്നതായി! അവന്റെ ഉടയാട വെളിച്ചംപോലെ വെണ്മയുള്ളതായിത്തീർന്നു! മോശയെയും ഏലിയാവിനെയും പ്രതിനിധീകരിക്കുന്ന രണ്ടു രൂപങ്ങൾ അവനോടൊപ്പം നിൽക്കുന്നതു കണ്ടു. അവർ അവനോട് സംസാരിച്ചുകൊണ്ടിരുന്നു. “യെരുശലേമിൽവെച്ചു സംഭവിക്കാനിരുന്ന അവന്റെ വേർപാടിനെക്കുറിച്ചായിരുന്നു” അവരുടെ സംസാരം, സാധ്യതയനുസരിച്ച് അവന്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച്. യേശു പീഡാനുഭവങ്ങളേറ്റ് മരിക്കും എന്ന വസ്തുത നിഷേധിച്ച തനിക്ക് എത്ര തെറ്റിപ്പോയെന്ന് പത്രോസ് തിരിച്ചറിഞ്ഞു!—ലൂക്കോ. 9:30, 31.
22, 23. (എ) പത്രോസ് ഉത്സാഹവും ശുഷ്കാന്തിയും കാണിച്ചത് എങ്ങനെ? (ബി) പത്രോസിനും യാക്കോബിനും യോഹന്നാനും ആ രാത്രിയിൽ മറ്റ് എന്തു പദവികൂടി ലഭിച്ചു?
22 ഈ അസാധാരണദർശനത്തിൽ ഏതെങ്കിലും തരത്തിൽ പങ്കുചേരാനുള്ള അതിയായ ആഗ്രഹം പത്രോസിനുണ്ടായി. ഒരുപക്ഷേ ദർശനം കുറെക്കൂടി ദീർഘിപ്പിക്കാൻ അവൻ ആഗ്രഹിച്ചുകാണും. മോശയും ഏലിയാവും യേശുവിനെ വിട്ടുപിരിഞ്ഞ് പോകുകയാണെന്നു തോന്നിയപ്പോൾ പത്രോസ് ഇങ്ങനെ പറഞ്ഞു: “ഗുരോ, ഞങ്ങൾ ഇവിടെ ആയിരിക്കുന്നതു നല്ലത്. അതുകൊണ്ട് ഞങ്ങൾ മൂന്നുകൂടാരം ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശയ്ക്കും ഒന്ന് ഏലിയാവിനും.” ദർശനത്തിൽ കണ്ട ആ ദൈവദാസന്മാർ എത്രയോ കാലം മുമ്പ് മരിച്ചുപോയവരാണ്! അവർക്ക് കൂടാരത്തിന്റെ ആവശ്യവും ഇല്ല. പിന്നെയെന്താണ് പത്രോസ് അങ്ങനെ പറഞ്ഞത്? വാസ്തവത്തിൽ, താൻ എന്താണു പറയുന്നതെന്ന് അവനുതന്നെ അറിയില്ലായിരുന്നു! പക്ഷേ അവന്റെ ഉത്സാഹവും ശുഷ്കാന്തിയും നിങ്ങൾ കണ്ടോ? കാപട്യമില്ലാത്ത ഈ മനുഷ്യനോട് നിങ്ങൾക്ക് അടുപ്പം തോന്നുന്നില്ലേ?—ലൂക്കോ. 9:33.
23 പത്രോസിനും യാക്കോബിനും യോഹന്നാനും ആ രാത്രിയിൽ മറ്റൊരു വലിയ പദവികൂടി ലഭിച്ചു. പർവതത്തിലായിരിക്കെത്തന്നെ ഒരു മേഘം രൂപപ്പെട്ട് അവരെ മൂടി. ആ മേഘത്തിൽനിന്ന് ഒരു ശബ്ദം കേട്ടു, യഹോവയാം ദൈവത്തിന്റെ ശബ്ദം! “ഇവൻ എന്റെ പ്രിയപുത്രൻ; ഞാൻ തിരഞ്ഞെടുത്തിരിക്കുന്നവൻതന്നെ. ഇവനു ശ്രദ്ധകൊടുക്കുവിൻ.” പിന്നെ ആ ദർശനം അവസാനിച്ചു. അവിടെ അവരും യേശുവും മാത്രമായി.—ലൂക്കോ. 9:34-36.
24. (എ) രൂപാന്തരണദർശനം പത്രോസിന് പ്രയോജനപ്പെട്ടത് എങ്ങനെ? (ബി) രൂപാന്തരണദർശനം ഇന്ന് നമ്മെ എങ്ങനെ സഹായിക്കും?
24 ആ രൂപാന്തരണദർശനം പത്രോസിന് എത്ര വലിയ അനുഗ്രഹമായിരുന്നു! നമുക്കും അങ്ങനെതന്നെയാണ്! ദശകങ്ങൾക്കു ശേഷം പത്രോസ് തനിക്ക് ആ രാത്രിയിൽ ലഭിച്ച മഹനീയപദവിയെക്കുറിച്ച് എഴുതുകയുണ്ടായി. യേശു സ്വർഗീയരാജാവായിത്തീരുമ്പോൾ യഥാർഥത്തിൽ എത്ര മഹത്ത്വമേറിയവനായിരിക്കും എന്നതിന്റെ ഒരു ദർശനം അവനു കിട്ടി! അങ്ങനെ “അവന്റെ മഹത്ത്വത്തിന് ദൃക്സാക്ഷി”യാകാൻ പത്രോസിനു കഴിഞ്ഞു! ആ ദർശനം ദൈവവചനത്തിലെ അനേകം പ്രവചനങ്ങളുടെ സത്യത സ്ഥിരീകരിച്ചു. കൂടാതെ, ഭാവിയിൽ നേരിടാനിരുന്ന പരിശോധനകളിൽ സഹിച്ചുനിൽക്കാൻ, പത്രോസിന്റെ വിശ്വാസത്തിന് കരുത്തേകുകയും ചെയ്തു. (2 പത്രോസ് 1:16-19 വായിക്കുക.) ഇതേ അനുഗ്രഹങ്ങൾ നമ്മുടെയും സ്വന്തമാകും! അതിനായി പത്രോസിനെപ്പോലെ നമുക്കും യഹോവ നിയമിച്ചാക്കിയ ഗുരുവായ യേശുവിനോട് കൂറുപുലർത്താം. അവനിൽനിന്നു പഠിക്കാം, അവന്റെ തിരുത്തലും ശിക്ഷണവും സ്വീകരിക്കാം, എന്നുമെന്നും എളിമയോടെ അവന്റെ കാലടികൾ പിന്തുടരാം!
a സിനഗോഗിലുണ്ടായിരുന്ന ജനക്കൂട്ടത്തിന്റെ സ്ഥിരതയില്ലായ്മ നമുക്ക് ഇവിടെ കാണാം. അവൻ ദൈവത്തിന്റെ പ്രവാചകൻ ആകുന്നു എന്ന് തലേ ദിവസം ആവേശത്തോടെ പറഞ്ഞ ആളുകളാണ് ഇപ്പോൾ നേരെ തിരിഞ്ഞിരിക്കുന്നത്.—യോഹ. 6:14.
b ഗലീലക്കടലിന്റെ തീരത്തുനിന്ന് വടക്കോട്ടുള്ള ഈ യാത്ര തുടങ്ങുമ്പോൾ അവർ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 700 അടി (210 മീറ്റർ) താഴെയാണ്. 50 കിലോമീറ്റർ യാത്രചെയ്ത് അവർ എത്തുന്നത് 1,150 അടി (350 മീറ്റർ) ഉയരത്തിലേക്കാണ്. ഇവിടം അതീവസുന്ദരമാണ്!