“നീതിമാൻ യഹോവയിൽ ആനന്ദിക്കും”
ഡയാന 80 വയസ്സിനു മേൽ പ്രായമുള്ള ഒരു സഹോദരിയാണ്. ഭർത്താവ് കുറെ കാലം അൽസൈമേഴ്സ് എന്ന രോഗത്തിന്റെ പിടിയിലായിരുന്നു. മരിക്കുന്നതിനു മുമ്പുള്ള കുറച്ച് വർഷങ്ങൾ അദ്ദേഹം ഒരു പരിചരണകേന്ദ്രത്തിലാണു കഴിച്ചുകൂട്ടിയത്. രണ്ട് ആൺമക്കളെ സഹോദരിക്കു മരണത്തിൽ നഷ്ടപ്പെട്ടു. സ്തനാർബുദവുമായും സഹോദരിക്കു മല്ലിടേണ്ടിവന്നു. ഇങ്ങനെയെല്ലാമായിട്ടും, രാജ്യഹാളിലായാലും ശുശ്രൂഷയിലായാലും ഡയാന സഹോദരിയെ സഹോദരങ്ങൾ എപ്പോഴും സന്തോഷം സ്ഫുരിക്കുന്ന മുഖത്തോടെയാണു കാണുന്നത്.
43 വർഷത്തിലധികം ജോൺ സഹോദരൻ ഒരു സഞ്ചാരമേൽവിചാരകനായിരുന്നു. അദ്ദേഹം ആ സേവനപദവി വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അത് അദ്ദേഹത്തിനു ജീവനായിരുന്നു! എന്നാൽ രോഗിയായ ഒരു കുടുംബാംഗത്തെ പരിചരിക്കുന്നതിനുവേണ്ടി അദ്ദേഹത്തിനു സഞ്ചാരവേല നിറുത്തേണ്ടിവന്നു. ഇപ്പോൾ പ്രാദേശികസഭയിലാണ് അദ്ദേഹം സേവിക്കുന്നത്. ജോൺ സഹോദരനെ അറിയാവുന്നവർ സമ്മേളനത്തിലോ കൺവെൻഷനിലോ വെച്ച് കാണുമ്പോൾ, അദ്ദേഹത്തിന് എന്തെങ്കിലും മാറ്റം വന്നതിന്റെ ഒരു ലക്ഷണവും കാണുന്നില്ല. അദ്ദേഹത്തിന്റെ പഴയ സന്തോഷത്തിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല.
ഡയാനാ സഹോദരിക്കും ജോൺ സഹോദരനും എങ്ങനെയാണു സന്തുഷ്ടരായിരിക്കാൻ കഴിയുന്നത്? മാനസികമായും ശാരീരികമായും കഷ്ടപ്പെടുന്ന ഒരാൾക്കു ശരിക്കും സന്തോഷമുള്ളവനായിരിക്കാൻ പറ്റുമോ? ഇഷ്ടപ്പെട്ടിരുന്ന ഒരു സേവനപദവി നിറുത്തേണ്ടിവന്ന ഒരാൾക്ക് എങ്ങനെയാണ് ഇപ്പോഴും സന്തുഷ്ടനായിരിക്കാൻ കഴിയുന്നത്? അതിനുള്ള ഉത്തരം ഈ വാക്കുകളിലൂടെ ബൈബിൾ തരുന്നുണ്ട്: “നീതിമാൻ യഹോവയിൽ ആനന്ദിക്കും.” (സങ്കീ. 64:10) ഉള്ളിന്റെ ഉള്ളിലെ സന്തോഷത്തിന്റെ അടിസ്ഥാനം എന്താണ്, അത് എന്തല്ല എന്നു തിരിച്ചറിയുന്നെങ്കിൽ ഈ വാക്കുകളുടെ അർഥം നമുക്കു കൂടുതലായി മനസ്സിലാക്കാം.
താത്കാലികമായ സന്തോഷം
ഉറപ്പായും സന്തോഷം തരുന്ന ചില കാര്യങ്ങളുണ്ട്. പരസ്പരം സ്നേഹിക്കുന്ന രണ്ടു പേർ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഇനി, ഒരു കുട്ടിയുണ്ടാകുന്നതും ഒരു സേവനപദവി ലഭിക്കുന്നതും ഒക്കെ സന്തോഷം തരുന്ന കാര്യങ്ങളാണ്. അതു സ്വാഭാവികമാണ്. കാരണം ഇതെല്ലാം യഹോവയുടെ സമ്മാനങ്ങളാണ്. യഹോവയാണു വിവാഹം ഏർപ്പെടുത്തിയത്, പുനരുത്പാദനപ്രാപ്തി നൽകിയത്. ക്രിസ്തീയസഭയിലൂടെ നമുക്കു നിയമനങ്ങൾ തരുന്നതും ദൈവമാണ്.—ഉൽപ. 2:18, 22; സങ്കീ. 127:3; 1 തിമൊ. 3:1.
എന്നാൽ സന്തോഷം ചിലപ്പോൾ അധികകാലം നീണ്ടുനിന്നെന്നുവരില്ല. ഒരു വിവാഹയിണ വഞ്ചന കാണിച്ചേക്കാം, അല്ലെങ്കിൽ മരിച്ചുപോയേക്കാം. (യഹ. 24:18; ഹോശേ. 3:1) ചില കുട്ടികൾ മാതാപിതാക്കളോടും ദൈവത്തോടും അനുസരണക്കേടു കാണിക്കും, ചിലപ്പോൾ സഭയിൽനിന്ന് പുറത്താക്കപ്പെടുകപോലും ചെയ്തേക്കാം. ശമുവേലിന്റെ മക്കൾ സ്വീകാര്യമായ വിധത്തിൽ യഹോവയെ സേവിച്ചില്ല. ദാവീദിന്റെ പ്രവൃത്തികൾ സ്വന്തം വീട്ടിൽനിന്നുതന്നെ വിപത്തുകളുണ്ടാകാൻ കാരണമായി. (1 ശമു. 8:1-3; 2 ശമു. 12:11) അത്തരം സംഭവങ്ങൾ ദുഃഖത്തിനും പല പ്രശ്നങ്ങൾക്കും കാരണമാകും. ഇതൊന്നും ഒരിക്കലും നമുക്കു സന്തോഷം തരുന്ന കാര്യങ്ങളല്ല.
ഇനി, ദൈവജനത്തിന് ഇടയിൽ നമുക്കുള്ള സേവനപദവികൾ നമുക്കു നിറുത്തേണ്ടിവന്നേക്കാം. മോശമായ ആരോഗ്യമോ കുടുംബത്തിലെ ഉത്തരവാദിത്വങ്ങളോ സംഘടനയിൽ വരുന്ന മാറ്റങ്ങളോ ഒക്കെയായിരിക്കാം അതിനു കാരണം. ആ നിയമനം തങ്ങൾക്കു ശരിക്കും സംതൃപ്തി തന്നിരുന്നെന്നും ആ ദിവസങ്ങളെക്കുറിച്ച് ഇപ്പോഴും ഓർത്തുപോകാറുണ്ടെന്നും അത്തരം മാറ്റങ്ങളിലൂടെ കടന്നുപോകുന്നവർ സമ്മതിക്കുന്നു.
ഒരു പരിധിവരെ സന്തോഷത്തിനുള്ള ഇത്തരം കാരണങ്ങൾ താത്കാലികമാണെന്നു കാണാം. ആ സ്ഥിതിക്ക് ഒരു ചോദ്യം വരും: നിലനിൽക്കുന്ന സന്തോഷം എന്ന ഒന്നുണ്ടോ? സാഹചര്യങ്ങൾ മോശമായാലും നഷ്ടപ്പെടാത്ത തരം സന്തോഷം? അങ്ങനെയുണ്ട് എന്നതിനു തെളിവുണ്ട്. കാരണം, ശമുവേലും ദാവീദും മറ്റു പലരും പരിശോധനകളുണ്ടായപ്പോഴും ഒരു അളവുവരെ സന്തോഷം നിലനിറുത്തി.
നിലനിൽക്കുന്ന സന്തോഷം
സന്തോഷം എന്നാൽ എന്താണെന്നു യേശുവിനു കൃത്യമായി അറിയാമായിരുന്നു. മനുഷ്യനായി ഭൂമിയിൽ വരുന്നതിനു മുമ്പ് സ്വർഗത്തിലായിരുന്നപ്പോൾ യേശു “എപ്പോഴും (യഹോവയുടെ) സന്നിധിയിൽ സന്തോഷിച്ചുകൊണ്ടിരുന്നു.” അവിടെ യേശുവിന്റെ സന്തോഷം കവരുന്ന ഒന്നുമുണ്ടായിരുന്നില്ല. (സുഭാ. 8:30) എന്നാൽ ഭൂമിയിൽ വന്നപ്പോൾ യേശുവിനു കഠിനമായ പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. എങ്കിലും പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിൽ യേശു സന്തോഷം കണ്ടെത്തി. (യോഹ. 4:34) തന്റെ അവസാനമണിക്കൂറുകളിൽ വേദന അനുഭവിച്ചപ്പോൾ യേശുവിന്റെ സന്തോഷം നഷ്ടപ്പെട്ടോ? നമ്മൾ ഇങ്ങനെ വായിക്കുന്നു: ‘മുന്നിലുണ്ടായിരുന്ന സന്തോഷം ഓർത്ത് യേശു ദണ്ഡനസ്തംഭത്തിലെ മരണം സഹിച്ചു.’ (എബ്രാ. 12:2) അതുകൊണ്ട് യഥാർഥസന്തോഷത്തെക്കുറിച്ച് യേശു പറഞ്ഞ രണ്ടു കാര്യങ്ങൾ ചിന്തിക്കുന്നതു പ്രയോജനം ചെയ്യും.
ഒരിക്കൽ, ഒരു പ്രസംഗപര്യടനത്തിനു ശേഷം 70 ശിഷ്യന്മാർ തിരിച്ചുവന്നു. അവർ വളരെയധികം സന്തുഷ്ടരായിരുന്നു, അത്ഭുതങ്ങൾ ചെയ്തു എന്നതായിരുന്നു അവരുടെ സന്തോഷത്തിന്റെ കാരണം. അവർ ഭൂതങ്ങളെ പുറത്താക്കുകപോലും ചെയ്തു. യേശു അവരോടു പറഞ്ഞു: “ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതുകൊണ്ടല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതിയിരിക്കുന്നതുകൊണ്ട് സന്തോഷിക്കുക.” (ലൂക്കോ. 10:1-9, 17, 20) അതെ, ഒരു പ്രത്യേക സേവനപദവിയെക്കാൾ പ്രധാനമാണ് യഹോവയുടെ അംഗീകാരമുണ്ടായിരിക്കുന്നത്. വിശ്വസ്തരായ ശിഷ്യന്മാരെ യഹോവ പ്രീതിയോടെ ഓർക്കും. അതു വലിയ സന്തോഷത്തിനുള്ള ഒരു കാരണമല്ലേ?
മറ്റൊരു അവസരത്തിൽ യേശു ഒരു ജനക്കൂട്ടത്തോടു സംസാരിക്കുകയായിരുന്നു. അപ്പോൾ, ഇത്രയും ശ്രേഷ്ഠനായ അധ്യാപകന്റെ അമ്മ തീർച്ചയായും സന്തോഷമുള്ള ഒരു വ്യക്തിയായിരിക്കുമെന്നു ജൂതയായ ഒരു സ്ത്രീ വിളിച്ചുപറഞ്ഞു. പക്ഷേ യേശു ആ സ്ത്രീയെ തിരുത്തി. യേശു ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ വചനം കേട്ടനുസരിക്കുന്നവരാണ് അനുഗൃഹീതർ.” (ലൂക്കോ. 11:27, 28) മക്കളെക്കുറിച്ച് ഓർത്ത് മാതാപിതാക്കൾക്ക് അഭിമാനവും സന്തോഷവും ഒക്കെ തോന്നാറുണ്ട്, പക്ഷേ യഹോവയെ അനുസരിക്കുകയും യഹോവയുമായി ഒരു നല്ല ബന്ധമുണ്ടായിരിക്കുകയും ചെയ്യുന്നതാണു കൂടുതൽ സന്തോഷം തരുന്നത്.
ഉള്ളിന്റെ ഉള്ളിൽ ആഴമായ സന്തോഷം നമുക്ക് അനുഭവപ്പെടാൻ എങ്ങനെ കഴിയും? യഹോവയുടെ അംഗീകാരമുണ്ട് എന്ന തിരിച്ചറിവാണ് അതിന്റെ താക്കോൽ. ഈ ബോധ്യത്തിനു മങ്ങലേൽപ്പിക്കാൻ പരിശോധനകൾക്കാകില്ല. വാസ്തവത്തിൽ പരിശോധനകളുണ്ടാകുമ്പോൾ വിശ്വസ്തരായി പിടിച്ചുനിൽക്കുന്നതു നമ്മുടെ സന്തോഷം വർധിപ്പിക്കും. അതു നല്ല ഒരു ഹൃദയാവസ്ഥ നമുക്കു തരും. (റോമ. 5:3-5) കൂടാതെ, തന്നിൽ ആശ്രയിക്കുന്നവർക്ക് യഹോവ തന്റെ പരിശുദ്ധാത്മാവിനെ കൊടുക്കും. ആ ആത്മാവിന്റെ ഒരു ഗുണമാണു സന്തോഷം. (ഗലാ. 5:22) സങ്കീർത്തനം 64:10-ൽ “നീതിമാൻ യഹോവയിൽ ആനന്ദിക്കും” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം ഇപ്പോൾ കൂടുതൽ നന്നായി മനസ്സിലാകുന്നില്ലേ?
തുടക്കത്തിൽ പറഞ്ഞ ഡയാന സഹോദരിക്കും ജോൺ സഹോദരനും എങ്ങനെയാണു നിലനിൽക്കുന്ന സന്തോഷം ആസ്വദിക്കാൻ കഴിഞ്ഞതെന്നു നമ്മൾ ഇപ്പോൾ ചർച്ച ചെയ്ത വിവരങ്ങൾ വിശദീകരിക്കുന്നു. ഡയാന സഹോദരി പറയുന്നു: “ഞാൻ യഹോവയിൽ അഭയം തേടി, ഒരു കുട്ടി അവന്റെ അച്ഛന്റെയടുത്ത് പോകുന്നതുപോലെ.” ദൈവത്തിന്റെ അംഗീകാരം സഹോദരി എങ്ങനെയാണ് അനുഭവിച്ചറിഞ്ഞത്? “പുഞ്ചിരിയോടെ, ക്രമമായി പ്രസംഗപ്രവർത്തനത്തിൽ തുടരാൻ സഹായിച്ചുകൊണ്ട് യഹോവ എന്നെ അനുഗ്രഹിച്ചിരിക്കുന്നു.” വളരെയധികം ഇഷ്ടപ്പെട്ടിരുന്ന സഞ്ചാരവേല നിറുത്തിയതിനു ശേഷവും ശുശ്രൂഷയിൽ ഉത്സാഹത്തോടെ പ്രവർത്തിച്ച ജോൺ സഹോദരൻ, തന്നെ എന്താണു സഹായിച്ചതെന്നു വ്യക്തമാക്കുന്നു: “1998 മുതൽ ശുശ്രൂഷാ പരിശീലന സ്കൂളിൽ പഠിപ്പിക്കാനുള്ള നിയമനം എനിക്കു കിട്ടിയിരുന്നു. അപ്പോൾ മുതൽ, മുമ്പത്തേതിനെക്കാൾ അധികം ഞാൻ വ്യക്തിപരമായി പഠിക്കാൻ തുടങ്ങി.” തന്നെയും ഭാര്യയെയും കുറിച്ച് അദ്ദേഹം പറയുന്നു: “നിയമനം എന്തായാലും യഹോവയെ സേവിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. അത്തരം ഒരു മനോഭാവം മാറ്റവുമായി പൊരുത്തപ്പെടാൻ ഞങ്ങളെ സഹായിച്ചു. ഞങ്ങൾക്ക് എന്തെങ്കിലും ദുഃഖമോ ഖേദമോ ഒന്നും തോന്നിയില്ല.”
മറ്റു പലരും സങ്കീർത്തനം 64:10-ന്റെ സത്യത അനുഭവിച്ചറിഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്, 30-ലധികം വർഷം ഐക്യനാടുകളിലെ ബഥേലിൽ സേവിച്ച ഒരു ദമ്പതികളുടെ കാര്യമെടുക്കാം. അവർക്കു പ്രത്യേക മുൻനിരസേവകരായി നിയമനം കിട്ടി. ഒരു കാര്യം അവർ തുറന്ന് സമ്മതിച്ചു: “നമുക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം നഷ്ടപ്പെടുമ്പോൾ നമുക്കു സ്വാഭാവികമായും ദുഃഖം തോന്നും.” എന്നിട്ട് അവർ ഇങ്ങനെ പറഞ്ഞു: “പക്ഷേ എപ്പോഴും ദുഃഖിച്ചിരിക്കാൻ കഴിയില്ലല്ലോ.” അവർ സഭയോടൊത്ത് ഉത്സാഹത്തോടെ ശുശ്രൂഷയിൽ ഏർപ്പെടാൻ തുടങ്ങി. “ഞങ്ങൾ ഓരോ കാര്യവും എടുത്തു പറഞ്ഞ് പ്രാർഥിക്കുമായിരുന്നു. പ്രാർഥനകൾക്ക് യഹോവ ഉത്തരം തരുന്നതു കണ്ടപ്പോൾ ഞങ്ങൾക്കു പ്രോത്സാഹനവും സന്തോഷവും തോന്നി. ഞങ്ങൾ ഈ സഭയോടൊത്ത് സേവിക്കാൻ തുടങ്ങി അധികം വൈകാതെ പലരും മുൻനിരസേവനം തുടങ്ങി. ഞങ്ങൾക്കു നല്ല രണ്ടു ബൈബിൾപഠനങ്ങളുമുണ്ട്.”
‘എന്നെന്നും സന്തോഷിച്ചാനന്ദിക്കും’
സന്തോഷം നിലനിറുത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ജീവിതത്തിൽ പല മാറ്റങ്ങളിലൂടെ നമ്മൾ കടന്നുപോകും. എങ്കിലും സങ്കീർത്തനം 64:10-ലെ വാക്കുകളിലൂടെ യഹോവ നമുക്കു ധൈര്യം പകരുന്നു. നിരുത്സാഹം തോന്നുന്ന സമയങ്ങളിൽപ്പോലും, സാഹചര്യങ്ങൾ എന്തുതന്നെയായാലും യഹോവയോടു വിശ്വസ്തരായിനിന്നുകൊണ്ട് ‘നീതിമാന്മാരാണെന്നു’ തെളിയിക്കുന്നവർ “യഹോവയിൽ ആനന്ദിക്കും.” കൂടാതെ യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന ‘പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും’ ആയി നമുക്കെല്ലാം കാത്തിരിക്കാൻ കഴിയും. അന്നു നമ്മുടെ അപൂർണതയെല്ലാം പാടേ മാറും. യഹോവ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവജനമെല്ലാം ‘എന്നെന്നും സന്തോഷിച്ചാർക്കും.’—യശ. 65:17, 18.
അതിന്റെ അർഥം എന്താണെന്നു ചിന്തിക്കുക: നമുക്കു പൂർണമായ ആരോഗ്യമുണ്ടായിരിക്കും. ഓരോ ദിവസവും ഉന്മേഷത്തോടെയും പ്രസരിപ്പോടെയും ആയിരിക്കും നമ്മൾ ഉണർന്നെഴുന്നേൽക്കുന്നത്. കഴിഞ്ഞ കാലത്ത് നമ്മുടെ മനസ്സിനേറ്റ മുറിവുകൾ എന്തുതന്നെയായാലും അതിന്റെയൊന്നും വേദന നമ്മളെ കുത്തിനോവിക്കില്ല. “പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല; ആരുടെയും ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല” എന്ന ഉറപ്പു നമുക്കുണ്ട്. പുനരുത്ഥാനം എന്ന അത്ഭുതം പ്രിയപ്പെട്ടവരെ വീണ്ടും ഒന്നിപ്പിക്കും. യേശു പുനരുത്ഥാനപ്പെടുത്തിയ 12 വയസ്സുകാരിയുടെ മാതാപിതാക്കൾക്കു മകളെ തിരിച്ചുകിട്ടിയപ്പോൾ, “അവർ സന്തോഷംകൊണ്ട് മതിമറന്നു.” (മർക്കോ. 5:42) കോടിക്കണക്കിന് ആളുകൾ സമാനമായ സന്തോഷം ആസ്വദിക്കും. ഒടുവിൽ പൂർണമായ അർഥത്തിൽ ഭൂമിയിലെ ഓരോ വ്യക്തിയും ‘നീതിമാനാകും.’ അവർ എന്നുമെന്നും ‘യഹോവയിൽ ആനന്ദിക്കും.’