അധ്യായം 60
രൂപാന്തരം—ക്രിസ്തുവിന്റെ മഹത്ത്വത്തിന്റെ ഒരു നേർക്കാഴ്ച
മത്തായി 16:28–17:13; മർക്കോസ് 9:1-13; ലൂക്കോസ് 9:27-36
രൂപാന്തരത്തിന്റെ ദർശനം
അപ്പോസ്തലന്മാർ ദൈവത്തിന്റെ ശബ്ദം കേൾക്കുന്നു
ഹെർമോൻ പർവതത്തിൽനിന്ന് ഏതാണ്ട് 25 കിലോമീറ്റർ അകലെയുള്ള കൈസര്യഫിലിപ്പി പ്രദേശത്ത് യേശു ആളുകളെ പഠിപ്പിക്കുകയാണ്. ആ സമയത്ത് യേശു അപ്പോസ്തലന്മാരോടു ഞെട്ടിക്കുന്ന ഒരു കാര്യം പറയുന്നു: “ഇവിടെ നിൽക്കുന്നവരിൽ ചിലർ, മരിക്കുന്നതിനു മുമ്പ് മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—മത്തായി 16:28.
യേശു എന്താണ് ഈ പറയുന്നതെന്നു ശിഷ്യന്മാർക്കു പിടികിട്ടുന്നില്ല. ഏതാണ്ട് ഒരാഴ്ച കഴിഞ്ഞ് പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നീ മൂന്ന് അപ്പോസ്തലന്മാരെ കൂട്ടിക്കൊണ്ട് യേശു ഉയരമുള്ള ഒരു മലയിലേക്കു പോകുന്നു. ഇതു മിക്കവാറും രാത്രിയിലായിരിക്കണം. കാരണം മൂന്നു പേരും പാതി മയക്കത്തിലാണ്. പ്രാർഥിച്ചുകൊണ്ടിരിക്കുന്ന യേശു അവരുടെ മുന്നിൽ രൂപാന്തരപ്പെടുന്നു. യേശുവിന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങുന്നതും വസ്ത്രങ്ങൾ വെളിച്ചംപോലെ പ്രകാശിക്കുന്നതും അപ്പോസ്തലന്മാർ കാണുന്നു.
അപ്പോൾ രണ്ടു രൂപങ്ങൾ പ്രത്യക്ഷപ്പെടുന്നു, ‘മോശയെയും ഏലിയയെയും’ പോലുണ്ട് അവർ. “യരുശലേമിൽവെച്ച് സംഭവിക്കാനിരുന്ന യേശുവിന്റെ വേർപാടിനെക്കുറി”ച്ച് അവർ യേശുവിനോടു സംസാരിക്കാൻതുടങ്ങുന്നു. (ലൂക്കോസ് 9:30, 31) വേർപാട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യേശുവിന്റെ മരണവും തുടർന്നുള്ള പുനരുത്ഥാനവും ആണ്. അടുത്തകാലത്ത് യേശു അതെക്കുറിച്ച് പറഞ്ഞതുമാണ്. (മത്തായി 16:21) യേശുവിന്റെ നിന്ദാകരമായ മരണം ഒഴിവാക്കാൻ പറ്റുന്ന ഒന്നല്ലെന്ന് ഈ സംഭാഷണം കാണിക്കുന്നു. പത്രോസ് ആഗ്രഹിച്ചതിൽനിന്ന് എത്രയോ വ്യത്യസ്തം!
ഉറക്കം വിട്ട് ഉണർന്ന അപ്പോസ്തലന്മാർ മൂന്നു പേരുംഅത്ഭുതത്തോടെ എല്ലാം നോക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു. ഇതൊരു ദർശനമാണ്. പക്ഷേ ഇത് അത്ര യഥാർഥമായി തോന്നുന്നതുകൊണ്ട് പത്രോസ് അതിൽ പാടേ മുഴുകിയിരിക്കുകയാണ്. പത്രോസ് പറയുന്നു: “റബ്ബീ, ഞങ്ങൾക്ക് ഇവിടെ വരാൻ കഴിഞ്ഞത് എത്ര നന്നായി! ഞങ്ങൾ മൂന്നു കൂടാരം ഉണ്ടാക്കട്ടെ. ഒന്ന് അങ്ങയ്ക്കും ഒന്നു മോശയ്ക്കും പിന്നെ ഒന്ന് ഏലിയയ്ക്കും.” (മർക്കോസ് 9:5) ഈ ദർശനം കുറച്ച് നേരംകൂടി തുടരണം എന്നുള്ളതുകൊണ്ടാണോ പത്രോസ് മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നത്?
പത്രോസ് സംസാരിക്കുമ്പോൾ പ്രകാശം നിറഞ്ഞ ഒരു മേഘം അവരുടെ മേൽ വരുന്നു. “ഇവൻ എന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവൻ പറയുന്നതു ശ്രദ്ധിക്കണം” എന്നു മേഘത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടാകുന്നു. ഇതു കേട്ട് വല്ലാതെ പേടിച്ചുപോയ അപ്പോസ്തലന്മാർ നിലത്ത് കമിഴ്ന്നുവീഴുന്നു. അപ്പോൾ യേശു അവരോട്, “പേടിക്കേണ്ടാ, എഴുന്നേൽക്കൂ” എന്നു പറയുന്നു. (മത്തായി 17:5-7) അവർ എഴുന്നേറ്റ് നോക്കുമ്പോൾ യേശുവിനെയല്ലാതെ ആരെയും കാണുന്നില്ല. ദർശനം അവസാനിച്ചിരുന്നു. നേരം വെളുത്ത് അവർ മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു പറയുന്നു: “മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നതുവരെ ഈ ദർശനത്തെക്കുറിച്ച് ആരോടും പറയരുത്.”—മത്തായി 17:9.
ദർശനത്തിൽ ഏലിയയെ കണ്ടത് ഒരു ചോദ്യം ഉയർത്തുന്നു. അപ്പോസ്തലന്മാർ ചോദിക്കുന്നു: “എന്താണ് ആദ്യം ഏലിയ വരുമെന്നു ശാസ്ത്രിമാർ പറയുന്നത്?” യേശു പറയുന്നു: “ഏലിയ വന്നുകഴിഞ്ഞു. അവരോ ഏലിയയെ തിരിച്ചറിഞ്ഞില്ല.” (മത്തായി 17:10-12) സ്നാപകയോഹന്നാനെക്കുറിച്ചാണു യേശു ഇതു പറയുന്നത്. ഏലിയ ചെയ്തതുപോലുള്ള ഒരു പ്രവർത്തനമാണു യോഹന്നാനും ചെയ്തത്. ഏലിയ, എലീശയ്ക്കു വഴി ഒരുക്കി; യോഹന്നാൻ ക്രിസ്തുവിനും.
യേശുവിനെയും അപ്പോസ്തലന്മാരെയും ഈ ദർശനം എത്ര ബലപ്പെടുത്തിയിരിക്കണം! ക്രിസ്തു രാജാവായി വരുമ്പോഴുള്ള മഹത്ത്വത്തിന്റെ ഒരു പൂർവദർശനമാണ് ഇത്. അങ്ങനെ യേശു പറഞ്ഞിരുന്നതുപോലെതന്നെ, “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നത് ” ശിഷ്യന്മാർ കണ്ടു. (മത്തായി 16:28) മലയിലായിരുന്നപ്പോൾ അവർ “യേശുവിന്റെ മഹത്ത്വത്തിനു ദൃക്സാക്ഷികളാ”യി. ദൈവം തിരഞ്ഞെടുത്ത രാജാവ് യേശുവാണെന്നുള്ളതിന് ഒരു അടയാളം പരീശന്മാർ ആഗ്രഹിച്ചെങ്കിലും അതു കാണിക്കാൻ യേശു തയ്യാറായില്ല. പക്ഷേ പ്രിയ ശിഷ്യന്മാരെ തന്റെ രൂപാന്തരണം കാണാൻ അനുവദിച്ചു. ഈ രൂപാന്തരണം രാജ്യത്തെക്കുറിച്ചുള്ള പ്രവചനങ്ങളുടെ ഒരു ഉറപ്പാണ്. അതുകൊണ്ട് പത്രോസിനു പിന്നീട് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “പ്രവചനത്തെക്കുറിച്ച് നമുക്കു കൂടുതൽ ഉറപ്പു ലഭിച്ചിരിക്കുന്നു.”—2 പത്രോസ് 1:16-19.