വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
“ഇടുക്കു വാതിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്ന് യേശു ഉദ്ബോധിപ്പിച്ചു. (ലൂക്കൊസ് 13:24) അവൻ എന്താണ് അർഥമാക്കിയത്, അത് ഇന്ന് എങ്ങനെ ബാധകമായിരിക്കുന്നു?
ഈ രസകരമായ പാഠഭാഗത്തിന്റെ പശ്ചാത്തലം പരിശോധിക്കുകയാണെങ്കിൽ അതു നമുക്ക് ഏറ്റവും മെച്ചമായി മനസ്സിലാക്കാൻ സാധിക്കും. തന്റെ മരണത്തിന് ഏതാണ്ട് ആറു മാസം മുമ്പ്, ആലയത്തിന്റെ പുനഃസമർപ്പണ വാർഷിക വേളയിൽ യേശു യെരൂശലേമിൽ ഉണ്ടായിരുന്നു. താൻ ദൈവത്തിന്റെ ആടുകളുടെ ഇടയൻ ആണെന്ന് അവൻ പറഞ്ഞു. കൂടാതെ, ശ്രദ്ധിക്കാൻ കൂട്ടാക്കാഞ്ഞതിനാൽ യഹൂദന്മാർ പൊതുവേ ആ ആടുകളുടെ കൂട്ടത്തിൽ പെടുന്നില്ലെന്ന് അവൻ ചൂണ്ടിക്കാട്ടുകയും ചെയ്തു. താനും പിതാവും “ഒന്നാകുന്നു” എന്നു പറഞ്ഞപ്പോൾ യഹൂദന്മാർ അവനെ എറിയാൻ കല്ലുകളെടുത്തു. അവൻ യോർദാന് അപ്പുറത്തുള്ള പെരെയയിലേക്കു രക്ഷപ്പെട്ടു.—യോഹന്നാൻ 10:1-40.
“കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ”? എന്ന് അവിടെവെച്ച് ഒരാൾ അവനോടു ചോദിച്ചു. (ലൂക്കൊസ് 13:23) സമുചിതമായ ഒരു ചോദ്യമായിരുന്നു അത്. കാരണം, അക്കാലത്തെ യഹൂദന്മാരുടെ വിശ്വാസം ചുരുക്കം പേർക്കേ രക്ഷയ്ക്ക് അർഹതയുള്ളൂ എന്നായിരുന്നു. അവരുടെ മനോഭാവം കണക്കിലെടുക്കുമ്പോൾ, ആ ചുരുക്കം പേർ ആരായിരിക്കുമെന്നാണ് അവർ കരുതിയതെന്ന് ഊഹിക്കുക പ്രയാസമല്ല. പിന്നീടുണ്ടായ സംഭവവികാസങ്ങൾ പ്രകടമാക്കുന്നതുപോലെ, അവരുടെ ധാരണ എത്രമാത്രം തെറ്റായിരുന്നു!
ആളുകളെ പഠിപ്പിച്ചുകൊണ്ടും അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടും സ്വർഗീയ രാജ്യത്തിന്റെ അവകാശികളായിത്തീരാനുള്ള അവസരം വെച്ചുനീട്ടിക്കൊണ്ടും രണ്ടു വർഷത്തോളം യേശു അവരുടെ ഇടയിലുണ്ടായിരുന്നു. ഫലം എന്തായിരുന്നു? അബ്രാഹാമിന്റെ പിൻഗാമികൾ ആയിരിക്കുന്നതിലും ദൈവത്തിന്റെ ന്യായപ്രമാണം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നതിലും അവർ, പ്രത്യേകിച്ച് അവരുടെ നേതാക്കന്മാർ, അഹങ്കരിച്ചിരുന്നു. (മത്തായി 23:2; യോഹന്നാൻ 8:31-44) എന്നാൽ അവർ നല്ല ഇടയന്റെ ശബ്ദം തിരിച്ചറിഞ്ഞ് അതിനോടു പ്രതികരിച്ചില്ല. ആലങ്കാരികമായി പറഞ്ഞാൽ, അവരുടെ മുമ്പിൽ ഒരു തുറന്ന വാതിലുണ്ടായിരുന്നു. അതിലൂടെ കടക്കുന്നതിന്റെ മുഖ്യ പ്രതിഫലമെന്ന നിലയിൽ രാജ്യത്തിലെ അംഗത്വം അവർക്കു ലഭിക്കുമായിരുന്നു. എന്നിട്ടും അതിലൂടെ കടക്കാൻ അവർ കൂട്ടാക്കിയില്ല. യേശു നൽകിയ സത്യത്തിന്റെ സന്ദേശം കേട്ട് പ്രതികരിക്കുകയും അവനോടു പറ്റിനിൽക്കുകയും ചെയ്തവർ താരതമ്യേന വളരെ കുറവായിരുന്നു, അവർ മുഖ്യമായും താഴ്ന്ന വിഭാഗത്തിൽ നിന്നുള്ളവരായിരുന്നുതാനും.—ലൂക്കൊസ് 22:28-30; യോഹന്നാൻ 7:47-49.
പൊ.യു. 33-ലെ പെന്തക്കോസ്തു നാളിൽ അവരായിരുന്നു ആത്മാവിനാൽ അഭിഷേകം ചെയ്യപ്പെടാൻ അർഹരായിരുന്നവർ. (പ്രവൃത്തികൾ 2:1-38) ലഭ്യമായ അവസരം പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതു നിമിത്തം കരയുകയും പല്ലു കടിക്കുകയും ചെയ്യുന്ന അനീതി പ്രവർത്തിക്കുന്നവരെന്ന് യേശു പരാമർശിച്ചവരുടെ കൂട്ടത്തിൽ അവർ ഉൾപ്പെട്ടിരുന്നില്ല.—ലൂക്കൊസ് 13:27, 28.
അതിനാൽ, ഒന്നാം നൂറ്റാണ്ടിലെ ആ ‘പലരിൽ’ യഹൂദന്മാർ പൊതുവേ, പ്രത്യേകിച്ച് മതനേതാക്കന്മാർ ഉൾപ്പെട്ടിരുന്നു. ദൈവപ്രീതി ആഗ്രഹിക്കുന്നതായി അവർ അവകാശപ്പെട്ടെങ്കിലും തങ്ങളുടേതായ നിലവാരങ്ങളും വഴികളും അനുസരിച്ചാണ് അവർ അത് ആഗ്രഹിച്ചത്, ദൈവത്തിന്റെ നിലവാരങ്ങളും വഴികളും അനുസരിച്ചല്ല. അതിൽനിന്നു വ്യത്യസ്തമായി, രാജ്യത്തിന്റെ ഭാഗമായിരിക്കുന്നതിലുള്ള ആത്മാർഥമായ താത്പര്യം നിമിത്തം പ്രതികരിച്ച താരതമ്യേന ‘ചുരുക്കം’ പേർ ക്രിസ്തീയ സഭയുടെ അഭിഷിക്ത അംഗങ്ങളായിത്തീർന്നു.
ഇനി, നമ്മുടെ നാളിൽ അതിനുള്ള വ്യാപകമായ പ്രയുക്തത പരിചിന്തിക്കാം. ക്രൈസ്തവലോകത്തിലെ സഭകളിൽ പോകുന്ന അസംഖ്യമാളുകളെ പഠിപ്പിച്ചിരിക്കുന്നത് അവർ സ്വർഗത്തിൽ പോകുമെന്നാണ്. എന്നിരുന്നാലും, ഈ പ്രത്യാശ തിരുവെഴുത്തുകളുടെ ശരിയായ പഠിപ്പിക്കലുകളിൽ അധിഷ്ഠിതമല്ല. മുൻകാല യഹൂദന്മാരുടെ കാര്യത്തിലെന്നപോലെ, തങ്ങളുടേതായ വ്യവസ്ഥകൾ അനുസരിച്ചാണ് അവർ ദൈവപ്രീതി ആഗ്രഹിക്കുന്നത്.
എന്നിരുന്നാലും, രാജ്യസന്ദേശത്തോടു താഴ്മയോടെ പ്രതികരിക്കുകയും തങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുകയും അവന്റെ പ്രീതിക്ക് അർഹരായിത്തീരുകയും ചെയ്തിട്ടുള്ള താരതമ്യേന ചുരുക്കം ചിലർ നമ്മുടെ കാലത്തുണ്ട്. അവർ “രാജ്യത്തിന്റെ പുത്രൻമാർ” ആയിത്തീരുന്നതിലേക്ക് ഇതു നയിച്ചിരിക്കുന്നു. (മത്തായി 13:38) അത്തരം അഭിഷിക്ത “പുത്രൻമാർ” പൊ.യു. 33-ലാണ് ക്ഷണിക്കപ്പെടാൻ തുടങ്ങിയത്. തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ഇടപെടലുകൾ, സ്വർഗീയ വിഭാഗത്തിലെ അംഗങ്ങൾ അടിസ്ഥാനപരമായി വിളിക്കപ്പെട്ടു കഴിഞ്ഞിരുന്നുവെന്നു തെളിയിക്കുന്നുവെന്ന് യഹോവയുടെ സാക്ഷികൾ ദീർഘകാലമായി വിശ്വസിക്കുന്നു. അതുകൊണ്ട്, സമീപ വർഷങ്ങളിൽ ബൈബിൾ സത്യം പഠിച്ചിട്ടുള്ളവർ ഇപ്പോൾ പറുദീസാ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ വെച്ചുനീട്ടപ്പെടുന്നതായി മനസ്സിലാക്കിയിരിക്കുന്നു. ഇവരുടെ എണ്ണം, വാസ്തവത്തിൽ സ്വർഗീയ പ്രത്യാശയുള്ള അഭിഷിക്ത ക്രിസ്ത്യാനികളുടെ എണ്ണത്തെ കവിഞ്ഞിരിക്കുന്നു. സ്വർഗീയ പ്രത്യാശയില്ലാത്തവർക്ക് ലൂക്കൊസ് 13:24 പ്രധാനമായും ബാധകമല്ല. എന്നാൽ, അതിൽ അവർക്കും ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശം അടങ്ങിയിട്ടുണ്ട്.
കടപ്പാൻ പോരാടുവിൻ എന്ന് ഉദ്ബോധിപ്പിച്ചതിനാൽ, താനോ തന്റെ പിതാവോ നമ്മുടെ മാർഗത്തിൽ തടസ്സമാകുന്ന എന്തെങ്കിലും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നുവെന്ന് യേശു പറയുകയായിരുന്നില്ല. എന്നാൽ അയോഗ്യരായവരെ ഒഴിവാക്കാൻ തക്കവണ്ണമുള്ളതാണ് ദൈവത്തിന്റെ വ്യവസ്ഥകളെന്ന് ലൂക്കൊസ് 13:24-ൽനിന്ന് നാം മനസ്സിലാക്കുന്നു. തീവ്രശ്രമം നടത്തുന്നതിനെ, കഠിനമായി ശ്രമിക്കുന്നതിനെ ആണ് “കടപ്പാൻ പോരാടുവിൻ” എന്നതിനാൽ അർഥമാക്കുന്നത്. അതുകൊണ്ട് നമുക്ക് ഇങ്ങനെ സ്വയം ചോദിക്കാവുന്നതാണ്, ‘ഞാൻ കഠിനമായി ശ്രമിക്കുന്നുണ്ടോ?’ ലൂക്കൊസ് 13:24 ഇങ്ങനെ പരാവർത്തനം ചെയ്യാവുന്നതാണ്, ‘ഇടുക്കു വാതിലൂടെ കടപ്പാൻ ഞാൻ പോരാടേണ്ടതുണ്ട്. കാരണം, പലരും കടക്കാൻ ശ്രമിക്കുമെങ്കിലും സാധിക്കുകയില്ല. അതുകൊണ്ട്, ഞാൻ വാസ്തവത്തിൽ തീവ്രശ്രമം നടത്തുന്നുണ്ടോ? സമ്മാനം നേടാനായി സാധ്യമാകുന്ന സകലതും ചെയ്യുന്ന ഒരു പുരാതന കായികതാരത്തെപ്പോലെയാണോ ഞാൻ? അത്തരത്തിലുള്ള ഏതൊരു കായികതാരവും അർധഹൃദയനായ, ലാഘവമനോഭാവമുള്ള ഒരുവനായിരിക്കുകയില്ല. ഞാനോ?’
തങ്ങളുടെ സൗകര്യാർഥം, തങ്ങൾക്ക് ഇഷ്ടമുള്ളത്ര വേഗതയിൽ മാത്രമേ ചിലർ ‘വാതിലിലൂടെ കടപ്പാൻ’ ശ്രമിക്കുകയുള്ളുവെന്ന് യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. അത്തരമൊരു മനോഭാവം സാക്ഷികളെ വ്യക്തിപരമായി ബാധിക്കാവുന്നതാണ്. ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം, ‘അനേകം ത്യാഗങ്ങൾ സഹിച്ചുകൊണ്ട് വർഷങ്ങളായി കഠിനമായി ശ്രമിച്ചിട്ടുള്ള അർപ്പിത ക്രിസ്ത്യാനികളെ എനിക്കറിയാം; എന്നാൽ, അവർ മരിക്കുംവരെയും ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യം വന്നില്ല. അതുകൊണ്ട്, അൽപ്പം മാന്ദ്യമുള്ളവരായിരിക്കുന്നതുകൊണ്ടോ കുറെക്കൂടെ ലാഘവമായ ജീവിതം നയിക്കുന്നതുകൊണ്ടോ കുഴപ്പമൊന്നുമില്ല.’
അങ്ങനെ ചിന്തിക്കുക എളുപ്പമാണ്, എന്നാൽ അതു ജ്ഞാനമാണോ? ഉദാഹരണത്തിന്, അപ്പോസ്തലന്മാർ അങ്ങനെ ചിന്തിച്ചോ? തീർച്ചയായും ഇല്ല. അവർ സത്യാരാധനയ്ക്ക് മുന്തിയ സ്ഥാനം നൽകി—തങ്ങളുടെ മരണം വരെ. ദൃഷ്ടാന്തത്തിന്, പൗലൊസിന് ഇങ്ങനെ പറയാൻ സാധിച്ചു: “[ക്രിസ്തുവിനെക്കുറിച്ചു] ഞങ്ങൾ അറിയിക്കുന്നതിനാൽ . . . അതിന്നായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.” അവൻ പിന്നീട് ഇങ്ങനെ എഴുതി: “അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.”—കൊലൊസ്സ്യർ 1:28, 29; 1 തിമൊഥെയൊസ് 4:10.
തീവ്രശ്രമം ചെയ്യുന്നതിൽ പൗലൊസ് തികച്ചും ശരിയായതാണു ചെയ്തതെന്ന് നമുക്കറിയാം. പൗലൊസിനെപ്പോലെ, “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു” എന്ന് നമുക്ക് ഓരോരുത്തർക്കും പറയാൻ കഴിഞ്ഞാൽ അത് എത്ര സംതൃപ്തികരമായിരിക്കും. (2 തിമൊഥെയൊസ് 4:7) അതുകൊണ്ട് ലൂക്കൊസ് 13:24-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിൽ നമുക്ക് ഓരോരുത്തർക്കും ഇങ്ങനെ ചോദിക്കാം ‘ഞാൻ സ്ഥിരോത്സാഹം കാണിക്കുകയും കഠിന ശ്രമം നടത്തുകയും ചെയ്യുന്നുണ്ടോ? “ഇടുക്കു വാതിലൂടെ കടപ്പാൻ പോരാടുവിൻ” എന്ന യേശുവിന്റെ ഉദ്ബോധനം ചെവിക്കൊള്ളുന്നു എന്നതിന് ഞാൻ പതിവായി മതിയാംവണ്ണം തെളിവു നൽകുന്നുണ്ടോ?