“സുവാർത്തയെകുറിച്ച് ലജ്ജിക്കുന്നില്ല”
“ഞാൻ സുവാർത്തയെക്കുറിച്ചു ലജ്ജിക്കുന്നില്ല; അത് യഥാർത്ഥത്തിൽ വിശ്വാസമുള്ള ഏവനും രക്ഷക്കുവേണ്ടി ദൈവത്തിന്റെ ശക്തിയാകുന്നു.”—റോമർ 1:16.
1. സാധാരണയായി സുവാർത്ത എങ്ങനെ സ്വീകരിക്കപ്പെടുന്നു, എന്നാൽ ദൈവരാജ്യസുവാർത്തയെ വിശ്വാസമില്ലാത്ത ലോകജനങ്ങൾ എങ്ങനെ വീക്ഷിക്കും?
ഒരാൾക്ക് സുവാർത്തയാണെന്നു കാണപ്പെടുന്നത് മറെറാരാളാൽ സുവാർത്തയായി വീക്ഷിക്കപ്പെടാതിരുന്നേക്കാം. സാധാരണയായി, ഒരു സുവാർത്താവാഹകൻ ഹാർദ്ദമായ സ്വാഗതത്തോടെ സ്വീകരിക്കപ്പെടുന്നു, വാർത്തകേൾക്കാൻ ആകാംക്ഷയുള്ള ഒരു കാത് അയാളുടെ നേരെ തിരിക്കപ്പെടും. എന്നിരുന്നാലും, ലോകത്തിലെ വിശ്വാസമില്ലാത്തയാളുകൾ ദൈവരാജ്യ സുവാർത്തയെയും അതിന്റെ രക്ഷാസന്ദേശത്തെയും സന്തോഷപ്രദമെന്നു വീക്ഷിക്കുകയില്ലെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു.—2 കൊരിന്ത്യർ 2:15, 16 താരതമ്യപ്പെടുത്തുക.
2. അപ്പോസ്തലനായ പൗലോസ് താൻ ഘോഷിച്ച സുവാർത്തയെക്കുറിച്ച് എന്തു പറഞ്ഞു, അവൻ ഘോഷിച്ച സന്ദേശം ഇന്നും സുവാർത്തയായിരിക്കുന്നതെന്തുകൊണ്ട്?
2 അപ്പോസ്തലനായ പൗലോസ് പൊതുജനങ്ങളിലേക്കു സുവാർത്ത വഹിക്കാൻ അയക്കപ്പെട്ട ഒരുവനായിരുന്നു. അവൻ തന്റെ നിയോഗത്തെക്കുറിച്ച് എങ്ങനെയാണ് വിചാരിച്ചത്? അവൻ ഇങ്ങനെ പറഞ്ഞു: “റോമിൽ നിങ്ങളോടും സുവാർത്ത ഘോഷിക്കാൻ എന്റെ ഭാഗത്ത് ആകാംക്ഷയുണ്ട്. എന്തെന്നാൽ ഞാൻ സുവാർത്തയെക്കുറിച്ച് ലജ്ജിക്കുന്നില്ല.” (റോമർ 1:15, 16) പണ്ട് റോമിൽവെച്ച് അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികൾക്ക് എഴുതിയ ശേഷം ഏതാണ്ട് 2,000 വർഷം കഴിഞ്ഞിരിക്കുന്ന ഇന്നും വാർത്ത നല്ലതായിരിക്കുന്നതിന് അത് യഥാർത്ഥത്തിൽ നിലനില്ക്കുന്ന സുവാർത്തയായിരിക്കണം. യഥാർത്ഥത്തിൽ അത് “നിത്യസുവാർത്ത”യാണ്.—വെളിപ്പാട് 14:6.
3, 4. താൻ സുവാർത്തയെക്കുറിച്ചു ലജ്ജിക്കുന്നില്ലെന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞതെന്തുകൊണ്ട്?
3 താൻ സുവാർത്തയെക്കുറിച്ചു ലജ്ജിക്കുന്നില്ലെന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞതെന്തുകൊണ്ടായിരുന്നു? അവന് അതിനെക്കുറിച്ച് ലജ്ജിക്കാമായിരുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അത് ജനപ്രീതിയുണ്ടായിരുന്ന ഒരു സന്ദേശമായിരുന്നില്ല, കാരണം, അതിന് ഒരു നിന്ദിതനായ കുററപ്പുള്ളിയുടെ രീതിയിൽ ഒരു ദണ്ഡനസ്തംഭത്തിൽ തറക്കപ്പെട്ട ഒരു മനുഷ്യനോടായിരുന്നു ബന്ധമുണ്ടായിരുന്നത്, തീർച്ചയായും അവനെ സകല ബാഹ്യപ്രകൃതിയുമനുസരിച്ച് വളരെ മോശമായ ഒരു സ്ഥിതിയിലാക്കിയിരുന്നു. ഈ മനുഷ്യൻ മൂന്നര വർഷം പലസ്തീനിൽ സുവാർത്തയുമായി അങ്ങോളമിങ്ങോളം നടക്കുകയും യഹൂദൻമാരിൽനിന്ന്, വിശേഷാൽ മതനേതാക്കൻമാരിൽനിന്ന്, കടുത്ത എതിർപ്പിനെ അഭിമുഖീകരിക്കുകയുംചെയ്തിരുന്നു. ഇപ്പോൾ പൗലോസ് പുച്ഛിക്കപ്പെട്ട ആ മമനുഷ്യന്റെ നാമം വഹിച്ചുകൊണ്ട് സമാനമായ ശത്രുതയെ അഭിമുഖീകരിക്കുകയായിരുന്നു.—മത്തായി 9:35; യോഹന്നാൻ 11:46-48, 53; പ്രവൃത്തികൾ 9:15, 20, 23.
4 അങ്ങനെയുള്ള എതിർപ്പുനിമിത്തം, പൗലോസും യേശുക്രിസ്തുവിന്റെ സഹശിഷ്യൻമാരും ലജ്ജിക്കേണ്ട എന്തോ ഉള്ളവരായി വീക്ഷിക്കപ്പെട്ടിരുന്നിരിക്കാം. തീർച്ചയായും, പൗലോസ്തന്നെ മുമ്പ് ലജ്ജാകരമെന്നു വീക്ഷിച്ചിരുന്ന ഒന്നിനോടു ഇപ്പോൾ പററിനിന്നു. യേശുക്രിസ്തുവിന്റെ അനുഗാമികളുടെമേൽ നിന്ദ കുന്നിക്കുന്നതിൽ അവൻതന്നെ വ്യക്തിപരമായി പങ്കുപററിയിരുന്നു. (പ്രവൃത്തികൾ 26:9-11) എന്നാൽ അവൻ ആ പ്രവർത്തനഗതി നിർത്തിയിരുന്നു. തത്ഫലമായി, ക്രിസ്ത്യാനികളായിത്തീർന്ന മററുള്ളവരോടുകൂടെ അവൻ ഉഗ്രമായ പീഡനമനുഭവിച്ചു.—പ്രവൃത്തികൾ 11:26.
5. താൻ സുവാർത്തയെക്കുറിച്ചു ലജ്ജിക്കുന്നില്ലെന്നുള്ള തന്റെ പ്രസ്താവനയെ പൗലോസ് എങ്ങനെ വിശദീകരിച്ചു?
5 യേശുക്രിസ്തുവിന്റെ ഒരു അനുഗാമിയായിരിക്കുന്നതിൽ ലജ്ജതോന്നാൻ ഒരു വ്യക്തി സ്വയം അനുവദിക്കുന്നുവെങ്കിൽ അയാൾ ഒരു മാനുഷവീക്ഷണം കൈക്കൊള്ളുകയായിരിക്കും. അപ്പോസ്തലനായ പൗലോസ് അതുപോലെയായിരുന്നില്ല. എന്നാൽ, താൻ പ്രസംഗിച്ച സുവാർത്തയെക്കുറിച്ച് ലജ്ജിക്കാത്തതിന്റെ വിശദീകരണമെന്ന നിലയിൽ അവൻ ഇങ്ങനെ പറഞ്ഞു: “അത് യഥാർത്ഥത്തിൽ വിശ്വാസമുള്ള ഏവനും രക്ഷക്കുവേണ്ടിയുള്ള ദൈവത്തിന്റെ ശക്തിയാകുന്നു.” (റോമർ 1:16) ദൈവത്തിന്റെ ശക്തി, യേശുക്രിസ്തുതന്നെ ഒരു ആരാധകനും സ്തുതിപാഠകനുമായിരുന്ന മഹത്വമുള്ള ദൈവത്തിന്റെ സ്തുത്യർഹമായ ഉദ്ദേശ്യത്തിന്റെ സാക്ഷാത്ക്കാരത്തിന് യേശുവിന്റെ ഒരു ശിഷ്യനിലൂടെ പ്രവർത്തിക്കുന്നുവെങ്കിൽ അത് ലജ്ജാകാരണമായിരിക്കുന്നില്ല.—1 കൊരിന്ത്യർ 1:18; 9:22, 23 താരതമ്യപ്പെടുത്തുക.
ലോകവ്യാപകമായി സുവാർത്ത ഘോഷിക്കപ്പെടുന്നു
6, 7. (എ) യഹോവയുടെ സാക്ഷികൾ സുവാർത്തസംബന്ധിച്ച എന്തു ഉത്തരവാദിത്തങ്ങൾക്കനുസൃതമായി ജീവിക്കാൻ ശ്രമിക്കുന്നു, എന്തു ഫലത്തോടെ? (ബി) ഒരു സാക്ഷ്യം കൊടുക്കുന്നതിൽനിന്ന് ഭയം നമ്മെ പിന്തിരിപ്പിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ലെങ്കിലും ചില സമയങ്ങളിൽ എന്താവശ്യമായിരിക്കാം? (അടിക്കുറിപ്പു കാണുക.)
6 പൗലോസിനെപ്പോലെ, ഇന്നത്തെ യഹോവയുടെ സാക്ഷികൾ അവന്റെ മഹത്വീകരിക്കപ്പെട്ട പുത്രന്റെ ശിഷ്യരാണ്. യഹോവ തന്റെ ഈ സാക്ഷികളെ “മഹത്തായ സുവാർത്ത”യാകുന്ന ഈ നിക്ഷേപം ഭരമേല്പിച്ചിരിക്കുന്നു. (1 തിമൊഥെയോസ് 1:11) യഹോവയുടെ സാക്ഷികൾ ഈ സ്വർഗ്ഗീയ ഉത്തരവാദിത്തത്തിനനുസൃതമായി ജീവിക്കുന്നതിൽ പരാജയപ്പെട്ടിട്ടില്ല. അതിനെക്കുറിച്ച് ലജ്ജിക്കാതിരിക്കാൻ അവർ പ്രോൽസാഹിപ്പിക്കപ്പെടുന്നു. (2 തിമൊഥെയോസ് 1:8) ഒരു സാക്ഷ്യം നൽകുന്നതിൽനിന്നും നമ്മേത്തന്നെ യഹോവയുടെ സാക്ഷികളായി തിരിച്ചറിയിക്കുന്നതിൽനിന്നും നമ്മെ പിന്തിരിപ്പിക്കുന്നതിന് ഭയത്തെയോ ഭീരുതയെയോ ഒരിക്കലും അനുവദിക്കാതിരിക്കുന്നത് മർമ്മപ്രധാനമാണ്.a
7 അത്തരം ധീരവും നിർഭയവുമായ സാക്ഷീകരണം അത്യുന്നത ദൈവത്തിന്റെ നാമം ഭൂമിയിലുടനീളം ഘോഷിക്കപ്പെടുന്നതിലും ലോകവ്യാപകമായ തോതിൽ അവന്റെ രാജ്യസുവാർത്ത പ്രസംഗിക്കപ്പെടുന്നതിലും കലാശിച്ചിരിക്കുന്നു. ദൈവപുത്രൻ ഇങ്ങനെ പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും,” ഈ പ്രവചനം ഒരിക്കലും പരാജയപ്പെടാനിടയാക്കാൻ കഴിയുന്നതല്ല. (മത്തായി 24:14) ഇപ്പോൾ സുവാർത്ത 210-ൽപരം രാജ്യങ്ങളിൽ പ്രസംഗിക്കപ്പെടുന്നുണ്ട്, ഈ പ്രസംഗവേലയുടെ അവസാനത്തിലിതുവരെ എത്തിയിട്ടില്ല. സുവാർത്തയിൽ ലജ്ജിക്കാതെയും ഭാവിയെ സധീരം അഭിമുഖീകരിച്ചുകൊണ്ടും നാം യേശുക്രിസ്തുവിന്റെ ആദിമശിഷ്യരെപ്പോലെ പ്രാർത്ഥിക്കുന്നു: “ഇപ്പോൾ യഹോവേ, . . . നിന്റെ വചനം സകല ധൈര്യത്തോടുംകൂടെ പ്രസംഗിച്ചുകൊണ്ടിരിക്കാൻ നിന്റെ അടിമകളെ അനുവദിക്കേണമേ.”—പ്രവൃത്തികൾ 4:29.
8. ഭൂമിയിലെ സകല രാഷ്ട്രങ്ങളിലുമുള്ള എതിർപ്പിനാൽ യഹോവയുടെ സാക്ഷികൾ നിരുൽസാഹിതരാകരുതാത്തതെന്തുകൊണ്ട്?
8 യഹോവയുടെ സാക്ഷികൾ ഭൂമിയിലെ സകല രാഷ്ട്രങ്ങളിലും ദ്വേഷിക്കപ്പെടുകയും എതിർക്കപ്പെടുകയും ചെയ്യുന്നുവെന്നത് സത്യമാണെങ്കിലും അത് ജീവനുള്ള ഏകസത്യദൈവത്തിന്റെ യഥാർത്ഥ ആരാധകരെ തിരിച്ചറിയിക്കുന്ന ഒരടയാളമായിരിക്കുമെന്നു മുൻകൂട്ടിപ്പറയപ്പെട്ടതിന്റെ നിവൃത്തിയായിട്ടാണ്. (യോഹന്നാൻ 15:20, 21; 2 തിമൊഥെയോസ് 3:12) അതുകൊണ്ട് ഇതിനാൽ നിരുൽസാഹിതരോ നിരാശിതരോ ആകുന്നതിനു പകരം സുവാർത്താഘോഷകർക്ക് ദിവ്യാംഗീകാരമുണ്ടെന്നും സാർവത്രികപരമാധികാരിയായ യഹോവയുടെ അംഗീകൃതസ്ഥാപനത്തിൽപെട്ടവരാണെന്നും അവർക്ക് വീണ്ടും ഉറപ്പുലഭിക്കുന്നു.
9. മുഴുലോകവും നമുക്കെതിരാണെന്നുള്ളതിൽ കാര്യമില്ലാത്തതെന്തുകൊണ്ട്?
9 ഇത് ഒരിക്കലും മറക്കരുത്: സകല അഖിലാണ്ഡത്തിന്റെയും അത്യുന്നത ദൈവത്തിന്റെ പിന്തുണ നമുക്കുണ്ട്. അതുകൊണ്ട്, സകല മതവിഭാഗങ്ങളോടും രാഷ്ട്രീയകക്ഷികളോടുംകൂടിയ ലോകം നമുക്കെതിരാണെങ്കിലെന്ത്? മുഴുലോകവും ദൈവത്തിന്റെ ഏകജാതപുത്രനെതിരായിരുന്നു. നാം അതേ സാഹചര്യത്തിലായിരിക്കുന്നതിൽ ലജ്ജിതരല്ല. അവൻ തന്റെ അപ്പോസ്തലൻമാരോടു പറഞ്ഞതുപോലെ: “ലോകം നിങ്ങളെ വെറുക്കുന്നുവെങ്കിൽ, അത് നിങ്ങളെ വെറുക്കുന്നതിനുമുമ്പ് എന്നെ വെറുത്തിരിക്കുന്നുവെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ, ലോകം അതിന്റെ സ്വന്തമായതിനെ ഇഷ്ടപ്പെടുമായിരുന്നു. ഇപ്പോൾ നിങ്ങൾ ലോകത്തിന്റെ ഭാഗമായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്ന് തെരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട്, ആ കാരണത്താൽ ലോകം നിങ്ങളെ വെറുക്കുന്നു.”—യോഹന്നാൻ 15:18, 19.
10. സാക്ഷികളുടെ പീഡനത്തിലധികവും ഏത് ഉറവിൽനിന്ന് വന്നിരിക്കുന്നു, അവർ അതിനെക്കുറിച്ച് ലജ്ജിക്കുന്നില്ലാത്തതെന്തുകൊണ്ട്?
10 യഹോവയുടെ സാക്ഷികൾ ലോകത്തിലെങ്ങും, എന്നാൽ അത്യന്തം പ്രമുഖമായി ക്രൈസ്തവലോകമെന്നു വിളിക്കപ്പെടുന്നിടത്തെ രാഷ്ട്രങ്ങളിൽ, അങ്ങനെ പീഡനം സഹിച്ചിരിക്കുന്നു. ക്രൈസ്തവലോകത്താലുള്ള അങ്ങനെയുള്ള പീഡനം സാക്ഷികൾ ക്രിസ്തീയേതരരാണെന്ന് തെളിയിക്കുന്നില്ല. പകരം, അത് അവർ യഥാർത്ഥക്രിസ്ത്യാനികളാണെന്നുള്ള അവരുടെ അവകാശവാദത്തിനു തെളിവുനൽകുന്നു, യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായ യഹോവയുടെ സാക്ഷികളാണെന്നുതന്നെ. അവർ ദൈവത്തിന്റെ സാക്ഷികളായിരിക്കുന്നതുകൊണ്ട് അവർ അങ്ങനെയുള്ള മതപരമായ കാരണങ്ങളാൽ പീഡനമനുഭവിക്കുമ്പോൾ അവർ ലജ്ജിക്കുന്നില്ല. അതുകൊണ്ട്, ലജ്ജിക്കരുതെന്നുള്ള ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളോടുള്ള അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധിയുപദേശം ഇപ്പോൾ യഹോവയുടെ സാക്ഷികൾക്ക് ഉചിതമായി ബാധകമാകുന്നു.—ഫിലിപ്പിയർ 1:27-29 കാണുക.
ഘോഷിക്കാവുന്നതിലേക്കും ഏററം നല്ല വാർത്ത
11. യഹോവയുടെ സാക്ഷികൾ എന്ന പേർ സ്വീകരിച്ചതിനാൽ നാം യേശുക്രിസ്തുവിന്റെ അനുഗാമികളല്ലാതായിത്തീരുന്നില്ലാത്തതെന്തുകൊണ്ട്?
11 യഹോവയുടെ സാക്ഷികൾ അവന്റെ ഉടമ്പടിജനത്തോടുള്ള യെശയ്യാവ് 43:10ലെ അവന്റെ വാഗ്ദത്തത്തിന്റെ നിവൃത്തിയായി ധൈര്യപൂർവം തങ്ങളുടെ നാമം സ്വീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, അവർ മേലാൽ യേശുക്രിസ്തുവിനെ പിന്തുടരുന്നില്ലെന്ന് അതർത്ഥമാക്കുന്നില്ല. യേശുവാണ് അവരുടെ നേതാവ്, അവന്റെ മാതൃകയാണ് അവർ പിന്തുടരുന്നത്. അവൻതന്നെ യഹോവയുടെ സാക്ഷികളിലൊരാളാണ്. യഥാർത്ഥത്തിൽ, അവൻ യഹോവയുടെ മുഖ്യസാക്ഷിയാണ്.—1 തിമൊഥെയോസ് 6:13; വെളിപ്പാട്1:5.
12. യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ഏതുതരം വാർത്തയാണ് പ്രസംഗിക്കുന്നത്, എന്തുകൊണ്ട്?
12 യഹോവയുടെ ഈ സാക്ഷികൾ ലോകവ്യാപകമായി പ്രസംഗിക്കുന്ന സന്ദേശം, ഘോഷിക്കാൻ കഴിയുന്നതിലേക്കും ഏററം നല്ല വാർത്തയാണ്. മനുഷ്യവർഗ്ഗലോകത്തിൻമേൽ ഭരിക്കാൻ യഹോവ സ്ഥാപിച്ചിരിക്കുന്ന മശിഹൈകരാജ്യത്തെക്കാൾ മെച്ചമായ ഒരു ഗവൺമെൻറ് മനുഷ്യവർഗ്ഗത്തിന് ഉണ്ടായിരിക്കാൻ കഴിയുന്നതല്ല, അവരെ വീണ്ടെടുക്കാനാണ് അവൻ തന്റെ ഏകജാതനായ പുത്രനെ അയച്ചത്. (യെശയ്യാവ് 9:6, 7) രാജ്യസുവാർത്ത പ്രസംഗിക്കപ്പെടുന്ന ഭൂവാസികൾക്ക് അതു സ്വീകരിക്കുന്നതിനും ഒരു പറുദീസാഭൂമിയിലെ മാനുഷപൂർണ്ണതയിലുള്ള നിത്യജീവന്റെ ദാനത്തിന് യോഗ്യരെന്ന് തെളിയിക്കുന്നതിനുമുള്ള അവസരം കൊടുക്കപ്പെടുകയാണ്.
13. മശിഹൈകരാജ്യഗവൺമെൻറായിരിക്കും ഏററം നല്ലതെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്, സാക്ഷികൾ ലജ്ജകൂടാതെ എന്തു ശുപാർശചെയ്യുന്നു?
13 തീർച്ചയായും തന്റെ പ്രജകളായിത്തീരാനുള്ളവരെ വീണ്ടെടുക്കാൻ ഒരു ക്രൂരമരണത്തിനു വിധേയനാകുന്നതിന് യേശുവിനു മനസ്സായിരുന്നെങ്കിൽ ഏററവും നല്ലതിൽ കുറഞ്ഞ ഒരു ഗവൺമെൻറായിരിക്കുകയില്ല അവൻ അവർക്കു കൊടുക്കുന്നതെന്ന് തീർച്ചയാണ്. ഭൂമിയിലെ ഓരോ മനുഷ്യജീവിയോടും ഞങ്ങൾ ശുപാർശചെയ്യുകയാണ്: ആ ഗവൺമെൻറിന്റെ വിശ്വസ്തനും അനുസരണമുള്ളവനുമായ ഒരു പ്രജയായിത്തീരുക. നാം സകല മനുഷ്യവർഗ്ഗത്തിനും ആത്മാർത്ഥമായി ശുപാർശചെയ്യുന്ന ഗവൺമെൻറിനെക്കുറിച്ച് നാം ലജ്ജിക്കുന്നില്ല. ഈ രാജ്യം പ്രസംഗിക്കുന്നതിൽനിന്ന് നാം പിൻമാറുന്നില്ല, ഈ ഗതി നമുക്കു പീഡനം വരുത്തിയാലും. അപ്പോസ്തലനായ പൗലോസിനെപ്പോലെ “ഞാൻ സുവാർത്തയെക്കുറിച്ച് ലജ്ജിക്കുന്നില്ല” എന്ന് നമ്മിലോരോരുത്തരും പറയുന്നു.
14. യേശു പറഞ്ഞതനുസരിച്ച്, നമ്മുടെ നാളിൽ രാജപ്രസംഗം എത്ര വിപുലവ്യാപകമായിരിക്കും?
14 രാജ്യസുവാർത്തയുടെ പ്രസംഗം ഒരു ലോകവ്യാപകമായ തോതിലായിരിക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. ഈ വിപുലമായ, സമഗ്രമായ പ്രവചനം അങ്ങനെയുള്ള ഒരു സന്ദേശത്തിന് സമുചിതമായിരുന്നു. (മർക്കോസ് 13:10) യഹോവയുടെ രാജ്യത്തിന്റെ പ്രസംഗം അതിവിദൂരഭാഗത്തോളം—അതെ, ഭൂമിയുടെ അറുതികളോളംതന്നെ—നടക്കുമെന്ന് മുൻകൂട്ടിപ്പറയാൻ യേശുവിനു വൈമനസ്യമില്ലായിരുന്നു. (പ്രവൃത്തി 1:8) ആളുകളെ കണ്ടെത്താൻ കഴിയുന്ന എവിടെയും അവരെ രാജ്യസുവാർത്തയുമായി സമീപിക്കാൻ അവന്റെ വിശ്വസ്ത അനുഗാമികൾ ഒരു ആത്മാർത്ഥശ്രമം നടത്തുമെന്ന് യേശുവിന് അറിയാമായിരുന്നു.
15, 16. (എ) സുവാർത്തയുമായി സമീപിക്കപ്പെടാൻ ആർ അർഹരാണ്? (ബി) പിശാചിന്റെ സ്ഥാപനത്താലുള്ള പീഡനമുണ്ടായാലും പ്രസംഗവേല പൂർത്തീകരിക്കപ്പെടുന്നതെന്തുകൊണ്ട്?
15 ഇന്ന് ഭൂനിവാസികൾ ശതകോടിക്കണക്കിനുണ്ട്, എല്ലാ ഭൂഖണ്ഡങ്ങളിലും മുഖ്യ സമുദ്രദ്വീപുകളിലും വ്യാപിച്ചുകിടക്കുകയുമാണ്. എന്നിരുന്നാലും, നിവസിതഭൂമിയുടെ യാതൊരു ഭാഗവും സുവാർത്തയുമായി എത്താൻ ഒരു ശ്രമംനടത്താൻ കഴിയാത്തവണ്ണം യഹോവയുടെ സാക്ഷികൾക്ക് അത്ര വിദൂരത്തിലായിരിക്കുന്നില്ല. സകല നിവസിതഭൂമിയും യഹോവയാം ദൈവത്തിന്റെ പ്രതീകാത്മക പാദപീഠമാണ്. (യെശയ്യാവ് 66:1) ഈ പാദപീഠത്തിന്റെ ഏതു ഭാഗത്തുമുള്ള മനുഷ്യജീവികൾ ഈ രക്ഷാദൂതുമായി സമീപിക്കപ്പെടുന്നതിന് അർഹതയുള്ളവരാണ്.
16 ഇന്നത്തെ സുവാർത്ത മശിഹയുടെ കൈകളിൽ ഇപ്പോൾത്തന്നെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു രാജകീയഗവൺമെൻറിനെക്കുറിച്ചുള്ള ഒരു സന്തുഷ്ടവാർത്തയാണ്. പിശാചിന്റെ സ്ഥാപനത്തിന്റെ ഭാഗത്തെ അതിദുഷ്ടമായ പീഡനമുണ്ടായാലും ഒരു സ്ഥാപിതവസ്തുതയെന്ന നിലയിൽ “രാജ്യത്തിന്റെ ഈ സുവാർത്ത” “സകല നിവസിതഭൂമിയിലും പ്രസംഗിക്കപ്പെടേ”ണ്ടതിന് പരിധിയോളംതന്നെ പോകാൻ ദൈവാത്മാവ് മശിഹായുടെ യഥാർത്ഥ അനുഗാമികളെ പ്രേരിപ്പിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു.—മത്തായി 24:14.
യേശുക്രിസ്തുവിനെയും യഹോവയെയും കുറിച്ച് ലജ്ജിക്കുന്നില്ല
17. (എ) സത്യാരാധകർ എന്തിനെക്കുറിച്ച് ലജ്ജിക്കുന്നില്ല? (ബി) യേശു മർക്കോസ് 8:38-ൽ ഏതു ചട്ടം വിവരിച്ചു, അതിന്റെ പ്രാധാന്യം എന്താണ്?
17 അത്യുന്നതദൈവം തനിക്കുതന്നെ യഹോവ എന്ന ഒരു നാമം കൊടുക്കാൻ വിമുഖനായിരുന്നില്ല; അവന്റെ വിശ്വസ്ത ആരാധകർ ആ നാമത്തെക്കുറിച്ച് ലജ്ജിതരായിരിക്കുകയുമരുത്. സത്യാരാധകർ അവന് അവിഭക്തമായ ആരാധനയും അനുസരണവും കൊടുക്കുന്നവരെന്ന നിലയിൽ അറിയപ്പെടാനും തിരിച്ചറിയപ്പെടാനും സന്തോഷമുള്ളവരാണ്. യേശു തന്നെക്കുറിച്ചുതന്നെ മർക്കോസ് 8:38-ൽ ഈ ചട്ടം അഥവാ തത്വം വെച്ചു: “ഈ വ്യഭിചാരവും പാപവുമുള്ള തലമുറയിൽ എന്നെയും എന്റെ വചനങ്ങളെയും കുറിച്ച് ആർതന്നെ ലജ്ജിച്ചാലും അവനെക്കുറിച്ച് മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ വിശുദ്ധദൂതൻമാരുമായി വരുമ്പോൾ ലജ്ജിക്കും.” അതുപോലെതന്നെ, കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെക്കുറിച്ച് ആർ ലജ്ജിച്ചാലും ഉചിതമായി അങ്ങനെയുള്ളവനെക്കുറിച്ച് യഹോവ ലജ്ജിക്കും. അതുകൊണ്ട് അവിശ്വസ്ത പ്രവർത്തനഗതി നിമിത്തം യഹോവക്ക് ലജ്ജതോന്നുന്ന ഏതു ജീവിക്കും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഉള്ള ദൈവത്തിന്റെ മണ്ഡലത്തിന്റെ ഏതു ഭാഗത്തും അസ്തിത്വമാസ്വദിക്കാൻ അർഹതയുണ്ടായിരിക്കയില്ല.—ലൂക്കോസ് 9:26.
18. (എ) മത്തായി 10:32, 33ലെ യേശുവിന്റെ വാക്കുകൾ നമ്മുടെ ഹൃദയങ്ങളിലും മനസ്സിലും അടിയുറക്കേണ്ടതെന്തുകൊണ്ട്? (ബി) മാനുഷഭയത്തിൽനിന്ന് യേശുവിനെയോ യഹോവയെയോ തള്ളിപ്പറയുന്നവർക്ക് എന്തു സംഭവിക്കുന്നു? (അടിക്കുറിപ്പിനെ അടിസ്ഥാനപ്പെടുത്തി ദൃഷ്ടാന്തങ്ങൾ നൽകുക.)
18 യേശുക്രിസ്തുവിന്റെ പിൻവരുന്ന വാക്കുകൾ നമ്മുടെ ഹൃദയങ്ങളിലും മനസ്സുകളിലും അടിയുറക്കട്ടെ: “മനുഷ്യരുടെ മുമ്പാകെ എന്നോട് ഐക്യം ഏററുപറയുന്ന ഏവനുമായും ഞാൻ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പാകെ ഐക്യം ഏററുപറയും; എന്നാൽ മനുഷ്യരുടെ മുമ്പാകെ എന്നെ ആർ തള്ളിപ്പറഞ്ഞാലും അവനെ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പാകെ ഞാനും തള്ളിപ്പറയും.” (മത്തായി 10:32, 33; ലൂക്കോസ്12:8, 9) അതേ അടിസ്ഥാനത്തിൽ, കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ ആർ തള്ളിപ്പറഞ്ഞാലും അവൻ അവനാൽ തള്ളിപ്പറയപ്പെടും. അവൻ യേശുക്രിസ്തു മുഖ്യപുത്രനായിരിക്കുന്ന ഭവനത്തിലെ ഒരു അംഗമായിരിക്കാൻ യോഗ്യനായി എണ്ണപ്പെടുകയില്ല. അതുകൊണ്ട് അവൻ ദൈവത്തിന്റെ നിശ്ചിതസമയത്ത് നശിപ്പിക്കപ്പെടും.b
19, 20. (എ) യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടാൻ പ്രാർത്ഥിച്ചിട്ടുള്ളവർക്ക് യാതൊന്നും ലജ്ജിക്കാനില്ലാത്തതെന്തുകൊണ്ട്? (ബി) നിർഭയരായ രാജ്യപ്രഘോഷകർ എന്തു സാധിച്ചിരിക്കുന്നു, എന്തു പിന്തുണയോടെ?
19 യേശു തന്റെ ശിഷ്യൻമാരെ പഠിപ്പിച്ച മാതൃകാപ്രാർത്ഥനക്ക് ഉത്തരംകിട്ടും: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടട്ടെ. നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടക്കട്ടെ.” (മത്തായി 6:9,10) അതു സംഭവിക്കുമ്പോൾ യേശുവിന്റെ സ്നേഹമുള്ള ശിഷ്യമാർക്ക് യാതൊന്നിനെക്കുറിച്ചും ലജ്ജിക്കാനുണ്ടായിരിക്കുകയില്ല. യഹോവയുടെ നാമം ആദരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയുംചെയ്യും, ഒരിക്കലും മരിക്കേണ്ടാത്തവരായി ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങളാൽമാത്രമല്ല, തന്റെ ആയിരവർഷരാജ്യഭരണക്കാലത്ത് ശവക്കുഴികളിൽനിന്ന് അവൻ വിളിച്ചുവരുത്തുന്ന മനുഷ്യവർഗ്ഗത്തിലെ ശതകോടികളാലുംതന്നെ. അവർക്ക് ഒരു പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള അവസരമുണ്ടായിരിക്കും.
20 രാജ്യസുവാർത്തയുടെ ഈ നിർഭയഘോഷകർക്ക് ലോകവ്യാപകമായ എതിർപ്പുണ്ടായിട്ടും ലജ്ജകൂടാതെ ഒരു ആഗോളസാക്ഷ്യം നിർവഹിക്കാൻകഴിഞ്ഞിട്ടുണ്ട്, എന്തുകൊണ്ടെന്നാൽ അവരുടെ പിമ്പിൽ മനുഷ്യാതീതശക്തിയുണ്ട്—സ്വർഗ്ഗീയദൂതൻമാരുടെ പിന്തുണതന്നെ. അതുകൊണ്ട് യഹോവയുടെ സാക്ഷികൾ “ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കൊടുക്കുന്നു.”—വെളിപ്പാട് 14:6, 7.
ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുക്കാൻ ലജ്ജിതരല്ല
21. എന്തു ചെയ്യാൻ യഹോവയുടെ സാക്ഷികൾ ലജ്ജിച്ചിട്ടില്ല, എന്തു ഫലത്തോടെ?
21 യഹോവയുടെ സാക്ഷികൾ ദൈവത്തെ ഭയപ്പെട്ട് യഹോവ എന്ന അവന്റെ വ്യക്തിപരമായ നാമം ഉപയോഗിച്ചുകൊണ്ടുപോലും അവന് മഹത്വംകൊടുക്കാൻ ലജ്ജയുള്ളവരല്ലെന്ന് തങ്ങളേത്തന്നെ തെളിയിച്ചിരിക്കുന്നു. ഇത് അവർക്ക് പറഞ്ഞുതീരാത്ത അനുഗ്രഹങ്ങളിൽ കലാശിച്ചിരിക്കുന്നു. ഈ അനുഗ്രഹങ്ങൾ കൈവന്നിരിക്കുന്നത് അത്യുന്നതദൈവത്തിന്റെ വാഗ്ദത്തങ്ങളുടെ വിശ്വസ്തനിവൃത്തിയായിട്ടാണ്. ജീവനുള്ള ഏകസത്യദൈവവും അഖിലാണ്ഡപരമാധികാരിയുമെന്ന നിലയിൽ ഇത് അവന് എന്തോരു സംസ്ഥാപനമായിരിക്കുന്നു!
22. യഹോവയുടെ സാക്ഷികൾ ദുഷ്ടപീഡനത്തെ അഭിമുഖീകരിക്കാനിരിക്കുന്നതെന്തുകൊണ്ട്, അവർക്ക് എന്ത് സന്തോഷം ലഭിക്കും?
22 സമീപഭാവിയിൽ ലൗകികഗവൺമെൻറുകൾ മതാധിപത്യങ്ങൾക്കെതിരെ തിരിയുകയും ക്രൈസ്തവലോകം ഉൾപ്പെടെ അവരെയെല്ലാം അസ്തിത്വത്തിൽനിന്ന് തുടച്ചുനീക്കുകയും ചെയ്യും. (വെളിപ്പാട് 17:16, 17) തത്ഫലമായി, യഹോവയുടെ സാക്ഷികൾ ലോകഘടകങ്ങളാലുള്ള ദുഷ്ടപീഡനത്തിന്റെ ഒരു കാലഘട്ടത്തെ അഭിമുഖീകരിക്കും. നിത്യദൈവം അവരോടുകൂടെയില്ലെങ്കിൽ അവർക്ക് സഹിച്ചുനിൽക്കുന്നതിനും അതിജീവിക്കുന്നതിനും കഴികയില്ല. എന്നാൽ അവൻ അവരോടുകൂടെയുണ്ട്, തന്നിമിത്തം അങ്ങനെയുള്ള സകല ക്രിസ്തീയവിരുദ്ധ, യഹോവാവിരുദ്ധശത്രുക്കളും സാക്ഷികൾ വ്യതിചലനംകൂടാതെ ആരാധിക്കുന്ന ദൈവത്താൽ അസ്തിത്വത്തിൽനിന്ന് തുടച്ചുനീക്കപ്പെടുന്നതു കാണുന്നതിന്റെ സന്തോഷം അവർക്കുണ്ടായിരിക്കും. അവർ യഥാർത്ഥ ദിവ്യാധിപത്യത്തിന്റെ ശത്രുക്കളെന്ന നിലയിൽ തുറന്നുകാട്ടപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നതിന്റെ ലജ്ജ വഹിക്കുകയില്ല, എന്നാൽ “അനിശ്ചിതകാലം മുതൽ അനിശ്ചിതകാലത്തോളംതന്നെ നീ ദൈവമാകുന്നു”വെന്ന് യഹോവക്ക് പാടുന്നതിന്റെ അവർണ്ണനീയസന്തോഷം അവർക്കനുഭവപ്പെടും.—സങ്കീർത്തനം 90:2.
23. യഹോവയുടെ സാക്ഷികൾക്ക് യാതൊന്നും ലജ്ജിക്കാനില്ലാത്തതെന്തുകൊണ്ട്, എന്തു ഫലമുണ്ടാകും?
23 മനുഷ്യകുടുംബം ആർ മുഖേന ഒരു പറുദീസാഭൂമിയിൽ മനുഷ്യപൂർണ്ണതയിലുള്ള നിത്യജീവൻ അനുഭവിക്കാൻ വീണ്ടെടുക്കപ്പെടുന്നുവോ ആ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിൽ അവർ മഹത്വം കൊള്ളും. യഹോവ യേശുക്രിസ്തുമുഖേന എത്ര ശക്തനായ ദൈവമാണെന്ന് പ്രകടമാക്കിയിരിക്കുന്നു! യഹോവ തന്റെ സർവശക്തിയുടെ ദുരുപയോക്താവല്ല, പിന്നെയോ ജ്ഞാനിയും സ്നേഹവാനുമായ ഉപയോക്താവാണെന്ന് എത്ര മനോഹരമായി സ്വയം പ്രകടമാക്കിയിരിക്കുന്നു! അതിൻപ്രകാരം, അവനോടോ അവന്റെ ഏകജാതപുത്രനായ യേശുക്രിസ്തുവിനോടോ ഉള്ള ബന്ധത്തിൽ നമുക്ക് യാതൊന്നും ലജ്ജിക്കാനില്ല. ക്രിസ്തുയേശു മുഖേന സകലത്തെയും ജയിച്ചടക്കുന്ന യഹോവയാം ദൈവത്തിന്റെ ശക്തിയെ വിവരിക്കുന്ന മഹത്തായ സുവാർത്തയുടെ ഘോഷകരായിരിക്കാൻ നമുക്കു ലജ്ജയില്ല. അവൻ തന്റെ ഭൗമികജീവിതത്തിന്റെ അവസാനനാഴികകളിൽ “ധൈര്യപ്പെടുക! ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു” എന്നു പറയുകയുണ്ടായി. (യോഹന്നാൻ 16:33) ഈ ഗതി സ്വീകരിക്കുന്നതിൽ നമുക്ക് എല്ലായ്പ്പോഴും അപ്പോസ്തലനായ പൗലോസിന്റെ ദൃഷ്ടാന്തം പിന്തുടരാം, അവൻ ഒരിക്കലും സുവാർത്തയെക്കുറിച്ച് ലജ്ജിച്ചിരുന്നില്ല. നാം അവനെ അനുകരിക്കുന്നുവെങ്കിൽ സർവശക്തനായ ദൈവം നമ്മേക്കുറിച്ചു ലജ്ജിക്കുകയില്ല. (w90 1⁄1)
[അടിക്കുറിപ്പ്]
a നാം സാക്ഷികളാണെന്നുള്ള വസ്തുത സമ്മതിക്കാൻ ലജ്ജിക്കുന്നില്ലെങ്കിലും നാം “സർപ്പങ്ങളെപ്പോലെ ജാഗ്രതയുള്ളവർ” ആയിരിക്കേണ്ട സമയങ്ങളുണ്ട്. (മത്തായി 10:16) തങ്ങളെത്തന്നെ തിരിച്ചറിയിക്കാനുള്ള ഒരു സമയവും തിരിച്ചറിയിക്കാതിരിക്കാനുള്ള ഒരു സമയവുമുണ്ടെന്ന് നാസിജർമ്മനിയിലെ സാക്ഷികൾക്കറിയാമായിരുന്നു.—പ്രവൃത്തികൾ 9:23-25 താരതമ്യപ്പെടുത്തുക.
b മനുഷ്യനെ ഭയപ്പെട്ട് യേശുവിനെയും യഹോവയെയും തള്ളിപ്പറയുന്നവർക്ക് ലോകത്തിൽ നിന്ന് ഒരു നൻമയും കണ്ടെത്താൻ കഴിയുന്നില്ല. ദൃഷ്ടാന്തത്തിന്, വാച്ച്ററവർ മെയ് 1, 1989, പേജ് 12; 1982 ഇയർബുക്ക്, പേജ് 168; 1977 ഇയർബുക്ക്, പേജ് 174-6; 1974 ഇയർബുക്ക് പേജ് 149-50, 177-8 എന്നിവ കാണുക. മറുവശത്ത്, ഇപ്പോഴും സുവാർത്തയെ എതിർക്കുന്നവർ, സാക്ഷികൾ യേശുവിനെയും യഹോവയെയും തള്ളിക്കളയുകയില്ലെന്ന് മനസ്സിലാക്കിയിരിക്കുന്നു. (1989 ഇയർബുക്ക്, പേജ് 116-18) കൂടാതെ മത്തായി 10:39-ഉം ലൂക്കോസ് 12:4ഉം കാണുക.
സംഗ്രഹചോദ്യങ്ങൾ
◻ അപ്പോസ്തലനായ പൗലോസിനെപ്പോലെ, സുവാർത്ത ഘോഷിക്കുന്നതുസംബന്ധിച്ച് നമുക്ക് എന്ത് മനോഭാവം ഉണ്ടായിരിക്കണം, എന്തുകൊണ്ട്?
◻ യഹോവയുടെ സാക്ഷികൾ ഘോഷിക്കുന്ന സന്ദേശം എന്നെത്തേതിലും ഏററം നല്ല വാർത്തയായിരിക്കുന്നതെന്തുകൊണ്ട്?
◻ താൻ രാജ്യമഹത്വത്തിൽ വന്നെത്തുമ്പോൾ തന്നേക്കുറിച്ചു ലജ്ജിക്കുന്ന ഏവനെക്കുറിച്ചും യേശു എന്തു മുന്നറിയിപ്പുനൽകി?
◻ യേശുവിനെയും യഹോവയെയും തള്ളിപ്പറയുന്നവർക്ക് എന്തു സംഭവിക്കുന്നു?
◻ സുവാർത്താഘോഷകർക്ക് ലജ്ജകൂടാതെ എന്തു നിവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്, എന്തുകൊണ്ട്?