യഹോവയുടെ ആത്മാവ് അവിടത്തെ ജനത്തെ നയിക്കുന്നു
“നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ”—സങ്കീർത്തനം 143:10.
1, 2. എന്ത് യഹോവയുടെ വിശ്വസ്ത ദാസൻമാർക്ക് ദുഃഖം വരുത്തിയേക്കാം?
‘എനിക്കു വളരെ വിഷാദം തോന്നുന്നു! എനിക്ക് അല്പം ആശ്വാസം എവിടെ കണ്ടെത്താൻ കഴിയും? ദൈവം എന്നെ ഉപേക്ഷിച്ചുകളഞ്ഞോ?’ നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നാറുണ്ടോ? എങ്കിൽ നിങ്ങൾ ഒററക്കല്ല. യഹോവയുടെ വിശ്വസ്തദാസൻമാർ തഴച്ചുവളരുന്ന ആത്മീയ പറുദീസയിൽ വസിക്കുന്നെങ്കിലും, അവർ ചിലപ്പോഴൊക്കെ മനുഷ്യവർഗ്ഗത്തിനു പൊതുവിലുള്ള ദുഃഖിപ്പിക്കുന്ന പ്രശ്നങ്ങളെയും പരിശോധനകളെയും പ്രലോഭനങ്ങളെയും അഭിമുഖീകരിക്കുന്നു.—1 കൊരിന്ത്യർ 10:13.
2 ഒരുപക്ഷേ നിങ്ങൾ ഏതെങ്കിലും ദീർഘസ്ഥായിയായ പരിശോധനയാലോ വലിയ സംഘർഷഹേതു നിമിത്തമോ അസഹ്യപ്പെടുന്നുണ്ടാകാം. നിങ്ങൾ പ്രിയപ്പെട്ട ഒരാളുടെ മരണം നിമിത്തം ദുഃഖിക്കുകയും വളരെ ഏകാന്തത അനുഭവിക്കുകയും ചെയ്തേക്കാം. അല്ലെങ്കിൽ നിങ്ങളുടെ ഹൃദയം പ്രിയപ്പെട്ട ഒരു സ്നേഹിതന്റെ രോഗം നിമിത്തം അസ്വസ്ഥമായിരിക്കാം. അത്തരം സാഹചര്യങ്ങൾ നിങ്ങളുടെ സമാധാനവും സന്തോഷവും കവർന്നെടുക്കുകയും നിങ്ങളുടെ വിശ്വാസത്തെ ഭീഷണിപ്പെടുത്തുക പോലും ചെയ്തേക്കാം. നിങ്ങൾ എന്തു ചെയ്യണം?
ദൈവത്തോട് അവിടത്തെ ആത്മാവിനുവേണ്ടി അപേക്ഷിക്കുക
3. എന്തെങ്കിലും, സമാധാനവും സന്തോഷവും പോലുള്ള ഗുണങ്ങൾ നിങ്ങളിൽനിന്നു കവർന്നെടുക്കുന്നെങ്കിൽ എന്തു ചെയ്യുന്നതു ജ്ഞാനമായിരിക്കും?
3 നിങ്ങളുടെ സമാധാനത്തെയോ സന്തോഷത്തെയോ മറേറതെങ്കിലും ദൈവികഗുണത്തെയോ എന്തെങ്കിലും കവർന്നെടുക്കുന്നെങ്കിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിനുവേണ്ടി അഥവാ പ്രവർത്തനനിരതമായ ശക്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നതു ജ്ഞാനമായിരിക്കും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹോവയുടെ ആത്മാവ് പ്രശ്നങ്ങളെയും പരിശോധനകളെയും പ്രലോഭനങ്ങളെയും അഭിമുഖീകരിക്കുന്നതിന് ഒരു ക്രിസ്ത്യാനിയെ സഹായിക്കുന്ന സദ്ഫലം ഉത്പാദിപ്പിക്കുന്നു. “ജഡത്തിന്റെ പ്രവൃത്തികൾ”ക്കെതിരെ മുന്നറിയിപ്പു നൽകിയശേഷം അപ്പൊസ്തലനായ പൗലോസ് ഇപ്രകാരം എഴുതി: “ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.”—ഗലാത്യർ 5:19-23.
4. ഏതെങ്കിലും പരിശോധനയെയോ പ്രലോഭനത്തെയോ നേരിടുമ്പോൾ ഒരുവന്റെ പ്രാർത്ഥനകളിൽ കൃത്യത ഉണ്ടായിരിക്കുന്നത് ഉചിതമായിരുന്നേക്കാവുന്നത് എന്തുകൊണ്ട്?
4 നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തിന്റെ സ്വഭാവം നിമിത്തം, നിങ്ങളുടെ സൗമ്യത അഥവാ സൗമ്യപ്രകൃതം നഷ്ടപ്പെടുന്നതിന്റെ അപകടാവസ്ഥയിലാണു നിങ്ങളെന്നു തിരിച്ചറിഞ്ഞേക്കാം. അപ്പോൾ ആത്മാവിന്റെ ഫലമായ സൗമ്യതക്കുവേണ്ടിത്തന്നെ കൃത്യമായി യഹോവയാം ദൈവത്തോടു പ്രാർത്ഥിക്കുക. നിങ്ങൾ ഏതെങ്കിലും പ്രലോഭനത്തെ അഭിമുഖീകരിക്കുന്നെങ്കിൽ നിങ്ങൾക്കു വിശേഷാൽ ആത്മനിയന്ത്രണമാകുന്ന ഫലം ആവശ്യമാണ്. കൂടാതെ, പ്രലോഭനത്തെ ചെറുത്തുനിൽക്കുന്നതിൽ ദിവ്യസഹായത്തിനുവേണ്ടിയും സാത്താനിൽനിന്നുള്ള വിടുതലിനുവേണ്ടിയും പരിശോധനയെ സഹിക്കാൻ ആവശ്യമായ ജ്ഞാനത്തിനുവേണ്ടിയും പ്രാർത്ഥിക്കുന്നതു തീർച്ചയായും ഉചിതമാണ്.—മത്തായി 6:13; യാക്കോബ് 1:5, 6.
5. ആത്മാവിന്റെ ഏതു ഫലത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നു നിങ്ങൾക്ക് അറിയില്ലാത്ത വിധത്തിൽ സാഹചര്യങ്ങൾ അത്ര രൂക്ഷമാണെങ്കിൽ എന്തുചെയ്യാൻ കഴിയും?
5 എന്നിരുന്നാലും, ചിലപ്പോൾ ആത്മാവിന്റെ ഏതു ഫലമാണ് ആവശ്യമെന്നു നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത സാഹചര്യങ്ങൾ വളരെ ക്ലേശകരമോ കുഴഞ്ഞതോ ആയിരുന്നേക്കാം. വാസ്തവത്തിൽ, സന്തോഷവും സമാധാനവും സൗമ്യതയും മററു ദൈവികഗുണങ്ങളും എല്ലാം അപകടത്തിലായേക്കാം. അപ്പോൾ എന്ത്? പരിശുദ്ധാത്മാവിനുവേണ്ടിത്തന്നെയും നിങ്ങളുടെ സംഗതിയിൽ അത് ആവശ്യമായ ഫലങ്ങൾ തഴച്ചുവളരാൻ ഇടയാക്കുന്നതിനുവേണ്ടിയും എന്തുകൊണ്ടു ദൈവത്തോട് അപേക്ഷിച്ചുകൂടാ? ആവശ്യമായ ഫലങ്ങൾ സ്നേഹമോ സന്തോഷമോ സമാധാനമോ ആത്മാവിന്റെ ഫലങ്ങളുടെ ഒരു സംയോഗമോ ആയിരിക്കാം. കൂടാതെ തന്റെ ആത്മാവിന്റെ നടത്തിപ്പിനു വഴങ്ങാൻ നിങ്ങളെ സഹായിക്കാനും ദൈവത്തോടു പ്രാർത്ഥിക്കുക, എന്തെന്നാൽ തന്റെ ജനത്തെ നയിക്കാൻ അവിടുന്ന് അതിനെ ഉപയോഗിക്കുന്നു.
യഹോവ സഹായിക്കാൻ മനസ്സുള്ളവനാകുന്നു
6. മുടക്കംകൂടാതെ പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യം യേശു തന്റെ അനുഗാമികളെ എങ്ങനെ ധരിപ്പിച്ചു?
6 യേശുക്രിസ്തുവിന്റെ ശിഷ്യൻമാർ പ്രാർത്ഥനസംബന്ധിച്ചു നിർദ്ദേശം ആരാഞ്ഞപ്പോൾ ദൈവാത്മാവിനുവേണ്ടി പ്രാർത്ഥിക്കാൻ ഒരു ഭാഗത്ത് അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. മുടക്കംകൂടാതെ പ്രാർത്ഥിക്കാൻ അവരെ പ്രചോദിപ്പിക്കുന്നതിനായി സംവിധാനം ചെയ്ത ഒരു ദൃഷ്ടാന്തം യേശു ആദ്യം ഉപയോഗിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹിതൻ ഉണ്ടു എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്ക് അവന്റെ അടുക്കൽ ചെന്നു: സ്നേഹിതാ എനിക്കു മൂന്നപ്പം വായ്പ തരേണം; എന്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവന്നു വിളമ്പിക്കൊടുക്കാൻ എന്റെ പക്കൽ ഏതുമില്ല എന്ന് അവനോടു പറഞ്ഞാൽ: എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേററു തരുവാൻ എനിക്കു കഴികയില്ല എന്ന് അകത്തുനിന്ന് ഉത്തരം പറഞ്ഞാലും അവൻ സ്നേഹിതനാകകൊണ്ട് എഴുന്നേററ് അവന്നു കൊടുക്കുകയില്ലെങ്കിലും അവൻ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേററ് അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”—ലൂക്കൊസ് 11:5-8.
7. ലൂക്കൊസ് 11:11-13-ലെ യേശുവിന്റെ വാക്കുകളുടെ സത്ത എന്താണ്, ദൈവത്തെയും അവിടത്തെ ആത്മാവിനെയും സംബന്ധിച്ച് അവ നമുക്ക് എന്തുറപ്പു നൽകുന്നു?
7 യഹോവ വിശ്വസ്തരായ തന്റെ സമർപ്പിതദാസൻമാരെയെല്ലാം സഹായിക്കാൻ മനസ്സുള്ളവനാണ്, അവിടുന്ന് അവരുടെ അപേക്ഷകൾ ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ അത്തരത്തിലുള്ള ഒരാൾ യേശു ആവശ്യപ്പെട്ടതുപോലെ ‘ചോദിച്ചുകൊണ്ടിരിക്കു’ന്നെങ്കിൽ ഇത് ഹൃദയംഗമമായ ആഗ്രഹത്തെ സൂചിപ്പിക്കുന്നു, വിശ്വാസത്തിന്റെ ഒരു പ്രകടനവും ആണ്. (ലൂക്കൊസ് 11:9,10) ക്രിസ്തു ഇപ്രകാരം കൂട്ടിച്ചേർത്തു: “നിങ്ങളിൽ ഒരു അപ്പനോട് മകൻ . . . മീൻ ചോദിച്ചാൽ മീനിനു പകരം പാമ്പിനെ കൊടുക്കുമോ? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നുവെങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം കൊടുക്കും.” (ലൂക്കൊസ് 11:11-13) അവകാശപ്പെടുത്തിയ പാപാവസ്ഥനിമിത്തം ഒരു ഭൗമികപിതാവ് ഏറെക്കുറെ ദുഷ്ടനായിരുന്നാലും തന്റെ കുട്ടിക്കു നല്ല വസ്തുക്കൾ കൊടുക്കുന്നുവെങ്കിൽ, തീർച്ചയായും നമ്മുടെ സ്വർഗ്ഗീയപിതാവു താഴ്മയോടെ അവിടത്തെ പരിശുദ്ധാത്മാവിനുവേണ്ടി യാചിക്കുന്ന തന്റെ വിശ്വസ്തദാസൻമാരിൽ ആർക്കും അതു നൽകിക്കൊണ്ടിരിക്കും.
8. സങ്കീർത്തനം 143:10 ദാവീദിനും യേശുവിനും ദൈവത്തിന്റെ ആധുനികകാല ദാസൻമാർക്കും ബാധകമാകുന്നതെങ്ങനെ?
8 ദൈവാത്മാവിൽനിന്നു പ്രയോജനം നേടുന്നതിനു നാം ദാവീദിനെപ്പോലെ അതിന്റെ നേതൃത്വം പിൻപററാൻ മനസ്സുള്ളവരായിരിക്കണം. അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ചു: “നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവ് നേർനിലത്തിൽ എന്നെ നടത്തുമാറാകട്ടെ.” (സങ്കീർത്തനം 143:10) ഇസ്രയേല്യ രാജാവായ ശൗൽ ഭ്രഷ്ട് കല്പിച്ചിരുന്ന ദാവീദ്, തന്റെ ഗതി നേരുള്ളതാണെന്ന് ഉറപ്പുണ്ടായിരിക്കാൻ വേണ്ടി ദൈവത്തിന്റെ ആത്മാവ് തന്നെ നയിക്കാൻ ആഗ്രഹിച്ചു. ദൈവേഷ്ടം തീർച്ചപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ഏഫോദുമായി തക്കസമയത്ത് അബ്യാഥാർ വരുകയുണ്ടായി. ദൈവത്തിന്റെ പുരോഹിത പ്രതിനിധിയെന്നനിലയിൽ അബ്യാഥാർ, യഹോവയെ പ്രസാദിപ്പിക്കുന്നതിനു പോകേണ്ട വഴി ദാവീദിനെ അറിയിച്ചു. (1 ശമൂവേൽ 22:17–23:12; 30:6-8) ദാവീദിനെപ്പോലെ, യേശു യഹോവയുടെ ആത്മാവിനാൽ നയിക്കപ്പെട്ടു, ഒരു വർഗ്ഗമെന്ന നിലയിൽ ക്രിസ്തുവിന്റെ അഭിഷിക്ത അനുഗാമികളെ സംബന്ധിച്ചും ഇതു സത്യമായിരുന്നിട്ടുണ്ട്. അവർ 1918-19 കാലഘട്ടത്തിൽ മനുഷ്യസമുദായത്തിൻമുമ്പാകെ പരദേശികളെപ്പോലെയായിരുന്നു, തങ്ങൾക്ക് അവരെ നശിപ്പിക്കാൻ കഴിയുമെന്ന് അവരുടെ മതശത്രുക്കൾ വിചാരിക്കുകയും ചെയ്തു. തങ്ങളുടെ നിഷ്ക്രിയാവസ്ഥയിൽനിന്ന് പുറത്തുകടക്കാനുള്ള ഒരു വഴിക്കുവേണ്ടി അഭിഷിക്തർ പ്രാർത്ഥിക്കുകയും 1919-ൽ ദൈവം അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകി അവരെ വിമോചിപ്പിക്കുകയും തന്റെ സേവനത്തിൽ അവരെ വീണ്ടും കർമ്മനിരതരാക്കുകയും ചെയ്തു. (സങ്കീർത്തനം 143:7-9) തീർച്ചയായും, യഹോവയുടെ ആത്മാവ് അപ്പോൾ തന്റെ ജനത്തെ സഹായിക്കുകയും നയിക്കുകയും ചെയ്തുകൊണ്ടിരുന്നു, ഇന്നുവരെ അതു ചെയ്തുകൊണ്ടിരിക്കുന്നതുപോലെതന്നെ.
ആത്മാവു സഹായിക്കുന്ന വിധം
9. (എ) പരിശുദ്ധാത്മാവ് ഒരു “സഹായി”യായി സേവിക്കുന്നതെങ്ങനെ? (ബി) പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ലെന്നു നാം എങ്ങനെ അറിയുന്നു? (അടിക്കുറിപ്പു കാണുക.)
9 യേശുക്രിസ്തു പരിശുദ്ധാത്മാവിനെ ഒരു “സഹായി” എന്നു വിളിച്ചു. ഉദാഹരണത്തിന് അദ്ദേഹം തന്റെ അനുഗാമികളോട് ഇപ്രകാരം പറഞ്ഞു: “ഞാൻ പിതാവിനോട് അപേക്ഷിക്കുകയും അവിടുന്ന് സത്യത്തിന്റെ ആത്മാവ് എന്ന മറെറാരു സഹായിയെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന് നിങ്ങൾക്കു നൽകുകയും ചെയ്യും, ലോകം അതിനെ കാണുകയോ അറിയുകയോ ചെയ്യാത്തതുകൊണ്ട് അതിനെ സ്വീകരിപ്പാൻ അതിനു കഴിയുകയില്ല. അത് നിങ്ങളോടുകൂടെ സ്ഥിതിചെയ്യുന്നതുകൊണ്ടും നിങ്ങളിൽ വസിക്കുന്നതുകൊണ്ടും നിങ്ങൾ അതിനെ അറിയുന്നു.” മററു കാര്യങ്ങൾക്കൊപ്പം, ആ “സഹായി” ഒരു ഉപദേഷ്ടാവുമായിരിക്കും, എന്തെന്നാൽ ക്രിസ്തു ഇപ്രകാരം വാഗ്ദത്തം ചെയ്തു: “പിതാവ് എന്റെ നാമത്തിൽ അയക്കാനിരിക്കുന്ന പരിശുദ്ധാത്മാവാകുന്ന സഹായി സകല കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.” ആത്മാവ് ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം വഹിക്കുകയും ചെയ്യുമായിരുന്നു, അദ്ദേഹം തന്റെ ശിഷ്യൻമാർക്ക് ഈ ഉറപ്പു നൽകുകയും ചെയ്തു: “ഞാൻ പോകുന്നത് നിങ്ങളുടെ പ്രയോജനത്തിനാകുന്നു. എന്തെന്നാൽ ഞാൻ പോകുന്നില്ലെങ്കിൽ സഹായി ഒരിക്കലും നിങ്ങളുടെ അടുക്കൽ വരുകയില്ല; എന്നാൽ ഞാൻ പോകുന്നപക്ഷം അവനെ ഞാൻ നിങ്ങൾക്ക് അയച്ചുതരും.”—യോഹന്നാൻ 14:16, 17, 26; 15:26; 16:7, NW.a
10. ഏതു വിധങ്ങളിൽ പരിശുദ്ധാത്മാവ് ഒരു സഹായിയാണെന്നു തെളിഞ്ഞിരിക്കുന്നു?
10 പൊ.യു. 33-ലെ പെന്തെക്കൊസ്തുനാളിൽ യേശു വാഗ്ദത്തംചെയ്യപ്പെട്ട പരിശുദ്ധാത്മാവിനെ സ്വർഗ്ഗത്തിൽനിന്നു തന്റെ അനുഗാമികളുടെമേൽ പകർന്നു. (പ്രവൃത്തികൾ 1:4, 5; 2:1-11) ഒരു സഹായിയെന്നനിലയിൽ ആത്മാവ് അവർക്കു ദൈവത്തിന്റെ ഉദ്ദേശ്യവും ഇഷ്ടവും സംബന്ധിച്ച് വർദ്ധിച്ച ഗ്രാഹ്യം നൽകുകയും അവിടത്തെ പ്രവാചകവചനം അവർക്കു വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. (1 കൊരിന്ത്യർ 2:10-16; കൊലൊസ്സ്യർ 1:9, 10; എബ്രായർ 9:8-10) ആ സഹായി യേശുവിന്റെ ശിഷ്യൻമാരെ മുഴുഭൂമിയിലും സാക്ഷികളായിരിക്കാൻ ശക്തീകരിക്കുകയും ചെയ്തു. (ലൂക്കൊസ് 24:49; പ്രവൃത്തികൾ 1:8; എഫെസ്യർ 3:5, 6) ഇന്ന് ഒരു സമർപ്പിതക്രിസ്ത്യാനി “വിശ്വസ്തനും വിവേകിയുമായ അടിമ” മുഖാന്തരം ദൈവം ചെയ്തിരിക്കുന്ന ആത്മീയകരുതലുകളെ പ്രയോജനപ്പെടുത്തുന്നെങ്കിൽ പരിജ്ഞാനത്തിൽ വളരുന്നതിനു പരിശുദ്ധാത്മാവിന് അയാളെ സഹായിക്കാൻ കഴിയും. (മത്തായി 24:45-47) യഹോവയുടെ ദാസൻമാരിൽ ഒരാളെന്നനിലയിൽ സാക്ഷ്യം വഹിക്കാൻ ആവശ്യമായ ധൈര്യവും ബലവും കൊടുത്തുകൊണ്ടു ദൈവാത്മാവിനു സഹായം നൽകാൻ കഴിയും. (മത്തായി 10:19, 20; പ്രവൃത്തികൾ 4:29-31) എന്നിരുന്നാലും, പരിശുദ്ധാത്മാവ് മററു വിധങ്ങളിലും ദൈവത്തിന്റെ ജനത്തെ സഹായിക്കുന്നു.
“ഉച്ചരിക്കാത്ത ഞരക്കങ്ങൾകൊണ്ട്”
11. ഒരു പരിശോധന നിസ്സഹായമാക്കുന്നതാണെന്നു തോന്നുന്നെങ്കിൽ ഒരു ക്രിസ്ത്യാനി എന്തുചെയ്യണം?
11 ഒരു ക്രിസ്ത്യാനി നിസ്സഹായമാക്കുന്നതെന്നു തോന്നിക്കുന്ന ഒരു പരിശോധനയാൽ അസഹ്യപ്പെടുന്നെങ്കിൽ അയാൾ എന്തുചെയ്യണം? പരിശുദ്ധാത്മാവിനുവേണ്ടി പ്രാർത്ഥിക്കുകയും അതിനെ പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യുക! “ആത്മാവു നമ്മുടെ ബലഹീനതക്കു തുണനിൽക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവുതന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ (ഉച്ചരിക്കാത്ത ഞരക്കങ്ങൾകൊണ്ട്, NW) നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. എന്നാൽ ആത്മാവു വിശുദ്ധൻമാർക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ടു ആത്മാവിന്റെ ചിന്ത ഇന്നതെന്ന് ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു.”—റോമർ 8:26, 27.
12, 13. (എ) വിശേഷിച്ചും വിഷമംപിടിച്ച അവസ്ഥകളിൽ അർപ്പിക്കപ്പെടുന്ന പ്രാർത്ഥനകൾക്ക് റോമർ 8:26, 27 എങ്ങനെ ബാധകമാകുന്നു? (ബി) ഏഷ്യാ പ്രവിശ്യയിൽ അത്യന്തം സമ്മർദ്ദത്തിലായിരുന്നപ്പോൾ പൗലോസും സഹകാരികളും എന്തുചെയ്തു?
12 ദൈവാത്മാവ് ആർക്കുവേണ്ടി പക്ഷവാദം ചെയ്യുന്നുവോ ആ വിശുദ്ധൻമാർ ഒരു സ്വർഗ്ഗീയ പ്രത്യാശയോടുകൂടിയ യേശുവിന്റെ അഭിഷിക്താനുഗാമികൾ ആണ്. എന്നാൽ നിങ്ങൾക്കുള്ളത് ഒരു സ്വർഗ്ഗീയവിളിയോ ഭൗമികപ്രത്യാശയോ ഏതായാലും ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ നിങ്ങൾക്കു ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായം ഉണ്ടായിരിക്കാവുന്നതാണ്. യഹോവ ചിലസമയത്ത് ഒരു നിശ്ചിത പ്രാർത്ഥനക്കു നേരിട്ട് ഉത്തരം നൽകുന്നു. എന്നിരുന്നാലും, ചിലപ്പോഴൊക്കെ നിങ്ങൾ നിങ്ങളുടെ വികാരങ്ങൾ വാക്കുകളിലാക്കാൻ കഴിയാതവണ്ണം വളരെ അരിഷ്ടതയിൽ ആയിരിക്കാം, ഉച്ചരിക്കാത്ത ഞരക്കങ്ങളാൽ യഹോവയോടു കെഞ്ചി അപേക്ഷിക്കാൻ മാത്രമേ കഴിഞ്ഞുള്ളു എന്നും വരാം. വാസ്തവത്തിൽ, നിങ്ങൾക്ക് എന്താണ് അത്യുത്തമമെന്നു നിങ്ങൾക്ക് അറിയില്ലായിരിക്കാം, നിങ്ങൾ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർത്ഥിക്കാത്തപക്ഷം തെററായ കാര്യം അപേക്ഷിക്കുകപോലും ചെയ്തേക്കാം. നിങ്ങൾ അവിടത്തെ ഇഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നു ദൈവത്തിനറിയാം, നിങ്ങൾക്കു യഥാർത്ഥത്തിൽ ആവശ്യമുള്ളതെന്തെന്നും അവിടുന്ന് അറിയുന്നു. അതിനുപുറമേ, തന്റെ പരിശുദ്ധാത്മാവു മുഖാന്തരം തന്റെ വചനത്തിൽ നിരവധി പ്രാർത്ഥനകൾ രേഖപ്പെടുത്തുന്നതിന് അവിടുന്നിടയാക്കി, ഇവ വിഷമിപ്പിക്കുന്ന സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നു. (2 തിമൊഥെയൊസ് 3:16, 17; 2 പത്രൊസ് 1:21) അതുകൊണ്ട്, അത്തരം നിശ്വസ്ത പ്രാർത്ഥനകളിൽ പ്രകടമാക്കിയിരിക്കുന്ന ചില വികാരങ്ങൾ അവിടത്തെ ദാസൻമാരിൽ ഒരാളെന്നനിലയിൽ നിങ്ങൾ പ്രകടമാക്കാൻ ഉദ്ദേശിക്കുന്ന ആശയങ്ങളായി കാണാനും നിങ്ങൾക്കുവേണ്ടി അവക്ക് ഉത്തരം നൽകാനും യഹോവക്കു കഴിയും.
13 ഏഷ്യാപ്രവിശ്യയിൽ ഉപദ്രവം അനുഭവിച്ചപ്പോൾ പൗലോസും അവന്റെ സഹകാരികളും എന്തു പ്രാർത്ഥിക്കണമെന്ന് അറിഞ്ഞിരുന്നില്ലായിരിക്കാം. ‘അവരുടെ ശക്തിക്കുമപ്പുറം അങ്ങേയററം സമ്മർദ്ദത്തിൻകീഴിലായപ്പോൾ തങ്ങൾക്കു മരണശിക്ഷ ലഭിച്ചുവെന്ന് അവരുടെ ഉള്ളിൽ തോന്നി.’ എന്നാൽ അവർ മററുള്ളവരുടെ അപേക്ഷകൾ തേടുകയും മരിച്ചവരെ ഉയർപ്പിക്കാൻ കഴിയുന്ന ദൈവത്തിൽ ആശ്രയിക്കുകയും ചെയ്തു, അവിടുന്ന് അവരെ വിടുവിക്കുകതന്നെ ചെയ്തു. (2 കൊരിന്ത്യർ 1:8-11) യഹോവയാം ദൈവം അവിടത്തെ വിശ്വസ്തദാസൻമാരുടെ പ്രാർത്ഥനകൾ കേൾക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നുള്ളത് എത്ര ആശ്വാസപ്രദമാണ്!
14. ഒരു പരിശോധന കുറച്ചുകാലത്തേക്കു തുടരാൻ യഹോവ അനുവദിക്കുന്നെങ്കിൽ തൽഫലമായി എന്തു നൻമ ലഭിച്ചേക്കാം?
14 ഒരു സ്ഥാപനമെന്നനിലയിൽ ദൈവജനം പലപ്പോഴും പരിശോധനകളാൽ ഞെരുക്കപ്പെടുന്നു. മുമ്പു കുറിക്കൊണ്ടതുപോലെ, അവർ ഒന്നാം ലോകമഹായുദ്ധകാലത്തു പീഡിപ്പിക്കപ്പെട്ടു. അവർക്ക് അപ്പോൾ തങ്ങളുടെ നില സംബന്ധിച്ച് ഒരു വ്യക്തമായ ഗ്രാഹ്യം ഇല്ലാതിരുന്നതിനാൽ, അതുകൊണ്ട് എന്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് അവർക്കു കൃത്യമായി അറിയില്ലായിരുന്നെങ്കിലും യഹോവയുടെ വചനത്തിൽ അവിടുന്ന് അവർക്കുവേണ്ടി ഉത്തരംനൽകിയ പ്രവാചക പ്രാർത്ഥനകൾ അടങ്ങിയിരുന്നു. (സങ്കീർത്തനം 69, 102, 126; യെശയ്യാവ് അദ്ധ്യായം 12) എന്നാൽ ഒരു പരീക്ഷണം കുറച്ചുകാലത്തേക്കു തുടരാൻ യഹോവ അനുവദിക്കുന്നെങ്കിൽ എന്ത്? ഇത് ഒരു സാക്ഷ്യത്തിൽ കലാശിച്ചേക്കാം, സത്യം സ്വീകരിക്കുന്നതിനു ചിലരെ പ്രേരിപ്പിച്ചേക്കാം, കൂടാതെ കഷ്ടപ്പെടുന്ന സഹക്രിസ്ത്യാനികൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടോ അവരെ സഹായിച്ചുകൊണ്ടോ സഹോദരസ്നേഹം കാണിക്കാൻ ക്രിസ്ത്യാനികൾക്ക് അവസരം നൽകുകയും ചെയ്യുന്നു. (യോഹന്നാൻ 13:34, 35; 2 കൊരിന്ത്യർ 1:11) യഹോവ പരിശുദ്ധാത്മാവു മുഖാന്തരം തന്റെ ജനത്തെ നയിക്കുന്നുവെന്നും അവർക്ക് ഏററവും നൻമയായതു ചെയ്യുന്നുവെന്നും എല്ലായ്പ്പോഴും അവിടത്തെ വിശുദ്ധ നാമത്തെ മഹത്ത്വപ്പെടുത്തുന്നതും വിശുദ്ധീകരിക്കുന്നതുമായ ഒരു വിധത്തിൽ കാര്യാദികൾ കൊണ്ടുപോകുന്നുവെന്നും ഓർക്കുക.—പുറപ്പാട് 9:16; മത്തായി 6:9.
ഒരിക്കലും ആത്മാവിനെ ദുഃഖിപ്പിക്കരുത്
15. തങ്ങൾക്കുവേണ്ടി എന്തു ചെയ്യാൻ ക്രിസ്ത്യാനികൾക്ക് യഹോവയുടെ ആത്മാവിനെ ആശ്രയിക്കാൻ കഴിയും?
15 അതുകൊണ്ട്, നിങ്ങൾ യഹോവയുടെ ഒരു ദാസനാണെങ്കിൽ പരിശോധനാഘട്ടങ്ങളിലും മററു സമയങ്ങളിലും പരിശുദ്ധാത്മാവിനുവേണ്ടി പ്രാർത്ഥിക്കുക. അതിനുശേഷം ഉറപ്പായും അതിന്റെ മാർഗ്ഗനിർദ്ദേശം അനുസരിക്കുക, എന്തെന്നാൽ പൗലോസ് ഇപ്രകാരം എഴുതി: “ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.” (എഫെസ്യർ 4:30) ദൈവത്തിന്റെ ആത്മാവ് വിശ്വസ്തരായ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ഒരു മുദ്രയും ‘വരുവാനിരിക്കുന്നതിന്റെ ഒരു അച്ചാരവും’ ആയിരുന്നു, ഇപ്പോഴും ആണ്—അതായത് അമർത്ത്യ സ്വർഗ്ഗീയ ജീവന്റെതന്നെ. (2 കൊരിന്ത്യർ 1:22; റോമർ 8:15; 1 കൊരിന്ത്യർ 15:50-57; വെളിപ്പാട് 2:10) അഭിഷിക്ത ക്രിസ്ത്യാനികൾക്കും ഭൗമികപ്രത്യാശയുള്ളവർക്കും തങ്ങൾക്കുവേണ്ടി വളരെ കാര്യങ്ങൾ ചെയ്യാൻ യഹോവയുടെ ആത്മാവിൽ ആശ്രയിക്കാൻ കഴിയും. അതിനു വിശ്വസ്തതയുടെ ഒരു ജീവിതഗതിയിൽ അവരെ നയിക്കാനും ദൈവത്തിന്റെ അപ്രീതിയിലേക്കും പരിശുദ്ധാത്മാവിന്റെ നഷ്ടത്തിലേക്കും നിത്യജീവൻ നേടുന്നതിന്റെ പരാജയത്തിലേക്കും നയിച്ചേക്കാവുന്ന പാപപ്രവൃത്തികൾ ഒഴിവാക്കാൻ അവരെ സഹായിക്കാനും കഴിയും.—ഗലാത്യർ 5:19-21.
16, 17. ഒരു ക്രിസ്ത്യാനി ആത്മാവിനെ എങ്ങനെ ദുഃഖിപ്പിച്ചേക്കാം?
16 ഒരു ക്രിസ്ത്യാനി അറിഞ്ഞോ അറിയാതെയോ ആത്മാവിനെ ദുഃഖിപ്പിച്ചേക്കാവുന്നത് എങ്ങനെയാണ്? കൊള്ളാം, ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും സഭയിൽ ഉത്തരവാദിത്വമുള്ള പുരുഷൻമാരെ നിയമിക്കുന്നതിനും യഹോവ തന്റെ ആത്മാവിനെ ഉപയോഗിക്കുന്നു. അതുകൊണ്ട്, സഭയിലെ ഒരംഗം നിയമിത മൂപ്പൻമാർക്കെതിരെ പിറുപിറുക്കുകയും ദൂഷണപരമായ കുശുകുശുപ്പു പരത്തുകയും മററും ആണെങ്കിൽ അയാൾ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ദൈവാത്മാവിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പിൻപററുകയല്ലായിരിക്കും. ഒരു പൊതുവായ വിധത്തിൽ അയാൾ ആത്മാവിനെ ദുഃഖിപ്പിക്കുകയായിരിക്കും.—1 കൊരിന്ത്യർ 1:10; 3:1-4, 16, 17; 1 തെസ്സലൊനീക്യർ 5:12, 13; യൂദാ 16.
17 എഫെസോസിലെ ക്രിസ്ത്യാനികൾക്ക് എഴുതുകയിൽ പൗലോസ് വ്യാജത്തിലേക്കുള്ള ചായ്വുകൾക്കും നീണ്ടുനിൽക്കുന്ന കോപത്തിനും മോഷണത്തിനും അസഭ്യസംസാരത്തിനും പരസംഗത്തിലുള്ള അതിയായ താത്പര്യത്തിനും ലജ്ജാകരമായ നടത്തക്കും അസഭ്യ തമാശകൾക്കും എതിരെ മുന്നറിയിപ്പു നൽകി. അത്തരം കാര്യങ്ങളിലേക്കു വഴുതിവീഴാൻ ഒരു ക്രിസ്ത്യാനി തന്നേത്തന്നെ അനുവദിക്കുന്നെങ്കിൽ അയാൾ ബൈബിളിന്റെ ആത്മനിശ്വസ്ത ബുദ്ധ്യുപദേശത്തിനെതിരെ പോവുകയായിരിക്കും. (എഫെസ്യർ 4:17-29; 5:1-5) അതെ, ഒരളവുവരെ അയാൾ അങ്ങനെ ദൈവാത്മാവിനെ ദുഃഖിപ്പിക്കുകയായിരിക്കും.
18. ദൈവത്തിന്റെ ആത്മനിശ്വസ്ത വചനത്തിന്റെ ബുദ്ധ്യുപദേശം അവഗണിക്കാൻ തുടങ്ങുന്ന ഏതു ക്രിസ്ത്യാനിക്കും എന്തു സംഭവിച്ചേക്കാം?
18 വാസ്തവത്തിൽ, യഹോവയുടെ ആത്മനിശ്വസ്ത വചനത്തിന്റെ ബുദ്ധ്യുപദേശം അവഗണിക്കാൻ തുടങ്ങുന്ന ഏതു ക്രിസ്ത്യാനിയും മനഃപൂർവ്വ പാപത്തിലും ദിവ്യപ്രീതിയുടെ നഷ്ടത്തിലും കലാശിച്ചേക്കാവുന്ന മനോഭാവങ്ങളോ സ്വഭാവവിശേഷങ്ങളോ വികസിപ്പിച്ചുതുടങ്ങിയേക്കാം. അയാൾ തൽക്കാലം പാപം ചെയ്യുന്നില്ലായിരിക്കാമെങ്കിലും ആ ദിശയിൽ നീങ്ങുകയായിരിക്കും. ആത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിനു വിരുദ്ധമായി പോകുന്ന അത്തരമൊരു ക്രിസ്ത്യാനി അതിനെ ദുഃഖിപ്പിക്കുകയായിരിക്കും. കൂടാതെ അയാൾ അങ്ങനെ പരിശുദ്ധാത്മാവിന്റെ ഉറവിടമായ യഹോവയെ എതിർക്കുകയും ദുഃഖിപ്പിക്കുകയും ആയിരിക്കും. ദൈവത്തെ സ്നേഹിക്കുന്ന ഒരാൾ ഒരിക്കലും അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുകയില്ല!
പരിശുദ്ധാത്മാവിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുക
19. യഹോവയുടെ ജനത്തിന് ഇന്നു വിശേഷാൽ അവിടത്തെ ആത്മാവ് ആവശ്യമുള്ളതെന്തുകൊണ്ട്?
19 നിങ്ങൾ യഹോവയുടെ ഒരു ദാസനാണെങ്കിൽ അവിടത്തെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുക. വിശേഷിച്ചും, ഇടപെടാൻ വളരെ വിഷമംപിടിച്ച ദുർഘടകാലങ്ങളോടുകൂടിയ ഈ “അന്ത്യനാളുകളിൽ” ക്രിസ്ത്യാനികൾക്കു ദൈവാത്മാവിന്റെ സഹായം ആവശ്യമാണ്. (2 തിമൊഥെയൊസ് 3:1-5) സ്വർഗ്ഗത്തിൽനിന്നു ബഹിഷ്ക്കരിക്കപ്പെട്ട് ഇപ്പോൾ ഭൂമിയുടെ പരിസരത്തു സ്ഥിതിചെയ്യുന്ന പിശാചും അവന്റെ ഭൂതങ്ങളും യഹോവയുടെ സ്ഥാപനത്തിനെതിരെ ഉഗ്രരോഷത്തിലാണ്. അതുകൊണ്ട്, മുമ്പ് എന്നത്തേതിലുമധികമായി ഇന്നു ദൈവജനങ്ങൾക്ക് അവരെ നയിക്കുന്നതിനും അഥവാ വഴികാട്ടുന്നതിനും പീഡനവും വിഷമസന്ധികളും സഹിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും അവിടത്തെ പരിശുദ്ധാത്മാവ് ആവശ്യമാണ്.—വെളിപ്പാട് 12:7-12.
20, 21. യഹോവയുടെ വചനത്തിന്റെയും ആത്മാവിന്റെയും സ്ഥാപനത്തിന്റെയും മാർഗ്ഗനിർദ്ദേശം പിൻപററുന്നതെന്തിന്?
20 യഹോവയാം ദൈവം തന്റെ പരിശുദ്ധാത്മാവു മുഖാന്തരം പ്രദാനംചെയ്യുന്ന സഹായത്തിന് എല്ലായ്പ്പോഴും വിലമതിപ്പു പ്രകടമാക്കുക. അവിടത്തെ ആത്മനിശ്വസ്ത വചനമാകുന്ന ബൈബിളിന്റെ മാർഗ്ഗനിർദ്ദേശം പിൻപററുക. ആത്മാവിനാൽ നയിക്കപ്പെടുന്ന ദൈവത്തിന്റെ ഭൗമിക സ്ഥാപനത്തോടു പൂർണ്ണമായി സഹകരിക്കുക. പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നതിനുതുല്യമായ ഒരു തിരുവെഴുത്തുവിരുദ്ധ ഗതിയിലേക്കു തിരിയാൻ ഒരിക്കലും നിങ്ങളെത്തന്നെ അനുവദിക്കരുത്, എന്തെന്നാൽ ഇത് ഒടുവിൽ അതിനെ പിൻവലിക്കുന്നതിലേക്കും അങ്ങനെ ഒരു ആത്മീയ വിപത്തിലേക്കും നയിച്ചേക്കാം.—സങ്കീർത്തനം 51:11.
21 യഹോവയെ പ്രസാദിപ്പിക്കുന്നതിനും സമാധാനപൂർണ്ണവും സന്തോഷകരവുമായ ഒരു ജീവിതം അനുഭവിക്കുന്നതിനുമുള്ള ഏക മാർഗ്ഗം അവിടത്തെ ആത്മാവിനാൽ നയിക്കപ്പെടുന്നതാണ്. യേശു പരിശുദ്ധാത്മാവിനെ ഒരു “സഹായി” അഥവാ “ആശ്വാസകൻ” എന്നു വിളിച്ചുവെന്നതും ഓർക്കുക. (യോഹന്നാൻ 14:16, അടിക്കുറിപ്പ്) അതിനെ ഉപയോഗിച്ച് ദൈവം ക്രിസ്ത്യാനികളെ ആശ്വസിപ്പിക്കുകയും പരീക്ഷണങ്ങളെ അഭിമുഖീകരിക്കാൻ അവരെ ബലിഷ്ഠരാക്കുകയും ചെയ്യുന്നു. (2 കൊരിന്ത്യർ 1:3, 4) ആത്മാവ് സുവാർത്ത പ്രസംഗിക്കാൻ യഹോവയുടെ ജനത്തെ ശക്തീകരിക്കുകയും ഒരു നല്ല സാക്ഷ്യം നൽകുന്നതിന് ആവശ്യമായ തിരുവെഴുത്താശയങ്ങൾ ഓർമ്മിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. (ലൂക്കൊസ് 12:11, 12; യോഹന്നാൻ 14:25, 26; പ്രവൃത്തികൾ 1:4-8; 5:32) പ്രാർത്ഥനയിലൂടെയും ആത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിലൂടെയും ക്രിസ്ത്യാനികൾക്കു സ്വർഗ്ഗീയ ജ്ഞാനത്തോടെ വിശ്വാസത്തിന്റെ പരിശോധനകളെ നേരിടാൻ കഴിയും. അതുകൊണ്ട്, ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും അവർ ദൈവത്തിന്റെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. തൽഫലമായി യഹോവയുടെ ആത്മാവ് അവിടത്തെ ജനത്തെ നയിക്കുന്നു. (w92 9⁄15)
a ഒരു “സഹായി” എന്നനിലയിൽ മൂർത്തിമത്ഭാവം നൽകിയിരിക്കുന്നെങ്കിലും പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ല, കാരണം (“അത്” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന) ഒരു ഗ്രീക്ക് നപുംസക സർവ്വനാമം ആത്മാവിനുവേണ്ടി പ്രയോഗിച്ചിരിക്കുന്നു. സമാനമായി എബ്രായ സ്ത്രീലിംഗ സർവ്വനാമങ്ങൾ മൂർത്തിമത്ഭാവമാം ജ്ഞാനത്തിനുവേണ്ടി പ്രയോഗിച്ചിരിക്കുന്നു. (സദൃശവാക്യങ്ങൾ 1:20-33; 8:1-36) അതിനുപുറമേ, പരിശുദ്ധാത്മാവ് “പകരപ്പെട്ടു”, ഒരു വ്യക്തിയുടെ കാര്യത്തിൽ അതു ചെയ്യാൻ കഴിയില്ല.—പ്രവൃത്തികൾ 2:33.
[അടിക്കുറിപ്പ്]
നിങ്ങളുടെ ഉത്തരങ്ങൾ എന്താണ്?
◻ യഹോവയുടെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നതെന്തിന്?
◻ പരിശുദ്ധാത്മാവ് ഒരു സഹായി ആയിരിക്കുതെങ്ങനെ?
◻ ആത്മാവിനെ ദുഃഖിപ്പിക്കുകയെന്നാൽ എന്തർത്ഥമാക്കുന്നു, നിങ്ങൾക്ക് എങ്ങനെ അത് ഒഴിവാക്കാൻ കഴിയും?
◻ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയും അതിന്റെ നായകത്വം പിൻപററുകയും ചെയ്യേണ്ടത് എന്തുകൊണ്ട്?
[15-ാം പേജിലെ ചിത്രം]
സ്നേഹമുള്ള ഒരു പിതാവു തന്റെ മകനു നല്ലവസ്തുക്കൾ കൊടുക്കുന്നതുപോലെ യഹോവ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്ന തന്റെ ദാസൻമാർക്ക് അതു നൽകുന്നു
[17-ാം പേജിലെ ചിത്രം]
പ്രാർത്ഥനാനിരതരായ ക്രിസ്ത്യാനികൾക്കുവേണ്ടി ദൈവാത്മാവ് എങ്ങനെ പ്രതിവാദിക്കുന്നുവെന്നു നിങ്ങൾക്കറിയാമോ?