അധ്യായം 84
ക്രിസ്തുവിന്റെ ശിഷ്യനായിരിക്കുന്നതിലെ ഉത്തരവാദിത്വം
ഒരു ശിഷ്യനായിരിക്കുന്നതിലെ ത്യാഗങ്ങൾ
പരീശന്മാരുടെ ഒരു നേതാവിന്റെ വീട്ടിൽവെച്ച് ഭക്ഷണസമയത്ത് യേശു വിലയേറിയ പല പാഠങ്ങളും പഠിപ്പിച്ചു. യേശു ഇപ്പോൾ യരുശലേമിലേക്കുള്ള യാത്ര തുടരുകയാണ്. വലിയ ഒരു ജനക്കൂട്ടം ഒപ്പമുണ്ട്. യഥാർഥത്തിൽ യേശുവിന്റെ അനുഗാമികളായിരിക്കാൻ താത്പര്യമുള്ളതുകൊണ്ടാണോ അവർ കൂടെ പോകുന്നത്? എന്തു ത്യാഗം സഹിച്ചും യേശുവിന്റെ അനുഗാമികളാകാൻ അവർ തയ്യാറാകുമോ?
അവരിൽ ചിലരെയെങ്കിലും ഞെട്ടിച്ചേക്കാവുന്ന ഒരു കാര്യം യാത്രയ്ക്കിടയിൽ യേശു പറയുന്നു: “എന്റെ അടുത്ത് വരുന്ന ഒരാൾ അയാളുടെ അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും സ്വന്തം ജീവനെത്തന്നെയും വെറുക്കാതെ, അയാൾക്ക് എന്റെ ശിഷ്യനായിരിക്കാൻ കഴിയില്ല.” (ലൂക്കോസ് 14:26) യേശു വാസ്തവത്തിൽ എന്താണ് അർഥമാക്കിയത്?
യേശുവിന്റെ അനുഗാമികളാകുന്നവരെല്ലാം അവരുടെ ബന്ധുക്കളെ വെറുക്കണമെന്നല്ല യേശു പറയുന്നത്. ബന്ധുക്കളോടുള്ള സ്നേഹം യേശുവിനോടുള്ള സ്നേഹത്തെക്കാൾ കുറവായിരിക്കണം എന്ന അർഥത്തിലാണ് അവരെ വെറുക്കണം എന്നു പറഞ്ഞിരിക്കുന്നത്. അല്ലാതെ അത്താഴവിരുന്നിനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ യേശു പറഞ്ഞ ആ വ്യക്തിയെപ്പോലെ ആകരുത് നമ്മൾ. അടുത്തിടെ കല്യാണം കഴിച്ചു എന്നതിന്റെ പേരിൽ പ്രധാനപ്പെട്ട ഒരു ക്ഷണമാണ് അയാൾ തള്ളിക്കളഞ്ഞത്! (ലൂക്കോസ് 14:20) ജൂതന്മാരുടെ പൂർവികനായ യാക്കോബ് ലേയയെ ‘വെറുത്തു’ എന്നും റാഹേലിനെ സ്നേഹിച്ചു എന്നും പറയുന്നു. ഇതിന്റെ അർഥം ലേയയോടുള്ള യാക്കോബിന്റെ സ്നേഹം റാഹേലിനോട് ഉള്ളതിനെക്കാൾ കുറവായിരുന്നു എന്നാണ്.—ഉൽപത്തി 29:31, അടിക്കുറിപ്പ്.
ഒരു ശിഷ്യൻ “സ്വന്തം ജീവനെത്തന്നെ” അഥവാ ദേഹിയെത്തന്നെ വെറുക്കണമെന്നാണു യേശു പറയുന്നതെന്നു കണ്ടോ. അതിന്റെ അർഥം യഥാർഥശിഷ്യൻ സ്വന്തം ജീവനെക്കാൾ യേശുവിനെ സ്നേഹിക്കണം എന്നാണ്. ആവശ്യമെങ്കിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻപോലും അയാൾ തയ്യാറാകണം. അതുകൊണ്ട് ക്രിസ്തുവിന്റെ ശിഷ്യനായിരിക്കുക എന്നതു നന്നായി ആലോചിച്ച് എടുക്കേണ്ട ഗൗരവമുള്ള ഒരു ഉത്തരവാദിത്വമാണ്, നിസ്സാരമായി കാണാവുന്ന ഒന്നല്ല.
ഒരു ശിഷ്യനായിരിക്കുന്നതിൽ കഷ്ടപ്പാടും ഉപദ്രവവും ഒക്കെ സഹിക്കുന്നത് ഉൾപ്പെട്ടേക്കാം. കാരണം യേശു പറയുന്നു: “സ്വന്തം ദണ്ഡനസ്തംഭം എടുത്ത് എന്നെ അനുഗമിക്കാത്തവനും എന്റെ ശിഷ്യനായിരിക്കാൻ കഴിയില്ല.” (ലൂക്കോസ് 14:27) അതെ, യേശുവിന്റെ ഒരു യഥാർഥശിഷ്യൻ യേശു സഹിച്ചതുപോലെ നിന്ദ സഹിക്കാൻ തയ്യാറായിരിക്കണം. ശത്രുക്കളുടെ കൈയാൽ താൻ മരിക്കുമെന്നുപോലും യേശു പറഞ്ഞു.
ക്രിസ്തുവിന്റെ ഒരു ശിഷ്യനായിരിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് യേശുവിന്റെകൂടെ യാത്ര ചെയ്യുന്നവർ വളരെ ശ്രദ്ധാപൂർവം ചിന്തിക്കേണ്ടതുണ്ട്. ഒരു ദൃഷ്ടാന്തത്തിലൂടെ യേശു ഇതു വ്യക്തമാക്കുന്നു. യേശു പറയുന്നു: “ഉദാഹരണത്തിന്, നിങ്ങളിൽ ഒരാൾ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നെന്നു കരുതുക. അതു തീർക്കാൻ വേണ്ടതു കൈയിലുണ്ടോ എന്ന് അറിയാൻ ആദ്യം ഇരുന്ന് ചെലവ് കണക്കുകൂട്ടിനോക്കില്ലേ? അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അടിസ്ഥാനം ഇട്ടിട്ട് അയാൾക്കു പണി പൂർത്തിയാക്കാൻ കഴിയാതെ വന്നേക്കാം.” (ലൂക്കോസ് 14:28, 29) അതുകൊണ്ട് യേശുവിനോടൊപ്പം യരുശലേമിലേക്കു യാത്ര ചെയ്യുന്നവർ യേശുവിന്റെ ശിഷ്യന്മാരാകുന്നതിനു മുമ്പ് തങ്ങളുടെ ഉത്തരവാദിത്വം പൂർണമായി നിറവേറ്റാൻ തീരുമാനിച്ച് ഉറച്ചിരിക്കണം. മറ്റൊരു ദൃഷ്ടാന്തത്തിലൂടെ യേശു ഇത് ഊന്നിപ്പറയുന്നു:
“10,000 പടയാളികളുള്ള ഒരു രാജാവിനു നേരെ 20,000 പടയാളികളുള്ള മറ്റൊരു രാജാവ് യുദ്ധത്തിനു വരുന്നെന്നു കരുതുക. ഇത്രയും പേരുമായി അവരെ നേരിടാൻ സാധിക്കുമോ എന്ന് അറിയാൻ രാജാവ് ആദ്യംതന്നെ ഉപദേശം ചോദിക്കില്ലേ? തന്നെക്കൊണ്ട് പറ്റില്ലെന്നു തോന്നിയാൽ, മറ്റേ രാജാവ് അടുത്ത് എത്തുന്നതിനു മുമ്പുതന്നെ ഈ രാജാവ് സ്ഥാനപതികളുടെ ഒരു കൂട്ടത്തെ അയച്ച് സമാധാനസന്ധിക്കായി അപേക്ഷിക്കും.” താൻ പറഞ്ഞുവരുന്നതിന്റെ ആശയം ഒന്നുകൂടി വ്യക്തമാക്കുന്നതിനു യേശു ഇങ്ങനെ പറയുന്നു: “ഇതുപോലെ, എല്ലാ വസ്തുവകകളോടും വിട പറയാതെ നിങ്ങളിൽ ആർക്കും എന്റെ ശിഷ്യനായിരിക്കാൻ കഴിയില്ല.”—ലൂക്കോസ് 14:31-33.
തന്റെ പിന്നാലെ വരുന്ന ആ ജനക്കൂട്ടത്തെ ഉദ്ദേശിച്ചു മാത്രമല്ല യേശു ഇതു പറയുന്നത്. ക്രിസ്തുവിനെക്കുറിച്ച് പഠിക്കുന്ന എല്ലാവരും യേശു പറഞ്ഞ ഇക്കാര്യം ചെയ്യാൻ തയ്യാറാകണം. അതിന്റെ അർഥം യേശുവിന്റെ ഒരു ശിഷ്യനാകാൻ ഒരാൾ തനിക്കുള്ളതെല്ലാം—തന്റെ വസ്തുവകകളും ജീവൻപോലും—ത്യജിക്കണം എന്നാണ്. വളരെ ചിന്തിക്കേണ്ട, പ്രാർഥിക്കേണ്ട ഒരു വിഷയമാണ് ഇത്.
അടുത്തതായി, ഗിരിപ്രഭാഷണത്തിൽ ചെറുതായി പരാമർശിച്ച ഒരു കാര്യത്തെക്കുറിച്ച്, തന്റെ ശിഷ്യന്മാർ “ഭൂമിയുടെ ഉപ്പാണ് ” എന്നു പറഞ്ഞതിനെക്കുറിച്ച്, യേശു ഒന്നുകൂടി പറയുന്നു. (മത്തായി 5:13) ഭക്ഷണസാധനങ്ങൾ കേടാകാതെ ഉപ്പ് സംരക്ഷിക്കുന്നതുപോലെ ആളുകളെ സംരക്ഷിക്കുന്നതിൽ ശിഷ്യന്മാർക്കു വലിയ ഒരു പങ്കുണ്ട് എന്നായിരിക്കാം യേശു ഉദ്ദേശിച്ചത്. അതായത്, ആത്മീയവും ധാർമികവും ആയി ‘കേടാകാതെ’ അവരെ സംരക്ഷിക്കാൻ ശിഷ്യന്മാർക്കു കഴിയും എന്ന്. തന്റെ ശുശ്രൂഷ അവസാനത്തോട് അടുക്കുന്ന ഈ സമയത്ത് യേശു പറയുന്നു: “ഉപ്പു നല്ലതുതന്നെ. എന്നാൽ അതിന് ഉപ്പുരസം നഷ്ടമായാൽ എങ്ങനെ അതിനു വീണ്ടും ഉപ്പുരസം വരുത്തും?” (ലൂക്കോസ് 14:34) അന്ന് ലഭ്യമായിരുന്ന ചില ഉപ്പ് മണ്ണും മറ്റും കലർന്ന് അശുദ്ധമായിരുന്നെന്നും അതുകൊണ്ട് ഉപയോഗിക്കാൻ പറ്റില്ലായിരുന്നെന്നും യേശുവിന്റെ ശ്രോതാക്കൾക്ക് അറിയാം.
അതുകൊണ്ട് ദീർഘകാലമായി യേശുവിന്റെ ശിഷ്യന്മാരായിരുന്നവർപോലും തങ്ങളുടെ ദൃഢനിശ്ചയത്തിന് ഇളക്കം തട്ടാതെ സൂക്ഷിക്കണമെന്നാണു യേശു പറയുന്നത്. അഥവാ അങ്ങനെയെങ്ങാനും സംഭവിച്ചാൽ ഉപ്പുരസം നഷ്ടമായ ഉപ്പുപോലെ ശിഷ്യന്മാരും പ്രയോജനം ഇല്ലാത്തവരായിത്തീരും. അപ്പോൾ ലോകം അവരെ പരിഹസിക്കും. അതിലുപരി ദൈവമുമ്പാകെ അവരുടെ പ്രീതി നഷ്ടപ്പെടുകയും ദൈവനാമത്തിനു നിന്ദ വരുകയും ചെയ്യും. ഇങ്ങനെ സംഭവിക്കാതെ നോക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട് യേശു പറയുന്നു: “കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”—ലൂക്കോസ് 14:35.