‘ദൃഷ്ടാന്തം കൂടാതെ അവൻ അവരോട് ഒന്നും സംസാരിക്കുമായിരുന്നില്ല’
“യേശു ജനക്കൂട്ടത്തോടു ദൃഷ്ടാന്തങ്ങൾ പറഞ്ഞു. വാസ്തവത്തിൽ, ഒരു ദൃഷ്ടാന്തം കൂടാതെ അവൻ അവരോട് ഒന്നും സംസാരിക്കുമായിരുന്നില്ല.” —മത്തായി 13:34, NW.
1, 2. (എ) ഫലപ്രദമായ ദൃഷ്ടാന്തങ്ങൾ എളുപ്പമൊന്നും മനസ്സിൽ നിന്നു മായുകയില്ലാത്തത് എന്തുകൊണ്ട്? (ബി) ഏതെല്ലാം രൂപങ്ങളിലുള്ള ദൃഷ്ടാന്തങ്ങളാണ് യേശു ഉപയോഗിച്ചത്, അവൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതു സംബന്ധിച്ച് എന്തു ചോദ്യങ്ങൾ ഉയർന്നു വരുന്നു? (അടിക്കുറിപ്പു കൂടി കാണുക.)
വർഷങ്ങൾക്കു മുമ്പ്, ഒരു പരസ്യപ്രസംഗത്തിലോ മറ്റോ, കേട്ട ഏതെങ്കിലും ദൃഷ്ടാന്തം നിങ്ങൾക്ക് ഓർക്കാൻ കഴിയുമോ? ഫലപ്രദമായ ദൃഷ്ടാന്തങ്ങൾ പെട്ടെന്നു മനസ്സിൽനിന്നു മായുകയില്ല. ദൃഷ്ടാന്തങ്ങൾ “കാതുകളെ കണ്ണുകളാക്കി മാറ്റുന്നു, അവ മനോമുകുരത്തിലെ ചിത്രങ്ങൾകൊണ്ടു ചിന്തിക്കാൻ ശ്രോതാക്കളെ സഹായിക്കുന്നു” എന്ന് ഒരു ഗ്രന്ഥകാരൻ അഭിപ്രായപ്പെട്ടു. ചിത്രങ്ങളുടെ സഹായത്തോടെ നാം മിക്കപ്പോഴും ഏറ്റവും മെച്ചമായി ചിന്തിക്കുന്നതിനാൽ, ആശയങ്ങൾ എളുപ്പം ഗ്രഹിക്കാൻ ദൃഷ്ടാന്തങ്ങൾക്കു നമ്മെ സഹായിക്കാനാകും. ദൃഷ്ടാന്തങ്ങൾ, വാക്കുകൾക്കു ജീവൻ പകരുകയും അങ്ങനെ പാഠങ്ങൾ നമ്മുടെ സ്മരണയിൽ തങ്ങിനിൽക്കാൻ ഇടയാക്കുകയും ചെയ്യുന്നു.
2 ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നതിൽ യേശുക്രിസ്തുവിനെക്കാൾ പ്രാഗത്ഭ്യമുള്ള ഗുരുക്കന്മാർ ഭൂമിയിൽ ഉണ്ടായിട്ടില്ല. രണ്ടായിരത്തോളം വർഷം മുമ്പ് യേശു പറഞ്ഞ പല സാരോപദേശകഥകളും ഇന്നും അനായാസം ഓർത്തിരിക്കാൻ കഴിയുന്നവയാണ്.a എന്തുകൊണ്ടാണ് ഈ പ്രത്യേക പഠിപ്പിക്കൽ രീതിയെ യേശു വളരെയധികം ആശ്രയിച്ചത്? അവന്റെ ദൃഷ്ടാന്തങ്ങളെ ഇത്ര ഫലപ്രദമാക്കിയത് എന്താണ്?
യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു പഠിപ്പിച്ചതിന്റെ കാരണം
3. (എ) മത്തായി 13:34, 35 പറയുന്നതനുസരിച്ച്, യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതിന്റെ ഒരു കാരണം എന്താണ്? (ബി) യഹോവ ഈ പഠിപ്പിക്കൽ രീതിയെ വിലമതിക്കുന്നുണ്ടാവണം എന്ന് എന്തു സൂചിപ്പിക്കുന്നു?
3 യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതിനു രണ്ടു ശ്രദ്ധേയമായ കാരണങ്ങൾ ബൈബിൾ നൽകുന്നു. ഒന്നാമത്, അവൻ അങ്ങനെ ചെയ്തത് പ്രവചനത്തിന്റെ നിവൃത്തി ആയിട്ടായിരുന്നു. അപ്പൊസ്തലനായ മത്തായി എഴുതി: ‘യേശു പുരുഷാരത്തോടു ഉപമകളായി [“ദൃഷ്ടാന്തങ്ങളാൽ,” NW] പറഞ്ഞു; ഉപമ [“ദൃഷ്ടാന്തം,” NW] കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല. “ഞാൻ ഉപമ [“ദൃഷ്ടാന്തം,” NW] പ്രസ്താവിപ്പാൻ വായ് തുറക്കും” എന്നു പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ സംഗതിവന്നു.’ (മത്തായി 13:34, 35) മത്തായി ഉദ്ധരിച്ച “പ്രവാചകൻ” സങ്കീർത്തനം 78:2 എഴുതിയ വ്യക്തി ആയിരുന്നു. യേശു ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്കു മുമ്പ് ദൈവാത്മാവിന്റെ നിശ്വസ്തതയിൽ ആ സങ്കീർത്തനക്കാരൻ അത് എഴുതി. തന്റെ പുത്രൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു പഠിപ്പിക്കണമെന്ന് നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പേ യഹോവ നിശ്ചയിച്ചു എന്നതു ശ്രദ്ധേയമല്ലേ? അപ്പോൾ, തീർച്ചയായും യഹോവ ഈ പഠിപ്പിക്കൽ രീതിയെ വിലമതിക്കുന്നുണ്ടാവണം!
4. താൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതിന്റെ കാരണം യേശു വിശദീകരിച്ചത് എങ്ങനെ?
4 രണ്ടാമത്, പ്രതികരിക്കാത്ത ഹൃദയം ഉള്ളവരെ വേർതിരിക്കാനാണ് താൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതെന്ന് യേശുതന്നെ വിശദീകരിച്ചു. വിതക്കാരന്റെ ദൃഷ്ടാന്തകഥയെ കുറിച്ച് ‘വലിയ ഒരു പുരുഷാര’ത്തോടു പറഞ്ഞശേഷം, “അവരോടു ഉപമകളായി [“ദൃഷ്ടാന്തങ്ങളാൽ,” NW] സംസാരിക്കുന്നതു എന്തു”? എന്നു ശിഷ്യന്മാർ അവനോടു ചോദിച്ചു. അതിന് യേശുവിന്റെ മറുപടി ഇതായിരുന്നു: ‘സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല. അതുകൊണ്ടു അവർ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി [“ദൃഷ്ടാന്തങ്ങളാൽ,” NW] അവരോടു സംസാരിക്കുന്നു. “നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും. ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു [“പ്രതികരിക്കാത്തത് ആയിത്തീർന്നിരിക്കുന്നു,” NW]” എന്നു യെശയ്യാവു പറഞ്ഞ പ്രവാചകത്തിന്നു അവരിൽ നിവൃത്തിവരുന്നു.’—മത്തായി 13:2, 10, 11, 13-15; യെശയ്യാവു 6:9, 10.
5. യേശുവിന്റെ ദൃഷ്ടാന്തങ്ങൾ താഴ്മയുള്ള ശ്രോതാക്കളെ ഗർവിഷ്ഠ ഹൃദയരിൽനിന്നു വേർതിരിച്ചത് എങ്ങനെ?
5 യേശു ഉപയോഗിച്ച ദൃഷ്ടാന്തങ്ങൾ ആളുകളെ വേർതിരിച്ചത് എപ്രകാരമാണ്? ചിലപ്പോൾ, അവന്റെ വാക്കുകളുടെ പൂർണമായ അർഥം ഗ്രഹിക്കാൻ ശ്രോതാക്കൾ അവധാനപൂർവം അന്വേഷണം നടത്തണമായിരുന്നു. കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ താഴ്മയുള്ളവർ പ്രചോദിതരായി. (മത്തായി 13:36; മർക്കൊസ് 4:34) അങ്ങനെ, സത്യത്തിനായി വിശക്കുന്ന ഹൃദയമുള്ളവർക്ക് യേശുവിന്റെ ദൃഷ്ടാന്തങ്ങൾ സത്യത്തെ വെളിപ്പെടുത്തുകയും അതേസമയം ഗർവിഷ്ഠ ഹൃദയരിൽനിന്ന് അതിനെ മറച്ചുവെക്കുകയും ചെയ്തു. എത്ര പ്രഗത്ഭനായ ഒരു ഗുരു ആയിരുന്നു യേശു! അവന്റെ ദൃഷ്ടാന്തങ്ങളെ വളരെ ഫലപ്രദമാക്കിയ ചില ഘടകങ്ങൾ ഇനി നമുക്കു പരിശോധിക്കാം.
വിശദാംശങ്ങളുടെ തിരഞ്ഞെടുത്തുള്ള ഉപയോഗം
6-8. (എ) യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ ശ്രോതാക്കൾക്ക് എന്തിനുള്ള സൗകര്യം അപ്പോൾ ഇല്ലായിരുന്നു? (ബി) യേശു വിശദാംശങ്ങൾ തിരഞ്ഞെടുത്ത് ഉപയോഗിച്ചു എന്ന് ഏത് ഉദാഹരണങ്ങൾ പ്രകടമാക്കുന്നു?
6 യേശു പഠിപ്പിക്കുന്നതു നേരിട്ടു കേട്ട ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാരുടെ അവസ്ഥ എന്തായിരുന്നിരിക്കുമെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? യേശുവിന്റെ ശബ്ദം കേൾക്കാനുള്ള പദവി അവർക്ക് ഉണ്ടായിരുന്നെങ്കിലും, അവൻ പറഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള ഓർമ പുതുക്കുന്നതിന് ഒരു ലിഖിത രേഖ പരിശോധിക്കാനുള്ള സൗകര്യം അവർക്ക് അപ്പോൾ ഉണ്ടായിരുന്നില്ല. പകരം, അവർ യേശുവിന്റെ വാക്കുകൾ മനസ്സിലും ഹൃദയത്തിലും സൂക്ഷിക്കണമായിരുന്നു. ദൃഷ്ടാന്തങ്ങൾ വിദഗ്ധമായി ഉപയോഗിച്ചുകൊണ്ട്, താൻ പഠിപ്പിച്ച കാര്യങ്ങൾ എളുപ്പത്തിൽ ഓർത്തിരിക്കാൻ യേശു അവരെ സഹായിച്ചു. ഏതു വിധത്തിൽ?
7 യേശു വിശദാംശങ്ങൾ തിരഞ്ഞെടുത്ത് ഉപയോഗിച്ചു. ഒരു കഥയെ സംബന്ധിച്ചിടത്തോളം വിശദാംശങ്ങൾ പ്രസക്തമായിരുന്നപ്പോൾ അല്ലെങ്കിൽ ഊന്നൽ കൊടുക്കാൻ ആവശ്യമായിരുന്നപ്പോൾ, അവ നൽകാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു. അതുകൊണ്ടാണ്, ആടുകളുടെ ഉടമസ്ഥൻ വഴിതെറ്റിയ ആടിനെ അന്വേഷിച്ച് പോയപ്പോൾ എത്ര ആടുകളെ പിന്നിൽ വിട്ടെന്നും പണിക്കാർ മുന്തിരിത്തോട്ടത്തിൽ എത്ര മണിക്കൂർ പണിയെടുത്തെന്നും എത്ര താലന്തുകൾ ഭരമേൽപ്പിക്കപ്പെട്ടെന്നും അവൻ കൃത്യമായി പ്രതിപാദിച്ചത്.—മത്തായി 18:12-14; 20:1-16; 25:14-30.
8 അതേസമയം, ദൃഷ്ടാന്തങ്ങളുടെ അർഥം ഗ്രഹിക്കുന്നതിൽ പ്രയാസം ഉണ്ടാക്കാനിടയുള്ള അനാവശ്യ വിശദാംശങ്ങൾ അവൻ വിട്ടുകളയുകയും ചെയ്തു. ഉദാഹരണത്തിന്, കരുണയില്ലാത്ത ദാസനെ കുറിച്ചുള്ള സാരോപദേശകഥയിൽ പതിനായിരം താലന്തിന്റെ [6,00,00,000 ദിനാറ] കടം ആ ദാസൻ എങ്ങനെ വരുത്തിവെച്ചു എന്നതു സംബന്ധിച്ചുള്ള വിശദീകരണം അവൻ നൽകിയില്ല. ക്ഷമിക്കേണ്ടതിന്റെ ആവശ്യത്തിന് ഊന്നൽ കൊടുക്കുകയായിരുന്നു യേശു. പ്രധാന സംഗതി, ആ ദാസൻ എങ്ങനെ കടത്തിലായി എന്നതായിരുന്നില്ല, മറിച്ച് ആ കടം അയാൾക്ക് എങ്ങനെ ക്ഷമിച്ചുകിട്ടി എന്നതും തുടർന്ന് ആ ദാസൻ അതിനെക്കാൾ കുറച്ചു തുക തന്നോടു കടപ്പെട്ടിരുന്ന ഒരു സഹദാസനോട് എങ്ങനെ പെരുമാറി എന്നതും ആയിരുന്നു. (മത്തായി 18:23-35) അതുപോലെ, മുടിയനായ പുത്രനെ കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ, ഇളയ പുത്രൻ തന്റെ ഓഹരി പെട്ടെന്ന് ആവശ്യപ്പെട്ടതിന്റെയും അതു ധൂർത്തടിച്ചതിന്റെയും കാരണം യേശു വിശദീകരിച്ചില്ല. എന്നാൽ ആ പുത്രന്റെ ഹൃദയനിലയ്ക്കു മാറ്റമുണ്ടായി അവൻ വീട്ടിലേക്കു മടങ്ങിവന്നപ്പോൾ പിതാവിനു തോന്നിയ വികാരത്തെയും പിതാവ് പ്രതികരിച്ച വിധത്തെയും യേശു സവിസ്തരം വിവരിക്കുന്നുണ്ട്. യേശു പറഞ്ഞുവന്ന ആശയത്തിന്, അതായത് യഹോവ ‘ധാരാളം ക്ഷമിക്കുന്നു’ എന്ന കാര്യത്തിന്, ആ പിതാവിന്റെ പ്രതികരണം സംബന്ധിച്ചുള്ള അത്തരം വിശദാംശങ്ങൾ അനിവാര്യമായിരുന്നു.—യെശയ്യാവു 55:7; ലൂക്കൊസ് 15:11-32.
9, 10. (എ) തന്റെ ദൃഷ്ടാന്തങ്ങളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ യേശു എന്തിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്? (ബി) ശ്രോതാക്കളെയും മറ്റുള്ളവരെയും തന്റെ ദൃഷ്ടാന്തങ്ങൾ ഓർത്തിരിക്കാൻ യേശു ഏറെ സഹായിച്ചത് എങ്ങനെ?
9 തന്റെ സാരോപദേശകഥകളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിധത്തിലും യേശു വിവേകം പ്രകടമാക്കി. ആ കഥാപാത്രങ്ങൾ കാഴ്ചയ്ക്ക് എങ്ങനെയിരുന്നു എന്നതു സംബന്ധിച്ച് വളരെയധികം വിശദീകരണം നൽകുന്നതിനു പകരം, അവർ എന്തു ചെയ്തു അല്ലെങ്കിൽ തന്റെ വിവരണത്തിലെ സംഭവങ്ങളോട് അവർ എങ്ങനെ പ്രതികരിച്ചു എന്നതിലാണ് യേശു മിക്കപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങനെ, നല്ല ശമര്യക്കാരൻ കാഴ്ചയ്ക്ക് എങ്ങനെ ആയിരുന്നു എന്നു പറയുന്നതിനു പകരം, അതിനെക്കാൾ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ് യേശു വിവരിച്ചത്—വഴിയിൽ പരിക്കേറ്റു കിടന്ന യഹൂദനെ ആ ശമര്യക്കാരൻ എങ്ങനെ കരുണാപൂർവം സഹായിച്ചു എന്ന സംഗതി. അയൽസ്നേഹം നമ്മുടെ വർഗക്കാരിലോ ദേശക്കാരിലോ മാത്രമായി ഒതുക്കി നിറുത്തരുത് എന്നു പഠിപ്പിക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ യേശു നൽകി.—ലൂക്കൊസ് 10:29, 33-37.
10 യേശു വിശദാംശങ്ങൾ ശ്രദ്ധാപൂർവം ഉപയോഗിച്ചതിനാൽ അവന്റെ ദൃഷ്ടാന്തങ്ങൾ സംക്ഷിപ്തവും കാടുകയറാത്തതും ആയിരുന്നു. അങ്ങനെ അവൻ ആ ദൃഷ്ടാന്തങ്ങളും അവയിൽ അടങ്ങിയ വിലപ്പെട്ട പാഠങ്ങളും ഓർത്തിരിക്കാൻ ഒന്നാം നൂറ്റാണ്ടിലെ തന്റെ ശ്രോതാക്കളെ, പിൽക്കാലത്ത് നിശ്വസ്ത സുവിശേഷങ്ങൾ വായിക്കുമായിരുന്ന മറ്റു നിരവധി ആളുകളെ പോലും, സഹായിച്ചു.
അനുദിന ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത ദൃഷ്ടാന്തങ്ങൾ
11. ഗലീലയിൽ വളർന്നുവന്നപ്പോൾ നിശ്ചയമായും യേശു നിരീക്ഷിച്ചിരുന്ന സംഗതികളെ അവന്റെ ദൃഷ്ടാന്തങ്ങൾ പ്രതിഫലിപ്പിച്ചതിന്റെ ഉദാഹരണങ്ങൾ നൽകുക.
11 ആളുകളുടെ ജീവിതത്തോടു ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നതിൽ യേശു അതിവിദഗ്ധനായിരുന്നു. യേശുവിന്റെ പല ദൃഷ്ടാന്തങ്ങളും ഗലീലയിൽ വളർന്നുവന്നപ്പോൾ അവൻ നിശ്ചയമായും നിരീക്ഷിച്ചിരുന്ന സംഗതികളെ പ്രതിഫലിപ്പിക്കുന്നു. ഭൂമിയിലെ അവന്റെ ആദ്യകാല ജീവിതത്തെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. നേരത്തേ അപ്പം ഉണ്ടാക്കിയപ്പോൾ സൂക്ഷിച്ചുവെച്ചിരുന്ന പുളിമാവിൽനിന്ന് അൽപ്പം എടുത്ത് മാവ് പുളിപ്പിച്ച് തന്റെ അമ്മ, പുളിപ്പിച്ച അപ്പം ഉണ്ടാക്കുന്നത് എത്ര കൂടെക്കൂടെ അവൻ കണ്ടിട്ടുണ്ടാകാം? (മത്തായി 13:33) മീൻപിടിത്തക്കാർ ഗലീലാക്കടലിലേക്കു വല ഇറക്കുന്നത് അവൻ എത്ര തവണ കണ്ടിരിക്കാം? (മത്തായി 13:47) ചന്തസ്ഥലത്ത് കുട്ടികൾ കളിക്കുന്നത് അവൻ എത്ര കൂടെക്കൂടെ നിരീക്ഷിച്ചിരിക്കാം? (മത്തായി 11:16, 17) യേശുവിന്റെ ദൃഷ്ടാന്തങ്ങളിൽ സ്ഥാനംപിടിച്ച സർവസാധാരണമായ മറ്റു സംഗതികളും സാധ്യതയനുസരിച്ച് അവൻ നിരീക്ഷിച്ചിട്ടുള്ളവ ആയിരിക്കാം—വിത്തു വിതയ്ക്കുന്നതും സന്തോഷകരമായ കല്യാണസദ്യകളും ധാന്യവയലുകൾ വെയിലേറ്റ് പാകമാകുന്നതും മറ്റും.—മത്തായി 13:3-8; 25:1-12; മർക്കൊസ് 4:26-29.
12, 13. ഗോതമ്പിനെയും കളയെയും കുറിച്ചുള്ള യേശുവിന്റെ സാരോപദേശകഥ പ്രാദേശിക സാഹചര്യങ്ങൾ അവനു പരിചയമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുന്നത് എങ്ങനെ?
12 ആ സ്ഥിതിക്ക്, അനുദിന ജീവിത ചുറ്റുപാടുകളും സാഹചര്യങ്ങളും യേശുവിന്റെ ദൃഷ്ടാന്തങ്ങളിൽ ഉടനീളം കാണുന്നതിൽ അതിശയിക്കാനില്ല. ഈ പഠിപ്പിക്കൽ രീതി ഉപയോഗിക്കുന്നതിലുള്ള അവന്റെ പ്രാഗത്ഭ്യം കൂടുതൽ മെച്ചമായി മനസ്സിലാക്കാൻ, യഹൂദ ശ്രോതാക്കൾക്ക് അവന്റെ വാക്കുകൾ എന്ത് അർഥമാക്കി എന്നു പരിചിന്തിക്കുന്നതു സഹായകമാണ്. രണ്ട് ഉദാഹരണങ്ങൾ നമുക്കു നോക്കാം.
13 ഒന്നാമത്, ഗോതമ്പിനെയും കളയെയും കുറിച്ചുള്ള സാരോപദേശകഥയിൽ തന്റെ വയലിൽ നല്ല ഗോതമ്പ് വിതച്ച ഒരു മനുഷ്യനെ കുറിച്ച് യേശു പറഞ്ഞു. എന്നാൽ, “ശത്രു” ആ വയലിൽ കയറി കള വിതച്ചു. ആ വിദ്വേഷകരമായ പ്രവൃത്തിയെ കുറിച്ചുതന്നെ യേശു പറഞ്ഞത് എന്തുകൊണ്ടാണ്? യേശു ഈ ദൃഷ്ടാന്തം പറഞ്ഞത് ഗലീലാക്കടലിന് അരികെവെച്ചാണ് എന്നതു മനസ്സിൽ പിടിക്കുക. ഗലീലക്കാരുടെ പ്രധാന തൊഴിൽ കൃഷി ആയിരുന്നു. ഒരു കർഷകനെ സംബന്ധിച്ചിടത്തോളം, ഒരു ശത്രു വയലിലേക്കു നുഴഞ്ഞുകയറി ഹാനികരമായ കള വിതയ്ക്കുന്നതിനെക്കാൾ ദോഷകരമായി എന്താണുള്ളത്? അത്തരം ആക്രമണങ്ങൾ നടന്നിരുന്നതായി അന്നു പ്രാബല്യത്തിലിരുന്ന ലൗകിക നിയമങ്ങൾ പ്രകടമാക്കുന്നു. തന്റെ ശ്രോതാക്കൾക്കു മനസ്സിലാക്കാൻ കഴിയുന്ന ഒരു സാഹചര്യം യേശു ഉപയോഗിക്കുകയായിരുന്നു എന്നതു വ്യക്തമല്ലേ?—മത്തായി 13:1, 2, 24-30.
14. നല്ല ശമര്യക്കാരന്റെ സാരോപദേശകഥയിൽ, തന്റെ ആശയം വ്യക്തമാക്കാൻ യേശു ‘യെരൂശലേമിൽനിന്നു യെരീഹോവിലേക്കുള്ള’ പാതയെ കുറിച്ചു പരാമർശിച്ചത് ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്?
14 രണ്ടാമത്, നല്ല ശമര്യക്കാരന്റെ സാരോപദേശകഥയെ കുറിച്ചു ചിന്തിക്കുക. യേശു അത് ഇങ്ങനെയാണു പറഞ്ഞുതുടങ്ങിയത്: “ഒരു മനുഷ്യൻ യെരൂശലേമിൽനിന്നു യെരീഹോവിലേക്കു പോകുമ്പോൾ [“ഇറക്കം ഇറങ്ങി പോകുമ്പോൾ,” NW] കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അർദ്ധപ്രാണനായി വിട്ടേച്ചു പോയി.” (ലൂക്കൊസ് 10:30) “യെരൂശലേമിൽനിന്നു യെരീഹോവിലേക്കു”ള്ള പാതയെ കുറിച്ച് യേശു പരാമർശിച്ചതു ശ്രദ്ധേയമാണ്. ഈ കഥ പറയുമ്പോൾ അവൻ യെരൂശലേമിൽനിന്നു വളരെ അകലെയല്ലാത്ത ഒരു പ്രദേശമായ യഹൂദ്യയിൽ ആയിരുന്നു; അതുകൊണ്ട് പ്രസ്തുത പാത അവന്റെ ശ്രോതാക്കൾക്കു പരിചിതമായിരുന്നിരിക്കണം. ആ പാത ആപത്തിന് പേരുകേട്ടതായിരുന്നു, പ്രത്യേകിച്ചും ഒറ്റയ്ക്കു യാത്ര ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം. വിജനമായ പ്രദേശത്തുകൂടെ വളഞ്ഞുപുളഞ്ഞ് പോകുന്ന ഒരു വഴി ആയിരുന്നു അത്. അതിനാൽ കൊള്ളക്കാർക്കു പതിയിരിക്കാൻ പറ്റിയ ധാരാളം സ്ഥലങ്ങൾ അവിടെ ഉണ്ടായിരുന്നു.
15. നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തത്തിലെ പുരോഹിതന്റെയും ലേവ്യന്റെയും നിസ്സംഗതയെ ആർക്കും ന്യായീകരിക്കാനാവാത്തത് എന്തുകൊണ്ട്?
15 ‘യെരൂശലേമിൽനിന്നു യെരീഹോവിലേക്ക് ഇറക്കം ഇറങ്ങി പോകുന്ന’ പാതയെ കുറിച്ചുള്ള യേശുവിന്റെ പരാമർശം മറ്റൊരു വിധത്തിലും ശ്രദ്ധേയമായിരുന്നു. കഥ അനുസരിച്ച്, ആദ്യം ഒരു പുരോഹിതനും പിന്നീട് ഒരു ലേവ്യനും ആ വഴിയെ പോയി—എന്നാൽ ആക്രമണവിധേയനായി കിടന്ന ആ മനുഷ്യനെ സഹായിക്കാൻ അവർ നിന്നില്ല. (ലൂക്കൊസ് 10:31, 32, NW) പുരോഹിതന്മാർ യെരൂശലേമിലെ ആലയത്തിൽ സേവിക്കുകയും ലേവ്യർ അവരെ സഹായിക്കുകയും ചെയ്തിരുന്നു. ആലയത്തിൽ സേവനം അനുഷ്ഠിക്കാത്ത സമയത്ത് നിരവധി പുരോഹിതന്മാരും ലേവ്യരും യെരൂശലേമിൽനിന്ന് 23 കിലോമീറ്റർ മാത്രം അകലെയുള്ള യെരീഹോയിലാണു താമസിച്ചിരുന്നത്. അതിനാൽ, അവർക്ക് ആ പാതയിലൂടെ സഞ്ചരിക്കുന്നതിനുള്ള അവസരം ഉണ്ടായിരുന്നു എന്നതിനു സംശയമില്ല. ആ പുരോഹിതനും ലേവ്യനും ‘യെരൂശലേമിൽനിന്ന്,’ അതായത് ആലയത്തിൽനിന്ന് പോകുകയായിരുന്നു എന്ന കാര്യവും ശ്രദ്ധിക്കുക.b തന്മൂലം, ‘പരിക്കേറ്റ മനുഷ്യൻ മരിച്ചുകിടക്കുന്നതായി തോന്നിയതിനാലും, ശവത്തെ തൊടുന്നത് ആലയ സേവനത്തിന് അവരെ താത്കാലികമായി അയോഗ്യരാക്കുമായിരുന്നു എന്നതിനാലും ആണ് അവർ പരിക്കേറ്റ മനുഷ്യനെ ഒഴിവാക്കിയത്’ എന്നു പറഞ്ഞ് അവരുടെ നിസ്സംഗതയെ ന്യായീകരിക്കാൻ ആർക്കും കഴിയില്ല. (ലേവ്യപുസ്തകം 21:1; സംഖ്യാപുസ്തകം 19:11, 16) തന്റെ ശ്രോതാക്കൾക്കു പരിചിതമായ വിവരങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു യേശുവിന്റെ ദൃഷ്ടാന്തം എന്നതു വ്യക്തമല്ലേ?
സൃഷ്ടിയിൽനിന്നു തിരഞ്ഞെടുത്ത ദൃഷ്ടാന്തങ്ങൾ
16. യേശുവിനു സൃഷ്ടിയുമായി അടുത്ത പരിചയം ഉണ്ടായിരുന്നു എന്നത് അതിശയകരമല്ലാത്തത് എന്തുകൊണ്ട്?
16 യേശുവിന്റെ പല ദൃഷ്ടാന്തങ്ങളും സാരോപദേശകഥകളും സസ്യങ്ങളും ജന്തുക്കളും കാലാവസ്ഥയുമായുള്ള അവന്റെ പരിചയത്തെ വെളിപ്പെടുത്തുന്നു. (മത്തായി 6:26, 28-30; 16:2, 3) അവനു പരിചയം ലഭിച്ചത് എവിടെനിന്നാണ്? ഗലീലയിൽ വളർന്നുവന്ന സമയത്ത് അവന് യഹോവയുടെ സൃഷ്ടികളെ നിരീക്ഷിക്കുന്നതിനു വേണ്ടത്ര അവസരം ലഭിച്ചിരുന്നു എന്നതിനു സംശയമില്ല. അതിലുപരി, യേശു ‘സർവസൃഷ്ടിക്കും ആദ്യജാതൻ’ ആണ്. മറ്റുള്ളവയെല്ലാം സൃഷ്ടിക്കുന്നതിൽ യഹോവ അവനെ “വിദഗ്ധ വേലക്കാരൻ” ആയി ഉപയോഗിച്ചു. (കൊലൊസ്സ്യർ 1:15, 16; സദൃശവാക്യങ്ങൾ 8:30, 31, NW) ആ സ്ഥിതിക്ക്, സൃഷ്ടിയുമായി യേശുവിന് അടുത്ത പരിചയം ഉണ്ടായിരുന്നു എന്നതിൽ അതിശയിക്കാനുണ്ടോ? മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ യേശു തന്റെ ഈ അറിവ് വിദഗ്ധമായി എങ്ങനെ ഉപയോഗിച്ചുവെന്ന് നമുക്കു നോക്കാം.
17, 18. (എ) യോഹന്നാൻ 10-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ, ആടുകളുടെ സ്വഭാവ വിശേഷതകൾ അവനു പരിചിതമായിരുന്നു എന്നു വെളിപ്പെടുത്തുന്നത് എങ്ങനെ? (ബി) ബൈബിൾ നാടുകൾ സന്ദർശിച്ചിട്ടുള്ളവർ ഇടയന്മാരും ആടുകളും തമ്മിലുള്ള ബന്ധം സംബന്ധിച്ച് എന്തു നിരീക്ഷിച്ചിരിക്കുന്നു?
17 യേശു ഉപയോഗിച്ച ദൃഷ്ടാന്തങ്ങളിൽ ഏറ്റവും ആർദ്രമായ ഒന്ന് യോഹന്നാൻ 10-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതാണ്. അവിടെ അനുഗാമികളുമായുള്ള തന്റെ അടുത്ത ബന്ധത്തെ ഒരു ഇടയന് തന്റെ ആടുകളുമായുള്ള ബന്ധത്തോട് അവൻ സാദൃശ്യപ്പെടുത്തുന്നു. ആടുകളുടെ സ്വഭാവ വിശേഷതകൾ യേശുവിനു വളരെ പരിചിതമായിരുന്നു എന്ന് അവന്റെ വാക്കുകൾ വെളിപ്പെടുത്തുന്നു. ആടുകൾ നേതൃത്വം പിൻപറ്റാൻ മനസ്സൊരുക്കമുള്ളവ ആണെന്നും അവ ഇടയനെ വിശ്വസ്തമായി അനുഗമിക്കുന്നുവെന്നും അവൻ സൂചിപ്പിച്ചു. (യോഹന്നാൻ 10:2-4) ഇടയന്മാരും ആടുകളും തമ്മിലുള്ള ശ്രേഷ്ഠമായ ബന്ധം ബൈബിൾ നാടുകൾ സന്ദർശിച്ചിട്ടുള്ളവർ കണ്ടിട്ടുണ്ട്. പ്രകൃതിശാസ്ത്രജ്ഞനായ എച്ച്. ബി. ട്രിസ്ട്രാം 19-ാം നൂറ്റാണ്ടിൽ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഒരു ഇടയൻ തന്റെ ആടുകളോടൊത്തു കളിക്കുന്നത് ഞാൻ ഒരിക്കൽ നിരീക്ഷിച്ചു. അയാൾ ഓടിപ്പോകുന്നതായി നടിച്ചു; ആടുകൾ പിന്നാലെ കൂടി അയാളെ വളഞ്ഞു. . . . ഒടുവിൽ ആടുകളെല്ലാം അയാൾക്കു ചുറ്റും ഒരു വലയം തീർത്ത് തുള്ളിച്ചാടാൻ തുടങ്ങി.”
18 എന്തുകൊണ്ടാണ് ആടുകൾ ഇടയനെ അനുഗമിക്കുന്നത്? “കാരണം, അവയ്ക്ക് അയാളുടെ സ്വരം തിരിച്ചറിയാം” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 10:4, ഓശാന ബൈബിൾ) ആടുകൾക്ക് ഇടയന്റെ സ്വരം യഥാർഥത്തിൽ തിരിച്ചറിയാമോ? വ്യക്തിപരമായ നിരീക്ഷണത്തിൽനിന്ന് ജോർജ് എ. സ്മിത്ത് വിശുദ്ധ നാടിന്റെ ചരിത്രപരമായ ഭൂമിശാസ്ത്രം (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതി: “ചിലപ്പോഴൊക്കെ ഞങ്ങൾ യഹൂദ്യയിലെ കിണറുകളിൽ ഒന്നിന്റെ അടുത്തിരുന്നാണ് ഉച്ചയ്ക്കു വിശ്രമിച്ചിരുന്നത്. മൂന്നു നാല് ഇടയന്മാർ തങ്ങളുടെ ആട്ടിൻപറ്റങ്ങളുമായി അവിടേക്കു വരുമായിരുന്നു. ആട്ടിൻപറ്റങ്ങൾ പരസ്പരം ഇടകലരുമായിരുന്നു, ഓരോ ഇടയനും സ്വന്തം ആടുകളെ എങ്ങനെ തിരിച്ചുകിട്ടുമെന്ന് ഞങ്ങൾ അമ്പരന്നു. എന്നാൽ ആടുകൾ വെള്ളം കുടിക്കുകയും തുള്ളിച്ചാടുകയും ചെയ്തശേഷം, ഇടയന്മാർ ഓരോരുത്തരായി താഴ്വരയുടെ വിവിധ വശങ്ങളിലേക്കു പോയി. ഓരോ ഇടയനും ഒരു പ്രത്യേക സ്വരത്തിൽ ആടുകളെ വിളിച്ചു; അവ കൂട്ടത്തിൽനിന്നു മാറി സ്വന്തം ഇടയന്റെ അടുത്തേക്കു ചെന്നു. ആട്ടിൻപറ്റങ്ങൾ വന്നതുപോലെതന്നെ ചിട്ടയോടെ അവിടെനിന്നു പോയി.” തന്റെ ആശയം വ്യക്തമാക്കാൻ യേശുവിന് അതിനെക്കാൾ മെച്ചമായ ഒരു ദൃഷ്ടാന്തം കണ്ടെത്താനാകുമായിരുന്നില്ല. നാം യേശുവിന്റെ പഠിപ്പിക്കലുകൾ തിരിച്ചറിയുകയും അനുസരിക്കുകയും ചെയ്യുന്നെങ്കിൽ, അവന്റെ നേതൃത്വം പിൻപറ്റുന്നെങ്കിൽ, ആ ‘നല്ല ഇടയന്റെ’ ആർദ്രവും സ്നേഹമസൃണവുമായ പരിപാലനം നമുക്ക് അനുഭവിക്കാൻ കഴിയും.—യോഹന്നാൻ 10:11.
ശ്രോതാക്കൾക്ക് അറിയാവുന്ന സംഭവങ്ങളിൽനിന്ന് എടുത്ത ദൃഷ്ടാന്തങ്ങൾ
19. തെറ്റായ ഒരു ആശയത്തെ തള്ളിക്കളയുന്നതിന്, ഒരു പ്രാദേശിക ദുരന്തത്തെ യേശു ഫലപ്രദമായി ഉപയോഗിച്ചത് എങ്ങനെ?
19 ഫലപ്രദമായ ദൃഷ്ടാന്തങ്ങളിൽ, വസ്തുനിഷ്ഠമായ പാഠങ്ങൾ അടങ്ങിയിരിക്കുന്ന അനുഭവങ്ങൾ അല്ലെങ്കിൽ ഉദാഹരണങ്ങൾ ഉൾപ്പെട്ടേക്കാം. ദുരന്തങ്ങൾ സംഭവിക്കുന്നത് അവ അർഹിക്കുന്നവർക്കാണ് എന്ന തെറ്റായ ആശയത്തെ തള്ളിക്കളയാൻ ഒരവസരത്തിൽ യേശു ഒരു സമീപകാല സംഭവം ഉപയോഗപ്പെടുത്തി. അവൻ ഇപ്രകാരം പറഞ്ഞു: “ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ പാർക്കുന്ന സകല മനുഷ്യരിലും കുററക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?” (ലൂക്കൊസ് 13:4) വിധിവിശ്വാസത്തിൽ അധിഷ്ഠിതമായിരുന്ന വാദഗതിക്കെതിരെ യേശു ശക്തിയുക്തം വാദിച്ചു. ദിവ്യ അപ്രീതിക്ക് ഇടയാക്കിയ എന്തെങ്കിലും പാപം നിമിത്തമല്ല ആ 18 പേർ മരിച്ചത്. മറിച്ച്, അവരുടെ ദാരുണമായ മരണം കാലവും മുൻകൂട്ടി കാണാൻ കഴിയാത്ത സംഭവവും നിമിത്തമായിരുന്നു. (സഭാപ്രസംഗി 9:11, NW) അങ്ങനെ തന്റെ ശ്രോതാക്കൾക്കു നന്നായി അറിയാമായിരുന്ന ഒരു സംഭവത്തെ പരാമർശിച്ചുകൊണ്ട് തെറ്റായ ഒരു പഠിപ്പിക്കലിനെ അവൻ ഖണ്ഡിച്ചു.
20, 21. (എ) പരീശന്മാർ യേശുവിന്റെ ശിഷ്യന്മാരെ കുറ്റപ്പെടുത്തിയത് എന്തുകൊണ്ട്? (ബി) ശബത്തു നിയമം അതികർശനമായി പ്രാബല്യത്തിൽ വരുത്താൻ യഹോവ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല എന്നു ദൃഷ്ടാന്തീകരിക്കാൻ ഏതു തിരുവെഴുത്തു വിവരണം യേശു ഉപയോഗിച്ചു? (സി) അടുത്ത ലേഖനത്തിൽ എന്തു ചർച്ച ചെയ്യുന്നതാണ്?
20 തന്റെ പഠിപ്പിക്കലിൽ യേശു തിരുവെഴുത്തുകളിൽ നിന്നുള്ള ഉദാഹരണങ്ങളും ഉപയോഗപ്പെടുത്തി. ശബത്തുനാളിൽ ധാന്യം പറിച്ചു തിന്നതിനെ പ്രതി പരീശന്മാർ അവന്റെ ശിഷ്യന്മാരെ കുറ്റപ്പെടുത്തിയ സന്ദർഭം ഓർക്കുക. വാസ്തവത്തിൽ, ശിഷ്യന്മാർ ലംഘിച്ചത് ദൈവത്തിന്റെ ന്യായപ്രമാണം ആയിരുന്നില്ല, മറിച്ച് ശബത്തുനാളിൽ നിയമവിരുദ്ധമായ പ്രവൃത്തി എന്താണ് എന്നതു സംബന്ധിച്ച പരീശന്മാരുടെ കർശനമായ വ്യാഖ്യാനത്തെ ആയിരുന്നു. ശബത്തുനിയമം അത്തരത്തിൽ അതികർക്കശമായി പ്രാബല്യത്തിൽ വരുത്താൻ ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല എന്നു ദൃഷ്ടാന്തീകരിക്കാൻ 1 ശമൂവേൽ 21:3-6-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം യേശു പരാമർശിച്ചു. വിശന്നപ്പോൾ, ദാവീദും കൂടെയുള്ളവരും സമാഗമനകൂടാരത്തിന്റെ അടുക്കൽ യാത്ര നിറുത്തി, യഹോവയുടെ സന്നിധിയിൽനിന്നു നീക്കിയിരുന്ന പഴയ കാഴ്ചയപ്പം ഭക്ഷിക്കുകയുണ്ടായി. സാധാരണഗതിയിൽ പഴയ അപ്പം പുരോഹിതന്മാരാണ് ഭക്ഷിച്ചിരുന്നത്. എന്നാൽ, ആ സാഹചര്യത്തിൽ ദാവീദും കൂടെയുള്ളവരും അവ ഭക്ഷിച്ചതിനു കുറ്റം വിധിക്കപ്പെട്ടില്ല. പഴയ അപ്പം പുരോഹിതന്മാർ അല്ലാത്തവർ ഉപയോഗിക്കുന്നതു സംബന്ധിച്ച ബൈബിളിലെ ഏക വിവരണം അതു മാത്രമാണ് എന്നതു ശ്രദ്ധേയമാണ്. ഉപയോഗിക്കേണ്ട തക്കതായ ബൈബിൾ വിവരണം ഏതെന്ന് യേശുവിന് അറിയാമായിരുന്നു. അവന്റെ യഹൂദ ശ്രോതാക്കൾക്ക് അത് പരിചിതമായിരുന്നു എന്നതിനു സംശയമില്ല.—മത്തായി 12:1-8.
21 തീർച്ചയായും യേശു ഒരു മഹാഗുരു ആയിരുന്നു! ശ്രോതാക്കൾക്കു മനസ്സിലാകുന്ന വിധത്തിൽ പ്രധാനപ്പെട്ട സത്യങ്ങൾ അറിയിക്കാനുള്ള അവന്റെ അതുല്യ പ്രാപ്തി തീർച്ചയായും വിസ്മയാവഹമാണ്. എന്നാൽ നമ്മുടെ പഠിപ്പിക്കലിൽ നമുക്ക് എങ്ങനെ അവനെ അനുകരിക്കാനാകും? അടുത്ത ലേഖനത്തിൽ ഇതു ചർച്ച ചെയ്യുന്നതാണ്.
[അടിക്കുറിപ്പുകൾ]
a യേശുവിന്റെ ദൃഷ്ടാന്തങ്ങൾക്കു പല രൂപങ്ങൾ ഉണ്ടായിരുന്നു: ഉദാഹരണങ്ങൾ, താരതമ്യങ്ങൾ, ഉപമകൾ, രൂപകാലങ്കാരങ്ങൾ. സാരോപദേശകഥ ഉപയോഗിക്കുന്നതിൽ അവൻ പരക്കെ അറിയപ്പെടുന്നു. “ധാർമികമോ ആത്മീയമോ ആയ ഒരു സത്യം ആവിഷ്കരിക്കാൻ വേണ്ടി പറയുന്ന സാധാരണഗതിയിൽ സാങ്കൽപ്പികമായ ഒരു ഹ്രസ്വ വിവരണകഥ” എന്ന് അതു നിർവചിക്കപ്പെട്ടിരിക്കുന്നു.
b യെരൂശലേം യെരീഹോയെക്കാൾ ഉയരമുള്ള സ്ഥലമായിരുന്നു. അതുകൊണ്ട് “യെരൂശലേമിൽനിന്നു യെരീഹോവിലേക്കു” യാത്ര ചെയ്യുമ്പോൾ കഥയിൽ പറഞ്ഞിരിക്കുന്നതുപോലെ യാത്രക്കാരൻ ‘ഇറക്കം ഇറങ്ങിയാണ് പോകുന്നത്.’
നിങ്ങൾ ഓർമിക്കുന്നുവോ?
• യേശു എന്തുകൊണ്ടാണ് ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു പഠിപ്പിച്ചത്?
• ഒന്നാം നൂറ്റാണ്ടിലെ തന്റെ ശ്രോതാക്കൾക്ക് മനസ്സിലാകുന്ന ദൃഷ്ടാന്തങ്ങൾ യേശു ഉപയോഗിച്ചു എന്ന് ഏത് ഉദാഹരണം പ്രകടമാക്കുന്നു?
• സൃഷ്ടിയെ കുറിച്ചുള്ള തന്റെ അറിവ് യേശു ദൃഷ്ടാന്തങ്ങളിൽ പ്രാഗത്ഭ്യത്തോടെ ഉപയോഗിച്ചത് എങ്ങനെ?
• തന്റെ ശ്രോതാക്കൾക്ക് അറിയാമായിരുന്ന സംഭവങ്ങളെ യേശു ഏതു വിധങ്ങളിൽ ഉപയോഗിച്ചു?
[15-ാം പേജിലെ ചിത്രങ്ങൾ]
താരതമ്യേന ചെറിയൊരു കടം ക്ഷമിച്ചുകൊടുക്കാൻ കൂട്ടാക്കാഞ്ഞ ഒരു ദാസനെയും തന്റെ ഓഹരി മുഴുവൻ ധൂർത്തടിച്ച പുത്രനോട് ക്ഷമിച്ച ഒരു പിതാവിനെയും കുറിച്ച് യേശു പറഞ്ഞു
[16-ാം പേജിലെ ചിത്രം]
നല്ല ശമര്യക്കാരനെ കുറിച്ചുള്ള യേശുവിന്റെ സാരോപദേശകഥ ഏത് ആശയം വ്യക്തമാക്കുന്നു?
[17-ാം പേജിലെ ചിത്രം]
ആടുകൾ ഇടയന്റെ സ്വരം യഥാർഥത്തിൽ തിരിച്ചറിയുന്നുണ്ടോ?