അധ്യായം 63
വീണുപോകാൻ ഇടയാക്കുന്നതിനെക്കുറിച്ചും പാപത്തെക്കുറിച്ചും ഉള്ള ബുദ്ധിയുപദേശം
മത്തായി 18:6-20; മർക്കോസ് 9:38-50; ലൂക്കോസ് 9:49, 50
വീണുപോകാൻ ഇടയാക്കുന്നതിനെക്കുറിച്ചുള്ള ബുദ്ധിയുപദേശം
ഒരു സഹോദരൻ പാപം ചെയ്യുന്നെങ്കിൽ
തന്റെ അനുഗാമികൾക്കുണ്ടായിരിക്കേണ്ട മനോഭാവത്തെക്കുറിച്ച് യേശു പറഞ്ഞുകഴിഞ്ഞതേ ഉള്ളൂ. അവർ തങ്ങളെത്തന്നെ കുട്ടികളെപ്പോലെ കരുതണം, അതായത് എളിയവരും സ്ഥാനമാനങ്ങളൊന്നും ഇല്ലാത്തവരായി. ശിഷ്യന്മാർ ‘അങ്ങനെയുള്ള കുട്ടികളെ യേശുവിന്റെ നാമത്തിൽ സ്വീകരിക്കണം; അപ്പോൾ അവർ യേശുവിനെയും സ്വീകരിക്കുന്നു.’—മത്തായി 18:5.
ആരാണ് ഏറ്റവും വലിയവൻ എന്നതിനെക്കുറിച്ച് ഈയിടെയാണു ശിഷ്യന്മാർക്കിടയിൽ തർക്കമുണ്ടായത്. അതുകൊണ്ട് യേശു പറഞ്ഞത് ഒരു ശാസനയായി അവർക്കു തോന്നിയിരിക്കണം. അപ്പോഴാണു യോഹന്നാൻ അപ്പോസ്തലൻ മറ്റൊരു കാര്യം പറയുന്നത്. അത് ഇപ്പോൾ നടന്നതേ ഉള്ളൂ. “ഒരാൾ അങ്ങയുടെ പേര് ഉപയോഗിച്ച് ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളോടൊപ്പം അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അയാളെ തടയാൻ നോക്കി,” യോഹന്നാൻ പറയുന്നു.—ലൂക്കോസ് 9:49.
ഭൂതങ്ങളെ പുറത്താക്കാനും ആളുകളെ സുഖപ്പെടുത്താനും അപ്പോസ്തലന്മാർക്കു മാത്രമേ അവകാശമുള്ളൂ എന്നാണോ യോഹന്നാൻ ചിന്തിക്കുന്നത്? അങ്ങനെയെങ്കിൽ ഈ ജൂതന് ദുഷ്ടാത്മാക്കളെ പുറത്താക്കാൻ എങ്ങനെ കഴിയുന്നു? അയാൾ യേശുവിന്റെയും അപ്പോസ്തലന്മാരുടെയും കൂടെ ഇല്ലാത്തതുകൊണ്ട് ഇത്തരം അത്ഭുതങ്ങൾ ചെയ്യരുതെന്നായിരിക്കാം യോഹന്നാൻ കരുതുന്നത്.
യോഹന്നാനെ അത്ഭുതപ്പെടുത്തിക്കൊണ്ട് യേശു പറയുന്നു: “അയാളെ തടയേണ്ടാ. കാരണം, എന്റെ നാമത്തിൽ ഒരു അത്ഭുതം ചെയ്തിട്ട് ഉടനെ എന്നെക്കുറിച്ച് മോശമായതു പറയാൻ ആർക്കും പറ്റില്ല. നമുക്ക് എതിരല്ലാത്തവരെല്ലാം നമ്മുടെ പക്ഷത്താണ്. നിങ്ങൾ ക്രിസ്തുവിന്റെ ആളുകളാണ് എന്ന കാരണത്താൽ ആരെങ്കിലും നിങ്ങൾക്ക് അൽപ്പം വെള്ളം കുടിക്കാൻ തന്നാൽ അയാൾക്കു പ്രതിഫലം ലഭിക്കാതെപോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—മർക്കോസ് 9:39-41.
ഈ സമയത്ത് യേശുവിന്റെ പക്ഷത്തായിരിക്കാൻ ഒരാൾ യേശുവിന്റെ കൂടെത്തന്നെ കാണണമെന്നില്ല. കാരണം ക്രിസ്തീയസഭ അപ്പോഴും നിലവിൽ വന്നിട്ടില്ല. അതുകൊണ്ട് യേശുവിന്റെകൂടെ യാത്ര ചെയ്യുന്നില്ല എന്നുവെച്ച് ആ മനുഷ്യൻ ഒരു എതിരാളിയോ വ്യാജമതത്തെ പ്രോത്സാഹിപ്പിക്കുന്നവനോ അല്ല. അയാൾക്കു വ്യക്തമായും യേശുവിന്റെ നാമത്തിൽ വിശ്വാസമുണ്ട്. അയാൾക്കു സമ്മാനം നഷ്ടമാകില്ല എന്നു യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.
അതേസമയം അപ്പോസ്തലന്മാരുടെ വാക്കുകളോ പ്രവൃത്തികളോ അയാൾ വിശ്വാസത്തിൽനിന്ന് വീണുപോകാൻ ഇടയാക്കുന്നെങ്കിൽ അതു വളരെ ഗൗരവമുള്ള കാര്യമാണ്. യേശു പറയുന്നു: “വിശ്വാസമുള്ള ഈ ചെറിയവരിൽ ഒരാൾ വിശ്വാസത്തിൽനിന്ന് വീണുപോകാൻ ആരെങ്കിലും ഇടയാക്കിയാൽ, കഴുത തിരിക്കുന്നതുപോലുള്ള ഒരു തിരികല്ലു കഴുത്തിൽ കെട്ടി അയാളെ കടലിൽ എറിയുന്നതാണ് അയാൾക്കു കൂടുതൽ നല്ലത്.” (മർക്കോസ് 9:42) തുടർന്ന് യേശു പറയുന്നത് ഒരാളുടെ കൈ, കാൽ, കണ്ണ് എന്നിവപോലെ വളരെ പ്രധാനപ്പെട്ട അവയവങ്ങൾപോലും അയാൾ വീണുപോകാൻ ഇടയാക്കുന്നെങ്കിൽ അതു നീക്കം ചെയ്യണമെന്നാണ്. അത്തരം വിലയേറിയ കാര്യങ്ങൾ സഹിതം ഗീഹെന്നയിലേക്കു (ഹിന്നോം താഴ്വര) പോകുന്നതിനെക്കാൾ അതൊന്നും ഇല്ലാതെ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതാണു നല്ലത്. സാധ്യതയനുസരിച്ച് അപ്പോസ്തലന്മാർ യരുശലേമിന് അടുത്തുള്ള ഹിന്നോം താഴ്വര കണ്ടിട്ടുണ്ട്. അവിടെയാണു ചപ്പുചവറുകൾ കത്തിക്കുന്നത്. അതുകൊണ്ട് അതു നിത്യനാശത്തെ അർഥമാക്കുന്നെന്ന് അവർക്കു മനസ്സിലാകും.
യേശു ഇങ്ങനെയും മുന്നറിയിപ്പു കൊടുക്കുന്നു: “ഈ ചെറിയവരിൽ ഒരാളെപ്പോലും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക; കാരണം സ്വർഗത്തിൽ അവരുടെ ദൂതന്മാർ എപ്പോഴും സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം കാണുന്നവരാണെന്നു ഞാൻ നിങ്ങളോടു പറയുന്നു.” ‘ഈ ചെറിയവരെ’ ദൈവം എങ്ങനെയാണു കണക്കാക്കുന്നത്? ഒരാൾക്കുള്ള 100 ആടിൽനിന്ന് ഒരെണ്ണം നഷ്ടപ്പെടുന്നതിനെക്കുറിച്ച് യേശു പറയുന്നു. അയാൾ 99-നെയും വിട്ടിട്ട് നഷ്ടപ്പെട്ട ആ ഒരെണ്ണത്തെ തേടി പോകുന്നു. അതിനെ കണ്ടെത്തുമ്പോൾ ബാക്കി 99-നെക്കാൾ ഈ ഒരെണ്ണത്തെക്കുറിച്ച് അയാൾ കൂടുതൽ സന്തോഷിക്കും. “ഈ ചെറിയവരിൽ ഒരാൾപ്പോലും നശിച്ചുപോകുന്നതു സ്വർഗസ്ഥനായ എന്റെ പിതാവിന് ഇഷ്ടമല്ല” എന്നും യേശു പറയുന്നു.—മത്തായി 18:10, 14.
ആരാണ് ഏറ്റവും വലിയവൻ എന്നതിനെക്കുറിച്ചുള്ള അപ്പോസ്തലന്മാരുടെ തർക്കത്തെപ്പറ്റി ചിന്തിച്ചിട്ടായിരിക്കാം, യേശു പറയുന്നു: “നിങ്ങൾ ഉപ്പുള്ളവരും പരസ്പരം സമാധാനത്തിൽ കഴിയുന്നവരും ആയിരിക്കുക.” (മർക്കോസ് 9:50) ഉപ്പ് ആഹാരത്തിന്റെ രുചി വർധിപ്പിക്കുന്നു. ആലങ്കാരിക ഉപ്പ് ഒരാൾ പറയുന്ന കാര്യം സ്വീകരിക്കുന്നത് എളുപ്പമാക്കുന്നു. അങ്ങനെ സമാധാനം നിലനിറുത്താനാകുന്നു. പക്ഷേ തർക്കിച്ചാൽ അതു പറ്റില്ല.—കൊലോസ്യർ 4:6.
ചിലപ്പോൾ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നു യേശു പറയുന്നു. “നിന്റെ സഹോദരൻ ഒരു പാപം ചെയ്താൽ നീയും ആ സഹോദരനും മാത്രമുള്ളപ്പോൾ ചെന്ന് സംസാരിച്ച് തെറ്റ് അദ്ദേഹത്തിനു മനസ്സിലാക്കിക്കൊടുക്കുക. അദ്ദേഹം നീ പറയുന്നതു കേൾക്കുന്നെങ്കിൽ നീ സഹോദരനെ നേടി.” അദ്ദേഹം കേൾക്കാൻ തയ്യാറാകുന്നില്ലെങ്കിലോ? “ഒന്നോ രണ്ടോ പേരെക്കൂടെ കൂട്ടിക്കൊണ്ട് ചെല്ലുക. അങ്ങനെ രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏതു കാര്യവും സ്ഥിരീകരിക്കാം,” യേശു ഉപദേശിക്കുന്നു. എന്നിട്ടും പ്രശ്നം പരിഹരിക്കാനാകുന്നില്ലെങ്കിൽ അവർ “സഭയെ,” അതായത് തീരുമാനമെടുക്കാൻ ചുമതലയുള്ള മൂപ്പന്മാരെ, അറിയിക്കണം. എന്നിട്ടും, പാപം ചെയ്ത വ്യക്തി ശ്രദ്ധിക്കുന്നില്ലെങ്കിലോ? “അദ്ദേഹത്തെ ജനതകളിൽപ്പെട്ടവനെപ്പോലെയും നികുതിപിരിവുകാരനെപ്പോലെയും” കണക്കാക്കണം. അത്തരം ആളുകളുമായി ജൂതന്മാർക്ക് ഒരു അടുപ്പവും ഇല്ലായിരുന്നു.—മത്തായി 18:15-17.
സഭാമേൽവിചാരകന്മാർ ദൈവവചനത്തോടു പറ്റിനിൽക്കണം. ഒരു പാപി കുറ്റക്കാരനും ശിക്ഷണം ആവശ്യമുള്ളവനും ആണെന്നു കണ്ടാൽ അവരുടെ വിധി, “അതിനു മുമ്പേ സ്വർഗത്തിൽ കെട്ടിയിട്ടുണ്ടാകും.” പക്ഷേ ഒരാൾ നിരപരാധിയാണെന്നു കണ്ടാൽ അതു “സ്വർഗത്തിൽ അഴിച്ചിട്ടുണ്ടാകും.” ഒരു ക്രിസ്തീയസഭ നിലവിൽ വരുമ്പോൾ ഈ മാർഗനിർദേശങ്ങൾ സഹായിക്കും. അത്തരം ഗൗരവമുള്ള തീരുമാനം എടുക്കാൻവേണ്ടി “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവന്നാൽ അവിടെ അവരുടെ ഇടയിൽ ഞാനുണ്ട് ” എന്നു യേശു പറയുന്നു.—മത്തായി 18:18-20.