അധ്യായം 78
വിശ്വസ്തനായ കാര്യസ്ഥാ, ഒരുങ്ങിയിരിക്കുക!
വിശ്വസ്തനായ കാര്യസ്ഥൻ ഒരുങ്ങിയിരിക്കണം
ഭിന്നത വരുത്താൻ യേശു വരുന്നു
ഒരു ‘ചെറിയ ആട്ടിൻകൂട്ടത്തിനു’ മാത്രമേ സ്വർഗരാജ്യത്തിൽ ഇടം കിട്ടുകയുള്ളൂ എന്നു യേശു വിശദീകരിച്ചു. (ലൂക്കോസ് 12:32) പക്ഷേ, മഹത്തായ ആ പ്രതിഫലം കിട്ടുക എന്നതു നിസ്സാരമായി കാണേണ്ട ഒന്നല്ല. സ്വർഗരാജ്യത്തിൽ ഒരു പങ്കുണ്ടായിരിക്കാൻ ശരിയായ മനോഭാവം ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണെന്നു യേശു തുടർന്ന് പറയുന്നു.
താൻ മടങ്ങിവരുന്ന സമയത്തിനുവേണ്ടി ഒരുങ്ങിയിരിക്കാനാണു യേശു ശിഷ്യന്മാരെ ഉപദേശിക്കുന്നത്. യേശു പറയുന്നു: “നിങ്ങൾ വസ്ത്രം ധരിച്ച് തയ്യാറായിരിക്കുക. നിങ്ങളുടെ വിളക്ക് എപ്പോഴും കത്തിനിൽക്കട്ടെ. വിവാഹത്തിനു പോയിട്ട് മടങ്ങിവരുന്ന യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്നവരെപ്പോലെയായിരിക്കണം നിങ്ങൾ. യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്നതായി കാണുന്ന ദാസന്മാർക്കു സന്തോഷിക്കാം.”—ലൂക്കോസ് 12:35-37.
ഒരു ദൃഷ്ടാന്തത്തിലൂടെ യേശു വിവരിക്കുന്ന ആ മനോഭാവം ശിഷ്യന്മാർക്കു പെട്ടെന്നു പിടികിട്ടുന്നു. യേശു പറയുന്ന ദാസന്മാർ, യജമാനൻ വരുമ്പോൾ സ്വീകരിക്കാൻ തയ്യാറായി കാത്തിരിക്കുകയാണ്. “(യജമാനൻ) വരുന്നതു രണ്ടാം യാമത്തിലോ (രാത്രി ഏകദേശം ഒൻപതു മണിമുതൽ അർധരാത്രിവരെയുള്ള സമയം.) മൂന്നാം യാമത്തിലോ (അർധരാത്രിമുതൽ അതിരാവിലെ ഏകദേശം മൂന്നു മണിവരെയുള്ള സമയം.) ആയാലും അവർ തയ്യാറായിനിൽക്കുന്നെങ്കിൽ അവർക്കു സന്തോഷിക്കാം.”—ലൂക്കോസ് 12:38.
ദാസന്മാരും വീട്ടുവേലക്കാരും ആത്മാർഥതയുള്ളവർ ആയിരിക്കണമെങ്കിലും അതെക്കുറിച്ചല്ല യേശു ഇവിടെ പറയുന്നത്. കാരണം മനുഷ്യപുത്രനെക്കുറിച്ച് പറഞ്ഞുകൊണ്ട് ആ ദൃഷ്ടാന്തത്തിൽ യേശു തന്നെത്തന്നെ ഉൾപ്പെടുത്തുന്നുണ്ട്. യേശു ശിഷ്യന്മാരോടു പറയുന്നു: “മനുഷ്യപുത്രൻ വരുന്നതും നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും. അതുകൊണ്ട് നിങ്ങൾ ഒരുങ്ങിയിരിക്കണം.” (ലൂക്കോസ് 12:40) ഭാവിയിൽ ഒരു സമയത്ത് യേശു വരുമെന്നാണ് ഇതു കാണിക്കുന്നത്. ആ സമയത്ത് തന്റെ അനുഗാമികൾ, പ്രത്യേകിച്ച് ‘ചെറിയ ആട്ടിൻകൂട്ടത്തിൽപ്പെട്ടവർ,’ ഒരുങ്ങിയിരിക്കാൻ യേശു പ്രതീക്ഷിക്കുന്നു.
പത്രോസിനു യേശു പറഞ്ഞതിന്റെ അർഥം കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കണമെന്നുണ്ട്. അതുകൊണ്ട് ഇങ്ങനെ ചോദിക്കുന്നു: “കർത്താവേ, അങ്ങ് ഈ ദൃഷ്ടാന്തം പറയുന്നതു ഞങ്ങൾക്കുവേണ്ടി മാത്രമോ? അതോ എല്ലാവർക്കുംവേണ്ടിയോ?” പത്രോസിന്റെ ചോദ്യത്തിനു നേരിട്ട് ഉത്തരം കൊടുക്കുന്നതിനു പകരം അതിനോടു സാമ്യമുള്ള മറ്റൊരു ദൃഷ്ടാന്തം യേശു പറയുന്നു: “തന്റെ പരിചാരകഗണത്തിനു തക്കസമയത്ത് മുടങ്ങാതെ ആഹാരവിഹിതം കൊടുക്കാൻ യജമാനൻ അവരുടെ മേൽ നിയമിക്കുന്ന വിശ്വസ്തനും വിവേകിയും ആയ കാര്യസ്ഥൻ ആരാണ്? ഏൽപ്പിച്ച ആ ജോലി അടിമ ചെയ്യുന്നതായി, യജമാനൻ വരുമ്പോൾ കാണുന്നെങ്കിൽ ആ അടിമയ്ക്കു സന്തോഷിക്കാം. യജമാനൻ തന്റെ എല്ലാ സ്വത്തുക്കളുടെയും ചുമതല അയാളെ ഏൽപ്പിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—ലൂക്കോസ് 12:41-44.
നേരത്തേ പറഞ്ഞ ദൃഷ്ടാന്തത്തിലെ “യജമാനൻ” മനുഷ്യപുത്രനായ യേശുവാണെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് യേശു രാജ്യം കൊടുക്കുന്ന “ചെറിയ ആട്ടിൻകൂട്ട”ത്തിൽപ്പെട്ടവരിൽ ചിലരായിരിക്കണം ‘വിശ്വസ്തനായ കാര്യസ്ഥൻ.’ (ലൂക്കോസ് 12:32) മനുഷ്യപുത്രൻ വരുമ്പോൾ ഈ കൂട്ടത്തിൽപ്പെട്ട ചിലർ “പരിചാരകഗണത്തിനു” ‘മുടങ്ങാതെ തക്കസമയത്തെ ആഹാരവിഹിതം’ കൊടുത്തുകൊണ്ട് അവരെ പരിപോഷിപ്പിക്കും എന്നാണ് യേശു പറഞ്ഞത്. ഇപ്പോൾ പത്രോസിനെയും മറ്റു ശിഷ്യന്മാരെയും പഠിപ്പിക്കാനും ആത്മീയമായി പോഷിപ്പിക്കാനും യേശു കൂടെയുണ്ട്. അതുകൊണ്ട് ദൈവപുത്രൻ ഭാവിയിൽ ഒരു സമയത്ത് വരുമെന്നും യേശുവിന്റെ അനുഗാമികളായ, യജമാനന്റെ “പരിചാരകഗണ”ത്തെ ആത്മീയമായി പരിപോഷിപ്പിക്കുന്നതിനുള്ള ഒരു ക്രമീകരണം ആ കാലഘട്ടത്തിൽ ഉണ്ടായിരിക്കുമെന്നും അവർക്കു നിഗമനം ചെയ്യാൻ കഴിയുമായിരുന്നു.
ശിഷ്യന്മാർ ഉണർവോടിരുന്ന് അവരുടെ മനോഭാവത്തിനു പ്രത്യേകശ്രദ്ധ കൊടുക്കേണ്ടതിന്റെ പ്രാധാന്യം യേശു മറ്റൊരു വിധത്തിൽ ഊന്നിപ്പറയുന്നു. കാരണം അവർ അലസരാകാനോ കൂടെയുള്ളവരെ എതിർക്കാൻപോലുമോ സാധ്യതയുണ്ട്. “ആ അടിമ എന്നെങ്കിലും, ‘എന്റെ യജമാനൻ വരാൻ വൈകുന്നു’ എന്നു ഹൃദയത്തിൽ പറഞ്ഞ് ദാസന്മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച് മത്തനാകാനും തുടങ്ങുന്നെങ്കിൽ അയാൾ പ്രതീക്ഷിക്കാത്ത ദിവസം, അയാൾക്ക് അറിയില്ലാത്ത സമയത്ത് യജമാനൻ വന്ന് അയാളെ കഠിനമായി ശിക്ഷിച്ച് വിശ്വസ്തരല്ലാത്തവരുടെ കൂട്ടത്തിലേക്കു തള്ളും.”—ലൂക്കോസ് 12:45, 46.
“ഭൂമിയിൽ ഒരു തീ കൊളുത്താനാണു ഞാൻ വന്നത് ” എന്നു യേശു പറയുന്നു. അതുതന്നെയാണു യേശു ചെയ്തതും. കോളിളക്കം സൃഷ്ടിക്കുന്ന ചൂടുപിടിച്ച വിഷയങ്ങൾ യേശു അവതരിപ്പിച്ചു. വ്യാജമായ പഠിപ്പിക്കലുകളും പാരമ്പര്യങ്ങളും തുറന്നുകാട്ടി. അതിന്റെ ഫലമായി ഒത്തൊരുമയോടെ കഴിയേണ്ടവർക്കിടയിൽപ്പോലും ഭിന്നത ഉണ്ടാകുന്നു. അങ്ങനെ “അപ്പൻ മകനോടും മകൻ അപ്പനോടും, അമ്മ മകളോടും മകൾ അമ്മയോടും, അമ്മായിയമ്മ മരുമകളോടും മരുമകൾ അമ്മായിയമ്മയോടും” ഭിന്നിച്ചിരിക്കുന്നു.—ലൂക്കോസ് 12:49, 53.
യേശു ഈ കാര്യങ്ങളെല്ലാം പ്രത്യേകിച്ച് ശിഷ്യന്മാരെ മനസ്സിൽക്കണ്ട് പറഞ്ഞതായിരുന്നു. ഇപ്പോൾ യേശു ജനക്കൂട്ടത്തിനു നേരെ തിരിഞ്ഞ് സംസാരിക്കുന്നു. താൻ മിശിഹയാണെന്നതിന്റെ തെളിവുകൾക്കു നേരെ അവർ മനഃപൂർവം കണ്ണടയ്ക്കുന്നതുകൊണ്ട് യേശു അവരോടു പറയുന്നു: “പടിഞ്ഞാറുനിന്ന് ഒരു മേഘം ഉയരുന്നതു കാണുന്ന ഉടനെ, ‘ശക്തമായ കാറ്റും മഴയും വരുന്നു’ എന്നു നിങ്ങൾ പറയും. അങ്ങനെ സംഭവിക്കുകയും ചെയ്യും. ഒരു തെക്കൻ കാറ്റു വീശുന്നതു കാണുമ്പോൾ ‘കടുത്ത ചൂടുണ്ടാകും’ എന്നു നിങ്ങൾ പറയുന്നു. അതും സംഭവിക്കുന്നു. കപടഭക്തരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവമാറ്റങ്ങൾ വിവേചിച്ചറിയാൻ നിങ്ങൾക്കു കഴിയുന്നുണ്ട്. എന്നാൽ ഈ കാലത്തെ വിവേചിച്ചറിയാൻ നിങ്ങൾക്കു കഴിയാത്തത് എന്താണ്?” (ലൂക്കോസ് 12:54-56) അവർ മിശിഹയെ അംഗീകരിക്കാൻ തയ്യാറല്ല! അതെ, അവർ ഒരുങ്ങിയിട്ടില്ല.