“ഈ മനുഷ്യൻ സംസാരിക്കുന്നതു പോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല”
“എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾനിമിത്തം ആശ്ചര്യപ്പെട്ടു.”—ലൂക്കൊസ് 4:22.
1, 2. (എ) യേശുവിനെ പിടിക്കാൻ വന്ന ഉദ്യോഗസ്ഥർ വെറും കയ്യോടെ മടങ്ങിയത് എന്തുകൊണ്ട്? (ബി) യേശുവിന്റെ പഠിപ്പിക്കലിൽ മതിപ്പു തോന്നിയത് ആ ഉദ്യോഗസ്ഥർക്കു മാത്രമല്ലെന്ന് എന്തു പ്രകടമാക്കുന്നു?
ആഉദ്യോഗസ്ഥർ തങ്ങളുടെ ദൗത്യത്തിൽ പരാജയപ്പെട്ടു. യേശുക്രിസ്തുവിനെ പിടിക്കാനാണ് അവരെ അയച്ചത്. പക്ഷേ, അവർ വെറും കയ്യോടെ മടങ്ങിവന്നു. മഹാപുരോഹിതന്മാരും പരീശന്മാരും അതിനു വിശദീകരണം ആവശ്യപ്പെട്ടു: ‘നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞത് എന്ത്?’ ശാരീരികമായി പ്രതിരോധിക്കാത്ത ഒരു മനുഷ്യനെ ആ ഉദ്യോഗസ്ഥർ പിടിക്കാഞ്ഞത് എന്തുകൊണ്ടാണ്? ആ ഉദ്യോഗസ്ഥർ വിശദീകരിച്ചു: “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല.” യേശുവിന്റെ പഠിപ്പിക്കലിൽ അങ്ങേയറ്റം മതിപ്പു തോന്നിയ അവർക്ക് സമാധാനപ്രേമിയായ ആ മനുഷ്യനെ കസ്റ്റഡിയിൽ എടുക്കാൻ മനസ്സുവന്നില്ല.a—യോഹന്നാൻ 7:32, 45, 46.
2 യേശുവിന്റെ പഠിപ്പിക്കലിൽ മതിപ്പു തോന്നിയത് ആ ഉദ്യോഗസ്ഥർക്കു മാത്രമല്ല. അവൻ സംസാരിക്കുന്നതു കേൾക്കാൻ വൻ പുരുഷാരം കൂടിവന്നതായി ബൈബിൾ നമ്മോടു പറയുന്നു. അവന്റെ നാട്ടുകാർ “അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾനിമിത്തം ആശ്ചര്യപ്പെട്ടു.” (ലൂക്കൊസ് 4:22) ഗലീലക്കടലിന്റെ തീരത്തു കൂടിവന്ന വലിയ ജനക്കൂട്ടങ്ങളോട് ഒന്നിലധികം അവസരങ്ങളിൽ അവൻ പടകിൽനിന്നു സംസാരിച്ചു. (മർക്കൊസ് 3:9; 4:1; ലൂക്കൊസ് 5:1-3) ഒരിക്കൽ ‘ഏറ്റവും വലിയ ഒരു പുരുഷാരം’ ഭക്ഷണം പോലും കഴിക്കാതെ ദിവസങ്ങളോളം അവന്റെ അടുത്തു തങ്ങി.—മർക്കൊസ് 8:1, 2.
3. യേശുവിനെ മികച്ച ഒരു ഗുരു ആക്കിത്തീർത്ത മുഖ്യ ഘടകം എന്ത്?
3 യേശുവിനെ മികച്ച ഒരു ഗുരു ആക്കിത്തീർത്തത് എന്താണ്? സ്നേഹം ആയിരുന്നു മുഖ്യ ഘടകം.b താൻ അറിയിച്ച സത്യങ്ങളെ മാത്രമല്ല, താൻ പഠിപ്പിച്ച ആളുകളെയും അവൻ സ്നേഹിച്ചു. യേശുവിന് ഫലപ്രദമായ പഠിപ്പിക്കൽ രീതികൾ ഉപയോഗിക്കുന്നതിനുള്ള അസാധാരണ കഴിവും ഉണ്ടായിരുന്നു. ഈ ലക്കത്തിലെ അധ്യയന ലേഖനങ്ങളിൽ, അവൻ ഉപയോഗിച്ച ചില ഫലപ്രദമായ രീതികളെ കുറിച്ചും നമുക്ക് അവനെ എങ്ങനെ അനുകരിക്കാൻ കഴിയും എന്നതിനെ കുറിച്ചും നാം ചർച്ച ചെയ്യുന്നതാണ്.
ലാളിത്യവും വ്യക്തതയും
4, 5. (എ) പഠിപ്പിച്ചപ്പോൾ യേശു ലളിതമായ ഭാഷ ഉപയോഗിച്ചത് എന്തുകൊണ്ട്, അവൻ ലളിത ഭാഷ ഉപയോഗിച്ചു എന്ന വസ്തുത സംബന്ധിച്ചു ശ്രദ്ധേയമായിരിക്കുന്നത് എന്ത്? (ബി) ഗിരിപ്രഭാഷണം, യേശു ലാളിത്യത്തോടെ പഠിപ്പിച്ചു എന്നതിന്റെ ഒരു ഉദാഹരണം ആയിരിക്കുന്നത് എങ്ങനെ?
4 നല്ല വിദ്യാഭ്യാസമുള്ള ആളുകൾ തങ്ങളുടെ ശ്രോതാക്കൾക്കു മനസ്സിലാക്കാൻ കഴിയാത്ത ഭാഷ ഉപയോഗിക്കുന്നത് അസാധാരണമല്ല. എന്നാൽ, നാം പറയുന്നതു മറ്റുള്ളവർക്കു മനസ്സിലാകുന്നില്ലെങ്കിൽ, നമ്മുടെ അറിവിൽനിന്ന് അവർക്ക് എങ്ങനെ പ്രയോജനം ലഭിക്കും? ഗുരുവായിരുന്ന യേശു മറ്റുള്ളവർക്കു മനസ്സിലാക്കാൻ കഴിയാത്ത വിധത്തിൽ ഒരിക്കലും സംസാരിച്ചില്ല. അവന് എത്ര ബൃഹത്തായ ഒരു പദസമ്പത്ത് ഉപയോഗിക്കാൻ കഴിയുമായിരുന്നു എന്നു സങ്കൽപ്പിക്കുക. അപാരമായ അറിവ് ഉണ്ടായിരുന്നിട്ടും, അവൻ തന്നെക്കുറിച്ചല്ല, തന്റെ ശ്രോതാക്കളെ കുറിച്ചാണു ചിന്തിച്ചത്. അവരിൽ പലരും ‘പഠിപ്പില്ലാത്തവരും സാമാന്യരും’ ആണെന്ന് അവന് അറിയാമായിരുന്നു. (പ്രവൃത്തികൾ 4:13) അത്തരം ആളുകളുടെ ഹൃദയത്തിൽ എത്തിച്ചേരുന്നതിന് അവർക്കു മനസ്സിലാകുന്ന ഭാഷയാണ് അവൻ ഉപയോഗിച്ചത്. വാക്കുകൾ ലളിതമായിരുന്നെങ്കിലും, അവയിൽ അടങ്ങിയിരുന്ന സത്യങ്ങൾ ഗഹനമായിരുന്നു.
5 ഉദാഹരണത്തിന്, മത്തായി 5:3-7:27-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഗിരിപ്രഭാഷണത്തെ കുറിച്ചു ചിന്തിക്കുക. ആ പ്രഭാഷണം നടത്താൻ യേശു ഒരുപക്ഷേ വെറും 20 മിനിട്ടേ എടുത്തിട്ടുള്ളായിരിക്കാം. എങ്കിലും അതിലെ പഠിപ്പിക്കലുകൾ ഗഹനമാണ്, വ്യഭിചാരം, വിവാഹമോചനം, ഭൗതികത്വ ചിന്ത എന്നിങ്ങനെയുള്ള കാര്യങ്ങളുടെ ഉൾക്കാമ്പിലേക്ക് അവ കടന്നുചെല്ലുന്നു. (മത്തായി 5:27-32; 6:19-34) എന്നാൽ, സങ്കീർണമോ ഗർവ് ധ്വനിപ്പിക്കുന്നതോ ആയ പദപ്രയോഗങ്ങൾ അതിൽ അടങ്ങിയിട്ടില്ല. എന്തിന്, ഒരു കുട്ടിക്കു മനസ്സിലാക്കാൻ പ്രയാസമുള്ള വാക്കുകൾ പോലും അതിലില്ലെന്നു പറയാം. വെറുതെയല്ല, അവൻ തന്റെ പ്രഭാഷണം പൂർത്തിയാക്കിയപ്പോൾ, ജനക്കൂട്ടം—സാധ്യതയനുസരിച്ച് നിരവധി കർഷകരും ഇടയന്മാരും മീൻപിടിത്തക്കാരും അതിൽ അടങ്ങിയിരുന്നു—‘അവന്റെ ഉപദേശത്തിൽ വിസ്മയിച്ചത്’!—മത്തായി 7:28.
6. യേശു പറഞ്ഞ ലളിതവും അതേസമയം അർഥസമ്പുഷ്ടവുമായ വാക്കുകൾക്ക് ഒരു ഉദാഹരണം നൽകുക.
6 മിക്കപ്പോഴും വ്യക്തവും ഹ്രസ്വവുമായ പദപ്രയോഗങ്ങളിലൂടെ ലളിതവും അതേസമയം അർഥസമ്പുഷ്ടവുമായ കാര്യങ്ങൾ യേശു പറഞ്ഞു. അങ്ങനെ, മുദ്രിത പുസ്തകങ്ങൾക്കു മുമ്പുള്ള ആ യുഗത്തിൽ, ശ്രോതാക്കളുടെ മനസ്സിലും ഹൃദയത്തിലും തന്റെ സന്ദേശത്തിന്റെ മായാത്ത ഒരു മുദ്ര അവൻ പതിപ്പിച്ചു. ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക: “രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല . . . നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.” “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.” “അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.” “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.” “വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.” “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ.” “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.”c (മത്തായി 6:24; 7:1, 20; 9:12; 26:52; മർക്കൊസ് 12:17; പ്രവൃത്തികൾ 20:35, NW) യേശു അതു പറഞ്ഞ് ഏകദേശം 2,000 വർഷം കഴിഞ്ഞിട്ടും അവന്റെ ശക്തമായ ആ വാക്കുകൾ ആളുകൾ ഇന്നും എളുപ്പം ഓർത്തിരിക്കുന്നു.
ചോദ്യങ്ങളുടെ ഉപയോഗം
7. യേശു ചോദ്യങ്ങൾ ചോദിച്ചത് എന്തുകൊണ്ട്?
7 യേശു ചോദ്യങ്ങൾ ശ്രദ്ധേയമായ വിധത്തിൽ ഉപയോഗിച്ചു. കേൾവിക്കാരോടു കാര്യം നേരിട്ടു പറയുന്നത് സമയം ലാഭിക്കുമായിരുന്നിട്ടുകൂടി അവൻ മിക്കപ്പോഴും അപ്രകാരം ചെയ്തു. എന്തിനാണ് അവൻ ചോദ്യങ്ങൾ ചോദിച്ചത്? തന്റെ എതിരാളികളുടെ പൂച്ച് തെളിയിച്ചുകൊണ്ട് അവരെ നിശ്ശബ്ദരാക്കാൻ അവൻ ചിലപ്പോഴൊക്കെ തുളഞ്ഞിറങ്ങുന്ന ചോദ്യങ്ങൾ ഉപയോഗിച്ചു. (മത്തായി 12:24-30; 21:23-27; 22:41-46) എന്നാൽ പലപ്പോഴും യേശു ചോദ്യങ്ങൾ ചോദിച്ചത് സത്യങ്ങൾ അറിയിക്കാനും തങ്ങളുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടുത്താൻ ശ്രോതാക്കളെ പ്രേരിപ്പിക്കാനും ശിഷ്യന്മാരുടെ ചിന്താശക്തിയെ ഉണർത്താനും പരിശീലിപ്പിക്കാനുമൊക്കെയാണ്. നമുക്കു രണ്ട് ഉദാഹരണങ്ങൾ പരിശോധിക്കാം. ഇതിൽ രണ്ടിലും ഉൾപ്പെട്ടിരിക്കുന്നത് പത്രൊസ് അപ്പൊസ്തലനാണ്.
8, 9. ആലയ നികുതി കൊടുക്കുന്നതു സംബന്ധിച്ച് ശരിയായ നിഗമനത്തിലെത്താൻ പത്രൊസിനെ സഹായിക്കുന്നതിന് യേശു ചോദ്യങ്ങൾ ഉപയോഗിച്ചത് എങ്ങനെ?
8 ഒന്നാമത്, യേശു ആലയ നികുതി കൊടുക്കാറുണ്ടോ എന്നു നികുതി പിരിവുകാർ പത്രൊസിനോടു ചോദിച്ച അവസരം ഓർമിക്കുക.d പലപ്പോഴും ചിന്തിക്കാതെ സംസാരിക്കുകയും എടുത്തുചാടി പ്രവർത്തിക്കുകയും ചെയ്തിരുന്ന പത്രൊസ് ‘ഉവ്വ്’ എന്ന് ഉത്തരം പറഞ്ഞു. എന്നാൽ, കുറെ കഴിഞ്ഞപ്പോൾ യേശു അവനുമായി ന്യായവാദം ചെയ്തു: “ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു. യേശു അവനോടു: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ.” (മത്തായി 17:24-27) യേശുവിന്റെ ചോദ്യങ്ങളുടെ ആശയം പത്രൊസിനു വ്യക്തമാകേണ്ടിയിരുന്നു. എന്തുകൊണ്ട്?
9 യേശുവിന്റെ നാളിൽ ചക്രവർത്തിമാരുടെ കുടുംബാംഗങ്ങൾ നികുതി കൊടുക്കേണ്ടതില്ലെന്ന കാര്യം അറിവുള്ളതായിരുന്നു. അതിനാൽ, ആലയത്തിൽ ആരാധിക്കപ്പെട്ടിരുന്ന സ്വർഗീയ രാജാവിന്റെ ഏകജാത പുത്രനായ യേശുവിനോടു നികുതി ആവശ്യപ്പെടാൻ പാടില്ലായിരുന്നു. പത്രൊസിനോടു ശരിയായ ഉത്തരം നേരിട്ടു പറയുന്നതിനു പകരം, ശരിയായ നിഗമനത്തിലെത്താൻ അവനെ സഹായിക്കുന്നതിന്—ഒരുപക്ഷേ, ശ്രദ്ധാപൂർവം ചിന്തിച്ചതിനു ശേഷം മാത്രം സംസാരിക്കേണ്ടതിന്റെ ആവശ്യം കാണിച്ചുകൊടുക്കാനും—യേശു ഫലപ്രദമായ വിധത്തിൽ, എന്നാൽ മയത്തിൽ ചോദ്യങ്ങൾ ഉപയോഗിച്ചു എന്നതു ശ്രദ്ധിക്കുക.
10, 11. പൊ.യു. 33-ലെ പെസഹാ രാത്രിയിൽ പത്രൊസ് ഒരു മനുഷ്യന്റെ കാത് അറുത്തപ്പോൾ യേശു പ്രതികരിച്ചത് എങ്ങനെ, ചോദ്യങ്ങളുടെ മൂല്യം യേശു മനസ്സിലാക്കിയിരുന്നു എന്ന് ഇത് എങ്ങനെ പ്രകടമാക്കുന്നു?
10 ഒരു ജനക്കൂട്ടം യേശുവിനെ അറസ്റ്റു ചെയ്യാൻ എത്തിയ പൊ.യു. 33-ലെ പെസഹാ രാത്രിയിൽ ഉണ്ടായ ഒരു സംഭവം ഉൾപ്പെട്ടതാണു രണ്ടാമത്തെ ഉദാഹരണം. അവന്റെ സംരക്ഷണാർഥം തങ്ങൾ പോരാടണമോ എന്നു ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു. (ലൂക്കൊസ് 22:49) മറുപടിക്കായി കാത്തുനിൽക്കാതെ പത്രൊസ് വാളുകൊണ്ട് ഒരു മനുഷ്യന്റെ കാത് അറുത്തു (ആ മനുഷ്യനെ കൂടുതൽ ഗുരുതരമായി മുറിവേൽപ്പിക്കാൻ ഒരുപക്ഷേ പത്രൊസ് ഉദ്ദേശിച്ചിരുന്നിരിക്കാം). തന്റെ യജമാനന്റെ ഹിതത്തിനു വിപരീതമായാണു പത്രൊസ് പ്രവർത്തിച്ചത്. കാരണം, തന്നെത്തന്നെ ശത്രുക്കൾക്കു വിട്ടുകൊടുക്കാൻ യേശു പൂർണമായും ഒരുങ്ങിയിരിക്കുകയായിരുന്നു. ഇപ്പോൾ യേശു എങ്ങനെയാണു പ്രതികരിച്ചത്? ക്ഷമ കാട്ടിക്കൊണ്ട് അവൻ പത്രൊസിനോടു മൂന്നു ചോദ്യങ്ങൾ ചോദിച്ചു: “പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ”? “എന്റെ പിതാവിനോട് ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതൻമാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ? എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും”?—യോഹന്നാൻ 18:11; മത്തായി 26:52-54.
11 ഈ വിവരണത്തെ കുറിച്ച് അൽപ്പനേരം ചിന്തിക്കുക. കോപാകുലരായ ജനക്കൂട്ടത്താൽ വളയപ്പെട്ട യേശുവിന് തന്റെ മരണം ആസന്നമാണെന്നും പിതാവിന്റെ നാമത്തിന്മേലുള്ള നിന്ദ നീക്കുകയെന്ന ചുമതലയും മനുഷ്യ കുടുംബത്തിന്റെ രക്ഷയും തന്റെ ചുമലിലാണെന്നും അറിയാമായിരുന്നു. എന്നിട്ടും, ആ സമയത്തും ചോദ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് സുപ്രധാന സത്യങ്ങൾ പത്രൊസിന്റെ മനസ്സിൽ പതിപ്പിക്കാൻ അവൻ സമയമെടുത്തു. ചോദ്യങ്ങളുടെ മൂല്യം യേശു മനസ്സിലാക്കിയിരുന്നു എന്നതു വ്യക്തമല്ലേ?
മനസ്സിൽ ഉജ്ജ്വല ചിത്രങ്ങൾ പതിപ്പിച്ച അതിശയോക്തി അലങ്കാരം
12, 13. (എ) എന്താണ് അതിശയോക്തി അലങ്കാരം? (ബി) നമ്മുടെ സഹോദരങ്ങളുടെ നിസ്സാര പിശകുകളെ വിമർശിക്കുന്നതിലെ ഭോഷത്തം ഊന്നിപ്പറയാൻ യേശു അതിശയോക്തി അലങ്കാരം ഉപയോഗിച്ചത് എങ്ങനെ?
12 യേശു തന്റെ ശുശ്രൂഷയിൽ പലപ്പോഴും ഫലപ്രദമായ മറ്റൊരു പഠിപ്പിക്കൽ രീതി, അതായത് അതിശയോക്തി അലങ്കാരം, ഉപയോഗിച്ചു. ഊന്നൽ നൽകാൻ ഒരു സംഗതിയെ മനപ്പൂർവം പെരുപ്പിച്ചു കാണിക്കുന്ന രീതിയാണ് ഇത്. അതിശയോക്തി അലങ്കാരം ഉപയോഗിച്ചുകൊണ്ട്, എളുപ്പമൊന്നും മറക്കാൻ കഴിയാത്ത ചിത്രങ്ങൾ യേശു ആളുകളുടെ മനസ്സിൽ കോറിയിട്ടു. ഏതാനും ഉദാഹരണങ്ങൾ നോക്കാം.
13 ഗിരിപ്രഭാഷണത്തിൽ, മറ്റുള്ളവരെ ‘വിധിക്കുന്നത് നിറുത്തുന്നതി’ന്റെ ആവശ്യം ഊന്നിപ്പറഞ്ഞപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “അപ്പോൾ, നീ നിന്റെ സഹോദരന്റെ കണ്ണിലെ വൈക്കോൽ നോക്കുകയും സ്വന്തം കണ്ണിലെ കഴുക്കോൽ കണക്കിലെടുക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?” (മത്തായി 7:1-3, NW) ആ രംഗം നിങ്ങൾക്കു ഭാവനയിൽ കാണാനാകുമോ? വിമർശന സ്വഭാവമുള്ള ഒരുവൻ തന്റെ സഹോദരന്റെ ‘കണ്ണിൽ’നിന്ന് വെറുമൊരു വൈക്കോൽ നീക്കാമെന്നു പറയുന്നു. സ്വീകാര്യമായ വിധികൾ നടത്താൻ തക്കവണ്ണം തന്റെ സഹോദരനു കാര്യങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നില്ല എന്നു വിമർശകൻ പറഞ്ഞേക്കാം. എന്നാൽ വിധിക്കാനുള്ള വിമർശകന്റെ തന്നെ പ്രാപ്തി ഒരു ‘കഴുക്കോലി’നാൽ വികലമാക്കപ്പെട്ടിരിക്കുന്നു. നമുക്കുതന്നെ സാരമായ പിശകുകൾ ഉള്ളപ്പോൾ നമ്മുടെ സഹോദരങ്ങളുടെ നിസ്സാര പിശകുകളെ വിമർശിക്കുന്നതിലെ ഭോഷത്തം ഊന്നിപ്പറയാനുള്ള എത്ര ഉത്തമമായ ഒരു മാർഗം!
14. കൊതുകിനെ അരിച്ചെടുക്കുന്നതും ഒട്ടകത്തെ വിഴുങ്ങുന്നതും സംബന്ധിച്ച യേശുവിന്റെ വാക്കുകൾ വിശേഷാൽ ശക്തമായ അതിശയോക്തി അലങ്കാരം ആയിരുന്നത് എന്തുകൊണ്ട്?
14 മറ്റൊരു അവസരത്തിൽ, ‘കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്ന കുരുടന്മാരായ വഴികാട്ടികൾ’ എന്ന് പരീശന്മാരെ യേശു കുറ്റപ്പെടുത്തി. (മത്തായി 23:24) അതിശയോക്തി അലങ്കാരത്തിന്റെ വിശേഷാൽ ശക്തമായ ഒരു ഉപയോഗം ആയിരുന്നു അത്. എന്തുകൊണ്ട്? ഒരു ചെറിയ കൊതുകും യേശുവിന്റെ ശ്രോതാക്കൾക്ക് അറിയാമായിരുന്നതിൽ വെച്ച് ഏറ്റവും വലിയ മൃഗങ്ങളിൽ ഒന്നായ ഒട്ടകവും തമ്മിലുള്ള അന്തരം വളരെ വലുതായിരുന്നു. ശരാശരി ഭാരമുള്ള ഒരു ഒട്ടകത്തിന്റെ തൂക്കത്തിന് ഒപ്പമെത്താൻ ഏഴു കോടിയോളം കൊതുകുകൾ വേണ്ടിവരുമത്രേ! മാത്രമല്ല, പരീശന്മാർ ഒരു തുണിയരിപ്പ ഉപയോഗിച്ച് വീഞ്ഞ് അരിച്ചെടുത്തിരുന്നതായും യേശുവിന് അറിയാമായിരുന്നു. ഒരു കൊതുകിനെ വിഴുങ്ങുന്നതിലൂടെ ആചാരപരമായി അശുദ്ധരാകാതിരിക്കാനാണു നിയമത്തിൽ കടിച്ചുതൂങ്ങുന്നവരായ അവർ അങ്ങനെ ചെയ്തത്. എന്നാൽ, ഒട്ടകത്തെ—അതും അശുദ്ധമായിരുന്നു—അവർ ആലങ്കാരികമായി വിഴുങ്ങി. (ലേവ്യപുസ്തകം 11:4, 21-24) യേശു അറിയിക്കാൻ ആഗ്രഹിച്ച ആശയം വളരെ വ്യക്തമായിരുന്നു. ന്യായപ്രമാണം ആവശ്യപ്പെട്ട ഏറ്റവും ചെറിയ കാര്യങ്ങൾ ആ പരീശന്മാർ സശ്രദ്ധം പിൻപറ്റി. എന്നാൽ “ന്യായം, കരുണ, വിശ്വസ്തത” എന്നിങ്ങനെയുള്ള ഘനമേറിയ കാര്യങ്ങൾ അവർ അവഗണിച്ചു. (മത്തായി 23:23) അവരുടെ തനിനിറം യേശു എത്ര വ്യക്തമായി തുറന്നുകാട്ടി!
15. അതിശയോക്തി അലങ്കാരം ഉപയോഗിച്ച് യേശു പഠിപ്പിച്ച ചില പാഠങ്ങൾ ഏവ?
15 തന്റെ ശുശ്രൂഷയിൽ ഉടനീളം, യേശു പലപ്പോഴും അതിശയോക്തി അലങ്കാരം ഉപയോഗിച്ചു. ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക. ഒരു മലയെ നീക്കാൻ പോന്ന ചെറിയ ‘കടുകുമണിയോളമുള്ള വിശ്വാസം’—അൽപ്പം വിശ്വാസത്തിനു പോലും വലിയ കാര്യങ്ങൾ ചെയ്യാനാകുമെന്ന ആശയം അതിലും ഫലപ്രദമായി ഊന്നിപ്പറയാൻ കഴിയുമായിരുന്നില്ല. (മത്തായി 17:20, 21) സൂചിയുടെ കുഴയിലൂടെ ഞെങ്ങിഞെരുങ്ങി കടക്കാൻ ശ്രമിക്കുന്ന ഒരു വലിയ ഒട്ടകം—ഭൗതികാസക്ത ജീവിതഗതി പിന്തുടരുമ്പോൾത്തന്നെ ദൈവത്തെ സേവിക്കാൻ ശ്രമിക്കുന്ന ധനികനായ ഒരു വ്യക്തിക്കു നേരിടുന്ന പ്രയാസത്തെ അത് എത്ര നന്നായി ചിത്രീകരിക്കുന്നു! (മത്തായി 19:24) മനസ്സിൽ ഉജ്ജ്വല ചിത്രങ്ങൾ പതിപ്പിക്കുന്ന, യേശുവിന്റെ അലങ്കാര പ്രയോഗങ്ങളിലും കുറച്ചു വാക്കുകൾകൊണ്ടു പരമാവധി ഫലം കൈവരിക്കാനുള്ള അവന്റെ പ്രാപ്തിയിലും നിങ്ങൾക്ക് അതിശയം തോന്നുന്നില്ലേ?
ഖണ്ഡിക്കാനാവാത്ത യുക്തി
16. യേശു എപ്പോഴും തന്റെ തീക്ഷ്ണമായ ബുദ്ധിശക്തി ഏതു വിധത്തിലാണ് ഉപയോഗിച്ചത്?
16 പൂർണതയുള്ള മനസ്സിന്റെ ഉടമയായിരുന്ന യേശു ആളുകളുമായി യുക്തിസഹമായി ന്യായവാദം ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു. എന്നാൽ അവൻ ഒരിക്കലും തന്റെ പ്രാപ്തി ദുരുപയോഗം ചെയ്തില്ല. പഠിപ്പിക്കുന്ന അവസരത്തിൽ, സത്യം ഉന്നമിപ്പിക്കുന്നതിന് അവൻ എപ്പോഴും തന്റെ തീക്ഷ്ണമായ ബുദ്ധിശക്തി ഉപയോഗിച്ചു. തന്റെ മതവൈരികളുടെ തെറ്റായ ആരോപണങ്ങൾ ഖണ്ഡിക്കാൻ അവൻ ചിലപ്പോൾ ശക്തമായ യുക്തി ഉപയോഗിച്ചു. ശിഷ്യന്മാരെ സുപ്രധാന പാഠങ്ങൾ പഠിപ്പിക്കാനാണ് അവൻ പലപ്പോഴും യുക്തിസഹമായ ന്യായവാദം ഉപയോഗിച്ചത്. യുക്തി ഉപയോഗിക്കുന്നതിൽ യേശുവിന് ഉണ്ടായിരുന്ന പ്രാഗത്ഭ്യം നമുക്കു പരിശോധിക്കാം.
17, 18. പരീശന്മാരുടെ തെറ്റായ ആരോപണത്തെ ഖണ്ഡിക്കാൻ യേശു ശക്തമായ എന്തു യുക്തി ഉപയോഗിച്ചു?
17 അന്ധനും മൂകനുമായ ഒരു ഭൂതഗ്രസ്തനെ യേശു സൗഖ്യമാക്കിയ അവസരത്തെ കുറിച്ചു ചിന്തിക്കുക. അതേക്കുറിച്ചു കേട്ടപ്പോൾ പരീശന്മാർ ഇങ്ങനെ പറഞ്ഞു: ‘ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെൽസെബൂലിനെ [സാത്താനെ] കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല.’ സാത്താന്റെ ഭൂതങ്ങളെ പുറത്താക്കാൻ മനുഷ്യാതീത ശക്തി ആവശ്യമാണെന്നു പരീശന്മാർ സമ്മതിച്ചിരുന്നു എന്ന കാര്യം ശ്രദ്ധിക്കുക. എന്നാൽ, ആളുകൾ യേശുവിൽ വിശ്വസിക്കാതിരിക്കാൻ തക്കവണ്ണം, അവന്റെ ശക്തി സാത്താനിൽ നിന്നുള്ളതാണെന്ന് അവർ ആരോപിച്ചു. തങ്ങളുടെ വാദമുഖത്തെ കുറിച്ചു ശരിക്കും ചിന്തിച്ച് യുക്തിസഹമായ ഒരു നിഗമനത്തിൽ അവർ എത്തിയിരുന്നില്ല എന്നു കാണിച്ചുകൊണ്ട് യേശു മറുപടി പറഞ്ഞു: “ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും; ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?” (മത്തായി 12:22-26) ഫലത്തിൽ യേശു ഇങ്ങനെ പറയുകയായിരുന്നു: ‘നിങ്ങൾ പറയുന്നതുപോലെ ഞാൻ സാത്താന്റെ പ്രവൃത്തികളെ നിഷ്ഫലമാക്കുന്ന അവന്റെ ഒരു ഏജന്റ് ആണെങ്കിൽ, സാത്താൻ സ്വന്തം താത്പര്യങ്ങൾക്കെതിരെ പ്രവർത്തിക്കുകയായിരിക്കും ചെയ്യുന്നത്. അതുകൊണ്ട് അവൻ പെട്ടെന്നുതന്നെ വീഴും.’ എത്ര ശക്തമായ യുക്തി, അല്ലേ?
18 തുടർന്ന്, പ്രസ്തുത കാര്യത്തെ കുറിച്ച് യേശു കൂടുതൽ ന്യായവാദങ്ങൾ ഉന്നയിച്ചു. പരീശന്മാരുടെ കൂട്ടത്തിൽനിന്നുതന്നെ ചിലർ ഭൂതങ്ങളെ പുറത്താക്കിയതായി അവന് അറിയാമായിരുന്നു. അക്കാരണത്താൽ, ലളിതവും അതേസമയം ശത്രുപക്ഷത്തിന്റെ വാദത്തെ തകർക്കാൻ പോന്നതുമായ ഒരു ചോദ്യം അവൻ ചോദിച്ചു: “ഞാൻ ബെയെൽസെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ [അല്ലെങ്കിൽ ശിഷ്യന്മാർ] ആരെക്കൊണ്ടു പുറത്താക്കുന്നു”? (മത്തായി 12:27) ഒരർഥത്തിൽ യേശു ഇങ്ങനെയാണു വാദിച്ചത്: ‘സാത്താന്റെ ശക്തികൊണ്ടാണ് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ, അതേ ശക്തികൊണ്ടുതന്നെ ആയിരിക്കണം നിങ്ങളുടെ ശിഷ്യന്മാരും അങ്ങനെ ചെയ്യുന്നത്.’ പരീശന്മാർക്ക് എന്തു പറയാൻ കഴിയുമായിരുന്നു? സാത്താന്റെ ശക്തികൊണ്ടാണു തങ്ങളുടെ ശിഷ്യന്മാർ പ്രവർത്തിച്ചതെന്ന് അവർ ഒരിക്കലും സമ്മതിക്കുമായിരുന്നില്ല. ഖണ്ഡിക്കാനാവാത്ത യുക്തി ഉപയോഗിച്ചുകൊണ്ട് തനിക്കെതിരെയുള്ള അവരുടെ ആരോപണം ഭോഷത്തമാണെന്ന് അവൻ തെളിയിച്ചു.
19, 20. (എ) ക്രിയാത്മകമായ ഏതു വിധത്തിൽ യേശു യുക്തി ഉപയോഗിച്ചു? (ബി) പ്രാർഥിക്കാൻ പഠിപ്പിക്കണമെന്നുള്ള ശിഷ്യന്മാരുടെ അഭ്യർഥനയോടു പ്രതികരിക്കവേ ‘എത്രയധികം’ എന്ന പദം ഉപയോഗിച്ചുള്ള ന്യായവാദരീതി യേശു എങ്ങനെ ഉപയോഗിച്ചു?
19 എതിരാളികളെ നിശ്ശബ്ദരാക്കാൻ യുക്തി ഉപയോഗിച്ചതിനു പുറമേ, യഹോവയെ കുറിച്ചുള്ള ക്രിയാത്മകവും ഹൃദയോഷ്മളവുമായ സത്യങ്ങൾ പഠിപ്പിക്കാനും യുക്തിസഹവും ബോധ്യം വരുത്തുന്നതുമായ വാദമുഖങ്ങൾ യേശു ഉപയോഗിച്ചു. അറിയാവുന്ന ഒരു സത്യം കൂടുതൽ ബോധ്യപ്പെടാൻ ശ്രോതാക്കളെ സഹായിച്ചുകൊണ്ട് ‘എത്രയധികം’ എന്ന പദം ഉപയോഗിച്ചുള്ള ന്യായവാദരീതി അവൻ നിരവധി തവണ അവലംബിച്ചു. അതിന്റെ രണ്ട് ഉദാഹരണങ്ങൾ നമുക്കു നോക്കാം.
20 തങ്ങളെ പ്രാർഥിക്കാൻ പഠിപ്പിക്കണമെന്നുള്ള ശിഷ്യന്മാരുടെ അഭ്യർഥനയോടു പ്രതികരിക്കവേ, “നിർബന്ധ”ത്താൽ (ഓശാന ബൈബിൾ) മനസ്സൊരുക്കമില്ലാത്ത ഒരു സുഹൃത്തിനെക്കൊണ്ട് ഒടുവിൽ തന്റെ അപേക്ഷ സാധിച്ചെടുത്ത ഒരു മനുഷ്യനെ കുറിച്ചുള്ള ദൃഷ്ടാന്തം യേശു വിവരിച്ചു. തങ്ങളുടെ കുട്ടികൾക്കു ‘നല്ല ദാനങ്ങളെ കൊടുക്കാനുള്ള’ മാതാപിതാക്കളുടെ മനസ്സൊരുക്കത്തെ കുറിച്ചും യേശു വിവരിച്ചു. തുടർന്ന് അവൻ ഈ നിഗമനം അവതരിപ്പിച്ചു: ‘ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം കൊടുക്കും.’ (ലൂക്കൊസ് 11:1-13) ഇവിടെ യേശു വ്യക്തമാക്കിയ ആശയം, സാമ്യത്തിലല്ല, വൈരുദ്ധ്യത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. മനസ്സൊരുക്കമില്ലാത്ത ഒരു സ്നേഹിതൻ ഒടുവിൽ തന്റെ അയൽക്കാരന്റെ ആവശ്യം നിവർത്തിക്കാൻ പ്രേരിതനായിത്തീരാമെങ്കിൽ, അപൂർണ മനുഷ്യ മാതാപിതാക്കൾ കുട്ടികളുടെ ആവശ്യങ്ങൾ നിവർത്തിക്കുന്നെങ്കിൽ, എളിമയോടെ പ്രാർഥനയിൽ തന്നെ സമീപിക്കുന്ന തന്റെ വിശ്വസ്ത ദാസന്മാർക്കു നമ്മുടെ സ്നേഹവാനായ സ്വർഗീയ പിതാവ് പരിശുദ്ധാത്മാവിനെ എത്രയധികം നൽകും.
21, 22. (എ) ഭൗതിക കാര്യങ്ങൾ സംബന്ധിച്ചുള്ള ഉത്കണ്ഠ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചു ബുദ്ധിയുപദേശം നൽകിയപ്പോൾ യേശു ഏതു ന്യായവാദം ഉപയോഗിച്ചു? (ബി) യേശുവിന്റെ പഠിപ്പിക്കൽ രീതികളിൽ ചിലതു പരിചിന്തിച്ച നാം ഏതു നിഗമനത്തിൽ എത്തിച്ചേരുന്നു?
21 ഭൗതിക കാര്യങ്ങൾ സംബന്ധിച്ചുള്ള ഉത്കണ്ഠ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചു ബുദ്ധിയുപദേശം നൽകിയപ്പോൾ യേശു സമാനമായ ന്യായവാദം ഉപയോഗിച്ചു. അവൻ പറഞ്ഞു: ‘കാക്കയെ നോക്കുവിൻ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ [“എത്രയധികം വിശേഷതയുള്ളവർ,” NW]! താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല നൂല്ക്കുന്നതുമില്ല; ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്രയധികം?’ (ലൂക്കൊസ് 12:24, 27, 28) അതേ, പക്ഷികൾക്കും പുഷ്പങ്ങൾക്കും വേണ്ടി യഹോവ കരുതുന്നെങ്കിൽ, തന്റെ ദാസന്മാർക്കായി അവൻ എത്രയധികം കരുതും! ആർദ്രവും ശക്തവുമായ അത്തരം ന്യായവാദം യേശുവിന്റെ ശ്രോതാക്കളുടെ ഹൃദയത്തെ സ്പർശിച്ചു എന്നതിനു സംശയമില്ല.
22 ഇപ്പോൾ യേശുവിന്റെ പഠിപ്പിക്കൽ രീതികളിൽ ചിലതു പരിചിന്തിച്ച നമുക്ക്, അവനെ അറസ്റ്റു ചെയ്യാൻ പരാജയപ്പെട്ട ഉദ്യോഗസ്ഥർ “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല” എന്നു പറഞ്ഞതിൽ ഒട്ടും അതിശയോക്തി ഇല്ലായിരുന്നുവെന്ന് എളുപ്പത്തിൽ നിഗമനം ചെയ്യാനാകും. എന്നാൽ, സാധ്യതയനുസരിച്ച് ദൃഷ്ടാന്തങ്ങൾ അല്ലെങ്കിൽ സാരോപദേശകഥകൾ ഉപയോഗിച്ചുള്ള പഠിപ്പിക്കൽ രീതിക്കാണ് യേശു ഏറ്റവും പ്രസിദ്ധനായിരിക്കുന്നത്. എന്തുകൊണ്ടാണ് അവൻ ആ രീതി ഉപയോഗിച്ചത്? അവന്റെ ദൃഷ്ടാന്തങ്ങളെ ഇത്ര ഫലപ്രദമാക്കിയത് എന്താണ്? അടുത്ത ലേഖനം ഈ ചോദ്യങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a ഈ ഉദ്യോഗസ്ഥർ സൻഹെദ്രിമിന്റെ ഏജന്റുമാരും മഹാപുരോഹിതന്മാരുടെ അധികാരത്തിൻ കീഴിലുള്ളവരും ആയിരുന്നിരിക്കാൻ ഇടയുണ്ട്.
b 2002 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിലെ “ഞാൻ നിങ്ങൾക്കു മാതൃക വെച്ചിരിക്കുന്നു,” “എന്നെ തുടർച്ചയായി അനുഗമിക്കുക” എന്നീ ലേഖനങ്ങൾ കാണുക.
c പ്രവൃത്തികൾ 20:35-ൽ കാണുന്ന ഈ അവസാന ഉദ്ധരണി പൗലൊസ് അപ്പൊസ്തലൻ മാത്രമേ ഉദ്ധരിക്കുന്നുള്ളൂ. എന്നാൽ, ആ വാക്കുകളുടെ സാരാംശം സുവിശേഷങ്ങളിൽ കാണാനാകും. പൗലൊസിന് ആ പ്രസ്താവന വാമൊഴിയായോ (യേശു അതു പറയുന്നതു കേട്ട ഒരു ശിഷ്യനിൽനിന്നോ പുനരുത്ഥാനം പ്രാപിച്ച യേശുവിൽനിന്നോ) ദിവ്യ വെളിപാടായോ ലഭിച്ചതാകാം.—പ്രവൃത്തികൾ 22:6-15; 1 കൊരിന്ത്യർ 15:6, 8.
d യഹൂദന്മാർ ദ്വിദ്രഹ്മപ്പണം (ഏതാണ്ട് രണ്ടു ദിവസത്തെ കൂലിയായ രണ്ട് ദ്രഹ്മപ്പണം) വാർഷിക ആലയ നികുതിയായി നൽകാൻ ബാധ്യസ്ഥരായിരുന്നു. ഇങ്ങനെ നികുതിയായി കൊടുത്തിരുന്ന പണം, ആലയത്തിന്റെ അറ്റകുറ്റപ്പണികൾക്കും അവിടെ നിർവഹിച്ചിരുന്ന സേവനത്തിനും ജനതയ്ക്കായി നടത്തിയിരുന്ന പ്രതിദിന യാഗങ്ങൾക്കും ഉപയോഗിച്ചിരുന്നു.
നിങ്ങൾ ഓർമിക്കുന്നുവോ?
• ലാളിത്യത്തോടും വ്യക്തതയോടും കൂടെയാണ് യേശു പഠിപ്പിച്ചതെന്ന് ഏതു ഉദാഹരണങ്ങൾ പ്രകടമാക്കുന്നു?
• യേശു തന്റെ പഠിപ്പിക്കലിൽ ചോദ്യങ്ങൾ ഉപയോഗിച്ചത് എന്തുകൊണ്ട്?
• അതിശയോക്തി അലങ്കാരം എന്താണ്, യേശു ഈ പഠിപ്പിക്കൽ രീതി ഉപയോഗിച്ചത് എങ്ങനെ?
• യഹോവയെ കുറിച്ചുള്ള ഹൃദയോഷ്മള സത്യങ്ങൾ ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു യുക്തിസഹമായ ന്യായവാദരീതി ഉപയോഗിച്ചത് എങ്ങനെ?
[9-ാം പേജിലെ ചിത്രം]
സാമാന്യ ജനത്തിനു മനസ്സിലാകുന്ന ലളിതമായ ഭാഷയാണ് യേശു ഉപയോഗിച്ചത്
[10-ാം പേജിലെ ചിത്രം]
പരീശന്മാർ ‘കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും’ ചെയ്തു