‘യഹോവ കരുണയും കൃപയുമുള്ള ദൈവം’
“യഹോവ, യഹോവ, കരുണയും കൃപയുമുള്ള, കോപത്തിനു താമസമുള്ള, സ്നേഹദയയും സത്യവും നിറഞ്ഞ ദൈവം ആകുന്നു.”—പുറപ്പാടു 34:6, NW.
1. (എ) പ്രിയപ്പെട്ടവർ നിർമല ആരാധന വിട്ടുപോകുന്നത് കാണേണ്ടി വന്നിട്ടുള്ളവർക്ക് ബൈബിൾ എന്ത് ആശ്വാസം പ്രദാനം ചെയ്യുന്നു? (ബി) വഴിതെറ്റിപ്പോയവരെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?
“എന്റെ പുത്രി ഇനിമേൽ ക്രിസ്തീയ സഭയിലേക്കില്ലെന്ന് എന്നോടു പറഞ്ഞു. അതിനുശേഷം, ദിവസങ്ങളോളം, ആഴ്ചകളോളം, എന്തിന് മാസങ്ങളോളംതന്നെ, ഞാൻ വേദനയാൽ നീറുകയായിരുന്നു. അതു മരണത്തെക്കാൾ മോശമായിരുന്നു,” ഒരു ക്രിസ്തീയ പിതാവ് പറയുന്നു. പ്രിയപ്പെട്ട ആരെങ്കിലും നിർമല ആരാധനയുടെ പാത വിട്ടുപോകുന്നതു കാണുമ്പോൾ അതു തീർച്ചയായും വ്യസനകരം തന്നെയാണ്. നിങ്ങൾക്ക് അത്തരം ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ, യഹോവയ്ക്കു നിങ്ങളോടു സമാനുഭാവം ഉണ്ടെന്ന് അറിഞ്ഞ് നിങ്ങൾക്ക് ആശ്വസിക്കാവുന്നതാണ്. (പുറപ്പാടു 3:7; യെശയ്യാവു 63:9) എന്നാൽ വഴിതെറ്റി പോകുന്ന അത്തരക്കാരെ അവൻ എങ്ങനെയാണ് വീക്ഷിക്കുന്നത്? തന്റെ പ്രീതിയിലേക്കു മടങ്ങാൻ യഹോവ അവരെ കരുണാപൂർവം ക്ഷണിക്കുന്നുവെന്ന് ബൈബിൾ പ്രകടമാക്കുന്നു. മലാഖിയുടെ നാളിലെ മത്സരികളായ യഹൂദന്മാരോട് അവൻ അഭ്യർഥിച്ചു: “എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും.”—മലാഖി 3:7.
2. കരുണ യഹോവയുടെ വ്യക്തിത്വത്തിന്റെ ഒരു അവിഭാജ്യ ഘടകം ആണ് എന്ന് ബൈബിൾ പ്രകടമാക്കുന്നത് എങ്ങനെ?
2 സീനായ് പർവതത്തിൽവെച്ച് മോശയ്ക്ക് ദൈവത്തിന്റെ കരുണയെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുകയുണ്ടായി. അവിടെവെച്ച്, യഹോവ തന്നെത്തന്നെ ‘കരുണയും കൃപയുമുള്ള, കോപത്തിനു താമസമുള്ള, സ്നേഹദയയും സത്യവും നിറഞ്ഞ ദൈവം’ ആയി വെളിപ്പെടുത്തി. (പുറപ്പാടു 34:6, NW) കരുണ യഹോവയുടെ വ്യക്തിത്വത്തിന്റെ ഒരു അവിഭാജ്യ ഘടകം ആണ് എന്ന് ഈ പ്രഖ്യാപനം എടുത്തുകാട്ടുന്നു. “എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛി”ക്കുന്നുവെന്ന് ക്രിസ്തീയ അപ്പൊസ്തലനായ പത്രൊസ് എഴുതി. (2 പത്രൊസ് 3:9) നിശ്ചയമായും, ദൈവത്തിന്റെ കരുണയ്ക്കു പരിധിയുണ്ട്. “യാതൊരു കാരണവശാലും അവൻ ശിക്ഷയിൽനിന്ന് ഇളവു നൽകുകയില്ല” എന്ന് മോശയോടു പറയപ്പെട്ടു. (പുറപ്പാടു 34:7, NW; 2 പത്രൊസ് 2:9, 10) എന്നിരുന്നാലും, “ദൈവം സ്നേഹം ആകുന്നു,” ആ ഗുണത്തിന്റെ ഒരു മുഖ്യ സവിശേഷത കരുണയാണ്. (1 യോഹന്നാൻ 4:8, NW; യാക്കോബ് 3:17) യഹോവ “എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.”—മീഖാ 7:18, 19.
3. കരുണയെ കുറിച്ചുള്ള യേശുവിന്റെ കാഴ്ചപ്പാട് ശാസ്ത്രിമാരുടേതിൽനിന്നും പരീശന്മാരുടേതിൽനിന്നും വ്യത്യസ്തം ആയിരുന്നത് എങ്ങനെ?
3 യേശു തന്റെ സ്വർഗീയ പിതാവിന്റെ ഒരു പൂർണ പ്രതിഫലനം ആയിരുന്നു. (യോഹന്നാൻ 5:19) ദുഷ്പ്രവൃത്തിക്കാരോട് കരുണാപൂർവം ഇടപെടുക വഴി അവൻ അവരുടെ പാപത്തെ ന്യായീകരിക്കുക ആയിരുന്നില്ല, മറിച്ച് ശാരീരിക രോഗം ഉണ്ടായിരുന്നവരോടു പ്രകടമാക്കിയ അതേ ആർദ്രഭാവംതന്നെ അവൻ അവരോടും പ്രകടമാക്കുക ആയിരുന്നു. (മർക്കൊസ് 1:40-42 താരതമ്യം ചെയ്യുക.) അതേ, യേശു കരുണയെ ദൈവത്തിന്റെ ന്യായപ്രമാണത്തിലെ “ഘനമേറിയ” സംഗതികളുടെ കൂട്ടത്തിൽ പെടുത്തി. (മത്തായി 23:23) ഇതിനു കടകവിരുദ്ധം ആയിരുന്നു ശാസ്ത്രിമാരുടെയും പരീശന്മാരുടെയും രീതി. എല്ലാം നിയമത്തിന്റെ കണ്ണിലൂടെ മാത്രം കണ്ടിരുന്ന അവരുടെ ചിന്തയിൽ പൊതുവേ കരുണയ്ക്കു സ്ഥാനമില്ലായിരുന്നു. യേശു പാപികളോട് ഇടപെടുന്നതു കണ്ട് അവർ പരാതിപ്പെട്ടു: “ഇവൻ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു.” (ലൂക്കൊസ് 15:1, 2) ദൈവത്തിന്റെ കരുണയെ എടുത്തുകാട്ടുന്ന മൂന്നു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് യേശു അവരുടെ ആരോപണത്തിനു മറുപടി നൽകി.
4. യേശു പറഞ്ഞ രണ്ടു ദൃഷ്ടാന്തങ്ങൾ ഏവ, അവ ഓരോന്നിന്റെയും പൊരുൾ എന്തായിരുന്നു?
4 ആദ്യം, 99 ആടുകളെയും വിട്ട്, കാണാതെപോയ ഒന്നിനെ അന്വേഷിച്ചുപോയ ഒരു മനുഷ്യനെ കുറിച്ച് യേശു പറഞ്ഞു. എന്തായിരുന്നു അവൻ ഉദ്ദേശിച്ചത്? ‘മാനസാന്തരം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും.’ അടുത്തതായി, യേശു നഷ്ടപ്പെട്ട ഒരു ദ്രഹ്മ തിരിച്ചു കിട്ടിയതിനെ തുടർന്ന് ആഹ്ലാദിക്കുന്ന ഒരു സ്ത്രീയെ കുറിച്ചു പറഞ്ഞു. അവൻ അത് എങ്ങനെ ബാധകമാക്കി? “മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും.” ഒരു ഉപമയുടെ രൂപത്തിൽ യേശു തന്റെ മൂന്നാമത്തെ ദൃഷ്ടാന്തം വിവരിച്ചു.a പറയപ്പെട്ടിട്ടുള്ളതിലേക്കും ഏറ്റവും ഉത്കൃഷ്ടമായ ചെറുകഥ ആയിട്ടാണ് ചിലർ അതിനെ വീക്ഷിക്കുന്നത്. ദൈവത്തിന്റെ കരുണയെ വിലമതിക്കാനും അനുകരിക്കാനും ഈ ഉപമയുടെ പരിചിന്തനം നമ്മെ സഹായിക്കും.—ലൂക്കൊസ് 15:3-10.
മത്സരിയായ ഒരു പുത്രൻ വീടു വിട്ടുപോകുന്നു
5, 6. യേശുവിന്റെ മൂന്നാമത്തെ ദൃഷ്ടാന്തത്തിലെ ഇളയ പുത്രൻ കടുത്ത വിലമതിപ്പില്ലായ്മ പ്രകടമാക്കിയത് എങ്ങനെ?
5 “ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ ഇളയവൻ അപ്പനോടു: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകുത്തുകൊടുത്തു. ഏറെനാൾ കഴിയുംമുമ്പെ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുർന്നടപ്പുകാരനായി ജീവിച്ച് വസ്തു നാനാവിധമാക്കിക്കളഞ്ഞു [“ധൂർത്തടിച്ചു,” “NW”].”—ലൂക്കൊസ് 15:11-13.b
6 കടുത്ത വിലമതിപ്പില്ലായ്മയാണ് ഇവിടെ ഇളയ പുത്രൻ പ്രകടമാക്കിയത്. ആദ്യം, അവൻ തന്റെ അവകാശം ചോദിച്ചുവാങ്ങി, എന്നിട്ട് “ദുർന്നടപ്പുകാരനായി ജീവിച്ച്” വസ്തു ധൂർത്തടിച്ചു. ‘ദുർന്നടപ്പുകാരനായി ജീവിച്ചു’ എന്ന പ്രയോഗം പരിഭാഷപ്പെടുത്തിയിരിക്കുന്നത് “അനിയന്ത്രിതമായ ഹീനജീവിതം നയിക്കൽ” എന്ന് അർഥമുള്ള ഗ്രീക്കു പദത്തിൽനിന്നാണ്. “ധാർമിക സ്വഭാവം പൂർണമായി വെടിയുക” എന്ന അർഥമാണ് പ്രസ്തുത പദത്തിന് ഉള്ളതെന്ന് ഒരു പണ്ഡിതൻ പറയുന്നു. അതുകൊണ്ടുതന്നെ, യേശുവിന്റെ ഉപമയിലെ യുവാവിനെ ധൂർത്ത പുത്രൻ എന്നു വിളിക്കുന്നു. ആ പദം ആർഭാട ജീവിതത്തിനായി വീണ്ടുവിചാരം ഇല്ലാതെ സമ്പത്ത് പാഴാക്കുന്ന ഒരു വ്യക്തിയെ വർണിക്കുന്നു.
7. ഇന്നു ധൂർത്ത പുത്രനോട് സദൃശർ ആയിരിക്കുന്നത് ആർ, അത്തരത്തിലുള്ള അനേകരും ‘ദൂരദേശത്ത്’ സ്വാതന്ത്ര്യം തേടുന്നത് എന്തുകൊണ്ട്?
7 ധൂർത്ത പുത്രനോടു സദൃശർ ആയിരിക്കുന്ന ആളുകൾ ഇന്ന് ഉണ്ടോ? ഉണ്ട്. സങ്കടകരമെന്നു പറയട്ടെ, താരതമ്യേന ഒരു ചെറിയ കൂട്ടം ആളുകൾ നമ്മുടെ സ്വർഗീയ പിതാവായ യഹോവയുടെ സുരക്ഷിത “ഭവനം” ഉപേക്ഷിച്ചു പോയിരിക്കുന്നു. (1 തിമൊഥെയൊസ് 3:15, NW) ദൈവഭവനത്തിൽ എന്തിനും ഏതിനും നിയന്ത്രണങ്ങൾ ആണെന്നും യഹോവയുടെ ജാഗരൂകമായ കണ്ണുകൾ സംരക്ഷണത്തെക്കാൾ ഒരു തടസ്സമാണെന്നും ഇവരിൽ ചിലർക്കു തോന്നുന്നു. (സങ്കീർത്തനം 32:8 താരതമ്യം ചെയ്യുക.) ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ വളർത്തപ്പെട്ടവൾ ആയിരുന്നിട്ടും പിന്നീട് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതു ശീലമാക്കിയ ഒരു ക്രിസ്തീയ സ്ത്രീയുടെ കാര്യം പരിചിന്തിക്കുക. തന്റെ ജീവിതത്തിലെ ആ ഇരുണ്ട ഘട്ടത്തിലേക്കു നോക്കിക്കൊണ്ട്, അവൾ പറയുന്നു: “എനിക്കു മെച്ചമായി ജീവിക്കാൻ സാധിക്കുമെന്നു തെളിയിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്റെ ഇഷ്ടം അനുസരിച്ചു ജീവിക്കാൻ ഞാൻ ആഗ്രഹിച്ചു. ആരും എന്നെ ഉപദേശിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു.” ധൂർത്ത പുത്രനെപ്പോലെ, ഈ യുവതി സ്വാതന്ത്ര്യം തേടിപ്പോയി. ഫലം ദുരന്തപൂർണം ആയിരുന്നു, തിരുവെഴുത്തു വിരുദ്ധമായ പ്രവൃത്തികൾക്ക് അവൾ ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കപ്പെട്ടു.—1 കൊരിന്ത്യർ 5:11-13.
8. (എ) ദൈവത്തിന്റെ നിലവാരങ്ങൾക്കു വിപരീതമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്തു സഹായം നൽകാനാകും? (ബി) ആരാധനയുടെ കാര്യത്തിൽ ഒരുവന്റെ തിരഞ്ഞെടുപ്പിന് ഗൗരവമായ ശ്രദ്ധ നൽകേണ്ടത് എന്തുകൊണ്ട്?
8 ഒരു സഹവിശ്വാസി ദൈവത്തിന്റെ നിലവാരങ്ങൾക്കു വിപരീതമായി ജീവിക്കാനുള്ള ആഗ്രഹം പ്രകടമാക്കുന്നത് ശരിക്കും ഹൃദയഭേദകമാണ്. (ഫിലിപ്പിയർ 3:18) ഇതു സംഭവിക്കുമ്പോൾ, മൂപ്പന്മാരും ആത്മീയ യോഗ്യതയുള്ള മറ്റുള്ളവരും ദുഷ്പ്രവൃത്തിക്കാരനെ യഥാസ്ഥാനപ്പെടുത്താൻ കഠിന ശ്രമം ചെയ്യുന്നു. (ഗലാത്യർ 6:1) എന്നിരുന്നാലും, ക്രിസ്തീയ ശിഷ്യത്വത്തിന്റെ നുകം സ്വീകരിക്കാൻ ആരും നിർബന്ധിക്കപ്പെടുന്നില്ല. (മത്തായി 11:28-30; 16:24) പ്രായപൂർത്തിയെത്തുന്നതോടെ, ആരാധനയുടെ കാര്യത്തിൽ യുവജനങ്ങൾപോലും വ്യക്തിപരമായ തീരുമാനം എടുക്കണം. ആത്യന്തികമായി, നാം ഓരോരുത്തരും സ്വതന്ത്ര ധാർമിക കാര്യസ്ഥന്മാരാണ്, ഓരോരുത്തരും ദൈവത്തോടു വ്യക്തിപരമായി കണക്കു ബോധിപ്പിക്കേണ്ടവരാണ്. (റോമർ 14:12) നിശ്ചയമായും, നാം “വിതെക്കുന്നതു തന്നേ കൊയ്യും”—യേശുവിന്റെ ഉപമയിലെ ധൂർത്ത പുത്രൻ താമസിയാതെതന്നെ ആ പാഠം പഠിക്കാൻ പോകുകയായിരുന്നു.—ഗലാത്യർ 6:7, 8.
ഒരു ദൂരദേശത്ത് നിരാശയിൽ
9, 10. (എ) ധൂർത്ത പുത്രന്റെ സാഹചര്യത്തിന് എന്തു മാറ്റം വന്നു, അവൻ അതിനോട് എങ്ങനെ പ്രതികരിച്ചു? (ബി) ഇന്ന് സത്യാരാധന ഉപേക്ഷിക്കുന്നവർ ധൂർത്ത പുത്രന്റേതിനോടു സമാനമായ ശോച്യാവസ്ഥ അനുഭവിക്കുന്നത് എങ്ങനെയെന്ന് ദൃഷ്ടാന്തീകരിക്കുക.
9 “എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടു വന്നുതുടങ്ങി. അവൻ ആ ദേശത്തിലെ പൌരന്മാരിൽ ഒരുത്തനെ ചെന്നു ആശ്രയിച്ചു; അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു. പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല.”—ലൂക്കൊസ് 15:14-16.
10 നിർധനനായിട്ടും, ധൂർത്ത പുത്രൻ സ്വന്തം ഭവനത്തിലേക്കു മടങ്ങിപ്പോകുന്ന കാര്യം ചിന്തിച്ചില്ല. പകരം, അവിടത്തെ ഒരു പൗരനെ കണ്ട് പന്നികളെ മേയ്ക്കുന്ന ജോലിയിൽ പ്രവേശിച്ചു. മോശൈക ന്യായപ്രമാണം അനുസരിച്ച് പന്നികൾ അശുദ്ധ മൃഗങ്ങളാണ്. അതുകൊണ്ട് ഒരു യഹൂദനെ സംബന്ധിച്ചിടത്തോളം ആ ജോലി അസ്വീകാര്യം ആയിരുന്നിരിക്കണം. (ലേവ്യപുസ്തകം 11:7, 8) എന്നാൽ ഇവിടെ ധൂർത്ത പുത്രന് മനസ്സാക്ഷിക്കുത്ത് അനുഭവപ്പെട്ടാൽത്തന്നെ, അത് അടിച്ചമർത്താനേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ. എന്തൊക്കെയായാലും, നിർധനനായ ഒരു പരദേശിയുടെ വികാരങ്ങളെ ഒരു തദ്ദേശ പൗരനായ തന്റെ തൊഴിലുടമ മാനിക്കുമെന്ന് അവനു പ്രതീക്ഷിക്കാനാവില്ലല്ലോ. ഈ ധൂർത്ത പുത്രന്റെ ശോച്യാവസ്ഥ, ഇന്ന് നിർമല ആരാധനയുടെ നേർഗതി ഉപേക്ഷിക്കുന്ന അനേകരുടെയും അനുഭവത്തോടു സമാനമാണ്. പലപ്പോഴും, മുമ്പ് മോശമായി വീക്ഷിച്ചിരുന്ന പ്രവർത്തനങ്ങളിൽ അത്തരക്കാർ ഏർപ്പെടുന്നു. ഉദാഹരണത്തിന്, ഒരു 17 വയസ്സുകാരൻ ക്രിസ്തീയ വളർത്തലിനെതിരെ മത്സരിച്ചു. “അധാർമികതയും മയക്കുമരുന്നിന്റെ ദുരുപയോഗവും, വർഷങ്ങളോളമുള്ള ബൈബിളധിഷ്ഠിത പഠിപ്പിക്കലുകളുടെ സ്വാധീനത്തെ ഇല്ലായ്മ ചെയ്തു” എന്ന് അവൻ സമ്മതിക്കുന്നു. താമസിയാതെ, ആയുധമേന്തി കൊലയും കൊള്ളയും നടത്തിയതിന് ഈ യുവാവ് ജയിലിലായി. പിന്നീട് ആത്മീയമായി സുഖം പ്രാപിച്ചെങ്കിലും, “പാപത്തിന്റെ തല്ക്കാലഭോഗ”ത്തിന് [“താത്കാലിക ആസ്വാദനത്തിന്,” NW] അവൻ ഒടുക്കേണ്ടിവന്ന വില എത്ര വലിയതായിരുന്നു!—എബ്രായർ 11:24-26 താരതമ്യം ചെയ്യുക.
11. ധൂർത്ത പുത്രന്റെ ദുരിതം വർധിച്ചത് എങ്ങനെ, ഈ ലോകത്തിന്റെ വശ്യതകൾ “വെറും വഞ്ചന” ആണെന്ന് ഇന്നു ചിലർ തിരിച്ചറിഞ്ഞിരിക്കുന്നത് എങ്ങനെ?
11 ‘ആരും അവന് ഒന്നും കൊടുത്തില്ല’ എന്നതിനാൽ അവന്റെ ദുരിതം വർധിക്കുക ആയിരുന്നു. അവനു പുതുതായി കിട്ടിയ സുഹൃത്തുക്കൾ എവിടെ ആയിരുന്നു? ചില്ലിക്കാശുപോലും കയ്യിലില്ലാതെ വന്നപ്പോൾ അവർക്ക് അവനോട് ‘വെറുപ്പ്’ തോന്നിയിരിക്കണം. (സദൃശവാക്യങ്ങൾ 14:20, പി.ഒ.സി. ബൈബിൾ) സമാനമായി, ഇന്ന് വിശ്വാസം വിട്ടുപോകുന്നവർക്ക് ഈ ലോകത്തിന്റെ വശ്യതകളും വീക്ഷണങ്ങളും “വെറും വഞ്ചന” ആണെന്ന് താമസിയാതെ ബോധ്യമാകുന്നു. (കൊലൊസ്സ്യർ 2:8) കുറച്ചുകാലം ദൈവത്തിന്റെ സംഘടനയിൽനിന്നു മാറിനിന്ന ഒരു യുവതി പറയുന്നു: “യഹോവയുടെ മാർഗനിർദേശങ്ങൾ ഇല്ലാതെ ഞാൻ ഏറെ കഷ്ടവും ഹൃദയവേദനയും അനുഭവിച്ചു. ലോകത്തോട് അനുരൂപപ്പെടാൻ ശ്രമിച്ചെങ്കിലും, ഞാൻ ശരിക്കും അവരെപ്പോലെ അല്ലാത്തതുകൊണ്ട് അവർ എന്നെ നിരസിച്ചു. എനിക്കു വഴിതെറ്റിയെന്നും എന്നെ വഴിനയിക്കാൻ എനിക്ക് ഒരു പിതാവിനെ ആവശ്യമാണെന്നും തോന്നി. എനിക്ക് യഹോവയെ ആവശ്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് അപ്പോഴാണ്. പിന്നെ ഒരിക്കലും അവനിൽനിന്നു സ്വതന്ത്രയാകാൻ ആഗ്രഹിച്ചിട്ടില്ല.” യേശുവിന്റെ ഉപമയിലെ ധൂർത്ത പുത്രനും സമാനമായ തിരിച്ചറിവ് ഉണ്ടായി.
ധൂർത്ത പുത്രനു സുബോധം വരുന്നു
12, 13. ഇന്നു ചിലർക്കു സുബോധം വരാൻ എന്തെല്ലാം സംഗതികൾ സഹായിച്ചിരിക്കുന്നു? (ചതുരം കാണുക.)
12 “അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു. ഞാൻ എഴുന്നേററു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേററു അപ്പന്റെ അടുക്കൽ പോയി.”—ലൂക്കൊസ് 15:17-20.
13 ധൂർത്ത പുത്രനു “സുബോധം വന്നു.” കുറച്ചു കാലമായി, അവൻ ഒരു സ്വപ്ന ലോകത്തിൽ എന്നപോലെ സുഖലോലുപതയിൽ മുഴുകിയിരിക്കുക ആയിരുന്നു. എന്നാൽ ഇപ്പോൾ അവൻ തന്റെ യഥാർഥ ആത്മീയ അവസ്ഥയെ കുറിച്ച് അത്യന്തം ബോധവാൻ ആയിരിക്കുന്നു. അതേ, വീണുപോയെങ്കിലും, ഈ യുവാവിന് അപ്പോഴും പ്രത്യാശയ്ക്കു വക ഉണ്ടായിരുന്നു. അവനിൽ ഏതാനും നല്ല ഗുണങ്ങൾ കാണാനാകും. (സദൃശവാക്യങ്ങൾ 24:16; 2 ദിനവൃത്താന്തം 19:2, 3 താരതമ്യം ചെയ്യുക.) ഇന്ന് ദൈവത്തിന്റെ ആട്ടിൻകൂട്ടം വിട്ടുപോകുന്നവരുടെ കാര്യമോ? സകലരും തങ്ങളുടെ മത്സരഗതിയാൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിന് എതിരായി പാപം ചെയ്തുവെന്നും അതുകൊണ്ട് അവർക്കാർക്കും രക്ഷയില്ലെന്നും നിഗമനം ചെയ്യുന്നത് ന്യായയുക്തം ആയിരിക്കുമോ? (മത്തായി 12:31, 32) ആയിരിക്കണമെന്നില്ല. അവരിൽ പലരും തങ്ങളുടെ വഴിപിഴച്ച ഗതിയിൽ വേദനിക്കുന്നവരാണ്, കാലക്രമേണ അവരിൽ അനേകർക്കും സുബോധം വരുന്നു. ദൈവത്തിന്റെ സംഘടനയിൽനിന്ന് അകന്നുനിന്ന കാലത്തെ അനുസ്മരിച്ചുകൊണ്ട് ഒരു സഹോദരി പറയുന്നു: “ഞാൻ ഒരിക്കലും, എന്തിന് ഒരു ദിവസംപോലും, യഹോവയെ മറന്നില്ല. എന്നെങ്കിലും, എങ്ങനെയെങ്കിലും എന്നെ സത്യത്തിലേക്കു തിരിച്ചെടുക്കണമേ എന്നായിരുന്നു അവനോട് ഞാൻ എന്നും പ്രാർഥിച്ചിരുന്നത്.”—സങ്കീർത്തനം 119:176.
14. ധൂർത്ത പുത്രൻ എന്തു നിശ്ചയിച്ചുറച്ചു, അങ്ങനെ ചെയ്യുന്നതിൽ അവൻ താഴ്മ പ്രകടമാക്കിയത് എങ്ങനെ?
14 എന്നാൽ വഴി തെറ്റിയവർക്ക് തങ്ങളുടെ സ്ഥിതിവിശേഷം സംബന്ധിച്ച് എന്തു ചെയ്യാൻ കഴിയും? യേശുവിന്റെ ഉപമയിലെ ധൂർത്ത പുത്രൻ വീട്ടിലേക്കു മടങ്ങാനും പിതാവിന്റെ ക്ഷമ യാചിക്കാനും തീരുമാനിച്ചു. “നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ” എന്നു പറയാൻ ധൂർത്ത പുത്രൻ നിശ്ചയിച്ചുറച്ചു. കൂലിക്കാരൻ ദിവസക്കൂലിക്കു പണി എടുക്കുന്നവനാണ്. ഒറ്റ ദിവസംകൊണ്ട് പിരിച്ചുവിടാവുന്ന കൂലിക്കാരൻ അടിമയെക്കാൾ താണവൻ ആണ്. എന്നാൽ അടിമയാകട്ടെ, ഒരു തരത്തിൽ പറഞ്ഞാൽ ഒരു കുടുംബാംഗത്തെപ്പോലെ ആയിരുന്നു. അതുകൊണ്ട് ഒരു പുത്രൻ എന്ന നിലയിലുള്ള പഴയ സ്ഥാനത്തേക്ക് തന്നെ തിരിച്ചെടുക്കണമെന്ന ഉദ്ദേശ്യമൊന്നും ധൂർത്ത പുത്രന് ഉണ്ടായിരുന്നില്ല. പിതാവിനോടുള്ള തന്റെ പുതുക്കിയ വിശ്വസ്തത അനുദിനം തെളിയിക്കുന്നതിന് ഏറ്റവും താണ സ്ഥാനം സ്വീകരിക്കാൻ അവൻ തികച്ചും മനസ്സൊരുക്കം ഉള്ളവൻ ആയിരുന്നു. എന്നാൽ, ധൂർത്ത പുത്രന് അത്ഭുതകരമായ ഒരു വരവേൽപ്പ് ലഭിക്കാൻ പോകുകയായിരുന്നു.
ഹൃദയോഷ്മളമായ വരവേൽപ്പ്
15-17. (എ) പുത്രനെ കണ്ടപ്പോൾ പിതാവ് പ്രതികരിച്ചതെങ്ങനെ? (ബി) പിതാവ് പുത്രനു നൽകിയ അങ്കി, മോതിരം, ചെരിപ്പ് എന്നിവ എന്ത് അർഥമാക്കി? (സി) പിതാവ് വിരുന്ന് ഒരുക്കുന്നതിലൂടെ എന്തു പ്രകടമാക്കപ്പെടുന്നു?
15 “ദൂരത്തുനിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു. മകൻ അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു. അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ. തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക. ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചുതുടങ്ങി.”—ലൂക്കൊസ് 15:20-24.
16 സ്നേഹമുള്ള ഏതൊരു പിതാവും തന്റെ കുട്ടിയുടെ ആത്മീയ പുനഃസ്ഥാപനം വാഞ്ഛിക്കും. അതുകൊണ്ട്, തന്റെ പുത്രൻ മടങ്ങിവരുന്നതും കാത്ത് ആകാംക്ഷാപൂർവം വീട്ടുവഴിയിലേക്ക് ദിവസേന ഉറ്റുനോക്കുന്ന ധൂർത്ത പുത്രന്റെ പിതാവിനെ നമുക്കു വിഭാവന ചെയ്യാൻ കഴിയും. ഇപ്പോൾ തന്റെ പുത്രൻ വഴിയിലൂടെ നടന്നു വരുന്നത് അവൻ കാണുന്നു! യുവാവിന്റെ വേഷവിധാനങ്ങളെല്ലാം പാടേ മാറിയിരിക്കുന്നു. എന്നിട്ടും, പിതാവ് അവനെ “ദൂരത്തുനിന്നു തന്നേ” തിരിച്ചറിയുന്നു. അദ്ദേഹം കാണുന്നത് കീറിപ്പറിഞ്ഞ വസ്ത്രമോ തകർന്ന മനസ്സോ അല്ല, തന്റെ പുത്രനെ ആണ്, അവനെ എതിരേൽക്കാൻ അദ്ദേഹം ഓടുകയായി!
17 പുത്രന്റെ അടുക്കലെത്തിയപ്പോൾ പിതാവ് അവന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് ആർദ്രമായി ചുംബിച്ചു. എന്നിട്ട് അവൻ തന്റെ ദാസന്മാരോട് അങ്കിയും മോതിരവും ചെരിപ്പും കൊണ്ടുവന്ന് പുത്രനെ അണിയിക്കാൻ കൽപ്പിച്ചു. ഈ അങ്കി കേവലം ഒരു വസ്ത്രമല്ല, മറിച്ച് “മേല്ത്തരമായ അങ്കി”—ഒരുപക്ഷേ വിശിഷ്ട അതിഥികൾക്കു നൽകാറുള്ളതരം നല്ല ചിത്രത്തയ്യലോടുകൂടിയ പുറങ്കുപ്പായം—ആയിരുന്നു. അടിമകൾ സാധാരണമായി മോതിരവും ചെരിപ്പും ധരിക്കുമായിരുന്നില്ലാത്തതുകൊണ്ട്, സമ്പൂർണമായ അർഥത്തിൽത്തന്നെയുള്ള ഒരു കുടുംബാംഗമായി പുത്രനെ വീട്ടിലേക്കു സ്വീകരിക്കുകയാണെന്ന് പിതാവ് വ്യക്തമാക്കുക ആയിരുന്നു. എന്നാൽ അതു മാത്രമല്ല, പുത്രന്റെ തിരിച്ചുവരവ് ആഘോഷിക്കാൻ അദ്ദേഹം ഒരു വിരുന്ന് ഒരുക്കാനും കൽപ്പിക്കുന്നു. വ്യക്തമായും, പുത്രനോട് അദ്ദേഹം മനസ്സില്ലാമനസ്സോടെ, അല്ലെങ്കിൽ തിരിച്ചെത്തിയതല്ലേ, ഇനി ക്ഷമിക്കാതെ പറ്റില്ലല്ലോ എന്നമട്ടിൽ ക്ഷമിക്കുക ആയിരുന്നില്ല. ക്ഷമ നീട്ടിക്കൊടുക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അത് അദ്ദേഹത്തിന് ആഹ്ലാദമായിരുന്നു.
18, 19. (എ) ധൂർത്ത പുത്രന്റെ ഉപമ യഹോവയെ കുറിച്ച് നിങ്ങളെ എന്തു പഠിപ്പിക്കുന്നു? (ബി) യഹൂദയോടും യെരൂശലേമിനോടുമുള്ള ഇടപെടലിൽ പ്രകടമാക്കപ്പെട്ടിരിക്കുന്നതുപോലെ, പാപികളുടെ തിരിച്ചു വരവിനായി യഹോവ ‘കാത്തിരിക്കുന്നത്’ എങ്ങനെ?
18 ധൂർത്ത പുത്രനെ കുറിച്ചുള്ള ഉപമ ഇതുവരെ ദൈവത്തെ കുറിച്ച്, അതായത് നമുക്ക് ആരാധിക്കാൻ പദവി ലഭിച്ചിട്ടുള്ള ദൈവത്തെ കുറിച്ച്, എന്തു പഠിപ്പിക്കുന്നു? ഒന്നാമത്, യഹോവ ‘കരുണയും കൃപയുമുള്ള, കോപത്തിനു താമസമുള്ള, സ്നേഹദയയും സത്യവും നിറഞ്ഞ’ ഒരുവൻ ആണെന്ന്. (പുറപ്പാടു 34:6, NW) നിശ്ചയമായും, കരുണ ദൈവത്തിന്റെ ഒരു പ്രമുഖ ഗുണം ആണ്. അത് അർഹിക്കുന്നവരുടെ നേരെ അവൻ പ്രതികരിക്കുന്ന സ്വാഭാവിക വിധമാണ് അത്. കൂടാതെ, യഹോവ “ക്ഷമിക്കാൻ മനസ്സൊരുക്കമുള്ള”വനാണെന്ന് യേശുവിന്റെ ഉപമ നമ്മെ പഠിപ്പിക്കുന്നു. (സങ്കീർത്തനം 86:5, NW) ഒരുതരത്തിൽ പറഞ്ഞാൽ, തനിക്ക് കരുണ കാണിക്കാനാകുന്ന അടിസ്ഥാനം പ്രദാനം ചെയ്യത്തക്കവണ്ണം പാപികളായ മനുഷ്യരുടെ ഹൃദയത്തിന് എന്തെങ്കിലും മാറ്റമുണ്ടോ എന്ന് അവൻ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്.—2 ദിനവൃത്താന്തം 12:12; 16:9.
19 ഉദാഹരണത്തിന്, ഇസ്രായേലുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെ കുറിച്ചു ചിന്തിക്കുക. യഹൂദയ്ക്കും യെരൂശലേമിനും ‘ശിരസ്സുമുതൽ പാദംവരെ രോഗം ബാധിച്ചിരിക്കുന്ന’തായി വർണിക്കാൻ യഹോവ പ്രവാചകനായ യെശയ്യാവിനെ നിശ്വസ്തനാക്കി. എന്നിട്ടും അവൻ പറഞ്ഞു: “യഹോവ നിങ്ങളോടു കൃപ കാണിക്കാനായി കാത്തിരിക്കും, അതുകൊണ്ട് അവൻ നിങ്ങളോട് കരുണ കാണിക്കാൻ എഴുന്നേൽക്കും.” (യെശയ്യാവു 1:5, 6; 30:18, NW; 55:7; യെഹെസ്കേൽ 33:11) യേശുവിന്റെ ഉപമയിലെ പിതാവിനെപ്പോലെ, യഹോവ, ആലങ്കാരികമായി പറഞ്ഞാൽ, ‘വഴിയിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്.’ തന്റെ ഭവനം ഉപേക്ഷിച്ചു പോയവർ തിരിച്ചു വരുന്നതുനോക്കി അവൻ പ്രതീക്ഷാപൂർവം കാത്തിരിക്കുന്നു. സ്നേഹനിധിയായ ഒരു പിതാവിൽനിന്ന് ഇതല്ലേ നാം പ്രതീക്ഷിക്കുന്നത്?—സങ്കീർത്തനം 103:13.
20, 21. (എ) ഏതു വിധത്തിലാണ് ഇന്ന് അനേകർ ദൈവത്തിന്റെ കരുണയാൽ ആകർഷിക്കപ്പെടുന്നത്? (ബി) അടുത്ത ലേഖനത്തിൽ എന്തു ചർച്ച ചെയ്യുന്നതായിരിക്കും?
20 സുബോധം പ്രാപിക്കാനും സത്യാരാധനയിലേക്കു തിരിച്ചുവരാനും യഹോവയുടെ കരുണ വർഷംതോറും അനേകരെ ആകർഷിക്കുന്നു. ഇത് അവരുടെ പ്രിയപ്പെട്ടവർക്ക് എത്രയധികം സന്തോഷം കൈവരുത്തുന്നു! ഉദാഹരണത്തിന്, ആരംഭത്തിൽ സൂചിപ്പിച്ച ക്രിസ്തീയ പിതാവിന്റെ കാര്യംതന്നെ. സന്തോഷകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ പുത്രി ആത്മീയ സൗഖ്യം നേടി ഇപ്പോൾ മുഴുസമയ ശുശ്രൂഷകയായി സേവിക്കുന്നു. അദ്ദേഹം പറയുന്നു: “ഈ പഴയ വ്യവസ്ഥിതിയിൽ ലഭിക്കാവുന്നത്ര സന്തോഷം എനിക്കുണ്ട്. സന്താപ കണ്ണുനീർ സന്തോഷ കണ്ണുനീർ ആയി മാറിയിരിക്കുന്നു.” തീർച്ചയായും, യഹോവയും ആഹ്ലാദിക്കുന്നുണ്ട്!”—സദൃശവാക്യങ്ങൾ 27:11.
21 എന്നാൽ ധൂർത്ത പുത്രന്റെ ഉപമ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. കഥയുടെ ശേഷഭാഗത്തിലൂടെ യേശു യഹോവയുടെ കരുണയെയും ശാസ്ത്രിമാർക്കും പരീശന്മാർക്കും ഇടയിൽ സാധാരണമായിരുന്ന, കർക്കശവും കുറ്റംകണ്ടുപിടിക്കലിന്റേതുമായ മനോഭാവത്തെയും വിപരീത താരതമ്യം ചെയ്യുന്നു. അവൻ അത് എങ്ങനെ ചെയ്തുവെന്നും അതു നമുക്ക് എന്ത് അർഥമാക്കുന്നുവെന്നും അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യുന്നതാണ്.
[അടിക്കുറിപ്പുകൾ]
a ബൈബിളിൽ പറഞ്ഞിരിക്കുന്ന ഉപമകളും മറ്റു ദൃഷ്ടാന്തങ്ങളും അവശ്യം സംഭവിച്ചതായിരിക്കണമെന്നില്ല. മാത്രമല്ല, ഈ കഥകളുടെ ഉദ്ദേശ്യം ഒരു ധാർമിക പാഠം പഠിപ്പിക്കുക എന്നതാകയാൽ, അവയിലെ സകല വിശദാംശത്തിനും പ്രതീകാത്മക അർഥം തേടേണ്ടതില്ല.
b ഈ ഉപമയുടെ പ്രാവചനിക പ്രാധാന്യത്തെ കുറിച്ച് 1989 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 16, 17 പേജുകളിൽ ചർച്ച ചെയ്തിട്ടുണ്ട്.
പുനരവലോകനം
□ കരുണയെ കുറിച്ചുള്ള യേശുവിന്റെ മനോഭാവം പരീശന്മാരുടേതിൽനിന്നു വ്യത്യസ്തം ആയിരുന്നത് എങ്ങനെ?
□ ഇന്ന് ധൂർത്ത പുത്രനോടു സദൃശർ ആയിരിക്കുന്നത് ആർ, എങ്ങനെ?
□ ധൂർത്ത പുത്രനു സുബോധം വരാനുണ്ടായ സാഹചര്യങ്ങൾ എന്ത്?
□ അനുതാപം പ്രകടമാക്കിയ പുത്രനോട് പിതാവ് കരുണ കാട്ടിയത് എങ്ങനെ?
[11-ാം പേജിലെ ചതുരം]
അവർക്കു സുബോധം വന്നു
ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കപ്പെട്ട ചിലരെ സുബോധത്തിലേക്കു വരാൻ സഹായിച്ചിരിക്കുന്നത് എന്താണ്? ഇക്കാര്യത്തിലേക്കു വെളിച്ചം വീശുന്നതാണ് പിൻവരുന്ന അഭിപ്രായങ്ങൾ.
“സത്യം എവിടെ ഉണ്ടെന്ന് എനിക്ക് ഉള്ളിന്റെ ഉള്ളിൽ അറിയാമായിരുന്നു. വർഷങ്ങളോളം ബൈബിൾ പഠിക്കുകയും ക്രിസ്തീയ യോഗങ്ങൾക്കു പോകുകയും ചെയ്തത് എന്നിൽ ആഴമായ സ്വാധീനം ചെലുത്തിയിരുന്നു. എനിക്ക് എങ്ങനെയാണ് യഹോവയെ തുടർന്നും മനഃപൂർവം അവഗണിക്കാനാകുക? അവൻ എന്നെ അല്ല, ഞാൻ അവനെ ഉപേക്ഷിക്കുക ആയിരുന്നു. അവസാനം, ഞാൻ എത്രമാത്രം തെറ്റു ചെയ്തെന്നും ശാഠ്യം കാട്ടിയെന്നും സമ്മതിച്ചു. ‘നീ വിതയ്ക്കുന്നതുതന്നെ കൊയ്യും’ എന്ന യഹോവയുടെ വചനം എല്ലായ്പോഴും എത്ര ശരിയാണ്.”—സി. ഡബ്ലിയു.
“എന്റെ മോൾ സംസാരിക്കാൻ തുടങ്ങി. അത് എന്റെ ഹൃദയത്തെ സ്പർശിച്ചു, കാരണം യഹോവ ആരെന്നും അവനോട് എങ്ങനെ പ്രാർഥിക്കണമെന്നും പോലുള്ള സംഗതികൾ എനിക്ക് അവളെ പഠിപ്പിക്കണം എന്നുണ്ടായിരുന്നു. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരിക്കൽ അർധരാത്രിയോടടുത്ത് ഞാൻ ഒരു പാർക്കിലേക്ക് വണ്ടിയോടിച്ചു പോയി അവിടെ ഇരുന്നു കരഞ്ഞു. വളരെ കാലത്തെ ഇടവേളയ്ക്കു ശേഷം ഞാൻ കരഞ്ഞ് യഹോവയോടു പ്രാർഥിച്ചു. യഹോവയെ എന്റെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരണമെന്ന ചിന്തയായിരുന്നു എനിക്ക്. അവൻ എന്നോടു ക്ഷമിക്കുമെന്നു ഞാൻ പ്രത്യാശിച്ചു.”—ജി.എച്ച്.
“മതത്തെ കുറിച്ചുള്ള സംസാരം പൊന്തിവരുമ്പോൾ ഞാൻ പറയുമായിരുന്നു, സത്യം പഠിപ്പിക്കുന്ന ഒരു മതം തിരഞ്ഞെടുക്കേണ്ടതുണ്ടെങ്കിൽ, ഞാൻ ഒരു യഹോവയുടെ സാക്ഷിയായേ പറ്റൂ എന്ന്. എന്നിട്ട് ഞാൻ പറയും, ഞാനും അവരിൽ ഒരുവൻ ആയിരുന്നു. എന്നാൽ എനിക്ക് അവരുടെ നിലവാരത്തിനൊത്ത് ഉയരാൻ ആകുമായിരുന്നില്ല, അതുകൊണ്ട് ഞാൻ അവരെ ഉപേക്ഷിച്ചു. ഈ തിരിച്ചറിവ്, പലപ്പോഴും എന്നിൽ കുറ്റബോധവും അസന്തുഷ്ടിയും ഉണ്ടാക്കി. ഞാൻ ‘വല്ലാത്ത ഒരു അവസ്ഥയിലാണ്, വലിയ മാറ്റങ്ങൾ വരുത്തിയേ തീരൂ’ എന്ന് അവസാനം എനിക്കു ബോധ്യമായി.”—സി.എൻ.
“മുപ്പത്തഞ്ചു വർഷംമുമ്പ് ഞാനും ഭർത്താവും സഭയിൽനിന്നു പുറത്താക്കപ്പെട്ടു. അങ്ങനെയിരിക്കെ, 1991-ൽ രണ്ടു മൂപ്പന്മാർ ഞങ്ങളെ സന്ദർശിച്ച് യഹോവയിലേക്കു തിരിച്ചുവരാൻ ആകുമെന്ന് ഞങ്ങളെ അറിയിച്ചപ്പോൾ ഞങ്ങൾക്ക് അത്ഭുതമായി. എത്ര സന്തോഷകരമായ സംഗതി. ആറു മാസം കഴിഞ്ഞ് ഞങ്ങൾ പുനഃസ്ഥിതീകരിക്കപ്പെട്ടപ്പോൾ ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. എന്റെ ഭർത്താവിന് ഇപ്പോൾ 79-ഉം എനിക്ക് 63-ഉം വയസ്സുണ്ട്.—സി.എ.