“പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ”
“അവന്റെ ശിഷ്യൻമാരിൽ ഒരുവൻ അവനോട് ‘കർത്താവേ, . . . പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ’ എന്നു പറഞ്ഞു.”—ലൂക്കോസ് 11:1.
1-3. (എ) പ്രാർത്ഥനസംബന്ധിച്ച് യേശുവിന്റെ ശിഷ്യൻമാർ നിർദ്ദേശങ്ങൾ തേടിയത് എന്തുകൊണ്ടാണ്? (ബി) പ്രാർത്ഥനസംബന്ധിച്ച് എന്തു ചോദ്യങ്ങൾ ഉദിക്കുന്നു?
ചിലർ ഗാനങ്ങളാലപിക്കാൻ പററിയ സ്വരത്താൽ അനുഗൃഹീതരാണ്. മററു ചിലർക്ക് ജൻമനാതന്നെ സംഗീതത്തിൽ വാസനയുണ്ട്. എന്നാൽ തങ്ങളുടെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പാട്ടുകാർക്കും സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നവർക്കും ശിക്ഷണം അത്യാവശ്യമാണ്. പ്രാർത്ഥനയുടെ കാര്യവും അതുപോലെതന്നെയാണ്. ദൈവം തങ്ങളുടെ പ്രാർത്ഥന കേൾക്കണമെങ്കിൽ തങ്ങൾക്കും ശിക്ഷണം അത്യാവശ്യമാണെന്ന് യേശുവിന്റെ ശിഷ്യൻമാർ തിരിച്ചറിഞ്ഞു.
2 തന്റെ 12 അപ്പോസ്തലൻമാരെ തെരഞ്ഞെടുക്കുന്നതിനുമുമ്പ് ഒരു രാത്രിമുഴുവൻ ചെയ്തതുപോലെ യേശു സാധാരണയായി തന്റെ പിതാവിനെ പ്രാർത്ഥനയിൽ സ്വകാര്യമായി സമീപിച്ചു. (ലൂക്കോസ് 6:12-16) സ്വകാര്യമായി പ്രാർത്ഥിക്കാൻ അവൻ തന്റെ ശിഷ്യൻമാരെയും പ്രോൽസാഹിപ്പിച്ചുവെങ്കിലും അവൻ പരസ്യപ്രാർത്ഥനകൾ നടത്തുന്നത് അവർ കേൾക്കുകയും അവൻ മനുഷ്യരാൽ കാണപ്പെടാൻ വേണ്ടി പ്രാർത്ഥിച്ച കപടമതഭക്തരെപ്പോലെയല്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു. (മത്തായി 6:5, 6) അപ്പോൾ യുക്തിയാനുസരണം പ്രാർത്ഥനസംബന്ധിച്ച് യേശുവിന്റെ മികച്ച പഠിപ്പിക്കൽ ലഭിക്കാൻ അവന്റെ ശിഷ്യൻമാർ ആഗ്രഹിച്ചു. അതുകൊണ്ട്, നാം വായിക്കുന്നു: “അവൻ ഒരു സ്ഥലത്ത് പ്രാർത്ഥിക്കുകയിൽ പ്രാർത്ഥന തീർന്നപ്പോൾ അവന്റെ ശിഷ്യൻമാരിൽ ഒരുവൻ അവനോട് ‘കർത്താവേ, [സ്നാപക] യോഹന്നാൻ തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചതുപോലെ പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ’ എന്നു പറഞ്ഞു.”—ലൂക്കോസ് 11:1.
3 യേശു എങ്ങനെയാണ് പ്രതികരിച്ചത്? അവന്റെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാൻ കഴിയും? പ്രാർത്ഥന സംബന്ധിച്ച അവന്റെ പഠിപ്പിക്കലിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം അനുഭവിക്കാൻ കഴിയും?
നമുക്കുള്ള പാഠങ്ങൾ
4. നാം “നിരന്തരം പ്രാർത്ഥിക്കേണ്ടത്” എന്തുകൊണ്ട്, അങ്ങനെ ചെയ്യുകയെന്നതിന്റെ അർത്ഥമെന്താണ്?
4 പ്രാർത്ഥനാനിരതനായ ഒരു മനുഷ്യനെന്ന നിലയിൽ യേശുവിന്റെ വാക്കുകളിൽനിന്നും ദൃഷ്ടാന്തങ്ങളിൽനിന്നും നമുക്ക് വളരെയധികം പഠിക്കാൻ കഴിയും. ദൈവത്തിന്റെ പൂർണ്ണതയുള്ള പുത്രൻ നിരന്തരം പ്രാർത്ഥിക്കേണ്ടത് ആവശ്യമായിരുന്നെങ്കിൽ അവന്റെ അപൂർണ്ണരായ ശിഷ്യൻമാർക്ക് മാർഗ്ഗനിർദ്ദേശത്തിനും ആശ്വാസത്തിനും ആത്മീയപോഷിപ്പിക്കലിനുംവേണ്ടി തുടർച്ചയായി ദൈവത്തിങ്കലേക്കു നോക്കേണ്ടതിന്റെ അതിലുമധികമായ ആവശ്യമുണ്ട് എന്നതാണ് ഒരു പാഠം. അതുകൊണ്ട് നാം “ഇടവിടാതെ പ്രാർത്ഥിക്കേ”ണ്ടതുണ്ട്. (1 തെസ്സലോനീക്യർ 5:17) നാം അക്ഷരാർത്ഥത്തിൽ എല്ലായ്പ്പോഴും മുട്ടിൻമേൽത്തന്നെ ആയിരിക്കണം എന്ന് തീർച്ചയായും അതിന് അർത്ഥമില്ല. മറിച്ച്, നമുക്ക് എല്ലായ്പ്പോഴും പ്രാർത്ഥനാപൂർവകമായ ഒരു മനോഭാവം ഉണ്ടായിരിക്കണം. ഉൾക്കാഴ്ചയോടെ പ്രവർത്തിക്കുന്നതിനും എല്ലായ്പ്പോഴും ദൈവത്തിന്റെ അംഗീകാരം ഉണ്ടായിരിക്കുന്നതിനും ജീവിതത്തിന്റെ എല്ലാ വശങ്ങളിലും നാം മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി ദൈവത്തിങ്കലേക്കു നോക്കണം.—സദൃശവാക്യങ്ങൾ 15:24.
5. നാം പ്രാർത്ഥനക്കായി ചെലവഴിക്കേണ്ട സമയം കവർന്നെടുത്തേക്കാവുന്നത് എന്തെല്ലാമാണ്, അതുസംബന്ധിച്ച് നാം എന്തു ചെയ്യണം?
5 ഈ “അന്ത്യനാളുകളിൽ” നാം പ്രാർത്ഥനയിൽ ചെലവഴിക്കേണ്ട സമയത്തിൻമേൽ പല കാര്യങ്ങളും കടന്നാക്രമണം നടത്തിയേക്കാം. (2 തിമൊഥെയോസ് 3:1) എന്നാൽ കുടുംബപ്രാരംബ്ധങ്ങളും വ്യാപാരപരമായ ഉത്ക്കണ്ഠകളും പോലുള്ള കാര്യങ്ങൾ നമ്മുടെ സ്വർഗ്ഗീയപിതാവിനോടുള്ള ക്രമമായ പ്രാർത്ഥനക്ക് തടസ്സം സൃഷ്ടിക്കുന്നുവെങ്കിൽ ഈ ജീവിതത്തിലെ ഉൽക്കണ്ഠകളാൽ നാം വളരെയധികം ഭാരപ്പെട്ടിരിക്കുന്നു. അത്തരം ഒരു സാഹചര്യം പെട്ടെന്നുതന്നെ തിരുത്തപ്പെടേണ്ടതുണ്ട്, എന്തുകൊണ്ടെന്നാൽ പ്രാർത്ഥിക്കുന്നതിലുള്ള പരാജയം വിശ്വാസനഷ്ടത്തിലേക്കു നയിക്കുന്നു. ഒന്നുകിൽ നാം നമ്മുടെ ലൗകികകടപ്പാടുകൾ കുറവു ചെയ്യണം അല്ലെങ്കിൽ മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി കൂടുതൽ ആത്മാർത്ഥമായും ആവർത്തിച്ചും നമ്മുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്കു തിരിച്ചുകൊണ്ട് ജീവിതോൽക്കണ്ഠകളെ സമനിലയിൽ നിർത്തണം. “പ്രാർത്ഥനയോടുള്ള വീക്ഷണത്തിൽ നാം ജാഗരൂകരായിരിക്കണം.”—1 പത്രോസ് 4:7.
6. നാം ഇപ്പോൾ ഏതു പ്രാർത്ഥനയെപ്പററിയാണ് പഠിക്കാൻപോകുന്നത്, എന്തു ലക്ഷ്യത്തോടെ?
6 മാതൃകാപ്രാർത്ഥന എന്നു വിളിക്കപ്പെടുന്ന പ്രാർത്ഥനയിൽ കൃത്യമായും എന്തു പറയണമെന്നല്ല, മറിച്ച് എങ്ങനെ പ്രാർത്ഥിക്കണമെന്ന് യേശു തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചു. ലൂക്കോസിന്റെ വിവരണം മത്തായിയുടേതിൽനിന്ന് അല്പം വ്യത്യസ്തമാണ്, എന്തുകൊണ്ടെന്നാൽ വ്യത്യസ്ത സാഹചര്യങ്ങളാണ് ഉൾപ്പെട്ടിരുന്നത്. യേശുവിന്റെ അനുയായികളും യഹോവയുടെ സാക്ഷികളുമെന്ന നിലയിൽ നമ്മുടെ പ്രാർത്ഥന എങ്ങനെയുള്ളതായിരിക്കണം എന്നതിന് ഒരു മാതൃകയായി നമുക്ക് ഈ പ്രാർത്ഥനയെപ്പററി പഠിക്കാം.
നമ്മുടെ പിതാവും അവന്റെ നാമവും
7. “ഞങ്ങളുടെ പിതാവേ” എന്ന് യഹോവയെ വിളിക്കാൻ പദവിയുള്ളത് ആർക്കാണ്?
7 “സ്വർഗ്ഗങ്ങളിലുള്ള ഞങ്ങളുടെ പിതാവേ.” (മത്തായി 6:9; ലൂക്കോസ് 11:2) യഹോവ മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവായിരിക്കുന്നതിനാലും അവൻ സ്വർഗ്ഗീയമണ്ഡലത്തിൽ വസിക്കുന്നതിനാലും “സ്വർഗ്ഗങ്ങളിലുള്ള ഞങ്ങളുടെ പിതാവേ” എന്ന് അവനെ അഭിസംബോധനചെയ്യുന്നത് ഉചിതമാണ്. (1 രാജാക്കൻമാർ 8:49; പ്രവൃത്തികൾ 17:24, 28) “ഞങ്ങളുടെ” എന്ന പദത്തിന്റെ ഉപയോഗം മററുള്ളവർക്കും ദൈവവുമായി ഒരു അടുത്ത ബന്ധമുണ്ട് എന്നുള്ളതിന്റെ അംഗീകരണമാണ്. എന്നാൽ ഞങ്ങളുടെ പിതാവേ എന്ന് അവനെ അഭിസംബോധനചെയ്യുന്നതിനുള്ള അനിയന്ത്രിതമായ പദവിയുള്ളത് ആർക്കാണ്? തന്റെ ആരാധകരുടെ കുടുംബത്തിലെ സമർപ്പിതരും സ്നാപനമേററവരുമായ വ്യക്തികൾക്കുമാത്രം. യഹോവയെ “ഞങ്ങളുടെ പിതാവേ” എന്നു വിളിക്കുന്നത് നമുക്ക് ദൈവത്തിൽ വിശ്വാസമുണ്ടെന്നും അവനുമായി രമ്യതയിലാകുന്നതിനുള്ള ഏക അടിസ്ഥാനം യേശുവിന്റെ മറുവിലയാഗത്തെ പൂർണ്ണമായി അംഗീകരിക്കുന്നതാണെന്ന് നാം തിരിച്ചറിയുന്നുവെന്നും സൂചിപ്പിക്കുന്നു.—എബ്രായർ 4:14-16;11:6.
8. യഹോവയോടുള്ള പ്രാർത്ഥനയിൽ സമയംചെലവഴിക്കാൻ നാം അതിയായി ആഗ്രഹിക്കേണ്ടത് എന്തുകൊണ്ടാണ്?
8 നമ്മുടെ സ്വർഗ്ഗീയപിതാവിനോട് നമുക്ക് എത്രമാത്രം അടുപ്പം തോന്നേണ്ടതാണ്? തങ്ങളുടെ പിതാവിനെ സമീപിക്കുന്നതിൽ മടുപ്പുതോന്നാത്ത കുട്ടികളെപ്പോലെ, ദൈവത്തോടുള്ള പ്രാർത്ഥനയിൽ സമയം ചെലവഴിക്കാൻ നാം ഇഷ്ടപ്പെടണം. ആത്മീയവും ഭൗമികവുമായ അവന്റെ അനുഗ്രഹങ്ങൾ സംബന്ധിച്ച ആഴമായ വിലമതിപ്പ് അവന്റെ നൻമകൾക്ക് നന്ദിപറയാൻ നമ്മെ പ്രേരിപ്പിക്കണം. അവൻ നമ്മെ താങ്ങുമെന്നുള്ള വിശ്വാസത്തോടെ, നമ്മെ ഹേമിക്കുന്ന ഭാരങ്ങൾ അവന്റെ മുമ്പാകെ കൊണ്ടുചെല്ലാൻ നമുക്ക് ചായ്വു തോന്നണം. (സങ്കീർത്തനം 55:22) അവൻ നമുക്കുവേണ്ടി കരുതുന്നതിനാൽ നാം വിശ്വസ്തരാണെങ്കിൽ അന്തിമമായി എല്ലാം നമ്മുടെ നൻമയിൽ കലാശിക്കാൻ ഇടയാക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—1 പത്രോസ് 5:6, 7.
9. ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ എന്നു പ്രാർത്ഥിക്കുമ്പോൾ അതിന്റെ അർത്ഥമെന്താണ്?
9 “അങ്ങയുടെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്തായി 6:9; ലൂക്കോസ് 11:2) നാമം എന്ന പദം ചിലപ്പോൾ വ്യക്തിയെത്തന്നെ സൂചിപ്പിക്കുന്നു. “വിശുദ്ധീകരിക്കുക” എന്നാൽ “വിശുദ്ധമാക്കുക, വേർതിരിക്കുക, പവിത്രമായി കണക്കാക്കുക” എന്നാണർത്ഥം. (വെളിപ്പാട് 3:4 താരതമ്യംചെയ്യുക.) അപ്പോൾ ദൈവത്തിന്റെ നാമം വിശുദ്ധമാക്കാനുള്ള പ്രാർത്ഥന, ഫലത്തിൽ, തന്റെ നാമം വിശുദ്ധീകരിക്കാൻ യഹോവ പ്രവർത്തിക്കണം എന്നുള്ള ഒരു അപേക്ഷയാണ്. എങ്ങനെ? തന്റെ നാമത്തിൻമേൽ കുന്നിച്ചിരിക്കുന്ന നിന്ദയെല്ലാം നീക്കിക്കളഞ്ഞുകൊണ്ട്. (സങ്കീർത്തനം 135:13) ആ ലക്ഷ്യത്തിൽ ദൈവം ദുഷ്ടതയെ നീക്കിക്കളയുകയും തന്നേത്തന്നെ മഹത്വീകരിക്കുകയും താൻ യഹോവയാണെന്ന് ജനതകൾ അറിയാനിടയാകുകയും ചെയ്യും. (യെഹെസ്ക്കേൽ 36:23; 38:23) ആ ദിവസം കാണാൻ നാം ആത്മാർത്ഥമായി ആഗ്രഹിക്കുകയും യഹോവയുടെ മഹത്വത്തെ യഥാർത്ഥത്തിൽ വിലമതിക്കുകയും ചെയ്യുന്നുവെങ്കിൽ “അങ്ങയുടെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്ന വാക്കുകളാൽ സൂചിപ്പിക്കപ്പെടുന്ന ആദരപൂർവകമായ ആത്മാവോടെ നാം എല്ലായ്പ്പോഴും അവനെ സമീപിക്കും.
ദൈവത്തിന്റെ രാജ്യവും അവന്റെ ഇഷ്ടവും
10. ദൈവത്തിന്റെ രാജ്യം വരേണമേ എന്നു നാം പ്രാർത്ഥിക്കുമ്പോൾ അതിന്റെ അർത്ഥമെന്താണ്?
10 “അങ്ങയുടെ രാജ്യം വരേണമേ.” (മത്തായി 6:10; ലൂക്കോസ് 11:2) ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന രാജ്യം യേശുക്രിസ്തുവിന്റെയും അവനോടുകൂടെയുള്ള “വിശുദ്ധൻമാരു”ടെയും കൈകളിലെ സ്വർഗ്ഗീയ മശിഹൈകഗവൺമെൻറിനാൽ പ്രതിനിധാനംചെയ്യപ്പെടുന്ന യഹോവയുടെ പരമാധികാരഭരണമാണ്. (ദാനിയേൽ 7:13, 14, 18, 27; യെശയ്യാവ് 9:6, 7; 11:1-5) അത് “വരാൻ”വേണ്ടി പ്രാർത്ഥിക്കുന്നതിനാൽ എന്താണർത്ഥമാക്കപ്പെടുന്നത്? ദിവ്യ ഭരണത്തിന്റെ എല്ലാ ഭൗമിക എതിരാളികൾക്കുമെതിരെ ദൈവരാജ്യം വരാൻ നാം അപേക്ഷിക്കുന്നുവെന്നാണ് അതിന്റെ അർത്ഥം. എല്ലാ ഭൗമികരാജത്വങ്ങളെയും തകർത്തു നശിപ്പിച്ചശേഷം ആ രാജ്യം ഭൂമിയെ ഒരു ആഗോളപറുദീസായാക്കി മാററും.—ദാനിയേൽ 2:44; ലൂക്കോസ് 23:43.
11. അഖിലാണ്ഡത്തിലെല്ലാം യഹോവയുടെ ഇഷ്ടം നിവർത്തിക്കപ്പെട്ടുകാണാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ നാം എന്തു ചെയ്യും?
11 “അങ്ങയുടെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടക്കട്ടെ.” (മത്തായി 6:10) ഇത് ഭൂമിയെസംബന്ധിച്ച ദൈവത്തിന്റെ ഇഷ്ടം നിവർത്തിക്കാനുള്ള ഒരു അപേക്ഷയാണ്. അതിൽ തന്റെ ശത്രുക്കളെ നീക്കംചെയ്യുന്നതും ഉൾപ്പെടുന്നു. (സങ്കീർത്തനം 83:9-18; 135:6-10) വാസ്തവത്തിൽ അഖിലാണ്ഡത്തിലെല്ലാം ദിവ്യേഷ്ടം നടപ്പായിക്കാണാൻ നാം ആഗ്രഹിക്കുന്നുവെന്ന് അത് സൂചിപ്പിക്കുന്നു. അത് നമ്മുടെ ഹൃദയത്തിലുണ്ടെങ്കിൽ നാം എല്ലായ്പ്പോഴും നമ്മുടെ കഴിവിന്റെ പരമാവധി യഹോവയുടെ ഇഷ്ടം ചെയ്യും. നമ്മുടെ സ്വന്തം കാര്യത്തിൽ ദൈവേഷ്ടംചെയ്യാൻ നാം ആത്മാർത്ഥമായി ശ്രമിക്കുന്നില്ലെങ്കിൽ നമുക്ക് സത്യസന്ധമായി അത്തരം ഒരു അപേക്ഷ നടത്താൻ കഴികയില്ല. നാം അപ്രകാരം പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ ഒരു അവിശ്വാസിയോട് പ്രേമാഭ്യർത്ഥന നടത്തുന്നതോ ലോകത്തിന്റേതായ രീതികൾ അവലംബിക്കുന്നതോപോലെ ദൈവേഷ്ടത്തിന് വിപരീതമായ കാര്യങ്ങൾ ചെയ്യുന്നില്ല എന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്. (1 കൊരിന്ത്യർ 7:39; 1 യോഹന്നാൻ 2:15-17) മറിച്ച്, ‘ഈ കാര്യത്തിൽ യഹോവയുടെ ഇഷ്ടം എന്താണ്?’ എന്ന ചിന്ത നമ്മുടെ മനസ്സിൽ എല്ലായ്പ്പോഴും ഉണ്ടായിരിക്കണം. അതെ, നാം നമ്മുടെ മുഴുഹൃദയത്തോടെ ദൈവത്തെ സേവിക്കുന്നുവെങ്കിൽ ജീവിതത്തിലെ സകല കാര്യങ്ങളിലും നാം അവന്റെ മാർഗ്ഗനിർദ്ദേശം തേടും.—മത്തായി 22:37.
നമ്മുടെ അനുദിന ആഹാരം
12. ‘അനുദിനാഹാരത്തിനുവേണ്ടി’ മാത്രം പ്രാർത്ഥിക്കുന്നതിന് നമ്മുടെമേൽ എന്തു ഫലമുണ്ട്?
12 “ഇന്നേയ്ക്കു വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്കു തരേണമേ.” (മത്തായി 6:11) ലൂക്കോസിന്റെ വിവരണം ഇപ്രകാരം വായിക്കപ്പെടുന്നു: “അന്നന്നത്തെ ആവശ്യമനുസരിച്ചുള്ള ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമേ.” (ലൂക്കോസ് 11:3) “ഇന്നേയ്ക്ക്” ആവശ്യമുള്ള ആഹാരം തരാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നത് അനുദിനം നമ്മുടെ ആവശ്യത്തിനുവേണ്ടി കരുതാനുള്ള ദൈവത്തിന്റെ പ്രാപ്തിയിലുള്ള നമ്മുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുന്നു. ഇസ്രായേല്യർ മന്ന ശേഖരിക്കേണ്ടിയിരുന്നത് “ഓരോരുത്തനും അന്നത്തേക്ക് വേണ്ടിയ”തായിരുന്നു, ഒരാഴ്ചത്തേക്കു വേണ്ടിയതോ അതിലധികമോ ആയിരുന്നില്ല. (പുറപ്പാട് 16:4) ഇത് ഏററം രുചികരമായ ആഹാരസാധനങ്ങൾക്കോ സമൃദ്ധമായ കരുതലുകൾക്കോ വേണ്ടിയുള്ള അപേക്ഷയല്ല, അന്നന്നത്തെ ആവശ്യത്തിനുവേണ്ടി മാത്രമുള്ളതാണ്. അനുദിനാഹാരത്തിനുവേണ്ടി മാത്രം യാചിക്കുന്നത് അത്യാഗ്രഹികളാകാതിരിക്കുന്നതിനും നമ്മെ സഹായിക്കുന്നു.—1 കൊരിന്ത്യർ 6:9, 10.
13. (എ) ഒരു വിശാലമായ അർത്ഥത്തിൽ, അനുദിനാഹാരത്തിനുവേണ്ടി അപേക്ഷിക്കുന്നതിന്റെ അർത്ഥമെന്താണ്? (ബി) നാം കഠിനമായി അദ്ധ്വാനിച്ചിട്ടും നമുക്ക് കഷ്ടിച്ചു ചെലവിനുള്ളതേ ലഭിക്കുന്നുള്ളുവെങ്കിലും നമ്മുടെ മനോഭാവമെന്തായിരിക്കണം?
13 വിശാലമായ ഒരു അർത്ഥത്തിൽ പറഞ്ഞാൽ, അനുദിനാഹാരത്തിനുവേണ്ടി യാചിക്കുന്നത് നാം സ്വതന്ത്രരായിരിക്കുന്നതായി തോന്നുന്നില്ല എന്നും മറിച്ച് ഭക്ഷണപാനീയങ്ങൾക്കും വസ്ത്രത്തിനും മററ് ആവശ്യങ്ങൾക്കുംവേണ്ടി നാം നിരന്തരം ദൈവത്തിങ്കലേക്കു നോക്കുന്നുവെന്നുമാണ് സൂചിപ്പിക്കുന്നത്. തന്റെ ആരാധകരുടെ കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ നാം നമ്മുടെ പിതാവിനെ ആശ്രയിക്കുന്നു—എന്നാൽ അവൻ അത്ഭുതകരമായി നമുക്കുവേണ്ടി കരുതാൻ നാം അലസരായി കാത്തിരിക്കുന്നില്ല. ഭക്ഷണത്തിനും മററ് ആവശ്യങ്ങൾക്കുംവേണ്ടി നാം വേല ചെയ്യുകയും ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുകയും ചെയ്യും. എന്നിരുന്നാലും, നമ്മുടെ പ്രാർത്ഥനയിൽ ഉചിതമായി നാം ദൈവത്തിനു നന്ദി കൊടുക്കുന്നു. എന്തുകൊണ്ടെന്നാൽ ഈ കരുതലുകൾക്കു പിന്നിൽ നാം നമ്മുടെ സ്വർഗ്ഗീയപിതാവിന്റെ സ്നേഹവും ജ്ഞാനവും ശക്തിയും കാണുന്നു. (പ്രവൃത്തികൾ 14:15-17; ലൂക്കോസ് 22:19 താരതമ്യപ്പെടുത്തുക.) നമ്മുടെ കഠിനാദ്ധ്വാനം നമുക്ക് സമൃദ്ധിയുണ്ടാകാൻ ഇടയാക്കിയേക്കാം. എന്നാൽ നാം കഠിനാദ്ധ്വാനം ചെയ്തിട്ടും നമുക്ക് കഷ്ടിച്ചു കഴിഞ്ഞുകൂടാനുള്ളതേ ലഭിക്കുന്നുള്ളുവെങ്കിലും നമുക്ക് നന്ദിയുള്ളവരും സംതൃപ്തരുമായിരിക്കാം. (ഫിലിപ്യർ 4:12; 1 തിമൊഥെയോസ് 6:6-8) വാസ്തവത്തിൽ സാധാരണ ഭക്ഷണവും വസ്ത്രവുമുള്ള ദൈവഭക്തനായ മനുഷ്യൻ ഭൗതികമായി സമ്പന്നരായിരിക്കുന്ന ചിലരെക്കാൾ സന്തുഷ്ടനായിരുന്നേക്കാം. അതുകൊണ്ട് നമ്മുടെ നിയന്ത്രണത്തിനതീതമായ കാരണങ്ങളാൽ നമുക്ക് അല്പമേയുള്ളുവെങ്കിലും നമുക്ക് നിരുത്സാഹിതരാകാതിരിക്കാം. നമുക്ക് അപ്പോഴും ആത്മീയമായി സമ്പന്നരായിരിക്കാം. വിശ്വാസത്തിലും പ്രത്യാശയിലും യഹോവയോടുള്ള സ്നേഹത്തിലും നാം ദരിദ്രരായിരിക്കേണ്ടതില്ല. അവങ്കലേക്ക് നമ്മുടെ സ്തുതിയും സ്തോത്രവും ഹൃദയംഗമമായ പ്രാർത്ഥനയും ഉയരുന്നു.
നമ്മുടെ കടങ്ങൾ ക്ഷമിക്കൽ
14. എന്തു കടത്തിനുവേണ്ടിയാണ് നാം ക്ഷമ യാചിക്കുന്നത്, അതിന് ദൈവം എന്താണ് നമുക്കുവേണ്ടി പ്രയോഗിക്കുന്നത്?
14 “ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടു ക്ഷമിക്കേണമേ.” (മത്തായി 6:12) ഈ കടങ്ങൾ പാപങ്ങളാണെന്ന് ലൂക്കോസിന്റെ വിവരണം കാണിച്ചുതരുന്നു. (ലൂക്കോസ് 11:4) എല്ലാ കാര്യങ്ങളും നമ്മുടെ പിതാവിന്റെ പൂർണ്ണമായ ഇഷ്ടമനുസരിച്ചു ചെയ്യുന്നതിൽ നിന്ന് അവകാശപ്പെടുത്തിയ പാപപൂർണ്ണത നമ്മെ തടയുന്നു. അതുകൊണ്ട്, ഒരർത്ഥത്തിൽ നാം ‘ആത്മാവിൽ ജീവിക്കാനും നടക്കാനും’ തുടങ്ങിയശേഷം ഈ കുറവുകൾ നമ്മുടെ കടങ്ങൾ അല്ലെങ്കിൽ ദൈവത്തോടുള്ള നമ്മുടെ കടപ്പാടുകൾ ആയിരുന്നിട്ടുണ്ട്. (ഗലാത്യർ 5:16-25; റോമർ 7:21-25 താരതമ്യംചെയ്യുക.) നാം അപൂർണ്ണരായിരിക്കുന്നതിനാലും ദൈവത്തിന്റെ നിലവാരങ്ങൾക്കൊപ്പമെത്താൻ കഴിയാത്തതിനാലും നമുക്ക് ഈ കടങ്ങളുണ്ട്. ഈ പാപങ്ങളുടെ പൊറുതിക്കുവേണ്ടി പ്രാർത്ഥിക്കാനാണ് നമുക്ക് പദവിയുള്ളത്. സന്തോഷകരമെന്നു പറയട്ടെ, ഈ കടങ്ങൾക്ക് അല്ലെങ്കിൽ പാപങ്ങൾക്കുവേണ്ടി യേശുവിന്റെ മറുവിലയാഗത്തിന്റെ മൂല്യം പ്രയോഗിക്കാൻ ദൈവത്തിനു കഴിയും.—റോമർ 5:8; 6:23.
15. ആവശ്യമായ ശിക്ഷണം സംബന്ധിച്ച് നമുക്ക് എന്തു മനോഭാവമാണ് ഉണ്ടായിരിക്കേണ്ടത്?
15 നമ്മുടെ കടങ്ങൾ അല്ലെങ്കിൽ പാപങ്ങൾ ദൈവം ക്ഷമിക്കാൻ നാം പ്രതീക്ഷിക്കുന്നുവെങ്കിൽ നാം അനുതാപമുള്ളവരും ശിക്ഷണം സ്വീകരിക്കാൻ മനസ്സൊരുക്കമുള്ളവരുമായിരിക്കണം. (സദൃശവാക്യങ്ങൾ 28:13; പ്രവൃത്തികൾ 3:19) യഹോവ നമ്മെ സ്നേഹിക്കുന്നതിനാൽ നമുക്ക് നമ്മുടെ ബലഹീനതകൾ തിരുത്താൻകഴിയേണ്ടതിന് വ്യക്തിപരമായി നമുക്കാവശ്യമായിരിക്കുന്ന ശിക്ഷണം അവൻ നമുക്കു തരുന്നു. (സദൃശവാക്യങ്ങൾ 6:23; എബ്രായർ 12:4-6) വിശ്വാസത്തിലും അറിവിലുമുള്ള നമ്മുടെ വളർച്ച നാം മനഃപൂർവമായി പാപംചെയ്യാത്തവണ്ണം നമ്മുടെ ഹൃദയം ദൈവത്തിന്റെ നിയമങ്ങളോടും തത്വങ്ങളോടും പൂർണ്ണമായി യോജിപ്പിലായിരിക്കുന്നതായി കണ്ടെത്തുന്നുവെങ്കിൽ നമുക്ക് തീർച്ചയായും സന്തുഷ്ടരായിരിക്കാൻ കഴിയും. എന്നാൽ നാം അല്പമെങ്കിലും മനഃപൂർവം തെററു ചെയ്യുന്നതായി കണ്ടെത്തുന്നുവെങ്കിലെന്ത്? അപ്പോൾ നമുക്ക് ആഴമായ ദുഃഖം തോന്നുകയും നാം ക്ഷമക്കുവേണ്ടി ആത്മാർത്ഥയോടെ പ്രാർത്ഥിക്കുകയും ചെയ്യേണ്ടതുണ്ട്. (എബ്രായർ 10:26-31) നമുക്കു ലഭിച്ച ബുദ്ധിയുപദേശം ബാധകമാക്കിക്കൊണ്ട് നാം നമ്മുടെ ഗതി പെട്ടെന്നുതന്നെ തിരുത്തേണ്ടതുണ്ട്.
16. നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ ദൈവത്തോട് യാചിച്ചുകൊണ്ടിരിക്കുന്നത് പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ടാണ്?
16 നമ്മുടെ പാപങ്ങൾ ക്ഷമിക്കേണമേ എന്ന് നിരന്തരം പ്രാർത്ഥിക്കുന്നത് പ്രയോജനകരമാണ്. ഇതു ചെയ്യുന്നതിനാൽ നമ്മുടെ പാപപൂർണ്ണത നമ്മുടെ കൺമുമ്പിലുണ്ടായിരിക്കും. അതിന് നമ്മുടെമേൽ നമ്മെ എളിമപ്പെടുത്തുന്ന ഒരു ഫലം ഉണ്ടായിരിക്കേണ്ടതാണ്. (സങ്കീർത്തനം 51:3, 4, 7) നമ്മുടെ സ്വർഗ്ഗീയ പിതാവ് “നമ്മുടെ പാപങ്ങൾ നമ്മോടു പൊറുക്കുകയും . . . എല്ലാ അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കുകയും” ചെയ്യേണ്ട ആവശ്യം നമുക്കുണ്ട്. (1യോഹന്നാൻ 1:8, 9) കൂടാതെ പ്രാർത്ഥനയിൽ നമ്മുടെ പാപങ്ങൾ ഏററുപറയുന്നത് അവക്കെതിരെ ഒരു കഠിനപോരാട്ടം നടത്തിക്കൊണ്ടിരിക്കാൻ നമ്മെ സഹായിക്കുന്നു. അപ്രകാരം മറുവിലക്കും യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ മൂല്യത്തിനും വേണ്ടിയുള്ള നമ്മുടെ ആവശ്യം സംബന്ധിച്ച് നാം നിരന്തരം ഓർമ്മപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു.—1 യോഹന്നാൻ 2:1, 2; വെളിപ്പാട് 7:9, 14.
17. ക്ഷമക്കുവേണ്ടി യാചിക്കുന്നത് മററുള്ളവരുമായുള്ള നമ്മുടെ ബന്ധത്തെ സഹായിക്കുന്നത് എങ്ങനെയാണ്?
17 ക്ഷമക്കുവേണ്ടിയുള്ള പ്രാർത്ഥന കരുണയും സഹാനുഭൂതിയുമുള്ളവരായിരിക്കുന്നതിനും ചെറുതും വലുതുമായ കാര്യങ്ങളിൽ നമ്മോടു കടപ്പെട്ടിരിക്കുന്നവരോട് ഔദാര്യമുള്ളവരായിരിക്കുന്നതിനും നമ്മെ സഹായിക്കുന്നു. ലൂക്കോസിന്റെ വിവരണം പറയുന്നു: “ഞങ്ങളോട് കടപ്പെട്ടിരിക്കുന്ന ഓരോരുത്തരോടും ഞങ്ങൾ ക്ഷമിക്കുന്നതിനാൽ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ.” (ലൂക്കോസ് 11:4) വാസ്തവത്തിൽ നമ്മുടെ കടക്കാരോട്, നമുക്കെതിരെ പാപംചെയ്യുന്നവരോട്, നാം ക്ഷമിച്ചുകഴിഞ്ഞെങ്കിൽ മാത്രമേ നമുക്ക് ദൈവത്തിൽനിന്ന് ക്ഷമ നേടാൻ കഴികയുള്ളു. (മത്തായി 6:12; മർക്കോസ് 11:25) യേശു ഇപ്രകാരം കൂട്ടിച്ചേർത്തു: “നിങ്ങൾ മററുള്ളവരോട് അവരുടെ തെററുകൾ ക്ഷമിക്കുന്നുവെങ്കിൽ നിങ്ങളുടെ സ്വർഗ്ഗീയ പിതാവും നിങ്ങളോടു ക്ഷമിക്കും; എന്നാൽ നിങ്ങൾ മററുള്ളവരോട് അവരുടെ തെററുകൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിതാവും നിങ്ങളുടെ തെററുകൾ ക്ഷമിക്കുകയില്ല.” (മത്തായി 6:14, 15) നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻവേണ്ടിയുള്ള പ്രാർത്ഥന മററുള്ളവരോടു സഹിഷ്ണത കാട്ടാനും അവരോടു ക്ഷമിക്കാനും നമ്മെ പ്രേരിപ്പിക്കണം. അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴുതി: “യഹോവ ഉദാരമായി നിങ്ങളോടു ക്ഷമിച്ചതുപോലെ, നിങ്ങളും ക്ഷമിക്കുക.”—കൊലോസ്യർ 3:13; എഫേസ്യർ 4:32.
പ്രലോഭനവും ദുഷ്ടനായവനും
18. നമ്മുടെ പ്രലോഭനങ്ങളും പരിശോധനകളും സംബന്ധിച്ച് നാം ദൈവത്തെ ഒരിക്കലും കുററപ്പെടുത്തരുതാത്തത് എന്തുകൊണ്ടാണ്?
18 “ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ.” (മത്തായി 6:13; ലൂക്കോസ് 11:4) പാപം ചെയ്യാൻ തക്കവണ്ണം യഹോവ നമ്മെ പ്രലോഭിപ്പിക്കുന്നുവെന്ന് ഈ വാക്കുകൾ അർത്ഥമാക്കുന്നില്ല. ദൈവം അനുവദിക്കുകമാത്രം ചെയ്യുന്ന കാര്യങ്ങൾ ദൈവം ചെയ്യുന്നതായിട്ടോ അവക്കിടയാക്കുന്നതായിട്ടോ തിരുവെഴുത്തുകൾ ചിലപ്പോൾ സംസാരിക്കുന്നു. (രൂത്ത് 1:20, 21 സഭാപ്രസംഗി 11:5 താരതമ്യംചെയ്യുക.) എന്നാൽ “തിൻമകളാൽ ദൈവത്തെ പരീക്ഷിക്കാവതല്ല, അവൻതന്നെ ആരെയും പരീക്ഷിക്കുന്നതുമില്ല” എന്ന് ശിഷ്യനായ യാക്കോബ് എഴുതി. (യാക്കോബ് 1:13) അതുകൊണ്ട് പ്രലോഭനങ്ങൾക്കും തിൻമകളാലുള്ള പരിശോധനകൾക്കും നമുക്ക് നമ്മുടെ സ്വർഗ്ഗീയ പിതാവിനെ ഒരിക്കലും കുററപ്പെടുത്താതിരിക്കാം. എന്തുകൊണ്ടെന്നാൽ നമ്മേക്കൊണ്ട് ദൈവത്തിനെതിരെ പാപംചെയ്യിക്കാൻ ശ്രമിക്കുന്നത് പരീക്ഷകനായ സാത്താനാണ്.—മത്തായി 4:3; 1 തെസ്സലോനീക്യർ 3:5.
19. പ്രലോഭനങ്ങളെ സംബന്ധിച്ച് നമുക്ക് എങ്ങനെ പ്രാർത്ഥിക്കാൻ കഴിയും?
19 “ഞങ്ങളെ പ്രലോഭനങ്ങിൽ ഉൾപ്പെടുത്തരുതേ” എന്ന അപേക്ഷയിലൂടെ, പരീക്ഷിക്കപ്പെടുമ്പോൾ അതിൽ അകപ്പെട്ടുപോകാൻ അനുവദിക്കല്ലേ അല്ലെങ്കിൽ ദൈവത്തോട് അനുസരണക്കേടു കാണിക്കാൻ ഇടയാക്കല്ലേ എന്നാണ് ഫലത്തിൽ നാം ആവശ്യപ്പെടുന്നത്. നമുക്ക് സഹിച്ചുനിൽക്കാൻ കഴിയാത്ത തരത്തിലുള്ള പ്രലോഭനങ്ങൾ നമുക്കുണ്ടാകാത്തവണ്ണം നമ്മുടെ കാലടികളെ നയിക്കാൻ നമുക്ക് നമ്മുടെ പിതാവിനോട് യാചിക്കാൻകഴിയും. ഇതുസംബന്ധിച്ച് പൗലോസ് ഇപ്രകാരം എഴുതി: “മനുഷ്യർക്ക് സാധാരണമല്ലാത്തതായ യാതൊരു പ്രലോഭനവും നിങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ല. എന്നാൽ ദൈവം വിശ്വസ്തൻ, നിങ്ങൾക്ക് സഹിച്ചുനിൽക്കാവുന്നതിനപ്പുറം നിങ്ങൾ പരീക്ഷിക്കപ്പെടാതിരിക്കാൻ, നിങ്ങൾക്ക് സഹിച്ചുനിൽക്കാൻ കഴിയേണ്ടതിന് , പരീക്ഷയോടൊപ്പം അവൻ പോംവഴിയും ഉണ്ടാക്കും.” (1 കൊരിന്ത്യർ 10:13) നമുക്ക് സഹിച്ചുനിൽക്കാൻ കഴിയുന്നതിലപ്പുറം നാം പരീക്ഷിക്കപ്പെടാതിരിക്കാൻ യഹോവ നമ്മെ നയിക്കണമെന്നും നാം വലിയ കഷ്ടത്തിലാകുമ്പോൾ നമുക്ക് രക്ഷാമാർഗ്ഗം കാണിച്ചുതരേണമേ എന്നും നമുക്ക് പ്രാർത്ഥിക്കാൻ കഴിയും. പ്രലോഭനങ്ങൾ പിശാചിൽനിന്നും നമ്മുടെ പാപപൂർണ്ണമായ ജഡത്തിൽനിന്നും മററുള്ളവരുടെ ബലഹീനതകളിൽനിന്നും വരുന്നു. എന്നാൽ നാം അവയിൽ അകപ്പെട്ടുപോകാതിരിക്കത്തക്കവണ്ണം നമ്മുടെ സ്നേഹവാനായ പിതാവിന് നമ്മെ നയിക്കാൻ കഴിയും.
20. ദുഷ്ടനായവനിൽനിന്നുള്ള വിടുതലിനുവേണ്ടി പ്രാർത്ഥിക്കേണ്ടതെന്തുകൊണ്ട്?
20 “ദുഷ്ടനായവനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.” (മത്തായി 6:13) “ദുഷ്ടനായ” സാത്താൻ നമ്മെ കീഴടക്കുന്നത് ദൈവത്തിന് തീർച്ചയായും തടയാൻ കഴിയും. (2 പത്രോസ് 2:9) പിശാചിൽനിന്ന് വിടുവിക്കപ്പെടുന്നതിന് ഇന്നത്തേതിനെക്കാൾ വലിയ ആവശ്യം ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല, എന്തുകൊണ്ടെന്നാൽ അവന് ‘അല്പകാലമേ ശേഷിച്ചിട്ടുള്ളു എന്ന് അറിഞ്ഞുകൊണ്ട്’ അവൻ മഹാകോപത്തിലാണ്. (വെളിപ്പാട് 12:12) സാത്താന്റെ തന്ത്രങ്ങൾ സംബന്ധിച്ച് നാം അജ്ഞരല്ല, എന്നാൽ നമ്മുടെ ബലഹീനതകൾ സംബന്ധിച്ച് അവനും അജ്ഞനല്ല. അതുകൊണ്ട് സിംഹത്തെപ്പോലെയുള്ള നമ്മുടെ എതിരാളിയുടെ പിടിയിൽനിന്ന് യഹോവ നമ്മെ കാത്തുരക്ഷിക്കേണമേ എന്ന് നാം പ്രാർത്ഥിക്കേണ്ടതുണ്ട്. (2 കൊരിന്ത്യർ 2:11; 1 പത്രോസ് 5:8, 9; സങ്കീർത്തനം 141:8, 9 താരതമ്യംചെയ്യുക.) ഉദാഹരണത്തിന്, വിവാഹംകഴിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ സാത്താന്റെ തന്ത്രങ്ങളിൽനിന്നും അധാർമ്മികതയിലേക്കോ അല്ലെങ്കിൽ ഒരു അവിശ്വാസിയെ വിവാഹംചെയ്തുകൊണ്ട് ദൈവത്തോട് അനുസരണക്കേടു കാണിക്കുന്നതിലേക്കോ നയിച്ചേക്കാവുന്ന ലൗകിക ബന്ധങ്ങൾ നട്ടുവളർത്താനുള്ള പ്രലോഭനങ്ങളിൽനിന്നും നമ്മെ സംരക്ഷിക്കേണമേ എന്ന് നാം യഹോവയോട് പ്രാർത്ഥിക്കേണ്ടതുണ്ടായിരിക്കാം. (ആവർത്തനം 7:3, 4; 1 കൊരിന്ത്യർ 7:39) ധനത്തിനുവേണ്ടി നാം അതിയായി ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ചൂതുകളിയിൽ ഏർപ്പെടുന്നതിനോ വഞ്ചന കാണിക്കുന്നതിനോ ഉള്ള പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനുള്ള സഹായത്തിനുവേണ്ടി പ്രാർത്ഥന ആവശ്യമായിരിക്കാം. യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കാനുള്ള ഉത്സാഹത്തിൽ പ്രലോഭനങ്ങളുടേതായ തന്റെ ആയുധപ്പുരയിലെ ഏത് ആയുധവും സാത്താൻ ഉപയോഗിക്കും. അതുകൊണ്ട്, നീതിമാൻമാരെ ഒരിക്കലും പ്രലോഭനങ്ങൾക്ക് ഏല്പിച്ചുകൊടുക്കുകയില്ലാത്തവനും ദുഷ്ടനിൽനിന്ന് വിടുതൽ പ്രദാനംചെയ്യുന്നവനുമായ നമ്മുടെ സ്വർഗ്ഗീയപിതാവിനോട് നമുക്ക് നിരന്തരം പ്രാർത്ഥിക്കാം.
പ്രാർത്ഥന വിശ്വാസവും പ്രത്യാശയും കെട്ടുപണിചെയ്യുന്നു
21. രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിൽനിന്ന് നാം എങ്ങനെ പ്രയോജനം അനുഭവിച്ചിരിക്കുന്നു?
21 ദുഷ്ടനിൽനിന്ന് നമ്മെ വിടുവിക്കുന്ന നമ്മുടെ സ്വർഗ്ഗീയ പിതാവ് നമ്മെ സമൃദ്ധമായി അനുഗ്രഹിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു. എന്നിരുന്നാലും, തന്റെ പ്രിയപ്പെട്ട ജനം ഇത്ര ദീർഘകാലം “അങ്ങയുടെ രാജ്യം വരേണമേ” എന്നു പ്രാർത്ഥിക്കാൻ അവൻ അനുവദിച്ചിട്ടുള്ളത് എന്തുകൊണ്ടാണ്? കൊള്ളാം, വർഷങ്ങളിൽ ഇത്തരത്തിൽ പ്രാർത്ഥിച്ചിട്ടുള്ളത് രാജ്യത്തിനുവേണ്ടിയുള്ള നമ്മുടെ ആഗ്രഹവും വിലമതിപ്പും വർദ്ധിപ്പിച്ചിട്ടുണ്ട്. ആ പ്രാർത്ഥന ഈ അനുഗൃഹീതമായ സ്വർഗ്ഗീയഗവൺമെൻറിന്റെ ആവശ്യം സംബന്ധിച്ച് നമ്മെ ഓർമ്മിപ്പിച്ചിട്ടുണ്ട്. അത് രാജ്യഭരണത്തിൻകീഴിലെ ജീവിതം സംബന്ധിച്ചുള്ള പ്രതീക്ഷ നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്നു.—വെളിപ്പാട് 21:1-5.
22. നമ്മുടെ സ്വർഗ്ഗീയ പിതാവായ യഹോവയോടുള്ള പ്രാർത്ഥനസംബന്ധിച്ച് നമ്മുടെ സ്ഥായിയായ മനോഭാവം എന്തായിരിക്കണം?
22 പ്രാർത്ഥന നിസ്സംശയമായും യഹോവയിലുള്ള വിശ്വാസം കെട്ടുപണിചെയ്യുന്നു. അവൻ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുമ്പോൾ അവനുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ശക്തമായിത്തീരുന്നു. അതുകൊണ്ട് അനുദിനം സ്തുതികളോടും നന്ദിപ്രകടനങ്ങളോടും അപേക്ഷകളോടുംകൂടെ അവങ്കലേക്കു തിരിയുന്നതിൽ നമുക്ക് മടുത്തുപോകാതിരിക്കാം. “കർത്താവേ പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ” എന്നുള്ള യേശുവിന്റെ അനുയായികളുടെ അപേക്ഷയോടുള്ള അവന്റെ സഹായകമായ പ്രതികരണം സംബന്ധിച്ച് നമുക്ക് നന്ദിയുള്ളവരായിരിക്കാം. (w90 5⁄15)
നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ?
◻ പ്രാർത്ഥനാനിരതനായ ഒരു മനുഷ്യനെന്ന നിലയിൽ യേശുവിന്റെ വാക്കുകളിൽനിന്നും ദൃഷ്ടാന്തങ്ങളിൽനിന്നും നമുക്ക് എന്ത് പാഠങ്ങൾ പഠിക്കാൻ കഴിയും?
◻ നമ്മുടെ സ്വർഗ്ഗീയ പിതാവിനെയും അവന്റെ നാമത്തെയും സംബന്ധിച്ച് നാം എന്തിനുവേണ്ടി പ്രാർത്ഥിക്കണം?
◻ ദൈവത്തിന്റെ രാജ്യം വരാനും അവന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടാനുംവേണ്ടി പ്രാർത്ഥിക്കുമ്പോൾ നാം എന്താണ് ആവശ്യപ്പെടുന്നത്?
◻ അനുദിനാഹാരത്തിനുവേണ്ടി പ്രാർത്ഥിക്കുമ്പോൾ നാം എന്താണ് ചോദിക്കുന്നത്?
◻ നാം നമ്മുടെ കടങ്ങൾ ക്ഷമിച്ചുകിട്ടാൻവേണ്ടി പ്രാർത്ഥിക്കുമ്പോൾ അതിന്റെ അർത്ഥമെന്താണ്?
◻ പ്രലോഭനങ്ങൾ സംബന്ധിച്ചും ദുഷ്ടനായ സാത്താനിൽനിന്നുള്ള വിടുതൽസംബന്ധിച്ചും പ്രാർത്ഥിക്കുന്നത് ജീവൽപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
[17-ാം പേജിലെ ചിത്രം]
പ്രാർത്ഥിക്കാൻ തങ്ങളെ പഠിപ്പിക്കണമെന്ന് യേശുവിന്റെ അനുഗാമികൾ അവനോട് ആവശ്യപ്പെട്ടു. പ്രാർത്ഥന സംബന്ധിച്ച അവന്റെ നിർദ്ദേശങ്ങളിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം അനുഭവിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?