അധ്യായം 77
ധനത്തെക്കുറിച്ച് യേശു ഉപദേശം കൊടുക്കുന്നു
ധനികനായ മനുഷ്യനെക്കുറിച്ചുള്ള ദൃഷ്ടാന്തം
കാക്കകളെക്കുറിച്ചും ലില്ലിച്ചെടികളെക്കുറിച്ചും യേശു സംസാരിക്കുന്നു
‘ചെറിയ ആട്ടിൻകൂട്ടം’ ദൈവരാജ്യത്തിൽ
യഹൂദ്യയിലുള്ള ആ പരീശന്റെ വീട്ടിൽ യേശു ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വീടിനു പുറത്ത് ആയിരങ്ങൾ തടിച്ചുകൂടുന്നു. അവരെല്ലാം യേശുവിനുവേണ്ടി കാത്തിരിക്കുകയാണ്. ഗലീലയിൽവെച്ചും യേശുവിനെ കാണാൻ ആളുകൾ ഇതുപോലെ കൂടിയിട്ടുണ്ട്. (മർക്കോസ് 1:33; 2:2; 3:9) യേശുവിനെ കാണാനും യേശുവിൽനിന്ന് കേൾക്കാനും ആണ് ഇവിടെയും അവർ വന്നിരിക്കുന്നത്. ആ വീട്ടിൽ വന്നിരിക്കുന്ന പരീശന്മാരിൽനിന്ന് എത്ര വ്യത്യസ്തരാണ് ഈ ആളുകൾ!
യേശു പറഞ്ഞുതുടങ്ങുന്ന കാര്യങ്ങൾ പ്രത്യേകിച്ചു ശിഷ്യന്മാർക്കു ഗുണം ചെയ്യുന്നതാണ്. “പരീശന്മാരുടെ കപടഭക്തിയെന്ന പുളിച്ച മാവിനെക്കുറിച്ച് ജാഗ്രത വേണം” എന്നു യേശു പറയുന്നു. ഇതേ മുന്നറിയിപ്പ് യേശു മുമ്പും കൊടുത്തിട്ടുള്ളതാണ്. പക്ഷേ യേശു ഇവിടെ കണ്ട ചില കാര്യങ്ങൾ ഈ ബുദ്ധിയുപദേശം ഇപ്പോൾ എത്ര പ്രധാനമാണെന്നു കാണിക്കുന്നു. (ലൂക്കോസ് 12:1; മർക്കോസ് 8:15) ഭക്തരാണെന്നു നടിച്ചുകൊണ്ട് പരീശന്മാർ അവരുടെ ദുഷ്ടത മറച്ചുവെക്കാൻ ശ്രമിക്കുകയാണ്. എന്നാൽ അവർ അപകടകാരികളാണെന്ന കാര്യം തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണെന്നു യേശു കണ്ടു. അതുകൊണ്ട് യേശു പറയുന്നു: “മറച്ചുവെച്ചിരിക്കുന്നതൊന്നും എന്നെന്നും മറഞ്ഞിരിക്കില്ല. രഹസ്യമായതൊന്നും വെളിച്ചത്ത് വരാതിരിക്കുകയുമില്ല.”—ലൂക്കോസ് 12:2.
യേശു ഗലീലയിൽ പഠിപ്പിച്ചപ്പോൾ അവിടെ ഇല്ലാതിരുന്ന യഹൂദ്യരായിരിക്കാം ഈ വന്നിരിക്കുന്ന മിക്കവരും. അതുകൊണ്ട് നേരത്തേ പഠിപ്പിച്ച ചില പ്രധാനകാര്യങ്ങൾ യേശു ഇപ്പോൾ എല്ലാവരോടുമായി വീണ്ടും പറയുന്നു: “ശരീരത്തെ കൊല്ലുന്നവരെ നിങ്ങൾ പേടിക്കേണ്ടാ. അവർക്ക് അതു മാത്രമല്ലേ ചെയ്യാൻ കഴിയൂ.” (ലൂക്കോസ് 12:4) ദൈവം ശിഷ്യന്മാർക്കുവേണ്ടി കരുതുമെന്നും അതുകൊണ്ട് അവരെല്ലാം ദൈവത്തിൽ ആശ്രയിക്കേണ്ടത് എത്ര പ്രധാനമാണെന്നും യേശു വീണ്ടും പറയുന്നു. ദൈവപുത്രനെ അവർ അംഗീകരിക്കുകയും ദൈവത്തിന് അവരെ സഹായിക്കാനാകുമെന്ന് വിശ്വസിക്കുകയും വേണം.—മത്തായി 10:19, 20, 26-33; 12:31, 32.
ജനക്കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ അപ്പോൾ പെട്ടെന്ന് ഇങ്ങനെ പറയുന്നു: “ഗുരുവേ, പിതൃസ്വത്തു വീതിച്ച് എന്റെ പങ്കു തരാൻ അങ്ങ് എന്റെ സഹോദരനോടു പറയണം.” (ലൂക്കോസ് 12:13) മോശയുടെ നിയമമനുസരിച്ച് മൂത്തമകന് അവകാശത്തിൽ രണ്ടു പങ്ക് കിട്ടും. അതുകൊണ്ട് ഇവിടെ തർക്കത്തിന് ഒരു കാരണവുമില്ല. (ആവർത്തനം 21:17) എന്നാൽ തനിക്കു കിട്ടാനുള്ളതുകൊണ്ട് ഇയാൾ തൃപ്തനല്ലെന്നു തോന്നുന്നു. പക്ഷേ രണ്ടു പേരുടെയും പക്ഷംപിടിക്കാൻ യേശു തയ്യാറല്ല. അതുകൊണ്ട് ബുദ്ധിപൂർവം ഇങ്ങനെ പറയുന്നു: “മനുഷ്യാ, നിങ്ങൾ രണ്ടു പേരും ഉൾപ്പെട്ട പ്രശ്നത്തിൽ എന്നെ ആരെങ്കിലും ന്യായാധിപനോ മധ്യസ്ഥനോ ആയി നിയമിച്ചിട്ടുണ്ടോ?”—ലൂക്കോസ് 12:14.
യേശു ഇപ്പോൾ എല്ലാവർക്കുമായി ഈ താക്കീതു നൽകുന്നു: “സൂക്ഷിച്ചുകൊള്ളുക. എല്ലാ തരം അത്യാഗ്രഹത്തിനും എതിരെ ജാഗ്രത വേണം. ഒരാൾക്ക് എത്ര സമ്പത്തുണ്ടെങ്കിലും അതൊന്നുമല്ല അയാൾക്കു ജീവൻ നേടിക്കൊടുക്കുന്നത്.” (ലൂക്കോസ് 12:15) ഒരാൾക്ക് എത്രമാത്രം സമ്പത്തുണ്ടെങ്കിലും അയാൾ എപ്പോഴെങ്കിലും എല്ലാം പിന്നിൽ വിട്ട് മരിച്ചുപോകില്ലേ? മറക്കാനാകാത്ത ഒരു ദൃഷ്ടാന്തകഥ ഉപയോഗിച്ച് യേശു ഈ വസ്തുത ഊന്നിപ്പറയുന്നു. ദൈവമുമ്പാകെ ഒരു നല്ല പേര് സമ്പാദിക്കേണ്ടതിന്റെ പ്രാധാന്യവും യേശു ഇതിലൂടെ പഠിപ്പിക്കുന്നു.
“ധനികനായ ഒരാളുടെ ഭൂമി നല്ല വിളവ് നൽകി. അപ്പോൾ അയാൾ, ‘ഞാൻ എന്തു ചെയ്യും, വിളവ് ശേഖരിച്ചുവെക്കാൻ എനിക്കു സ്ഥലം പോരല്ലോ’ എന്നു ചിന്തിച്ചു. അയാൾ പറഞ്ഞു: ‘ഞാൻ ഇങ്ങനെ ചെയ്യും: എന്റെ സംഭരണശാലകൾ പൊളിച്ച് കൂടുതൽ വലിയവ പണിയും. എന്റെ ധാന്യവും എനിക്കുള്ളതൊക്കെയും ഞാൻ അവിടെ സംഭരിച്ചുവെക്കും. എന്നിട്ട് എന്നോടുതന്നെ ഇങ്ങനെ പറയും: “അനേകവർഷത്തേക്കു വേണ്ടതെല്ലാം നീ സ്വരുക്കൂട്ടിയിരിക്കുന്നു. ഇനി വിശ്രമിച്ചുകൊള്ളുക. തിന്നുക, കുടിക്കുക, ആനന്ദിക്കുക.”’ എന്നാൽ ദൈവം അയാളോടു പറഞ്ഞു: ‘മൂഢാ, ഇന്നു രാത്രി അവർ നിന്റെ ജീവൻ നിന്നോടു ചോദിക്കും. പിന്നെ നീ ഈ സമ്പാദിച്ചുവെച്ചതൊക്കെ ആര് അനുഭവിക്കാനാണ്?’ തനിക്കുവേണ്ടി സമ്പത്തു സ്വരൂപിക്കുകയും എന്നാൽ ദൈവമുമ്പാകെ സമ്പന്നനാകാതിരിക്കുകയും ചെയ്യുന്നവന്റെ കാര്യവും ഇങ്ങനെതന്നെയാകും.”—ലൂക്കോസ് 12:16-21.
യേശുവിന്റെ ശിഷ്യന്മാരും അവിടെ വന്നിരിക്കുന്ന മറ്റുള്ളവരും സമ്പത്ത് തേടിപ്പോകുകയോ സമ്പത്ത് വാരിക്കൂട്ടുകയോ ചെയ്യുന്ന കെണിയിൽ വീഴാനുള്ള സാധ്യതയുണ്ട്. അതുപോലെ ജീവിതത്തിലെ ഉത്കണ്ഠകൾ യഹോവയുടെ സേവനത്തിൽനിന്ന് അവരുടെ ശ്രദ്ധ പതറിച്ചേക്കാം. അതുകൊണ്ട് ഏതാണ്ട് ഒന്നര വർഷം മുമ്പ് ഗിരിപ്രഭാഷണത്തിൽ നൽകിയ ആ നല്ല ബുദ്ധിയുപദേശം യേശു ഇവിടെ ആവർത്തിക്കുന്നു:
“എന്തു തിന്നും എന്ന് ഓർത്ത് നിങ്ങളുടെ ജീവനെക്കുറിച്ചും എന്ത് ഉടുക്കും എന്ന് ഓർത്ത് നിങ്ങളുടെ ശരീരത്തെക്കുറിച്ചും ഇനി ഉത്കണ്ഠപ്പെടരുത്. . . . കാക്കയുടെ കാര്യംതന്നെ എടുക്കുക: അതു വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിനു പത്തായപ്പുരയോ സംഭരണശാലയോ ഇല്ല. എന്നിട്ടും ദൈവം അതിനെ പോറ്റുന്നു. പക്ഷികളെക്കാൾ വിലപ്പെട്ടവരല്ലേ നിങ്ങൾ? . . . ലില്ലിച്ചെടികൾ എങ്ങനെ വളരുന്നെന്നു നോക്കുക. അവ അധ്വാനിക്കുന്നില്ല, നൂൽ നൂൽക്കുന്നുമില്ല. എന്നാൽ ഒരു കാര്യം ഞാൻ പറയാം: ശലോമോൻ പ്രതാപത്തിലിരുന്നപ്പോൾപ്പോലും അവയിലൊന്നിനോളം അണിഞ്ഞൊരുങ്ങിയിട്ടില്ല. . . . അതുകൊണ്ട് എന്തു കഴിക്കും, എന്തു കുടിക്കും എന്ന് അന്വേഷിക്കുന്നതു മതിയാക്കുക. ഉത്കണ്ഠപ്പെടുന്നതും ഒഴിവാക്കുക. . . . ഇതൊക്കെ നിങ്ങൾക്ക് ആവശ്യമാണെന്നു നിങ്ങളുടെ പിതാവിന് അറിയാമല്ലോ. അതുകൊണ്ട് ദൈവരാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുക. അപ്പോൾ ഇപ്പറഞ്ഞതെല്ലാം നിങ്ങൾക്കു കിട്ടും.”—ലൂക്കോസ് 12:22-31; മത്തായി 6:25-33.
ആരാണു ദൈവരാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുക? ‘ചെറിയ ആട്ടിൻകൂട്ടം,’ അതായത് വിശ്വസ്തരായ കുറച്ച് പേർ, അങ്ങനെ ചെയ്യുമെന്നു യേശു വെളിപ്പെടുത്തുന്നു. അവരുടെ എണ്ണം വെറും 1,44,000 ആയിരിക്കുമെന്നു പിന്നീടു വെളിപ്പെട്ടു. എന്താണ് അവരെ കാത്തിരിക്കുന്നത്? യേശു അവർക്ക് ഇങ്ങനെ ഉറപ്പു കൊടുക്കുന്നു: “രാജ്യം നിങ്ങൾക്കു തരാൻ നിങ്ങളുടെ പിതാവ് തീരുമാനിച്ചിരിക്കുന്നു.” കള്ളന്മാർ മോഷ്ടിക്കാൻ സാധ്യതയുള്ള ഈ ഭൂമിയിൽ അവർ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതിൽ മനസ്സുവെക്കില്ല. “ഒരിക്കലും തീർന്നുപോകാത്ത നിക്ഷേപം സ്വർഗത്തിൽ സ്വരൂപിക്കു”ന്നതിലായിരിക്കും അവരുടെ ശ്രദ്ധ മുഴുവൻ. അവിടെ അവർ യേശുവിന്റെകൂടെ ഭരിക്കും.—ലൂക്കോസ് 12:32-34.